അമിതമായ രാഷ്ട്രീയവല്‍ക്കരണവും തീവ്രവാദ സംഘടനകളുടെ സ്വാധീനവും സഹസ്രാബ്ദങ്ങളായുള്ള കേരളത്തിന്റെ മാനവികതയെയും സംസ്‌കാരത്തെയും മാറ്റിമറിക്കുന്നു. കേരളത്തിലെ സാമൂഹിക സാംസ്‌കാരിക നേതാക്കളും എഴുത്തുകാരും ബുദ്ധിജീവികളും അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനത്തിനും അതിശക്തമായ ഇടപെടലിനും തയ്യാറായില്ലെങ്കില്‍ കേരളം മറ്റൊരു തലത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.
എന്തിനെയും സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും കണ്ടിരുന്ന കേരളീയ സമൂഹം എങ്ങനെയാണ് ഇത്രപൊടുന്നനെ ആക്രമണോത്സുകരാകുന്നതെന്നും ആരെയും കൊല്ലാന്‍ മടിയില്ലാത്തവരാകുന്നതെന്നും പരിശോധിക്കുകയും പഠിക്കുകയും തിരുത്തുകയും ചെയ്യാനുള്ള സമയമായിരിക്കുന്നു. സ്വദേശത്തു നിന്നായാലും വിദേശത്തു നിന്നായാലും വരുന്നവരെ മാന്യതയോടെയും മഹാമനസ്‌കതയോടെയും സ്വീകരിച്ചിരുന്ന മലയാളികള്‍ എങ്ങനെയാണ് ഇങ്ങനെ മാറുന്നത്. കടന്നുവരുന്ന ആരെയും സംശയദൃഷ്ടിയോടെ കാണുകയും ചോദിക്കുകയോ പറയുകയോ അറിയുകയോ ചെയ്യുന്നതിന് മുമ്പ് കൈ ഉയര്‍ത്താനും ആക്രമിക്കാനും ഒരുമ്പെടാനുള്ള മന:സ്ഥിതി നമുക്ക് എവിടെ നിന്ന് കിട്ടി. ആ തരത്തിലുള്ള ഒരു മനഃപരിവര്‍ത്തനത്തിലേക്ക് മലയാളി മാറാനുള്ള ചേതോവികാരം എന്താണ്.
പാലക്കാട് ജില്ലയിലെ കിഴക്ക് അട്ടപ്പള്ളത്ത് രാംനാരായണ ഭയ്യാര്‍ എന്ന യുവാവ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ച സംഭവം കേരളത്തിന്റെ ഈ മാറിയ മനോഭാവത്തിന്റെ വ്യക്തമായ സൂചനയാണ്. ബംഗാളില്‍ നിന്ന് അവരുടെ ഗള്‍ഫ് എന്ന് കരുതപ്പെടുന്ന കേരളത്തിലേക്ക് ആളുകള്‍ തൊഴില്‍ അന്വേഷിച്ചു വരുന്നത് സാധാരണ സംഭവമാണ്. ദേശീയ ശരാശരിയെക്കാള്‍ ഇരട്ടിയിലേറെ കൂലി കിട്ടുന്ന കേരളത്തില്‍ ഒരു നിര്‍മ്മാണ തൊഴിലാളിക്ക് ആയിരം രൂപയെങ്കിലും കുറഞ്ഞ കൂലിയായി കിട്ടുന്നു. അധികസമയം നിന്നും കൂടുതല്‍ പണിയെടുത്തും എങ്ങനെയും കൂടുതല്‍ പണം സമാഹരിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. നേരത്തെ തമിഴ്‌നാട്ടില്‍ നിന്നും ഇതേപോലെ തന്നെ തൊഴിലാളികള്‍ എത്തിയിരുന്നു. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള എല്ലാ സ്ഥലങ്ങളിലും ഉന്തുവണ്ടിയില്‍ വസ്ത്രങ്ങള്‍ തേക്കാനും മറ്റും വന്നിരുന്നത് തമിഴന്മാരായിരുന്നു. മുഷിപ്പുള്ള പണിയൊന്നും ചെയ്യാന്‍ തയ്യാറാകാത്ത മലയാളി ചീട്ടുകളിച്ചും മറ്റു കലാപരിപാടികളിലൂടെയും സമയം കൊല്ലുമ്പോള്‍ ഇത്തരം തൊഴിലാളികള്‍ കേരളത്തില്‍ നിന്ന് വന്‍തോതില്‍ പണം സമാഹരിച്ച് അവരുടെ ജീവിതം സുരക്ഷിതമാക്കുകയായിരുന്നു. ബീഹാറില്‍ ഒരു ഗ്രാമത്തില്‍ തിരഞ്ഞെടുപ്പ് കവര്‍ ചെയ്യാന്‍ പോയ റിപ്പോര്‍ട്ടര്‍ കണ്ണൂര്‍ ജില്ലയിലെ ഏതോ ഒരു ക്ഷേത്രത്തിലെ അമ്മ ആ വീടിന്റെ ഐശ്വര്യം എന്ന് ഒരു ഗ്രാമം മുഴുവന്‍ ബോര്‍ഡ് വെച്ചിരുന്നത് റിപ്പോര്‍ട്ട് ചെയ്തത് ഓര്‍മ്മിക്കുന്നു. ഉയര്‍ന്ന കൂലിയും തൊഴില്‍ സുരക്ഷിതത്വവും റേഷന്‍ കാര്‍ഡും, വോട്ട് ബാങ്ക് ആയി കണക്കാക്കുന്നതുകൊണ്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്തു കൊടുക്കുന്ന ആനുകൂല്യങ്ങളാണ് ബംഗാളികളും ഒറീസക്കാരും ആസാമികളും അടക്കം നൂറുകണക്കിന് തൊഴിലാളികള്‍ ഇവിടേക്ക് വരുന്നതിനു കാരണം. വിവേക് എക്‌സ്പ്രസ്സിലെ മുഴുവന്‍ കോച്ചുകളും ഇത്തരം തൊഴിലാളികള്‍ കയ്യേറി വരുന്നതും റിസര്‍വേഷന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും റിസര്‍വേഷന്‍ ഉള്ളവരെ അവഗണിച്ചും കൈവശപ്പെടുത്തുന്നത് തീവണ്ടിയില്‍ സ്ഥിരം വാര്‍ത്തയും സംഘര്‍ഷവുമാണ്.
രാംനാരായണ ഭയ്യാര്‍ പാലക്കാട് എത്തിയതിന്റെ നാലാം ദിവസമാണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് മരിച്ചത്. കഞ്ചിക്കോട്ട് ഒരു സ്ഥാപനത്തിലാണ് ജോലിക്ക് എത്തിയത്. കിട്ടിയ കൂലി പൈസയുമായി താമസസ്ഥലത്തുനിന്ന് ഇറങ്ങി മദ്യപിച്ച് കടയോരങ്ങളിലും മറ്റും കിടന്നശേഷമാണ് അട്ടപ്പള്ളത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥലത്തെത്തിയത്. അവിടെ വീടിനും കടകള്‍ക്കും അടുത്ത് രാംനാരായണനെ കണ്ടപ്പോള്‍ കഴിഞ്ഞ ദിവസം നടന്ന മോഷണശ്രമവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചത്. അയാളുടെ കയ്യില്‍ മോഷണ വസ്തുക്കള്‍ ഒന്നും ഉണ്ടായിരുന്നില്ല. മര്‍ദ്ദനമേറ്റ് കുഴഞ്ഞുവീണ് രാംനാരായണനെ ഒരു സ്വകാര്യ ആംബുലന്‍സില്‍ ഒടുവില്‍ നാട്ടുകാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഒറ്റ പോലീസ് ഉദ്യോഗസ്ഥന്‍ പോലും ആംബുലന്‍സില്‍ കയറി ഇയാളെ കൊണ്ടുപോകാന്‍ തയ്യാറായില്ല നാട്ടുകാര്‍ തന്നെയാണ് കൊണ്ടുപോയത്. ഇവിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെയും ആഭ്യന്തരവകുപ്പിന്റെയും വീഴ്ച ആരംഭിക്കുന്നത്.
