Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

മുരിക്കന്‍ ചേരി കേളു ഒരു വടക്കന്‍ വീരകഥ

ഡോ.ആര്‍.സി.കരിപ്പത്ത്ഡോ.ആര്‍.സി.കരിപ്പത്ത്
2 January 2026
മുരിക്കന്‍ ചേരി മലപ്പില്‍ തറവാട്‌

മുരിക്കന്‍ ചേരി മലപ്പില്‍ തറവാട്‌

അക്കാദമിക് പണ്ഡിതന്മാര്‍ ഇനിയും വേണ്ടത്ര പരിഗണിച്ചിട്ടില്ലാത്ത ഒരാശയ വിനിമയ മാര്‍ഗ്ഗമാണ് വാമൊഴി വഴക്കം. യഥാര്‍ത്ഥത്തില്‍ അവിടെയാണ് ഭാഷ ഉദ്ഭവിക്കുന്നത്. കാട്ടാറിലെ പച്ച വെള്ളവും കാട്ടുമൃഗങ്ങളുടെ പച്ചയിറച്ചിയും കൊണ്ട് ദാഹവും വിശപ്പുമകറ്റി, മരപ്പൊത്തുകളിലും അതിന്റെ ചോട്ടിലും അന്തിയുറങ്ങിയവര്‍ തീര്‍ച്ചയായും ഒരു ആശയവിനിമയ രൂപം സ്വീകരിച്ചിട്ടുണ്ടായിരിക്കണം. അവര്‍ പക്ഷിമൃഗാദികളെപ്പോലെ ശബ്ദരൂപങ്ങള്‍ അനുകരിച്ചിരിക്കണം. ഭക്ഷണ ലബ്ധിയിലും ഇണചേരും വേളയിലും ശത്രുക്കളുമായി എറ്റുമുട്ടുമ്പൊഴും അവ പുറപ്പെടുവിക്കുന്ന ശബ്ദഘടന ഒന്നല്ല; പല തരത്തിലാണെന്ന് ആദിമ മനുഷ്യര്‍ തിരിച്ചറിഞ്ഞിരുന്നു. പൂച്ചയേയും പട്ടിയേയും വന്യമൃഗങ്ങളായ ആനയേയും സിംഹത്തേയും വിവിധതരം പക്ഷികളേയും അവര്‍ അനുകരിച്ച് ശബ്ദമുണ്ടാക്കുകയും ആകര്‍ഷിച്ച് വേട്ടയാടുകയും ചെയ്തിരുന്നു. കാക്കയുടെ കരച്ചിലില്‍ നിന്നുതന്നെയാണ് ആ കറുത്ത പക്ഷിയെ അവര്‍ കാക്കയെന്നു വിളിച്ചത്. പഴയ ശബ്ദ പാരമ്പര്യം ഇന്നും ചില കടവുകളില്‍ തോണിയെത്താന്‍ കൂവി വിളിച്ചു വരുത്തുന്നതു നമുക്ക് കേള്‍ക്കാം. ആ കൂവല്‍ കടവു കടക്കാന്‍ ആളുണ്ടേ എന്ന അര്‍ത്ഥനിവേദനമാണ് ഉണര്‍ത്തുന്നത്. ആഹ്ലാദവേളകളില്‍ കൂട്ടമായി നിന്ന് ആര്‍പ്പും വിളിയും ഉയര്‍ത്തുന്നത് നിറഞ്ഞു കവിയുന്ന സന്തോഷമറിയിക്കലാണ്. ഇത്തരം അര്‍ത്ഥപൂര്‍ണ്ണമായ വെറും ശബ്ദങ്ങള്‍ പിന്നീട് വസ്തുക്കളുടെ ചിത്ര രേഖയിലൂടെ അന്യരിലേക്ക് മൂകമായി വിനിമയം ചെയ്യാന്‍ ശ്രമിച്ചു. സൂര്യനെ ഒരു വൃത്തത്തിന് ചുറ്റും രശ്മിവരച്ചും ചന്ദ്രന് ഒരു ചന്ദ്രക്കല മാത്രം രചിച്ചും പന്നിയെ, മാനിനെ, മയിലിനെയൊക്കെ പാറയിടുക്കില്‍ മായാത്ത വിധം ചിത്രലിപി കൊണ്ടും അവര്‍ ആവും വിധങ്ങളില്‍ അടയാളപ്പെടുത്താന്‍ ശ്രമിച്ചു. പതുക്കെപ്പതുക്കെ അനുകരണശബ്ദങ്ങള്‍ക്ക് അര്‍ത്ഥ കല്പനയുണ്ടാവുകയും വാമൊഴി വഴക്കം അര്‍ത്ഥപൂര്‍ണ്ണമാവുകയും ചെയ്തു.

