തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തമിഴ്‌നാട്ടില്‍ ന്യൂനപക്ഷ വോട്ടുബാങ്ക് തേടി മുഖ്യമന്ത്രി സ്റ്റാലിനും ഭരണകക്ഷിയായ ഡിഎംകെയും നടത്തുന്ന നീതിനിഷേധത്തിന്റെയും ഹിന്ദു വേട്ടയുടെയും സൂചനയാണ് തിരുപ്പുറംകുണ്ഡ്രത്തെ സംഭവവികാസങ്ങള്‍. നീതിപീഠത്തെ പോലും ഭീഷണിപ്പെടുത്തിയും വിറപ്പിച്ചും തന്റെ വരുതിക്ക് നിര്‍ത്താനുള്ള ശ്രമമാണ് ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന് എതിരെ ഡിഎംകെയും ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും കോണ്‍ഗ്രസ്സും ഇമ്പീച്ച്‌മെന്റിനുള്ള നോട്ടീസ് നല്‍കിയതിലൂടെ വ്യക്തമാകുന്നത്. ഒരു കോടതിവിധിയില്‍ ആക്ഷേപമുണ്ടെങ്കില്‍, നീതിനിഷേധമുണ്ടെന്ന് തോന്നിയാല്‍ അതിനുള്ള മാര്‍ഗം മേല്‍ക്കോടതിയില്‍ അപ്പീല്‍ കൊടുക്കുകയാണ്. തിരുപ്പുറംകുണ്ഡ്രം കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നീതിപീഠത്തെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തു എന്ന് മാത്രമല്ല കോടതിയലക്ഷ്യം കാണിക്കുകയും ചെയ്തുവെന്ന് പൊതുജനങ്ങള്‍ക്കും നീതിപീഠത്തിനും ഒരേ പോലെ ബോധ്യപ്പെട്ടതാണ്. ഈ സംഭവത്തില്‍ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാന്‍ അവസരം ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ പാര്‍ലമെന്റിലെ പ്രതിപക്ഷ സംഖ്യാബലം ഉപയോഗിച്ച് ജഡ്ജിക്കെതിരെ ഇമ്പീച്ച്മെന്റ് നോട്ടീസ് നല്‍കിയത് നീതിപീഠങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് എന്ന കാര്യത്തില്‍ സംശയമില്ല. സാധാരണ രീതിയില്‍ കൈക്കൂലി വാങ്ങുകയോ അസാന്മാര്‍ഗിക പ്രവര്‍ത്തനം നടത്തുകയോ ചെയ്യുന്ന നീതിപീഠങ്ങള്‍ക്കെതിരെയാണ് ഇമ്പീച്ച്‌മെന്റ് നോട്ടീസ് നല്‍കുക. ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ ഇത്തരത്തിലുള്ള ഒരു കാര്യങ്ങളും ചെയ്തിട്ടില്ല എന്ന് മാത്രമല്ല നീതിയുടെ പക്ഷത്ത് നിന്നുകൊണ്ട് സത്യം നടപ്പിലാക്കാന്‍ മാത്രം ശ്രമിക്കുകയാണ് ചെയ്തത്. തീര്‍ച്ചയായും ഇത് സ്റ്റാലിന്റെ മതപ്രീണനതാല്‍പര്യങ്ങള്‍ക്കെതിരെ ആയിരുന്നു എന്ന കാര്യം സത്യമാണ്. ഇമ്പീച്ച്‌മെന്റ് നോട്ടീസ് ഒരു ഉമ്മാക്കി മാത്രമാണെന്നും സ്പീക്കര്‍ വലിച്ചുകീറി കൊട്ടയില്‍ ഇടുക അല്ലാതെ വേറെ ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും എല്ലാവര്‍ക്കും അറിയാം. നോട്ടീസ് പാര്‍ലമെന്റ്പരിഗണിക്കുകയും തമിഴ്‌നാട്ടില്‍ നടക്കുന്ന കൊടിയ ഹിന്ദു പീഡനവും ന്യൂനപക്ഷമതപ്രീണനവും ഏതു നിലയ്ക്കും പാര്‍ലമെന്റിന്റെ ചര്‍ച്ചയിലും ലോക ശ്രദ്ധയിലും കൊണ്ടുവരാന്‍ ഇത്തരം ഒരു ചര്‍ച്ച ഉപകരിക്കും എന്നുമാണ് കരുതുന്നത്.
