Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

വന്ദേ മാതരം… വന്ദേ ഭാരതം…..

കെ.വി. രാജശേഖരൻകെ.വി. രാജശേഖരൻ
19 December 2025

മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരി, തന്റെ സര്‍ഗ്ഗചേതനയെ സാധന കൊണ്ട് സമ്പൂര്‍ണ്ണമാക്കി നാരായണമഹത്വത്തിന് കാവ്യ രൂപം നല്‍കിയതാണ് നാരായണീയം. ആ രചനാതപസ്യ പൂര്‍ണ്ണമാക്കുവാന്‍ ഗുരുവായൂരപ്പനിലൂടെ തന്റെ മുന്നില്‍ ദൃശ്യമായ നാരായണരൂപത്തെ മഹാകവി ആപാദചൂഢം സ്വന്തം ഹൃദയത്തിലേക്ക് ആവാഹിച്ചെടുത്ത് കാവ്യഭാവനയുടെ കാല്‍ചിലമ്പണിയിച്ചപ്പോള്‍ ഭക്തസമൂഹത്തിന് ലഭ്യമായതാണ് ഭഗവാന്റെ ‘കേശാദിപാദ വര്‍ണ്ണന.’ അതേ തപസ്യാ ഭാവത്തോടെ ഭാരതമാതാവിനെ, അമ്മയുടെ വൈവിധ്യങ്ങളിലെ സൗന്ദര്യവും ശക്തിയും, ധന്യതയും സമ്പന്നതയും എല്ലാം തന്റെ ഉള്ളിലേക്ക് ആവാഹിച്ചെടുത്തുകൊണ്ട് ബങ്കിം ചന്ദ്ര ചതോപാദ്ധ്യായ രൂപം നല്‍കിയ കാവ്യബിംബമാണ് വന്ദേമാതരം. ഭാരതാംബയുടെ പാദപൂജയിലൂടെ വിശ്വമാനവികതയുടെ വിമോചനത്തിന്റെ പോര്‍ക്കളങ്ങളിലേക്ക് ആവേശപൂര്‍വ്വം ഓടിയിറങ്ങുവാന്‍ നിശ്ചയിച്ചുറച്ചവര്‍ക്ക് ഹൃദയത്തില്‍ സൂക്ഷിക്കുവാനുള്ള പുണ്യവിഗ്രഹം!

Google NewsAdd Kesari Weekly as a preferred source on Google

ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ വന്ദേമാതരത്തിന്റെ രചനയ്ക്കുശേഷം രണ്ടു ദശാബ്ദങ്ങള്‍ കഴിഞ്ഞ്, 1890കളില്‍ ”അടുത്ത അമ്പത് വര്‍ഷങ്ങളില്‍ ഭാരതാംബ മാത്രമാകട്ടെ ഭാരതീയര്‍ പൂജിക്കുന്ന ദേവത” എന്ന മഹത്തായ ആഹ്വാനം നടത്താനുള്ള നിയതിയുടെ നിയോഗം സ്വാമി വിവേകാനന്ദന്‍ അനുഷ്ഠിച്ചതായിക്കാണാം. സ്വാമിജിയുടെ നിര്‍ദ്ദേശം പ്രയോഗതലത്തിലെത്തിക്കുന്നതിനുതകും വിധം ഭാരതാംബയുടെ ദിവ്യവിഗ്രഹം ജനമനസ്സുകളില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള പുണ്യ ദൗത്യമാണോ കാലം വന്ദേമാതര രചനയിലൂടെ ബങ്കിംചന്ദ്രയെക്കൊണ്ട് നിര്‍വഹിപ്പിച്ചതെന്ന ചോദ്യം സ്വാഭാവികമായും ഭാരതമക്കളുടെ ഉള്ളിലുയരും. ആ ചോദ്യത്തിനുള്ള മറുപടി ശ്രീ അരബിന്ദോ, അതേകാലത്ത് തന്നെ അര്‍ത്ഥശങ്കയ്ക്കിടവരുത്താത്ത തരത്തില്‍ നല്‍കിയിട്ടുമുണ്ട്.

ബങ്കിംചന്ദ്ര ആ രചന നിര്‍വഹിച്ച് മൂന്നു ദശാബ്ദങ്ങള്‍ക്കു ശേഷം ബംഗാള്‍ വിഭജനത്തെ പ്രതിരോധിച്ച ജനതയുടെ സമരപോരാട്ടങ്ങള്‍ക്ക് ആ ഗാനം ആവേശോജ്ജ്വലമായ പ്രചോദനമായതു കണ്ട, ശ്രീ അരബിന്ദോ എഴുതി:

ADVERTISEMENT

”ബങ്കിം നാടിനു വേണ്ടി നല്‍കിയ മൂന്നാമത്തെ സംഭാവനയാണ് അദ്ദേഹം നമുക്ക് നല്‍കിയ നമ്മുടെ അമ്മയെ കുറിച്ചുള്ള വീക്ഷണം….32 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബങ്കിം അദ്ദേഹത്തിന്റെ ആ മഹത്തായ ഗാനം എഴുതിയത്. അന്ന് വളരെ കുറച്ചു പേരേ അത് ശ്രദ്ധിക്കാന്‍ തയ്യാറായിട്ടുള്ളു. പക്ഷേ പെട്ടെന്നൊരു നിമിഷം ദീര്‍ഘസുഷുപ്തിയില്‍ നിന്ന് ബംഗാള്‍ ജനത ഉണര്‍ന്ന് സത്യം തേടി ചുറ്റും നോക്കിയപ്പോള്‍, ആ വിധിനിര്‍ണ്ണായകമായ നിമിഷത്തില്‍ ആരോ ഉദ്‌ഘോഷിച്ചു: ‘വന്ദേമാതരം’! മന്ത്രോപദേശം നല്‍കപ്പെട്ടു കഴിഞ്ഞു; ഒറ്റ ദിവസം കൊണ്ട് ഒരു വലിയ ജനത ദേശഭക്തിയുടെ ധര്‍മ്മബോധത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. അമ്മ മക്കള്‍ക്ക് മുമ്പില്‍ സ്വയം പ്രത്യക്ഷപ്പെട്ടു. ആ ദര്‍ശനം ലഭ്യമായതോടെ ക്ഷേത്രം പുനര്‍നിര്‍മ്മിച്ച് സജ്ജമാക്കി, അമ്മയുടെ പ്രതിഷ്ഠനടത്തി ബലി സമര്‍പ്പിക്കാതെ, ഇനി വിശ്രമമില്ല; ഇനി ഉറക്കവുമില്ല. അങ്ങനെയൊരു നിലപാട് സ്വീകരിച്ചു കഴിഞ്ഞ ഒരു മഹത്തായ രാജ്യത്തെ ഒരു ആക്രമകാരിയുടെയും അധീനതയില്‍ ഇനി പിടിച്ചിടാനാകില്ല ….” 1908 അമരാവതി പ്രഭാഷണത്തില്‍ ശ്രീ അരബിന്ദോ ആ ഗാനത്തെ ദേശീയ ഗാനമായി ഉയര്‍ത്തിക്കാട്ടിയിട്ട് പറഞ്ഞു: ”അത് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അവരുടെ ദേശീയഗാനങ്ങളെ കാണുന്നതു പോലെ ഒരു സാധാരണ ദേശീയഗാനമല്ല. അതില്‍ അതിശക്തിയുള്ള ഒരു പരിശുദ്ധ മന്ത്രം അടങ്ങിയിരിക്കുന്നു. അതിനെ ‘ആനന്ദമഠം’ എന്ന കൃതിയുടെ രചയിതാവ്, ഒരുവിധത്തില്‍ പ്രചോദനം ലഭിച്ച ഒരു ഋഷിയെന്നു വിളിക്കാവുന്ന വ്യക്തി, നമുക്ക് വെളിപ്പെടുത്തിയതാണ്.” അതില്‍ അതിശക്തിയുള്ള ഒരു പരിശുദ്ധ മന്ത്രം അടങ്ങിയിരിക്കുന്നു എന്നും, വ്യക്തമാക്കി. ഈ മന്ത്രം എങ്ങനെ ബങ്കിം ചന്ദ്ര ചതോപാദ്ധ്യായക്ക് വെളിപ്പെട്ടതാകാമെന്നതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ഒരു പക്ഷേ, അദ്ദേഹത്തിന് തന്റെ ഗുരുവായ ഒരു സന്ന്യാസിയുടെ ഉപദേശത്തിലൂടെയായിരിക്കാം അത് ലഭിച്ചതെന്നാണ് മഹര്‍ഷി അരബിന്ദോ നല്‍കിയ സൂചന. ഈ മന്ത്രം പുതിയ ഒന്നല്ല; മറിച്ച് ഒരിക്കല്‍ ആരുടെയോ വഞ്ചന കൊണ്ട് അസ്തമിച്ചുപോയ പഴയ ഒരു മന്ത്രത്തിന്റെ പുനര്‍ജ്ജീവനമാണ് എന്നും അദ്ദേഹം പറഞ്ഞു. വ്യക്തിയെ പോലെ രാഷ്ട്രത്തിനും സ്ഥൂല ശരീരവും സൂക്ഷ്മ ശരീരവും കാരണ ശരീരവും ഉണ്ടെന്നും അവയൊക്കെ സമഗ്രതയോടെ പ്രതിഫലിപ്പിക്കുന്നതാണ് വന്ദേമാതര ഗാനത്തിന്റെ ആഴത്തിലുള്ള അര്‍ത്ഥ തലങ്ങളെന്ന് മഹര്‍ഷി അരബിന്ദോ വിശദീകരിക്കുകയും ചെയ്തു.

