2025 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി -എന്‍ഡിഎ സഖ്യം മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം നേടുക മാത്രമല്ല, മുപ്പത്തിയഞ്ചില്‍ പരം നിയമസഭാ മണ്ഡലങ്ങളില്‍ ശ്രദ്ധേയമായ മുന്നേറ്റവും നടത്തിയിട്ടുണ്ട്. ബിജെപി 1447 ഗ്രാമപഞ്ചായത്തു വാര്‍ഡുകളും, 54 ബ്ലോക്ക് സീറ്റുകളും ഒരു ജില്ലാ പഞ്ചായത്ത് സീറ്റും, 93 കോര്‍പ്പറേഷന്‍ സീറ്റുകളും 324 മുന്‍സിപ്പല്‍ വാര്‍ഡുകളും കരസ്ഥമാക്കി. സംസ്ഥാനത്ത് ആകെ 1918 വാര്‍ഡുകള്‍ ബിജെപി നേടി. കൂടാതെ 2000ല്‍ പരം വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തോ, തൊട്ടടുത്തോ എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 23,612 വാര്‍ഡുകള്‍ ഉള്ളതില്‍ 91 ശതമാനം വാര്‍ഡുകളിലാണ് ബിജെപി-എന്‍ഡിഎ സഖ്യം മത്സരിച്ചത്. സംസ്ഥാനത്ത് ആകെ ബിജെപിക്ക് 31,21,335 വോട്ടുകള്‍ (14.71%) ലഭിച്ചു. പഞ്ചായത്തു തലത്തില്‍ 23,42,958 വോട്ടുകളും (13.92%) മുന്‍സിപ്പാലിറ്റികളില്‍ 4,02,233 (14.40%) വോട്ടും, ആറ് കോര്‍പ്പറേഷനുകളിലായി 3,75,144 (23.58%) വോട്ടും ബിജെപിക്ക് ലഭിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അന്‍പത് വാര്‍ഡുകളില്‍ വിജയിച്ച് അധികാരത്തില്‍ വന്ന ബിജെപി 34.52% വോട്ടുകളാണ് നേടിയത്.
ബിജെപിയിലേയ്ക്ക് ക്രിസ്ത്യന്‍ വോട്ടുകള്‍ ആകര്‍ഷിക്കപ്പെട്ടില്ല
കേരളത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ വിശേഷിച്ച് ക്രിസ്ത്യന്‍ സമൂഹത്തെ ആകര്‍ഷിക്കുന്നതിന് നിരവധി ശ്രമങ്ങള്‍ ബിജെപി നടത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടെ അതിന് കുറച്ച് ഫലം ഉണ്ടായി. തദ്ദേശതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആകെ 1926 ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. കോട്ടയം പത്തനംതിട്ട ജില്ലകളിലും മറ്റ് ക്രൈസ്തവ മേഖലകളിലും ബിജെപിയ്ക്ക് ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെ കൂടുതല്‍ മത്സരിപ്പിക്കാന്‍ കഴിഞ്ഞു. പ്രതീക്ഷകള്‍ക്ക് വിപരീതമായി കേവലം 25 വാര്‍ഡുകളില്‍ മാത്രമാണ് ബിജെപിയുടെ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. പൊതുവേ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍-മുസ്ലിം വോട്ടുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും കോണ്‍ഗ്രസ് – മുസ്‌ലിംലീഗ് നയിക്കുന്ന യുഡിഎഫിലേയ്ക്ക് കേന്ദ്രീകരിക്കുകയാണുണ്ടായത്. ഈ പശ്ചാത്തലത്തില്‍ ബിജെപിയിലേയ്ക്ക് ഹിന്ദുവോട്ടുകള്‍ ആകര്‍ഷിക്കപ്പെട്ടോ എന്നും ആകര്‍ഷിക്കപ്പെട്ടെങ്കില്‍ അതിന്റെ വ്യാപ്തി എത്രയാണെന്നും അന്വേഷിക്കേണ്ടതുണ്ട്.