എന്താണ് തിരുപ്പുറം കുണ്ഡ്രത്തെ പ്രശ്‌നം. സ്‌കന്ദ മല എന്ന തിരുപ്പുറംകുണ്ഡ്രത്തെ മുരുക ക്ഷേത്രത്തിന് ആയിരം വര്‍ഷത്തിലേറെ പഴക്കമുണ്ട്. പാണ്ഡ്യകാലത്താണ് അവിടെ ഇപ്പോള്‍ കാണുന്ന ക്ഷേത്രം പണിതത്. മുരുകന്റെ ആറു പടൈ വീടുകളില്‍ ഒന്നായ ഇവിടെയാണ് മുരുകന്‍ ദേവയാനിയെ വിവാഹം കഴിച്ചത് എന്നാണ് സങ്കല്പം. പരങ്കിരി നാഥന്റെയും അവുടൈ നായികയുടെയും മലയായ സ്‌കന്ദമല സഹസ്രാബ്ദങ്ങളായി തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഹിന്ദുക്കള്‍ തീര്‍ത്ഥാടനം നടത്തുന്ന സ്ഥലമാണ്. മുരുക ക്ഷേത്രങ്ങളില്‍. ഇരിക്കുന്ന മുരുകനുള്ള ഏക ക്ഷേത്രമാണ് ഇത്. ക്ഷേത്രത്തിന്റെ മുകളിലുള്ള 30 മീറ്റര്‍ ഉയരമുള്ള ദീപത്തൂണില്‍ എല്ലാവര്‍ഷവും കാര്‍ത്തിക ദീപം കൊളുത്തുന്നതാണ്. കുറച്ചുകാലമായി ഇസ്ലാം മത വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇവിടെ കാര്‍ത്തിക ദീപം കൊളുത്തിയിരുന്നില്ല. കാര്‍ത്തിക ദീപം കൊളുത്താനായി രാമ രവികുമാര്‍ എന്ന ഭക്തന്‍ വീണ്ടും കോടതിയെ സമീപിച്ചതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് കാരണം.
തിരുപ്പുറംകുണ്ഡ്രത്തെ സ്‌കന്ദ മലയില്‍ സംഘര്‍ഷം ആരംഭിച്ചിട്ട് കാലം കുറച്ചായി. തമിഴ്‌നാട്ടില്‍ നടന്ന ഇസ്ലാമിക അധിനിവേശം തന്നെയാണ് ഇതിന്റെയും അടിസ്ഥാന കാരണം. ഇസ്ലാമിക അധിനിവേശകാലത്ത് എല്ലാ സ്ഥലത്തെയും ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും സ്വത്ത് കവരുകയും ചെയ്തത് സ്വത്തിനു വേണ്ടി മാത്രമായിരുന്നില്ല. അവിശ്വാസികള്‍ അഥവാ കാഫിറുകളുടെ ആരാധനാലയം തകര്‍ക്കുക എന്ന ലക്ഷ്യം കൂടി ഇതിന്റെ പിന്നില്‍ ഉണ്ടായിരുന്നു. അയോധ്യയും മഥുരയും വാരണാസിയും സോമനാഥവും അടക്കം ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ ഉത്തരേന്ത്യയില്‍ തകര്‍ത്തു പള്ളികളാക്കി മാറ്റിയതിന്റെ തുടര്‍ച്ച ദക്ഷിണ ഭാരതത്തില്‍ കണ്ടത് തമിഴ്‌നാട്ടില്‍ ആയിരുന്നു. മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ പടനായകന്‍ ആയിരുന്ന ജലാലുദ്ദീന്‍ ഖാന്‍ ആണ് തമിഴ്‌നാട്ടില്‍ ആക്രമണം നടത്തി അധിനിവേശ രാജ്യം സ്ഥാപിച്ചത്. മധുര