Google NewsAdd Kesari Weekly as a preferred source on Google

വരമൊഴി വരും മുമ്പെ വാമൊഴി മാത്രമായിരുന്നു നമുക്ക് സര്‍വ്വസ്വവും. തലമുറകള്‍ക്ക് പാംമാലകളായി ഗുണപാഠലഘു ഗാനങ്ങളും ദീര്‍ഘകഥാഗാനങ്ങളും അതതു നാട്ടുഭാഷയിലുദയം ചെയ്തു. തെക്കന്‍ ദിക്കിലെ നാട്ടുഭാഷയില്‍ തെക്കന്‍ പാട്ടുകളും വടക്കന്‍ നാട്ടുഭാഷയില്‍ വടക്കന്‍ പാട്ടുകളും വാമൊഴി സാഹിത്യ രൂപമായി പിറന്നുവീണു. വീരന്മാരുടെയും വീരാംഗനമാരുടെയും മനം ത്രസിപ്പിക്കുന്ന അനേകം തെക്കന്‍പാട്ടുകള്‍ നമ്മുടെ ഭാഷാസാഹിത്യ വഴിയിലെ ചൂട്ടുകറ്റകളാണ്. ഇരവിക്കുട്ടിപ്പിളളപ്പോര്, ഉലകുടപ്പെരുമാള്‍പോര്, കന്നടിയാന്‍ പോര്, അഞ്ചു തമ്പുരാന്‍ പാട്ട്, രാമകഥപ്പാട്ട്, മാടമ്പുകഥ തുടങ്ങിയ തെക്കന്‍ പാട്ടുകള്‍ കാണാതെ കടന്നുപോകാന്‍ ഒരു ഭാഷാ സാഹിത്യ വിദ്യാര്‍ത്ഥിക്കും സാധ്യമല്ല തന്നെ’. ഇതേവിധം തന്നെയാണ് വടക്കന്‍ പാട്ടു ശാഖയുടെ നിലപാടുതറയും. ഒറ്റക്കേള്‍വിയില്‍ത്തന്നെ ഏതു നിരക്ഷരനും ആശയം മനസ്സിലാവുന്ന തനി വടക്കന്‍ പ്രാദേശികഭാഷയില്‍ വാര്‍ന്നു വീണവയാണ് വടക്കന്‍പാട്ടുകള്‍. ദീര്‍ഘകഥാ ഗാനങ്ങള്‍ ഏറെയുണ്ട് ഈ വാമൊഴി ശാഖയില്‍. ആരോമല്‍ ചേകവരുടെ പാട്ടുകഥ, പയ്യമ്പള്ളിച്ചന്തുവിന്റെ കഥ, ആറ്റുമ്മണമ്മേല്‍ ഉണ്ണിയാര്‍ച്ച, തച്ചോളി ഒതേന്‍ പാട്ടുകഥ, കരിമ്പറമ്പില്‍ കണ്ണന്‍ കഥ, കോറോത്ത് കൊടക്കല്‍ കുഞ്ഞിക്കണ്ണന്‍, മുരിക്കാഞ്ചേരിക്കേളുവിന്റെ കഥ, അറക്കല്‍ ബീവിപ്പാട്ടുകഥ, ഒരു മുതലനായാട്ട് തുടങ്ങി അറുപതില്‍പരം നാട്ടു പാട്ടുകള്‍ (വടക്കന്‍ പാട്ടുകള്‍) ഈ ലേഖകന്‍ തന്നെ ക്രോഡീകരിച്ചിട്ടുണ്ട്. ഇവയോരോന്നും അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ നേര്‍ച്ചിത്രങ്ങളാണ് വരച്ചു കാട്ടുന്നത്. അതത് പ്രദേശത്തിന്റെ തനി നാട്ടുഭാഷയില്‍ വളച്ചുകെട്ടൊന്നുമില്ലാതെ, ഗ്രാമജീവിതത്തിന്റെ ആത്മഗന്ധം പുരണ്ട് വാര്‍ന്നു വീണ ഈ പാട്ടുകളെല്ലാം കഴിഞ്ഞു പോയ ഒരു കാലത്തിലേക്കു തുറന്നിട്ട വാതായനങ്ങളാണ്. ചരിത്ര പുസ്തകത്താളുകളില്‍ ഇടം കിട്ടാതെ പോയ എത്രയെങ്കിലും വീര പുരുഷന്മാരുടെയും വീരാംഗനമാരുടെയും ധീരോദാത്ത കഥകള്‍ മിഴിതുറക്കുന്നത് ഈ പാട്ടുകളിലാണ്. ഒപ്പം ആ ഗ്രാമത്തിന്റെ സാംസ്‌കാരികവും സാമൂഹികവും ചരിത്രപരവുമായ പ്രത്യേകതകള്‍ അവ നമുക്കു മുന്നില്‍ തുറന്നിടുന്നു. അതുകൊണ്ടുതന്നെ നിരക്ഷരരായ ഈ വയല്‍പ്പാട്ടുകാരികള്‍ പഴയകാല കേരളത്തിന്റെ പൈതൃകമാണ് സൂക്ഷിച്ചുവെച്ചത്.

പരിഷ്‌ക്കാരത്തിന്റെ പെരുവെള്ളപ്പാച്ചിലില്‍ ഗതകാലസംസ്‌കൃതിയുടെ സമ്പന്നമായ ഈടുവെപ്പുകള്‍ ഏറെയും നമുക്ക് കൈമോശം വന്നിരിക്കുന്നു. ഉള്ളവയാകട്ടെ പുതിയതലമുറയ്ക്ക് അപരിചിതവുമായി മാറി. കാര്‍ഷിക സംസ്‌കാരവും ജീവിതശൈലിയും കൈവിട്ടുപോയവര്‍ക്ക് പുതിയ ജീവിതാവബോധവും സങ്കല്പങ്ങളുമാണ് കൂട്ടിനെത്തുന്നത്. യഥാര്‍ത്ഥത്തില്‍ നാം കടന്നുവന്ന കാലപ്പടവുകളെ, നെഞ്ചേറ്റിനിന്ന സമ്പന്നമായ സംസ്‌ക്കാരത്തെ, പ്രാണനു തുല്യം കൊണ്ടു നടന്ന ജീവിത മൂല്യങ്ങളെയെല്ലാം ഈ പാട്ടുകള്‍ സ്മൃതി സുഗന്ധമായി പകര്‍ന്നേകുന്നവയാണ്. നാടന്‍ പാട്ടുകള്‍ നമ്മുടെ ഭാഷയുടെ ശൈവ സൗന്ദര്യവും ലാളിത്യവും തുളുമ്പുന്ന അമൂല്യ നിധികളാണെന്ന ബോധം ഇന്ന് പ്രബലമാണെന്നത് ശുഭോദര്‍ക്കമാണ്.

