ധനുമാസത്തിലെ തിരുവാതിര വ്രതം അതിവിശേഷമാണ്. ഈ ദിവസം പരമശിവന്റെ പിറന്നാളാണെന്നും ശിവപാര്‍വ്വതിമാരുടെ വിവാഹം നടന്നത് അന്നാണെന്നും പറയപ്പെടുന്നു. ലോകക്ഷേമാര്‍ത്ഥം ശിവന്‍ കാളകൂടവിഷം പാനം ചെയ്തതും അന്നാണത്രെ. പാലാഴി മഥനത്തില്‍ പുറത്തുവന്ന ആ ഉഗ്രവിഷം ശിവരാത്രി ദിവസമാണ് ശിവന്‍ പാനം ചെയ്തതെന്നാണ് മറ്റൊരു ഐതിഹ്യം. പരമശിവന്‍ കാമദേവനെ ഭസ്മീകരിച്ച ശേഷം രതീ ദേവിയുടെ ദീനരോദനം കണ്ടു മനസ്സലിഞ്ഞ് വീണ്ടും മന്മഥന് ജീവന്‍ നല്‍കിയ ദിനമാണിത് എന്നും പഴമൊഴി ചരിതം. മകയിരം നോയമ്പ് മക്കള്‍ക്കു വേണ്ടിയും തിരുവാതിരവ്രതം ഭര്‍ത്താവിനു വേണ്ടിയും സ്ത്രീകള്‍ ആചരിച്ചുവരുന്നു. സൂര്യോദയത്തിനുമുന്‍പ് കുളത്തില്‍ പോയി സ്ത്രീകള്‍ തുടിച്ചു കുളിക്കുന്നു. ഉറക്കമൊഴിപ്പ്, തിരുവാതിരക്കളി, ശിവക്ഷേത്ര ദര്‍ശനം എന്നിവ വ്രതത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു. സ്ത്രീകളുടെ മാത്രം ആഘോഷമാണ് ഇതെന്നു പറയാം. തിരുവാതിരക്കളി ഈ ആചാരത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഒരു അനുഷ്ഠാനമാണ്. വിവാഹം കഴിഞ്ഞ ശേഷമുള്ള ദമ്പതിമാരുടെ ആദ്യ തിരുവാതിര ‘പൂത്തിരുവാതിര’ എന്ന് അറിയപ്പെടുന്നു.
മലയാളത്തില്‍ ധാരാളം മനോഹര തിരച്ചിത്രങ്ങള്‍ തിരുവാതിര കളിപ്പാട്ടുകളുടെ അകമ്പടിയോടെ അനേകം സംവിധായകര്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്.
‘മായ’ എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പി രചിച്ച് ദക്ഷിണാമൂര്‍ത്തി ‘ആനന്ദഭൈരവി’ രാഗത്തില്‍ ചിട്ടപ്പെടുത്തി പി. ലീലയും സംഘവും പാടിയ ഗാനമാണ് ‘ധനുമാസത്തില്‍ തിരുവാതിര തിരുനൊയമ്പിന്‍ നാളാണല്ലോ’ എന്നത്. തിരുവാതിര നൊയമ്പിന്റെ ഐതിഹ്യം ഈ ഗാനത്തില്‍ വെളിവാക്കപ്പെടുന്നുണ്ട്.
‘ഏണിപ്പടികള്‍’ എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി ദേവരാജന്‍ ഈണം പകര്‍ന്ന് പി. ലീലയും സംഘവും പാടിയ ‘പങ്കജാക്ഷന്‍ കടല്‍വര്‍ണ്ണന്‍’ എന്നു തുടങ്ങുന്ന ഗാനം കേള്‍ക്കുക. അസ്സല്‍ തിരുവാതിരപ്പാട്ടാണിത്. യമുനാതീരത്ത് വൃന്ദാവനത്തില്‍ ഗോപികമാരുടെ ചേല കവര്‍ന്ന ശ്രീകൃഷ്ണനാണ് ഈ ഗാനത്തില്‍ നിറയുന്നത്. നിറപറയുടേയും നിലവിളക്കിന്റേയും ചുറ്റും കേരളീയ വേഷത്തില്‍ പാതിരാപ്പൂചൂടിയ മലയാളി മങ്കമാര്‍ കൈകൊട്ടിക്കളിക്കുന്നതായി ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.
