വെനിസ്വേലന്‍ പ്രസിഡന്റ് മഡു റോയുടെ അറസ്റ്റും വെനിസ്വേലയില്‍ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന സൈനിക നടപടിയും പതിവില്ലാത്ത ആശങ്കയാണ് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങള്‍ക്ക് മേല്‍ അമേരിക്ക സൈനിക നടപടി നടത്തുന്നതും സര്‍ക്കാരുകളെ അട്ടിമറിക്കുന്നതും ആദ്യമായല്ലെങ്കിലും, മുന്‍പൊക്കെ അത്തരം നടപടികള്‍ക്ക് സഖ്യകക്ഷികള്‍ക്കെങ്കിലും ബോധ്യമാകുന്ന കാരണങ്ങള്‍ നല്‍കുവാനും അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ന്യായീകരണങ്ങള്‍ നിര്‍ത്തുവാനും അവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത്തവണ യാതൊരു മുന്നറിയിപ്പും നയതന്ത്ര നീക്കങ്ങളും നടത്താതെ ഏകപക്ഷീയമായ സൈനിക നടപടിയിലൂടെ വെനിസ്വേലന്‍ പ്രസിഡന്റ് മഡു റോയെ അറസ്റ്റ് ചെയ്ത യുഎസ്, വെനിസ്വേലന്‍ സര്‍ക്കാരിനെ അട്ടിമറിച്ച് അവിടുത്തെ എണ്ണ നിക്ഷേപത്തെ അമേരിക്കന്‍ കമ്പനികളിലൂടെ ആഗോളവിപണിയില്‍ എത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
എണ്ണ കച്ചവട താല്‍പര്യങ്ങള്‍ക്കുവേണ്ടി അമേരിക്ക നടത്തിയിട്ടുള്ള അധിനിവേശങ്ങള്‍ക്കപ്പുറമുള്ള മാനം ഈ അധിനിവേശത്തിന് നല്‍കുന്നത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഈ വിഷയത്തിലുള്ള സമീപനവും ഇതേപ്പറ്റി നടത്തിയ പ്രതികരണങ്ങളുമാണ്. അദ്ദേഹം പറയുന്ന കാര്യങ്ങളും അദ്ദേഹത്തിന്റെ പ്രവൃത്തികളും സമീപഭൂതകാലത്തില്‍ ഇല്ലാത്ത തരത്തിലുള്ള ഒരു പ്രതിസന്ധിയിലേക്കാണ് അന്താരാഷ്ട്ര സമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. രാജ്യങ്ങളുടെ പരമാധികാരത്തിനും അന്താരാഷ്ട്ര അതിര്‍ത്തികള്‍ക്കും നയതന്ത്ര മര്യാദകള്‍ക്കും യാതൊരു മര്യാദയും ബഹുമാനവും നല്‍കാത്ത ഒരു നടപടിയാണ് പ്രസിഡന്റ് ട്രംപിന്റെ വെനസ്വേല സൈനിക നടപടിയെന്ന് പറയാതെ വയ്യ.
വെനിസ്വേലന്‍ യാഥാര്‍ത്ഥ്യങ്ങളും പ്രാദേശിക പ്രതികരണങ്ങളും
പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക താല്‍പര്യത്തില്‍ അമേരിക്ക വെനിസ്വേലയില്‍ നടത്തിയ സൈനിക നടപടികള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ തന്നെ, അത് വെനിസ്വേലയിലെ ജനാധിപത്യവിരുദ്ധവും നിരുത്തരവാദിത്തപരവുമായ ഭരണത്തിനുള്ള ന്യായീകരണം ആകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സുതാര്യമായ തിരഞ്ഞെടുപ്പ് നടത്താതെ മഡുറോയുടെ പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന ഏകാധിപത്യ ഭരണമാണ് അവിടെ നിലവിലുണ്ടായിരുന്നത്. പൗരാവകാശ സംരക്ഷണത്തില്‍ വളരെ പിന്നിലായിരുന്ന മഡുറോ സര്‍ക്കാറിന്റെ സാമ്പത്തിക മേഖലയിലെ പ്രകടനവും വളരെ മോശമായിരുന്നു. വെനിസ്വേലയില്‍ നടക്കുന്ന ജനാധിപത്യവിരുദ്ധതയിലും ജനദ്രോഹ നടപടികളിലും പ്രതിഷേധിച്ച് ആയിരങ്ങളാണ് നാടുവിട്ടത്. സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതകളുടെ ഏറ്റവും വലിയ ഇരകള്‍ അവിടുത്തെ പ്രതിപക്ഷ കക്ഷികളായിരുന്നു. മഡുറോ ഭരണത്തിന്റെ ഏറ്റവും കടുത്ത വിമര്‍ശകയായ, സര്‍ക്കാരിന്റെ വേട്ടയാടലിനെ തുടര്‍ന്ന് പ്രവാസം സ്വീകരിക്കേണ്ടി വന്ന, വെനിസ്വേലന്‍ പ്രതിപക്ഷനേതാവ് മറിയാ കൊറീന മച്ചോദയ്ക്കാണ് ഈ വര്‍ഷത്തെ സമാധാനത്തിന്റെ നോബല്‍ പ്രൈസ് സമ്മാനം ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്.