ADVERTISEMENT

നാടന്‍പാട്ടിനൊരു നിര്‍വ്വചനം
അജ്ഞാത കര്‍തൃകങ്ങളും അവ്യവസ്ഥിതങ്ങളും പരമ്പരാഗതമായി വാങ്മയപ്പകര്‍ച്ച (Oral Transmission) യിലൂടെ നിലനിന്നുവരുന്നതുമായ പാട്ടുകളെയാണ് നാടന്‍ പാട്ടുകള്‍ എന്ന് നാം പേരിട്ടു വിളിക്കുന്നത്. ഏത് ജനസാമാന്യത്തിനും അവരുടേതെന്നു പറയാവുന്ന പാട്ടുകളുണ്ട്. പ്രാചീന കേരളത്തില്‍ പാട്ട് കുലവൃത്തിയായി സ്വീകരിച്ച് ജീവിതം കണ്ടെത്തിയവരായിരുന്നു പുള്ളുവനും പാണനും മറ്റും. ഗാനവൃത്തിയെ കുടില്‍ തൊട്ടു കൊട്ടാരം വരെ അംഗീകരിച്ചിരുന്നു. നല്ല നാളുകളിലും ആഹ്ലാദവേളകളിലും പാട്ട് അന്ന് അനിവാര്യമായിരുന്നു. കാര്‍ഷികവൃത്തി മുഖ്യമായിരുന്ന അക്കാലത്ത് വിതപ്പാട്ട്, ഞാറ്റുപാട്ട്, കളപറിപ്പാട്ട്, കൊയ്ത്ത് പാട്ട്, മെതിപ്പാട്ട്, നെല്ല് കുത്ത് പാട്ട്, അരിയരവുപാട്ട് തുടങ്ങി അന്ന് പണികള്‍ക്കിടയില്‍ ആയാസം മറക്കുവാനായി പാട്ടുകള്‍ പാടിയിരുന്നു. അത് നടേ സൂചിപ്പിച്ചതു പോലെ ദീര്‍ഘകഥാഗാനങ്ങളോ ലഘു സത്യസല്‍ഗാഥകളോ ആയിരുന്നു. വരും തലമുറകള്‍ക്ക് ഓര്‍ക്കാന്‍ പാകത്തില്‍ ആണ് ആ പാട്ടുകള്‍ വാര്‍ന്നു വീണിരുന്നത്. ഒരു കറ്റമെതിപ്പാട്ട് ഒരു സാരോപദേശ ഗാനമാകുന്നത് കാണുക;
‘നിന്നപ്പെറ്റെന്ത് പലം കോമപ്പാ
ആണായ്‌പ്പെറന്നവരുതിക്കയ്യാ!
നിന്നപ്പെറ്റന്നെന്റെ ആങ്ങളാറ്
മട്ടലുതച്ചിറ്റു നാടറിച്ചിനീ
ഇങ്കു തരാനെന്റെ പൊന്നരച്ചു
തായത്തു വെക്കാതെ നോക്കി വന്നു
വണ്ണാനക്കൊണ്ടു തല്യാണ തീര്‍ത്തു
പുള്ളോന്‍ വന്നു നാവേറ് പാടി
ഏതു മലി നിന്ന കലശാടീനി
ഏതോരു മന്ത്രം ചെവിലോതീനി
എന്നിറ്റുമെന്ത് പലം കൊമപ്പാ
ആണല്ലേ നീ പെണ്ണോ മണ്ണോ ചൊല്ലൂ
ഏളേന നോക്കാനിരുന്ന മാളൂ
മാളു നിന്ക്ക് നേര്‍ പെങ്ങളല്ലേ
ഓള ഇളമുറത്തമ്പിരാനും
തോന്നിയവാതതു കാട്ടിയത്
കേട്ടിറ്റുമെന്തേയുളപ്പേയില്ലേ?
പട്ണിപതിനെട്ടങ്ങുണ്ടെന്നാലും
മാനമടിയങ്ങള്‍ വിറ്റതില്ല:
കുത്തി നടക്കുന്നെന്‍ ചൂരലുണ്ട്
കണ്ണി വളയനിച്ചൂരലുണ്ട്
നാടു നടക്കും പടു നായിക്ക്
നാലു കൊട്ടുത്തേയടങ്ങുല്ലു
ഞാന്‍

ഈ ലഘു ഗാനം, തന്റെ മകന്‍ കോമപ്പന്റെ ആണത്തമില്ലായ്മയെ ചൂണ്ടിക്കാട്ടി, മകള്‍ മാളുവിനെ അപമാനിച്ച ഇളമുറത്തമ്പുരാനെ, നടുകൂര്‍ന്നു പോയ വൃദ്ധയായ അമ്മ താന്‍ കുത്തി നടക്കുന്ന ചൂരല്‍വടി കൊണ്ട് ‘നാലു കൊടുക്കാന്‍’ ഇറങ്ങുന്ന ചിത്രമാണ് വരച്ചു വെക്കുന്നത്. ഇതില്‍ ആത്മാഭിമാന ബോധമുണര്‍ത്തലും അന്നത്തെ സാമൂഹികാചാരങ്ങളുടെ തിളക്കവും തെളിഞ്ഞു കാണാം. അന്ന് മരുമക്കത്തായ വ്യവസ്ഥയാണെന്ന സൂചന’നിന്ന പെറ്റന്നെന്റെ ആങ്ങളാറ് മട്ടല് തച്ചിറ്റ് നാടറിയിച്ചിനി’. അച്ഛനല്ല മാമന്മാരാണ് ആണ്‍ കുട്ടി പിറന്നു എന്ന വിളംബരം തെങ്ങോല മടല്‍ നിലത്ത് തല്ലി നാട്ടാരെ അറിയിച്ചത്. ആണാണ് കുട്ടിയെങ്കില്‍ മട്ടല്‍ അടിയും പെണ്ണെങ്കില്‍ കിണ്ണം മുട്ടലുമാണ് പഴയ കാല പതിവ്. തറവാട്ടില്‍ ഒരു പ്രസവം നടന്നാല്‍ വണ്ണാന്‍ സമുദായക്കാരന്‍ കുട്ടിക്ക് നന്നായി തല വെച്ചു കിടക്കാനുള്ള കൊച്ചു തലയിണ – (അതാകട്ടെ ഔഷധ മൂല്യമുള്ളത്) യുമായി ഭവ്യതയോടെ തറവാട്ടിലെത്തും. വാര്‍ത്തയറിഞ്ഞ പുള്ളുവന്‍ ആകട്ടെ ഐശ്വര്യസമൃദ്ധി ഉണ്ടാകാന്‍ വേണ്ടി ആ നാലുകെട്ടിന്റെ തിരുമുറ്റത്ത് ഭാര്യയോടൊപ്പം കുടവും വീണയുമായി വന്നെത്തി പാട്ടവതരിപ്പിക്കും. ഐശ്വര്യസമൃദ്ധി ഉണ്ടാകാന്‍ വേണ്ടി ആ നാലുകെട്ടിന്റെ തിരുമുറ്റത്ത് പ്രതിധ്വനിക്കുന്ന നാട്ടുപുള്ളുവന്റെ പാട്ട് ചേതോഹാരിയാകും.

