നമ്മുടെ ദേശചരിത്രത്തെ സത്യസന്ധതയോടെ സമീപിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന വേളയില്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത ഇടത് ആശയങ്ങളും, തെറ്റായ നിഗമനങ്ങളും തകര്‍ന്ന് ഇല്ലാതാവുകയാണെന്ന് കാള്‍മാര്‍ക്‌സിനും എംഗല്‍സിനും മുമ്പ് 1836ല്‍ ‘സമത്വസമാജം’ എന്ന പേരില്‍ പഴയ തിരുവിതാംകൂറിലെ മാര്‍ത്താണ്ഡത്ത് ജീവിച്ച അയ്യാവൈകുണ്ഠ സ്വാമികള്‍ ആരംഭിച്ച ഉട്ടോപ്യന്‍ സോഷ്യലിസ്റ്റ് മൂവ്‌മെന്റിന്റെ മാതൃക ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി തന്റെ പുതിയ വെളിപാട് പ്രഖ്യാപനം ചെയ്തിരിക്കുന്നു. ഇത് ഒരു ഉദാഹരണം മാത്രമാണെന്നും രാജ്യത്തെ മിക്ക സമൂഹങ്ങളിലും, സംസ്‌കാരങ്ങളിലും ഇത്തരം മുന്നേറ്റങ്ങളെപ്പറ്റി, ചരിത്ര ഏടുകളിലെ സങ്കല്‍പങ്ങളുമായി ഇഴചേര്‍ന്നുനില്‍ക്കുന്ന ആഖ്യാനങ്ങള്‍ വായിച്ചെടുക്കാമെന്നും തുടര്‍ന്ന് അദ്ദേഹം വിശദമാക്കുന്നു. 2025 ഡിസംബര്‍ 21ന് പുറത്തിറങ്ങിയ ഔട്ട്‌ലുക്ക് വാരികയില്‍ ‘We shall over come’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് ബേബിയുടെ കണ്ടെത്തല്‍.
ഭാരതത്തിന്റെ സംസ്‌കാരത്തെയും സമൂഹജീവിതങ്ങളെയും ജീവിതമാര്‍ഗങ്ങളെയും, വിശ്വാസരീതികളെയും നിരന്തരം വിമര്‍ശിച്ച് കൊല്ലാക്കൊല നടത്തുന്നതാണ് കമ്മ്യൂണിസ്റ്റ് ശൈലി – വിശേഷിച്ചും കേരളത്തില്‍ ഇത് വ്യാപകമായി അനുഭവപ്പെടാറുണ്ട്. ഞങ്ങളാണ് കേമന്മാര്‍ എന്ന ധാരണ സ്വയം വെച്ചുപുലര്‍ത്തുകയും അത് മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനും ഇക്കൂട്ടര്‍ കാട്ടുന്ന പേക്കൂത്തുകള്‍ നാടിന്റെ സൈ്വരജീവിതത്തിന് ഏറെ ഭീഷണി തീര്‍ക്കുന്നു. ജനാധിപത്യത്തെപ്പറ്റി വാചാലരാവുന്ന കമ്മ്യൂണിസ്റ്റുകള്‍ അവരുടെ ശക്തികേന്ദ്രങ്ങളില്‍ എതിരാളികളെ തിരഞ്ഞെടുപ്പ് മത്സരവേദികളില്‍ നിന്നു ഭയപ്പെടുത്തി അകറ്റുന്നു. സാക്ഷരകേരളത്തിന്റെ അറിവിനെയും സ്വാതന്ത്ര്യബോധത്തെയും ജനങ്ങള്‍ക്ക് അനുഭവമല്ലാതാക്കി മാറ്റുന്നു. സഹകരണസ്ഥാപനങ്ങള്‍ പലതും അവര്‍ പിടിച്ചടക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ കേരളത്തില്‍ സംഭവിക്കാനിടയായത് സിപിഎമ്മിന്റെ കടുത്ത അസഹിഷ്ണുത കാരണമാണെന്ന് പകല്‍ പോലെ വ്യക്തമാണ്.
