ആര്‍.എസ്.എസ്സിന്റെ ശതാബ്ദിയോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ആഗസ്റ്റ് 26, 27, 28 തീയതികളില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണത്തിന്റെ തുടര്‍ച്ച.
അപരിചിതനായ വ്യക്തി സംസാരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ എന്താണെന്ന് ജനങ്ങള്‍ ചിന്തിക്കും. ഇനി പരിചയമുള്ള വ്യക്തിയാണെങ്കില്‍ അദ്ദേഹം ഏതുതരത്തിലുള്ള വ്യക്തിയാണെന്ന് ചിന്തിക്കും. അതുകൊണ്ട് വീണ്ടും വീണ്ടും ജനങ്ങളുമായി സമ്പര്‍ക്കം നടത്തണം. നമ്മുടെ അയല്‍രാജ്യങ്ങളുമായും നാം സമ്പര്‍ക്കം നടത്തണം. ഭാരതത്തിന്റെ മിക്ക അയല്‍രാജ്യങ്ങളും ആദ്യം ഭാരതത്തിന്റെ തന്നെ ഭാഗമായിരുന്നു. ജനങ്ങള്‍, ഭൂമിശാസ്ത്രം, നദികള്‍, വനങ്ങള്‍ എല്ലാം പഴയതുതന്നെയാണ്. ഭൂപടത്തില്‍ രേഖകള്‍ വരച്ചിട്ടുണ്ടെന്നത് മാത്രമേയുള്ളൂ. എല്ലാവരും ഒന്നാണെന്നുള്ള ചിന്ത ഉടലെടുക്കണം. പൈതൃകമായി നമുക്ക് ലഭിച്ച മൂല്യങ്ങളെ അടിസ്ഥാനമാക്കി എല്ലാവര്‍ക്കും വികസനം ഉണ്ടാവണം. ഇതിനായി ഭാരതം കരുതലോടെ പ്രവര്‍ത്തിക്കുകയും സ്വന്തം പങ്കാളിത്തം ഉറപ്പ് വരുത്തുകയും വേണം. എല്ലാവരേക്കാളും വലുത് ഭാരതമാണ്. അതുകൊണ്ട് അവരെ ഒന്നിപ്പിക്കുകയും ശ്രദ്ധിക്കുകയും വേണം. ഈ അയല്‍രാജ്യങ്ങളില്‍ ശാന്തിയും വികസനവും നല്ല പരിസ്ഥിതിയും ജനങ്ങള്‍ക്ക് നല്ല സംസ്‌കാരവും ഉണ്ടാവണം. പഞ്ച സമ്പ്രദായങ്ങള്‍ വേറെ വേറെയായിരിക്കാം. എന്നാല്‍ സംസ്‌കാരത്തെപ്പറ്റി ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. എല്ലാ ജാതി വര്‍ഗ്ഗങ്ങളിലും മതസമ്പ്രദായങ്ങളിലും പെടുന്നവരെ ഒരുമിപ്പിക്കാനുള്ള ശ്രമം സംഘം നടത്തുന്നുണ്ട്. ഇങ്ങനെ ബോധവല്‍ക്കരണം നടത്തുന്നതിന് നിരന്തരമായ സമ്പര്‍ക്കം നടത്തണം. മനുഷ്യര്‍ തമ്മിലും ഹൃദയങ്ങള്‍ തമ്മിലും സംസാരിക്കണം (Man to man contact, Heart to heart talk) ഇത്തരമൊരു സാഹചര്യത്തില്‍ ഈ ബന്ധം പരസ്പരപൂരകവും ദൃഢവുമായിത്തീരും, അതോടൊപ്പം ലോകത്തിനും ഉപകാരപ്പെടും. ഈ കാഴ്ചപ്പാടില്‍ നാം എന്താണ് ചെയ്യേണ്ടത് എന്നുള്ളത് സ്വയംസേവകരുടെ മനസ്സിലും ഉയരുന്ന ചോദ്യമാണ്.
നമ്മള്‍ ആരംഭിക്കേണ്ടത് സ്വന്തം വീട്ടില്‍ നിന്നാണ്. അതുകൊണ്ട് ഒരു സംഘടിത കാര്യശക്തി ഉണ്ടാക്കിയെടുക്കണം. അതിന്റെ അടിസ്ഥാനത്തില്‍ സമാജത്തില്‍ പരിവര്‍ത്തനം ഉണ്ടാക്കണം. സമാജപരിവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത് നിലവിലുള്ള വ്യവസ്ഥകളുടെ പരിവര്‍ത്തനമല്ല; സമാജത്തിന്റെ പെരുമാറ്റത്തിലാണ് പരിവര്‍ത്തനം ഉണ്ടാവേണ്ടത്. സമാജത്തെ സംഘടിപ്പിക്കണം, അതിന്റെ അടിസ്ഥാനത്തില്‍ വ്യവസ്ഥകള്‍ മാറണം. ഒരു വ്യവസ്ഥയും സ്വയം മാറുന്നില്ല. ഗുണസമ്പന്നവും സംഘടിതവുമാകുമ്പോഴാണ് സമാജത്തിന് പരിവര്‍ത്തനമുണ്ടാകുന്നത്. സമാജത്തിന്റെ പെരുമാറ്റത്തില്‍ പരിവര്‍ത്തനമുണ്ടാക്കുന്നതിന് നാം ചില ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്വയംസേവകരുടെ വീടുകളില്‍ നിന്നും ഈ ശ്രമം ആരംഭിക്കണം. ചുറ്റുവട്ടത്തുള്ള സമാജത്തെക്കൂടി ഇതില്‍ പങ്കെടുപ്പിക്കണം. ഈ അഞ്ച് ജോലികളെ നമ്മള്‍ പഞ്ചപരിവര്‍ത്തനം എന്നുവിളിക്കുന്നു. ലളിതമായ ജോലിയാണ്; ഒരു സാധനസാമഗ്രികളും അതിന് ആവശ്യമില്ല; ദൃഢമായ ആഗ്രഹം മാത്രം മതി. എന്താണ് ചെയ്യേണ്ടത് എന്നുള്ളതിന് സ്വയംസേവകനായിരിക്കണം മാതൃക. പെട്ടെന്ന് തന്നെ നൂറ് ശതമാനവും പൂര്‍ണ്ണമാകണമെന്നില്ല. നൂറ് ശതമാനം ആകാതെ പ്രവര്‍ത്തനം നിര്‍ത്താനും കഴിയില്ല; കാരണം ഇത് അത്യാവശ്യമാണ്. അതുകൊണ്ട് സ്വയംസേവകര്‍ അഞ്ചടി മുന്നോട്ടുനടന്ന് സമാജത്തെ ഒപ്പം വിളിക്കണം. അതുകൊണ്ട് ഒരു പ്രയോജനമുണ്ട്. സ്വയംസേവകര്‍ 10,000 അടി മുന്നോട്ടു നടന്ന് സമാജത്തെ വിളിച്ചാല്‍ സമാജം വരില്ല. നമ്മളെക്കൊണ്ട് സാധിക്കില്ലെന്ന് സമാജം പറയും. എന്നാല്‍ അഞ്ചടി എളുപ്പത്തില്‍ മുന്നോട്ട് വരാന്‍ സാധിക്കും. അതുപോലെ അഞ്ച് മേഖലകളില്‍ നമുക്ക് പ്രധാനമായും പരിവര്‍ത്തനം വരുത്തേണ്ടതുണ്ട്. സംസ്‌കാരരാഹിത്യവും സമ്പന്നരുടെ അജ്ഞാനവും കാരണം ഉണ്ടാകുന്ന ദോഷങ്ങളെ ഇല്ലാതാക്കുന്നതിനാണ് കുടുംബപ്രബോധന്‍. കുട്ടികള്‍ പ്രത്യേകിച്ചും യുവതലമുറ വിദ്യാസമ്പന്നരാണ്. അവരുടെ മനോഭാവം കൂടുതല്‍ കൂടുതല്‍ വ്യക്തിഗതമായിക്കൊണ്ടിരിക്കുകയാണ്. അവര്‍ മൊബൈലില്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കാന്‍, ഇന്ന് നമുക്ക് അവരുടെ അനുവാദം വേണ്ടിവരുന്നു. എല്ലാവരും സ്വകാര്യതയിലാണ് ജീവിക്കുന്നത്. പുതിയ തലമുറ എന്താണ് ചെയ്യുന്നതെന്ന് നമ്മളോട് പറയില്ല; ഇനി പറയുകയാണെങ്കില്‍ തന്നെ ചുരുക്കം ചില വാക്കുകളില്‍ മറുപടി പറയും. കൂടുതല്‍ ചോദിച്ചാല്‍ നമ്മള്‍ സ്വോച്ഛാധിപതികളാണെന്ന് അവര്‍ക്ക് തോന്നും. എങ്ങനെയാണോ വളര്‍ത്തുന്നത് അതുപോലെയാണ് അവര്‍ വളരുന്നത്. പരസ്പരബന്ധം ഇല്ലാത്ത രീതിയിലേക്ക് നീങ്ങുന്ന ഈ വഴിയുടെ ദുഷ്പരിണാമം ഇപ്പോള്‍ എല്ലായിടത്തും കാണാന്‍ കഴിയും. ഇത് ശരിയാക്കണമെങ്കില്‍ കുട്ടിക്കാലം മുതല്‍ തന്നെ സ്വന്തം വീട്ടില്‍നിന്ന് കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കണം. അതുകൊണ്ട് വീട്ടിലെ എല്ലാവരും ആഴ്ചയില്‍ ഒരു ദിവസം നിശ്ചിതസമയത്ത് വീട്ടില്‍ ഒത്തുകൂടണം. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കണം, ഭജനകള്‍ നടത്തണം, മൂന്നോ നാലോ മണിക്കൂര്‍ എല്ലാവരും ചേര്‍ന്ന് തമാശകള്‍ പറഞ്ഞ് ഇരിക്കണം. ഈ കളിതമാശകള്‍ക്കിടയില്‍ നമ്മള്‍ ആരാണ്, നമ്മുടെ പൂര്‍വ്വികര്‍ ആരാണ്, നമ്മുടെ കുലത്തിന്റെയും വീടിന്റെയും ആചാരരീതികള്‍ എന്താണ്; എന്താണ് സുരക്ഷിതമായത്, ഇന്നത്തെ കാലഘട്ടത്തില്‍ എന്താണ് നിലനില്‍ക്കുന്നത്, എന്തൊക്കെ ചെയ്യാന്‍ പറ്റും, എന്താണ് ആവശ്യം, എന്തൊക്കെ മാറണം എന്ന് ചിന്തിക്കണം.നമ്മുടെ വീട് എങ്ങനെയാണ് അല്ലെങ്കില്‍ എങ്ങനെയായിരിക്കണം എന്ന കാര്യത്തില്‍ ഏകാഭിപ്രായം ഉണ്ടാക്കണം. എല്ലാ ആഴ്ചയും ഇങ്ങനെ ഒത്തുകൂടണം. പാല്‍ കുടിക്കുന്ന ചെറിയ കുട്ടികള്‍ക്ക് ഒന്നും മനസ്സിലാവില്ലെങ്കിലും അവരെയും കൂടെ ഇരുത്തണം. കാരണം ശ്രവണ സംസ്‌കാരം അവന് ലഭിക്കും. ഒരു കാര്യം മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കുട്ടികള്‍ എങ്ങനെ ആയിത്തീരണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവോ അതുപോലെ ആദ്യം മാതാപിതാക്കളും ആകണം. കുട്ടികള്‍ ഈ ചര്‍ച്ചയില്‍ ചോദ്യങ്ങള്‍ ചോദിക്കും; അതിന് ഉത്തരം നല്‍കാന്‍ തയ്യാറാവണം. നമ്മുടെ രാഷ്ട്രവും നമ്മളും എല്ലാവരും കൂടിച്ചേര്‍ന്ന നമ്മുടെ അസ്തിത്വത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തണം. നമ്മുടെ പൂര്‍വ്വികരുടെ ആദര്‍ശം എന്തായിരുന്നു? നമ്മുടെ പാരമ്പര്യം എന്താണ്? അതിനെപ്പറ്റിയുള്ള വിവരണം, ഇതിഹാസങ്ങള്‍, നല്ല കഥകള്‍ എന്നിവയെപ്പറ്റിയുള്ള വിവരണം എന്നിവ നല്‍കണം. ഇതില്‍ ഏതൊക്കെ നമ്മുടെ വീട്ടില്‍ നടപ്പാക്കാന്‍ പറ്റുമെന്ന് ചിന്തിക്കണം.
ഞാന്‍ ദിവസവും എനിക്കും എന്റെ കുടുംബത്തിനും വേണ്ടി സമ്പാദിക്കുകയും ചെലവഴിക്കുകയും ചെയ്യുന്നു. എന്റെ സമയവും എനിക്കും കുടുംബത്തിനും വേണ്ടിയുള്ളതാണ്. ഞാനും എന്റെ കുടുംബവും, രാഷ്ട്രത്തിനും സമാജത്തിനും ധര്‍മ്മത്തിനും വേണ്ടി എന്തുചെയ്യുന്നുവെന്ന് ചിന്തിക്കണം. കുട്ടികള്‍ക്ക് പോലും ദിവസവും ചെയ്യാന്‍ പറ്റുന്ന ചെറിയ ചെറിയ ജോലികളുണ്ട്. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി, തന്റെ കോളനിയില്‍ ജോലി ചെയ്യാന്‍ വരുന്ന തൊഴിലാളികളുടെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുമായിരുന്നു. അങ്ങനെ ചെറിയ കുട്ടികള്‍ക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയും. അവര്‍ക്ക് വീട്ടില്‍ ഒരു ചെടി നടുകയും അതിനെ പരിപാലിക്കുകയും ചെയ്യാം. ആര്‍ക്ക് എന്തെല്ലാം ചെയ്യാന്‍ പറ്റുമെന്നും ഓരോരുത്തരും സമാജത്തിനുവേണ്ടി എത്ര സമയം ചെലവഴിക്കുന്നുവെന്നും ചിന്തിക്കണം. ഇതിനെപ്പറ്റി ചര്‍ച്ച ചെയ്ത് അഭിപ്രായൈക്യം ഉണ്ടാക്കി അത് നടപ്പില്‍ വരുത്തണം. ഇങ്ങനെ കുട്ടികള്‍ ജോലി ചെയ്യാന്‍ തുടങ്ങുമ്പോള്‍ അവര്‍ക്ക് ബന്ധങ്ങളുടെ മഹത്വം സ്വയം മനസ്സിലാവും. അല്ലാതെ പ്രസംഗത്തിലൂടെ കഴിയില്ല; അനുഭവമാണ് അവര്‍ക്ക് നല്‍കേണ്ടത്. സിംഗപ്പൂരും പാരീസുമൊക്കെ കറങ്ങാന്‍ പോകുമ്പോള്‍ ഇടയ്ക്ക് കുംഭല്‍ഖഡിലേക്കും കാര്‍ഗില്‍ അതിര്‍ത്തിയിലേക്കും പോകൂ. നമ്മുടെ നഗരങ്ങളിലെ കുടിലുകളില്‍ എങ്ങനെ ജനങ്ങള്‍ താമസിക്കുന്നുവെന്ന് കാണിച്ചു കൊടുക്കൂ. ബോധവല്‍ക്കരണത്തിലൂടെ കുട്ടികള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാവും. പന്ത്രണ്ട് വര്‍ഷം കൊണ്ട് അവര്‍ക്ക് വീട്ടില്‍ നിന്ന് ഒരു കാഴ്ചപ്പാട് ഉണ്ടാവണം. ഇതാണ് കുടുംബപ്രബോധന്‍.
രണ്ടാമത്തേത് പരിസ്ഥിതിയാണ് അത് മാറാന്‍ ധാരാളം സമയമെടുക്കും; കാരണം നാം വളരെയധികം മുന്നോട്ട് പോയിരിക്കുന്നു. പെട്ടെന്ന് പുറകോട്ട് തിരിഞ്ഞാല്‍ വണ്ടി മറിയും, അതുകൊണ്ട് വളരെ സാവധാനം പുറകോട്ട് തിരിഞ്ഞു വരണം. പക്ഷേ നമ്മുടെ ജീവിതത്തില്‍ ചെയ്യാന്‍ പറ്റുന്ന ചില ചെറിയ കാര്യങ്ങള്‍ നമുക്ക് ചെയ്യാം. അത്തരം മൂന്ന് കാര്യങ്ങള്‍ വെള്ളം സംരക്ഷിക്കുക, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കുക, മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നിവയാണ്. ഇതൊക്കെ ആവേശത്തോടെ ജനങ്ങള്‍ ചെയ്യുന്നുമുണ്ട്. ഇതിലൂടെ മാനവീയത വളര്‍ന്നുവരും; പരിസ്ഥിതി മെച്ചപ്പെടും. ഈ സാമൂഹിക യജ്ഞത്തില്‍ ഭാഗഭാക്കാവുക. സ്വന്തം വീട്ടില്‍ നിന്നുതന്നെ ഇതിനും ആരംഭം കുറിക്കുക.
മൂന്നാമത്തേത് സാമാജിക സമരസതയാണ്. ഇത് നടപ്പിലാക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും നടപ്പിലാക്കുക തന്നെ വേണം. സമാനത, സമത്വം എന്നൊക്കെ പറയാന്‍ എളുപ്പമാണ്. പക്ഷേ എവിടെയാണ് ബുദ്ധിമുട്ട്? വ്യവസ്ഥകള്‍ സങ്കീര്‍ണ്ണമാവുന്നത് മനുഷ്യന്‍ അതിനെ സങ്കീര്‍ണ്ണമാക്കുന്നതുകൊണ്ടാണ്. അസമത്വം മനുഷ്യന്റെ മനസ്സിലാണ്. ഏതെങ്കിലും ഒരു മനുഷ്യനെ കണ്ടിട്ടോ അല്ലെങ്കില്‍ അയാളുടെ പേര് കേട്ടിട്ടോ അദ്ദേഹം ഈ ജാതിയിലാണ് എന്ന് എനിക്ക് തോന്നുന്നുണ്ടെങ്കില്‍ അത് കുഴപ്പമാണ്. ഒരാളെ നോക്കുമ്പോള്‍ ഞാന്‍ ഒരു മനുഷ്യനെയാണ് നോക്കുന്നതെന്ന് എനിക്ക് തോന്നുന്നില്ലെങ്കില്‍, അയാള്‍ ഒരു പ്രത്യേക ജാതിക്കാരനാണ് എന്ന് എനിക്ക് തോന്നുന്നുവെങ്കില്‍, ക്ലാസ്സ് വണ്‍, ക്ലാസ്സ് ഫോര്‍ എന്ന് തോന്നുന്നുവെങ്കില്‍ ആ ചിന്തയെയാണ് മാറ്റേണ്ടത്. അതുകൊണ്ട് ഏത് പ്രദേശത്താണോ നാം താമസിക്കുന്നത്, നമ്മുടെ ഓഫീസും ഗ്രാമവും സ്ഥിതി ചെയ്യുന്നത് ആ പ്രദേശത്തെ മുഴുവന്‍ സമാജത്തെയും ഒന്നായി കാണണം. ജാതി എന്നത് സങ്കീര്‍ണ്ണമായ സമസ്യ തന്നെയാണ്. എല്ലാവരുമായും നമുക്ക് അടുപ്പമുണ്ടാവുകയും സുഹൃത്തുക്കളുണ്ടാവുകയും വേണം. അവരുടെ കുടുംബവുമായി നമ്മുടെ കുടുംബം സുഹൃദ് ബന്ധം സ്ഥാപിക്കണം. അവരുടെ വീടുകളില്‍ പോവുകയും ആഘോഷങ്ങളിലും സുഖദുഃഖങ്ങളിലും പങ്കെടുക്കുകയും വേണം. ഇങ്ങനെ എല്ലാവരുമായും നമ്മളും നമ്മുടെ കുടുംബവും ഇടപഴകണം. ഇന്ന് ആരംഭിച്ചാല്‍ മൂന്നോ നാലോ വര്‍ഷങ്ങള്‍ കൊണ്ട് ഇത് സാധ്യമാവും. പക്ഷേ എല്ലാവരും ഇതിന് ശ്രമിക്കണം. അങ്ങനെ നമ്മുടെ സമൂഹത്തില്‍ പരസ്പരവിശ്വാസം ഉണ്ടാവും. അവിടെ അമ്പലം, വെള്ളം, ശ്മശാനം എന്നിവയില്‍ ഒരു വേര്‍തിരിവും ഉണ്ടാവാന്‍ പാടില്ല. ഇവ മൂന്നും എല്ലാവര്‍ക്കുമുള്ളതാണ്. അമ്പലം ഭക്തര്‍ക്കുള്ളതാണ്. ഭക്തരുടെ ജാതിയെന്താണെന്ന് ചോദിക്കാറില്ല. വെള്ളം എല്ലാ മനുഷ്യര്‍ക്കുമുള്ളതാണ്. അതില്‍ തരംതിരിവ് പാടില്ല. മരിച്ചതിനുശേഷം ശ്മശാനത്തിലും വേര്‍തിരിവ് പാടില്ല. ഇത് സ്വന്തം ഗ്രാമത്തിലും സമാജത്തിലും നടപ്പിലാക്കണം.
(തുടരും)





















