‘കൈറ്റ് റണ്ണര്‍’ എന്നാല്‍ പട്ടം പറത്തുന്നവന്‍ എന്നാണര്‍ത്ഥം. എന്നാല്‍ ഖലീദ് ഹൊസേനി (Khaled Hosseini) എന്ന അഫ്ഗാന്‍ – അമേരിക്കന്‍ നോവലിസ്റ്റിന്റെ കൃതിയില്‍ പട്ടം പറത്തുന്നവനല്ല ‘കൈറ്റ് റണ്ണര്‍’ പട്ടത്തിനു പിറകെ ഓടി അതു കണ്ടെത്തുന്നവനാണ്. പട്ടം പറത്തിക്കളിക്കുന്ന ശീലം പണ്ടുകാലത്ത് കേരളത്തിലും ഉണ്ടായിരുന്നു. നല്ല കാറ്റുള്ള കുന്നിന്‍ പുറങ്ങളിലോ തീരപ്രദേശങ്ങളിലോ ആണ് കുട്ടികള്‍ പട്ടം പറത്താറുള്ളത്. വൃക്ഷനിബിഢമായ ഭൂപ്രകൃതിയായതിനാലാവാം കേരളത്തില്‍ പട്ടം പറത്തല്‍ അത്ര പ്രചാരമുള്ള ഒരു വിനോദമല്ല. ഖാലിദ് ഹൊസേനിയുടെ നോവല്‍ വായിച്ചാല്‍ അഫ്ഗാനില്‍ ഇത് വലിയ പ്രാധാന്യമുള്ള ഒരു വിനോദമാണെന്ന് മനസ്സിലാവും. അതുകൊണ്ടായിരിക്കണം നോവലിന് ‘The Kite Runner’ എന്നു പേരു നല്‍കിയിരിക്കുന്നത്.
35 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതാണ് ഈ അഫ്ഗാന്‍ – അമേരിക്കന്‍ നോവല്‍. 2003ല്‍ പുറത്തിറങ്ങി വളരെ വൈകാതെ തന്നെ ഇന്ത്യയിലേക്ക് നോവല്‍ എത്തിച്ചേര്‍ന്നിരുന്നു. ഇതിന്റെ വില കുറഞ്ഞ പേപ്പര്‍ ബാക്ക് എഡിഷന്‍ പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന എല്ലാ തെരുവു പുസ്തകക്കടകളിലും കാണാമായിരുന്നു. ചേതന്‍ ഭഗതിന്റെ നോവല്‍ പോലെ തീരെ നിലവാരമില്ലാത്ത ഒന്നായിരിക്കും എന്നായിരുന്നു എന്റെ ധാരണ. തീരെ വില കുറഞ്ഞതായിരുന്നതിനാലാവാം ഞാനും ഈ കൃതി വാങ്ങിയെങ്കിലും ആദ്യത്തെ കുറച്ചു പേജുകള്‍ വായിച്ചപ്പോള്‍ ഒട്ടും ആകര്‍ഷകമായി തോന്നിയില്ല. കാരണം, ചേതന്‍ ഭഗത്തൊക്കെ എഴുതുന്നതുപോലെ തീരെ ആലങ്കാരികമല്ലാത്ത ഭാഷ, പ്രത്യേകിച്ച് ഗൗരവമുള്ള നിരീക്ഷണങ്ങളുടെ അഭാവം എന്നിവ മൂലം ഒരു മൂന്നാം കിട കൃതിയാണെന്നു ധരിച്ചുപോയിരുന്നു. പിന്നീട് ഒരു യാത്രയ്ക്കിടയില്‍ പെട്ടെന്ന് കൈയില്‍ കിട്ടിയ പുസ്തകം എന്ന രീതിയില്‍ അലക്ഷ്യമായ പാരായണത്തിനു വിധേയമാക്കുകയായിരുന്നു.
ഭാഷയ്ക്ക് വലിയ സൗന്ദര്യമില്ലെങ്കിലും ഋജുവായ, തീരെ വളച്ചു കെട്ടില്ലാത്ത ആവിഷ്‌ക്കാരമാണെങ്കിലും പിറകില്‍ സാര്‍വ്വത്രികമായ മനുഷ്യജീവിതത്തിന്റെ സ്പന്ദനം നോവലില്‍ അവ്യക്തമായി തുടിക്കുന്നുണ്ടെന്നു മുഴുവന്‍ വായിച്ചപ്പോഴാണ് മനസ്സിലാക്കിയത്. എന്തുകൊണ്ട് ലോകം മുഴുവന്‍ ലക്ഷക്കണക്കിനു വായനക്കാരെ ഈ നോവല്‍ ആകര്‍ഷിച്ചുവെന്നത് പിന്നീടാണ് മനസ്സിലായത്. മതതീവ്രവാദികളുടെ പിടിയില്‍ അമര്‍ന്നിരിക്കുന്ന, മനുഷ്യരെ കല്ലെറിഞ്ഞുകൊല്ലുന്ന, നിസ്സാരമായ കുറ്റങ്ങള്‍ക്കുപോലും സാധാരണക്കാരെ ക്രൂരമായ വധശിക്ഷയ്ക്കു വിധേയമാക്കുന്ന അഫ്ഗാനിസ്ഥാന്‍ ലോകത്തിനു മുഴുവന്‍ ഒരുകൂട്ടം പ്രാകൃത മനുഷ്യരുടെ സങ്കേതമാണ്. അവിടെ നിന്ന് ജീവിതത്തെ ഇത്രമാത്രം നിര്‍മ്മമം ആയി നോക്കിക്കാണുന്ന ഒരു കൃതിയുണ്ടാവുക അസാധ്യം. ഒരുപക്ഷേ ഹൊസേനി അദ്ദേഹത്തിന്റെ യൗവ്വനവും തുടര്‍ന്നുള്ള കാലവുമെല്ലാം അമേരിക്കയില്‍ കഴിച്ചു കൂട്ടിയതുകൊണ്ടാവാം ഇത്തരം തുറന്നെഴുത്ത് സാധ്യമായത്.
ഒരിക്കലും ജനാധിപത്യം വഴങ്ങാത്ത ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവായ ദുര്‍വിധിയാണ് അഫ്ഗാനിസ്ഥാനുമുള്ളത്. രാജഭരണത്തില്‍ നിന്നും പലവിധ പട്ടാള അട്ടിമറികളെ തുടര്‍ന്ന് സോഷ്യലിസ്റ്റു ഭരണത്തിനു വഴി മാറിയെങ്കിലും അതിനും അധികം ആയുസ്സുണ്ടായില്ല. അഫ്ഗാനിലെ റഷ്യന്‍ അനുകൂല സോഷ്യലിസ്റ്റു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മതതീവ്രവാദ ശക്തികളെ പരിശീലിപ്പിച്ചതും അമേരിക്ക തന്നെയായിരുന്നു. ഇന്നു നമ്മള്‍ കാണുന്ന താലിബാന്‍ സത്യത്തില്‍ ഒരമേരിക്കന്‍ സൃഷ്ടിയാണ്. കുട്ടിക്കാലം മുതല്‍ മദ്രസ പഠനം നടത്തുന്ന മുസ്ലീങ്ങളെ മതത്തിന്റെ പേരില്‍ ഒരുമിപ്പിക്കാന്‍ എളുപ്പമാണെന്നറിയാമായിരുന്ന അമേരിക്കന്‍ സിഐഎ തന്നെയാണ് ഇടതുപക്ഷഭരണത്തിനെതിരെ ഇസ്ലാമിക ശക്തികളെ വളര്‍ത്തിയെടുത്തത്. ഭസ്മാസുരന് വരം കൊടുത്ത അമേരിക്കയ്ക്ക് പിന്നെ ഇവരുടെ കൈകൊണ്ടുതന്നെ വലിയ അടി കിട്ടി. കുപ്രസിദ്ധമായ 9/11 ഭീകരാക്രമണത്തില്‍ ഒസാമ ബില്‍ലാദന് തുണയായി നിന്നത് ചില അഫ്ഗാനികളും താലിബാന്‍ അനുകൂലികളുമായിരുന്നു.