ന്യൂനപക്ഷമാകുന്ന ഹിന്ദുഭൂരിപക്ഷം: അഞ്ചു ജില്ലകളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷം
2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ ഹിന്ദുക്കള്‍ 54.73%, മുസ്ലീങ്ങള്‍ 26.56%, ക്രിസ്ത്യാനികള്‍ 18.38% എന്നിങ്ങനെയാണ് മതപരമായ കണക്ക്. ഹിന്ദു ജനസംഖ്യ 2026ല്‍ 53 ശതമാനമായി കുറയാനാണ് സാധ്യത. എന്നാല്‍ മുസ്ലിം ജനസംഖ്യ 27-28 ശതമാനമായി ഉയരാനും സാദ്ധ്യതയുണ്ട്. ക്രിസ്ത്യന്‍ ജനസംഖ്യയിലും കുറവ് കാണാം. നവജാതശിശുക്കളില്‍ മുന്നില്‍ നില്‍ക്കുന്നത് സംസ്ഥാനത്തെ ജനസംഖ്യയില്‍ 26.56 ശതമാനം വരുന്ന മുസ്ലീങ്ങളാണ് എന്നതും, 54.73 ശതമാനം വരുന്ന ഹിന്ദുക്കള്‍ രണ്ടാംസ്ഥാനത്ത് ആണെന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ-സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളിലാകെ ന്യൂനപക്ഷ മേല്‍കോയ്മയുള്ള കേരളത്തില്‍ മതപരമയ ധ്രുവീകരണം തിരഞ്ഞെടുപ്പുകളില്‍ ഉണ്ടാകുകയും ഭൂരിപക്ഷ ഹിന്ദു സമൂഹം ആ തരത്തില്‍ ഏകീകരിക്കപ്പെടാത്തതുമാണ് കേരള രാഷ്ട്രീയത്തിന്റെ സവിശേഷത.
കേരളത്തില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമാണ് എന്ന് അവകാശപ്പെടുമ്പോഴും അഞ്ചു ജില്ലകളില്‍ 2011 ലെ സെന്‍സസ് പ്രകാരം ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറിയിരിക്കുന്നു. മറ്റു ന്യൂനപക്ഷങ്ങള്‍ അവര്‍ക്ക് മേല്‍കോയ്മയുള്ള മേഖലകളില്‍ രാഷ്ട്രീയമായി ഏകീകരിക്കുമ്പോള്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ജില്ലകളില്‍പോലും രാഷ്ട്രീയമായി ഏകീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഹിന്ദു പ്രസ്ഥാനങ്ങളെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുമ്പോഴും ന്യൂനപക്ഷ പ്രസ്ഥാനങ്ങളെ ‘മതേതര’മായി വ്യാഖ്യാനിക്കുമ്പോഴും ഹിന്ദു സമൂഹത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാകാറില്ല. ഈ വൈരുദ്ധ്യം കൂടുതല്‍ പഠന വിഷയമാക്കേണ്ടതാണ്.
ന്യൂനപക്ഷകേന്ദ്രീകൃത ജില്ലകളില്‍ യുഡിഎഫ് തരംഗം ഒതുങ്ങി
2025ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉണ്ടായ വന്‍ മുന്നേറ്റം അടിസ്ഥാനപരമായി ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായ അഞ്ചു ജില്ലകളില്‍ മാത്രമാണ് പ്രകടമായത്. ഒപ്പം ന്യൂനപക്ഷങ്ങള്‍ 45 ശതമാനത്തില്‍ അധികം ഉള്ള കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലും ഈ പ്രകടനം ഉണ്ടായി. അതായത് 2025ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേട്ടമുണ്ടാക്കിയത് ന്യൂനപക്ഷ കേന്ദ്രീകൃതമായ ഈ എഴു ജില്ലകളില്‍ മാത്രമാണ്. ഒരു ജനാധിപത്യ സമൂഹത്തില്‍ വോട്ടര്‍മാര്‍ കേവലം മതാടിസ്ഥാനത്തില്‍ മാത്രം വോട്ടു ചെയ്യുന്നത് അപകടകരമായ കീഴ്‌വഴക്കമാണ്. മതേതര ജനാധിപത്യം താങ്ങി നിര്‍ത്തേണ്ടത് കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ മാത്രം ബാദ്ധ്യതയായി മാറുകയാണ് എന്ന് ആരോപിച്ചാല്‍ തെറ്റു പറയാന്‍ കഴിയില്ല (പട്ടിക ഒന്ന് കാണുക).”
മലപ്പുറത്തെ മുസ്ലീംലീഗ് രാജ്
2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിലെ മലപ്പുറം ജില്ലയിലെ വോട്ടിംഗ് സ്വഭാവം ജനാധിപത്യത്തെ സ്‌നേഹിക്കുന്നവരുടെ മനസ്സ് തുറക്കാന്‍ പര്യാപ്തമാണ്. മുസ്ലീംലീഗ് വെല്‍ഫയര്‍ പാര്‍ട്ടി (ജമാഅത്തെ ഇസ്ലാമി) കൂട്ടുകെട്ടിന്റെ പ്രകടനമാണ് യുഡിഎഫിന് വന്‍ വിജയം നേടികൊടുത്തത്. മലപ്പുറം ജില്ലാപഞ്ചായത്തിലും ജില്ലയിലെ നാലു ബ്ലോക്ക് പഞ്ചായത്തുകളിലും പ്രതിപക്ഷം പോലുമില്ലാതെയാണ് ജനങ്ങള്‍ വിധി എഴുതിയത്. പതിനാല് ബ്ലോക്ക് പഞ്ചായത്തുകളും, ആകെയുള്ള പന്ത്രണ്ടില്‍ പതിനൊന്നു മുന്‍സിപ്പാലിറ്റികളും, ആകെയുള്ള 94 പഞ്ചായത്തുകളില്‍ 90 ഗ്രാമപഞ്ചായത്തുകളും ലീഗ് കോണ്‍ഗ്രസ് സഖ്യം നേടി. ലീഗ് സംഖ്യത്തിന് മലപ്പുറത്ത് ആറ് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ട്.
ന്യൂനപക്ഷ ഏകീകരണം ഉണ്ടായ സംസ്ഥാനത്തെ അഞ്ചു ഹിന്ദു ന്യൂനപക്ഷ ജില്ലകളില്‍ ഹിന്ദുക്കളുടെ പാര്‍ട്ടി എന്ന് ‘മതേതര’രാഷ്ട്രീയക്കാര്‍ പറയുന്ന ബിജെപിക്ക് ഏറ്റവും കുറച്ച് പിന്തുണ ലഭിച്ച ജില്ലകളാണ് എന്നതാണ് വൈരുദ്ധ്യം (പട്ടിക ഒന്ന്) കാണുക.
വികസനരാഷ്ട്രീയവും ന്യൂനപക്ഷ കേന്ദ്രീകരണവും
രാഷ്ട്രീയാന്ധതയും ന്യൂനപക്ഷസമ്മര്‍ദ്ദ രാഷ്ട്രീയവും സംയുക്തമായി വികസനരാഷ്ട്രീയത്തെ നേരിടുന്ന കാഴ്ചയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടത്. ബിജെപിയുടെ ക്രിസ്ത്യന്‍ ഔട്ട് റീച്ച് (Christian Outreach) വിജയം നേടാതെ പോയത് അടിസ്ഥാനപരമായി കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ തങ്ങളുടെ മതരാഷ്ട്രീയത്തില്‍ നിന്ന് പുറത്ത് വരാന്‍ തയ്യാറാകാത്തതുകൊണ്ടാണ്. ഇടതു-വലതു മുന്നണികളെ കാലാകാലങ്ങളില്‍ നിയന്ത്രിക്കുന്നതും നിലനിര്‍ത്തുന്നതും ന്യൂനപക്ഷ സമ്മര്‍ദ്ദരാഷ്ട്രീയ ശക്തികളാണ്. ഭൂരിപക്ഷ ഹിന്ദു സമൂഹവും രാഷ്ട്രീയമായ ചങ്ങലകളില്‍ ബന്ധിക്കപ്പെടുകയും, ജാതിപരമായി വിഭാഗീയതയില്‍ അഭിരമിക്കുകയുമാണ്. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന വികസനമുന്നേറ്റത്തിന് പിന്തുണ നല്‍കാന്‍ കേരളം ഇപ്പോഴും മടിച്ചുനില്‍ക്കുകയാണ്. ചെറിയ മാറ്റങ്ങള്‍ പ്രകടമാണ് എങ്കിലും ഒരു സമൂഹം എന്ന നിലയില്‍ കേരളീയര്‍ ദേശീയ മുന്നേറ്റത്തില്‍ പിന്നിലാണ്. സംഘടിത ന്യൂനപക്ഷ സമ്മര്‍ദ്ദരാഷ്ട്രീയത്തോട് സമന്വയിച്ചുപോകാനാണ് ഭൂരിപക്ഷ ഹിന്ദുക്കളില്‍ വലിയൊരു വിഭാഗം ഇന്നും താല്പര്യപ്പെടുന്നത്. ദേശീയോന്മുഖമായ ചിന്താപദ്ധതികളെ സംശയ ദൃഷ്ടിയോടെ കാണുന്ന സമീപനം ഇടതുപക്ഷ-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ രൂപപ്പെടുത്തിയതാണ്. മതാന്ധതയുടെ രാഷ്ട്രീയത്തിന് മാന്യത ലഭിക്കുന്നത് ഭൂരിപക്ഷ സമൂഹം ഒരു തരത്തില്‍ വിഭജിച്ചും, മറ്റൊരര്‍ത്ഥത്തില്‍ ആത്മഹത്യാപരമായ നിലപാടെടുക്കുന്നതു മൂലവുമാണ്. ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് ഒരു കൊച്ചു സംസ്ഥാനം മാറിനില്‍ക്കുന്നത് ഏതു സമ്മര്‍ദ്ദത്തിലാണ് എന്നാണ് പരിശോധിക്കേണ്ടത്. കേരളത്തിലെ ന്യൂനപക്ഷങ്ങളെ പോലെ നാമമാത്ര ഭൂരിപക്ഷമുള്ള ഹിന്ദു സമൂഹവും സംഘടിച്ച് രാഷ്ട്രീയ ശക്തിയാകേണ്ടതിന്റെ ആവശ്യകതയും ഇവിടെ ഉയര്‍ന്നുവരുന്നു. വികസനരാഷ്ട്രീയത്തില്‍ നിന്ന് സ്വത്വരാഷ്ട്രീയത്തിലേക്ക് ഭൂരിപക്ഷ സമൂഹവും മാറേണ്ടതുണ്ട് എന്ന സന്ദേശമാണ് തദ്ദേശ തിരഞ്ഞെടുപ്പ് 2025 നല്‍കുന്നത്.
സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ അടിവേരുള്ള ഒരു സംസ്ഥാനമാണ് കേരളം. ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനവും സംസ്ഥാന വ്യാപകമായി കടന്നു ചെന്നിട്ടുമുണ്ട്. എന്നാല്‍ ഇരുമുന്നണികളിലായി ശക്തമായ രാഷ്ട്രീയ ധ്രുവീകരണമുള്ള കേരളത്തില്‍ ബിജെപിയ്ക്ക് പ്രതീക്ഷിച്ച രീതിയില്‍ മുന്നേറാന്‍ കഴിഞ്ഞിട്ടുമില്ല. ജാതിപരമായി ഏറെ അനൈക്യം പ്രകടമാകുന്ന കേരളത്തെ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമായി വിശേഷിപ്പിച്ചത് ശ്രദ്ധേയമാണ്. പില്‍ക്കാലത്ത് സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണില്‍ വിളവെടുത്തത് കമ്മ്യൂണിസ്റ്റ് ദേശവിരുദ്ധ ആശയങ്ങളായിരുന്നു. ആശയപരമായി കമ്മ്യൂണിസം അസ്തമിച്ചിട്ടും സംഘടനാബലത്തിലും, മുന്നണി ബന്ധങ്ങളിലൂടെയും അടവു നയത്തിലൂടെയും ഹിന്ദു സമൂഹത്തെ വിഭജിച്ചു കൂടെ നിര്‍ത്താന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കു കഴിയുന്നു. 1967 നുശേഷം രൂപപ്പെട്ട ന്യൂനപക്ഷ സമ്മര്‍ദ്ദ മുന്നണി രാഷ്ട്രീയത്തില്‍ ഹിന്ദു സമൂഹം നോക്കുകുത്തിയായി മാറിയപ്പോള്‍ സംഘടിത മതസമൂഹങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ പ്രബല ശക്തികളായി. രാഷ്ട്രീയ മണ്ഡലത്തില്‍ ഹിന്ദു സമൂഹത്തിന് ബാദ്ധ്യതയായത് രണ്ടു പ്രബല സമുദായസംഘടനകളാണ്. ‘ശരി ദൂരവും’, ‘സമദൂരവും’ പേറി വഴിമുടക്കികളാകാന്‍ മാത്രമേ പ്രമുഖ സമുദായ സംഘടനകള്‍ക്ക് കഴിയുന്നുള്ളൂ. എല്ലാം കണക്കു പറഞ്ഞ് നേടുന്ന രണ്ടു പ്രബല സംഘടിത മതസമൂഹങ്ങള്‍ ഉള്ള കേരളത്തില്‍ ഹിന്ദു സമൂഹത്തിലെ മഹാഭൂരിപക്ഷവും ലക്ഷ്യബോധമില്ലാതെ രാഷ്ട്രീയാന്ധതയിലും, ജാതിബോധത്തിലും കുടുങ്ങികിടക്കുകയാണ്. ഈ സാഹചര്യത്തില്‍ ഹിന്ദുത്വരാഷ്ട്രീയത്തിന് ഹിന്ദു സമൂഹത്തില്‍ ഏത് തലം വരെ കടന്നുചെല്ലാന്‍ കഴിഞ്ഞു എന്ന് അന്വേഷിക്കേണ്ടതുണ്ട്.