അദ്ദേഹത്തിന്റെ തന്നെ മറ്റൊരു രചനയാണ് ‘ശൃംഗാരരൂപിണി ശ്രീപാര്‍വ്വതി’ എന്നു തുടങ്ങുന്ന ഗാനം. ‘പഞ്ചവന്‍ കാട്’ എന്ന ചിത്രത്തില്‍ ‘ബിലഹരി’ രാഗത്തില്‍ ദേവരാജനാണ് സംഗീതം പകര്‍ന്നിട്ടുള്ളത്. തിരുവാതിര കളിപ്പാട്ടിന്റെ എല്ലാ ഗുണങ്ങളും ഒത്തുചേര്‍ന്ന ഗാനമാണിത്.
സംവിധായകന്‍ ലാല്‍ ജോസിന്റെ ഗാനചിത്രീകരണം മിഴിവും മികവുമുറ്റവയാണ്. ഗാനത്തിന്റെ കാഴ്ചയില്‍ തന്നെ ദൃശ്യാവിഷ്‌കാരം ലാല്‍ജോസ് ആയിരിക്കുമെന്ന് സംശയലേശമെന്യേ ഉറപ്പിക്കാവുന്ന തരത്തില്‍ കെട്ടിലും മട്ടിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നു ആ കലാകാരന്‍. ‘തട്ടിന്‍ പുറത്ത് അച്യുതന്‍’ എന്ന ചിത്രത്തില്‍ രാത്രിയുടെ പശ്ചാത്തലത്തില്‍, അദ്ദേഹം അണിയിച്ചൊരുക്കിയ വളരെ മനോഹരമായ തിരുവാതിരഗാനം കാണാം. ധാരാളം നിലവിളക്കുകളുടേയും മണ്‍ചിരാതുകളുടേയും സുവര്‍ണ്ണശോഭയില്‍ കസവു നേര്യതും ദാവണികളുമണിഞ്ഞ് കന്യകമാര്‍ നര്‍ത്തനമാടുന്ന കാഴ്ച. ‘ശുദ്ധസാവേരി’ രാഗത്തില്‍ ദീപാങ്കുരന്റെ ഹൃദയഹാരിയായ ഈണത്തിനൊപ്പിച്ച് ബീയാര്‍പ്രസാദ് വരികളെഴുതിയിരിക്കുന്നു. ‘മംഗള കാരക’എന്നു തുടങ്ങുന്നു ഗാനം.
‘പഞ്ചലോഹം’ എന്ന ചിത്രത്തില്‍ പ്രതിഭാധനനായ സംഗീതജ്ഞന്‍ രവീന്ദ്രന്‍ ചക്രവാകം, കാംബോജി, ആനന്ദഭൈരവി എന്നീ രാഗങ്ങളില്‍ കോര്‍ത്തിണക്കിയ മനോഹരമായ രാഗമാലികയാണ് ”ധനുമാസത്തിങ്കള്‍ കൊളുത്തും തിരുവാതിര തിരിതെളിയുന്നു” എന്നു തുടങ്ങുന്ന ഗാനം. ഗിരീഷ് പുത്തഞ്ചേരിയാണ് വരികള്‍ എഴുതിയിട്ടുള്ളത്. സുഖദമായ തണുപ്പുപകരുന്ന ധനുമാസനിലാവു പോലെ തഴുകുന്നു ഈ ഗാനം. മികവുറ്റ ഒരു തിരുവാതിരക്കളിയും ഈ ഗാനചിത്രീകരണത്തില്‍ കാണാം.
