സാവര്‍ക്കറുടെ ആത്യന്തികലക്ഷ്യം തന്നെ രാജ്യത്തിന്റെ ഹൈന്ദവസ്വത്വം വീണ്ടെടുക്കുക എന്നതായിരുന്നല്ലോ.
♠ അദ്ദേഹം ആദ്യം കരുതിയിരുന്നത് തന്റെ ആത്യന്തികലക്ഷ്യത്തിനുവേണ്ടി ബ്രിട്ടീഷുകാരെ ഓടിച്ചുകഴിഞ്ഞാല്‍ എളുപ്പമാണല്ലോ എന്നാണ്. പക്ഷേ, അദ്ദേഹം കേസില്‍പെട്ട് 50 വര്‍ഷം തടവിലായതോടുകൂടി അദ്ദേഹത്തിനു മനസ്സിലായി, ബ്രിട്ടീഷുകാരെ തുരത്തുക എന്നത് എളുപ്പമല്ല എന്ന്. കാരണം അദ്ദേഹം ജയിലിനകത്താണല്ലോ. അപ്പോള്‍ അദ്ദേഹം മുന്‍ഗണന മാറ്റി. അതുകൊണ്ടെങ്ങനെയാണ് അദ്ദേഹം സ്വാതന്ത്ര്യസമരസേനാനിയല്ലാതാകുന്നത്? ഞാന്‍ ചോദിക്കുന്നു ആദ്യത്തെ 41 കൊല്ലം വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം രാജ്യത്തിനുവേണ്ടി പോരാടി. രാജ്യത്തെ ഒരു പോരാളിയും നടത്തിയിട്ടില്ലാത്തവിധം പോരാട്ടം നടത്തിയ ഒരാളെ സ്വാതന്ത്ര്യസമരത്തിന്റെ പട്ടികയില്‍നിന്ന് എങ്ങനെ വെട്ടിമാറ്റും? സ്വാതന്ത്ര്യസമരചരിത്രത്തില്‍ ആദ്യമായി പൂനെയില്‍ വെച്ച് ഒരു സംഭവം നടന്നു, 1905-ല്‍. ബംഗാള്‍ വിഭജനത്തിന് എതിരെ നടന്ന ഐതിഹാസികമായ ഒരു സമരം. ആ സമരത്തില്‍ വിദേശവസ്ത്രങ്ങള്‍ കത്തിച്ചുകൊണ്ട് സാവര്‍ക്കര്‍ പങ്കെടുത്തു. അതിന്റെ പേരില്‍ അദ്ദേഹം പഠിച്ചുകൊണ്ടിരുന്ന കോളേജില്‍നിന്നും അദ്ദേഹത്തെ പുറത്താക്കി. എന്റെ വാദമിതാണ്, സാവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയ അതുല്യനായ ഒരു പോരാളിയാണ്. സാവര്‍ക്കറെ വീരസാവര്‍ക്കര്‍ എന്നുവിളിക്കുന്നതിന് വേറെയും കാരണങ്ങളുണ്ട്. ലണ്ടനില്‍നിന്നും അദ്ദേഹത്തെ ഡിപോര്‍ട് ചെയ്തു, ഇന്ത്യയിലേക്ക്. തിരിച്ചുപോരുമ്പോള്‍ ഫ്രാന്‍സിന്റെ തീരത്ത് കപ്പലടുത്തു, എണ്ണ നിറയ്ക്കാന്‍. ആ കപ്പലില്‍ നിന്നും അതിസാഹസികമായി അദ്ദേഹം ചാടി രക്ഷപ്പെട്ടു. പക്ഷേ അദ്ദേഹം പിടിയിലായി. ഫ്രഞ്ചുകാര്‍ അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ക്ക് വിട്ടുകൊടുത്തു. അതിന് ഫ്രഞ്ചുഗവണ്മെന്റില്‍ വലിയ കലാപം നടന്നു. ഇങ്ങനെയുള്ള ഒരാളെ ബ്രിട്ടീഷുകാര്‍ക്ക് വിട്ടുകൊടുക്കണമോ എന്ന കാര്യത്തില്‍.
ആന്‍ഡമാനിലെ അദ്ദേഹത്തിന്റെ തടവുജീവിതം നമുക്കു സങ്കല്പിക്കാനാവാത്തവിധം ദുരിതപൂര്‍ണ്ണമായിരുന്നല്ലോ. സാധാരണ ഒരു മനുഷ്യന്‍ ആയിരുന്നുവെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് മാനസികവും ശാരീരികവുമായി തകര്‍ന്നുപോയേനെ.