ദേശീയതയും, വികസനവും മുന്നില്‍ വച്ച് രാജ്യവ്യാപകമായി വമ്പിച്ച വളര്‍ച്ച നേടിയ രാഷ്ട്രീയ പ്രസ്ഥാനമാണ് ബിജെപി. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ ഭൂമികയില്‍ എതിരാളികള്‍ ബിജെപിയെ ഹിന്ദുക്കളുടെ പാര്‍ട്ടിയായിട്ടാണ് കണക്കാക്കുന്നത്. മുസ്ലിംലീഗിനെയും ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളെയും മതേതരരാഷ്ട്രീയ പ്രസ്ഥാനങ്ങളായി അംഗീകരിക്കുന്ന ഇടതു-വലതു മുന്നണി രാഷ്ട്രീയം ഒരു പരിധി വരെ അതേപടി അംഗീകരിക്കുന്ന ഹിന്ദു സമൂഹമാണ് കേരളത്തിലുള്ളത് എന്നുവേണം കരുതാന്‍. ബിജെപിയുടെ വിജയം തടയാന്‍ പലപ്പോഴും ഇടതു വലതു മുന്നണികളും തീവ്ര ഇസ്ലാമിക പ്രസ്ഥാനങ്ങളും ഒത്തുചേരുന്നതും കാണാം. എന്നിരുന്നാലും ഏതാണ്ട് മൂന്നു ഡസന്‍ നിയമസഭാ മണ്ഡലങ്ങളിലും അഞ്ചോളം ലോക്‌സഭാമണ്ഡലങ്ങളിലും ബിജെപിയുടെ വോട്ടിംഗ് ശതമാനവും വിജയസാധ്യതയും വളരെ വലുതാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ സംസ്ഥാന തലത്തില്‍ ബിജെപിയില്‍ വോട്ട് 15%നും 20%നും ഇടയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഒപ്പം വിജയസാധ്യതയുള്ള മണ്ഡലങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ആത്മവിമര്‍ശനം നടത്തി കൂടുതല്‍ ജനപിന്തുണയാര്‍ജ്ജിക്കുന്നതിനുള്ള ശ്രമങ്ങളാണ് ബിജെപിയ്ക്ക് വേണ്ടത് (പട്ടിക രണ്ട്).
ബിജെപിയുടെ ഹിന്ദു ഔട്ട് റീച്ച്
കഴിഞ്ഞ ഒരു ദശകമായി വികസന രാഷ്ട്രീയം മാത്രം മുന്നില്‍ വച്ച് ബിജെപി നടത്തിയ പ്രചാരണവും വിശേഷിച്ച് ക്രിസ്ത്യന്‍ ഔട്ട്‌റീച്ച് ശ്രമങ്ങളും പ്രതീക്ഷിച്ചതരത്തില്‍ വിജയം നേടിയില്ല. ഈ പശ്ചാത്തലത്തില്‍ ഹിന്ദുത്വപാര്‍ട്ടിയായ ബിജെപി ഹിന്ദുക്കളുടെ ഇടയില്‍ എത്രമാത്രം വ്യാപിച്ചു അല്ലെങ്കില്‍ സ്വാധീനിച്ചു എന്നും നോക്കേണ്ടതുണ്ട്. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വോട്ടിംഗ് ശതമാനം അടിസ്ഥാനപ്പെടുത്തിയാണ് ഈ അന്വേഷണം നടത്തുന്നത്. സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ വാര്‍ഡുകളില്‍ ബിജെപി മത്സരിച്ച തിരഞ്ഞെടുപ്പ് കൂടിയാണിത്. ജനഹിതത്തിന്റെ പ്രാഥമിക തലം എന്ന (ഗ്രാസ് റൂട്ട് ലെവല്‍) പ്രാധാന്യവും അതിനുണ്ട്. ഒറ്റപ്പെട്ട ചില പ്രദേശം ഒഴിച്ചാല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്തിട്ടില്ല എന്ന അനുമാനത്തില്‍ ബിജെപിക്ക് ലഭിച്ച 14.71 ശതമാനം വോട്ടുകള്‍ ഹിന്ദുക്കളുടേതാണ് എന്ന നിഗമനം വച്ചാണ് ഈ അവലോകനം നടത്തുന്നത്.
