ആര്‍.എസ്.എസ്സിന്റെ ശതാബ്ദിയോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ആഗസ്റ്റ് 26, 27, 28 തീയതികളില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണത്തിന്റെ തുടര്‍ച്ച.
ഇനി ആത്മനിര്‍ഭരതയെപ്പറ്റി സംസാരിക്കാം. സ്വയംപര്യാപ്തതയാണ് എല്ലാറ്റിന്റേയും താക്കോല്‍. വികസനവും നടത്തണം. എല്ലാ കാര്യത്തിലും നമ്മുടെ രാജ്യം സ്വയംപര്യാപ്തമാവണം. ഇതും നമ്മുടെ വീടുകളില്‍ നിന്നുതന്നെ തുടങ്ങണം. സ്വദേശി എന്ന് പറയുമ്പോള്‍, വിദേശവുമായി വ്യാപാരബന്ധം നടത്തരുത് എന്നല്ല അര്‍ത്ഥമാക്കുന്നത്. ആത്മനിര്‍ഭരമാവുക എന്നതിനര്‍ത്ഥം മറ്റുള്ളവരെ നിരോധിക്കുക എന്നല്ല. ലോകം പരസ്പരാശ്രയത്വത്തോടെയാണ് മുന്നോട്ട് നീങ്ങുന്നത്. അതുകൊണ്ട് അന്താരാഷ്ട്രവ്യാപാരവും അതിലെ കൊടുക്കല്‍-വാങ്ങലുകളും നടക്കും. അതില്‍ സമ്മര്‍ദ്ദമൊന്നും ഉണ്ടാവില്ല. സ്വദേശി ശീലം സംരക്ഷിക്കുക എന്നാല്‍ എന്താണ്? വീട്ടില്‍ ഉണ്ടാക്കാവുന്ന സാധനങ്ങള്‍ പുറത്തുനിന്നും വാങ്ങരുത്. ചൂടുള്ള ദിവസങ്ങളില്‍ നിങ്ങള്‍ക്ക് വീട്ടില്‍ത്തന്നെ നാരങ്ങ വെള്ളം ഉണ്ടാക്കി കുടിക്കാം. എന്തിനാണ് പുറത്തുനിന്നും കോളയും സ്‌പ്രൈറ്റും വാങ്ങികുടിക്കുന്നത്? പുറത്തുനിന്നുള്ള പാനീയങ്ങളും പിസയും മറ്റും എന്തിനാണ് വീട്ടിലേക്ക് കൊണ്ടുവരുന്നത്? വീട്ടില്‍ നല്ല പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഗുണഫലം ശരീരത്തിനുണ്ടായിരിക്കും. ഇത് എല്ലാ ഡോക്ടര്‍മാരും പറയുന്നതാണ്. ഒന്നോ രണ്ടോ പ്രാവശ്യം പുറത്തുപോയി പിസയും മറ്റും കഴിക്കുന്നതുകൊണ്ട് പ്രശ്‌നമില്ല. പക്ഷേ വീണ്ടും വീണ്ടും പുറത്തുപോയി കഴിക്കുന്നത് എന്തിനാണ്? അതുപോലെ തന്നെ നമ്മുടെ ഗ്രാമങ്ങളില്‍ ലഭിക്കുന്ന വസ്തുക്കള്‍ പുറത്തുനിന്ന് വാങ്ങുന്നതു മൂലം ഗ്രാമങ്ങളിലെ തൊഴില്‍സാധ്യത നഷ്ടപ്പെടുന്നു. നമ്മുടെ ഗ്രാമങ്ങളിലും രാജ്യത്തും ലഭിക്കുന്ന വസ്തുക്കള്‍ ഇവിടെ നിന്ന് തന്നെ വാങ്ങൂ. കുറഞ്ഞ വിലയ്ക്ക് കിട്ടുന്നുവെന്ന് കരുതി പുറത്തുനിന്നുള്ള ഉല്പന്നങ്ങള്‍ എന്തിനാണ് വാങ്ങുന്നത്? നമ്മള്‍ എവിടെയാണോ താമസിക്കുന്നത് അവിടെ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങൂ. അതുകൊണ്ട് നമ്മുടെ തൊഴില്‍സാധ്യത വര്‍ദ്ധിക്കും. നമ്മുടെ രാജ്യത്ത് ലഭിക്കുന്ന