കേരളീയനല്ലാത്ത ഒരു സംഗീത സംവിധായകന്‍ മലയാളിത്തമുള്ള നല്ലൊരു തിരുവാതിരപ്പാട്ടിനു സംഗീതം നല്‍കുക. യൂസഫലി കേച്ചേരി ശിവഭഗവാനുമായി ബന്ധമുള്ള ഒരു ഐതിഹ്യകഥ അതുമായി ചേര്‍ത്തുവയ്ക്കുക. അതാണ് ‘പാര്‍വ്വണേന്ദു മുഖീ, പാര്‍വ്വതീ’ എന്നു തുടങ്ങുന്ന മനോഹരമായ ഗാനം. രവി ബോംബെയാണ് സംഗീത സംവിധായകന്‍. മോഹനരാഗത്തില്‍ ഈണം പകര്‍ന്ന ഗാനം മലയാളത്തിന്റെ വാനമ്പാടി ചിത്ര ആലപിച്ചിരിക്കുന്നു. ശിവനോട് പാര്‍വ്വതിക്കുള്ള അഗാധമായ പ്രണയം നിമിത്തം പാര്‍വ്വതീ ദേവി ആകെ വലയുന്നു, ഉറക്കം പോലുമില്ലാതെയായി. പ്രണയത്തിനവസാനം എല്ലാ തടസ്സങ്ങളും മാറിക്കിട്ടിയപ്പോള്‍, സര്‍പ്പനായകനായ വാസുകിയെ ആഭരണമായി ധരിച്ചിരിക്കുന്ന ശങ്കരന്റെ മനോഹരമായ കഴുത്തില്‍ വരണമാല്യം ചാര്‍ത്തുകയും ചെയ്തു.
ഉദാത്തമായ ഭാവനയാണ് യൂസഫലി ഗാനത്തിന്റെ ചരണത്തില്‍ പരാമര്‍ശിക്കുന്നത്. അര്‍ദ്ധനാരീശ്വരന്‍ എന്ന സങ്കല്‍പമാണ് കവി ചൂണ്ടിക്കാണിക്കുന്നത്. വിവാഹശേഷം പാര്‍വ്വതി ശിവന്റെ പാതിമെയ്യായി മാറുകയാണുണ്ടായത്. അര്‍ദ്ധ നാരീശ്വര പ്രതീകത്തില്‍ ശിവന്റെ പാതി ദേഹത്തില്‍ പാര്‍വ്വതിയാണ്. അതായത് ഇടതു ഭാഗം പാര്‍വ്വതി. ഇടത്തു ഭാഗത്താണല്ലോ ഹൃദയം അഥവാ മനസ്സ് ഇരിക്കുന്നത്. ശിവനെ പ്രണയിച്ച് പതി (ഭര്‍ത്താവ്) ആക്കിയ ഉമ, അദ്ദേഹത്തിന്റെ പാതി മെയ്യും പകുത്തെടുത്ത് അദ്ദേഹത്തിന്റെ മനസ്സില്‍ ഇരിപ്പുറപ്പിച്ചു. അതുല്യമായ പതി-പത്‌നീ ബന്ധത്തിന്റെ അനുപമമായ നിദര്‍ശനം കവി വെളിവാക്കുന്നു. ആംഗലേയഭാഷയില്‍ ഭാര്യക്കുള്ള (better half) ‘നല്ലപാതി’ എന്ന പ്രയോഗം ശ്രദ്ധിക്കുക. എം.ടി തിരക്കഥയെഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത ‘പരിണയം’ എന്ന ചിത്രത്തിലാണ് ഈ ഗാനം. ചിത്രത്തിന്റെ പേരു പോലെ പാര്‍വ്വതീപരിണയമാണ് ഈ ഗാനത്തില്‍ സൂചിതമായിരിക്കുന്നത്.
