ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി 2025-ല്‍ കേരളം സന്ദര്‍ശിക്കുമെന്നും മലപ്പുറത്ത് ഫുട്‌ബോള്‍ കളിക്കുമെന്നുമായിരുന്നു കേരളത്തിന്റെ കായികമന്ത്രി അബ്ദുള്‍ റഹ്മാന്‍ മാസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചത്. സ്‌പോണ്‍സര്‍മാരെ അതിനായി കണ്ടെത്തിയെന്നും കേരളത്തിന്റെ ഖജനാവില്‍ നിന്ന് ഒരു ചില്ലിക്കാശ് പോലും ഇതിനായി ചെലവാക്കില്ലെന്നും മന്ത്രി അവകാശപ്പെടുകയും ചെയ്തു. ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ ഇതും പ്രതീക്ഷിച്ച് മെസ്സിയെ ഒന്നു നേരില്‍ കാണാന്‍ അവസരവും കാത്തിരുന്നപ്പോഴാണ് മെസ്സി കേരളത്തിലേക്ക് വരുന്നില്ലെന്ന് വാര്‍ത്ത വന്നത്. ഇടത് സര്‍ക്കാരിന്റെയും അവര്‍ കണ്ടെത്തിയ മരം മുറി വീരന്മാരായ സ്‌പോണ്‍സര്‍മാരുടെയും വലയില്‍ കുടുങ്ങി മെസ്സി കേരളത്തില്‍ വന്നിരുന്നെങ്കില്‍ എന്തായിരിക്കും സംഭവിക്കുക?
രാജ്യത്തെ ഫുട്‌ബോളിന്റെ ആസ്ഥാനം എന്നു വിശേഷിപ്പിക്കാവുന്ന കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം മെസ്സി സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തയില്‍ കൊല്‍ക്കത്ത എന്നതിനു പകരം കൊച്ചി എന്നോ മലപ്പുറം എന്നോ ആക്കിയാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരംകിട്ടും. കൊല്‍ക്കത്ത സ്റ്റേഡിയത്തില്‍ മെസ്സിയെ കാണാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരെ ആളുകള്‍ എത്തി. 12000 രൂപ ടിക്കറ്റു വെച്ചായിരുന്നു സ്റ്റേഡിയത്തിലേക്ക് ആളുകളെ കയറ്റിയത്. ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റത് അതിന്റെ എത്രയോ ഇരട്ടി തുകക്ക്. ഒരു മാസത്തെ ശമ്പളം തന്നെ ചില ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ ഇതിനായി ചെലവാക്കി. പോലീസ് സുരക്ഷയിലും രാഷ്ട്രീയ നേതാക്കളുടെയും വി.ഐ.പികളുടെയും വലയത്തിലും സ്റ്റേഡിയത്തില്‍ എത്തിയ മെസ്സിയെ ഒന്നു കാണാന്‍ പോലും ഇത്ര കാശ് മുടക്കിയവര്‍ക്ക് കഴിഞ്ഞില്ല. അവര്‍ ബഹളമുണ്ടാക്കിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിമിഷങ്ങള്‍ക്കക്കം മെസ്സിയെ അവിടെ നിന്നും പുറത്തേക്ക് കൊണ്ടുപോയി. കുപിതരായ ജനം അക്രമമഴിച്ചു വിട്ടു. ഭാഗ്യത്തിന് വലിയ കുഴപ്പങ്ങള്‍ ഉണ്ടായില്ല. കഴിഞ്ഞ ജൂണ്‍ 4 ന് ബാംഗ്ലൂരില്‍ ക്രിക്കറ്റ് താരം കോഹ് ലിക്ക് സ്വീകരണമൊരുക്കിയതിലെ പിഴവുമൂലം പതിനൊന്നു പേര്‍ മരിച്ചതു പോലെയോ സപ്തം. 27 ന് തമിഴ്‌നാട്ടിലെ കരൂരില്‍ വിജയ്‌യുടെ രാഷ്ട്രീയ പരിപാടിയില്‍ തിരക്കില്‍പെട്ട് 41 പേര്‍ ശ്വാസം മുട്ടി മരിച്ച പോലെയോ ഉള്ള വന്‍ ദുരന്തം ഉണ്ടാവാതിരുന്നത് ഭാഗ്യം കൊണ്ടാണ്. ഇടത് സര്‍ക്കാര്‍ മെസ്സിയെ ക്ഷണിക്കാന്‍ തയ്യാറായതും മമതയും കൂട്ടരും ചെയ്ത പോലെ മെസ്സി സന്ദര്‍ശനത്തെ വിറ്റ് കാശുണ്ടാക്കാനാണ്. അതുകൊണ്ടുതന്നെ കൊല്‍ക്കത്ത സ്റ്റേഡിയത്തില്‍ സംഭവിച്ചത് ഇവിടെ അതിലും രൂക്ഷമാകാനാണ് സാധ്യത. ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ശബരിമല ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളി വരെ വിറ്റ് കാശാക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് ഇതിലേറെ ഒന്നും പ്രതീക്ഷിക്കാനാവില്ല. ഏതായാലും കേരളത്തിലേക്കില്ല എന്നു പറഞ്ഞ മെസ്സിയെയും കേരളത്തേയും ദൈവം രക്ഷിച്ചു എന്നു സമാധാനിക്കാം.





