പാലക്കാട് ഈ തരത്തില്‍ ആള്‍ക്കൂട്ടക്കൊല നടക്കുന്നത് ആദ്യമായല്ല. നേരത്തെ ഒരുകിലോ അരി മോഷ്ടിച്ചു എന്ന് പറഞ്ഞ് വനവാസി യുവാവായ മധുവിനെ ഇതേ രീതിയില്‍ തന്നെയാണ് തല്ലിക്കൊന്നത്. ആ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ നടത്തിയ സമ്മര്‍ദ്ദവും ഇടപെടലുകളും കേരളത്തിലെ പൊതുസമൂഹത്തിന്റെ മുന്നിലുണ്ട്. മധുവിന്റെ കാര്യത്തിലായാലും രാംനാരായണന്റെ കാര്യത്തില്‍ ആയാലും എന്തുകൊണ്ട് ആള്‍ക്കൂട്ടം ഇങ്ങനെ പ്രതികരിക്കുന്നു എന്ന കാര്യത്തിലല്ലേ ചര്‍ച്ചയും പരിഹാരവും വേണ്ടത്. മലപ്പുറം ജില്ലയില്‍ ജിഹാദികള്‍ നടത്തിയ വാട്‌സ്ആപ്പ് ഹര്‍ത്താലില്‍ ഇതര മതസ്ഥരെ മുഴുവന്‍ മതം ചോദിച്ചു വഴിയില്‍ തടഞ്ഞ സംഭവം ഉണ്ടായി. ആശുപത്രിയില്‍ പോകാനുള്ള ഗര്‍ഭിണികള്‍ അടക്കം വഴിയില്‍ കുടുങ്ങിയ സംഭവം അന്ന് വിവാദമായിരുന്നു. പക്ഷേ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാക്കളും അതിനെ അപലപിച്ച് രംഗത്ത് വന്നില്ല. മലപ്പുറം ജില്ലയില്‍ റംസാന്‍ നോമ്പ് സമയത്ത് ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തതും നോമ്പെടുക്കാത്തവര്‍ വെള്ളം കുടിക്കേണ്ട എന്ന നിലപാടോടെ ജ്യൂസുകടകള്‍ അടക്കം അടച്ചിടുന്നതും തങ്ങളുടെ മതത്തിന് ഇഷ്ടമല്ലാത്തതുകൊണ്ട് സിനിമ തീയേറ്ററുകള്‍ കത്തിച്ചതും കള്ള് ഷാപ്പുകള്‍ കത്തിച്ചതും 90 കള്‍ മുതലുള്ള പ്രത്യേകതയാണ്. കഥകളി പഠിച്ച സദനം റഷീദിന്റെ വീട്ടുകാരെ ഉപദ്രവിച്ചതും ഉന്തുവണ്ടി പച്ചക്കറിക്കട നശിപ്പിച്ചതും മുതല്‍ കലാരൂപങ്ങള്‍ പഠിക്കുന്ന ഇസ്ലാം മതവിശ്വാസികളെ പീഡിപ്പിക്കുന്നതും പതിവാണ്.
ലോകം മുഴുവന്‍ ജൂതന്മാരെ വംശഹത്യ നടത്തിയപ്പോള്‍ അവര്‍ക്ക് അഭയം നല്‍കിയത് ഭാരതമായിരുന്നു. കേരളത്തിലെ മട്ടാഞ്ചേരിയിലും തൃശ്ശൂരിലെ മാളയിലും ജൂതതെരുവുകള്‍ ഉണ്ടായിരുന്നു. അന്നത്തെപ്പോലെ ഇന്ന് ജൂത മതക്കാര്‍ക്ക് കേരളത്തില്‍ വന്ന് താമസിക്കാന്‍ കഴിയുമോ? സമുദായഘടനയില്‍ വരുന്ന മാറ്റം മാത്രമല്ല വോട്ട് ബാങ്കിന്റെ രാഷ്ട്രീയവും ഇതിനകത്ത് പ്രധാന പങ്കുവഹിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ജീവജാലങ്ങളുടെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നത് സാധാരണ ശവംതീനികളായ കഴുകന്മാര്‍ മാത്രമാണ്. അട്ടപ്പള്ളത്തെ സംഭവത്തില്‍ ഈ രീതിയില്‍ പ്രതികരിച്ചത് സംസ്ഥാന എക്‌സൈസ് മന്ത്രി രാജേഷ് ആണ്. കൊലപാതകത്തിന് ഉത്തരവാദി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് അദ്ദേഹം പ്രസ്താവന ഇറക്കി. ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മന്ത്രി വസ്തുതാവിരുദ്ധമായി ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നത് ശരിയാണോ?