♠അതിഭീകരമായിരുന്നു, കാലാപാനിയിലെ തടവുജീവിതം. വിവരണാതീതമായ ദുരിതങ്ങള്‍ അദ്ദേഹത്തിന് സഹിക്കേണ്ടിവന്നു. കാലാപാനി എന്നു പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ഓര്‍മ്മതന്നെയാണ്. ഞാന്‍ പറയുന്നത് ഇത്രേയുള്ളൂ. നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും ഇകഴ്ത്തിക്കാട്ടാം. പക്ഷേ വസ്തുതകളെ തമസ്‌കരിക്കാന്‍ പറ്റില്ല.
സ്വാതന്ത്ര്യാനന്തരം വിഭജനം നടന്നുവല്ലോ, അതുസംബന്ധിച്ച് ഇപ്പോഴും ആളുകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സത്യത്തില്‍ മതാടിസ്ഥാനത്തില്‍ തന്നെയായിരുന്നുവോ വിഭജനം.
♠ മതം എന്ന അടിസ്ഥാനത്തില്‍ തന്നെയാണ് വിഭജനം സംഭവിച്ചത്. എന്നാല്‍ ഇവരൊക്കെ പറയുന്നതില്‍ വ്യത്യാസമുണ്ടായിരുന്നു. ജിന്ന ഉദ്ദേശിച്ചത് മതമെന്ന വിശ്വാസപ്രമാണമല്ല, വടക്കുപടിഞ്ഞാറും വടക്കുകിഴക്കുമുള്ള പ്രദേശങ്ങളില്‍ മുസ്ലിംഭൂരിപക്ഷപ്രദേശമുണ്ടല്ലോ, ഇതു രണ്ടുംകൂടി ചേര്‍ന്നാല്‍ ഇദ്ദേഹത്തിന് ഭൂരിപക്ഷമുണ്ടാകും. മുസ്ലിംലീഗിന് ജയിക്കാവുന്ന ഒരു പ്രദേശം. അദ്ദേഹത്തിന് അധികാരം പിടിക്കുവാനുള്ള ഒരു ഏരിയ ആയിട്ടായിരുന്നു പാകിസ്ഥാന്‍ പ്രദേശത്തെ കണ്ടത്. പാകിസ്ഥാന്‍ വാദവും ആ അര്‍ത്ഥത്തില്‍ കള്‍ച്ചറല്‍ ഇസ്ലാമിന്റെ ഒരു വേറിട്ടുപോകലാണ്. അപ്പോഴും അദ്ദേഹം പറഞ്ഞതില്‍ ഒരു കാര്യമുണ്ട്. 1940-ലെ മുസ്ലിം ലീഗ് സമ്മേളനത്തിലെ ലാഹോര്‍ പ്രമേയം ഇങ്ങനെയാണ്, ‘A seperate muslim state in or out of India-‘- എന്നാണ്. അദ്ദേഹത്തിന് അത് ഇന്ത്യക്ക് ഉള്ളില്‍നിന്നാലും പ്രശ്‌നമൊന്നുമില്ല. പക്ഷേ, ഒരു മുസ്ലിം സ്റ്റേറ്റ് വേണം. അദ്ദേഹത്തിന് നിയന്ത്രണമുള്ള ഒരു സ്റ്റേറ്റ്.
വിഭജനത്തെക്കുറിച്ച് പറയുമ്പോള്‍, നമ്മള്‍ എല്ലാം പറയണം. ആര്‍.എസ്.എസ്സിന് വലിയ വിയോജിപ്പുണ്ടായിരുന്ന ഹിന്ദു മഹാസഭയുടെ അദ്ധ്യക്ഷനായിരുന്നല്ലോ സാവര്‍ക്കര്‍ അന്ന്, 1937-ല്‍. അന്ന് അദ്ദേഹം അദ്ധ്യക്ഷനായ ഹിന്ദുമഹാസഭയുടെ സമ്മേളനത്തില്‍ (അഹമ്മദാബാദിലാണെന്നു തോന്നുന്നു) സാവര്‍ക്കര്‍ ആവശ്യപ്പെടുന്നുണ്ട്, ഇന്ത്യയില്‍ ഹിന്ദുവിന്റെ രാഷ്ട്രം വരാന്‍, മുസ്ലിമിന് മറ്റൊരു രാഷ്ട്രം ആവാമെന്ന്. ഞാന്‍ പറഞ്ഞുവരുന്നത് വിഭജനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ബ്രിട്ടീഷുകാരുടെ തലയില്‍ ഇട്ടുകൊടുക്കാനോ ജിന്നയുടെ മാത്രം തലയിലിട്ടുകൊടുക്കാനോ സാധിക്കില്ല.
മുഹമ്മദ് ഇക്ബാലാണല്ലോ ആദ്യം വിഭജനവാദം ഉന്നയിച്ചത്.
♠ അല്ലാമാ മുഹമ്മദ് ഇക്ബാല്‍ മുസ്ലിംലീഗിന്റെ ഒരു ദേശീയസമ്മേളനത്തില്‍ (1935-ല്‍) പാകിസ്ഥാന്‍വാദം ഉന്നയിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ എന്ന സ്വപ്‌നത്തെക്കുറിച്ച് അതില്‍ അവതരിപ്പിച്ചിരുന്നു. അന്ന് അദ്ദേഹം മുസ്ലിംലീഗിന്റെ ദേശീയ അദ്ധ്യക്ഷനായിരുന്നു. പക്ഷേ, ജിന്ന അന്ന് അത് തള്ളിക്കളഞ്ഞിട്ടുണ്ട്. അതൊരു കവിയുടെ സ്വപ്‌നമാണ് എന്ന് പറഞ്ഞ്.
സാവര്‍ക്കര്‍ ഭാരതത്തിന്റെ അസ്മിത വീണ്ടെടുക്കുക എന്ന അര്‍ത്ഥത്തിലാണ് ഹിന്ദുരാജ്യം എന്ന സ്വപ്‌നം പങ്കുവെച്ചത് എന്നു കണക്കാക്കിക്കൂടെ? കാരണം, പാശ്ചാത്യ സെക്യുലര്‍ രാജ്യസങ്കല്പങ്ങള്‍ അന്ന് രൂപപ്പെടുന്നതല്ലേ ഉണ്ടായിരുന്നുള്ളൂ. സാംസ്‌കാരിക-ദേശീയതയായിരുന്നല്ലോ അന്നത്തെ രാഷ്ട്രസങ്കല്പത്തിന് അടിസ്ഥാനം. അതുവരെ രാജ്യത്തെ അടക്കിഭരിച്ചിരുന്നവര്‍ ഇസ്ലാം മതത്തില്‍പ്പെട്ടവരോ ക്രിസ്തുമതത്തില്‍പ്പെട്ടവരോ ആയിരുന്നല്ലോ. അവരുടെ ആധിപത്യത്തില്‍ കഴിഞ്ഞവരാകട്ടെ, തദ്ദേശീയരായ ഹിന്ദുക്കളും. സ്വാഭാവികമായും ഹിന്ദുവിന്റെ ഉയിര്‍ത്തെഴുന്നേല്പ് സാവര്‍ക്കറെപ്പോലൊരാള്‍ ആഗ്രഹിച്ചെങ്കില്‍ അതില്‍ അയുക്തികമോ, അധാര്‍മ്മികമോ ആയി എന്താണുള്ളത്.
♠ എന്താണുള്ളത്? ഞാനും അതാണ് ചോദിക്കുന്നത്. ഇസ്ലാമികരാഷ്ട്രം സ്വപ്‌നം കാണുന്ന അനേകം സംഘടനകളുണ്ട്. ഇപ്പോഴും… ഷെയ്ഖ് ഹസീന ഇന്ത്യയിലഭയം തേടിയതിനുശേഷം കൊടുത്ത ഒരു അഭിമുഖത്തില്‍ പറഞ്ഞത്, കഴിഞ്ഞകൊല്ലം ജനുവരിയില്‍ അവിടെ ഷെയ്ഖ് ഹസീന അവസാനം തിരഞ്ഞെടുപ്പ് നേരിട്ട സന്ദര്‍ഭത്തില്‍ ലോകത്തിലെ ഒരു വന്‍കിട രാജ്യത്തിന്റെ പ്രതിനിധി അവിടെ വന്നിരുന്നു. ബംഗ്ലാദേശിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷപ്രദേശങ്ങളും ഇന്ത്യന്‍ അതിര്‍ത്തിയിലെ കുഴപ്പംപിടിച്ച പ്രദേശങ്ങളായ മണിപ്പൂരും, മിസ്സോറാം ഉള്‍പ്പെടെയുള്ള മേഖലകളൊക്കെ ചേര്‍ത്തിട്ട് ഒരു ക്രിസ്ത്യന്‍ സ്റ്റേറ്റ് ഞങ്ങള്‍ സ്വപ്‌നം കാണുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ പ്രധാനമന്ത്രിക്ക് മണിപ്പൂരിലേക്കു പോകാന്‍ സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ട് എന്നു തോന്നുന്നത് അദ്ദേഹത്തിന്റെ ഭയം കൊണ്ടല്ലല്ലോ. ഇത്തരം ആശയങ്ങളൊക്കെ എല്ലാ കാലത്തും സജീവമായി നില്‍ക്കുമ്പോള്‍ ഒരു ഹിന്ദുരാഷ്ട്രത്തെ സ്വപ്‌നം കാണുന്നതിന് സാവര്‍ക്കര്‍ക്ക് അവകാശമില്ലേ.
ഇസ്ലാമികരാഷ്ട്രവാദം ഏതെങ്കിലും സംഘടനകളുടെ മാത്രം താത്പര്യമായി കാണാനാകുമോ? ഇസ്ലാമിനെക്കുറിച്ച് പറയുകയാണെങ്കില്‍ അതിന്റെ ജനിതകഘടനകൊണ്ടുതന്നെ അത് മറ്റ് സംസ്‌കാരങ്ങളോട് പൊരുത്തപ്പെട്ടുപോകുന്ന ഒന്നല്ല എന്നാണ് അതിന്റെ ചരിത്രം തന്നെ തെളിയിച്ചിട്ടുള്ളത്. ഇസ്ലാം ന്യൂനപക്ഷമായ ഇടങ്ങളിലെല്ലാം അത് മതേതരത്വത്തെ പിന്താങ്ങും. ഭൂരിപക്ഷം ആകുന്തോറും മതരാഷ്ട്രവാദം ഉയര്‍ന്നുവരും.
♠ പൊളിറ്റിക്കല്‍ ഇസ്ലാം എന്നു നമ്മള്‍ പറയുന്ന ഒരു ധാരയ്ക്ക് അങ്ങനെയൊരു സ്വഭാവമുണ്ട്. ഇസ്ലാമിന് ഭൂരിപക്ഷമുള്ള രാജ്യങ്ങളിലൊക്കെ എല്ലാകാലവും അങ്ങനെ സംഭവിച്ചുകാണാറുണ്ട്. എന്നാല്‍ ബഹുസ്വരതയെ അംഗീകരിക്കുന്ന ധാരകളുമുണ്ട് എന്ന് നാം കാണാതിരിക്കരുത്. ഭരണകൂടത്തോട് അകലം പാലിച്ച വളരെ ദാര്‍ശനികമായ ഔന്നത്യം പ്രാപിച്ച ഒരു ഇസ്ലാമുമുണ്ട്. എന്നാല്‍ അവരാകട്ടെ എന്നുമൊരു ന്യൂനപക്ഷമാണ്.
പൊളിറ്റിക്കല്‍ ഇസ്ലാം എന്നുപറയുമ്പോള്‍ ജമാ അത്തെ ഇസ്ലാമിയുടെ സ്വഭാവം പങ്കിടുന്നവരാണല്ലോ. 1941-ല്‍ രൂപംകൊണ്ട ജമാ അത്തെ ഇസ്ലാമിയുടെ ചരിത്രം പരിശോധിച്ചാല്‍, അവരുടെ കാഴ്ചപ്പാടില്‍ സെക്യുലറിസവും ഇസ്ലാമും ഒരേസമയം സ്വീകരിക്കാന്‍ സാധ്യമല്ല. അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ നിയമം എന്നാണല്ലോ അവര്‍ പറയുന്നത്.
♠ അങ്ങിനെതന്നെയാണ്. ദീന്‍ എന്നുപറഞ്ഞാല്‍ അതിനര്‍ത്ഥം, മതമെന്നാണ്. മൗദൂദി ആ വാക്കിന് കൊടുക്കുന്ന അര്‍ത്ഥം രാഷ്ട്രം എന്നാണ്. മതമാണ് രാഷ്ട്രം, രാഷ്ട്രം തന്നെയാണ് മതം. പക്ഷേ, പോസിറ്റീവ് ആയ ഒരു കാര്യം പറയാം, നിരന്തരമായ അനുഭവങ്ങളില്‍നിന്നും തീക്ഷ്ണമായ വിമര്‍ശനങ്ങളില്‍നിന്നും പാഠം ഉള്‍ക്കൊണ്ട്, പഴയ നിലപാടുകള്‍ കൈവിട്ട എത്രയോ ജമാ അത്ത് ഇസ്ലാമി സുഹൃത്തുക്കള്‍ എനിക്കുണ്ട്. മൗദൂദി ഇന്ന് അവര്‍ക്ക് ഒരു ഭാരമാണ്.
