Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

ദേശീയതയുടെ പഞ്ചാക്ഷരി

കെ.സി. വിനയരാജ് വളയന്നൂർകെ.സി. വിനയരാജ് വളയന്നൂർ
19 December 2025

വൈദേശികാടിമത്തത്തിനെതിരെയുള്ള ഭാരതത്തിന്റെ ഐതിഹാസികമായ സമരപോരാട്ട ചരിത്രത്തിലെ അത്യുജ്ജ്വലവും, അനശ്വരവും, അവിസ്മരണീയവുമായ അനുഭവ ജീവിതഗാഥ വിരചിച്ച ‘വന്ദേമാതര’ത്തിന്റെ നൂറ്റിഅമ്പതാം വാര്‍ഷികമാണിത്. ആബാലവൃദ്ധം ജനതതിയെ രണാങ്കണത്തിലേയ്ക്ക് ഒഴുക്കിവിട്ട ആത്മപ്രചോദിതമായ സ്വാഭിമാനഗീതം. ബ്രിട്ടീഷ് പട്ടാള ശക്തിയെ നിഷ്പ്രഭമാക്കി ഓരോ ഭാരതീയന്റെയും സിരകളില്‍ രാഷ്ട്രസ്‌നേഹത്തിന്റെ അഗ്നി പടര്‍ത്തിയ ആദര്‍ശ ഗീതം. ഹിമവല്‍ശൃംഗങ്ങളില്‍ നിന്നുറവപൊട്ടി ഭാരത്തിന്റെ മാര്‍ത്തടത്തില്‍ പുണ്യം നിറച്ചൊഴുകിയ ഗംഗയെപ്പോലെ ആസേതുഹിമാചലം ഭാരതീയന്റെ ഹൃദയങ്ങളെ മാതൃഭക്തിയില്‍ കോര്‍ത്തെടുത്ത രാഷ്ട്രഗീതം. ബ്രിട്ടീഷ് കോളനി വാഴ്ചയിലമര്‍ന്ന ലോകത്തിന്റെ വിവിധദേശങ്ങളില്‍ തദ്ദേശവാസികള്‍ സംഘടിപ്പിച്ച സമരപോരാട്ടങ്ങളില്‍ മറ്റൊരിടത്തും കണ്ടിട്ടില്ലാത്തവിധം പിറന്നനാടിനെ പെറ്റമ്മയായിക്കരുതി ഒരു ജനതയുടെ മാതൃസ്‌നേഹം കോടികോടികണ്ഠങ്ങളില്‍ കളകളനിനാദകരാളയായി ഒഴുകിപ്പരന്ന് സ്വദേശാഭിമാനത്തെ ഉദ്‌ഘോഷിച്ച മാതൃഗീതം. തോക്കിന്‍ കുഴലിനുമുന്നില്‍ മാറ് വിരിച്ചുനില്‍ക്കാനും, ശിരസ്സുയര്‍ത്തി, കാല്‍വിറയ്ക്കാതെ, കഴുമരത്തിലേറാനും ദേശസ്‌നേഹികള്‍ക്ക് കരള്‍ക്കരുത്ത് പകര്‍ന്നു നല്‍കിയ ഊര്‍ജ്ജദായകമന്ത്രം. അതാണ് വന്ദേമാതരം.

Google NewsAdd Kesari Weekly as a preferred source on Google

ദക്ഷിണേശ്വരത്ത് ശ്രീരാമകൃഷ്ണപരമഹംസ സവിധത്തില്‍ എത്തിയ, പില്‍ക്കാലത്ത് ബംഗാളിന്റെ സാഹിത്യസാമ്രാട്ടായി മാറിയ ബങ്കിംചന്ദ്ര ചതോപാദ്ധ്യായ. രാമകൃഷ്ണദേവന്റെ നിര്‍ദ്ദേശമായിരുന്നുവത്രെ ശക്തിയെ കുറിച്ചെഴുതുക എന്നത്. അങ്ങിനെ ബങ്കിംചന്ദ്രന്റെ തൂലികയില്‍ നിന്നും ആയിരത്തി എണ്ണൂറ്റി എഴുപത്തിഅഞ്ച് നവംബര്‍ ഏഴിന് ഭാരതത്തിന്റെ ഹൃദയഗീതമായി ‘വന്ദേമാതരം’ പിറവികൊണ്ടു.

ഒരു ഗീതം എന്ന നിലയില്‍ ബങ്കിം ചന്ദ്ര രചിച്ചതെങ്കിലും വന്ദേമാതരത്തിന്റെ ചരിത്രം ബംഗാളില്‍ സന്ന്യാസിമാര്‍ നേതൃത്വം നല്‍കിയ വിമോചനസമരത്തില്‍ തുടങ്ങുന്നതാണ്. ആയിരത്തി എണ്ണൂറ്റി അമ്പത്തിഏഴില്‍ പൊട്ടിപ്പുറപ്പെട്ട ഒന്നാം സ്വാതന്ത്ര്യസമരത്തേക്കാള്‍ നീണ്ടുനിന്ന പോരാട്ടമായിരുന്നു സന്ന്യാസി വിപ്ലവം. ഈസ്റ്റ് ഇന്ത്യാ കമ്പനിയെ കെട്ടുകെട്ടിക്കാന്‍ ബ്രിട്ടീഷ് സൈനികശക്തിക്കോ, ഉദ്യോഗസ്ഥര്‍ക്കോ കടന്നു ചെല്ലാന്‍ കഴിയാത്ത വനാന്തരങ്ങളില്‍ സന്ന്യാസിമാര്‍ ഒരുമിച്ചുകൂടി സംഘടിച്ച് നടത്തിയ മുന്നേറ്റമായിരുന്നു അത്. ബ്രിട്ടീഷ് സൈന്യത്തില്‍ നിന്നും പിരിച്ചുവിടപ്പെട്ട പട്ടാളക്കാര്‍, ഭൂസ്വത്ത് കണ്ടുകെട്ടിയ ഭൂവുടമകള്‍, ഗിരിജനങ്ങള്‍, കര്‍ഷകര്‍, ബഹുജനങ്ങള്‍ എല്ലാം സന്ന്യാസി സംഘത്തിനൊപ്പം ചേര്‍ന്നു നടത്തിയ ജനകീയ പോരാട്ട ചരിത്രമാണ് സന്ന്യാസി സമരത്തിന്റേത്. ആയിരത്തി എഴുന്നൂറ്റി അറുപത്തി രണ്ടു മുതല്‍ ആയിരത്തി എഴുന്നൂറ്റി എഴുപത്തിനാല് വരെ നീണ്ടുനിന്ന ഈ സന്ന്യാസി സമരത്തില്‍ വെച്ചാണ് ‘ഓം വന്ദേമാതരം’ എന്ന മന്ത്രം ആദ്യമായി ഉദ്‌ഘോഷിക്കപ്പെടുന്നത്.