ഈ നാടിന്റെ സംസ്‌കാരത്തെയൊ വിശ്വാസങ്ങളെയൊ മാനിക്കാത്ത കമ്മ്യൂണിസ്റ്റുകള്‍ അവരുടെ വിദേശപക്ഷം ചേര്‍ന്നുള്ള ചിന്തയും ആശയവും കൊണ്ട് ഇന്നാട്ടില്‍ ഗതിപിടിക്കില്ലെന്ന തിരിച്ചറിവിലേക്കാണ് ബേബി, സഖാക്കളെ നയിക്കുന്നതെങ്കില്‍ ‘പുതിയ കണ്ടുപിടുത്തം’ ശുഭകരമെന്നേ പറയേണ്ടൂ.
കമ്മ്യൂണിസം പിറവിയെടുക്കുന്നതിനും ഒരു നൂറ്റാണ്ടു മുമ്പേ ഭാരതത്തില്‍ സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പാര്‍ട്ടി സെക്രട്ടറിയുടെ കണ്ടെത്തല്‍. 1809-1851 കാലഘട്ടത്തില്‍ ജീവിച്ച ഇന്നത്തെ കന്യാകുമാരി ജില്ലയിലെ അയ്യാവൈകുണ്ഠ സ്വാമികളെ ഉദ്ധരിച്ചുകൊണ്ടാണല്ലോ അദ്ദേഹമിത് സമര്‍പ്പിച്ചത്. ഇത് കമ്മ്യൂണിസ്റ്റുകാരെ സദ്ബുദ്ധിയിലേക്ക് നയിക്കുമെന്ന് പ്രത്യാശിക്കാം.
സമൂഹജീവിതത്തെ കാലാനുസൃതമായി നവീകരിക്കുക (update)എന്ന പ്രക്രിയയാണല്ലൊ നവോത്ഥാനം. അയ്യാവൈകുണ്ഠ സ്വാമികള്‍ സമത്വസങ്കല്‍പ്പത്തെക്കുറിച്ചുള്ള ആശയങ്ങള്‍ മാത്രമല്ല ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയത്. ജനജീവിതത്തെ നവീകരിക്കാന്‍ നിരവധി പദ്ധതികളും പരിപാടികളും സ്വാമികള്‍ നടപ്പിലാക്കി. ആരാധനാലയങ്ങള്‍, പൊതുകിണറുകള്‍, കുളങ്ങള്‍, സമ പന്തിഭോജനം തുടങ്ങിയവ അവയില്‍ ചിലതു മാത്രമായിരുന്നു. ജാതിയില്‍ പിന്നാക്കക്കാരായ സ്വസമുദായക്കാരെ ശുചീന്ദ്രം ക്ഷേത്രത്തിലെ ഉത്സവത്തിന് രഥം വലിക്കുന്ന കയറില്‍ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ത്ത് വലിച്ച് അക്കാലത്തെ ജാതിഭ്രഷ്ടിനെ തിരുത്തിച്ചു. മതപരിവര്‍ത്തനം തടയാന്‍, സാമൂഹ്യബോധമുണര്‍ത്താന്‍ പ്രഭാഷണ പരിപാടികളിലൂടെ നിരന്തരം യാത്ര ചെയ്തു.
