ആര്‍.എസ്.എസ്സിന്റെ ശതാബ്ദിയോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ആഗസ്റ്റ് 26, 27, 28 തീയതികളില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണത്തിന്റെ തുടര്‍ച്ച.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭാരതത്തിലെ യൂണിവേഴ്‌സിറ്റികളുടെ സംഖ്യ വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. വിദ്യാഭ്യാസം കച്ചവടമായതോടെ വിദ്യാഭ്യാസത്തിന്റെ നിലവാരം വളരെ വേഗത്തില്‍ താഴ്ന്നുകൊണ്ടിരിക്കുകയാണ്. ബിരുദധാരികളായ തൊഴില്‍രഹിതരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇവരാകട്ടെ തൊഴില്‍ നൈപുണ്യം ഇല്ലാത്തവരുമാണ്. ആര്‍എസ്എസ് ഈ പ്രശ്‌നത്തിന് എന്ത് പരിഹാരമാണ് കാണുന്നത്?
♠വിദ്യാഭ്യാസം ജോലിക്ക് വേണ്ടിയുള്ളതാണ് എന്ന മനോഭാവമാണ് ഈ അവസ്ഥയ്ക്ക് കാരണം. ഡിഗ്രി നേടുന്നത് ജോലിക്ക് വേണ്ടിയാണ്. ഞാന്‍ കൃഷി വിദ്യാപീഠത്തില്‍ പഠിച്ചിട്ടുണ്ട്. നമ്മുടെ യൂണിവേഴ്‌സിറ്റിയില്‍ ധാരാളം അഗ്രിക്കള്‍ച്ചറല്‍, വെറ്റിനറി വിദ്യാര്‍ത്ഥികളുണ്ട്. എന്റെ കൂടെയും ഉണ്ടായിരുന്നു കുറച്ചുപേര്‍. ഞാന്‍ പിജി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഡിഗ്രിയും പിജിയും ചെയ്തതിനുശേഷം ഇവര്‍ കൃഷി ചെയ്യാന്‍ താല്പര്യപ്പെടുന്നില്ല. ജോലിക്ക് പോവുകയാണ് ചെയ്യുന്നത്. ബാങ്കില്‍ ലോണ്‍ ഓഫീസറായി ഇവര്‍ ഒപ്പിട്ടുകൊണ്ടിരിക്കുന്നു. വെള്ള പേപ്പറില്‍ മഷികൊണ്ട് കൃഷി ചെയ്യുന്നു. വീടുകളില്‍ ഏഴുപത് ഏക്കറിലും നൂറ് ഏക്കറിലുമൊക്കെ കൃഷിയും കൃഷി ചെയ്യാനാവശ്യമായ വെള്ളവും പമ്പുമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ ഇതിലേക്ക് ഇറങ്ങിയില്ല. എന്തെന്നാല്‍ സമ്പാദിക്കുക എന്നാല്‍ ജോലി ചെയ്യുക എന്നതാണ്. അതും ഗവണ്‍മെന്റ് ജോലിയാണെങ്കില്‍ വളരെ നല്ലത്. ഓഫീസ് വീടിനടുത്തു തന്നെയായാല്‍ അതും സൗകര്യം. ഈ മനോഭാവം എല്ലാവരെയും ജോലിയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നു. വാസ്തവത്തില്‍ സമ്പാദിക്കണമെങ്കില്‍ എന്തിലെങ്കിലും വൈദഗ്ദ്ധ്യം വേണം. ഞങ്ങള്‍ അടിമകളാവില്ല; തൊഴിലാളികളാവില്ല; ഞങ്ങള്‍ തൊഴില്‍ദാതാക്കളാകും ഇങ്ങനെ ചിന്തിക്കുകയാണെങ്കില്‍ ജോലി അന്വേഷിച്ചുള്ള ഒഴുക്ക് പകുതിയായി കുറയും. ഇങ്ങനെ ചെയ്യുന്നവര്‍ ഉയരങ്ങളില്‍ എത്തുകയും ചെയ്യുന്നു.