കൊച്ചു കുഞ്ഞായിരുന്ന അവന്ന് സ്വന്തം പൊന്ന് അരച്ചു ചേര്‍ത്താണ് ‘ഇങ്ക്’ (കുറുക്കിയത്) തന്നിരുന്നത്. എന്നിട്ടും എന്ത് ഫലമുണ്ടായി മകനേ…! സ്വന്തം പെങ്ങളായ മാളുവെ അപമാനിച്ചവനോട് പകരം ചോദിക്കാന്‍ കഴിവില്ലാതായ താന്‍ ഒരാണാണോ? എന്ന ചോദ്യമാണ് വൃദ്ധയായ പെറ്റമ്മ ചോദിക്കുന്നത്. ഈ പാട്ടില്‍ പ്രകടമാകുന്ന സാമൂഹിക, സാമുദായിക വ്യവസ്ഥകളും ആത്മാഭിമാനമാണ് പ്രധാനമെന്ന സന്ദേശവും പഠനാര്‍ഹമാണ്.

ഇതേപോലെ തന്നെ ഇരുപതക്ഷരത്തില്‍ രണ്ടു വരി വടക്കന്‍ ലഘു ഗാനം, ഒരു പഴയ ഗ്രാമ ചിത്രവും ആ നാട്ടിന്റെ ഭൂമിശാസ്തവും സാമൂഹികാവസ്ഥയും വ്യവസ്ഥയും വ്യക്തമാക്കുന്നത് കാണാം. കുന്നുമ്മന്നുണ്ടൊരു ചൂട്ട് കാണ്ന്ന് കുഞ്ഞമ്പൂന്റച്ചനോ? മറ്റാരാനോ?
ഇത് സംസ്‌കൃത ആലങ്കാരികന്മാര്‍ കാവ്യഗുണമായി ഘോഷിക്കുന്ന ധ്വനിയുടെ ഉത്തമോദാഹരണമാണ്. ഇതില്‍ കിട്ടുന്ന ധ്വനികള്‍ ഒന്നല്ല അനേകമാണ്. ഒന്ന്, അത് ഒരു കുന്നോര പ്രദേശമാണ്. രണ്ട്, നേരം രാത്രിയാണ് ‘മൂന്ന് ആ വഴിയില്‍ അനേകം പേര്‍ പോകാറുണ്ട്. ചൂട്ടുകറ്റയും വീശി സഞ്ചരിക്കേണ്ടുന്ന പരിഷ്‌ക്കാരം തീണ്ടാത്ത ഒരു കുന്നോര ഗ്രാമമാണത്. ഇത്രയും ധ്വനികള്‍ നിറഞ്ഞ ഒന്നാന്തരമൊരു വടക്കന്‍ നാട്ടു പാട്ടു ശകലമാണത്.

ക്ലിപ്തമായ ഒരു രചനാകാലമോ, രചയിതാവോ, നിശ്ചിത വ്യവസ്ഥകളോ ഇല്ലാത്തതും തലമുറകളിലൂടെ പാടിപ്പതിഞ്ഞ, വടക്കന്‍ നാട്ടു വ്യവഹാര ഭാഷയില്‍ വാര്‍ന്നു വീണവയാണ് വടക്കന്‍ പാട്ടുകള്‍. എഴുതിയോ അച്ചടിച്ചോ അല്ലാതെ വാങ്മയപ്പകര്‍ച്ചയിലൂടെ പകര്‍ന്നു വന്ന ഈ പാട്ടുകള്‍ നാട്ടു സംഗീതവും നിഷ്‌ക്കളങ്ക കവിതയും ഉള്‍ച്ചേര്‍ന്നതാണ്. വരികള്‍ അനുസ്മരിക്കാനും പാട്ടില്‍ ലയിച്ച് സംതൃപ്തി നേടാനും ഉതകും വിധമാണ് അവയുടെ രചന.’ (1) മലയാള ഭാഷാ ചരിത്രത്തില്‍ തച്ചോളിപ്പാട്ടുകളെ വടക്കന്‍ പാട്ടുകളായി വിവരിച്ചപ്പോള്‍(2) കേരളഭാഷാ സാഹിത്യ ചരിത്രകാരനും ആ വഴിയില്‍ത്തെന്നെയാണ് ചുവടുറപ്പിച്ചത്.’ എന്നാല്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് തന്റെ ‘ഇംഗ്ലീഷ് – മലയാളം നിഘണ്ടുവില്‍ നാടന്‍ പാട്ടുകളെ’ തച്ചോളിപ്പാട്ടുകള്‍ എന്നാണ് വിശേഷിപ്പിച്ചത്. യാഥാര്‍ത്ഥ്യമറിഞ്ഞാല്‍ ഭാഷാ രീതി സൂചിപ്പിക്കുന്നത് പുത്തൂരം പാട്ടുകളാണ് ആദ്യം പിറന്നു വീണതെന്ന് തിരിച്ചറിയാം.’ വടക്കെ മലയാളത്തില്‍ പുരാതന കാലങ്ങളില്‍ വീര ശൗര്യങ്ങള്‍ക്ക് വിളനിലമായിരുന്ന ചില പുരുഷ കേസരികളുടെയും വനിതാ രത്‌നങ്ങളുടേയും അപദാനങ്ങളെ പ്രകീര്‍ത്തനം ചെയ്യുന്ന നാടോടിപ്പാട്ടുകള്‍ ആണ് വടക്കന്‍ പാട്ടുകള്‍ എന്ന് മഹാകവി ഉള്ളൂര്‍ രേഖപ്പെടുത്തുന്നുണ്ട്.(3)