ജ്ഞാനദൃഷ്ടികളിലൂടെ ഉദയം ചെയ്ത ഭാരത വിമോചനത്തിന്റെ കര്‍മ്മകാണ്ഡം അത്തരത്തില്‍, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന മൂന്നു ദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലുമായി സാമ്രാജ്യത്വ അധിനിവേശ ശക്തികളില്‍നിന്നും ഭാരതവര്‍ഷത്തിന്റെ അന്തിമ വിമോചനത്തിനുള്ള പോരാട്ടത്തിന് അരങ്ങൊരുങ്ങി. ദീര്‍ഘകാലത്തെ ഇസ്ലാമിക ആക്രമണകാരികളുടെയും ആംഗ്ലോ ക്രിസ്ത്യന്‍ അധിനിവേശ ശക്തികളുടെയും പിടിയില്‍ നിന്ന് മോചനം നേടി പുനര്‍ നിര്‍മ്മിക്കേണ്ട ഭാരതമാതാ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെടേണ്ട ദിവ്യപ്രതിഷ്ഠയുടെ ഭവ്യരൂപവും മൂലമന്ത്രവും വന്ദേമാതരത്തിലൂടെ ബങ്കിം ചന്ദ്ര ചതോപാദ്ധ്യായ 1875ല്‍ പ്രദാനം ചെയ്തു. വരുന്ന അമ്പത് വര്‍ഷങ്ങളില്‍ ആ ഭാരത മാതാവാകണം ഏക പൂജാ വിഗ്രഹമെന്ന് സ്വാമി വിവേകാനന്ദന്‍ ഉദ്‌ബോധിപ്പിച്ചു. ക്ഷേത്രം പുനര്‍നിര്‍മ്മിച്ച് സജ്ജമാക്കി, അമ്മയുടെ പ്രതിഷ്ഠ നടത്തി ബലി സമര്‍പ്പിക്കാതെ, ഇനി വിശ്രമമില്ല; ഇനി ഉറക്കവുമില്ല; എന്ന പ്രതിജ്ഞയിലേക്ക് ഭാരതം നീങ്ങുകയാണെന്ന് 1908ല്‍ മഹര്‍ഷി അരവിന്ദന്‍ വിളംബരം നല്‍കി. അങ്ങനെ ഭാരത സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെ മുഖ്യധാരയിലേക്കെത്തിയ ‘വന്ദേ മാതരം’ അതിന്റെ വിവിധ ഉപധാരകളിലും പ്രഭാവം ചെലുത്തി രാഷ്ട്രത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുകയെന്ന ചരിത്രപരമായ ദൗത്യം 150 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും തുടര്‍ന്ന് മൂന്നോട്ടു പോകുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും വന്ദേമാതരവും
1875 ല്‍ രചിക്കപ്പെട്ട ‘വന്ദേ മാതര’ ഗാനം 1875 നവംബര്‍ 7-ന് ബംഗദര്‍ശന്‍ മാസികയില്‍ ആദ്യമായി പ്രസിദ്ധീകരിച്ചു. അതിന്റെ രചയിതാവായ ബങ്കിംചന്ദ്ര ചതോപാദ്ധ്യായ ആ ഗാനത്തെ1882-ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആനന്ദമഠ് എന്ന നോവലില്‍ ഉള്‍പ്പെടുത്തി. അതോടെ, ‘വന്ദേമാതരം’ ഭാരതീയ ദേശീയതയുടെ പ്രതിരോധത്തിന്റെയും പുനര്‍ജ്ജനിയുടെയും ആവേശോജ്ജ്വലമായ പ്രതീകമായി ചരിത്രത്തിലിടം തേടുന്നതിനുള്ള യാത്രയുടെ നിര്‍ണ്ണായക തുടക്കം കുറിക്കുകയായിരുന്നു. 1896 ലെ കല്‍ക്കട്ടയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് വന്ദേമാതര ഗാനം ദേശീയ പൊതുസമൂഹത്തിലേക്ക് ആദ്യം അവതരിക്കപ്പെട്ടത്. രാഷ്ട്രകവി ഗുരുദേവ് രവീന്ദ്രനാഥ് ടാഗൂറായിരുന്നു ആ ഗാനത്തിന് സംഗീതം കൊടുത്ത് അന്നവിടെ അവതരിപ്പിച്ചത്. ആ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത് അന്നത്തെ കോണ്‍ഗ്രസ്സ് പ്രസിഡന്റ് റഹ്മത്തുള്ള മൊഹമ്മദ് സയാനിയായിരുന്നു. അന്ന് ആ ഗാനം അവിടെ അവതരിപ്പിച്ചപ്പോള്‍ സന്നിഹിതരായിരുന്ന അന്നത്തെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ ഉള്‍പ്പടെയുള്ള മുസ്ലീം മതവിശ്വാസികള്‍ക്കാര്‍ക്കും വന്ദേ മാതര ഗാനത്തില്‍ അവര്‍ക്ക് അസ്വീകാര്യമായി എന്തെങ്കിലും ഉള്ളതായി പരാതി ഉണ്ടായിരുന്നല്ലെന്നത് ഇവിടെ സ്മരണീയമാണ്. 1937ല്‍ ജവഹര്‍ലാല്‍ നെഹ്രു കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ പദവിയിലെത്തിയപ്പോള്‍ മുസ്ലീം മതവികാരത്തെ വ്രണപ്പെടുത്തുന്ന പരാമര്‍ശം അതിലുണ്ടെന്ന് പറഞ്ഞ് പരാതി ഉയര്‍ന്നെന്നും അതേ തുടര്‍ന്ന് 1896ലെ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ആ ഗാനം സ്വയം പാടിയ രവീന്ദ്രനാഥ ടാഗൂര്‍ തന്നെ അതിനെ മുറിച്ചു ചുരുക്കുവാന്‍ ഉപദേശം നല്‍കിയെന്നും പറയുമ്പോള്‍ അതിനു പിന്നില്‍ നടന്ന രാഷ്ട്രീയ കരുനീക്കങ്ങളെ സംബന്ധിച്ച് ചരിത്രത്തില്‍ നിന്നു തന്നെ ഉത്തരം കണ്ടെത്തേണ്ടതായി വരും. ഒരു പക്ഷേ, ബ്രിട്ടീഷുകാര്‍ ആരംഭിച്ച്, നിയന്ത്രിച്ചിരുന്ന, കോണ്‍ഗ്രസ്സ് 1896ല്‍ വന്ദേമാതരത്തിന് വേദിയൊരുക്കുമ്പോള്‍ ആ ഗാനം ഉയര്‍ത്തുന്ന വിപ്ലവവീര്യം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിത്തറ ഇളക്കുവാനിടയുണ്ടെന്ന സാദ്ധ്യത തിരിച്ചറിഞ്ഞിട്ടുണ്ടാകണമെന്നില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളോടുള്ള വിധേയത്വവും ചങ്ങാത്തവും ഒപ്പം തന്നെ മുസ്ലീം വര്‍ഗീയവാദികളോടുള്ള പ്രീണന നയവും പിന്തുടര്‍ന്ന ജവഹര്‍ലാല്‍ നെഹ്രുവിന് ‘വന്ദേമാതരം’ മുറിച്ചു ചെറുതാക്കുന്നതിനോ ഭാരതത്തെ വിഭജിക്കുന്നതിനോ മടി തോന്നാതിരുന്നതില്‍ അത്ഭുതകരമായി ഒന്നുമില്ലയെന്നത് തന്നെയാകണം ചരിത്രപരമായ യാഥാര്‍ത്ഥ്യം.

കോണ്‍ഗ്രസ്സ് വര്‍ക്കിങ്ങ് കമ്മറ്റി 1937ലെടുത്ത ആ തെറ്റായ തീരുമാനത്തിന്റെ, സ്വാഭാവികമായ പരിണിതഫലമായി വേണം ജവഹര്‍ലാല്‍ നെഹ്രു പ്രധാനമന്ത്രിയായ ഭരണകൂടത്തിന്റെ സ്വാധീനത്തില്‍ യഥാര്‍ത്ഥ വന്ദേമാതര ഗാനത്തിലെ ആദ്യത്തെ രണ്ടു ഭാഗം മാത്രം ദേശീയ ഗീതമായി അംഗീകരിക്കപ്പെടുന്ന അവസ്ഥയിലേക്ക് സ്വതന്ത്ര ഭാരതം എത്തിച്ചേര്‍ന്നതിനെ മനസ്സിലാക്കേണ്ടത്. അതുമായി ബന്ധപ്പെട്ട് ഭരണഘടനാ നിര്‍മ്മാണസഭയില്‍ അദ്ധ്യക്ഷന്‍ ഡോ. രാജേന്ദ്ര പ്രസാദ് 1950 ജനുവരി 24ന് ഒരു പ്രസ്താവന നടത്തിയതില്‍ ഇങ്ങനെ പറയുന്നു: ‘ജനഗണമനയെന്ന പേരില്‍ അറിയപ്പെടുന്ന രചനയിലെ വരികളും സംഗീതവും ഉള്‍ക്കൊള്ളുന്ന ഗാനം, സര്‍ക്കാര്‍ സന്ദര്‍ഭാനുസരണം വാക്കുകളില്‍ വരുത്തുന്ന ഭേദഗതികള്‍ക്ക് വിധേയമായ രൂപത്തില്‍ ഭാരതത്തിന്റെ ദേശീയ ഗാനമായിരിക്കും. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ചരിത്രപരമായ പങ്കു വഹിച്ച വന്ദേമാതര ഗാനം ജനഗണമനയ്ക്ക് തുല്യമായ പദവി അലങ്കരിക്കുകയും തുല്യമായ തരത്തില്‍ ആദരിക്കപ്പെടുകയും ചെയ്യും.’ ‘ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ചരിത്രപരമായ പങ്കു വഹിച്ച വന്ദേമാതര ഗാനം’ എന്ന് ആ പ്രസ്താവനയില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടും അതിനെ എതിര്‍ത്തവര്‍ ഭാരതം വിഭജിച്ച് പാകിസ്ഥാനും വാങ്ങി വഴിപിരിഞ്ഞു പോയിട്ടും ബങ്കിം ചന്ദ്രയുടെ വന്ദേമാതര ഗാനത്തെ പൂര്‍ണ്ണ രൂപത്തില്‍ ദേശീയ ഗാനമായിത്തന്നെ അംഗീകരിക്കാന്‍ എന്തുകൊണ്ട് തയ്യാറായില്ല എന്ന ചോദ്യം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനോട് ഭാരതമക്കള്‍ എക്കാലവും ചോദിച്ചുകൊണ്ടേയിരിക്കും.