ഞാന്‍ ഒരു യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ കണ്ടിരുന്നു. ഉന്നതവിദ്യാഭ്യാസത്തിന് പണച്ചെലവുള്ളതുകൊണ്ട് പഠിക്കാന്‍ കഴിയാത്തവരെ താന്‍ വ്യവസായം പഠിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 400 ഓളം കുട്ടികളെ അദ്ദേഹം സ്വാവലംബികളാക്കി. ഒരു ഉദാഹരണവും പറഞ്ഞു: ഹോട്ടലില്‍ പാത്രം കഴുകുന്ന കുട്ടിയോട് പഠിച്ചിട്ടില്ലേയെന്ന് അദ്ദേഹം ചോദിച്ചു. തന്നെക്കൊണ്ട് സാധിക്കാത്തതുകൊണ്ടും താല്പര്യമില്ലാത്തതുകൊണ്ടും എട്ടാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയതായി അവന്‍ പറഞ്ഞു. എന്താണ് ചെയ്യാന്‍ താല്പര്യമെന്ന് ചോദിച്ചപ്പോള്‍ മുറുക്കാന്‍ കട തുടങ്ങാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അദ്ദേഹം അവന് കട തുടങ്ങുന്നതിന് 5000 രൂപ നല്‍കി. ഇത് പത്ത് വര്‍ഷത്തിന് മുമ്പുള്ള കാര്യമാണ്. അങ്ങനെ അദ്ദേഹം ദിവസവും പാന്‍ കഴിക്കാന്‍ അവിടെ പോയി. ഓരോ ദിവസവും ഇന്ന് എത്ര സാധനം, എവിടെ നിന്ന് കൊണ്ടുവന്നു എന്ന് അവനോട് ചോദിക്കും. പൈസയുടെ കാര്യം എങ്ങിനെയാണ്, കടം പറഞ്ഞതാണോ, എത്ര പൈസ കിട്ടി, എങ്ങനെയാണ് പൈസ പിരിക്കുന്നത് എന്നെല്ലാം അന്വേഷിച്ചു. അങ്ങനെ ഒരു വര്‍ഷം അവനെ ബിസിനസ്സ് പഠിപ്പിച്ചു. എല്ലാ ദിവസവും ഭക്ഷണത്തിന് ശേഷം രണ്ട് പ്രാവശ്യം അവന്റെ അടുത്ത് പോയിരുന്നു. അങ്ങനെ ആ കുട്ടിക്ക് ഇന്ന് ഗ്രാമത്തില്‍ 29 ലക്ഷത്തിന്റെ സ്വത്തുണ്ട്.
ജോലി ചെയ്യുന്നതുകൊണ്ടാണ് ജീവിതം മുന്നോട്ടുപോവുന്നത്. ഇങ്ങനെ ജോലി ചെയ്യുന്നത് സമാജത്തിനും ഉപകാരപ്രദമാവുന്നു.