സവിശേഷതകള്‍
ഏതു ഭാഷയുടെയും സാഹിത്യത്തിന്റെയും ശൈശവ സൗന്ദര്യം ഉറങ്ങിക്കിടക്കുന്നത് അതത് ഭാഷയുടെ നാടന്‍ പാട്ടുകളിലാണ്. കഴിഞ്ഞുപോയൊരു കാലത്തെ ഗ്രാമീണ ജനതയുടെ ജീവിതവും സംസ്‌കാരവും നിറപ്പകിട്ടാര്‍ന്ന ചിത്രങ്ങളായി ഇവയില്‍ നിറഞ്ഞുനില്‍ക്കുന്നു.

ഒരു സമൂഹത്തിന്റെ ആത്മഗന്ധവും ഹൃദ്‌സ്പന്ദനവും വിശ്വാസസ്പര്‍ശവും തൊട്ടറിയാന്‍ ഈ പാട്ടുകള്‍ മതിയാകും.(4) ചുണ്ടുകളില്‍ നിന്ന് ചുണ്ടുകളിലേക്ക് പകര്‍ന്നു നല്‍കപ്പെടുന്ന ഇത്തരം പാട്ടുകള്‍ പ്രാചീന മനസ്സുകളുടെ നിസ്സങ്കോചമായ പ്രതിഫലനങ്ങളാണ്.(5) ആഹാരലബ്ധിയിലെ ആഹ്ലാദ വേളയില്‍ ശരീര ചലനങ്ങള്‍ക്കനുസരിച്ച് ഭാഷണാവയവങ്ങള്‍ നടത്തിയ നിയന്ത്രിത സ്വരസഞ്ചയമായിരിക്കണം ഇത്തരം പാട്ടുകളുടെ ഉറവ സ്ഥാനം. ചലനാനുസാരിയായ താളക്രമമാണ് നാടന്‍പാട്ടുകളുടെ ജീവന്‍. അര്‍ത്ഥനിവേദനം ദ്വിതീയ ധര്‍മ്മമേ ആകുന്നുള്ളൂ. വാമൊഴിയിലൂടെ പകര്‍ന്നു വന്നവയാകയാല്‍ സമൂഹത്തിന്റെ വ്യവഹാര ഭാഷയില്‍ വന്നു ചേരുന്നമാറ്റങ്ങള്‍ ഈ പാട്ടുകളിലും കാണാം. അവ കണ്ടെത്തുക എളുപ്പമല്ല. ഇത്തരം പാട്ടുകളുടെ സവിശേഷതകള്‍ ഒറ്റ കേള്‍വിയില്‍ത്തന്നെ തിരിച്ചറിയാം’

1 അവ അജ്ഞാത കര്‍ത്തൃകമാണ്. ആരാണാദ്യമിത് ഉണ്ടാക്കിപ്പാടിയതെന്നതു കണ്ടെത്താനുതകുന്ന ലക്ഷ്യലക്ഷണങ്ങള്‍ ഒന്നും ഇവയില്‍ ലഭ്യമല്ല. വാസനാ വൈഭവവും സങ്കല്പശക്തിയുമുള്ള ഏതെങ്കിലും ഒരു ഗ്രാമീണ ഹൃദയമാകാം ഇത്തരം പാട്ടിന്റെ ഉറവിടം. പാട്ട് പടരുന്നതോടെ പാട്ടുകെട്ടിയ വ്യക്തി വിസ്മരിക്കപ്പെടുന്നു. പാട്ടാകട്ടെ പല കൈമറിഞ്ഞ് പലപ്പോഴും ചിലരുടെ വാസനാബലത്തില്‍ പുതു പദ സമൃദ്ധമായി മാറുകയും ചെയ്യും.

2. അവ്യവസ്ഥിതം ഓരോ വരിയിലും ഇത്ര അക്ഷരമെന്നോ അക്ഷരങ്ങള്‍ക്ക് ഗുരു, ലഘു എന്നിങ്ങനെ വേര്‍തിരിവോ ആയ വ്യവസ്ഥ പാലിക്കപ്പെടുന്നില്ല. പലപ്പൊഴും ലഘുവക്ഷരങ്ങളെ പാടി നീട്ടി ഗുരുവാക്കുന്ന പ്രവണത സംദൃശ്യമാണ്.

3. വാങ് മാത്രപ്രസാരണം
ഈ പാട്ടുകള്‍ എഴുതി വെക്കുന്ന പതിവില്ലായിരുന്നു. ഒരാള്‍ പാടുന്നത് മറ്റൊരാള്‍ കേട്ടു പാടുകയും മൂന്നാമനും നാലാമനും ഹൃദിസ്ഥമാക്കി പാട്ട് പരക്കെ പ്രിയതരമാകയും ചെയ്യുന്ന ശൈലിയാണിതിന്. അതായത് കേട്ടു പാടി പരക്കുന്ന രീതിയെ വാങ്മാത്രപ്രസാരണ രീതി എന്നു പറയാം.