വീരസാവര്‍ക്കറും നേതാജിയും വന്ദേ മാതരവും
വിപ്ലവകാരികളുടെ രാജകുമാരനായിരുന്ന സ്വാതന്ത്ര്യ വീര വിനായക ദാമോദര്‍ സാവര്‍ക്കര്‍ക്ക് ‘വന്ദേ മാതരം’ ആവേശോജ്ജ്വലമായ ഒരു ദേശീയ വിപ്ലവ ഗാനമായിരുന്നു; വിപ്ലവകാരികള്‍ക്ക് പരസ്പരം പങ്കുവെക്കാനുള്ള വിപ്ലവാഭിവാദ്യമായിരുന്നു; ദേശഭക്തിയുടെ പ്രതീകമായിരുന്നു; വിട്ടുവീഴ്ചകള്‍ക്ക് വഴിയന്വേഷിക്കുന്നവരെ തിരുത്തുവാന്‍ പ്രയോഗിക്കാവുന്ന മുന്നറിയിപ്പായിരുന്നു; ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് അഗ്‌നി പകരുന്ന പ്രചോദന മന്ത്രമായിരുന്നു.

1907ല്‍ ബര്‍ലിനിലെ (ജര്‍മ്മനി) സ്റ്റുട്ട്ഗാര്‍ട്ടില്‍ വെച്ചു നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സില്‍ വീര സാവര്‍ക്കറെയും സഹപോരാളികളെയും പ്രതിനിധീകരിച്ചു പങ്കെടുത്ത മാഡം ബിക്കാജി കാമാ അവിടെ സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ദേശീയ പതാക ഉയര്‍ത്തി. ആ പതാകയ്ക്ക് രൂപം നല്‍കിയത് വിനായക ദാമോദര്‍ സാവര്‍ക്കര്‍, മാഡം കാമയെയും ശ്യാംജി കൃഷ്ണവര്‍മ്മയേയും ഒപ്പം ചേര്‍ത്തായിരുന്നു. ആ പതാകയില്‍ ‘വന്ദേമാതരം’ എന്ന് ശ്രദ്ധേയമായി എഴുതിച്ചേര്‍ത്തിരുന്നു എന്നു കാണുന്നത്, 1907ല്‍ തന്നെ വന്ദേമാതരം സാവര്‍ക്കറില്‍ നേടിയ സ്വാധീനം പ്രകടമാക്കുന്നു. വീരസാവര്‍ക്കറുടെ അനുയായിയായിരുന്ന ധീര രക്തസാക്ഷി ധരംവീര്‍ ധിംഗ്രയുടെ മേല്‍ വന്ദേമാതരം പ്രകടമാക്കിയ സ്വാധീനമാണെങ്കില്‍ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ടതു തന്നെയാണ്. 1909 ജൂലായ് ഒന്നിന് വന്ദേ മാതരം മുഴക്കിക്കൊണ്ടായിരുന്നു ആ ഇരുപത്തിനാലുകാരന്‍ ബ്രിട്ടീഷ് തൂക്ക് കയര്‍ വരണമാല്യം പോലെ സ്വീകരിച്ചത്. ഭാരതാംബയ്ക്കു തന്റെ ജീവിതം തന്നെ ബലി നല്‍കിക്കൊണ്ട് ആ വീരപുത്രന്‍ നല്‍കിയ അന്തിമസന്ദേശത്തിലെ അവസാനവരികള്‍ നോക്കുക: ‘…അതുകൊണ്ട്, ഞാന്‍ മരണം വരിക്കുന്നു; എന്റെ രക്തസാക്ഷിത്വം വാഴ്ത്തപ്പെടട്ടെ! ഈശ്വരനോടുള്ള എന്റെ പ്രാര്‍ത്ഥന, ഇതേ അമ്മയുടെ പുത്രനായി ഞാന്‍ വീണ്ടും ജനിക്കട്ടേയെന്നും പവിത്രമായ ഇതേ ലക്ഷ്യം വിജയം നേടി അമ്മ, ലോകനന്മയ്ക്കും ദൈവമഹത്വത്തിനും വേണ്ടി സ്വതന്ത്രയായി നില്‍ക്കും വരെ രക്തസാക്ഷിത്വം ആവര്‍ത്തിക്കട്ടെയെന്നും മാത്രമാണ്. വന്ദേ മാതരം!’

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച ആസാദ് ഹിന്ദ് താല്‍ ക്കാലിക ഗവണ്മെന്റിന്റെ പ്രഖ്യാപനവേളയില്‍ വന്ദേ മാതരം ഗാനം ആവേശപൂര്‍വ്വം ആലപിച്ചുവെന്നത് ചരിത്രമാണ്. 1937ലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയില്‍ ആ ഗാനത്തിലെ ചിലവരികള്‍ തര്‍ക്ക വിഷയമായപ്പോള്‍ പൂര്‍ണ്ണരൂപത്തിലുള്ള വന്ദേമാതരമാകണം ദേശീയ ഗാനമെന്ന നിലപാടായിരുന്നു നേതാജി എടുത്തതെന്നതും വന്ദേമാതരം ആ വീര നായകന്റെ മേല്‍ ചെലുത്തിയ പ്രഭാവം പ്രകടമാക്കുന്നു.