ലോകത്തിലെ ഒരു സമാജത്തിലും, സ്വകാര്യസ്ഥാപനങ്ങള്‍ക്കും ഗവണ്‍മെന്റിനും ചേര്‍ന്ന് മുപ്പത് ശതമാനത്തില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കാന്‍ കഴിയില്ല. ബാക്കിയുള്ളവര്‍ സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്നവരാണ്. ജോലിയില്‍ വലുത്, ചെറുത് എന്ന തരംതിരിവ് പ്രാചീന കാലത്ത് തന്നെയുണ്ടായിരുന്നു. ചില ജോലികള്‍ എളുപ്പമാണ്, ചിലത് നല്ലതാണ്, ചിലത് മോശമാണ് എന്ന ചിന്ത വന്നതോടെ നമ്മുടെ സമാജത്തിന്റെ പതനം തുടങ്ങി. അങ്ങനെ ജോലിക്ക് ആദരവ് നല്‍കുന്നത് കുറഞ്ഞുവന്നു. ജോലിയെ ആദരിക്കേണ്ടത് അത്യാവശ്യമാണ്. അധ്വാനിച്ച് ജോലി ചെയ്യുന്നവരെയും ആദരിക്കണം. എന്തുകൊണ്ടാണ് കൃഷിപ്പണിയിലേക്ക് ആളുകള്‍ ഇറങ്ങാത്തത്? കൃഷിക്കാര്‍ക്ക് പെണ്‍കുട്ടികളെ വിവാഹം കഴിച്ച് കൊടുക്കുന്നില്ല. നല്ല കൃഷിക്കാരനാണ്; നന്നായി അധ്വാനിക്കുന്നു; വിദ്യാസമ്പന്നനാണ്. എന്നാല്‍ ഗ്രാമത്തില്‍ താമസിക്കുന്നു, കൃഷിപ്പണി ചെയ്യുന്നു എന്നൊക്കെപ്പറഞ്ഞ് പെണ്‍കുട്ടികളെ കിട്ടുന്നില്ല. തൊഴിലിനോട് ആദരവ് ഇല്ലാത്തതാണ് ഇതിനു കാരണം. അതുകൊണ്ട് ആദ്യം തൊഴിലിന് മഹത്വം ഉണ്ടാക്കിയെടുക്കണം. സ്വന്തം കൈകൊണ്ട് അധ്വാനിച്ച് തന്നെയും തന്റെ കുടുംബത്തെയും പോറ്റാനുളള കഴിവ് യുവാക്കളിലുണ്ടാക്കണം. ഭാരതത്തിന് മറ്റ് രാജ്യങ്ങളിലേക്ക് ജോലി ചെയ്യുന്നതിനാവശ്യമായ തൊഴില്‍ ശക്തി നല്‍കാന്‍ കഴിയും. ഇതാണ് നമ്മുടെ തയ്യാറെടുപ്പ്. ഈ സാധ്യതയെ ഭാരതം ഉപയോഗപ്പെടുത്തണം.
നിയമവിരുദ്ധമായ നുഴഞ്ഞു കയറ്റക്കാരെ ഭാരതത്തില്‍ നിന്നും പുറത്താക്കല്‍, ജനസംഖ്യാ അസന്തുലനം എന്നിവയെ ഭാരതം എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത്? ഈ വിഷയത്തില്‍ ആര്‍എസ്എസ്സിന്റെ അഭിപ്രായമെന്താണ്? ഭാരതത്തിലെ ഹിന്ദുവിന്റെയും മുസ്ലിമിന്റെയും ഡിഎന്‍എ ഒന്നാണെന്ന് താങ്കള്‍ പറയുന്നു. എന്നാല്‍ ഇന്ന് മതമൗലികവാദം ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. ഖുറാന്‍, സുന്നത്ത്, ഹദീസ് എന്നിവയില്‍ അധിഷ്ഠിതമായ പൊളിറ്റിക്കല്‍ ഇസ്ലാം അംഗീകരിക്കുന്നവരോട് എങ്ങനെയാണ് പെരുമാറേണ്ടത്? ഡിഎന്‍എ ഒന്നാണെങ്കില്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുന്നത് ശരിയാണോ? സംഘം വിഭജനത്തെ എന്തുകൊണ്ട് എതിര്‍ത്തില്ല? പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെപ്പറ്റി സംഘത്തിന്റെ അഭിപ്രായമെന്താണ്? അഖണ്ഡഭാരതത്തെപ്പറ്റിയുള്ള സംഘത്തിന്റെ സങ്കല്പം എന്താണ്? ഭാരതവര്‍ഷം എപ്പോഴും ‘വസുധൈവ കുടുംബകം’ എന്ന സിദ്ധാന്തത്തില്‍ ഉറച്ചുനില്‍ക്കുന്നു. എങ്കിലും കുറച്ച് നൂറ്റാണ്ടുകളായി ഭാരതത്തിന്റെ അതിര്‍ത്തികള്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. അയല്‍രാജ്യങ്ങളുമായുള്ള ഏകീകരണത്തെപ്പറ്റി ചിന്തക്കേണ്ടതുണ്ടോ.