ഹരിഹരന്‍ സംവിധാനം ചെയ്ത ‘മയൂഖം’ എന്ന ചിത്രത്തിലും ബോംബെ രവി മലയാളത്തനിമയെഴുന്ന ഒരു തിരുവാതിര കളിപ്പാട്ടിന് ജന്മം നല്‍കിയിരിക്കുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികള്‍ പാടിയിരിക്കുന്നത് സുജാതയാണ്. ഗണപതിയുടെ അവതാരകഥയും ശ്രീകൃഷ്ണന്‍ യമുനയില്‍ ഗോപികമാരുടെ തുകില്‍ മോഷ്ടിക്കുന്നതും ഈ ഗാനത്തിന്റെ വരികള്‍ കൊണ്ട് തിരുവാതിരയുടെ ശൈലിയില്‍ അലംകൃതമാക്കിയിരിക്കുന്നു.
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ‘മഞ്ചാടിക്കുരു’ എന്ന ചിത്രത്തില്‍ കാവാലം നാരായണപ്പണിക്കര്‍ എഴുതി രമേഷ് നാരായണ്‍ സംഗീതം പകര്‍ന്ന് ചിത്ര ആലപിച്ച ‘മാര്‍ഗ്ഗഴി മഞ്ഞില്‍ കുളികഴിഞ്ഞ്’ എന്നു തുടങ്ങുന്ന ഗാനം ദൃശ്യാനുഭവത്തിലും കെട്ടിലും മട്ടിലും മികച്ചു നില്‍ക്കുന്ന ഒരു തിരുവാതിര കളിപ്പാട്ടാണ്.
‘ആറാം തമ്പുരാന്‍’ എന്ന ചിത്രത്തിലെ ‘സന്തതം സുമശരന്‍ സായകമയക്കുന്നു’ എന്നു തുടങ്ങുന്ന ഗാനം കേള്‍ക്കുക. ഒന്നാന്തരം തിരുവാതിര കളിപ്പാട്ടാണ് അത്. ചിത്രീകരണത്തിലും കേരളീയ വേഷവിധാനത്തില്‍ സുന്ദരിമാരുടെ തിരുവാതിര കൈത്താളം കാണാവുന്നതാണ്. പ്രതിഭാധനനായ രവീന്ദ്രനാണ് സംഗീതം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍. മഞ്ജു വാര്യര്‍ക്കുവേണ്ടി മഞ്ജുമേനോന്‍ എന്ന ഗായികയുടെ ആലാപനം. മൃദംഗത്തിന്റെയും തിരുവാതിരകൈത്താളത്തിന്റെയും അകമ്പടിയോടെ മോഹനം, നാഥനാമക്രിയ, ശങ്കരാഭരണം എന്നീ രാഗങ്ങളില്‍ വാര്‍ന്നു വീഴുന്ന രാഗമാലിക. അധികം പിന്നണി വാദ്യങ്ങളില്ലാതെ ലളിതസുന്ദരമായിരിക്കുന്നു രവീന്ദ്രസംഗീതത്തില്‍ ഈ തിരുവാതിര ഗീതി. ഇതേ സിനിമയില്‍ തന്നെ ഈ ഗാനം യേശുദാസ് വേറിട്ട ഈണത്തില്‍ ആലപിക്കുന്നുണ്ട്. അതു പക്ഷേ, തിരുവാതിര ശൈലിയിലല്ല, മറിച്ച് പ്രൗഢമായ ഒരു രാഗമാലികയായാണ്. രീതിഗൗള, വസന്ത, ശ്രീരാഗം എന്നീ രാഗങ്ങളിലൊരുക്കിയതാണ് ആ ഗാനം. ഈ രണ്ടു ഗാനങ്ങളും പാടേ വിഭിന്നവും ഒന്നിനൊന്നു ഹൃദയഹാരിയുമായിരിക്കുന്നത് രവീന്ദ്രന്‍ എന്ന സംഗീതജ്ഞന്റെ മികവ് ഒന്നുകൊണ്ടുമാത്രം.