നേതാജി
സാവര്‍ക്കര്‍

ഡോക്ടര്‍ജിയും ജവഹര്‍ലാല്‍ നെഹ്രുവും ‘വന്ദേ മാതര’ പരിപ്രേക്ഷ്യത്തില്‍
ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാറും ജവഹര്‍ലാല്‍ നെഹ്രുവും ഒരേ പ്രായക്കാരായിരുന്നു. (ജന്മദിനങ്ങള്‍: യഥാക്രമം, 1.4.1889; 14.11.1889). രണ്ടു പേരും വിദ്യാര്‍ത്ഥികളായിരുന്നപ്പോഴായിരുന്നു ഭാരതത്തില്‍ വന്ദേ ഭാരതത്തിന്റെ പ്രഭാവം കത്തിജ്ജ്വലിച്ചു തുടങ്ങിയത്. അക്കാലത്തിനു മുമ്പു തന്നെ ഭാരതീയ സ്വത്വത്തനിമയുടെ പുനരുജ്ജീവനത്തിനുള്ള തന്റെ പരിശ്രമം തുടങ്ങികഴിഞ്ഞിരുന്നതുകൊണ്ട് വന്ദേമാതരം ഉയര്‍ത്തിയ ആവേശതരംഗത്തിലേക്ക് ഡോക്ടര്‍ജി ആകര്‍ഷിക്കപ്പെടുന്നത് സ്വാഭാവികമായിരുന്നു. എന്നാല്‍, ജനിച്ചപ്പോള്‍ ലഭിച്ച ശരീരവും നിറവും രക്തവും മാറാന്‍ ഒരു നിവൃത്തിയുമില്ലാത്തതുകൊണ്ട് ബാക്കി ഓരോന്നിലും (രുചിയിലും വീക്ഷണങ്ങളിലും ധാര്‍മ്മികധാരണകളിലും ചിന്തയിലും ബുദ്ധിയിലും) അടങ്ങിയിട്ടുള്ള ഭാരതീയത മൊത്തവും തുടച്ചു നീക്കി തനി ഇംഗ്ലീഷുകാരനാകാനുള്ള ആത്മാര്‍ത്ഥമായ പരിശീലനത്തിലായിരുന്നു ജവഹര്‍ലാല്‍ നെഹ്രു, അക്കാലത്ത്. അതുകൊണ്ടു തന്നെ വന്ദേമാതരത്തിന്റെ പരിപ്രേക്ഷ്യത്തില്‍ അവര്‍ തമ്മിലുള്ള ഒരു താരതമ്യപഠനം പല തിരിച്ചറിവുകളിലേക്കും വെളിച്ചം വീശും.

1907-1908 കാലഘട്ടം. ബംഗാള്‍ വിഭജന വിരുദ്ധ പ്രക്ഷോഭങ്ങളെയും സ്വദേശി പ്രസ്ഥാനത്തെയും സംബന്ധിക്കുന്ന വാര്‍ത്തകള്‍ക്കൊപ്പം വന്ദേ മാതര ഗാനത്തിന്റെ അലയടിയും നാഗപ്പൂരിലും ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിലും എത്തി. അവിടെ ഒരു വിജയദശമി ദിവസം രാവണദഹനം നടത്താനുള്ള സീമോല്ലംഘനയാത്രയില്‍ ഒന്നിച്ച് ചേര്‍ന്ന ആള്‍ക്കൂട്ടത്തിനു മുന്നില്‍ കൂട്ടുകാരുമൊത്ത് ഉച്ചൈസ്ഥരം വന്ദേമാതരം ആലപിച്ചുകൊണ്ടും തീവ്രതയുടെ സന്ദേശം നല്‍കുന്ന പ്രഭാഷണം നടത്തിയും ഡോക്ടര്‍ജിയിലെ സ്വാതന്ത്ര്യമോഹിയായ വിപ്ലവകാരി പോലീസിന്റെയും ഭരണകൂടത്തിന്റെയും നോട്ടപ്പുള്ളിയായി. വന്ദേമാതര ഘോഷം മുഴക്കി പ്രസംഗം നടത്തിയവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കാന്‍ സര്‍ക്കാരധികാരികളുടെ തീരുമാനവുമായി. സമാജത്തിലെ പ്രമുഖരും മുതിര്‍ന്നവരും അടിയന്തിരമായി നടത്തിയ പരിശ്രമങ്ങളുടെ ഫലമായി തത്കാലത്തേക്ക് കേസ് ഒഴിവായി. പക്ഷേ, കേശവന്റെ മേല്‍ പോലീസ് നിരീക്ഷണം തുടര്‍ന്നു. എന്നിട്ടും, വിദ്യാഭ്യാസത്തിന് സമാന്തരമായി ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ ഉയര്‍ന്ന ക്ലാസ്സിലെ വിദ്യാര്‍ത്ഥിയായിരുന്ന കേശവന്‍ ഒരു കുറവും വരുത്തിയതില്ല. അതിനിടയില്‍ സ്‌കൂള്‍ പരിശോധനയ്ക്ക് ഇന്‍സ്‌പെക്ടര്‍ എത്തുവാനുള്ള പരിപാടിയെത്തി. അന്നവിടെ സമാജത്തില്‍ പ്രതിഷേധത്തിന് ഇടവരുത്തിയ റിസ്ലേ ഉത്തരവിനെതിരെ ഒരു പ്രതിഷേധം പ്രകടിപ്പിക്കാന്‍ അതു തന്നെ അവസരമെന്ന് കേശവനും സഹപ്രവര്‍ത്തകരും നിശ്ചയിച്ചു. ഇന്‍സ്‌പെക്ടര്‍ ക്ലാസ്സിലെത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ എല്ലാവരും എഴുന്നേറ്റു നിന്ന് നിരോധിക്കപ്പെട്ടിരുന്ന വന്ദേമാതരം മുഴക്കണം. അന്വേഷണമുണ്ടാകുമ്പോള്‍ ആരാണ് അങ്ങനെ പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നു ചോദിച്ചാല്‍ ഒരു സൂചനയും നല്‍കുകയുമരുത്. നിശ്ചിത ദിവസം ഇന്‍സ്‌പെക്ടര്‍ സ്‌കൂളിലെത്തി പ്രധാന അദ്ധ്യാപകനോടൊപ്പം ഓരോ ക്ലാസ്സിലും എത്തിയപ്പോള്‍ കൂട്ടികള്‍ ഒന്നായി എഴുന്നേറ്റ് നിന്ന് വന്ദേ മാതരഘോഷം, ഉറക്കെ, ഉറക്കെ മുഴക്കി. അങ്ങനെ ഇന്‍സ്‌പെക്ഷന്‍ അലങ്കോലപ്പെട്ടതിനെ തുടര്‍ന്ന് ആരാണതിന് പിന്നിലെന്നറിയാന്‍ അന്വേഷണം നടത്തിയിട്ടും ആളെ കണ്ടെത്താനായില്ല. വിദ്യാര്‍ത്ഥികളെയും സ്‌കൂളില്‍ നിന്ന് പുറത്താക്കി. അവരെല്ലാം വന്ദേമാതരം കൂടുതല്‍ ഉറക്കെ വിളിച്ചുകൊണ്ട് പുറത്തേക്ക് പോയി. ആ പ്രതിഷേധ പരിപാടിയുടെ ഫലമായി ഉണ്ടായ ശിക്ഷാനടപടി കേശവനെ സ്‌കൂളില്‍ നിന്ന് പുറത്താക്കുന്നതിന് ഇടവരുത്തി. വന്ദേമാതരഘോഷം മുഴക്കുന്നത് അപരാധം ആണെന്ന് അംഗീകരിക്കാതെ വിദേശ ഭരണത്തിന്‍ കീഴില്‍ മാതൃഭൂമിയെ വന്ദിക്കുന്നത് അപരാധമാണെങ്കില്‍ അത് വീണ്ടും വീണ്ടും ആവര്‍ത്തിക്കുമെന്നു തന്നെയായിരുന്നു, വിദ്യാര്‍ത്ഥിയായ കേശവന്റെ ദൃഢ നിശ്ചയം. അങ്ങനെ മുടങ്ങിയ വിദ്യാഭ്യാസം പിന്നീട് തുടരുന്നത് ‘വിദ്യാഗൃഹം’ എന്ന പേരില്‍, സമാന സാഹചര്യത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസം നഷ്ടപ്പെടുത്തേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അരബിന്ദോ ഘോഷ്, റാസ് ബിഹാരി ബോസ്, സുരേന്ദ്രനാഥ് ബന്ദോപാദ്ധ്യായ എന്നീ മഹദ് വ്യക്തികളാരംഭിച്ച ദേശീയ വിദ്യാലയങ്ങളുടെ ഭാഗമായി ആരംഭിച്ച സ്ഥാപനത്തിലായിരുന്നു. അത്തരം ദേശീയ വിദ്യാലയങ്ങളുടെ പ്രധാന ചാലക ശക്തി ബാല ഗംഗാധര തിലകനായിരുന്നെന്നതും ചരിത്രമാണ്. അവിടെ അങ്ങനെ പുനരാരംഭിച്ച വിദ്യാഭ്യാസം, ഡോ. മുംജെയുടെ ഇടപെടലോടെ കല്‍ക്കട്ടാ മെഡിക്കല്‍ കോളേജിലെ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള വഴിയൊരുക്കി. അവിടെ നിന്നും പഠനം പൂര്‍ത്തിയാക്കി വിജയിച്ചിറങ്ങിയ ഡോക്ടര്‍ കേശവ് ബലിറാം ഹെഡ്‌ഗേവാര്‍, ‘വന്ദേമാതര’ ഭാവം ഉള്ളിലുറപ്പിച്ചുകൊണ്ട് പരമപവിത്രമായ ഈ പുണ്യഭൂമിക്കുവേണ്ടി സ്വജീവിതം സമര്‍പ്പിച്ചതും രാഷ്ട്രീയ സ്വയം സേവക സംഘത്തിന് ജന്മം നല്‍കിയതും ചരിത്രമാണ്. ആ സംഘം നൂറു വര്‍ഷം പിന്നിടുമ്പോള്‍ വന്ദേമാതര ഗാനത്തിന്റെ നൂറ്റമ്പതാം വര്‍ഷം ആഘോഷിക്കാന്‍ സജ്ജമാകുന്നു; നാഗപ്പൂരിലെ സ്‌കൂളില്‍ സഹപാഠികളെ സംഘടിപ്പിച്ച് വന്ദേമാതരഘോഷം മുടക്കിയതിന് സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി തെളിയിച്ച പാതയിലൂടെ ഭഗവധ്വജമേന്തി വന്ദേ ഭാരത ഘോഷം മുഴക്കി സ്വയംസേവകകോടികള്‍ ഭാരതാംബയെ വിശ്വ ഗുരുവാക്കാനുള്ള യജ്ഞം തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറി തുടരുന്നു.