പട്ടിക – മൂന്ന് പ്രകാരം കേരളത്തില്‍ 2011 – സെന്‍സസ് പ്രകാരം 54.7 % ഹിന്ദുക്കളാണ് ഉള്ളത്.
ബിജെപിക്ക് 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 14.71% ലഭിച്ചു. അതായത് ഹിന്ദു സമൂഹത്തിലെ 26.89 ശതമാനം വോട്ടുകള്‍ ലഭിച്ചു. ഇതുപ്രകാരം ഹിന്ദു സമൂഹത്തിലെ 73.11 ശതമാനം പേര്‍ ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കുമാണ് വോട്ട് ചെയ്തത്. അതായത് ഏതാണ്ട് നാലില്‍ മൂന്നു വിഭാഗം ഹിന്ദുക്കള്‍ ബിജെപിയുടെ പുറത്താണ്. ബിജെപിയ്ക്ക് മുന്നോട്ട് കുതിക്കണമെങ്കില്‍ കുറഞ്ഞത് 40-45 ശതമാനം ഹിന്ദുക്കളുടെയെങ്കിലും പിന്തുണയാര്‍ജ്ജിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ പതിനാലു ജില്ലകളില്‍ തിരുവനന്തപുരത്ത് മാത്രമാണ് ബിജെപി ഹിന്ദുക്കളുടെ ഇടയില്‍ ഉയര്‍ന്ന തോതില്‍ സ്വീകാര്യമായിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ഹിന്ദു ജനസംഖ്യ 66.94 ശതമനമാണ്. ബിജെപിക്ക് ആകെ തിരഞ്ഞെടുപ്പില്‍ 25.08 ശതമാനം വോട്ട് ജില്ലയില്‍ ലഭിച്ചു. അതായത് 38.54 ശതമാനം ഹിന്ദുക്കള്‍ ബിജെപിയെ സ്വീകരിച്ചു. 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളില്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ബിജെപിക്ക് യഥാക്രമം 35.52%, 31.64% വോട്ട് ലഭിച്ചു. അതായത് തിരുവനന്തപുരം ജില്ലയില്‍ 33.58 ശതമാനം വോട്ട് 2024ല്‍ ബിജെപിക്ക് ലഭിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ ബിജെപിക്ക് ഹിന്ദു സമൂഹത്തിലെ 50.13 ശതമാനം വോട്ട് ലഭിച്ചതായി കാണാം. ബിജെപിയില്‍ ഏറ്റവും വലിയ പ്രകടനമാണ് 2024ല്‍ തിരുവനന്തപുരം ജില്ലയിലെ രണ്ടു മണ്ഡലങ്ങളില്‍ കണ്ടത്.
പട്ടിക മൂന്നു പ്രകാരം ഹിന്ദു ഭൂരിപക്ഷമുള്ള ഒന്‍പത് ജില്ലകളില്‍ ബിജെപി ഹിന്ദുക്കളിലെ 30 ശതമാനത്തില്‍ പരം ഹിന്ദുക്കളുടെ പിന്തുണ നേടിയത് സംസ്ഥാനത്തെ അഞ്ചു ജില്ലകളിലാണ്. തിരുവനന്തപുരം 38.54% (25.08%), കൊല്ലം 30.54% (19.35%), പത്തനംതിട്ട 34.09% (19.41%), തൃശ്ശൂര്‍ 34.73% (20.29%), കാസര്‍കോട് 35.62% (19.89%), കൂടാതെ ആലപ്പുഴയില്‍ 29.69% (20.38%), പാലക്കാട് 27.12% (18.11%), കോഴിക്കോട് 23.19% (13.04%), കണ്ണൂര്‍ 20.39% (12.2%), വോട്ടു ലഭിച്ചു.