വസ്തുക്കള്‍ വിദേശത്തുനിന്നും കൊണ്ടുവരേണ്ട ആവശ്യമില്ല. ജീവിതത്തിന് അത്യാവശ്യമായതും ഇവിടെ നിര്‍മ്മിക്കാത്തതുമായ വസ്തുക്കള്‍ പുറത്തുനിന്ന് കൊണ്ടുവരാം. ഭാരതത്തിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള വിദേശനയം വേണം. സമ്മര്‍ദ്ദത്തിന് അടിപ്പെടരുത്. എന്തൊക്കെ സ്വദേശിയാവണം, പുറത്തുനിന്ന് മൂലധനം കൊണ്ടുവരണമോ വേണ്ടയോ എന്നൊക്കെ ചിന്തിക്കുമ്പോഴും സ്വദേശി നയത്തിന് പ്രാധാന്യം നല്‍കണം.
രണ്ടാമത്തെ കാര്യം ഭാഷയാണ്. നമ്മുടെ വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ നമ്മുടെ മാതൃഭാഷ തന്നെ സംസാരിക്കണം. നമ്മുടെ വസ്ത്രം ധരിക്കണം. സ്വഭാഷ, സ്വഭൂഷാ, ഭജന്‍, ഭോജന്‍ ഇവയെല്ലാം പാരമ്പര്യത്തിനനുസരിച്ചാവണം. നമ്മുടെ വീടിന്റെയുള്ളില്‍ നമ്മുടെ പാരമ്പര്യമായിരിക്കണം പിന്തുടരേണ്ടത്. യാത്രകളും വീടും പാരമ്പര്യത്തിനനുസരിച്ചായിരിക്കണം. നല്ല വീടുണ്ടാക്കിയിട്ടും പൂജാമുറിയില്ലെങ്കില്‍ അത് ഹിന്ദു പാരമ്പര്യമനുസരിച്ചുള്ള വീടല്ല. പൂജാമുറി വീടിന്റെ നല്ല സ്ഥലം നോക്കി നിര്‍മ്മിക്കണം. പടിയുടെ അടിയില്‍ ത്രികോണാകൃതിയില്‍ പൂജാമുറി നിര്‍മ്മിക്കുന്നത് ശരിയല്ല. പാരീസും സിംഗപ്പൂരും ലോകവും കറങ്ങുന്നതിനിടയില്‍ കുംഭല്‍ഗഡിലേക്കും പോകൂ; കുടിലുകളും സന്ദര്‍ശിക്കൂ. നമ്മുടെ തന്നെ ആളുകളാണ് അവിടെ താമസിക്കുന്നത്. അവരെയും നമ്മുടെ കൂടിപ്പിറപ്പുകളായി കരുതൂ. നമുക്ക് പാശ്ചാത്യ വസ്ത്രവും പാന്റുമൊക്കെ ധരിക്കേണ്ടി വരും. അതിലൊന്നും എതിര്‍പ്പില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ സ്വന്തം വേഷം, പാശ്ചാത്യവേഷം എന്നൊന്നില്ല. ഏതാണോ സൗകര്യം അത് ധരിക്കുക. പക്ഷേ നമുക്ക് നമ്മുടെ പാരമ്പര്യ വസ്ത്രം ധരിക്കാനേ അറിയില്ല എന്ന സ്ഥിതി വരരുത്. നമ്മുടെ രാജ്യത്തിന്റെ കാലാവസ്ഥയ്ക്കനുസരിച്ചുള്ള വസ്ത്രമാണ് നമ്മുടെ പാരമ്പര്യ വസ്ത്രമായിത്തീര്‍ന്നത്. കുറഞ്ഞപക്ഷം ഉത്സവങ്ങളിലും ആഘോഷങ്ങളിലും പരമ്പരാഗത വേഷം ധരിക്കുക. ഇതാണ് സ്വബോധം. ഒപ്പിടുന്നത് ഇംഗ്ലീഷിലാണെങ്കില്‍ അത് സ്വന്തം ഭാഷയിലേക്ക് മാറ്റൂ. എവിടെയാണോ ആവശ്യം വരുന്നത് അവിടെ സ്വന്തം ഭാഷയിലെ വാക്കുകള്‍ തന്നെ ഉപയോഗിക്കൂ. ഇതാണ് സഹജവാസന. ആത്മബോധം ഉണ്ടാവുന്നതോടെ മനുഷ്യനാവുന്നു; വികസനവും ഉണ്ടാവുന്നു.