ഭൗതികവും മതപരവുമായ മാര്‍ഗദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘അരുള്‍നൂല്‍’ ഉള്‍പ്പെടെയുള്ള പുസ്തകങ്ങളുടെ രചനകളും സ്വാമികളുടെതായി ഉണ്ടായി. ഭാരതത്തിലെ ഓരോ ആത്മീയ ആചാര്യന്മാരെപ്പറ്റിയും മുന്‍വിധിയില്ലാതെ കമ്മ്യൂണിസ്റ്റുകാര്‍ പഠനം നടത്തുമോ? സമത്വദര്‍ശനത്തിന്റെ യഥാര്‍ത്ഥ അടിവേരുകള്‍ അവര്‍ക്ക് ഭാരതത്തില്‍ നിന്ന് നിരവധിയായി കണ്ടെത്താന്‍ സാധിക്കും! കോണ്‍ഗ്രസ്സിനും, നെഹ്‌റുരാജിനുമൊപ്പം ചേര്‍ന്ന് അധികാരത്തിന്റെ അകത്തളങ്ങളില്‍ സ്ഥാനം പിടിച്ച് ഭാരതത്തില്‍ കമ്മ്യൂണിസം വരുത്താമെന്ന വ്യാമോഹത്തിലായിരുന്നു ഇത്രയും കാലം കമ്മ്യൂണിസ്റ്റുകള്‍. ഭാരതീയ ചിന്തകരെയും, ആചാര്യന്മാരെയും അവര്‍ അവഗണിച്ചു, പരിഹസിച്ചു. ഭാരതത്തില്‍ ഇപ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഇക്കൂട്ടരുടെ പദ്ധതികളെ ഓരോന്നായി നിഷ്പ്രഭമാക്കുകയാണെന്ന വസ്തുത, അവരില്‍ വിഭ്രാന്തി സൃഷ്ടിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ. അവര്‍ തൊടുത്തുവിടുന്ന കള്ള പ്രചാര വേലകളെല്ലാം തകര്‍ന്നില്ലാതാവുമ്പോള്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുക സ്വാഭാവികം.
1925ല്‍ രൂപം കൊണ്ട ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തമായിക്കഴിഞ്ഞു. ചില സംസ്ഥാനങ്ങളില്‍ അവര്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഭാരതത്തിലെ വ്യവസായകേന്ദ്രങ്ങളിലെല്ലാം അവര്‍ എന്നോ ദുര്‍ബ്ബലരായിത്തീര്‍ന്നു – ഒറ്റപ്പെട്ടു. ശക്തികേന്ദ്രങ്ങള്‍ എന്ന നിലയില്‍ ഒരു ഭാരത സംസ്ഥാനവും ഇന്ന് അവര്‍ക്കൊപ്പമില്ല. ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആ നാടിന്റെ തനിമകളെ ചേര്‍ത്തു പിടിച്ച് മുന്നേറിയപോലെ ഭാരതത്തില്‍ സംഭവിക്കാത്തതിന്റെ ദുരന്തമാണ് ഇന്നവര്‍ അനുഭവിക്കുന്നത്. ഈ പാര്‍ട്ടി അടിസ്ഥാനപരമായി റഷ്യയില്‍ വിഭാവനം ചെയ്യുകയും ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പരിപോഷിപ്പിക്കപ്പെടുകയും, സംഘടിപ്പിക്കപ്പെടുകയും ഉത്തേജിപ്പിക്കപ്പെടുകയും ചെയ്ത ഒരു