ലോകചരിത്രത്തില്‍ പലയിടത്തും അധിനിവേശങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വിഭിന്നമായി നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന വിദേശ അധിനിവേശങ്ങളെയും ക്രൂരമായ മതപീഡനങ്ങളെയും അതിജീവിച്ച്, സ്വന്തം സംസ്‌കാരം കെട്ടുപോകാതെ കാത്തുസൂക്ഷിച്ച ഏക പുരാതന രാഷ്ട്രം ഭാരതമാണ്. ഈ അതിജീവനത്തിന്റെ കഥയിലെ ഏറ്റവും ഉജ്ജ്വലമായ അധ്യായമാണ് പത്താം സിഖ് ഗുരുവായ ഗുരു ഗോവിന്ദ് സിംഹന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും ത്യാഗപൂര്‍ണ്ണമായ ജീവിതം.
ഭാരതത്തിന്റെ സമരവീര്യം
ഇസ്ലാമിക അധിനിവേശം നടന്ന ലോകത്തിലെ മിക്ക രാജ്യങ്ങളിലും ആ രാജ്യങ്ങളുടെ പുരാതന സംസ്‌കാരവും മതവും നിശ്ശേഷം തുടച്ചുനീക്കപ്പെട്ടു. എന്നാല്‍ ഭാരതം മാത്രമാണ് അതിനെ ചെറുത്തുനിന്നത്. ഇസ്ലാമിക അധിനിവേശം നടന്ന ചുറ്റുമുള്ള രാജ്യങ്ങളെ നിരീക്ഷിച്ചാല്‍ ഇക്കാര്യം സ്പഷ്ടമാകും. പേര്‍ഷ്യയെന്ന ഇന്നത്തെ ഇറാന്‍ തന്നെ ഉദാഹരണം. ഇസ്ലാമിക അധിനിവേശത്തില്‍ അവിടെ നിലനിന്നിരുന്ന സൗരാഷ്ട്ര്യന്‍ സംസ്‌കാരം ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. ജനങ്ങളെ കൊന്നൊടുക്കിയും ബലമായി മതപരിവര്‍ത്തനം ചെയ്തും ഇസ്ലാമിക രാജ്യമായി പേര്‍ഷ്യ മാറ്റപ്പെടുകയും തത്ഫലമായി പുരാതന പേര്‍ഷ്യന്‍ സംസ്‌കാരം നാമാവശേഷമാവുകയും ചെയ്തു. ഇതുപോലെ തന്നെയാണ് ഈജിപ്തിന്റെ ചരിത്രവും. അവിടെ നിലനിന്നിരുന്ന പുരാതന സംസ്‌കാരവും, ആരാധനാരീതികളും ഉള്‍പ്പെടെ തകര്‍ക്കപ്പെടുകയും അറബ്-ഇസ്ലാമിക സ്വത്വത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തു. സമാനമായി മെസൊപ്പൊട്ടേമിയ (ഇറാഖ്), സുമേറിയന്‍/അസീറിയന്‍ സംസ്‌കാരങ്ങളും അധിനിവേശത്തെ തുടര്‍ന്ന് വാള്‍ത്തലപ്പാല്‍ സമ്പൂര്‍ണ്ണമായി ഇസ്ലാമികവല്‍ക്കരിക്കപ്പെടുകയും പഴയ ആരാധനാലയങ്ങളും സമ്പ്രദായങ്ങളും എല്ലാം തകര്‍ക്കപ്പെടുകയും ചെയ്തു.