ഹിന്ദുക്കള്‍ ന്യൂനപക്ഷമായ അഞ്ചു ജില്ലകളില്‍ ബിജെപിയുടെ പ്രകടനം പ്രത്യേകം എടുത്തു പറയേണ്ടതാണ്. 2025ല്‍ ശക്തമായ ന്യൂനപക്ഷ കേന്ദ്രീകരണം നടന്ന ഈ അഞ്ചു ജില്ലകളില്‍ – മലപ്പുറം, വയനാട്, എറണാകുളം, കോട്ടയം, ഇടുക്കി – കോട്ടയത്ത് ബിജെപിയുടെ ‘ഹിന്ദു റീച്ച്’ 31.09% വും (15.89%) വയനാട് 29.28% വുമാണ് (14.49%). മലപ്പുറത്ത് 25.3% ഹിന്ദുക്കള്‍ (6.97%) ബിജെപിയ്ക്ക് വോട്ട് ചെയ്തു. എന്നാല്‍ എറണാകുളം ജില്ലയില്‍ ഹിന്ദുക്കള്‍ 45.99 ശതമാനം ആണെങ്കിലും ബിജെപിയ്ക്ക് 13.06 ശതമാനം ഹിന്ദുക്കളുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളൂ (6.01%).
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു ലോക്‌സഭാ സീറ്റില്‍ വിജയിച്ച ബിജെപി മറ്റൊരിടത്ത് രണ്ടാംസ്ഥാനവും ഉള്‍പ്പെടെ അഞ്ചുമണ്ഡലങ്ങളില്‍ ശക്തമായ പ്രകടനം കാഴ്ചവച്ചത് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 28 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി 40,000 ത്തിനും 60,000 ത്തിനുമിടയിലും, പതിനേഴുമണ്ഡലങ്ങളില്‍ 30,000 ത്തിനും 40,000 ത്തിനുമിടയില്‍ വോട്ട് നേടിയിരുന്നു. പതിനൊന്നു നിയമസഭാമണ്ഡലങ്ങളില്‍ ബിജെപി ഒന്നാം സ്ഥാനത്തും, ഒന്‍പതു നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തും വന്നതും പ്രതീക്ഷ നല്‍കുന്നു. വിജയസാധ്യതയുള്ള സീറ്റുകള്‍ കൂടി എന്നതും എടുത്തു പറയേണ്ടതുണ്ട്. എന്നിരുന്നാലും സംസ്ഥാനത്ത് ബിജെപി ശക്തമായ സോഷ്യല്‍ എന്‍ജിനീയറിംഗ് നടത്തി ഏറെ മുന്നോട്ട് കുതിക്കേണ്ടതുണ്ട്.

കോട്ടയം, പത്തനംതിട്ട എന്നീ അഞ്ചു ജില്ലകളില്‍ പിന്നാക്ക പട്ടികജാതി വിഭാഗങ്ങള്‍ 75 ശതമാനത്തിനും മുകളിലാണ്. തിരുവനന്തപുരത്ത് 60 ശതമാനവും, കൊല്ലത്ത് 66 ശതമാനവും ആലപ്പുഴയില്‍ 65.8 ശതമാനവും പിന്നാക്ക പട്ടികജാതി വിഭാഗങ്ങളാണ്. യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തി പിന്നാക്ക-ദളിത് വിഭാഗങ്ങളുടെ പിന്തുണയാണ്. ബിജെപിയില്‍ ഹിന്ദു ഔട്ട് റീച്ച് അടിസ്ഥാന ജനവിഭാഗങ്ങള്‍ കൂടുതല്‍ കടന്നു ചെല്ലേണ്ടതുണ്ട് (പട്ടിക നാല് കാണുക).
ചുരുക്കത്തില്‍ വികസന രാഷ്ട്രീയവും, സോഷ്യല്‍ എഞ്ചിനീയറിംഗും, ഹിന്ദു ഔട്ട് റീച്ച് പരിപാടികളും സമന്വയിപ്പിച്ചാല്‍ കേരളത്തില്‍ ബിജെപിയ്ക്ക് വലിയ സാദ്ധ്യതയുണ്ട്.






