സംവിധാനമായിരുന്നു. മാര്‍ക്‌സിയന്‍ സിദ്ധാന്തത്തിന്റെ വിശേഷഗുണങ്ങള്‍ കാരണം ഭാരതത്തിലെ ബുദ്ധിജീവിവിഭാഗത്തില്‍ അതിന് പറയത്തക്ക ചലനങ്ങളൊന്നും ഉണ്ടാക്കാനായില്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭാരതത്തില്‍ അംഗീകരിക്കപ്പെടാത്തതിനു കാരണം അത് ഭാരതീയ സംസ്‌കാരത്തോട് പുറംതിരിഞ്ഞു നിന്നതു കൊണ്ടാണെന്ന മുന്‍ ലോകസഭാംഗവും സിപിഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പന്ന്യന്‍ രവീന്ദ്രന്റെ നിരീക്ഷണം ഇത്തരുണത്തില്‍ ശ്രദ്ധേയമാവുന്നു. ഞങ്ങളാണ് ശരി, ഞങ്ങള്‍ മാത്രമാണ് ശരി എന്ന ചില മതവിശ്വാസികളെപ്പോലെ കമ്മ്യൂണിസം പെരുമാറിയതിന്റെ ദുരന്ത സ്മാരകമാണ് നമ്മുടെ നാട്ടിലെ ഈ ‘ചുവപ്പന്മാര്‍’! സാര്‍വ്വദേശീയതയെന്ന മുദ്രാവാക്യത്തെ എക്കാലത്തും നെഞ്ചിലേറ്റിയവരാണ് കമ്മ്യൂണിസ്റ്റുകള്‍. അവരുടെ പ്രത്യയശാസ്ത്രം തന്നെ അത്തരമൊരു കാഴ്ചപ്പാടാണ് സമൂഹത്തിനു നല്‍കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യമനസ്സില്‍ നിന്നും ചിന്തയില്‍ നിന്നും ദേശീയ വിചാരവികാരങ്ങളെ പിഴുതെറിയാന്‍ അവര്‍ ആവേശം കൊണ്ടു. ദേശീയ വികാരമെന്നത് പ്രത്യേകം താല്‍പര്യങ്ങളെ ഉത്തേജിപ്പിക്കുക മാത്രമല്ല, മാനവ ഏകീകരണത്തിനും ക്ഷേമത്തിനും അത് വഴിമുടക്കുന്നുവെന്ന് പല ചിന്തകരും നിഗമനത്തിലെത്തുകയും വിനാശവും ദുരിതവും തീര്‍ക്കുന്ന സംഘര്‍ഷങ്ങളും യുദ്ധങ്ങളും ദേശീയവികാരം ഉല്‍പ്പാദിപ്പിക്കുകയാണെന്ന് പ്രഖ്യാപിത നിലപാട് സ്വീകരിക്കുകയുമായിരുന്നു.
ഈ ആശയങ്ങളെ പിന്‍പറ്റിയാണ് 1917ല്‍ റഷ്യന്‍ വിപ്ലവം സംഭവിച്ചത്. അതിന്റെ പരിണതഫലമായി രൂപമാര്‍ജ്ജിച്ച് സോവിയറ്റ് യൂണിയന്‍ 70 വര്‍ഷത്തോളമാണ് ഭൂമുഖത്ത് ജീവിച്ചത്. ഇന്നവിടെ വിവിധ ദേശീയതകള്‍ രൂപപ്പെടുത്തിയ പ്രത്യേക രാജ്യങ്ങളായി അതിന് മാറ്റം സംഭവിച്ചിരിക്കുന്നു. സാര്‍വ്വദേശീയ കമ്മ്യൂണിസം സ്വീകരിക്കാനുള്ള ശ്രമത്തില്‍ ദേശീയതയെ തല്ലിക്കെടുത്താന്‍ നടത്തിയശ്രമം വൃഥാവിലായി. ദേശീയ വികാരത്തെ ഇല്ലാതാക്കിയാല്‍ ത്യാഗനിര്‍ഭരഭാവത്തോടെയുള്ള ജനങ്ങളുടെ പരിശ്രമങ്ങള്‍ക്കും