നേരത്തെ നടന്ന ഒരു മോഷണത്തിന്റെ പേരില്‍ ഇതര സംസ്ഥാന തൊഴിലാളികളെ സംശയിച്ചിരുന്ന നാട്ടുകാര്‍ രാമനാരായണനെ ചോദ്യം ചെയ്യുകയായിരുന്നു. അയാളുടെ ബംഗാളി ഭാഷ നാട്ടുകാര്‍ക്കും നാട്ടുകാരുടെ മലയാളം അയാള്‍ക്കും മനസ്സിലാകാതെ വന്നപ്പോള്‍ മര്‍ദ്ദനത്തിലേക്ക് ആള്‍ക്കൂട്ടം നീങ്ങുകയായിരുന്നു. ഏഴുപേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ നാലാം പ്രതിയായ ആനന്ദന്‍ സിപിഎമ്മിന്റെ മുന്‍ സെക്രട്ടറിയും ഇപ്പോള്‍ കിഴക്കേ അട്ടപ്പള്ളം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. മാത്രമല്ല, സിഐടിയുവിന്റെ കാര്‍ഡ് ഉള്ള തൊഴിലാളിയുമാണ്. ആനന്ദന്‍ സിപിഎം അല്ലെന്നോ സിഐടിയു അല്ലെന്നോ തെളിയിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ മന്ത്രി രാജേഷിനെ വെല്ലുവിളിച്ചു. മന്ത്രിയോടൊപ്പം ഡിസിസി പ്രസിഡണ്ടും ഈ ആരോപണവുമായി രംഗത്തു വന്നിരുന്നു. രാംനാരായണനെ മര്‍ദ്ദിക്കാന്‍ ആഹ്വാനം ചെയ്തത് കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് അംഗമാണ്. അറസ്റ്റിലായ വിനോദ് കുമാര്‍, ജഗദീഷ് കുമാര്‍ എന്നിവര്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളാണ്. സംഭവസ്ഥലത്തുനിന്ന് പോലീസ് പിടിച്ചുകൊണ്ടു പോയവരെ ഇറക്കിക്കൊണ്ടു വന്നതും ഒരു കോണ്‍ഗ്രസ് നേതാവാണ്. സംഭവം നടന്ന സ്ഥലവും പോലീസ് സ്റ്റേഷനും തമ്മില്‍ അധിക ദൂരം ഇല്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് സംഭവ സ്ഥലത്ത് എത്തി ഇയാളെ രക്ഷിക്കാന്‍ പോലീസിന് കഴിയാതിരുന്നത് എന്ന കാര്യം ആലോചിക്കേണ്ടതാണ്.
കേരളത്തില്‍ ബിജെപി രണ്ടു മുന്നണികളെയും അതിജീവിച്ച് വിജയത്തിലേക്ക് കടന്നുകയറാന്‍ തുടങ്ങിയപ്പോഴാണ് ഈ തരത്തില്‍ ഉള്ള വ്യാഖ്യാനങ്ങളും ഭാഷ്യങ്ങളും ഉണ്ടാകുന്നത്. നേരത്തെ ആര്‍എസ്എസും ബിജെപിയും ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന് ശക്തമായി പ്രചരിപ്പിച്ചിരുന്നു. പ്രൊഫ. ഒ.എം. മാത്യുവും ഡോ. സി.ഐ. ഐസക്കും ഡോ. റേച്ചല്‍ മത്തായിയും ജോര്‍ജ് കുര്യനും അടക്കം നിരവധി ക്രൈസ്തവര്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലും ബിജെപിയിലും നേതൃപദവിയില്‍ എത്തിയപ്പോഴും സിപിഎമ്മിന്റെ പ്രചരണം തുടരുകയായിരുന്നു. രാഷ്ട്രത്തിന്റെ പുരോഗതി മാത്രം ലക്ഷ്യമിട്ട് കൊണ്ടുവരുന്ന നിയമങ്ങളിലും ഭേദഗതികളിലും ഒക്കെതന്നെ ഇടതുപക്ഷവും രാഷ്ട്രവിരുദ്ധ ശക്തികളും ലക്ഷ്യമിടുന്നത് ആര്‍എസ്എസ്-ബിജെപി വിരുദ്ധത മാത്രമാണ്. ഇത് രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രമുള്ള ശ്രമമാണ്.
കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ജീവിതത്തില്‍ ഉണ്ടാകുന്ന പരിവര്‍ത്തനവും നഷ്ടമാകുന്ന മതസൗഹാര്‍ദ്ദവും ഇതര മതങ്ങളോടുള്ള ആദരവും കാര്യമായി പഠിച്ച് പരിഹരിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസത്തില്‍ ഉണ്ടായിട്ടുള്ള മൂല്യച്യുതിയും രാഷ്ട്രീയത്തിന്റെ പേരില്‍ എല്ലാം കൈയാളാനുള്ള ശ്രമവും ഇവിടെ പരിഗണിക്കപ്പെടേണ്ട വിഷയമാണ്. ഈ സംഭവത്തില്‍ സാംസ്‌കാരികനായകര്‍ പതിവുപോലെ നിശബ്ദത പാലിച്ചു. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഉണ്ടാകുന്ന ഈ മാറ്റത്തെക്കുറിച്ച് പ്രതികരിച്ചത് ഡോ. ആസാദ് മലയാറ്റില്‍ മാത്രമാണ്. മറ്റു സാഹിത്യ സാംസ്‌കാരിക നായകര്‍ മിണ്ടിയില്ല. ഒരുകാര്യം കൂടി പറയാതിരിക്കാന്‍ വയ്യ. പതിവുപോലെ ഇക്കുറിയും ക്രിസ്മസ് ആഘോഷത്തിന് എതിരെ സംഘപരിവാര്‍ എന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ഉണ്ടായി. പാലക്കാട് പുതുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ നടത്തിയ ക്രിസ്മസ് കരോളിനെ ക്രിസ്ത്യാനികളുടെതാക്കിമാറ്റി അതിനെ ആക്രമിച്ചു എന്ന രീതിയില്‍ പ്രചരിപ്പിക്കാനാണ് ശ്രമം ഉണ്ടായത്. പാലക്കാട് ബിഷപ്പ് പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ സഭ അങ്ങനെയൊരു കരോള്‍ നടത്തിയിട്ടില്ല എന്നും ആക്രമണം ഉണ്ടായിട്ടില്ല എന്നും പ്രസ്താവിച്ചതോടെയാണ് ആരോപണത്തിന്റെ മുന ഒടിഞ്ഞത്.
ഇതില്‍ നിന്നെല്ലാം ഒരുകാര്യം വ്യക്തമാണ്. ക്രൈസ്തവ സഭകളെയും മുസ്ലീങ്ങളെയും ആര്‍എസ്എസ്സും സംഘപരിവാറുമായി തമ്മില്‍ തല്ലിക്കാനുള്ള നീചമായ ശ്രമങ്ങളാണ്, അതിനുവേണ്ടിയുള്ള ഭാഷ്യങ്ങളും പ്രസ്താവനകളും ആണ് സിപിഎം നടത്തുന്നത്. എം.ബി. രാജേഷും വി.ശിവന്‍കുട്ടിയും കളിക്കുന്ന ഈ രാഷ്ട്രീയം കേരളത്തെ, അതിന്റെ സംസ്‌കാരത്തെ മൂല്യങ്ങളെ രാഷ്ട്രീയ സത്യസന്ധതയെ ഇല്ലാതാക്കുന്നതാണ്. പൊതുസമൂഹം ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.






