ADVERTISEMENT

ആനന്ദമഠവും വന്ദേമാതരവും
ആയിരത്തി എണ്ണൂറ്റി അമ്പത്തി ഏഴിലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ കര്‍ത്താവായ വീരവിനായക ദാമോദര സാവര്‍ക്കറെപ്പോലെ, ‘ഗീതാഞ്ജലി’ യുടെ രചയിതാവായ രവീന്ദ്രനാഥടാഗൂറിനെപ്പോലെ ‘ആനന്ദമഠം’ എന്ന വിഖ്യാത നോവലിന്റെ കര്‍ത്താവെന്ന പേരില്‍ വിശ്രുതനാണ് ബങ്കിം ചന്ദ്ര ചതോപാദ്ധ്യായ.

‘ബംഗാള്‍ ദര്‍ശന്‍’ എന്ന തന്റെ പത്രികയില്‍ ആയിരത്തി എണ്ണൂറ്റി എണ്‍പതില്‍ എഴുതിത്തുടങ്ങിയ ആനന്ദമഠം എന്ന നോവല്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നത് ആയിരത്തി എണ്ണൂറ്റി എണ്‍പത്തി രണ്ടിലാണ്. വൈദേശികാധിപത്യത്തില്‍ ഞെരിഞ്ഞമര്‍ന്ന് ഭാരതീയ ജനജീവിതം ദുരിതക്കയത്തിലകപ്പെട്ടുഴലുന്ന സമയത്ത് ജനിച്ച ബങ്കിം ചന്ദ്രന്റെ ബാല്യ-കൗമാര-യൗവ്വന കാലങ്ങളെല്ലാം പിറന്നനാട് നേരിട്ടുകൊണ്ടിരിക്കുന്ന കൊടിയ വിപത്തിന്റെ നേര്‍ക്കാഴ്ചകളുടേതായിരുന്നു. അതുകൊണ്ടുതന്നെ ആനന്ദമഠത്തിന്റെ ഇതിവൃത്തം ധീരദേശാഭിമാനികളുടെ ചെഞ്ചോരചിതറിയ സമരവീര്യത്തിന്റേതായി മാറി. മഹാരാഷ്ട്രയിലെ വാസുദേവ് ബലവന്ത് ഫഡ്‌കെയുടെയും, ഝാന്‍സിയിലെ വിപ്ലവറാണി ലക്ഷ്മിയുടെയും, ബംഗാളിലെ സന്ന്യാസി വിപ്ലവത്തിന്റെയും ആയിരത്തി എണ്ണൂറ്റി അമ്പത്തേഴിലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെയും ധീരേതിഹാസ തരംഗങ്ങള്‍ നിറഞ്ഞതാണ് ആനന്ദമഠം. ദേശീയബോധം ഊട്ടി ഉറപ്പിച്ച് സമാജത്തിന് ദിശാദര്‍ശനം നല്‍കാന്‍ കഴിഞ്ഞ ‘ആനന്ദമഠ’ത്തിന്റെ താളുകളില്‍ ബങ്കിം ചന്ദ്രന്‍ സുഘടിതമായി ചേര്‍ത്തുവെച്ച രാഷ്ട്രഗീതമാണ് വന്ദേമാതരം.

ദേശവും മാനവും കാത്തുരക്ഷിക്കാന്‍ പടക്കോപ്പണിഞ്ഞ രജപുത്രന്‍ ഉച്ചരിച്ച മന്ത്രമായതിരുന്നുവത്രെ ‘ഏകലിംഗ കീ ജയ്’ എന്നത്. ധര്‍മ്മസംരക്ഷണത്തിനുവേണ്ടി കച്ചകെട്ടിയിറക്കിയ മഹാരാഷ്ട്രര്‍ ‘ഹര ഹര മഹാദേവ’ എന്നുദ്‌ഘോഷിച്ചു. വംഗനാടിന്റെ ദേവതയാണ് ദുര്‍ഗ. ബംഗാളത്തിന്നതമ്മ ഭഗവതിയാണ്. അവര്‍ക്ക് മാതൃദേവതയും ഈ അമ്മയാണ്. അതുകൊണ്ടുതന്നെ സന്ന്യാസ വിപ്ലവത്തില്‍ ആദ്യമായി മുഴങ്ങിയ മന്ത്രമായി ‘വന്ദേമാതരം’.