4. ഒരുക്കു ശീലുകള്‍
വാമൊഴി വഴക്കത്തിലൂടെ മാത്രം പാട്ട് നിലനിന്നു വരാന്‍ ഉപകരിക്കുന്ന ഒരു തന്ത്രമാണ് ഒരുക്കു ശീലുകളുടെ വിന്യാസം. വിവരണം ഹൃദയഹാരിയാക്കാന്‍ ഒരു സംഭവത്തെയോ ചടങ്ങുകളേയോ ഒരാള്‍ ചൊന്ന കഠിന വാക്കിനെയോ ദീര്‍ഘകഥാ ഗാനത്തിന്നിടയിലിടയില്‍ ഒരേ വരി തന്നെയായി ഒരുക്കിവെക്കുന്ന രീതിയാണിത്

ഉദാ: ‘ഒന്നുണ്ട് കേള്‍ക്കണം നേരാങ്ങളേ എണ്ണിപ്പതിനാറ് വയസ്സ് നിനക്ക് അടച്ചൊരു വാതിലു തൊറന്നതില്ല, തൊറന്നൊരു വാതിലടച്ചതില്ല, കെട്ടുന്നൊരോല വലിച്ചെടുത്തു മുട്ടൊപ്പിച്ചോല മുറിച്ചോളുന്ന് വക്കു വാര്‍ന്നോല കുറുവെക്കൊണ്ടു ഓലത്തലക്കലൊരൊപ്പും തൊട്ടു’ – ഇത്തരം വരികള്‍ പാട്ടില്‍ ഇടയ്ക്കിടെ ഒരാള്‍ മാറ്റൊരാളോട് പറയുന്ന മട്ടില്‍ ആവര്‍ത്തിക്കുന്നത് വടക്കന്‍ പാട്ടില്‍ സാധാരണമാണ്. നിരക്ഷരരായ ഇവര്‍ക്ക് കഥ നിറഞ്ഞ മനസ്സില്‍ ഇത്തരം ഒരുക്കു ശീലുകള്‍ വലിയ ഒരളവോളം സംഭവ പൂര്‍ത്തീകരണം സാധ്യമാക്കാന്‍ സഹായകമാകുന്നു. ഓര്‍ത്തു വെക്കാനും പുനരവതരിപ്പിക്കാനും ഈ തന്ത്രം ഉപകാരപ്പെടുന്നു.

5. പദാവര്‍ത്തനവും പാദാവര്‍ത്തനവും അനുസ്മരിച്ചു പാടുവാന്‍ പാട്ടുകാര്‍ സ്വീകരിക്കുന്ന മറ്റൊരു വഴിയാണ് ഇത്. കഥാഗാനത്തിന്റെ ഒഴുക്കു നിലക്കാതിരിക്കാന്‍ ചിലപദങ്ങളോ ചിലപ്പോള്‍ വരികള്‍ തന്നെയോ ഇവര്‍ ആവര്‍ത്തിക്കുക പതിവാണ്.
ഉദാ: വിളിച്ച വിളി കേട്ടു ചേകവരും ഒട്ടും പതറാതെ ചോദിക്കുന്നു.

– ആ വാക്ക് കേള്‍ക്കുന്നു കുഞ്ഞിക്കുങ്കി
വാക്ക് വിയക്കുന്നു കുഞ്ഞിക്കുങ്കി’
ഒന്നോടിയൊന്നു നടന്നവനും
നേരെ കിഴക്ക് വഴിയും ചാരി
പേടിക്കവേണ്ട ഭയപ്പെടണ്ടാ
‘കണ്ടിറ്റും നോക്കീട്ടും കണ്ണുകയച്ചു
കൊല്ലും കൊലക്കും മടിക്കൂല ഞാന്‍. ഈ വിധത്തില്‍ അര്‍ത്ഥഗ്രഹണം അയത്‌നമാക്കുവാന്‍ സമാനാര്‍ത്ഥ പദങ്ങള്‍ സന്നിവേശിപ്പിക്കാന്‍ ഗാഥാക്കള്‍ സമര്‍ത്ഥരാണ്.
ഒന്നാം, രണ്ടാം, മൂന്നാം എന്ന വിധം സംഖ്യാനാമാവര്‍ത്തനത്തിലൂടെ കുട്ടിക്കഥപ്പാട്ടുകളും വിനോദപ്പാട്ടുകളും പാടുന്നതുപോലെ ഒരേ വരികള്‍ തന്നെ ദീര്‍ഘകഥാഗനങ്ങള്‍ക്കിടയില്‍ ആവര്‍ത്തിച്ച് പാട്ട് പൂര്‍ത്തീകരിക്കുന്ന പതിവും ഇതിനുണ്ട് മുരിക്കഞ്ചേരി കേളു എന്ന വടക്കന്‍ പാട്ടുകഥയില്‍ ആവര്‍ത്തിച്ചു വരുന്ന വരികള്‍ നോക്കുക.
‘തമ്പുരാന്‍ തൃക്കയ്യാന്‍ തന്ന താക്കോല്
തമ്പുരാന്‍ തൃക്കയ്യാല്‍ വാങ്ങവേണം
…………………………………………………..
പാക്കെടുക്കും കാലം പാക്കെടുത്തു
തോക്കെടുക്കും കാലം തോക്കെടുത്തു.
…………………………………………
ഓല പോന്നാട്ടിലന്നോ ല്യയച്ചു
ആളുപോന്നാട്ടിലന്നാള്യയച്ചു
വടക്കന്‍പാട്ടുകളുടെ പൊതുസ്വഭാവമായി ഇപ്പറഞ്ഞ സവിശേഷതകളെ കണക്കാക്കാം.

കല്ലറയ്ക്കു മുന്നില്‍ കൊളുത്തിയ ദീപം

കാലനിര്‍ണ്ണയം
എണ്ണത്തില്‍ ഏറെയുള്ള ഈ പാട്ടുകളത്രയും ഏക കാലത്തുണ്ടായവയല്ല. ഭാഷാരീതിയും സാമൂഹികാചാരപരാമര്‍ശങ്ങളും അടിസ്ഥാനമാക്കി ചിന്തിച്ചാല്‍ ഏറ്റവും പ്രാചീനമായത് പുത്തൂരം പാട്ടുകളാണ്. ഇതിനെ അനുകരിച്ചു കൊണ്ടാണ് ബഹുഭൂരിപക്ഷം വടക്കന്‍ പാട്ടുകളും പിന്നീട് പിറന്നു വന്നത്. പുത്തരിയങ്കത്തിന് പുറപ്പെടുന്ന ചേകവര്‍ അനുജനോട് പറയുന്ന വംശചരിത്രമിങ്ങനെയാണ്

‘നമ്മുടെ പണ്ടത്തെ കാരണോന്മാര്‍
അങ്കം പിടിച്ചു ജയിച്ചു വന്നു.
മുന്നൂറ്ററുപത്തെട്ടു വര്‍ഷമായി
അന്നു തൊട്ടിന്നേവരേക്കു മുണ്ണീ
ചേരമാന്‍ പെരുമാളു തമ്പുരാനും
ഓലയെഴുതിയയച്ചിതല്ലേ
മലയാളപ്പെരുമാളെ കല്‍പ്പനയാല്‍
ഇഴുവത്തു നാട്ടുന്ന് വന്നോരാണേ.’

പെരുമാള്‍ വാഴ്ച കേരളത്തില്‍ അവസാനിച്ചത് ക്രി.വ. 865-ല്‍ ആണെന്ന അഭിപ്രായമാണ് ചരിത്രകാരന്മാര്‍ക്ക്’ പുത്തൂരം ആരോമല്‍ ചേകവരുടെ കാലം ഒമ്പതാം നൂറ്റാണ്ടിനുശേഷം 368 വര്‍ഷം കഴിഞ്ഞാണെന്ന്(6) അച്ച്യുതമേനോന്‍ അനുമാനിക്കുന്നു.

നാട്ടുരാജ്യങ്ങളായി കേരളം പല നാടുവാഴികളുടെയും കൈകളിലെത്തുന്നത് പെരുമാള്‍ വാഴ്ചയ്ക്ക് ശേഷമാണ്. പെരുമാള്‍മാരുടെ ഭരണ ശേഷം ബ്രിട്ടീഷുകാര്‍ ഏകീകൃതവ്യവസ്ഥ കൊണ്ടുവന്ന കാലയളവിലാണ് നാടന്‍ പാട്ടുകളുടെ പിറവിയെന്ന് പൊതുവേ അനുമാനിക്കാം. ലഭ്യമായ സൂചനകളില്‍ നിന്ന് നാടന്‍ പാട്ടുകളുടെ കാലം പത്തുംപതിനേഴും ശതകങ്ങള്‍ക്കുള്ളിലാണെന്ന് ഉറപ്പിച്ചു പറയാം.

നാടന്‍ പാട്ടുകളുടെ ധര്‍മ്മവും പ്രസക്തിയും
ഒരു കാലഘട്ടത്തിലെ ജനതയുടെ വികാര വിചാരങ്ങളും ആശാനിരാശകളും സാമൂഹികാചാരങ്ങളും സര്‍വ്വോപരി ജീവിത സംസ്‌കൃതിയെയും വരച്ചുകാട്ടുന്നവയാണ് ബഹുഭൂരിപക്ഷം വടക്കന്‍പാട്ടുകളും. രാമചരിതം, തിരുനിഴല്‍മാല തുടങ്ങിയ പാട്ടുകാവ്യങ്ങള്‍ക്ക് അടിവളമായി നിന്ന ഇവയാന്നെന്നു കാണാം. ചരിത്രപുസ്തകത്താളുകളില്‍ കാണാന്‍ കഴിയാത്ത പ്രാചീന മനുഷ്യന്റെ മറയില്ലാത്ത ജീവിതവും വിശ്വാസപ്രമാണങ്ങളും ഇവയില്‍ പ്രതിഫലിക്കുന്നുണ്ട്. ഒറ്റയായും കൂട്ടമായും ഇരട്ടയായും വലിപ്പച്ചെറുപ്പമോ ജാതിഭേദമോ ഇല്ലാതെ പാടി വന്ന ഈ പാട്ടുകള്‍ക്ക് ഉദാത്തമായ ധര്‍മ്മങ്ങളാണ് അനുഷ്ഠിക്കാനുണ്ടായത്. സമൂഹം പാലിക്കേണ്ട ആചാര മര്യാദകള്‍, ദാമ്പത്യ ജീവിത വിജയ വഴികള്‍, നിരര്‍ത്ഥകമായ ജാത്യാചാര ചിന്തകള്‍ക്കെതിരെയുള്ള പ്രതികരണങ്ങള്‍ എന്നിവയെല്ലാം ഇതില്‍ മുഴങ്ങിക്കേള്‍ക്കാം.
കോലോത്തെ മിറ്റത്തും ചൂര്യനുണ്ട്
ചാളേരെ മിറ്റത്തും ചൂര്യനുണ്ട്
കേക്കുന്നുദിക്കുന്ന തമ്പുരാന്
വേറിട്ട ഭേദങ്ങളേതുമില്ല

എന്ന വിധം സമൂര്‍ത്ത ഉദാഹരണങ്ങള്‍ സഹിതമാണ് ഉദ്‌ബോധനങ്ങള്‍. അക്ഷരജ്ഞാനമില്ലാത്ത ഗ്രാമീണ ജനതയ്ക്കുള്ള അനൗപചാരികവിദ്യാഭ്യാസ ധര്‍മ്മം നിര്‍വഹിച്ചത് ഇത്തരം പാട്ടുകളായിരുന്നു.

ഏതൊരു നാട്ടുപാട്ടിന്നും സുവ്യക്തമായ ഒരു ജനനോദ്ദേശ്യമുണ്ടാകുമെന്ന് ആരാഞ്ഞറിയാന്‍ സാധിക്കും. മാറി വന്ന സംസ്‌കാരത്തിന്നും ജീവിത വ്യവസ്ഥിതിക്കും അത് കണ്ടെത്തുക ക്ലേശകരമാകാം. എന്നാല്‍ ആ പാട്ട് പിറവികൊണ്ട കാലത്തെ ജനമനസ്സിന്റെ നിര്‍ദ്ധാരണം കൊണ്ടു മാത്രം ഇത് സുസാധ്യമാക്കാം. പ്രസിദ്ധങ്ങളായ വലിയ ആരോമല്‍ ചേകവര്‍ പാട്ട്, ചെറിയ ആരോമലുണ്ണി പാട്ടുകഥ, ആറ്റുമ്മണമ്മേല്‍ ഉണ്ണിയാര്‍ച്ച, മുരിക്കഞ്ചേരി കേളു, പുത്തൂരം കണ്ണപ്പച്ചേകവര്‍, തച്ചോളി ഒതേനന്‍, തച്ചോളികുഞ്ഞിച്ചന്തു, കപ്പുള്ളി പാലാട്ടു കോമന്‍നായര്‍, കുടര്‍മാല കുങ്കി, തെക്കെന്തിനാര്‍ വീട്ടില്‍ കേളു മൂപ്പന്‍, കരും പറമ്പില്‍ കണ്ണന്‍, പൊന്നാപുരം കേളു മൂപ്പന്‍, കറുത്തേനിടം കുഞ്ഞിക്കുന്നി,നടുവട്ടം പൂങ്കാവില്‍ അമ്പുച്ചെട്ടി, തുടങ്ങിയ അനേകം പാട്ടുകളെ വിശകലന വിധേയമാക്കിയാല്‍ തെളിയുന്ന ഉദ്ദേശ്യങ്ങള്‍ സുവ്യക്തമാണ്.