ഡോക്ടര്‍ജി

ഇനി, അക്കാലത്ത് ജവഹര്‍ലാല്‍ നെഹ്രു എന്തു ചെയ്യുകയായിരുന്നെന്നു നോക്കാം. അദ്ദേഹത്തിന്റെ അച്ഛന്‍ മോത്തിലാല്‍ നെഹ്രു, (രക്തം കൊണ്ടും നിറം കൊണ്ടും ഭാരതീയന്‍; പക്ഷേ, രുചിയിലും വീക്ഷണങ്ങളിലും ധാര്‍മ്മികധാരണകളിലും ബുദ്ധിയിലും ഇംഗ്ലീഷുകാരനും) എന്ന മക്കാളെയുടെ നിര്‍വചനത്തിനിണങ്ങുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു. 1905 ല്‍ മോത്തിലാല്‍ നെഹ്രു തന്റെ മകന്‍ പതിനഞ്ചു വയസ്സുകാരന്‍ ജവഹര്‍ലാല്‍ നെഹ്രുവിനെ ഒരു സമ്പൂര്‍ണ്ണ, ലക്ഷണമൊത്ത, ഇംഗ്ലീഷ് ജന്റില്‍മാന്‍ ആയിത്തീരണമെന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടിലെ ഹാരോയിലേക്ക് പഠനത്തിനയച്ചു. അച്ഛന്റെ പ്രതീക്ഷയ്ക്കപ്പുറം വളര്‍ന്ന് തനി ഇംഗ്ലീഷുകാരനായി മാറുകയായിരുന്നു, ജവാഹര്‍ ലാല്‍. അതിനിടയില്‍, കേംബ്രിഡ്ജില്‍ നിന്നും ഓക്‌സ്‌ഫോര്‍ഡിലേക്ക് മാറ്റം ആഗ്രഹിച്ചുകൊണ്ട് 1910 ജൂലായ് 15ന്, മകന്‍ അച്ഛനൊരു കത്തയച്ചു. അതില്‍ ”കേംബ്രിഡ്ജ് മൊത്തം ഇന്ത്യാക്കാരെക്കൊണ്ട് നിറയുന്നു (Cambridge is becoming full of Indians) (സൂചന: Dr. Koenraad Elst: Decolonisation of Hindu Mind)- എന്നാണ് പരാതി പറഞ്ഞിരുന്നതെന്നു കാണാം. അത് വായിക്കുമ്പോള്‍, ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ വന്ദേ മാതരം മുഴക്കിയതിന് സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെടുകയും, നെഹ്രു താമസിച്ചിരുന്ന ലണ്ടന്‍ നഗരത്തില്‍ തന്നെ ഇംഗ്ലീഷ് തൂക്കുമരത്തില്‍ വന്ദേമാതര ഘോഷം മുഴക്കിക്കൊണ്ട് ധീരബലിദാനി ധരംവീര്‍ ധിംഗ്ര ജീവസമര്‍പ്പണം ചെയ്തപ്പോളുമൊക്കെ, പിന്നീട് ഭാരതഭരണം സ്വന്തമാക്കിയ പ്രധാനമന്ത്രി നെഹ്രു, പഠിക്കുന്ന വിദ്യാലയത്തില്‍ ഇന്ത്യക്കാരെക്കൊണ്ടു നിറഞ്ഞുവെന്ന പരാതി പറയുകയായിരുന്നുവെന്ന ചരിത്ര വസ്തുത മറന്നുകളയാന്‍ പാടില്ല.