♠ജനസംഖ്യാശാസ്ത്രത്തെപ്പറ്റി ചിന്തിക്കുന്നുണ്ട്. അതിനുകാരണം ജനസംഖ്യ മാറിക്കൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി പല മാറ്റങ്ങളും ഉണ്ടാവുന്നു. രാജ്യത്തിന്റെ വിഭജനവും ഒരു മാറ്റമാണ്. ഞാന്‍ കേവലം ഭാരതത്തിന്റെ കാര്യം മാത്രമല്ല പറയുന്നത്. എല്ലാ രാജ്യങ്ങളിലും ജനസംഖ്യാ അസന്തുലനത്തിന്റെ പ്രശ്‌നമുണ്ട്. ജനസംഖ്യയെപ്പറ്റിയുള്ള ചിന്ത എന്തുകൊണ്ടാണ് ഉണ്ടാവുന്നത്? സംഖ്യയെപ്പറ്റിയല്ല, ലക്ഷ്യം എന്താണ് എന്നതിനെപ്പറ്റിയാണ് മനസ്സില്‍ സംശയം ഉയരുന്നത്. വാസ്തവത്തില്‍ ജനസംഖ്യാ അസന്തുലനത്തിന്റെ കാരണം എന്താണ്? ആദ്യത്തെ കാരണം മതപരിവര്‍ത്തനമാണ്. ഇത് ഭാരതീയ പാരമ്പര്യത്തിന്റെ ഭാഗമല്ല. കാത്തലിക് ചര്‍ച്ചിന്റെ ആള്‍ക്കാര്‍ മതപരിവര്‍ത്തനം നടത്തുന്നില്ലെന്ന് നമ്മളോട് പറയുന്നു. ക്രിസ്തുമതവും മതപരിവര്‍ത്തനത്തിന് അനുകൂലമല്ല. മദ്രസകളിലെ അദ്ധ്യാപകരുമായി സംസാരിച്ചപ്പോള്‍ ഇസ്ലാമിലും ഇത് അനുവദനീയമല്ലെന്ന് അവര്‍ പറഞ്ഞു. മതപരിവര്‍ത്തനം നടക്കാന്‍ പാടില്ല. ആര്‍ക്ക് ഏത് മതത്തില്‍ പോകണമെന്നത് ഓരോരുത്തരുടെയും താല്പര്യമാണ്. നിര്‍ബ്ബന്ധപൂര്‍വ്വം മതപരിവര്‍ത്തനത്തിന് വിധേയരായവര്‍ക്ക് മടങ്ങിവരണമെങ്കില്‍ വരാം. മനസ്സ് തിരിച്ചുവരാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ വരൂ. അതിനായി പ്രലോഭനങ്ങളും നിര്‍ബ്ബന്ധിച്ചുള്ള പരിവര്‍ത്തനവും ഇല്ല. ഇന്ന് നിര്‍ബ്ബന്ധിപ്പിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റുകയാണ്. ഇത് തടയണം.