ഏത് പരിത:സ്ഥിതിയിലും ഭരണഘടന, നിയമം എന്നിവയനുസരിച്ച് പ്രവര്‍ത്തിക്കുക. എന്തെങ്കിലും പ്രകോപനമുണ്ടായാലും നിയമം കയ്യിലെടുക്കരുത്. അവന്‍ എന്നെ ചീത്ത വിളിച്ചു, അപമാനിച്ചു, നമ്മുടെ വിശ്വാസത്തെ നിന്ദിച്ചു, അതുകൊണ്ട് ഞാന്‍ അവനെ അടിച്ചു. ഇത് കുറ്റമാണ്, പോലീസില്‍ പരാതി നല്‍കൂ. പോലീസ് എന്തെങ്കിലും നടപടിയെടുക്കുന്നതിന് നമുക്ക് ചിലപ്പോള്‍ ചെറിയ സമരങ്ങളൊക്കെ നടത്തേണ്ടിവരും. ഇതൊക്കെ അനീതിക്കെതിരെ പ്രതികരിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്. എന്നാല്‍ ഏതെങ്കിലും അവസരത്തില്‍ നിങ്ങളുടെ ജീവന് ഭീഷണിയുണ്ടായാല്‍, നമുക്ക് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ അവകാശമുണ്ട്. പക്ഷേ അങ്ങനെ ചില അപൂര്‍വ്വാവസരങ്ങളില്‍ മാത്രമേ സംഭവിക്കുന്നുള്ളൂ. എന്തെങ്കിലും നിസ്സാര പ്രകോപനത്തിന്റെ പേരില്‍ ടയര്‍ കത്തിക്കുക, കല്ലെറിയുക എന്നിവ ചെയ്യരുത്. നാം ഒരിക്കലും നിയമം കയ്യിലെടുത്ത് സംസാരിക്കാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ അതിന്റെ പ്രയോജനം നമ്മളെ എതിര്‍ക്കുന്നവര്‍ക്കായിരിക്കും. നമ്മെ നശിപ്പിക്കാന്‍ അവര്‍ ഇത് ഉപയോഗിക്കും. അതിനാല്‍ പ്രകോപിതരാവുകയോ നിയമവിരുദ്ധമായി ഒന്നും ചെയ്യുകയോ അരുത്. എല്ലാ ബില്ലുകളും സമയത്തുതന്നെ അടക്കണം. ലൈസന്‍സ് കാലാവധി തീരുന്നതിനു മുമ്പേ പുതുക്കണം. ഇതെല്ലാം സ്വന്തം രാജ്യത്തിനുവേണ്ടി ചെയ്യേണ്ടുന്ന കാര്യങ്ങളാണ്. ദൈനംദിനം ജീവിതത്തില്‍ ദേശഭക്തി എന്താണ്? രാജ്യത്തിനുവേണ്ടി തൂക്കിലേറേണ്ട ഒരു കാലഘട്ടമുണ്ടായിരുന്നു. അന്ന് നമ്മുടെ പൂര്‍വ്വികര്‍ ചിരിച്ചുകൊണ്ടാണ് തൂക്കിലേറിയത്. ഇന്ന് രാജ്യത്തിനുവേണ്ടി ഇരുപത്തിനാല് മണിക്കൂറും ജീവിക്കേണ്ടത് ആവശ്യമാണ്. സമാജത്തിന്റെയും രാജ്യത്തിന്റെയും ചെറിയ ചെറിയ കാര്യങ്ങളില്‍പ്പോലും ശ്രദ്ധ വേണം.
ഒരിക്കല്‍ നാട്ടില്‍ ക്ഷാമം ഉണ്ടായപ്പോള്‍ രാജാവിന്റെ അഭിഷേകം പാല്‍കൊണ്ട് നടത്തണമെന്ന പ്രഖ്യാപനം വന്നു. ഓരോരുത്തരും ഓരോ കപ്പ് പാല്‍ വീതം കൊണ്ടുവരണം. അതില്‍ സമര്‍ത്ഥനായ ഒരു വ്യക്തി ചിന്തിച്ചു – എല്ലാവരും പാല്‍ ഒഴിക്കുമ്പോള്‍ ഞാന്‍ ഒരു കപ്പ് വെള്ളം ഒഴിച്ചാല്‍ ആര്‍ക്കും മനസ്സിലാവില്ല. അങ്ങനെ അഭിഷേകം നടക്കുന്ന ദിവസം വന്നപ്പോള്‍ എല്ലാവരും വെള്ളമാണ് കൊണ്ടുവന്നത്. എല്ലാവരും സമര്‍ത്ഥന്മാരായിരുന്നു. ഇത്തരത്തില്‍ നാം ചിന്തിക്കാന്‍ പാടില്ല. ആദ്യം ഞാന്‍ എന്ന വ്യക്തിയില്‍ നിന്നും പിന്നെ എന്റെ കുടുംബത്തില്‍ നിന്നും ആരംഭിക്കണം. സമാജത്തില്‍ ചെയ്യുന്ന പ്രവര്‍ത്തനം ഭാരതത്തില്‍ ദൃശ്യമാവും. ഭാരതം മാതൃക കാണിച്ചാല്‍ ലോകം അത് അനുകരിക്കും. നമ്മുടെ വാക്കുകളില്‍ വിശ്വാസ്യത ഉണ്ടെന്ന് ലോകത്തിന് ബോധ്യമാവും. ഈ രീതിയില്‍ സമാജത്തെ മുന്നോട്ടു നയിക്കാനുള്ള കര്‍ത്തവ്യത്തിന് സംഘം നേതൃത്വം കൊടുക്കണം. ഭാരതം നിലനില്‍ക്കണം. നാം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭാരതം നിലനില്‍ക്കണം. ‘ഹം രഹേ യാ ന രഹേ ഭാരത് യഹ് രഹനാ ചാഹിയെ’ എനിക്കുവേണ്ടിയും നമുക്കു വേണ്ടിയും ഭാരതം നിലനില്‍ക്കണം. ലോകത്തിനു വേണ്ടിയും ഭാരതം നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. എന്തെന്നാല്‍ ഈ ധര്‍മ്മം ലോകത്തിനു നല്‍കാന്‍ വേറൊരാളില്ല. ഭാരതം തന്നെ നല്‍കണം. ഇത് നമ്മുടെ കര്‍ത്തവ്യമാണ്. ഇതില്‍ അഹങ്കാരമില്ല. ലോകത്തെ വടിയെടുത്ത് പഠിപ്പിക്കും എന്നൊന്നും നാം ശപഥം ചെയ്തിട്ടില്ല. അത് വിശ്വഗുരു പദവിയ്ക്ക് ചേര്‍ന്നതുമല്ല. അത്യന്തം വിനയത്തോടെ സ്വന്തം ആചാരണം കൊണ്ട് മറ്റുള്ളവരെ പഠിപ്പിക്കുക എന്നതാണ് വിശ്വഗുരു ചെയ്യേണ്ടത്. ഒരു ബംഗാളി കവിതയില്‍ പറയുന്നുണ്ട്: ‘ഹിന്ദു കീര്‍ത്തി സിന്ധു മതി അമൃത് ഭാണ്ഡ് ഹാഥി ബാഹിരെ വിശ്വ തവ വീര്‍ തുമ് ആശിഷ് മാംഗെ.’ അല്ലയോ ഭാരതമാതാവേ, നിന്റെ കീര്‍ത്തിയാല്‍ മഥിക്കപ്പെട്ട പാത്രവുമായി, പുറത്തുള്ള ലോകത്തിലെ നിന്റെ പുത്രന്മാര്‍ നിന്നില്‍ നിന്നും ആശീര്‍വാദത്തിനായി അപേക്ഷിക്കുകയാണ്. ‘താദേര്‍ മുഖേര്‍ മധുമയ് ബാനി സുനേ ഥേമേ ജായെ ശോഭാ.’ അവരുടെ മധുരമായ വാക്ക് കേട്ടിട്ട് ലോകത്തിന്റെ നാളെ സമാപിച്ചുകൊണ്ടിരിക്കുകയാണ്. ‘സേ മഹാനേര്‍ മഹാ ഇതിഹാസ് ചിത്ത് ഭോരിയാ’ അപ്രകാരമുള്ള ഇതിഹാസം ഏത് ദിനത്തിലാണോ ഉണ്ടാവുന്നത്. അത് മനസ്സ് നിറയെ കേള്‍ക്കൂ.
സമയാസമയങ്ങളില്‍ ഭാരതത്തിന്റെ അപദാനം ലോകത്ത് ഉണ്ടായിരിക്കേണ്ടത് ഈശ്വരീയമായ കര്‍മ്മമാണ്. ആ തരത്തില്‍ നമ്മുടെ രാജ്യത്തെ വളര്‍ത്തിയെടുക്കാന്‍ തക്ക പ്രാപ്തി നമുക്കുണ്ടാവണം. രാഷ്ട്രീയ സ്വയംസേവക സംഘം പ്രവര്‍ത്തിക്കുന്നതും ഇതിനുവേണ്ടിയാണ്. സംഘം എന്നത് The Evolution of life mission of Hindu Nation. (ഹിന്ദുരാഷ്ട്രത്തിന്റെ ജീവിതദൗത്യത്തിന്റെ സ്വാഭാവിക പരിണാമം) ആണ്. ഈ പ്രവര്‍ത്തനം ഒരാള്‍ക്ക് വേണ്ടിയുള്ളതല്ല; മറിച്ച് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. അഭിപ്രായങ്ങളും പാര്‍ട്ടികളും അനേകമുണ്ടാകും. ഓരോരുത്തരുടേയും താല്പര്യങ്ങളും വ്യത്യസ്തമാണ്. ഇതിനെല്ലാം അതീതമായി സ്വന്തം ദേശത്തിനു വേണ്ടിയാണെന്ന് ചിന്തിച്ച്, നമ്മള്‍ മൂന്നോ നാലോ ദിവസം ജീവിച്ചിരുന്നാലും ഇല്ലെങ്കിലും ഭാരതമാതാവിന്റെ വൈഭവം അമരമാകട്ടെ (തേരാ വൈഭവ് അമര്‍ രഹേ മാ ഹമ് ദിന്‍ ചാര്‍ രഹേ ന രഹേ) എന്ന് ചിന്തിച്ച്, സമ്പൂര്‍ണ്ണ സമാജത്തെയും സംഘമാക്കണം. ഇത് സംഘത്തിന്റെ അഹങ്കാരമല്ല. ക്രെഡിറ്റ് ബുക്കില്‍, ഇത് സംഘം കാരണം സാധ്യമായി എന്ന് എഴുതപ്പെടാന്‍ സംഘം ഒരിക്കലും ആഗ്രഹിക്കുന്നില്ല. സമ്പൂര്‍ണ്ണ ലോകത്തിലും