ഈ രാജ്യങ്ങളെല്ലാം അധിനിവേശം ആരംഭിച്ച് വെറും 10 മുതല്‍ 100 വര്‍ഷങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ വേരുകളെല്ലാം നശിപ്പിക്കപ്പെട്ട് സമ്പൂര്‍ണ്ണമായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍ ഭാരതം മാത്രമാണ് 800 വര്‍ഷം നീണ്ട ഇസ്ലാമിക അധിനിവേശത്തെ ശക്തമായി ചെറുത്തു തോല്പിച്ചത്. ഇന്നും സനാതനധര്‍മ്മവും സംസ്‌കാരവും മഹത്വം ചോരാതെ ഉയര്‍ത്തിപ്പിടിക്കാന്‍ ഭാരതത്തിന് സാധിച്ചതിന് നാം കടപ്പെട്ടിരിക്കുന്നത് അക്കാലത്ത് സ്വധര്‍മ്മത്തിന് വേണ്ടി പോരാടിയ വീരപൂര്‍വികരോടാണ്. അവരില്‍ തന്നെ ഏറ്റവും പ്രചോദനാത്മകമായ പോരാട്ടവീര്യമാണ് പത്താമത് സിഖ് ഗുരുവായ ഗോവിന്ദസിംഹനും അദ്ദേഹത്തിന്റെ മക്കളും പ്രദര്‍ശിപ്പിച്ചത്.
മുഗള്‍ അധിനിവേശ കാലം
മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കാലഘട്ടം ഭാരതീയര്‍ക്ക് ഇരുളടഞ്ഞതായിരുന്നു. വാളിന്‍മുനയില്‍ ഇസ്ലാം മതം അടിച്ചേല്‍പ്പിക്കുക എന്നതായിരുന്നു അന്നത്തെ ഭരണകൂട നയം. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു, സ്വധര്‍മ്മത്തില്‍ ഉറച്ചു നിന്നവര്‍ക്ക് മേല്‍ ജസിയ എന്ന പേരില്‍ നികുതി അടിച്ചേല്‍പ്പിച്ചു, ഹൈന്ദവ-സിഖ് വിശ്വാസികളെ മൃഗീയമായി പീഡിപ്പിച്ചു. ഈ ഘട്ടത്തിലാണ് കാശ്മീരിലെ പണ്ഡിറ്റുകളെ രക്ഷിക്കാന്‍ സിഖ് സമൂഹത്തിന്റെ ഒമ്പതാം ഗുരുവും ഗുരു ഗോവിന്ദ സിംഹന്റെ പിതാവുമായ ഗുരു തേജ് ബഹാദൂര്‍ സ്വയം ബലിദാനിയായത്. തന്റെ പിതാവിനെ മുഗളന്മാര്‍ വധിക്കുമ്പോള്‍ ഗുരു ഗോവിന്ദ് സിംഹിന് പ്രായം വെറും ഒമ്പത് വയസ്സായിരുന്നു. പിതാവിന്റെ വധത്തില്‍ ആ ബാലന്‍ കരഞ്ഞില്ല, മറിച്ച് അധര്‍മ്മത്തിന്റെ വേരറുക്കാന്‍ ഭാരതത്തിന്റെ വീര പോരാളിയായി മാറി.
സ്വധര്‍മ്മ സംരക്ഷണത്തിന് വേണ്ടി നിലകൊണ്ടതിന് തന്റെ പിതാവിനെ ഔറംഗസീബ് ശിരച്ഛേദം ചെയ്തത് ബാലനായ ഗുരു ഗോവിന്ദ് സിംഹനെ തെല്ലും ഭയപ്പെടുത്തിയില്ല. ഒന്‍പതാം വയസ്സില്‍ സിഖ് സമൂഹത്തിന്റെ നേതൃത്വം ഏറ്റെടുത്ത അദ്ദേഹം ഖല്‍സ രൂപീകരിച്ച് സാധാരണക്കാരായ കര്‍ഷകരെയും തൊഴിലാളികളെയും പോരാളികളാക്കി മാറ്റി. മാത്രമല്ല തന്റെ നാല് മക്കളെയും അദ്ദേഹം ധര്‍മ്മയുദ്ധത്തിന് സജ്ജരാക്കി.