ദേശഭക്തി തുളുമ്പുന്ന ഗാനങ്ങള്‍ പലതും അക്കാലത്തുണ്ടായി. രവീന്ദ്രനാഥ ടാഗൂറിന്റെ ജ്യേഷ്ഠസഹോദരന്‍ കവി കൂടിയായിരുന്ന സത്യേന്ദ്രനാഥ ടാഗൂര്‍ ഇങ്ങനെ പാടി. ”ഭാരതാംബയുടെ സന്താനങ്ങളെ, ഒരുമിച്ചുപാടുവിന്‍, ഒരേ സ്വരത്തില്‍ പാടുവിന്‍, ഭാരതം ഭാസുരമാണ.്” അക്കാലത്ത് പലരും അതിനെ ഭാരതത്തിന്റെ ദേശീയഗീതമെന്ന് വിശേഷിപ്പിച്ചിരുന്നുവത്രെ. തുടര്‍ന്ന് ബങ്കിംചന്ദ്രനും രാഷ്ട്രഭാവനയുണര്‍ത്തിക്കൊണ്ട്

ജയ ജയ ജയ ജയ ധാത്രീ
നമാമി ശിരസാ ദേവീം
ബന്ധനാത് സുവിമോചിത… എന്നെഴുതി.

മാതൃഭൂമിയ്ക്ക് വിജയമോതി, അമ്മയ്ക്കു മുന്നില്‍ ശിരസ്സ് നമിച്ച്, ബന്ധന വിമോചിതയാവാന്‍ പ്രാര്‍ത്ഥിച്ച് കുറിച്ചിട്ട വരികളില്‍ നിന്നാണ് പിന്നീടദ്ദേഹം സസ്യശ്യാമളയും, സുജലയും, സുഫലയും, സുഹാസിനിയും, സുമധുരഭാഷിണിയുമായ ഭാരതാംബയുടെ സമ്മോഹനവും, സര്‍വ്വാംഗീണവുമായ രൂപം ആത്മഹര്‍ഷദായകവും, ആത്മാഭിമാന പ്രചോദിതവുമായ വരികളിലൂടെ വരച്ചിടുന്നത്.

ഭാരതം കേവലം ഒരുപിടി മണ്ണല്ല. അമ്മ മഹാകാളിയുടെ ആത്മസ്വരൂപമാണ്. ദശപ്രഹരണധാരിണിയായ ദുര്‍ഗയാണ്. കമലദള വിഹാരിണിയായ വിദ്യാദായിനിയും വാണീശ്വരിയുമാണ്. ആ അമ്മയ്ക്ക് വന്ദനം അര്‍പ്പിച്ചുകൊണ്ടാണ് ബങ്കിം ചന്ദ്രന്‍ ‘വന്ദേമാതരഗീതം’ രചിച്ചത്. ബംഗാളിലെ പ്രസിദ്ധ സംഗീതവിദ്വാന്‍ യദുനാഥ ഭട്ടാചാര്യയാണ് ആദ്യമായി വന്ദേമാതരഗീതത്തെ സ്വരബന്ധമാക്കി, രംഗരഞ്ജിതമാക്കി അവതരിപ്പിക്കുന്നത്.

ബംഗാള്‍ വിഭജനം
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ സമുജ്ജ്വല സംഭാവന നല്‍കിയ നാടാണ് വംഗദേശം. അവിടുത്തെ ഓരോ തരിമണ്ണിനും വീരേതിഹാസപോരാട്ടത്തിന്റെ കഥകള്‍ പറയാനുണ്ട്. ഒട്ടനവധി ധീരദേശാഭിമാനികള്‍ക്ക് ജന്മം നല്‍കിയ നാട്. ഭാരതത്തിന്റെ ആധ്യാത്മിക തേജസ്സായ ശ്രീരാമകൃഷ്ണ പരമഹംസരുടെ സാധനാകേന്ദ്രം. മഹായോഗി മഹര്‍ഷി അരവിന്ദനും, വിശ്വവിജയി വിവേകാനന്ദനും ജന്മം നല്‍കിയ മണ്ണ്. സായുധസംഘടനാശക്തിയിലൂടെ സ്വതന്ത്രസൈന്യം രൂപീകരിച്ച് ബ്രിട്ടനെതിരെ നിരന്തരം പോരാടിയ നേതാജി സുഭാഷ് ചന്ദ്രബോസ് പിറന്ന നാട്. ഒട്ടനവധി വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് ഹരിശ്രീ കുറിച്ചത് ഈ പോരാട്ട ഭൂമിയിലാണ്. അന്നത്തെ ബംഗാള്‍ ഇന്ന് കാണുന്ന പശ്ചിമബംഗാളും, ബംഗ്ലാദേശും മാത്രമായിരുന്നില്ല. മദ്രാസ്, ബോംബെ പ്രസിഡന്‍സി പോലെ, ഒറീസ, ബംഗാള്‍, ആസാം, ബീഹാര്‍, നാഗാലാന്റ്, മിസോറാം എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട വിശാലമായ ബംഗാള്‍ പ്രസിഡന്‍സി ആയിരുന്നു. ഭാരതത്തിന്റെ ഇതരഭൂഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി സാമൂഹ്യഐക്യവും, സംഘടിതപോരാട്ടവീര്യവും ദേശസ്‌നേഹവും ഒത്തിണങ്ങിയ ഏറെ വിദ്യാസമ്പന്നരുമായ വംഗജനതയെ വിഭജിക്കുക എന്നത് ബ്രിട്ടന്റെ രാഷ്ട്രീയ ലക്ഷ്യമായിരുന്നു. ഹിന്ദുബംഗാള്‍, മുസ്ലിംബംഗാള്‍ എന്നീ രണ്ട് സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിലൂടെ സ്വാതന്ത്ര്യസമരപ്രക്ഷോഭത്തിന്റെ നേതൃത്വത്തില്‍ നിന്നും ബംഗാളിനെ ഒഴിവാക്കുക എന്നതും ആയിരത്തി എണ്ണൂറ്റി അമ്പത്തി ഏഴില്‍ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ രൂപംകൊണ്ട അതിശക്തമായ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സാധ്യതകളെ വംഗനാട്ടില്‍ തകര്‍ക്കുക എന്നതും ബ്രിട്ടന്റെ വംഗവിഭജനലക്ഷ്യമായി.