കേളുനായര്‍ നിര്‍മ്മിച്ച അഴീക്കോട്ടെ വന്‍കുളം

ഇപ്പറഞ്ഞ വടക്കന്‍പാട്ടുകളില്‍ മാലയില്‍ നൂലെന്ന പൊലെ സമകാലിക സാമൂഹിക, സാമുദായിക വ്യവസ്ഥ, അതിഥി സല്‍ക്കാര വിധികള്‍, വിശ്വാസാനുഷ്ഠാന സംവിധാനങ്ങള്‍ എന്നിവ പ്രകടമാണ്. അക്കാലത്തെ അയിത്തമെന്ന ദുരാചരണം, തിരുവിതാംകൂറില്‍ നിലനിന്ന് പോന്ന മണ്ണാപ്പേടി, പുലപ്പേടി, എന്നതു പോലെ കോലത്തു നാട്ടില്‍ (മലബാര്‍ പ്രദേശങ്ങളില്‍), സാര്‍വ്വത്രികമായി നിലവിലുണ്ടായിരുന്ന ഉച്ചാരന്‍ പഴുക്കയേറ് എന്ന സമൂഹ വിപത്ത് എന്നിവ ഇവയില്‍ ഇടം പിടിച്ചിട്ടുണ്ട്. അന്ന് അതിഥികള്‍ക്ക് വലിയ ബഹുമാനം കല്പിച്ചിരുന്നു. സംഭാരം (മോര് വെള്ളം) കരിക്ക് നീര്‍ എന്നിവയാണ് വിരുന്നുകാര്‍ക്കേകിയ പാനീയങ്ങള്‍. നാടുവാഴിരാജാക്കള്‍ക്കു വേണ്ടി ചേകവന്മാര്‍ അങ്കം വെട്ടി കൊല്ലാനും ചാകാനും വിധിക്കപ്പെട്ടിരുന്നു. ഉണ്ണിയാര്‍ച്ചയെപ്പോലെ, കരിമ്പറമ്പില്‍ കന്നിയെപ്പോലെ അമാന്യരായ ആണുങ്ങളെ മെയ്ക്കരുത്തുകൊണ്ടും വാള്‍ക്കരുത്തു കൊണ്ടും സ്ത്രീകള്‍ ചെറുത്തു നിന്നിരുന്നു.

പെണ്‍കൊതിയന്മാരായ നായകന്മാര്‍ ഏത് പ്രകാരത്തിലും ആഗ്രഹ പൂര്‍ത്തീകരണത്തിന് വഴി കണ്ടെത്തുന്നതും അതുമൂലം ഉണ്ടാകുന്ന അപകടങ്ങളെ സധൈര്യം നേരിടുന്നതും ചിലവയുടെ ഇതിവൃത്തമാകുന്നു. ചിറക്കല്‍ ടി.ബാലകൃഷ്ണന്‍ നായര്‍ (7) സൂചിപ്പിച്ചതു പോലെ ആ കാലത്തിനുനേരേ പിടിച്ച കണ്ണാടിയാണ് വടക്കന്‍ പാട്ടുകള്‍’

പാട്ടുകള്‍ക്ക് കാവ്യഭംഗിയും സംഗീത മധുരിമയും ഉള്‍ച്ചേര്‍ന്നതിനാല്‍ അത് മനോമുകുരത്തില്‍ പ്രതിബിംബിക്കുന്നതിനും അനായാസമായി അനുസ്മൃതിയിലൂടെ പാടിയുണര്‍ത്താനും നിരക്ഷരരായ നാടന്‍ പാട്ടുകാരികള്‍ക്ക് സഹായകമാകുന്നു. അതുകൊണ്ടു തന്നെ നായക സ്തുതിയാണ് ഇതിവൃത്തമെങ്കിലും നാട്ടു ചരിതം ഉള്ളതിനാല്‍ നാടന്‍ പാട്ടുകാരികള്‍ ചരിത്രം പാടി സുക്ഷിക്കുന്നവരാണ് എന്ന് നാം അഭിമാനപൂര്‍വ്വം ഇവരെ അനുസ്മരിക്കേണ്ടതാണ്.

ഗ്രന്ഥസൂചി
1. മലയാള ഭാഷാ ചരിത്രം(പുറം 37)
പി. ഗോവിന്ദപ്പിള്ള
2. കേരള ഭാഷാ സാഹിത്യ ചരിത്രം( 49)
ആര്‍. നാരായണപ്പണിക്കര്‍
3. മലയാള സാഹിത്യ ചരിത്രം (247)
ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
4. Folk osngs& Classical Songs (p.17)
-വിജയരാഘവന്‍ സി
5 . Primitive osngs (p.86) C M .Boura
6 . Ballards of northmalabar(p.64) Achutha Menon.C
7.തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ (p 57)
ചിറക്കല്‍ ടി.ബാലകൃഷ്ണന്‍ നായര്‍

Tags: വടക്കന്‍ പാട്ടുകള്‍നാടന്‍ പാട്ടുകള്‍തച്ചോളികേളു നായര്‍മുരിക്കന്‍ ചേരി
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies