കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഭാരതത്തില്‍ ആയുസ്സൊടുങ്ങാറായി എന്ന് സി.പി.ഐയുടെ ദേശീയ സെക്രട്ടറി ദുരൈസ്വാമി രാജയ്ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. സി.പി.ഐയുടെ നൂറാം ജന്മവാര്‍ഷിക പരിപാടിയില്‍ സ്വല്പം വേദനയോടെ അദ്ദേഹം ഇക്കാര്യം പറയുകയും ചെയ്തു. ദല്‍ഹിയിലെ സെമിനാറില്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് സംഘടനകളോട് പൊതുവില്‍ ചോദിച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് എത്ര കാലം ഇങ്ങനെ മുന്നോട്ടു പോകാനാകും എന്നാണ്. എല്ലാ കാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലനിന്നത് പുറത്തു നിന്നുള്ള സഹായവും ഫണ്ടും കൊണ്ടാണ്. റഷ്യയായിരുന്നു പ്രധാന സാമ്പത്തിക സ്രോതസ്-1942-ലെ ക്വിറ്റിന്ത്യാ സമരകാലത്ത് ബ്രിട്ടീഷുകാരുടെ ഫണ്ടുകളും കിട്ടി. റഷ്യയുടെ സഹായം നിന്നെങ്കിലും കോണ്‍ഗ്രസ്സിന്റെ തണലിലായിരുന്നു പിന്നീട് കുറെ കാലം. കോണ്‍ഗ്രസ്സിന്റെ കാലവും അവസാനിച്ചു-വിത്തിനു വെച്ചതു കുത്തിയാണ് പിന്നീടുള്ള ഇത്ര കാലം കഴിഞ്ഞത്. ഇനി മുന്നില്‍ ഇരുളടഞ്ഞ ഭാവിയാണ് രാജ കാണുന്നത്.
ഏതു സമ്മേളനത്തിലും സി.പി.ഐയുടെ ഒരു പ്രമേയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണം എന്നാണ്. എന്നാല്‍ സി.പി.എം ഉള്‍പ്പെടെ ഒരു കമ്മ്യൂണിസ്റ്റ്കക്ഷിയും ഇതു ചെവിക്കൊള്ളാറില്ല. നൂറ്റി ഒന്നാം വയസ്സിലേക്ക് കടക്കുന്ന പാര്‍ട്ടി കടുത്ത വെല്ലുവിളി നേരിടുകയാണ് എന്നു അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞിട്ടും അതു ആരുടെ ചെവിയിലും എത്തുന്നില്ല. അതുകൊണ്ടാവാം പാര്‍ട്ടിയെ രക്ഷിക്കാന്‍ മാത്രമല്ല, രാജ്യത്തെ രക്ഷിക്കാനും പോരാട്ടം വേണമെന്ന് പറഞ്ഞിരിക്കയാണ്. ഛത്തീസ്ഗഡ് പാര്‍ട്ടി കോണ്‍ഗ്രസ്സിലും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യവും ഇടതുപക്ഷ ഒന്നിക്കലിനെക്കുറിച്ചും ചര്‍ച്ച ചെയ്തിട്ടും ഫലം ഉണ്ടായില്ല എന്ന പരിതപിക്കലും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉണ്ടായിരുന്നു. സി.പി.എം ‘ഇണ്ടി സഖ്യം’വിടാന്‍ കാര്യമായി ആലോചിക്കുമ്പോഴാണ് പാവം രാജ ഒന്നിക്കലിന്റെ പഴയ പല്ലവി തുടര്‍ന്നുകൊണ്ടേയിരിക്കുന്നത്. മുങ്ങുന്ന കപ്പലിലെ കപ്പിത്താന്റെ വിലാപഗീതത്തിന് ആര് ചെവി കൊടുക്കാന്‍?





