‘The Kite Runner’ ഒരു രാഷ്ട്രീ യ നോവല്‍ അല്ല. എന്നാല്‍ അതിന്റെ പിന്നാമ്പുറത്ത് അഫ്ഗാനിലെ രാഷ്ട്രീയം സജീവമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. തകഴിയുടെ കയറിലും ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരിലുമൊക്കെയുള്ളതു പോലെ രാഷ്ട്രീയം പിന്നണിയില്‍ നിന്നുകൊണ്ടു സാമൂഹ്യ പരിതോവസ്ഥകളെ വരച്ചു കാണിക്കുന്നതാണ് ഈ നോവല്‍. ഇത് പാശ്ചാത്യര്‍ക്ക് പ്രിയങ്കരമാകാന്‍ രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന് ഇത് സോവിയറ്റ് അധിനിവേശത്തേയും താലിബാന്‍ ഭരണകൂടത്തേയും ഒരുപോലെ വിമര്‍ശിക്കുന്നുണ്ട്. രണ്ടും ഒരുപോലെ അടിച്ചമര്‍ത്തലുകളും അക്രമവും നിറഞ്ഞതായിട്ടാണ് നോവലില്‍ പറയുന്നത്. മാത്രവുമല്ല അമേരിക്കയെ കാര്യമായി പുകഴ്ത്തുന്നുമുണ്ട്. പതിനൊന്നാമത്തെ അധ്യായം പേജ് 126-ല്‍ എഴുതുന്നത് ഇങ്ങനെയാണ്. ‘America was different. America was a river, roaring along, unmindful of the past. I could wade into this river, let my sins drown to the bottom, let the waters carry me some place far. Some place with no ghosts no memories, and no sins, if for nothing else, for that I embraced America.’ ഒരമേരിക്കക്കാരന്റെ മനം കുളിര്‍ക്കാന്‍ ഇതു മതിയാവുമല്ലോ.
ഇതുമാത്രവുമല്ല, അമേരിക്ക തന്ത്രപൂര്‍വ്വം ഇന്ത്യയോട് ചെയ്യുന്ന അതേ ഭിന്നിപ്പിക്കല്‍ തന്ത്രം ഈ നോവലില്‍ സായിപ്പിനെ തൃപ്തിപ്പെടുത്താനായി ആഖ്യായികാകാരന്‍ ബോധപൂര്‍വ്വം ഉപയോഗിക്കുന്നുണ്ട്. അഫ്ഗാന്‍ പ്രധാനമായും ഒരു സുന്നി മുസ്ലിം രാഷ്ട്രമാണ്. അവിടത്തെ പ്രധാന ന്യൂനപക്ഷ വിഭാഗമാണ് ഹസാരകള്‍ എന്നു വിളിക്കപ്പെടുന്ന ഷിയാമുസ്ലിങ്ങള്‍. നോവലില്‍ പലയിടത്തും ഹസാരകളെ അത്യന്തം വെറുപ്പോടെയാണ് സുന്നികള്‍ കാണുന്നത്. ഇതിലെ ഏറ്റവും സഹതാപം തോന്നിപ്പിക്കുന്ന കഥാപാത്രം നായകനായ അമീറിന്റെ അര്‍ദ്ധ സഹോദരനായ ഹസ്സനാണ്. അയാള്‍ ഒരു ഹസാരയില്‍ അമീറിന്റെ പിതാവിനു ജനിച്ച ജാരസന്തതിയാണ്. അയാളെ മറ്റുകുട്ടികള്‍ പീഡിപ്പിക്കുന്നതിനും ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും ഒരു പ്രധാന കാരണം അയാള്‍ ഒരു ഷിയാ ഹസാരയാണെന്നതാണ്. ഹസ്സനെ മറ്റു കുട്ടികള്‍ ചേര്‍ന്നു ലൈംഗികമായി പീഡിപ്പിക്കുന്നതും പിന്നീട് അയാളുടെ മകനായ സെഹറാബിനെ താലിബാന്‍ അവരുടെ ലൈംഗിക അടിമയായി പെണ്‍വേഷം കെട്ടിച്ചു കൊണ്ടുനടക്കുന്നതിനുമൊക്കെയുള്ള കാരണം വംശീയത തന്നെ. മറ്റു മതക്കാരെ വെറുക്കുന്നതിനേക്കാള്‍ കൂടുതല്‍ താലിബാന്‍ മാറ്റിനിര്‍ത്തുന്നതും പീഡിപ്പിക്കുന്നതും ഷിയാ മുസ്ലീങ്ങളെയാണെന്ന യാഥാര്‍ ത്ഥ്യം നോവല്‍ തുറന്നു കാണിക്കുന്നു. കുട്ടികള്‍ പോലും ഷിയാ ഹസാരകളെ ശത്രുതയോടെയാണു വീക്ഷിക്കുന്നത്. അസീഫ് എന്ന കുട്ടി ഷിയാ ഹസാരകളെക്കുറിച്ച് ”Afghanistan is the land of Pashtuns It always has been, always will be. We are the tree Afghans, not the Flatnose here. His people pollute our homeland, Our ‘Watan’ they dirty our blood.” ഇവിടെ എഹമേിീലെ എന്നു വിളിക്കുന്നത് ഷിയാ ഹസാരകളെയാണ്. പഷ്തൂണുകള്‍ പരമ്പരാഗത അഫ്ഗാന്‍ സുന്നികളും. അഫ്ഗാന്‍ താലിബാന് പാകിസ്ഥാനോടുള്ള ഒരു പ്രധാന ശത്രുത അവര്‍ പാക് മണ്ണിലുള്ള ഷിയാകളെ വേണ്ടവണ്ണം കൊന്നൊടുക്കുന്നില്ല എന്നതാണ്.
വളരെ ലളിതമായ ഇംഗ്ലീഷില്‍ രചിക്കപ്പെട്ടിരിക്കുന്ന കൃതി ഏവര്‍ ക്കും വായിച്ചു പോകാവുന്നതാണ്. അഫ്ഗാനിലെ മതഭരണകൂടത്തിന്റെ ഭീകരമുഖം തുറന്നു കാണിക്കുക നോവലിസ്റ്റിന്റെ ഉദ്ദേശ്യമല്ലെങ്കിലും അതു വെളിപ്പെടുന്നുണ്ട്. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമെല്ലാം മതവംശീയ ഭരണകൂടത്തെ വെറുക്കുന്ന ഒരു ഒരു ചെറു ന്യൂനപക്ഷമുണ്ട്. അവരുടെ ശബ്ദം ആരും അറിയുന്നില്ല. മെഹ്‌സിന്‍ ഹമീദ്, കാമില ഷംസി, ഫര്‍ഹത് ഇഷ്താഖ് തുടങ്ങി ഒരു കൂട്ടം എഴുത്തുകാര്‍ മാനവികതയുടെ ശബ്ദം ഉയര്‍ത്തുന്നവരായി പാകിസ്ഥാനിലുണ്ടെങ്കിലും അവരെ ആരും അറിയുന്നതേയില്ല. ഇന്നും മതഭ്രാന്തന്മാര്‍ പറയുന്നതാണിവിടെ വേദവാക്യം. മാന്‍ ബുക്കര്‍ സമ്മാനത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ബ്രിട്ടീഷ് – പാക് എഴുത്തുകാരനായ മെഹ്‌സിന്‍ ഹമീദ് (Mohsin Hamid) വളരെ ശ്രദ്ധേയനായ എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ 1922 നോവലായ ‘The last whiteman’ കാഫ്കയുടെയും റുമാനിയന്‍ ഫ്രഞ്ച് നാടകകൃത്തായ യൂജിന്‍ അയനസ്‌കോയുടേയും അനുകരണമുള്ളതിനാലാവാം ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടെങ്കിലും സമ്മാനം ലഭിക്കാതെ പോയത്. അയനസ്‌ക്കോയുടെ നാടകത്തില്‍ ഒരു പനിക്കു ശേഷം ഒരു ചെറുപട്ടണത്തിലെ ആളുകളെല്ലാം കാണ്ടാമൃഗങ്ങളായി മാറുകയാണ്. ‘ലാസ്റ്റ് വൈറ്റ് മാനി’ല്‍ ഒരു സുപ്രഭാതത്തില്‍ എല്ലാവരും കറുത്ത തൊലിയുള്ളവരായി മാറുന്നു. അയനസ്‌ക്കോ ചര്‍ച്ച ചെയ്ത പ്രശ്‌നങ്ങളൊക്കെത്തന്നെയാണ് മെഹ്‌സിന്‍ ഹമീദും ചര്‍ച്ച ചെയ്യുന്നത്. മെഹ്‌സിന്‍ ഹമീദും ഖാലിദ് ഹൊസേനിയുമൊക്കെ മതഭ്രാന്തിന്റെ മരുഭൂമിയിലെ പച്ചത്തുരുത്തുകളാണെന്നു പറയാം. പക്ഷേ ഇവരൊന്നും ജന്മനാട്ടിലിരുന്ന് എഴുതാന്‍ ധൈര്യമുള്ളവരല്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ഇതിനു മുന്‍പേ വധിക്കപ്പെടുമായിരുന്നു.
