2025ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഇടതുപക്ഷ ഭരണത്തിനെതിരായ ജനവിധി മാത്രമല്ല കേരളത്തിന്റെ മുന്നണി രാഷ്ട്രീയത്തില്‍ രൂപപ്പെടുന്ന പ്രകടമായ മാറ്റത്തിന്റെ സൂചന കൂടിയാണ്. യുഡി.എഫിന് അനുകൂലമായി വോട്ട് ഒഴുകിയതും, ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടായതുമാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രസക്തി. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ചുമാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുന്ന വേളയില്‍ നടന്ന തിരഞ്ഞെടുപ്പിന് ഏറെ രാഷ്ട്രീയമാനങ്ങള്‍ ഉണ്ട്. യുഡിഎഫിന് ഉണ്ടായ വിജയം 2010ലെ തിരഞ്ഞെടുപ്പിന്റെ ആവര്‍ത്തനം എന്ന് പറയാമെങ്കിലും, ഈ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത് മൂന്നാം മുന്നണിയായി മത്സരിച്ച ബിജെപിയുടെ മുന്നേറ്റമാണ്. 2024ല്‍ തൃശ്ശൂര്‍ ലോകസഭാ സീറ്റില്‍ വിജയം നേടി ചരിത്രം കുറിച്ച ബിജെപി അതിന്റെ തുടര്‍ച്ചയായി തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ നഗരസഭയുടെ ഭരണത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു എന്നത് മാത്രമല്ല കൊല്ലം, കോഴിക്കോട്, കൊച്ചി, തൃശ്ശൂര്‍, കണ്ണൂര്‍ എന്നീ നഗരസഭകളിലും നിരവധി മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും ഇരുമുന്നണികളെയും പുറകിലാക്കി മുന്നേറി എന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ ഇടതുമുന്നണി ഭരണത്തിനെതിരായ ജനവിധി യുഡിഎഫിനും, ബിജെപിയ്ക്കും അനുകൂലമായി. യുഡിഎഫ് ഏഴുജില്ല പഞ്ചായത്തുകളിലും നാലു കോര്‍പ്പറേഷനുകള്‍, 52 മുനിസിപ്പാലിറ്റികള്‍, 511 ഗ്രാമപഞ്ചായത്തുകള്‍ 79 ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവയിലും വിജയം നേടിയപ്പോള്‍ ഇടതുപക്ഷം ഒരു കോര്‍പ്പറേഷന്‍, 28 മുനിസിപ്പാലിറ്റികള്‍, ഏഴു ജില്ലാ പഞ്ചായത്തുകള്‍, 63 ബ്ലോക്ക് പഞ്ചായത്തുകള്‍, 340 ഗ്രാമപഞ്ചായത്തുകള്‍ എന്നിവ നേടി. ബിജെപി 26 പഞ്ചായത്തുകളിലും, രണ്ടു മുനിസിപ്പാലിറ്റികളിലും, തിരുവനന്തപുരം നഗരസഭയിലും വിജയം നേടി. 1447 പഞ്ചായത്തുവാര്‍ഡിലും, 54 ബ്ലോക്ക് സീറ്റിലും, 324 മുനിസിപ്പല്‍ വാര്‍ഡുകളിലും 93 കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും, ഒരു ജില്ലാ പഞ്ചായത്ത് സീറ്റിലും ബിജെപി വിജയിച്ചു. ആകെ 1918 വാര്‍ഡുകളില്‍ ബിജെപി വിജയിച്ചു.
ഭരണ വിരുദ്ധവികാരം ഇടതുപക്ഷത്തെ തകര്‍ത്തു
കഴിഞ്ഞ ഒമ്പതര വര്‍ഷത്തെ പിണറായി സര്‍ക്കാരിനെതിരായ ജനവികാരമാണ് ദുര്‍ബ്ബലമായ യുഡിഎഫിന് വന്‍വിജയം സമ്മാനിച്ചത്. ബിജെപി ശക്തമായ ജില്ലകളില്‍ ഭരണവിരുദ്ധ വോട്ടുകള്‍ ബിജെപിക്കും സഹായകമായി. ഒറ്റ നോട്ടത്തില്‍ സീറ്റുകളുടെ അടിസ്ഥാനത്തില്‍ ഒരു തരംഗം യുഡിഎഫിന് അനുകൂലമായി കാണാമെങ്കിലും, അവസാനത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ യുഡിഎഫിന് 74 നിയമസഭാ സീറ്റുകളില്‍ മാത്രമാണ് ഭൂരിപക്ഷം ഉള്ളത്. ബിജെപിയ്ക്ക് രണ്ടു സീറ്റുകളില്‍ ഒന്നാം സ്ഥാനം ലഭിക്കുമ്പോള്‍ ഇടതുപക്ഷത്തിന് 64 നിയമസഭാ സീറ്റുകളില്‍ മേല്‍കോയ്മയുണ്ട്. ഇടതുപക്ഷത്തിന് എന്നതുപോലെ, യുഡിഎഫിനും ബിജെപിയ്ക്കും നിയമസഭാതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കണമെങ്കില്‍ കഠിനാദ്ധ്വാനം വേണ്ടിവരും. എടുത്തുപറയേണ്ട വസ്തുത തിരുവനന്തപുരം ജില്ലയില്‍ ആകെയുള്ള പതിനാല് നിയമസഭാ മണ്ഡലങ്ങളില്‍ ഇടതുപക്ഷം പന്ത്രണ്ടും ബിജെപി രണ്ട് മണ്ഡലങ്ങളിലും ഒന്നാം സ്ഥാനത്താണ്. യുഡിഎഫ് ഒരു സീറ്റിലും മുന്നിലല്ല. കൊല്ലം ജില്ലയില്‍ പതിനൊന്നില്‍ എട്ട് സീറ്റില്‍ ഇടതും, മൂന്നു സീറ്റില്‍ യുഡിഎഫും മുന്നിലാണ്. പത്തനംതിട്ടയില്‍ ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയുണ്ടായിട്ടും ഇടതുപക്ഷത്തിന് അഞ്ചില്‍ മൂന്നു മണ്ഡലങ്ങളിലും, യുഡിഎഫിന് രണ്ടു സീറ്റിലുമാണ് മേല്‍കോയ്മ. ആലപ്പുഴ ജില്ലയില്‍ ആകെയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ ഇടതുപക്ഷം ഏഴും, യുഡിഎഫ് രണ്ടും സീറ്റുകളില്‍ മുന്നിലാണ്. കോട്ടയത്ത് ഇടതിന് മൂന്നും, യുഡിഎഫിന് ആറും സീറ്റുകളിലും ഇടുക്കിയില്‍ അഞ്ചില്‍ മൂന്നിടത്ത് യുഡിഎഫും, രണ്ടിടത്ത് രണ്ടു സീറ്റുകളും ഉണ്ട്. എറണാകുളം, മലപ്പുറം ജില്ലകളിലെ ആകെയുള്ള 30 സീറ്റുകളിലും യുഡിഎഫിന് ഒന്നാംസ്ഥാനമുണ്ട്. തൃശ്ശൂരില്‍ ഇടതിന് പതിനൊന്നും, യുഡിഎഫിന് രണ്ടും സീറ്റിലും, പാലക്കാട് എട്ടിടത്ത് ഇടതുപക്ഷവും നാലിടത്ത് യുഡിഎഫിന് നേട്ടമുണ്ട്. കോഴിക്കോട് പതിമൂന്നില്‍ പത്തിടത്തും, യുഡിഎഫ് മുന്നില്‍ വരുമ്പോള്‍ ഇടതുപക്ഷം മൂന്നില്‍ ചുരുങ്ങി. വയനാട്ടില്‍ ആകെയുള്ള മൂന്നില്‍ മൂന്നും യുഡിഎഫ് നേടുമ്പോള്‍ കണ്ണൂരില്‍ ഇടത് എട്ടും, യുഡിഎഫ് നാല് സീറ്റിലും ഒന്നാം സ്ഥാനത്താണ്. കാസര്‍കോടിലെ അഞ്ചുസീറ്റില്‍ ഇടതുപക്ഷം രണ്ടിടത്തും, യുഡിഎഫ് മൂന്നിടത്തും ഒന്നാം സ്ഥാനം നേടി. ഇത് സൂചിപ്പിക്കുന്നത് ഇടതുപക്ഷം പ്രതീക്ഷിച്ചതുപോലെ പുറകിലേയ്ക്ക് പോയിട്ടില്ല എന്നതു തന്നെയാണ്. സംസ്ഥാനത്ത് ആകെ യുഡിഎഫിന് 38.81 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ഇടതുപക്ഷത്തിന് 34.45 ശതമാനവും ബിജെപിയ്ക്ക് 14.71 ശതമാനവും വോട്ട് ലഭിച്ചു. ഗ്രാമപഞ്ചായത്തിലെ ബിജെപി വോട്ടുകള്‍ കൂടെ കൂട്ടിയാല്‍ ബിജെപിയുടെ വോട്ടുകളില്‍ വ്യത്യാസം ഉണ്ടാവും. നിലവില്‍ ജില്ലാപഞ്ചായത്തിലെയും മുന്‍സിപ്പാലിറ്റിയിലെയും, കോര്‍പ്പറേഷനുകളുടെയും വോട്ടുകളെ കൂട്ടി മുന്നണികളിലായി വിഭജിച്ച കണക്കാണ് മുകളില്‍ നല്‍കിയിട്ടുള്ളത്. മറ്റ് മുന്നണികളില്‍ നിന്ന് വിഭിന്നമായി ബിജെപിയ്ക്ക് ജില്ലാ പഞ്ചായത്തില്‍ ലഭിച്ച വോട്ടിനെക്കാള്‍ വളരെയധികം വോട്ടുകള്‍ ഗ്രാമപഞ്ചായത്തില്‍ ലഭിച്ചിട്ടുണ്ട്. ഈ വ്യത്യാസം കൂടെ വായനക്കാര്‍ തിരിച്ചറിയണം.
യുഡിഎഫ് തരംഗം ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളില്‍ ഒതുങ്ങി
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം അടിസ്ഥാനപരമായി ന്യൂനപക്ഷ മേഖലകളിലാണ് പ്രകടമായത്. ഹിന്ദുക്കള്‍ ന്യൂനപക്ഷമായ മലപ്പുറം, വയനാട്, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ അഞ്ചു ജില്ലകളില്‍ യുഡിഎഫിന് സമ്പൂര്‍ണ്ണ ആധിപത്യം ഉണ്ടായി. കൂടാതെ ന്യൂനപക്ഷങ്ങള്‍ക്ക് താരതമ്യേന മേല്‍കോയ്മയുള്ള കോഴിക്കോട്, കാസര്‍കോട്, പത്തനംതിട്ട തുടങ്ങിയ മൂന്നു ജില്ലകളിലും യുഡിഎഫിന് നേട്ടമുണ്ടായി. ഹിന്ദുക്കള്‍ക്ക് കൂടുതല്‍ ഭൂരിപക്ഷമുള്ള കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ആറു ജില്ലകളില്‍ ഇടതുപക്ഷവും, ബിജെപിയും നേട്ടമുണ്ടാക്കി. ഈ ആറു ജില്ലകളില്‍ ഇടതുപക്ഷത്തിനാണ് വോട്ടില്‍ ഒന്നാം സ്ഥാനം. ബിജെപി കാസര്‍കോട് ജില്ലയിലും സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ 93 ഗ്രാമപഞ്ചായത്തുകളില്‍ 89ലും, ജില്ലാപഞ്ചായത്തിലെ മുഴുവന്‍ സീറ്റുകളും പതിനഞ്ചില്‍ പതിനാല് ബ്ലോക്ക് പഞ്ചായത്തുകളും, പന്ത്രണ്ട് മുന്‍സിപ്പാലിറ്റികളില്‍ പതിനൊന്നിടത്തും യുഡിഎഫ് വിജയിച്ചു. മുസ്ലിംലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് 2025ല്‍ കണ്ടത്. താനൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ബിജെപി പ്രധാന പ്രതിപക്ഷമായി. മുസ്ലിം ഭൂരിപക്ഷമായ മലപ്പുറം ജില്ലയിലെ ജനവിധിയുടെ ആവര്‍ത്തനമാണ് ക്രിസ്ത്യന്‍ ആധിപത്യമുള്ള എറണാകുളത്തും ആവര്‍ത്തിച്ചത്. 69 പഞ്ചായത്തുകളും, 12 ബ്ലോക്ക് പഞ്ചായത്തുകളും, എറണാകുളം ജില്ലാപഞ്ചായത്തും, പത്ത് മുന്‍സിപ്പാലിറ്റികളും, കൊച്ചി കോര്‍പ്പറേഷനും യുഡിഎഫ് നേടി. ഇടതുപക്ഷത്തിന് അങ്കമാലി മുന്‍സിപ്പാലിറ്റിയും ബിജെപിയ്ക്ക് തൃപ്പുണ്ണിതുറ മുന്‍സിപ്പാലിറ്റിയും ലഭിച്ചു.
വയനാട്ടില്‍ ആകെയുള്ള 23 പഞ്ചായത്തുകളില്‍ 17ഉം, നാല് ബ്ലോക്ക് പഞ്ചായത്തുകളും, ജില്ലാപഞ്ചായത്തും, മൂന്ന് മുന്‍സിപ്പാലിറ്റികളില്‍ രണ്ടിടത്തും യുഡിഎഫ് നേടി. കാസര്‍കോട് 19 പഞ്ചായത്തുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും, ഒരു മുന്‍ സിപ്പാലിറ്റിയിലുമാണ് യുഡിഎഫ് വിജയിച്ചത്. ഇടുക്കിയില്‍ 36 പഞ്ചായത്തുകളിലും, ഏഴു ബ്ലോക്കുകളിലും, ഇടുക്കി ജില്ലാ പഞ്ചായത്തും ആകെയുള്ള രണ്ടും മുന്‍സിപ്പാലിറ്റികളും യുഡിഎഫ് നേടി. കോട്ടയത്ത് ജില്ലാപഞ്ചായത്തും, പതിനൊന്നില്‍ ഒന്‍പത് ബ്ലോക്കും, ആകെയുള്ള നാലു മുന്‍സിപ്പാലിറ്റികളും, 42 ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് നേടി. പത്തനംതിട്ട ജില്ലയില്‍ 34 ഗ്രാമപഞ്ചായത്തുകളും, എട്ട് ബ്ലോക്കില്‍ ഏഴിടത്തും, ജില്ലാപഞ്ചായത്തും നാലില്‍ മൂന്ന് മുന്‍സിപ്പാലിറ്റികളും യുഡിഎഫ് വിജയിച്ചു.
സര്‍ക്കാരിനെതിരായ വികാരം എന്നതിലുപരി ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം രാഷ്ട്രീയ കേരളത്തിന് ഗുണകരമാകുമോ എന്നും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കേരളത്തിന്റെ ചരിത്രത്തില്‍ മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകള്‍ ഈ തരത്തില്‍ വര്‍ഗ്ഗീയമായി കേന്ദ്രീകരിക്കുന്നത് ഇത് ആദ്യമായാണ്. ദേശീയ വീക്ഷണവും, വികസന രാഷ്ട്രീയവും, മതേതരത്വവും, ഇടത്-പുരോഗമനവും എല്ലാം കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ മാത്രം ബാധ്യതയാവുമ്പോള്‍ ക്രിസ്ത്യന്‍-മുസ്ലിം വോട്ടുകള്‍ മതാടിസ്ഥാനത്തില്‍ കേന്ദ്രീകൃതമായി പോള്‍ ചെയ്യപ്പെട്ടു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളപോലുള്ള വിഷയങ്ങള്‍ പോലും ഹിന്ദു സമൂഹത്തെ കാര്യമായി സ്വാധീനിച്ചിട്ടില്ല എന്നു വേണം കണക്കാക്കാന്‍. മലപ്പുറത്തും, എറണാകുളത്തും കോട്ടയത്തും ഇടുക്കിയിലും, വയനാട്ടിലും ഉണ്ടായ ന്യൂനപക്ഷധ്രുവീകരണം ഹിന്ദു ഭൂരിപക്ഷ ജില്ലകളില്‍ പ്രകടമാകാതെ പോയത് അതുകൊണ്ടാണ്.
ജമാഅത്തെ ഇസ്ലാമി – എസ്.ഡി.പി.ഐ – മുസ്ലിം ലീഗ് വോട്ടുകളും സമ്പൂര്‍ണ്ണമായി കോണ്‍ഗ്രസ് മുന്നണിയിലേയ്ക്ക് ഒഴുകി. ഇടതു ഭരണത്തിനെതിരായ ജനവിധി എന്നതിലുപരി മതപരമായ ധ്രുവീകരണമാണ് കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉണ്ടായത്. രാഷ്ട്രീയേതരമായ ന്യൂനപക്ഷ ഏകീകരണം കേരളരാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ ഫലം ഉളവാക്കുന്നതായിരിക്കും.
ബിജെപിയുടേത് മിന്നുന്ന പ്രകടനം
തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം ബിജെപി നേടിയത് ചരിത്രപരമായ ഒരു വിജയമാണ്. രണ്ടു മുന്‍സിപ്പാലിറ്റികളും, 26 പഞ്ചായത്തുകളിലും ബിജെപി ഒന്നാമതായി. പന്തളം മുന്‍സിപ്പാലിറ്റിയിലെ പരാജയവും, പാലക്കാട് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്തതും ഇടതും-വലതു വോട്ടുകളുടെയും മതന്യൂനപക്ഷവോട്ടിന്റെയും ധ്രുവീകരണം കൊണ്ടുകൂടിയാണ്. ബിജെപിയുടെ വളര്‍ച്ച പ്രകടമാണെങ്കിലും പ്രതീക്ഷിച്ച വേഗത അതിന് ലഭിച്ചില്ല. 2010 നു ശേഷമുള്ള ഓരോ തിരഞ്ഞെടുപ്പുകളിലും ബിജെപി വോട്ടിലും സീറ്റിലും വര്‍ദ്ധന കാണിക്കുന്നുണ്ട്. 2015ല്‍ 933 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും 21 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളും, മൂന്ന് ജില്ലാപഞ്ചായത്തു വാര്‍ഡുകളും, 236 മുന്‍സിപ്പല്‍ വാര്‍ഡുകളും 51 കോര്‍പ്പറേഷന്‍ വാര്‍ഡുകളും വിജയിച്ച ബിജെപി പത്ത് വര്‍ഷങ്ങള്‍ക്കുശേഷം 2025ല്‍ 1447 ഗ്രാമപഞ്ചായത്ത് വാര്‍ഡിലും, 54 ബ്ലോക്ക് വാര്‍ഡുകളിലും ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡിലും 324 മുന്‍സിപ്പല്‍ വാര്‍ഡിലും 93 കോര്‍പ്പറേഷന്‍ വാര്‍ഡിലും വിജയിച്ചു. 1500ല്‍ പരം വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്താണ്. 2020ല്‍ ബിജെപി അധികാരത്തില്‍ വന്ന പഞ്ചായത്തുകളിലും, രണ്ടു മുന്‍സിപ്പാലിറ്റികളിലും ശക്തമായ ബിജെപി വിരുദ്ധ ധ്രുവീകരണം ഇടതു-വലതു മുന്നികള്‍ക്കിടയിലും ന്യൂനപക്ഷ ശക്തികള്‍ക്കിടയിലും ഉണ്ടായി. അതുകൊണ്ട് തന്നെ ഭാവിയില്‍ ബിജെപി ഏറെ കരുതല്‍ എടുക്കേണ്ടതുണ്ട്.
വികസനരാഷ്ട്രീയത്തിന്റെ പരിമിതി
ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ കാര്യമായ വിജയം കണ്ടില്ല. പി.സി. ജോര്‍ജ്ജിന്റെ മേഖലകളിലും മുനമ്പം വാര്‍ഡിലും ബിജെപിയ്ക്ക് ക്രിസ്ത്യന്‍ വോട്ടുകള്‍ ലഭിച്ചത് ഒഴിവാക്കിയാല്‍ പൊതുവേ ന്യൂനപക്ഷ വിഭാഗങ്ങള്‍ ബിജെപിയില്‍ നിന്ന് അകന്ന് നിന്നു എന്നുവേണം കരുതാന്‍.
ന്യൂനപക്ഷ വിഭാഗങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ കേരളത്തിന്റെ പ്രത്യേക വര്‍ഗ്ഗീയ ധ്രുവീകരണ രാഷ്ട്രീയത്തില്‍ വലിയവിജയം നേടിയില്ല. എന്നാല്‍ ക്രിസ്ത്യന്‍ ആധിപത്യമുള്ള പാര്‍ട്ടികളുമായി സഖ്യം ഉണ്ടാക്കിയാല്‍ കേരളത്തില്‍ വിജയം നേടാന്‍ കഴിയും. 2004ല്‍ കേരളത്തില്‍ നിന്നും പി.സി. തോമസ് എന്‍ഡിഎ ബാനറില്‍ ലോകസഭയിലേയ്ക്ക് മുവാറ്റുപുഴ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് അതിന്റെ ഉദാഹരണമാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങളെ പ്രീണനം കൊണ്ട് മാത്രം ആകര്‍ഷിക്കാം എന്ന് കരുതുന്നതും ശരിയല്ല. സംഘടനാപരമായ നീക്കുപോക്കുകളും സഖ്യങ്ങളും മാത്രമേ വിജയം വരിക്കൂ എന്ന തിരിച്ചറിവും ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടാകണം.