ജനാധിപത്യ അവകാശ ലംഘനം എന്നും വെനിസ്വേലയുടെ സ്വയംഭരണ അവകാശത്തിന്റെയും പരമാധികാരത്തിന്റെയും ലംഘനമെന്ന് ആരോപിച്ച് ഈ വിഷയത്തില്‍ വലിയൊരു രാഷ്ട്രീയ പ്രഹസനമാണ് കേരളത്തിലെ ഇടതുപക്ഷ-സിപിഎം അണികളും ബുദ്ധിജീവിവൃന്ദവും നടത്തിവരുന്നത്. ഭാരതത്തില്‍ ദേശീയ സുരക്ഷയെ സംബന്ധിച്ച് നടക്കുന്ന എല്ലാ സര്‍ക്കാര്‍ നടപടികളും ഫാസിസമാണെന്നു നിലവിളിക്കുന്ന ഇക്കൂട്ടര്‍, മഡുറോയെപോലെയുള്ള ഒരു ഏകാധിപതിയെ ഓര്‍ത്ത് കണ്ണീരൊഴുക്കുന്നത് വിരോധാഭാസമാണ്! ഇടതുപക്ഷ ആഭിമുഖ്യമുള്ള സര്‍ക്കാരുകളും ഭരണാധികാരികളും, അത് സോവിയറ്റ് യൂണിയനില്‍ ആയാലും ചൈനയില്‍ ആയാലും വെനിസ്വേലയിലാണെങ്കിലും, ഏകാധിപത്യത്തിലും പൗരാവകാശ ധ്വംസനത്തിലുമാണ് അവസാനിക്കുക എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു.
രാഷ്ട്രപരമാധികാരവും പൗരാവകാശവുമായി ബന്ധപ്പെട്ട സമരങ്ങള്‍ വളരെ അവസരവാദത്തോടുകൂടി മാത്രം തിരഞ്ഞെടുക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ രീതി. യുക്രെയിനിലും സിറിയയിലും രാഷ്ട്രങ്ങളുടെ പരമാധികാരം ലംഘിക്കപ്പെടുമ്പോള്‍ യാതൊരു ധാര്‍മിക രോഷവും തോന്നാത്ത ഇടതുപക്ഷത്തിന് വെനിസ്വേലയുടെയും ഇറാന്റെയും കാര്യം വരുമ്പോള്‍ ധാര്‍മിക രോഷം തുളുമ്പും. നൈജീരിയയിലും അര്‍മീനിയയിലും പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ മൗനം ഭജിക്കുന്ന ഇടതുപക്ഷം പാലസ്തീ ന്റെയും വെനിസ്വേലയുടെയും കാര്യത്തില്‍ വാചാലരാകുന്നത് കാപട്യമാണ്.
ട്രംപിന്റെ മനോരാജ്യങ്ങള്‍
അമേരിക്ക ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന നയതന്ത്ര സാഹസങ്ങളുടെയെല്ലാം ആണിവേര് പ്രസിഡന്റ്‌ഡൊണാള്‍ഡ് ട്രംപിന്റെ പകല്‍ക്കിനാവുകള്‍ തന്നെയാണ്. ഏതോ കല്‍പ്പിതകാലത്തെ അമേരിക്കന്‍ മഹത്വത്തെ വീണ്ടെടുക്കുമെന്ന് ജനങ്ങളെ വിശ്വസിപ്പിച്ച് അധികാരത്തിലെത്തിയ ട്രംപിന്റെ ആദ്യ ഇര അമേരിക്കന്‍ നയതന്ത്രമായിരുന്നു. സാമ്പത്തികമായി ലാഭങ്ങള്‍ ജനങ്ങള്‍ക്കുണ്ടാകും എന്ന വാഗ്ദാനത്തോടുകൂടി ചുങ്കങ്ങളില്‍ (Tariffs) ആരംഭിച്ച ട്രംപിന്റെ സാഹസങ്ങള്‍ സഖ്യകക്ഷികളെ പോലും ആശങ്കയിലാഴ്ത്തിത്തുടങ്ങിയിരിക്കുന്നു.