‘അമ്മയെ തല്ലിയാലും രണ്ടുണ്ടുപക്ഷം’ എന്നത് അതിപ്രശസ്തമായ ഒരു പഴഞ്ചൊല്ലാണ്. അമ്മമാര്‍ എന്തു തെറ്റു ചെയ്താലും അവരെ തല്ലാന്‍ മക്കള്‍ക്ക് അധികാരം ഇല്ല എന്നത് കേരളത്തിലെ ഒരു അലിഖിത നിയമമാണ്. അമ്മയെ തല്ലി നന്നാക്കാന്‍ മക്കള്‍ക്ക് അവകാശമില്ല. കാരണം മക്കള്‍ക്കു വേണ്ടി ഓരോ അമ്മയും അനുഷ്ഠിക്കുന്ന ത്യാഗമാണ് അവരുടെ ഇന്നത്തെ ശരീരവും സൗന്ദര്യവും സമ്പത്തുമെല്ലാം. ഈ പഴഞ്ചൊല്ല് എഴുതേണ്ടി വന്നത്, മാതൃഭൂമിയില്‍ രാംമോഹന്‍ പാലിയത്ത് എഴുതിയിരിക്കുന്ന വെബിനിവേശം (ഡിസം. 7-13) എന്ന പംക്തി വായിച്ചതാണ്.
‘മിഥുനങ്ങള്‍ അന്നുമിന്നും എന്ന തലക്കെട്ടില്‍’ അദ്ദേഹം എഴുതുന്നത് മാതൃഭൂമി വാരികയില്‍ പണ്ടുവരുമായിരുന്ന വിവാഹവേദിഫോട്ടോകളെകുറിച്ചാണ്. ആ ഫോട്ടോകള്‍ കണ്ടത് ഈ ലേഖകനും നല്ല ഓര്‍മയുണ്ട്. അന്നത്തെ യുവമിഥുനങ്ങളാരും ചിരിച്ചു കണ്ടിട്ടില്ല എന്ന രാംമോഹന്റെ നിരീക്ഷണം ശരിയാണ്. ഇന്നാവട്ടെ അവര്‍ പരസ്യമായി പരസ്പരം ചുംബിക്കുക പോലും ചെയ്യുന്നു. അതല്ല ഇവിടുത്തെ വിഷയം. വിവാഹ ധൂര്‍ത്തിനെ രാം മോഹന്‍ അനുകൂലിക്കുന്നു. ശ്രീനാരായണഗുരുദേവനും മനത്തുപദ്മനാഭനുമൊക്കെ എതിര്‍ത്തതാണ് ഈ വിവാഹധൂര്‍ത്ത്. വെബനിവേശക്കാരന്‍ പറയുന്ന സാമ്പത്തികശാസ്ത്രം നമ്മളെ ആകെ വെട്ടിലാക്കുന്നു. സമ്പന്നന്മാര്‍ അത്യാഡംബരപൂര്‍വ്വം വിവാഹം നടത്തുമ്പോള്‍ പന്തല്‍ കെട്ടുന്നവര്‍ക്കും ബ്യൂട്ടിപാര്‍ലറുകാര്‍ക്കും കാറ്ററിങ്ങ് സര്‍വ്വീസുകാര്‍ക്കും തുടങ്ങി ക്ലീനിങ്ങ് സ്റ്റാഫിനു വരെ തൊഴില്‍ കിട്ടുന്നു. ഇത്തരം ആഡംബര കല്യാണങ്ങളെ നിരുത്സാഹപ്പെടുത്തിയാലോ സമ്പന്നന്റെ ധനം ചെലവഴിക്കപ്പെടാതെ ബാങ്കില്‍ത്തന്നെ കിടക്കും. ഈ സാമ്പത്തികശാസ്ത്രത്തിനു മുന്നില്‍ ആഡംബരവിവാഹത്തെ എതിര്‍ത്തിരുന്ന എന്നെപ്പോലുള്ളവര്‍ക്ക് അന്ധാളിച്ചു നില്‍ക്കാനേ കഴിയൂ. അമ്മയെ തല്ലിയാലും തീര്‍ച്ചയായും രണ്ടുപക്ഷം വേണ്ടിവരുമെന്ന് ഇപ്പോള്‍ മനസ്സിലായി.






