ധര്‍മ്മത്തിന്റെ കാവല്‍പടയായി ഖല്‍സ
ഗുരുഗോവിന്ദസിംഹ് തന്റെ ജീവിതകാലത്ത് ചെയ്ത വിപ്ലവകരമായ കാര്യമായിരുന്നു 1699-ലെ വൈശാഖി ദിനത്തില്‍ ഖല്‍സക്ക് (Khalsa) തുടക്കം കുറിച്ചത്. ‘ഖല്‍സ’ എന്നാല്‍ ‘ശുദ്ധമായത്’ എന്നര്‍ത്ഥം. അടിച്ചമര്‍ത്തപ്പെട്ട സാധാരണക്കാരെ ആത്മവിശ്വാസമുള്ള പോരാളികളാക്കി മാറ്റാനാണ് ഗുരു ഇത് സ്ഥാപിച്ചത്. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ തകര്‍ത്ത്, എല്ലാ മനുഷ്യരും തുല്യരാണെന്ന പ്രഖ്യാപനമായിരുന്നു ഖല്‍സ.
ഖല്‍സയുടെ ലക്ഷ്യങ്ങള്‍
♠ധര്‍മ്മസംരക്ഷണം: ദുര്‍ബലരെയും പീഡിതരേയും സംരക്ഷിക്കുക.
♠ക്രൂരന്മാരായ മുഗള്‍ ചക്രവര്‍ത്തിമാരുടെ കിരാത ഭരണത്തെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തെയും ചെറുക്കുക.
♠സമത്വബോധം സൃഷ്ടിക്കല്‍
ഖല്‍സയുടെ ചിട്ടകള്‍: ഖല്‍സയില്‍ അംഗമാകുന്നവര്‍ അഞ്ച് ‘ക’ കള്‍ ധരിക്കണമെന്ന് ഗുരു നിഷ്‌കര്‍ഷിച്ചു:
1. കേശ്: മുറിക്കാത്ത മുടി (ദൈവഹിതത്തോടുള്ള വിനീതഭാവം).
2. കംഗ: മരം കൊണ്ടുള്ള ചീര്‍പ്പ് (വൃത്തിയുടെയും അച്ചടക്കത്തിന്റെയും അടയാളം).
3. കര: (ഇരുമ്പ് വള) ദൈവവുമായുള്ള അഭേദ്യമായ ബന്ധം.
4.കഛേര: പരുത്തി കൊണ്ടുള്ള വസ്ത്രം (ധാര്‍മ്മികമായ സ്വഭാവശുദ്ധി).
5. കൃപാണ്‍: ചെറിയ വാള്‍ (അനീതിക്കെതിരെ പോരാടാനുള്ള സന്നദ്ധത).
ഒരേ സമയം സേവനത്തിനും പോരാട്ടത്തിനും ഖല്‍സ ആളുകളെ തയ്യാറാക്കി. ഒരുവശത്ത് ഈശ്വരചിന്തയും മറുവശത്ത് ആയുധവിദ്യയും പരിശീലിപ്പിച്ച ഖല്‍സ ലംഗര്‍ അഥവാ എല്ലാവര്‍ക്കും ഒരേ പന്തിയില്‍ തന്നെ ഭക്ഷണം നല്‍കുന്നതിലൂടെ ജാതിവ്യവസ്ഥയെ വെല്ലുവിളിച്ചു. അക്രമത്തിനല്ല പ്രതിരോധത്തിനാണവര്‍ ആയുധമെടുത്തത്. പുരുഷന്മാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും തുല്യമായ പോരാട്ടവീര്യം ഖല്‍സ നല്‍കി. ഇസ്ലാമിക അധിനിവേശത്തെ ഭാരതം അതിജീവിച്ചതില്‍ ഖല്‍സയുടെ പങ്ക് നിര്‍ണ്ണായകമാണ്. ആ പോരാട്ടമാണ് മുഗള്‍ സാമ്രാജ്യത്തിന്റെ അഹങ്കാരം തകര്‍ത്തതും ഭാരത സംസ്‌കാരത്തെ സംരക്ഷിച്ചതും. ഗുരു ഗോവിന്ദ് സിംഹന്റെ നാല് പുത്രന്മാരും ഖല്‍സ എന്ന സമാനതകളില്ലാത്ത വലിയ ദൗത്യത്തിന് വേണ്ടിയാണ് ജീവിതം ബലിയര്‍പ്പിച്ചത്. സാഹിബ് സാദ എന്നാണ് ഗുരു ഗോവിന്ദ സിംഹന്റെ മക്കള്‍ അറിയപ്പെടുന്നത്.