സുല്‍ത്താന്‍ എന്ന പേരില്‍ ഗവര്‍ണര്‍ ജലാലുദ്ദീന്‍ ഖാന്‍ ഇവിടെ നടത്തിയ ആക്രമണത്തിനിടെ മധുര മീനാക്ഷി ക്ഷേത്രവും, ശ്രീരംഗം, ചിദംബരം ക്ഷേത്രങ്ങളും തകര്‍ത്തു. ഇവിടെ നിന്നെല്ലാം സ്വര്‍ണവും വിഗ്രഹങ്ങളും കവരുകയും നശിപ്പിക്കുകയും ചെയ്തു. മധുര സുല്‍ത്താന്റെ മകളെ കല്യാണം കഴിച്ച സഞ്ചാരിയായ ഇബന്‍ ബത്തൂത്ത മധുരയിലെ ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കലും കണ്ടിട്ടില്ലാത്ത ഭീകരമായ ക്രൂരതയാണ് ഇവിടെ അരങ്ങേറിയതെന്ന് ഇബന്‍ ബത്തൂത്ത രേഖപ്പെടുത്തുന്നു. പുരുഷന്മാരെ ശൂലത്തില്‍ തറച്ചും സ്ത്രീകളെയും കുഞ്ഞുങ്ങളെയും തല വെട്ടിയും കുന്തത്തില്‍ നിര്‍ത്തിയും ഒക്കെയുള്ള ക്രൂരത ഒരിക്കലും കാണാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ഹിന്ദു ഭക്തര്‍ക്ക് തീര്‍ത്ഥാടനത്തിനായി ജസിയ എന്ന കരം ഏര്‍പ്പെടുത്തുകയും ചെയ്തു.
ഈ കൊടിയ മതപീഡനവും ക്ഷേത്രങ്ങള്‍ തകര്‍ക്കലും ശ്രദ്ധയില്‍പ്പെട്ട വിജയനഗര സാമ്രാജ്യം ദക്ഷിണ ഭാരതത്തില്‍ നിന്ന് മുഗളന്മാരെ ഓടിക്കാനുള്ള നീക്കം നടത്തി. കുമാര കമ്പണ്ണയുടെ സൈന്യം മധുര ആക്രമിച്ചു. കടല്‍ പോലെ ഇരമ്പി വന്ന വിജയനഗരസാമ്രാജ്യ സൈന്യത്തിന് മുന്നില്‍ അന്നത്തെ സുല്‍ത്താനായ സിക്കന്ദര്‍ ഷാ പരാജയപ്പെട്ടു. സിക്കന്ദര്‍ രക്ഷപ്പെടാന്‍ ഓടി കയറിയത് തിരുപ്പുറം കുണ്ഡ്രത്തിന്റെ ഒരു ഭാഗത്താണത്രേ. അവിടെവച്ച് വിജയനഗര സൈന്യം അയാളെ വധിച്ചു എന്നാണ് ഒരു ഭാഷ്യം. തമിഴ്‌നാട്ടില്‍ ഇത് കൂടാതെ രണ്ടു സ്ഥലത്ത് കൂടി സിക്കന്ദര്‍ ഷായുടെ ദര്‍ഗ അഥവാ ശവകുടീരം ഉണ്ട്. ഒന്ന് ഗോരിപാളയത്താണ്. സിക്കന്ദര്‍ ഷാ അവിടെയാണ് മരിച്ചതെന്നും ഖബര്‍ ആണെന്നും പറഞ്ഞ് അവിടെയും ദര്‍ഗ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടെ തിരുപ്പുറം കുണ്ഡ്രം സ്‌ക്ന്ദമല സിക്കന്ദര്‍ മലയാണെന്ന് അവകാശപ്പെട്ട ഒരു വിഭാഗം മുസ്ലീങ്ങള്‍ അവിടെ സിക്കന്ദര്‍ ദര്‍ഗ സ്ഥാപിക്കുകയും മലയുടെ ഉടമസ്ഥാവകാശത്തിന് വേണ്ടി പോരാട്ടം ആരംഭിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ ഇത് കോടതിയില്‍ എത്തി. കോടതി രേഖകള്‍ മുഴുവന്‍ പരിശോധിച്ചു