കഴ്‌സണ്‍ പ്രഭുവിന്റെ നേതൃത്വത്തില്‍ നടപ്പാക്കാനാരംഭിച്ച വിഭജനത്തിനെതിരെ ബംഗാളില്‍ അത്യുച്ചത്തില്‍ ‘വന്ദേമാതരം’ മുഴങ്ങി. ബ്രിട്ടന്റെ കണക്കുകൂട്ടലുകളെ അപ്പാടെ തെറ്റിച്ചുകൊണ്ട് പ്രതിഷേധക്കൊടുങ്കാറ്റുയര്‍ന്നു. പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. വന്ദേമാതരത്തിന്റെ അലയൊലികള്‍ വംഗനാടിന്റെ ദിക്കുകള്‍ ഭേദിച്ചു. ആയിരത്തി തൊള്ളായിരത്തി അഞ്ച് ആഗസ്റ്റ് ഏഴിന് വംഗവിഭജനവിരോധദിനമാചരിച്ചു. തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കൃഷിക്കാര്‍, കച്ചവടക്കാര്‍ എന്നിങ്ങനെ ഗ്രാമ-നഗരവ്യത്യാസമില്ലാതെ സര്‍വ്വരും തെരുവിലിറങ്ങി. ആര് തുടങ്ങിവച്ചതെന്നറിയാതെ ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നും അഖണ്ഡനാമജപം പോലെ വന്ദേമാതരമെന്ന പഞ്ചാക്ഷരീമന്ത്രം മുഴങ്ങിക്കൊണ്ടേയിരുന്നു.

ബംഗാള്‍വിഭജന വിളംബരത്തിനെതിരെ വിദേശവസ്തുക്കള്‍ ബഹിഷ്‌കരിച്ചുകൊണ്ടും സ്വദേശിവസ്തുക്കള്‍ നിഷ്‌ക്കര്‍ഷയോടെ ഉപയോഗിച്ചുകൊണ്ടും വംഗ ജനത പ്രതിഷേധിച്ചുകൊണ്ടേയിരുന്നു. ‘ഓം വന്ദേമാതരം’ എന്ന മന്ത്രജപത്തോടെ അവര്‍ വിദേശവസ്തുക്കള്‍കൊണ്ട് അഗ്നികുണ്ഠങ്ങള്‍ തീര്‍ത്തു. എങ്കിലും വിഭജനപ്രക്രിയയുമായി ബ്രിട്ടീഷ് ഗവണ്‍മെന്റ് മുന്നോട്ടുപോയി. ആയിരത്തിതൊള്ളായിരത്തി അഞ്ച് ഒക്ടോബര്‍ പതിനാറിന് ബംഗാള്‍ രണ്ടായി പിളര്‍ന്ന് ഹിന്ദു ഭൂരിപക്ഷമായ പടിഞ്ഞാറന്‍ ബംഗാളും മുസ്ലിം ഭൂരിപക്ഷമായ കിഴക്കന്‍ ബംഗാളും പിറവികൊണ്ടു. കിഴക്കന്‍ ബംഗാള്‍ ഗവര്‍ണറായി സര്‍ ബാംഫീല്‍ഡ് ഫുള്ളര്‍ സ്ഥാനമേറ്റു. വിഭജനത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ അതിക്രൂരമായ മര്‍ദ്ദന മുറകളിലൂടെ അടിച്ചമര്‍ത്താന്‍ ഭരണാധികാരികള്‍ ശ്രമിച്ചു. കിരാതമായ തേര്‍വാഴ്ചകള്‍ കൂസാതെ ‘വന്ദേമാതര’ത്തിന്റെ അനിര്‍വചനീയമായ ആത്മശക്തിയില്‍ വംഗജനതയുടെ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. വന്ദേമാതരത്തിന്റെ മുഴക്കം ഫുള്ളറെ വിറളിപിടിപ്പിച്ചു. അങ്ങിനെ ചരിത്രത്തില്‍ ആദ്യമായി ‘വന്ദേമാതരം’ നിരോധിക്കപ്പെട്ടു.

നിരോധന പ്രഖ്യാപനം വന്ന മൂന്നാംനാള്‍ മുതല്‍ ‘വന്ദേമാതര ഭിക്ഷു സമ്പ്രദായം’ നിലവില്‍ വന്നു. തെരുവില്‍ ആളുകള്‍ സംഘടിച്ച് ഞായറാഴ്ചകള്‍ തോറും വന്ദേമാതരം മുഴക്കി നഗരപ്രദക്ഷിണം ആരംഭിച്ചു. അതില്‍ ഒരു പതിവുയാത്രികനായിരുന്നുവത്രെ രവീന്ദ്രനാഥ ടാഗൂര്‍. അന്യോന്യം കാണുമ്പോഴുള്ള അഭിവാദനവും ആശംസയും പിരിയുമ്പോള്‍ മംഗളവചസ്സുമായി മാറി വന്ദേമാതരം.