തിരുവോണത്തെ സൂചിപ്പിക്കുന്ന ഗാനമാണെങ്കിലും ‘തിരുവാവണി രാവ്…മനസ്സാകെ നിലാവ്….’എന്നു തുടങ്ങുന്ന ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ എന്ന ചിത്രത്തിലെ ഗാനം തിരുവാതിരപ്പാട്ടിന്റെ ശൈലീവിന്യാസത്തിലാണ് മുന്നേറുന്നത് (രചന-മനു മഞ്ജിത്, സംഗീതം-ഷാന്‍ റഹ്മാന്‍, ആലാപനം-ഉണ്ണിമേനോന്‍, സിതാര കൃഷ്ണകുമാര്‍, മീറാ ശര്‍മ്മ)
സംഗീത സഹോദരന്മാരായ ബേണി ഇഗ്‌നേഷ്യസ് ഒരുക്കിയ മനോഹരമായ തിരുവാതിരപ്പാട്ടാണ് ‘വെള്ളി നക്ഷത്രം’ എന്ന ചിത്രത്തിലെ ‘കോവലനും കണ്ണകിയും’ എന്നു തുടങ്ങുന്ന ഗാനം. എസ്. രമേശന്‍ നായര്‍ എന്ന സര്‍ഗ്ഗധനന്‍ ഇളങ്കോവടികളുടെ തമിഴ് കാവ്യമായ ‘ചിലപ്പതികാര’ത്തിന്റെ രത്‌നച്ചുരുക്കമായി ആ ഗാനത്തെ വേറിട്ടതാക്കിയിരിക്കുന്നു. കൈത്താളമുള്ള തിരുവാതിരയുടെ ദൃശ്യഭംഗിയും മനോഹരം. ‘ആരഭി’ രാഗത്തിലാണ് ഈ ഗാനം. ചിത്രയുടെ മാധുര്യമേറിയ ആലാപനം എടുത്തു പറയേണ്ടതാണ്.
ഒരു മെഗാ തിരുവാതിര കാണണമെങ്കില്‍ ‘രസം’എന്ന ചിത്രത്തിലെ ‘ധനുമാസപ്പാലാഴി’എന്നു തുടങ്ങുന്ന ഗാനം കണ്ടാസ്വദിക്കാം. കാവാലം നാരായണപ്പണിക്കരുടെ വരികള്‍ക്ക് ജോബ് കുര്യന്റ ഈണം. ചിത്രയുടെ ഭാവമധുരമായ ആലാപനം.
‘സ്‌നേഹം’ എന്ന ചിത്രത്തിനു വേണ്ടി യൂസഫലി കേച്ചേരി വീണ്ടും ഒരു തിരുവാതിരപ്പാട്ടെഴുതി. ‘കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷീ..’എന്നു തുടങ്ങുന്ന ഗാനം പാടിയത് രാധിക തിലക് ആണ്.’ആരഭി’ രാഗത്തില്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സംവിധായകന്‍ ജയരാജ് പുരാതന തറവാടും ആതിരക്കുളിരും ഇരുട്ടും നിലവിളക്കിന്റെ സ്വര്‍ണ്ണശോഭയും കസവുനേര്യതും താംബൂലചര്‍വ്വണവും മനോഹരമായ തിരുവാതിരയും ഉള്‍പ്പെടെ കാഴ്ചവൃന്ദമായ വന്ദ്യവയോധികമാരെക്കൂടി ഈ ഗാനചിത്രീകരണത്തില്‍ വിളക്കിച്ചേര്‍ത്തിരിക്കുന്നു. തിരുവാതിരപ്പാട്ടു ശൈലി വളരെ കൃത്യതയോടെ ഈ ഗാനത്തിന്റെ സംഗീതകാരന്‍ ദീക്ഷിച്ചിരിക്കുന്നു. ചരണത്തില്‍ വളരെ പതുക്കെ ലാസ്യം കലര്‍ത്തിയും അനുപല്ലവിയില്‍ അല്‍പം കൂടി ദ്രുതമായും ചരണത്തില്‍ വീണ്ടും ദ്രുതഗതി സ്വീകരിച്ചും അവസാനം തിരുവാതിരക്കളിയില്‍ പ്രധാനപ്പെട്ടതായ കുമ്മിയടിയോടെ അവസാനിക്കുന്നു ഈ ഗാനം.