രണ്ടാമത്തെ കാര്യം നുഴഞ്ഞുകയറ്റമാണ്. ഭാരതീയരായ നമ്മുടെ എല്ലാവരുടെയും ഡിഎന്‍എ ഒന്നുതന്നെയെന്നത് ശരിയാണ്. യൂറോപ്പിലും മൂന്നോ നാലോ രാജ്യങ്ങള്‍ അങ്ങിനെയാണ്. പക്ഷേ രാജ്യത്തിന് ഒരു വ്യവസ്ഥയുണ്ട്; അതിന് അതിരുകളുണ്ട്. അവിടേക്ക് വരുന്നതിനും പോകുന്നതിനും നിയന്ത്രണമുണ്ട്. നുഴഞ്ഞുകയറ്റക്കാരെ തടയുന്നത് ശരിയാണോയെന്ന് താങ്കള്‍ ചോദിക്കുന്നു. ഡിഎന്‍എ ഒന്നാണെങ്കിലും ഒരിടത്തേക്ക് കയറിവരുമ്പോള്‍ അനുവാദം ചോദിച്ചിട്ടല്ലേ വരേണ്ടത്. അനുവാദം കിട്ടിയില്ലെങ്കില്‍ വരരുത്. നിയമാനുസൃതമല്ലാതെ നുഴഞ്ഞുകയറി വരുന്നത് തെറ്റാണ്. ഇങ്ങനെ നുഴഞ്ഞുകയറുന്നവരെക്കൊണ്ട് ഉപദ്രവമുണ്ടാകുന്നു എന്ന് അനുഭവമുണ്ട്. അതിനാല്‍ നുഴഞ്ഞുകയറ്റം നിരോധിക്കണം. കുറച്ചൊക്കെയേ ഗവണ്‍മെന്റിന് ചെയ്യാന്‍ പറ്റു; അവര്‍ അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്. ഇതില്‍ സമാജത്തിനും ചിലത് ചെയ്യാനുണ്ട്. നമ്മുടെ രാജ്യത്തിലെ തൊഴില്‍ നമ്മുടെ രാജ്യത്തിലെ പൗരന്മാര്‍ക്കു തന്നെ നല്‍കുക. നമ്മുടെ രാജ്യത്തിലും മുസ്ലീം പൗരന്മാരുണ്ട്. അവര്‍ക്കും തൊഴില്‍ ആവശ്യമാണ്. മുസല്‍മാന് ജോലി കൊടുക്കണമെങ്കില്‍ അവര്‍ക്ക് കൊടുക്കൂ. പുറത്തുനിന്നുള്ളവര്‍ക്ക് എന്തിനാണ് കൊടുക്കുന്നത്? അവരുടെ രാജ്യത്തിലെ തൊഴിലവസരങ്ങള്‍ വ്യവസ്ഥ ചെയ്യേണ്ടത് അവരുടെ കടമയാണ്. അനുവാദം നേടി ജോലി ചെയ്യുന്നവരെ എല്ലാ രാജ്യങ്ങളിലും കാണാന്‍ കഴിയും. നമുക്കും അങ്ങനെ കഴിയും. അതുകൊണ്ട് നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയണം. സുരക്ഷയെ സംബന്ധിക്കുന്ന എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുകയാണെങ്കില്‍ നുഴഞ്ഞുകയറ്റക്കാരെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യണം. അവര്‍ക്ക് തൊഴില്‍ നല്‍കരുത്. അതോടൊപ്പം അവരെ നിരീക്ഷിക്കുകയും വേണം. ഇത് നമുക്ക് ചെയ്യാന്‍ കഴിയും. അങ്ങനെ നുഴഞ്ഞുകയറ്റം മൂലമുള്ള പ്രശ്‌നവും കുറയും.
മൂന്നാമത്തെ കാര്യം ജനനനിരക്കാണ്. ഈ ചോദ്യം പ്രചാരകനോട് ചോദിക്കരുതായിരുന്നു. താങ്കള്‍ ചോദിച്ചതുകൊണ്ട് മറുപടി നല്‍കുന്നു. ജനനനിരക്ക് മൂന്നോ അതില്‍ കുറവോ വരുന്നവര്‍ സാവധാനം ഇല്ലാതായിപ്പോകുമെന്ന് ശാസ്ത്രം പറയുന്നു. അതുകൊണ്ട് ജനനനിരക്ക് മൂന്നിനു മുകളിലായി നിലനിര്‍ത്തണം. എല്ലാ രാജ്യങ്ങളിലും