മലമുഴുവന്‍ മുരുക ക്ഷേത്രത്തിന് അവകാശപ്പെട്ടതാണെന്ന് വിധിച്ചു. പക്ഷേ ദര്‍ഗ ഇരുന്ന കുറച്ചു ഭാഗത്തിന് കുടികിടപ്പ് അവകാശം നല്‍കി. മലയുടെ പേര് സ്‌കന്ദമലയാണെന്നും ദര്‍ഗ ഒഴിച്ച് മറ്റൊരു ഭാഗത്തും യാതൊരു അവകാശമില്ലെന്നും കോടതി അസന്ദിഗ്ദ്ധമായി വിധിച്ചു. അവിടെ മൃഗങ്ങളെ കശാപ്പ് നടത്തുന്നതും നിരോധിച്ചിരുന്നു. ഈദിനും റംസാനും മാത്രം അവിടെ നമാസ് നടത്താനാണ് കോടതി അനുവാദം നല്‍കിയത്.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ അടുത്തിടെ ഈ പ്രശ്‌നം വീണ്ടും എത്തിയതാണ് ഇമ്പീച്ച്‌മെന്റ് പ്രമേയത്തിനും തമിഴ്‌നാട് സര്‍ക്കാരുമായുള്ള സംഘര്‍ഷത്തിനും കാരണം. കാര്‍ത്തികയ്ക്ക് ദീപത്തൂണ്‍ കൊളുത്താനുള്ള അവകാശം അനുവദിച്ച ജസ്റ്റിസ് സ്വാമിനാഥന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് അതിന് സുരക്ഷ ഒരുക്കാനും സൗകര്യങ്ങള്‍ ഒരുക്കാനും ആവശ്യപ്പെട്ടെങ്കിലും ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ച് കോടതിവിധി ലംഘിക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു. ദര്‍ഗയില്‍ നിന്ന് 50 മീറ്റര്‍ ദൂരെ യാതൊരു ബന്ധവുമില്ലാത്ത സ്ഥലത്താണ് ദീപത്തൂണ്‍ നിലകൊള്ളുന്നത്. അതിനു താഴെ ഉച്ചപിള്ളയാര്‍ ക്ഷേത്രത്തില്‍ കാര്‍ത്തിക ദീപം ഒരുക്കി പ്രശ്‌നത്തില്‍ നിന്ന് തലയൂരാനും ജിഹാദി തീവ്രവാദികളെ പ്രീണിപ്പിക്കാനും ആയിരുന്നു സ്റ്റാലിന്റെ ശ്രമം. സ്റ്റാലിന്റെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോയെങ്കിലും വിധിയില്‍ ഇടപെടാന്‍ കാരണമില്ലെന്നു പറഞ്ഞ് ഹര്‍ജി തള്ളി. കാര്‍ത്തിക ദിവസം വിളക്ക് കത്തിക്കാനുള്ള ഏര്‍പ്പാട് ചെയ്യാത്തതിനെതിരെ ഹര്‍ജിക്കാരന്‍ വീണ്ടും കോടതിയലക്ഷ്യത്തിന് എത്തിയപ്പോള്‍ സിഐഎസ്എഫിന്റെ സംരക്ഷണയില്‍ ദീപം തെളിയിക്കാന്‍ അനുവാദം നല്‍കി. തമിഴ്‌നാട് സര്‍ക്കാര്‍ പ്രത്യേകിച്ചും മധുര പോലീസ് കമ്മീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് സിഐഎസ്എഫ് സംഘത്തെ ദൈവം തെളിയിക്കുന്നതില്‍ നിന്ന് തടയുകയായിരുന്നു. ഇതിന്റെ പേരിലാണ് ചീഫ് സെക്രട്ടറിക്കും അഡീഷണല്‍ ഡിജിപി ക്കും