ഉത്സാഹങ്ങള്‍ക്കും പ്രേരണയില്ലാതാക്കുമെന്ന വലിയ പാഠമാണ് സോവിയറ്റ് ഭരണകൂടം പഠിച്ചത്. വിപ്ലവത്തിനുശേഷം അതിന്റെ ആദ്യദശകങ്ങളില്‍ റഷ്യ ഒരു പരിധിവരെ വികാസം നേടിയെന്നത് വാസ്തവമായിരുന്നു. പഞ്ചവത്സര പദ്ധതികള്‍ വിജയകരവുമായിരുന്നു. എന്നാല്‍ കാലം മുന്നോട്ടു നീങ്ങിയപ്പോള്‍ ജനങ്ങളില്‍ ഉത്സാഹം മങ്ങിത്തുടങ്ങുകയും പ്രവര്‍ത്തിക്കാനുള്ള പ്രേരണാശക്തി കുറയുകയും ചെയ്തു. തൊഴിലാളികള്‍ പണിയെടുക്കാന്‍ ഭീഷണിയുള്‍പ്പെടെയുള്ള മൂന്നാം മുറകള്‍ വരെ പ്രയോഗിക്കേണ്ട ഗതികേടിലേക്ക് ഭരണകൂടം നിപതിച്ചു.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ജര്‍മ്മന്‍ ടാങ്കുകള്‍ റഷ്യയിലൂടെ ചീറിപ്പാഞ്ഞു തുടങ്ങിയതോടെ സാര്‍വ്വദേശീയതയുടെയും കമ്മ്യൂണിസത്തിന്റെയും മുദ്രാവാക്യങ്ങള്‍ റഷ്യന്‍ ജനതയെ തികച്ചും നിരാശരും, അസ്വസ്ഥരുമാക്കി. ജനങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ റഷ്യന്‍ നേതാക്കളെ കണ്ണുതുറപ്പിക്കുന്നതിന് ഇടയാക്കി. മാതൃഭൂമിയോടും തങ്ങളുടെ ധീരരായ പൂര്‍വ്വികരോടുമുള്ള കൂറിനെ തട്ടിയുണര്‍ത്തുന്ന ആഹ്വാനങ്ങളുണ്ടായി. റഷ്യന്‍ ജനതയില്‍ ഉറങ്ങിക്കിടക്കുന്ന ദേശസ്‌നേഹം തട്ടിയുണര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് നേതാക്കള്‍ തിരിച്ചറിഞ്ഞു. മാതൃഭൂമിയോടും സമാജത്തോടും പാരമ്പര്യത്തോടുമുള്ള ഭക്തിഭാവമാണ് രാഷ്ട്രബോധമെന്ന തിരിച്ചറിവാണ് വ്യക്തികള്‍ക്ക് യഥാര്‍ത്ഥ സേവനത്തിനും ത്യാഗത്തിനും പ്രചോദനമരുളുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. സോഷ്യലിസത്തിലേക്കുള്ള പ്രയാണത്തില്‍ കമ്മ്യൂണിസം സ്റ്റേറ്റിനെ ഇല്ലാതാക്കുമെന്നും രാഷ്ട്രവാദമെന്ന പ്രശ്‌നം പിന്നെ ഉദിക്കുന്നില്ലെന്നുമായിരുന്നു ലെനിന്റെ ഭാഷ്യം. എന്നാല്‍ അദ്ദേഹത്തിന്റെ റഷ്യ ലോകമഹായുദ്ധത്തെ അതിജീവിച്ചത് ദേശീയവികാരത്തെ ഉണര്‍ത്തിക്കൊണ്ടായിരുന്നു. സ്റ്റാലിന്‍ ഇതിനാവശ്യമായ മാറ്റങ്ങള്‍ റഷ്യയില്‍ നടപ്പിലാക്കിക്കൊണ്ടിരുന്നു. കമ്മ്യൂണിസവും വ്യവസായവല്‍ക്കരണവും ജനമനസ്സില്‍ ഒരുതരം നിര്‍വ്വികാരതയാണ് വളര്‍ത്തുന്നതെന്ന് തിരിച്ചറിഞ്ഞ സോവിയറ്റ് റഷ്യ ജനമനസ്സിനെ സ്പര്‍ശിക്കുംവിധം സ്വന്തം വേരുകളെത്തേടിക്കൊണ്ടിരുന്നു. ദേശീയ ഗാനം ദേശഭാഷയിലേക്ക് മാറ്റി എഴുതി. ഫ്രഞ്ചിലായിരുന്ന അന്തര്‍ദേശീയഗാനം ഒഴിവാക്കി. ആ സന്ദര്‍ഭത്തില്‍ സ്റ്റാലിന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തത് ‘To defend the frontiers of your scared fatherland’ എന്നായിരുന്നു. സാര്‍വ്വദേശീയ കമ്മ്യൂണിസത്തിന്റെ പേരില്‍ കെട്ടിപ്പൊക്കിയ സോവിയറ്റ് യൂണിയന്‍ ചിന്നിച്ചിതറിയപ്പോള്‍ കമ്മ്യൂണിസത്തിന്റെ നല്ലകാലത്ത് ഉയര്‍ത്തപ്പെട്ട സ്റ്റാലിന്റെയും, ലെനിന്റെയും പ്രതിമകള്‍ തദ്ദേശീയരായ ജനങ്ങള്‍ പിഴുതെറിയുന്ന കാഴ്ചയായിരുന്നു ലോകം കണ്ടത്. ജനങ്ങളില്‍ സ്വതന്ത്രചിന്തയും ദേശസ്‌നേഹവും വളര്‍ന്നപ്പോള്‍ അവരെ പതിറ്റാണ്ടുകളോളം നരകത്തിലാഴ്ത്തിയവരെ തിരിച്ചറിയുകയായിരുന്നു. ലെനിനെ ഒരുവേള ‘നാഷണല്‍ ബില്‍ഡര്‍’ എന്നായിരുന്നു സോവിയറ്റ് റഷ്യ വിശേഷിപ്പിച്ചിരുന്നത് എന്നും മനസ്സിലാക്കണം.
ദേശീയത അവിടെ പ്രബലമാണെന്നാണ് കാലം തെളിയിച്ചത്; എന്നാല്‍ സോവിയറ്റ് യൂണിയന്‍ ഒറ്റ ദേശീയതയായി വളര്‍ച്ച നേടുംവിധം ദേശീയോദ്ഗ്രഥനമൊന്നും അവിടെ നടന്നില്ല. കമ്മ്യൂണിസത്തിന് അതിനുള്ള ശേഷിയോ വൈഭവമോ ഇല്ലാതെപോയി. പതിനഞ്ചോളം ഫെഡറല്‍ റിപ്പബ്ലിക്കുകളാണ് സോവിയറ്റ് റഷ്യയില്‍ ഉണ്ടായിരുന്നത്. സോവിയറ്റ് ഭരണകാലത്തും ഇവര്‍ തമ്മില്‍ പരസ്പരം കലഹിക്കാറുണ്ടായിരുന്നു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ അവ ഓരോന്ന് അവരുടെ തനത് ദേശീയതയെ ചേര്‍ത്തു നിര്‍ത്തി സ്വതന്ത്രരാഷ്ട്രങ്ങളായി മാറുകയായിരുന്നു.
റഷ്യയാണ് ചൈനയില്‍ വിപ്ലവത്തിന് കളമൊരുക്കിയതും കമ്മ്യൂണിസത്തിനെ വരവേല്‍ക്കാന്‍ സഹായിച്ചതും. എന്നാല്‍ കാലഗതിയില്‍ ചൈന സ്വന്തം കാലില്‍ നിന്നുകൊണ്ട് അതിന്റെ തനിമയെ വളര്‍ത്താനും നിലനിര്‍ത്താനും ആഗ്രഹിച്ചു. അതുകൊണ്ട് ചൈനയില്‍ ചൈനീസ് നാഷണലിസം പ്രബലമായി. ഓരോ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളും സ്വന്തം ദേശീയ സംസ്‌കൃതിയേയും പാരമ്പര്യങ്ങളെയും കാത്തുസൂക്ഷിക്കാ ന്‍ പ്രത്യേകതാല്‍പര്യം കാട്ടുന്നു. ഇന്ന് ഇത്തരം രാജ്യങ്ങളില്‍ കമ്മ്യൂണിസത്തേക്കാള്‍ പ്രബലമാണ് നാഷണലിസം എന്നതാണ് അവസ്ഥ. ജാതിമതശക്തികളുടെ ദയാദാക്ഷിണ്യം കൊണ്ട് കമ്മ്യൂണിസത്തിന് മേല്‍വിലാസം ഒരുക്കാന്‍ പറ്റുമോ? ആ ഇസത്തിന്റെ അന്ത്യവും അവരെക്കൊണ്ടുതന്നെ സംഭവിക്കുന്നു എന്നതാണ് അനുഭവം. സ്വയം വിലകെടുത്തി, കെട്ടുപോയ പാര്‍ട്ടിയെ ഇനി എങ്ങനെ രക്ഷപ്പെടുത്താം എന്ന ചിന്ത നല്ലതാണ്. അയ്യാവൈകുണ്ഠ സ്വാമികളുടെ സവിധത്തിലെത്തിയത് ജന്മനാടിന്റെ വേരുകള്‍ തേടിയുള്ള മടക്കയാത്രയാണെന്ന് മനസ്സിലാക്കട്ടെ. ഭാരതത്തിന്റെ പാരമ്പര്യത്തെ, വിശ്വാസങ്ങളെ, സംസ്‌കാരത്തെ, ജീവിതങ്ങളെ തിരിച്ചറിയുന്നതാകട്ടെ നിങ്ങളുടെ ‘മറികടക്കല്‍’! കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാരതവല്‍ക്കരണത്തിന് അത് തുടക്കമാകട്ടെ.
ഇന്നത്തെ ലോകക്രമം ശാക്തികച്ചേരികളുടെ ബലപരീക്ഷണങ്ങളുടെയും വെല്ലുവിളികളുടെതുമാണ്. മനുഷ്യരാശി സ്വാര്‍ത്ഥ താല്‍പ്പര്യത്തില്‍ മാത്രം ശ്രദ്ധയൂന്നുന്ന രാഷ്ട്രങ്ങളൊ, രാജ്യങ്ങളൊ എന്ന പേരില്‍ പ്രത്യേകവിഭാഗങ്ങളും ഉപവിഭാഗങ്ങളുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇത്തരം താല്‍പ്പര്യങ്ങള്‍ നിലനില്‍ക്കുവോളം അവിടെ പരസ്പര കലഹങ്ങള്‍ സ്വഭാവികമാണ്. ഇത്തരം കലഹങ്ങള്‍ തുടരുവോളം മാനവ ഐക്യമോ, ക്ഷേമമോ പുലരുക എന്നത് അസാധ്യവുമാണ്. അതുകൊണ്ടുതന്നെ ലീഗ് ഓഫ് നാഷന്‍സിനു പിന്നാലെ വന്ന ഐക്യരാഷ്ട്രസഭയും നോക്കുകുത്തിയാവുന്നു എന്നത് സ്വാഭാവികമെന്നേ പറയാന്‍ പറ്റൂ.
യുഗാന്തരങ്ങളായി നമ്മുടെ ഭാരതത്തിന്റെ പ്രാര്‍ത്ഥന –
‘സര്‍വ്വേപിസുഖിനസന്തു സര്‍വ്വേസന്തുനിരാമയ’
സര്‍വ്വരും സന്തുഷ്ടന്മാരാകട്ടെ, സര്‍വ്വരും സകലദീനങ്ങളില്‍ നിന്നും വിമോചിതരാകട്ടെ, എന്നായിരുന്നു. പാശ്ചാത്യരാഷ്ട്രങ്ങള്‍ക്ക് ‘ഏറ്റവും അധികം ആളുകള്‍ക്ക് ഏറ്റവും അധികം നന്മ’ എന്ന പ്രമാണത്തിനപ്പുറത്തേക്ക് കടക്കാന്‍ സാധിച്ചിട്ടില്ല. ‘എല്ലാ ജീവജാലങ്ങളുടെയും സമ്പൂര്‍ണ്ണ നന്മ’ യാണ് എന്നുമെന്നും നമ്മുടെ മഹത്തായ ആദര്‍ശം.





