ഹിന്ദു സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളില്‍ വലിയൊരു വിഭാഗം ഇന്നും ഇടതുപക്ഷത്താണ്. കേരളത്തില്‍ ബിജെപി മുന്നില്‍ വയ്ക്കുന്ന വികസന രാഷ്ട്രീയവും കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളും ഒരു വിഭാഗം സാധാരണക്കാരെ ബിജെപിയിലേയ്ക്ക് ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ അത് വോട്ട്ബാങ്കായി വളര്‍ന്നിട്ടില്ല. സോഷ്യല്‍ എന്‍ജിനീയറിംഗില്‍ കേരളത്തിലെ ഹിന്ദുത്വ രാഷ്ട്രീയം ഇനിയും വിജയം വരിച്ചിട്ടില്ല. ഹിന്ദു സമൂഹം ജാതികളിലായി ഏറെ വിയോജിപ്പ് പ്രകടമാക്കുന്നവരാണ്.
ഇടതുപക്ഷ സര്‍ക്കാരിനെതിരായ ജനരോഷം അടിസ്ഥാനപരമായി ന്യൂനപക്ഷമേഖലകളില്‍ മാത്രമാണ് വലിയ രീതിയില്‍ ഉണ്ടായത്. യഥാര്‍ത്ഥത്തില്‍ കേന്ദ്രത്തിലെ ബിജെപി ഭരണത്തിനെതിരായ വോട്ടുകൂടിയാണ് ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ കണ്ടത്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനാണ് അവര്‍ ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഹിന്ദുസമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങളെ ആകര്‍ഷിക്കുന്ന സോഷ്യല്‍ എന്‍ജിനീയറിംഗ് ആണ് വേണ്ടത്. കേവലം വികസനരാഷ്ട്രീയം കൊണ്ട് കേരളത്തില്‍ മുന്നേറാന്‍ കഴിയില്ല എന്ന് ട്വന്റി ട്വന്റിയുടെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കൂടെ വിലയിരുത്തപ്പെടണം. ന്യൂനപക്ഷത്തെ ആകര്‍ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ ഹിന്ദുത്വം വിസ്മരിക്കപ്പെടാന്‍ പാടില്ല എന്ന പാഠവും 2025ലെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ വയ്ക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ ബിജെപിയ്ക്ക് 25.08 ശതമാനവും, തൃശ്ശൂരില്‍ 20.38 ശതമാനവും, കൊല്ലത്ത് 19.35 ശതമാനവും, ആലപ്പുഴയില്‍ 20.39 ശതമാനവും, പത്തനംതിട്ടയില്‍ 19.41 ശതമാനവും പാലക്കാട് 18.11 ശതമാനവും കാസര്‍കോട് 19.89 ശതമാനവും വോട്ടു നേടാന്‍ കഴിഞ്ഞത് വലിയ വിജയമാണ്. ബിജെപിയ്ക്ക് കേരള രാഷ്ട്രീയത്തില്‍ ഏറെ സാധ്യതയുണ്ട് എന്നതിന്റെ നേര്‍ചിത്രം കൂടെയാണത്. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ കാര്യമായ വിള്ളല്‍ വീഴ്ത്താന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഹിന്ദു ഭൂരിപക്ഷ ജില്ലകളില്‍ യുഡിഎഫിന് മേല്‍കോയ്മ ലഭിക്കാത്തത് ബിജെപിയുടെ വളര്‍ച്ച കൊണ്ടാണ്. മുപ്പത്തഞ്ചില്‍പരം നിയമസഭാമണ്ഡലങ്ങളില്‍ ബിജെപി ഇരുമുന്നണികള്‍ക്കും തുല്യമായ നിലയില്‍ ഉയര്‍ന്നുവരുന്നു എന്ന യാഥാര്‍ത്ഥ്യവും എടുത്തു പറയേണ്ടതുണ്ട്.
തദ്ദേശം 2025: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ?
തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍കോയ്മയുണ്ടെങ്കിലും വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം പൂര്‍ണ്ണമായും ഉറപ്പാക്കാം എന്ന ധാരണ ശരിയല്ല. ബിജെപിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും യുഡിഎഫിന്റെ വിജയം. ഏഴോളം ജില്ലകളില്‍ ബിജെപി ഏതാണ്ട് 20 ശതമാനത്തില്‍ പരം വോട്ടുകള്‍ നേടിയിട്ടുണ്ട്. ബിജെപിയ്ക്ക് ഉയര്‍ന്ന വോട്ട് ശതമാനം ലഭിച്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കാസര്‍കോട്, പത്തനംതിട്ട ജില്ലകളില്‍ യുഡിഎഫിന്റെ പ്രകടനം അത്രമെച്ചമല്ല. ഇതില്‍ പത്തനംതിട്ടയില്‍ മാത്രമാണ് യുഡിഎഫിന് മേല്‍കോയ്മയുള്ളത്. മാത്രമല്ല, ഇടതുമുന്നണി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍, പാലക്കാട് തുടങ്ങിയ ആറു ജില്ലകളില്‍ യുഡിഎഫിനെക്കാള്‍ മുന്നിലാണ്. കോഴിക്കോട്ടും ഇടതുപക്ഷം യുഡിഎഫിന്റെ തൊട്ടടുത്തുണ്ട്. മുകളില്‍ സൂചിപ്പിച്ചതുപോലെ ബിജെപിയ്ക്ക് 35 മുതല്‍ 45 വരെയുള്ള മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം ഉറപ്പാക്കാന്‍ കഴിയും. ഒരു ഡസനിലധികം സീറ്റുകളില്‍ വിജയസാധ്യത വളരെ വലുതാണ്. അത്തരം ഒരു സാഹചര്യത്തില്‍ 2026ല്‍ കേരളം ഒരു തൂക്കു നിയമസഭയ്ക്ക് വേദിയാകും. ബിജെപി ഇരുപക്ഷത്തെയും വോട്ടുകളില്‍ കടന്നു കയറ്റം നടത്തിയിട്ടുണ്ട്. ബിജെപിയുടെ വളര്‍ച്ച ഇടതു-വലതു മുന്നണികളെ ദുര്‍ബ്ബലപ്പെടുത്തും എന്നതില്‍ സംശയമില്ല. ഒരുപക്ഷെ 2026ല്‍ കേരളത്തില്‍ ബിജെപിക്കെതിരെ ഇടതു-വലതു മുന്നണികള്‍ സംയുക്തമായി രൂപീകരിക്കുന്ന ഒരു മന്ത്രിസഭയ്ക്കും സാധ്യതയുണ്ട്. ശ്രദ്ധേയമായ വസ്തുത നിലവില്‍ ഇടതു-വലതു മുന്നണികള്‍ തമ്മില്‍ ഏഴരലക്ഷം വോട്ടുകളുടെ വ്യത്യാസം ഉണ്ട് എങ്കിലും, ഇതില്‍ ആറുലക്ഷം വോട്ടുകള്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. എറണാകുളത്ത് 1.40 ലക്ഷം വോട്ടുകളുടെ വ്യത്യാസം ഉണ്ടെങ്കിലും കോട്ടയത്ത് 58,545, കാസര്‍ കോട് 58,477, പത്തനംതിട്ടയില്‍ 49,305, വയനാട്ടില്‍ 47,300 എന്നിങ്ങനെയാണ് യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വ്യത്യാസം. ബിജെപി 32.17 ലക്ഷം വോട്ടുകളും, യുഡിഎഫ് 89.69 ലക്ഷം വോട്ടും എല്‍ഡിഎഫ് 82.16 ലക്ഷം വോട്ടുകളുമാണ് ഇക്കുറി കരസ്ഥമാക്കിയത്. ചുരുക്കത്തില്‍ മലപ്പുറം, എറണാകുളം ജില്ലകള്‍ക്ക് പുറത്ത് യുഡിഎഫിന് വലിയ മേല്‍ക്കോയ്മയില്ല. അതുകൊണ്ടു തന്നെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യം ഒരുക്കിയാല്‍ അത്ഭുതമില്ല.
(കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഗ്ലോബല്‍ സ്റ്റഡീസ് പ്രൊഫസര്‍&ഡീനും മുന്‍ പ്രോ-വൈസ്ചാന്‍സലറുമാണ് ലേഖകന്‍)






