എതിരെ കോടതിയലക്ഷ്യത്തിന് ജസ്റ്റിസ് സ്വാമിനാഥന്‍ കേസെടുത്തത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ രണ്ട് കേസുകളിലും തമിഴ്‌നാട് സര്‍ക്കാരിനെതിരെ മധുര ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതാണ്. കന്യാകുമാരി ജില്ലയിലെ മയിലാടും പാറയില്‍ നിന്ന് വില്‍സണ്‍ എന്ന ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുരുക വിഗ്രഹം നിയമവിരുദ്ധമായി നീക്കിയത് പുനഃസ്ഥാപിക്കാന്‍ കോടതി ഉത്തരവിട്ടിട്ടും നടപ്പിലാക്കാന്‍ ഭരണകൂടം വിസമ്മതിച്ചിരുന്നു. അതോടൊപ്പം ദിണ്ഡിഗലിലെ കാളിയമ്മന്‍ ക്ഷേത്രത്തിനു സമീപം പെരുമാള്‍ കോവില്‍ പെട്ടിയില്‍ മണ്ടുകോവില്‍ എന്ന ക്ഷേത്രത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നതിനെതിരെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ പ്രദേശത്തെ ക്രിസ്ത്യാനികള്‍ എതിര്‍ത്തു. ഇതിനെതിരെ ഭക്തന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി അവിടുത്തെ മൈതാനത്ത് ദീപം തെളിയിക്കാന്‍ അനുവാദം നല്‍കി ഉത്തരവിട്ടെങ്കിലും ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് ദീപം തെളിയിക്കുന്നത് തടഞ്ഞു. ഈ പ്രശ്‌നത്തിലും ദിണ്ടിഗല്‍ കളക്ടര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കതീതമായി നിയമപരമായി, സത്യസന്ധമായി തെളിവുകള്‍ക്ക് അനുസൃതമായി കേസുകള്‍ കേട്ട് വിധി പറയുന്ന ജസ്റ്റിസ് സ്വാമിനാഥന്‍ സ്റ്റാലിന്റെ രാഷ്ട്രീയ അടവുകള്‍ക്ക്, ന്യൂനപക്ഷ പ്രീണനനത്തിന് എതിരാണ്. തമിഴ്‌നാട്ടില്‍ നടക്കുന്ന ക്രൈസ്തവ, ഇസ്ലാം മത പരിവര്‍ത്തനവും വോട്ടുബാങ്ക് രാഷ്ട്രീയവും കേരളത്തിലെ പോലെ തന്നെ ഹൈന്ദവക്ഷേത്രങ്ങള്‍ക്കും ആരാധനയ്ക്കും വിശ്വാസത്തിനും എതിരായി മാറിക്കൊണ്ടിരിക്കുകയാണ്. അഗ്രഹാരങ്ങള്‍ വന്‍തോതില്‍ വിലക്കെടുക്കപ്പെടുകയും തേവാരപ്പുരകളെ അപമാനിക്കുകയും ക്ഷേത്ര കുളങ്ങളെ വുളു ചെയ്യാനുള്ള സ്ഥലമാക്കുന്നതും ഇവിടെ തുടരുകയാണ്. ഹിന്ദുക്കള്‍ ഇനിയെങ്കിലും ഉണര്‍ന്നില്ലെങ്കില്‍ നമ്മുടെ സംസ്‌കാരം നാമാവശേഷമാകും എന്ന കാര്യത്തില്‍ സംശയമില്ല.






