വന്ദേമാതര സമ്പ്രദായത്തിന്റെ പ്രഖ്യാപിത പരിപാടിയായിരുന്നു വംഗഭംഗ വിരോധ ദിനാചരണം; ബംഗാളി സാഹോദര്യം ഊട്ടി ഉറപ്പിക്കാന്‍ രക്ഷാബന്ധനദിനമനുസ്മരിച്ച് രാഖീബന്ധനത്തിന് രവീന്ദ്രനാഥ ടാഗൂര്‍ ആഹ്വാനം ചെയ്തു. വിഭജന ദുഃഖദിനാചരണത്തിന്റെ പരമോന്നത നേതാവായി സുരേന്ദ്രനാഥ ബാനര്‍ജിയെ പ്രഖ്യാപിച്ചു. ആയിരങ്ങള്‍ ഗംഗാമാതാവിന്റെ കടവുകളില്‍ ഒരുമിച്ച് ചേര്‍ന്ന് വന്ദേമാതരം മുഴക്കി സ്‌നാനം ചെയ്ത് അന്യോന്യം രാഖി ബന്ധിച്ചു. കല്‍ക്കത്തയിലെ സെന്‍ട്രല്‍ കോളേജ് മൈതാനത്ത് പൊതുസഭ സംഘടിപ്പിച്ചു. സുരേന്ദ്രനാഥ ബാനര്‍ജിയുടെ നേതൃത്വത്തില്‍ മൂന്നര കിലോമീറ്റര്‍ ദൂരം നഗ്നപാദരായി നടന്ന് അമ്പതിനായിരത്തില്‍പരം ജനത അവിടെയെത്തി. ഇംഗ്ലീഷുകാരുടെ ഇന്ത്യന്‍ സാമ്രാജ്യതലസ്ഥാനത്തില്‍ തന്നെ ‘അഖണ്ഡബംഗഭവനം’ പാടുത്തുയര്‍ത്താന്‍ സുരേന്ദ്രനാഥ ബാനര്‍ജി ആഹ്വാനം ചെയ്തു. യോഗത്തില്‍ മുസ്ലീം നേതാക്കളായ ബാരിസ്റ്റര്‍ അബ്ദുള്‍ റസൂല്‍ മൗലവിയും, അബുല്‍ കാസിം, അബുല്‍ ഹുസൈന്‍ എന്നിവര്‍ ബംഗാള്‍ വിഭജനത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു.

മതവിശ്വാസങ്ങളുടെ വൈവിധ്യങ്ങള്‍ക്കപ്പുറം മാതൃഭാവനയില്‍ ഭാരതീയരുടെ ഹൃദയവികാരമായ ഏകരാഷ്ട്രസങ്കല്പത്തെ മുറിച്ചുമാറ്റുക സാധ്യമല്ലെന്ന തിരിച്ചറിവ് കഴ്‌സണ്‍ പ്രഭുവിനും, ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കും ബോധ്യമായത് വന്ദേമാതര മന്ത്രധ്വനിയിലൂടെ ആയിരുന്നു. അങ്ങിനെ ആയിരത്തി തൊള്ളായിരത്തി പതിനൊന്നില്‍ ബംഗാള്‍ വിഭജനം റദ്ദുചെയ്യപ്പെട്ടു.

വന്ദേമാതരം വിദേശങ്ങളില്‍
ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ വാര്‍ഷിക സ്മരണാര്‍ത്ഥം ഇംഗ്ലണ്ടിലെ ഭാരതീയരുടെ ഒരു യോഗം ആയിരത്തി തൊള്ളായിരത്തി എട്ട് മെയ് പത്താം തീയതി ‘ഇന്ത്യാഹൗസില്‍’ സംഘടിപ്പിക്കപ്പെട്ടു. ശ്യാംജികൃഷ്ണവര്‍മയാണ് ഇംഗ്ലണ്ടില്‍ ഭാരതഭവനം (ഇന്ത്യാഹൗസ്) സ്ഥാപിച്ചത്. ഇന്ത്യയിലെ പൊളിറ്റിക്കല്‍ മിഷണറിമാര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. ലോകമാന്യതിലകന്റെ ശുപാര്‍ശയില്‍ വീരസാവര്‍ക്കര്‍ പഠിക്കാനെത്തിയതും, മദന്‍ലാല്‍ ധിംഗ്രയും, ലാലഹര്‍ദയാല്‍ വളര്‍ന്നതും ഇന്ത്യാഹൗസിലാണ്. ഇവിടെയാണ് അനുസ്മരണയോഗം സംഘടിപ്പിച്ചത്. സാവര്‍ക്കറായിരുന്നു യോഗസഞ്ചാലകന്‍. താളമേളങ്ങളുടെ പശ്ചാത്തലത്തില്‍ ദേശഭക്തവര്‍മ വന്ദേമാതരം പാടി. യോഗത്തില്‍ എത്തിയ എല്ലാവരും ഉച്ചത്തില്‍ വന്ദേമാതരം എന്നുദ്‌ഘോഷിച്ചു. അങ്ങനെ വിലക്കേര്‍പ്പെടുത്തിയ വെള്ളക്കാരന്റെ നാട്ടില്‍ ആദ്യമായി വന്ദേമാതരം മുഴങ്ങി.

ജര്‍മ്മനിയിലെ ‘സ്റ്റുട്ഗാര്‍ട്ട്’ നഗരത്തില്‍ ആയിരത്തിതൊള്ളായിരത്തി ഏഴ് ആഗസ്റ്റ് ഇരുപത്തിരണ്ടിന് അന്താരാഷ്ട്ര സോഷ്യലിസ്റ്റ് സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. ഭാരതത്തിന്റെ പ്രതിനിധിസംഘവും അതില്‍ പങ്കെടുക്കണമെന്ന് യൂറോപ്പിലെ വിപ്ലവകാരികള്‍ തീരുമാനിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് അന്താരാഷ്ട്രതലത്തില്‍ പ്രചാരവും അംഗീകാരവും കിട്ടുന്നതിനു വേണ്ടിയായിരുന്നു അത്. പാരീസില്‍ വന്ദേമാതരവേദി രൂപീകരിച്ച് വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ബോംബെക്കാരിയും പാര്‍സിയുമായിരുന്ന മാഡം ബിക്കാജി റസ്തം കാമ ആ സമ്മേളനത്തില്‍ പങ്കെടുത്തു. ഭാരതസംഘത്തിന്റെ ഊഴമെത്തിയപ്പോള്‍ ഭാരതരാഷ്ട്രത്തിന്റെ ദേശീയഗാനമെന്ന നിലയില്‍ വന്ദേമാതരഗീതം അവര്‍ പൂര്‍ണമായും അവതരിപ്പിച്ചു. ഭാരതത്തിന്റെ ദേശീയപതാകയായി മാഡം കാമ അവിടെ ഉയര്‍ത്തിയ പതാകയില്‍ സംസ്‌കൃതത്തില്‍ ‘വന്ദേമാതരം’ എന്നെഴുതുകയും ചെയ്തിരുന്നു.
ഹോങ്കോങ്ങിലും, സിംഗപ്പൂരിലും, മലയ സ്റ്റേറ്റുകളിലും വിപ്ലവ പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന സര്‍ദാര്‍ ഭഗവാന്‍ സിങ്ങ് ആയിരത്തി തൊള്ളായിരത്തി പതിമൂന്നില്‍ കാനഡയില്‍ എത്തുകയും തലസ്ഥാനമായ വാന്‍കോവറില്‍ വിപ്ലവ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. പരസ്പരമുള്ള അഭിവാദനത്തില്‍ ‘സലാ’മും ‘സല്യൂട്ടും’ ഒഴിവാക്കി വന്ദേമാതരം ഭാരതീയര്‍ക്കിടയില്‍ അഭിവാദനമാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. അങ്ങനെ വിദേശരാജ്യങ്ങളിലെല്ലാം വന്ദേമാതരം മുഴങ്ങിക്കൊണ്ടിരുന്നു.

കോണ്‍ഗ്രസും വന്ദേമാതരവും
വന്ദേമാതരം ഭാരതീയരുടെ ഹൃദയമന്ത്രമായിത്തീര്‍ന്നത് മാതൃത്വത്തോടുള്ള വൈകാരികബന്ധം കൊണ്ടാണ്. ‘മാതാഭൂമിപുത്രോഹം പ്രഥ്വിവ്യ:’ എന്ന വേദമന്ത്രം മുതല്‍ സാംസ്‌കാരികവും ചരിത്രപരവുമായി സഹസ്രാബ്ദങ്ങളിലൂടെയുളള ഭാരതീയ ജീവിതത്തില്‍ പിറന്നനാടിന്റെ സ്ഥാനം പെറ്റമ്മയ്ക്ക് സമാനമായി. ലോകത്തില്‍ സ്വന്തം രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന മറ്റൊരു ജനതയില്ല. ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാന്‍സിലെ ജനതയെ ഏകോപിപ്പിക്കുന്നതിന് വേണ്ടി രൂപംകൊണ്ട ആശയമായിരുന്നു ലാപാട്രിയ (La patria) അഥവാ പിതൃഭൂമി എന്നത്. അത് പക്ഷേ ഒരു വിപ്ലവത്തിന്റെ സന്നിഗ്ദ്ധ ഘട്ടത്തില്‍ ഉപയോഗിച്ച ആശയമായിരുന്നു. ഭാരതത്തെ സംബന്ധിച്ചിടത്തോളം മാതൃഭൂമി എന്നത് ആയിരത്താണ്ടുകളായി ഭാരതീയരുടെ ആത്മീയാനുഭൂതിയാണ്. അതുകൊണ്ടുതന്നെ അമ്മയ്ക്ക് വന്ദനമരുളിയ ‘വന്ദേമാതരം’ അനിര്‍വചനീയമായ ആനന്ദഗീതമായി മാറി.

ദേശീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വന്ദേമാതരം ഏറ്റെടുത്ത് ചൊല്ലാന്‍ ആരംഭിച്ചത് ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ആറിലെ കല്‍ക്കത്താ സമ്മേളനത്തില്‍ വച്ചാണ്. രവീന്ദ്രനാഥ ടാഗൂറായിരുന്നു പ്രാര്‍ത്ഥനാ രൂപത്തില്‍ വന്ദേമാതരം അവതരിപ്പിച്ചത്. അന്നു മുതല്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഷികസമ്മേളനങ്ങളിലെല്ലാം ശുഭ പ്രാര്‍ത്ഥനയായി മാറി വന്ദേമാതരം. ഗുജറാത്തിയില്‍ മൊഴിമാറ്റം ചെയ്ത് മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ വന്ദേമാതരം അവതരിപ്പിച്ചു. ശ്രീവെങ്കടാചാര്യ കന്നടയിലേയ്ക്കും, സുബ്രഹ്മണ്യഭാരതി തമിഴിലേയ്ക്കും മൊഴിമാറ്റം നടത്തി. അങ്ങനെ ദേശത്തിന്റെ ഏകതയുടെ ശക്തിമന്ത്രമായി ഭാരതത്തിനകത്ത് വന്ദേമാതരം ആലപിക്കപ്പെട്ടു. ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വദേശി പ്രസ്ഥാനം ശക്തിപ്രാപിച്ചപ്പോള്‍ സ്വാതന്ത്ര്യസമരത്തിന്റെ മഹാമന്ത്രമായിത്തീര്‍ന്നു വന്ദേമാതരം.

ആയിരത്തിതൊള്ളായിരത്തി ഇരുപത്തിമൂന്നില്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനം ആന്ധ്രയിലെ കാക്കിനാഡയില്‍ ചേര്‍ന്നു. സ്വാതന്ത്ര്യസമരത്തില്‍ മുസ്ലീങ്ങളെ കൂടുതലായി പങ്കാളികളാക്കാനുള്ള താല്‍പര്യത്തില്‍ മതപ്രീണനത്തിനൊരുങ്ങിയ ഗാന്ധിജി ‘ഖിലാഫത്ത്’ പ്രസ്ഥാനത്തിന് പിന്തുണകൊടുത്തതിന് ശേഷം നടക്കുന്ന സമ്മേളനം. ഗാന്ധിജിയുടെ അനുഗ്രഹാശിസ്സുകളോടെ മുഹമ്മദലി അദ്ധ്യക്ഷനായി. സമ്മേളനത്തിന്റെ കീഴ്‌വഴക്കമനുസരിച്ച് ആദ്യത്തെ ഇനമായിരുന്നു വന്ദേമാതരം. ആയിരത്തിതൊള്ളായിരത്തി പതിനഞ്ചു മുതല്‍ വാര്‍ഷിക സമ്മേളനങ്ങളില്‍ വന്ദേമാതരം ആലപിക്കുന്നത് അന്ധനായ വിഷ്ണുദിഗംബര്‍ പലുസ്‌കറാണ്. സംഗീത ഗന്ധര്‍വനായ അദ്ദേഹം വന്ദേമാതരം പാടി തുടങ്ങിയപ്പോള്‍ ഇസ്ലാമിന് സംഗീതം നിഷിദ്ധമാണെന്ന് പറഞ്ഞ് അദ്ധ്യക്ഷന്‍ വിലക്കി. സദസ്സ് സ്തബ്ധമായി. ദേശസ്‌നേഹിയായ പലുസ്‌കര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. സംഗീതത്തെ എതിര്‍ക്കാന്‍ ഇത് മുസ്ലീം പള്ളിയല്ലെന്നും ഇതൊരു ദേശീയവേദിയാണെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം വന്ദേമാതരം അത്യുച്ചത്തില്‍ പാടി. ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസ് സമ്മേളനാദ്ധ്യക്ഷന്‍ വേദി വിട്ട് ഇറങ്ങിപ്പോയി.

ആയിരത്തിതൊള്ളായിരത്തി മുപ്പത്തഞ്ചിലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടിനെ തുടര്‍ന്ന് നടന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായി ആയിരത്തി തൊള്ളായിരത്തി മുപ്പത്തേഴില്‍ സംസ്ഥാനങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പു നടന്നു. ആകെയുള്ള പതിനൊന്ന് സംസ്ഥാനങ്ങളില്‍ ബോംബെ, മദ്രാസ്, ബീഹാര്‍, ഒറീസ, ആസം, ഐക്യസംസ്ഥാനം, മധ്യസംസ്ഥാനം എന്നിങ്ങനെ ഏഴിലും കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി. ഈ സംസ്ഥാനങ്ങളിലെല്ലാം നിയമസഭാ നടപടികള്‍ ആരംഭിക്കുന്നത് വന്ദേമാതരം ചൊല്ലിക്കൊണ്ടായിരുന്നു.

എന്നാല്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലൂടെ ശക്തി പ്രാപിച്ച ഇസ്ലാമിക മതമൗലികവാദം മുസ്ലീംലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയിലൂടെ ഭാരത വിഭജനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. വന്ദേമാതരം ഭാരതത്തിന്റെ ഔദ്യോഗിക ദേശീയഗാനമായി തിരഞ്ഞെടുക്കപ്പെട്ട പ്രവിശ്യാ സഭകളില്‍ പാടി തുടങ്ങിയതിനു പിന്നാലെ മുസ്ലീംലീഗ് യോഗം ചേരുകയും ദേശീയഗാനമായി വന്ദേമാതരത്തെ അവതരിപ്പിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ മനോഭാവത്തെ അഖിലഭാരത മുസ്ലീംലീഗിന്റെ യോഗം ശക്തമായി അപലപിക്കുന്നതായി പ്രമേയം പാസ്സാക്കുകയും ചെയ്തു. ഇസ്ലാമിക വിരുദ്ധമായ ഗീതം ആലപിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അവര്‍ ആവശ്യപ്പെടുകയും ചെയ്തു.

വിചിത്രവും പരിഹാസ്യവുമായിരുന്നു കോണ്‍ഗ്രസ്സിന്റെ നിലപാട്. സുദീര്‍ഘമായ ദേശാഭിമാന പാരമ്പര്യത്തെയും ആദര്‍ശാധിഷ്ഠിത സമീപനത്തെയും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രീണനരാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖം അവര്‍ വെളിവാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി കൊല്‍ക്കത്തയില്‍ യോഗം ചേര്‍ന്നു. ഇനി മുതല്‍ വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ടുചരണങ്ങള്‍ പാടിയാല്‍ മതിയെന്നും വന്ദേമാതരത്തിന് പുറമെയോ പകരമായോ മറ്റേതെങ്കിലും എതിര്‍പ്പില്ലാത്ത പാടുപാടാന്‍ സ്വാതന്ത്ര്യമുണ്ടാകുമെന്നും പണ്ഡിറ്റ് നെഹ്‌റു പ്രമേയം അവതരിപ്പിച്ചു. അങ്ങനെ ആയിരത്തിതൊള്ളായിരത്തി നാല്‍പ്പത്തി ഏഴില്‍ ഭാരതം വെട്ടിമുറിക്കുന്നതിന് പത്തുവര്‍ഷം മുമ്പേ തന്നെ കോണ്‍ഗ്രസ് വന്ദേമാതരത്തെ വെട്ടിമുറിച്ചു.

ബംഗാള്‍വിഭജിച്ച നാളുകളില്‍ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും കരുത്തുറ്റ സമരഗീതമായിരുന്നു വന്ദേമാതരം. ആ ഐക്യശക്തിയുടെ മുന്നില്‍ അടിയറവ് പറഞ്ഞാണ് ബ്രിട്ടന്‍ വിഭജനം റദ്ദു ചെയ്തത്. എന്നാല്‍ മാതൃഭക്തിയിലൂന്നിയ ദേശീയബോധത്തില്‍ നിന്നും പ്രീണനരാഷ്ട്രീയത്തിന്റെ ദുരന്തബാധ കയറി പ്രജ്ഞ നഷ്ടപ്പെട്ട കോണ്‍ഗ്രസ് വന്ദേമാതരത്തെ വെട്ടിമുറിച്ചതോടെ ഭാരതവിഭജനം എന്ന മുസ്ലീംലീഗിന്റെ ആഗ്രഹത്തിന് സാഫല്യം നല്‍കുകയായിരുന്നു.

വിഭജനാനന്തര ഭാരതത്തിന്റെ ദേശീയഗാനം വന്ദേമാതരം ആകണമന്നാഗ്രഹിച്ചവരും വാദിച്ചവരും ഏറെ ഉണ്ടായിരുന്നു കോണ്‍ഗ്രസ്സില്‍. വന്ദേമാതരത്തെ ദേശീയഗാനമായി നിശ്ചയിക്കാത്ത കോണ്‍ഗ്രസ്സിനെ കുറിച്ച് തനിക്ക് ചിന്തിക്കാനാവുന്നില്ലെന്നും ഇത് ആത്മവഞ്ചനയാണെന്നും പറഞ്ഞ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം രാജിവെച്ച നേതാവായിരുന്ന രാജര്‍ഷി പുരുഷോത്തം ദാസ് ഠണ്ഡന്‍.

ഖിലാഫത്തില്‍ തുടങ്ങിയ കോണ്‍ഗ്രസിന്റെ പ്രീണനരാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടിന് ശേഷവും തുടരുകയാണ്. അതുകൊണ്ടാണ് വന്ദേഭാരതില്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തിഗീതം ആലപിച്ചപ്പോള്‍ ദേശവിരുദ്ധ ശക്തികളുടെ മുന്‍പന്തിയില്‍ നിന്നുകൊണ്ട് ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അതിനെ എതിര്‍ത്തത്.

പുതിയ ഭാരതം വന്ദേഭാരതം
ഇത് ഭാരതത്തിന്റെ പുതുയുഗമാണ്. വന്ദേമാതരം രചിക്കുകയും പാടിത്തുടങ്ങുകയും ചെയ്ത കാലത്തെ ദേശീയ ജനതയുടെ സ്വപ്‌നസാക്ഷാത്ക്കാരത്തിന്റെ കാലമാണിത്. സര്‍ൈവ്വശ്വര്യങ്ങളോടും കൂടി ആത്മനിര്‍ഭരതയോടെ ഭാരതം മുന്നോട്ടു കുതിക്കുന്ന കാലം. വന്ദേമാതരം ഉയര്‍ത്തിവിട്ട ദേശീയബോധത്തിന്റെയും ഐക്യത്തിന്റെയും ആത്മശക്തിയുടെയും ആവിഷ്‌കാരം ഭാരതത്തെ ഇന്ന് ലോകനേതൃത്വത്തിലേക്കുയര്‍ത്തിയിരിക്കുന്നു. സുജലയും, സുഫലയും സുഹാസിനിയും സുമധുരഭാഷിണിയുമാണിന്ന് ഭാരതം. ഭാരതത്തിന്റെ ശബ്ദം കേള്‍ക്കാന്‍ ഇന്ന് ലോകം കതോര്‍ക്കുന്നു. ദശപ്രഹരണ ധാരിണിയായ ശക്തിശാലിനിയാണ് ഭാരതം എന്ന് ശത്രുക്കള്‍ അനുഭവിച്ചറിയുന്ന കാലമാണിത്. വന്ദേഭാരതിലൂടെ വികസനത്തിന്റെ, പുരോഗതിയുടെ പുതിയപാത വെട്ടിത്തുറന്ന് കുതിക്കുന്ന ഭാരതം വൈദേശികാടിമത്തത്തില്‍ നിന്നും നാടിനെ മോചിപ്പിക്കാനുള്ള പോരാട്ടത്തില്‍ ചുണ്ടില്‍ വന്ദേമാതരം ഉച്ചരിച്ച് ജിവത്യാഗം ചെയ്ത ധീരദേശാഭിമാനികളുടെ ആത്മാക്കള്‍ സായൂജ്യം നേടിയത് ഇപ്പോഴാണെന്ന് ഓരോ ഭാരതീയനും ഉറപ്പു പറയാന്‍ കഴിയും. വന്ദേമാതരം.

അവലംബം:
വന്ദേമാതരത്തിന്റെ കഥ,
ആര്‍.ഹരി

Tags: ദേശീയതവന്ദേമാതരം
ShareTweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies