ജാതിരാഷ്ട്രീയം കൊണ്ട് കളിച്ച മുലായം സിംഗ് യാദവന്മാരുടെയും മുസ്ലിങ്ങളുടെയും വോട്ടുബാങ്കില്‍ യു.പിയിലെ തന്റെ മുഖ്യമന്ത്രി കസേര ഉറച്ചു നില്ക്കുമെന്ന ധാരണയില്‍ ഹിന്ദുത്വ വിരോധം മുഖമുദ്രയാക്കി. അടിമത്ത കാലത്ത് അയോദ്ധ്യയിലെ രാമജന്മഭൂമിയിലെ ഭവ്യമായ രാമക്ഷേത്രം പുനര്‍ നിര്‍മ്മിക്കാനുള്ള പ്രക്ഷോഭത്തെ അദ്ദേഹം അധികാരം ഉപയോഗിച്ച് നേരിട്ടു. രാമക്ഷേത്രത്തിനായി കര്‍സേവക്കെത്തിയ രാമഭക്തര്‍ക്കു നേരെ നിറയൊഴിക്കാന്‍ ഉത്തരവിട്ടു. പോലീസിന്റെ വെടിയേറ്റ് നിരവധി കര്‍സേവകര്‍ ബലിദാനികളായി. മൂന്നുപതിറ്റാണ്ടു കഴിഞ്ഞ് ഇപ്പോള്‍ രാമജന്മഭൂമിയില്‍ പൂര്‍വ്വിക മഹിമയോടെ രാമക്ഷേത്രം തലയുയര്‍ത്തി നില്‍ക്കുന്നു. യു.പിയില്‍ മുലായത്തിന്റെ പേരു പറയാന്‍ തന്നെ ആളില്ലാതായി. മുഖ്യമന്തി പദം കുടുംബസ്വത്താക്കാന്‍ മകന്‍ അഖിലേഷിനെ സമാജ്‌വാദി പാര്‍ട്ടിയുടെ തലപ്പത്ത് അവരോധിച്ചു. ഇന്ന് മുലായത്തിന്റെ മക്കള്‍ അധികാരത്തിനായി തമ്മിലടിക്കുന്നു. ഇതെല്ലാം കണ്ട് വേദനയോടെ കണ്ണടക്കേണ്ടി വന്ന ആ പഴയ രാഷ്ട്രീയ അതികായന്‍ പറഞ്ഞത് കര്‍സേവകരെ വെടിവെച്ചതില്‍ എനിക്ക് ഖേദമുണ്ട് എന്നാണ്.
മുപ്പതു കൊല്ലം മുമ്പുള്ള യു.പിയിലെ ചരിത്രം ഇപ്പോള്‍ തെക്ക് തമിഴ്‌നാട്ടില്‍ ആവര്‍ത്തിക്കുകയാണ്. മുലായം ജാതിരാഷ്ട്രീയം കൊണ്ട് കളിച്ചെങ്കില്‍ തമിഴ്‌നാട് മുഖ്യന്‍ സ്റ്റാലിന്‍ ദ്രാവിഡ പ്രാദേശികവാദം കൊണ്ടു കളിക്കുന്നു. രണ്ടുപേരും രണ്ടു പ്രാദേശിക കക്ഷിയുടെ അമരത്തിരിക്കുന്നവര്‍. രണ്ടുപേരും പാര്‍ട്ടിയെ കുടുംബസ്വ ത്താക്കി മാറ്റി. രാമനോട് കളിച്ചത് മുലായത്തിന്റെ പതനത്തിന് കാരണമായി. സ്റ്റാലിന്‍ കളിക്കാന്‍ തുടങ്ങിയത് സുബ്രഹ്മണ്യനോടാണ്. തിരുപ്രംകുണ്ഡ്രം ക്ഷേത്രത്തിലെ ദീപതൂണില്‍ കാര്‍ത്തിക നാളില്‍ ദീപം തെളിയി ക്കാന്‍ സമ്മതിക്കില്ല എന്നാണ് സ്റ്റാലിന്റെ വാശി. ദീപം തെളിയിക്കാന്‍ അനുമതി നല്കിയ ജഡ്ജിയെ ഇംപീച്ചു ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കയാണ് ഡി.എം.കെ. ദീപതൂണ്‍ സര്‍വ്വേ കല്ലാണ് എന്നു കണ്ടെത്താന്‍ സംസ്ഥാന പുരാവസ്തു വകുപ്പിനെ നിയോഗിച്ചിരിക്കുന്നു. അതിനു പറ്റിയ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ദ്രാവിഡ പ്രാദേശിക വാദത്തിനപ്പുറം സുബ്രഹ്മണ്യന്റെ പേരില്‍ ഹിന്ദുക്കള്‍ ഒന്നിക്കുന്നതിന്റെ ചിത്രം തെളിഞ്ഞു വരികയാണ്. മുലായം മുകളിലിരുന്ന് സ്റ്റാലിനോട് പറയുകയാണ് ‘ഇന്നലെ ഞാന്‍ നാളെ നീ.’





