അപകടകരമായ താന്‍പോരിമ പ്രകടിപ്പിക്കുന്ന പ്രസിഡന്റ് ട്രംപ് സങ്കീര്‍ണമായ അന്താരാഷ്ട്ര സാമ്പത്തിക-നയതന്ത്ര പ്രശ്‌നങ്ങള്‍ക്ക് തന്റെ അനുയായികള്‍ക്കിടയില്‍ ജനപ്രിയമാകുന്ന, എന്നാല്‍ യാതൊരു ശാസ്ത്രീയ, പ്രായോഗിക അടിത്തറകളുമില്ലാത്ത ലഘുപരിഹാരങ്ങളില്‍ ഉറച്ചുവിശ്വസിക്കുന്നു. ആധുനിക ലോകത്തിലെ നയതന്ത്ര ബന്ധങ്ങളില്‍ ഏറ്റവും പ്രധാനം സുസ്ഥിരതയും വിശ്വാസ്യതയും ആണ്.എന്നാല്‍ ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത ട്രംപിനോട് നയതന്ത്ര ബന്ധം നടത്തുകയെന്നത് ദുഷ്‌കരമാണ്. രാഷ്ട്രങ്ങളുടെ പരമാധികാരം ഹനിക്കുന്ന വാക്കുകളും പ്രവൃത്തികളും കൂടി ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുവാന്‍ തുടങ്ങിയിരിക്കുന്നു. എതിര്‍പ്പിനേക്കാളും ആശയക്കുഴപ്പമാണ് ഇത് ലോകരാജ്യങ്ങളില്‍, പ്രത്യേകിച്ചും യുഎസ് സഖ്യകക്ഷികള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്.
വെനിസ്വേലയ്ക്ക് ശേഷം, യുഎസ് സഖ്യകക്ഷിയും നാറ്റോ അംഗവുമായ ഡെന്മാര്‍ക്കിന്റെ ഭാഗമായ ഗ്രീന്‍ലാന്‍ഡ് ആക്രമിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളും ട്രംപിന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ട്. യുഎസ് ഇവയില്‍ ഏതെങ്കിലും ഒരു രാജ്യത്തെ കൂടി ആക്രമിച്ചാല്‍ അതിന്റെ പ്രത്യാഘാതം പ്രവചനാതീതമായിരിക്കും. നാറ്റോയുടെ തകര്‍ച്ചയും, യൂറോപ്യന്‍ യൂണിയനും അമേരിക്കയും വൈര്യത്തിലാകുന്നതും മുതല്‍ അടുത്ത ലോകമഹായുദ്ധത്തിന് വരെ സാധ്യത കല്‍പ്പിക്കപ്പെടുന്നു.
ഡൊണാള്‍ഡ് ട്രംപിന്റെ പ്രവചനാതീത സ്വഭാവം മനസ്സിലാക്കി കരുതലോടെയാണ് ഭാരതം ട്രംപിന്റെ രണ്ടാം പ്രസിഡന്‍സിയെ സമീപിച്ചത്. ഇറക്കുമതി ചുങ്കവും വിസ നിയമവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വളരെ പ്രകോപനപരമായാണ് ട്രംപ് ഭാരതത്തെ സമീപിച്ചതെങ്കിലും, ട്രംപിനെ മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് പക്വതയോടെ കൈകാര്യം ചെയ്യുവാന്‍ ഭാരതത്തിനായി. എന്നാല്‍ പലപ്പോഴും അന്താരാഷ്ട്ര മര്യാദകള്‍ ലംഘിക്കുന്ന സമീപനവും വാക്കുകളും ആണ് ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇതൊന്നും ഭാരതത്തിന്റെ മാത്രം അനുഭവമല്ല. ട്രംപിന്റെ ഭരണകാലം കഴിഞ്ഞാല്‍ യുഎസ് നയതന്ത്ര സമീപനം പഴയതുപോലെ സുസ്ഥിരമാകും എന്ന് പ്രതീക്ഷിക്കുവാന്‍ മാത്രമേ യുഎസ് സഖ്യകക്ഷികളെ പോലെതന്നെ ഭാരതത്തിനും കഴിയുകയുള്ളൂ. മാറുന്ന സാഹചര്യങ്ങളില്‍ ഭാരതത്തിന്റെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെയാവും ഭാരത സര്‍ക്കാരിന്റെ സമീപനം.
ട്രംപിന്റെ പ്രവൃത്തികളിലൂടെ പതിറ്റാണ്ടുകള്‍ക്ക് ശേഷം ലോകം വീണ്ടും ഒരു ആഗോള നയതന്ത്ര അരക്ഷിതാവസ്ഥയെ നേരിടുകയാണ്. എന്നാല്‍ മാറിയ ആഗോള പരിതഃസ്ഥിതിയില്‍ അത് കൂടുതല്‍ കലുഷിതമാകില്ല എന്നും അന്താരാഷ്ട്ര വ്യവസ്ഥകള്‍ക്ക് ഒരു മനുഷ്യന്റെ തന്നിഷ്ടത്തിനുമേല്‍ വിജയം കാണുവാന്‍ സാധിക്കുമെന്നും പ്രത്യാശിക്കാം.

