സാഹിബ്‌സാദമാര്‍: ഭാരതത്തിന്റെ കൗമാര വീര്യം
1. സാഹിബ്‌സാദ അജിത് സിംഗ്
(18 വയസ്സ്)
ഏറ്റവും മൂത്ത പുത്രന്‍. ചംകൗര്‍ യുദ്ധത്തില്‍ ആയിരക്കണക്കിന് മുഗള്‍ സൈനികര്‍ക്കെതിരെ 40 പേര്‍ മാത്രം അടങ്ങുന്ന സിഖ് സൈന്യത്തെ നയിച്ച് അദ്ദേഹം പൊരുതി. തന്റെ പിതാവിന്റെ അനുഗ്രഹം വാങ്ങി യുദ്ധക്കളത്തില്‍ ഇറങ്ങിയ അദ്ദേഹം ശത്രുനിരയെ വിറപ്പിച്ചു. ധീരമായി പോരാടി വീരമൃത്യു വരിച്ചു.
2. സാഹിബ്‌സാദ ജുജാര്‍ സിംഗ്
(14 വയസ്സ്)
ജ്യേഷ്ഠന്‍ വീഴുന്നത് കണ്ടപ്പോള്‍ 14-കാരനായ ജുജാര്‍ സിംഗ് യുദ്ധത്തിന് അനുവാദം ചോദിച്ചു. സ്വയം മകനെ യുദ്ധത്തിനായി ഒരുക്കിയ ഗുരു ഗോവിന്ദ സിംഹന്‍ അവനെ യുദ്ധക്കളത്തിലേക്ക് അയച്ചു. വാളേന്തി ശത്രുക്കളുടെ ഇടയിലേക്ക് പാഞ്ഞുകയറിയ ആ കുമാരനും തന്റെ ധര്‍മ്മം പാലിച്ച് വീരമൃത്യു വരിച്ചു.
3) സാഹിബ്‌സാദ ജൊരാവര്‍ സിംഗ്
(9 വയസ്സ്)
4) സാഹിബ്‌സാദ ഫത്തേ സിംഗ്
(7 വയസ്സ്)
ജ്യേഷ്ഠന്മാരുടെ വീരമരണത്തിന് ശേഷം സര്‍ഹിന്ദില്‍ വച്ച് 1705 ല്‍ മുഗള്‍ പടനായകന്‍ വസീര്‍ ഖാന്‍ ഇരുവരേയും തടവിലാക്കി. മതം മാറിയാല്‍ രാജകീയ സുഖങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് ഇരു ബാലന്മാരെയും പ്രലോഭിപ്പിച്ചു. എന്നാല്‍ ആ പിഞ്ചുകുട്ടികള്‍ ഗര്‍ജ്ജിച്ചു: ‘ഞങ്ങള്‍ ഗുരു ഗോവിന്ദ് സിംഹന്റെ പുത്രന്മാരാണ്. മരണത്തെ സ്വീകരിക്കേണ്ടി വന്നാലും ഞങ്ങള്‍ സ്വധര്‍മ്മം ഉപേക്ഷിക്കില്ല, സ്വധര്‍മ്മം ഞങ്ങള്‍ക്ക് ജീവനാണ്.’ ഒടുവില്‍ അവരെ ജീവനോടെ ചുറ്റും ചുവര് കെട്ടിയടച്ച് വധിക്കാന്‍ ഉത്തരവിട്ടു. ചുവര്‍ കഴുത്തോളം എത്തിയപ്പോഴും ആ കുട്ടികള്‍ തെല്ലും പതറിയില്ല. മുഗള പടനായകന്‍ വസീര്‍ ഖാന്‍ അവരോട് ആവര്‍ത്തിച്ചു പറഞ്ഞു: ‘മതം മാറിയാല്‍ നിങ്ങള്‍ക്ക് രാജകുമാരന്മാരെപ്പോലെ ജീവിക്കാം.’ വാഗ്ദാനങ്ങള്‍ അവര്‍ നിരസിച്ചു. ഓരോ ഇഷ്ടികയും തങ്ങള്‍ക്ക് ചുറ്റും ഉയരുമ്പോഴും ആ കുട്ടികള്‍ തളര്‍ന്നില്ല. അവര്‍ ജപജി സാഹിബ് ഉരുവിട്ടു. മരണം തൊട്ടടുത്തെത്തിയിട്ടും അവര്‍ തലകുനിച്ചില്ല. 1705 ഡിസംബര്‍ 26 ലെ കഠിനമായ തണുപ്പിലാണ് ഈ പിഞ്ചുകുട്ടികള്‍ ധര്‍മ്മത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞത്. ഈ ബലിദാനത്തിന് ശേഷമാണ് മുഗള്‍ഭരണത്തിന്റെ തകര്‍ച്ച ആരംഭിച്ചതെന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. വീരാഹുതിയടഞ്ഞ ആ ബാലകര്‍ ഇന്നും ഭാരതത്തിന്റെ മണ്ണില്‍ തലമുറകള്‍ക്ക് സ്വധര്‍മ്മത്തിന്റെ സ്വാഭിമാനം പകരുന്നു.
ഭാരതീയ യുവത്വത്തിന്റെ നിത്യപ്രചോദനം
സാഹിബ്‌സാദമാര്‍ തുടങ്ങിവെച്ച ആ പോരാട്ടവീര്യം പില്‍ക്കാലത്ത് ഭാരതത്തിലെ ലക്ഷക്കണക്കിന് യുവാക്കളിലേക്ക് പടര്‍ന്നു.
♠ബ്രിട്ടീഷ് ഭരണത്തിനെതിരെ 18-ാം വയസ്സില്‍ തൂക്കുമരത്തിലേറിയ ഖുദിറാം ബോസ്.
♠12-ാം വയസ്സില്‍ രക്തസാക്ഷിയായ ഒഡീഷയിലെ വീരബാലന്‍ ബജി റൗട്ട്.
♠9-ാം വയസ്സില്‍ തൂക്കുമരത്തിലേറിയ സിന്ധിലെ പോരാളി ഹേമു കാലാനി.
അങ്ങനെ ഭാരതത്തിന്റെ കൗമാരമെന്നത് ഭീരുത്വത്തിന്റെയല്ല, മറിച്ച് ധീരതയുടെ പര്യായമാണെന്ന് പിന്നാലെ വന്ന തലമുറകള്‍ തെളിയിച്ചു.
ഡിസംബര്‍ 26 ന് ഇരുബാലകരുടെയും വീര ബലിദാനത്തിന്റെ സ്മരണയില്‍ രാജ്യം ആചരിക്കുന്ന വീര്‍ ബാല്‍ ദിവസ് ഒരു ദുഃഖാചരണമല്ല, മറിച്ച് അതൊരു സ്വാഭിമാന നിമിഷമാണ്. നൂറ്റാണ്ടുകളുടെ വിദേശാധിപത്യത്തിലും നമ്മുടെ ധര്‍മ്മവും സംസ്‌കാരവും സനാതനമായി, ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് ഈ കുട്ടികളെ പോലുള്ള വീരപൂര്‍വികരുടെ പോരാട്ടവീര്യം ഒന്നുകൊണ്ടാണ്.





