തിരുവാതിര കളിപ്പാട്ടല്ലെങ്കിലും ”നീലരാവിലിന്നു നിന്റെ താരഹാരമിളകി..” എന്നു തുടങ്ങുന്ന കൈതപ്രം എഴുതി ജോണ്‍സണ്‍ ഈണമിട്ട് യേശുദാസും മിന്‍മിനിയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനം ധനുമാസക്കുളിരും ആതിരനിലാവും കന്യകമാരും ചേരുന്ന ഹൃദയഹാരിയായ മെലഡിയാണ്. ചലച്ചിത്രകാരന്‍ ജയരാജ് നിളയുടേയും പുളിനങ്ങളുടേയും നിലാവില്‍ നക്ഷത്രമുത്തുകള്‍ പോലെ തിളങ്ങുന്ന പുഴയോളങ്ങളുടേയും നീലരാത്രിയുടേയും അകമ്പടിയോടെ അതീവഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്നു ഈ ഗാനം. കുടുംബസമേതം എന്ന ചിത്രത്തിലാണ് ഈ ഗാനം. ‘തിരുവാതിര’ രാവിനെ അംഗനയായി, മനോഹരമായി വര്‍ണ്ണിക്കുന്നു കവി. പാര്‍വ്വതീ പരിണയയാമമായെന്നും, താരഹാരമണിഞ്ഞിട്ടുള്ള ഗോപാംഗനയായ, ചന്ദ്രബിംബത്തിന്റെ കാന്തിയെഴുന്ന, തിരുവാതിരയെ കുളിരഴകില്‍ ഗോരോചനമണിയാനായി ക്ഷണിക്കുന്നു കവി. ശ്യാമരാജിയായ രാത്രിയില്‍, രാവിന്റെ സൗരഭങ്ങള്‍ ഒഴുകിവരുന്നു. (മഞ്ഞുള്ളതിനാല്‍ ധനുമാസത്തിലാണ്, പാല, കൈത, പൈന്‍, ഇലഞ്ഞി തുടങ്ങിയ രൂക്ഷസുഗന്ധമുള്ള വൃക്ഷങ്ങള്‍ പുഷ്പിക്കുന്നത്, അവയുടെ ഗന്ധം മഞ്ഞിലൂടെ വളരെ വേഗം വ്യാപിക്കുന്നു). അപ്പോഴാണ് തിരുവാതിര കളിക്ക് അംഗനമാരെ ക്ഷണിക്കുന്ന കുരവ കേള്‍ക്കുന്നത്. (രാഗ പൂരമാര്‍ന്നു വീഴും ആരവങ്ങളില്‍). പൂര്‍ണ്ണചന്ദ്രനെപ്പോലെ മുഖസൗന്ദര്യമുള്ള കൗമാരക്കാരിയായ തിരുവാതിരയോട് ഉണരാനാവശ്യപ്പെടുന്നു കവി. തിരുവാതിര കളിക്കുന്ന വനിതകളുടെ കാല്‍ച്ചിലമ്പുകള്‍ ചൊല്ലുന്ന പരിഭവങ്ങളും, തിരുവാതിര നടനത്തിന്റെ പദഗതിയും, അരമണിയിളകുന്ന അണിയും, കസവുപുടവകളുടെ അലഞൊറിയും കോറിയിടുന്നു കൈതപ്രം. ധനുമാസം ഋതുമതിയാകുന്നു തിരുവാതിരദിവസമെന്നും കവി. ‘ശ്രീ’ രാഗത്തിന്റെ വശ്യതയും സവിശേഷതകളും ഒട്ടും ചോര്‍ന്നുപോകാതെ തന്നെ മനോഹരമായ ഒരു ഗാനം വിരിയിച്ചെടുക്കുന്നു ജോണ്‍സന്റെ പ്രതിഭ.





