അവരില്‍ ഇത്തരമൊരു മാറ്റം വന്നത് മൗദൂദിയെയും കൊണ്ട് ഇനി അധികം മുന്നോട്ടുപോകാന്‍ ആവില്ല എന്ന തിരിച്ചറിവില്‍നിന്നല്ലേ?
♠ സത്യം. നിര്‍വ്വാഹമില്ലാത്തതുകൊണ്ടുതന്നെ. മൗദൂദിയെ വലിച്ചെറിഞ്ഞിട്ട്, ഇന്ത്യയ്ക്കു ചേര്‍ന്ന ഒരു ഇസ്ലാമിനെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ അവര്‍ ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. വോട്ട് ചെയ്യാന്‍ പാടില്ലാത്തവര്‍ ഇപ്പോള്‍ പാര്‍ലമെന്ററി രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കുന്നു, മത്സരിക്കുന്നു, എന്നിട്ട് ജനാധിപത്യവും മതേതരത്വവും പ്രസംഗിക്കുന്നു. അത് ഒരു സ്ട്രാറ്റജി ആണെങ്കില്‍പോലും അത്രത്തോളം അതംഗീകരിക്കാന്‍ അവര്‍ തയ്യാറായിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഗതികേട് കൊണ്ട് ഇതുതന്നെയാണല്ലോ സംഭവിച്ചത്. ഇന്ത്യയില്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും അംഗീകരിക്കാതെ അവര്‍ക്കും നിലനില്‍പ്പില്ല എന്നവര്‍ തിരിച്ചറിഞ്ഞല്ലോ. കമ്മ്യൂണിസം അധികാരത്തില്‍ വന്ന ഏതെങ്കിലും രാജ്യത്ത് പൗരസ്വാതന്ത്ര്യമോ ആവിഷ്‌കാരസ്വാതന്ത്ര്യമോ ഉണ്ടായിരുന്നതായി നമുക്ക് കാണാനാവില്ല. ജമാ അത്തെ ഇസ്ലാമിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഇന്ത്യന്‍ കാലാവസ്ഥയനുസരിച്ച് അവരുടെ ആശയങ്ങളില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരാകുകയാണ് ചെയ്തത്.
♠ കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പറ്റി പറയുകയാണെങ്കില്‍ ഏഷ്യയിലാദ്യമായി (ലോകത്തിലാദ്യമായി എന്നു പറയുന്നത് തെറ്റാണ്. ലോകത്തില്‍ മൂന്നാമതാണ്.) അധികാരത്തില്‍ വന്നല്ലോ. അധികാരത്തില്‍ വന്നിട്ട് ഇതഃപര്യന്തമുള്ള അതിന്റെ ചരിത്രത്തിലെപ്പോഴെങ്കിലും അവര്‍ ജനാധിപത്യത്തെ അട്ടിമറിക്കാനോ ഭരണഘടനക്കെതിരായിട്ടോ വന്നതായിട്ട് കണ്ടിട്ടില്ലല്ലോ, 37-ന് മുന്‍പുള്ള ചരിത്രത്തില്‍ ക്വിറ്റ് ഇന്ത്യാ സമരത്തോടുള്ള നിലപാടുണ്ട്. ലോകമഹായുദ്ധത്തോടുള്ള നിലപാടുണ്ട്.
കേരളത്തിലവര്‍ക്ക് അങ്ങനെ സാധിക്കില്ലല്ലോ. കാരണം, കേരളം ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രമല്ലല്ലോ. അത് ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണല്ലോ.
♠ അല്ല, അതാണ് ഞാന്‍ പറയുന്നത്. നിവൃത്തികേട് കൊണ്ടാണെന്ന്. ആ യാഥാര്‍ത്ഥ്യബോധം കൊണ്ടാണെങ്കിലും അവര്‍ മാറിയെന്ന കാര്യം നാം ഉള്‍ക്കൊള്ളണം. മറിച്ച്, അവരെപ്പോഴെങ്കിലും അറിയാതെയാണെങ്കിലും രാജ്യവിരുദ്ധനിലപാട് എടുക്കുന്നുണ്ടോ എന്നും വിലയിരുത്തണം.
(തുടരും)





