ഇങ്ങനെയുണ്ട്. എല്ലാ സമാജവും അങ്ങനെ ചെയ്യുന്നുമുണ്ട്. മൂന്നു കുട്ടികള്‍ ഉണ്ടായാല്‍ അച്ഛന്റേയും അമ്മയുടേയും കുട്ടികളുടെയും ജീവിതം ആരോഗ്യകരവും സുഖകരവുമായിരിക്കും. ഏത് വീട്ടിലാണോ മൂന്ന് കുട്ടികളുള്ളത് അവര്‍ മൂന്നുപേരും പരസ്പരം, മനസ്സിനെ നിയന്ത്രിക്കാനുള്ള അറിവ് (Ego Management) ]ഠിക്കുന്നു. അതുകൊണ്ട് അവരുടെ മുമ്പോട്ടുള്ള കുടുംബജീവിതത്തില്‍ ഒരു തടസ്സവും ഉണ്ടാകുന്നില്ല. ഇത് ഡോക്ടര്‍ പറഞ്ഞതാണ്. ഞാന്‍ മൃഗങ്ങളുടെ ഡോക്ടറാണ്. അവിടെ ഈ വിഷയം പഠിപ്പിക്കുന്നില്ല. നമ്മുടെ രാജ്യത്തിനും ജനസംഖ്യാനയമുണ്ട്. അത് 2:1 എന്ന നിരക്കാണ് ശുപാര്‍ശ ചെയ്യുന്നത്. രാജ്യത്തിന്റെ ശരാശരി ജനനനിരക്ക് 2:1 ആണ്. എന്നാല്‍ സന്താനങ്ങള്‍ ഉണ്ടാവുമ്പോള്‍ .1% കുട്ടികള്‍ ഉണ്ടാവുന്നില്ല. ഗണിതത്തില്‍ 2.1, 2 ആണ്. എന്നാല്‍ മനുഷ്യജന്മത്തില്‍ 2ന് ശേഷം 2.1 ഇല്ല; മൂന്നാണ് ഉള്ളത്. അതുകൊണ്ട് ഭാരതവര്‍ഷത്തിലെ ഓരോ പൗരന്റേയും വീട്ടില്‍ മൂന്ന് കുട്ടികളുണ്ടാവണം. രാജ്യത്തിന്റെ കാഴ്ചപ്പാടാനുസരിച്ചാണ് ഇത് പറയുന്നത്. ജനസംഖ്യ ഒരു ആസ്തിയാണ്, അതോടൊപ്പം ഭാരവും ആയിത്തീര്‍ന്നേക്കാം. നാളെ എല്ലാവരെയും തീറ്റിപ്പോറ്റേണ്ടി വരും. അതുകൊണ്ട് ജനസംഖ്യാനയം വേണം. ജനസംഖ്യ നിയന്ത്രിതമാവുകയും അതോടൊപ്പം മതിയായ ജനസംഖ്യ ഉണ്ടാവുകയും വേണം. അതുകൊണ്ട് മൂന്ന് കുട്ടികള്‍ വേണം; അതില്‍ കൂടരുത്. കുട്ടികളെ വളര്‍ത്തുന്നതിനും അവരെ ശരിയായി പരിപാലിക്കുന്നതിനും മൂന്ന് എന്നത് സ്വീകരിക്കേണ്ട കാര്യമാണ്. ജനസംഖ്യാനിരക്ക് കുറയുന്ന കാര്യമാണെങ്കില്‍ എല്ലാവരുടേതും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഹിന്ദുക്കളുടേത് മുമ്പുതന്നെ കുറവായിരുന്നു; ഇപ്പോള്‍ വളരെയധികം കുറഞ്ഞു കൊണ്ടിരിക്കുന്നു. മറ്റുള്ളവരുടേത് അത്രയും കുറയുന്നില്ല. ഇന്ന് മറ്റുള്ളവരുടെ സംഖ്യ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിലും അവരുടെയും ജനനനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് പ്രകൃതി തന്നെ ചെയ്യുന്നതാണ്. പ്രകൃതിവിഭവങ്ങള്‍ കുറയുകയും ജനസംഖ്യ വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ ഇങ്ങനെ സംഭവിക്കുന്നു. അതുകൊണ്ട് മൂന്നില്‍ കൂടരുത്; കുറയുകയുമരുത്. അതിനായി പുതുതലമുറയെ തയ്യാറാക്കണം.
(തുടരും)





