ആഹ്ലാദപൂര്‍ണ്ണവും ശാന്തിദായകവുമായ ഒരു ലോകം കെട്ടിപ്പടുക്കണം. അതിനുവേണ്ടി നമ്മുടെ സമാജവും അതുവഴി രാജ്യവും പ്രയത്‌നിക്കണമെന്നാണ് സംഘം ആഗ്രഹിക്കുന്നത്. ഇതൊക്കെ നിങ്ങള്‍ക്ക് സംഘത്തിനുളളില്‍ വന്ന് കണ്ട് ബോധ്യപ്പെടാം. എപ്പോള്‍ വേണമെങ്കിലും പറഞ്ഞോ പറയാതെയോ സംഘഗൃഹത്തില്‍ പോകൂ, ശാഖയില്‍ പോകൂ, സംഘത്തിന്റെ പരിപാടികളില്‍ പങ്കെടുക്കൂ. ഈ കാര്യങ്ങളെല്ലാം ബീജരൂപത്തിലോ അല്ലെങ്കില്‍ സാവധാനം വികാസം പ്രാപിക്കുന്നതായോ താങ്കള്‍ക്ക് കാണുവാന്‍ സാധിക്കും. സംഘത്തിന്റെ പ്രചാരണം നടത്തുന്നതിനുവേണ്ടിയല്ല ഇതൊക്കെ പറയുന്നത്; സംഘം എന്താണെന്ന് പറയുന്നതാണ്. ഇതാണ് വസ്തുതകള്‍. നിങ്ങള്‍ സംഘത്തെപ്പറ്റി എന്ത് വിചാരിച്ചാലും അത് യാഥാര്‍ത്ഥ്യത്തില്‍ അധിഷ്ഠിതമായിരിക്കണം. നിങ്ങളെ ബോധ്യപ്പെടുത്തണം എന്ന് എനിക്ക് ആഗ്രഹമില്ല. ഇതൊക്കെ കേട്ടതിനുശേഷം നിങ്ങള്‍ക്ക് സംഘത്തിന് എതിരായ സംഘടനയും ഉണ്ടാക്കാം. എന്നാല്‍ സര്‍സംഘചാലക് നല്‍കിയ വിശദീകരണം കേട്ടിട്ട് അല്ലെങ്കില്‍ സംഘത്തില്‍ പോയി കണ്ടതിനുശേഷമാണ് ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് എന്ന് പറയാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കണം. അതുകൊണ്ട്, ഈ കേള്‍ക്കുന്നതില്‍ മാത്രം നിര്‍ത്തരുത്. നിങ്ങള്‍ ഓരോരുത്തരായി സംഘത്തിലേക്ക് വരൂ, സംഘത്തെ മനസ്സിലാക്കൂ. ഞാന്‍ പറയുന്നത് ശരിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, നിങ്ങളുടെ വ്യക്തിജീവിതം തൊട്ട് മുഴുവന്‍ ലോകത്തിന്റെയും ജീവിതത്തെ സംരക്ഷിക്കുന്ന വിശ്വധര്‍മ്മത്തെ വികസിപ്പിക്കുവാനുള്ള ഈ പ്രവര്‍ത്തനത്തിന് ഭാരതത്തെ തയ്യാറാകുന്ന യജ്ഞത്തില്‍ താങ്കളും പങ്കാളിയാകൂ എന്ന അപേക്ഷയാണ് നിങ്ങളുടെ മുന്നില്‍ വെക്കാനുള്ളത്.
(തുടരും)





