നെഹ്രു

ഡോക്ടര്‍ജിയുടെ ജീവചരിത്രം വന്ദേമാതര കാവ്യം പ്രദാനം ചെയ്ത ഭാരതാംബയുടെ പുണ്യവിഗ്രഹം പൂര്‍ണ്ണമായി ഉള്ളില്‍ പ്രതിഷ്ഠിച്ചുകൊണ്ടായിരുന്നു. പക്ഷേ ജവഹര്‍ലാല്‍ നെഹ്രുവിനെ ചരിത്രം രേഖപ്പെടുത്തുന്നത് 1937ല്‍ വന്ദേമാതരഗാനം മുറിച്ചു ചെറുതാക്കിയതിനും 1947ല്‍ ഭാരതാംബയെ തന്നെ വെട്ടിമുറിക്കുന്നതിന് വഴിയൊരുക്കിയതിന്റെയും പേരിലാണ്.
നെഹ്രുവിന്റെ സ്വാധീനത്തിലായ കോണ്‍ഗ്രസ് വന്ദേമാതരത്തെ വെട്ടിമുറിച്ചു ചുരുക്കിയതെന്തിന്?

നെഹ്രുവിന്റെ സ്വാധീനത്തിലായ കോണ്‍ഗ്രസ്സ് ഭാരത വിഭജനത്തിന് കൂട്ടുനില്‍ക്കുകയായിരുന്നെന്ന ചരിത്ര വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെ വന്ദേമാതര ‘ഗാനത്തിന്റെ’ കാര്യത്തിലും അവര്‍ ഇസ്ലാമിക പക്ഷത്തോട് നടത്തിയ പ്രീണനത്തിന്റെ രാഷ്ട്രീയം കൂടുതല്‍ വ്യക്തതയോടെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ആ ഒരു ചര്‍ച്ചയിലേക്ക് കടക്കുമ്പോള്‍ ഇസ്ലാമിക വര്‍ഗീയ പക്ഷം വന്ദേമാതര ഗാനത്തില്‍ എന്താണ് പ്രകോപനകരമാണെന്ന് പരാതിപ്പെട്ടതെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആ വിഷയത്തിലും മഹര്‍ഷി പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്.

വന്ദേമാതരം മുസ്ലീമിന് പ്രകോപനകരമാണോ?
മഹര്‍ഷി അരബിന്ദോയോട്, ഒരിക്കല്‍ ഒരു ശിഷ്യന്‍, വന്ദേമാതര ഗാനം ദുര്‍ഗ്ഗാദേവിയെ പോലെയുള്ള ഹിന്ദു ദേവതമാരെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നു എന്നതുകൊണ്ട് ഇസ്ലാമിക വര്‍ഗീയവാദികള്‍ അവര്‍ക്ക് പ്രകോപനകരമാണെന്ന വാദം ഉന്നയിക്കുന്നുവെന്ന് സൂചിപ്പിച്ചപ്പോള്‍, അദ്ദേഹം നല്‍കിയ മറുപടി:

”പക്ഷേ അതൊരു മതത്തിന്റെ ഗാനം അല്ല. അതൊരു ദേശീയ ഗാനമാണ്. (അതില്‍) ദുര്‍ഗയെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത് ഭാരതത്തെ മാതാവായി ഉയര്‍ത്തിക്കാണിച്ചുകൊണ്ടാണ്. മുസ്ലീങ്ങള്‍ എന്തുകൊണ്ടത് സ്വീകരിക്കാതിരിക്കണം? അത് കവിതയില്‍ ഉപയോഗിച്ചിരിക്കുന്ന ഒരു ബിംബമാണ്. ഭാരതീയ ദേശീയ സങ്കല്പത്തില്‍ ഹൈന്ദവ കാഴ്ചപ്പാട് സ്വാഭാവികമായും അവിടെയുണ്ടാകും. അവിടെ അങ്ങനെ അതിനിടം ലഭിക്കാന്‍ കഴിയില്ലായെന്നു വന്നാല്‍ ഹിന്ദുക്കളോട് അവരുടെ സംസ്‌കാരം ഉപേക്ഷിക്കാന്‍ ആവശ്യപ്പെടും പോലെയാകും.

മഹര്‍ഷി അരബിന്ദോ

വന്ദേമാതരം: ഗാന്ധിജിയുടെ നീരീക്ഷണങ്ങള്‍ (1905)
1937ലെ തീരുമാനം ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സാണ് സ്വാഭാവികമായും എടുത്തതെന്നു വരുമ്പോള്‍ ആ ഗാനത്തെ, കുറിച്ച്, അതിനും മൂന്നു ദശാബ്ദങ്ങള്‍ക്ക് മഹാത്മജിനടത്തിയ അഭിപ്രായ പ്രകടനം പ്രസക്തമാകുന്നു.

1905 ഡിസംബര്‍ 2ന് ഹീറോയിക് സോംഗ് ഓഫ് ബംഗാള്‍ എന്ന പേരില്‍, മഹാത്മജി ഇന്‍ഡ്യന്‍ ഒപ്പീനിയനില്‍ ഒരു ലേഖനം എഴുതി. ആ ലേഖനത്തില്‍ .അദ്ദേഹം വന്ദേമാതര ഗാനത്തെ ഭാരതത്തിന്റെ ദേശീയ ഗാനമാണെന്നു വിവരിച്ചിട്ടു ചൂണ്ടിക്കാട്ടി: ”അത് മറ്റു രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളേക്കാള്‍ വൈകാരികമായി കുലീനവും മധുരതരവുമാണ്. മറ്റു ദേശീയ ഗാനങ്ങളില്‍ അന്യരെ അപമാനിക്കുന്ന പലതും പ്രകടമാകാറുണ്ട്. അത്തരം ന്യൂനതകളില്‍ നിന്ന് തീര്‍ത്തും മുക്തമാണ് വന്ദേ മാതരം. നമ്മളില്‍ ദേശഭക്തി ഉയര്‍ത്തുക മാത്രമാണതിന്റെ ലക്ഷ്യം. അത് ഭാരതത്തെ അമ്മയായി കാണുകയും ആ അമ്മയുടെ അപദാനങ്ങള്‍ പാടുകയും ചെയ്യുന്നു. കവി ഭാരതമാതാവില്‍, ഒരാള്‍ സ്വന്തം അമ്മയില്‍ കാണുന്ന എല്ലാ ഗുണങ്ങളും കാണിച്ചു തരുന്നു. നമ്മള്‍ നമ്മുടെ അമ്മയെ പൂജിക്കുന്നതു പോലെ ഈ ഗാനം ഭാരതമാതാവിനോടുള്ള ഒരു വികാരനിര്‍ഭരമായ പ്രാര്‍ത്ഥനയാണ്”.

മഹാത്മജിയെ മഹത്വവത്കരിക്കാന്‍ ഇടതു-ജിഹാദി-നെഹ്രു പക്ഷ കപട ബുദ്ധിജീവികള്‍ തന്നെ ഉദ്ധരിക്കാറുള്ള ഒരു സംഭവമുണ്ട്. 1947 ആഗസ്റ്റ് 23ന് ഗാന്ധിജി പങ്കെടുത്ത ഒരു സമ്മേളനത്തില്‍ ഒരു കൂട്ടം മുസ്ലീങ്ങള്‍ ‘അള്ളാഹു അക്ബര്‍’ എന്നു വിളിച്ചതിനോട് പ്രതികരിച്ചുകൊണ്ട് മറ്റു ചിലര്‍ വന്ദേമാതരം മുഴക്കിക്കൊണ്ടു പ്രതികരിച്ചുപോലും! അപ്പോള്‍ ഗാന്ധിജി വന്ദേ മാതരം ഒരു മതപരമായ മുദ്രാവാക്യമല്ലെന്നും അതൊരു രാഷ്ട്രീയമുദ്രാവാക്യമാണെന്നും പറഞ്ഞുവത്രേ! പക്ഷേ അതേ തുടര്‍ന്ന് ഗാന്ധിജി നടത്തിയ ഓര്‍മ്മപ്പെടുത്തലിന്റെ പൊരുള്‍ അറിയാനവര്‍ മിനക്കെട്ടിട്ടുമില്ല. അതൊരിക്കലും മുസ്ലീങ്ങളെ പ്രകോപിപ്പിക്കാനുള്ള ഒരു മന്ത്രമല്ലെന്നു പറഞ്ഞ ഗാന്ധിജി വന്ദേമാതരത്തിന് ഭാരതമാതാവിനായുള്ള ഒരു ഭാവഗീതമെന്ന പ്രാധാന്യം എന്നും ഉണ്ടെന്നും അത് ബംഗാള്‍ രാഷ്ട്രീയത്തില്‍ അഗ്‌നി പകര്‍ന്നുവെന്നും പല സ്വാതന്ത്ര്യ സമരസേനാനികളും പീഡനങ്ങള്‍ സഹിച്ചതും ജീവന്‍ തന്നെ ത്യജിച്ചതും ആ ദേശീയ ഗാനം പാടിക്കൊണ്ടായിരുന്നെന്നും ഗാന്ധിജി ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തത്. അവിടെ അവര്‍ മുസ്ലീങ്ങള്‍ക്ക് അസ്വീകാര്യമെങ്കില്‍ വന്ദേമാതരം മുഴക്കരുതെന്ന് ഗാന്ധിജി പറഞ്ഞുവെന്നൊരു ന്യായം നിരത്താന്‍ ശ്രമിച്ചാല്‍ അള്ളാഹുവല്ലാതെ ആരാധനാ യോഗ്യരായ മറ്റാരുമില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ട്, ഇസ്ലാം ഒഴിച്ച് മറ്റു മതവിശ്വാസികളുടെയെല്ലാം ദേവതാ സങ്കല്പങ്ങളെ നിഷേധിക്കുന്ന (”ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍ റസൂലുല്ലാഹ്”) എന്ന ഒരു പ്രഘോഷണം ഒരു ബഹുസ്വര സമൂഹത്തില്‍ നടത്തുന്നതിലെ അസഹിഷ്ണതയെ കുറിച്ച് മഹാത്മജി എന്നെങ്കിലും സൂചിപ്പിച്ചതായി കാണിക്കാമോയെന്ന് ചോദിക്കേണ്ടിവരും.

ഗാന്ധിജി

വന്ദേ മാതരം – മുസ്ലിം പണ്ഡിതന്റെ നിലപാട്
വന്ദേ മാതര ഗാനത്തോട് ഇസ്ലാം മതതീവ്രവര്‍ഗീയവാദികള്‍ അസഹിഷ്ണത പുലര്‍ത്തുമ്പോള്‍ പോലും ദേശീയവാദികളായ ഇസ്ലാമിക പണ്ഡിതന്മാര്‍ തന്നെ അവര്‍ക്ക് മറുപടി കൊടുത്തിട്ടുണ്ടെന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്.
‘ലോകമെല്ലാം അറിയട്ടെ ഭാരതത്തിലെ മുസ്ലീങ്ങള്‍, യൂറോപ്യന്‍ രാഷ്ട്രീയത്തില്‍ മനസ്സിലാക്കുന്നതു പോലെയുള്ള ഒരു ന്യൂനപക്ഷമല്ലെന്ന്. മതപരമായ ചില പ്രത്യേകതകള്‍ ഒഴിവാക്കിയാല്‍ ഒരു ഹിന്ദുവില്‍ നിന്ന് മുസ്ലീമിനെ വേര്‍തിരിച്ചറിയുവാനുള്ള ഒന്നും തന്നെയില്ല’ മൗലാന റേസാ ഉല്‍ കരീം 1941ലെഴുതിയ അദ്ദേഹത്തിന്റെ പാകിസ്ഥാന്‍ എക്‌സാമിന്‍ഡ് (Pakisthan Examined)- എന്ന പുസ്തകത്തില്‍ കുറിച്ചിട്ട വരികളാണിത്. വിഭജനത്തെ പ്രതിരോധിച്ച, പ്രശസ്ത സ്വാതന്ത്ര്യസേനാനിയും ഇസ്ലാമിക പണ്ഡിതനുമായ അദ്ദേഹം 1944-ല്‍ ‘ബങ്കിം ചന്ദ്രാ ഓ മുസ്സല്‍മാന്‍ സമൂഹ്’ (ബങ്കിംചന്ദ്രയും മുസ്ലിം സമൂഹവും) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ആ ഗ്രന്ഥത്തില്‍ അദ്ദേഹം മുസ്ലിം സമൂഹത്തില്‍ വളര്‍ന്നുവന്ന ‘വന്ദേ മാതരം’ വിരോധത്തെ വസ്തുനിഷ്ഠമായി വിശകലനം ചെയ്ത് തള്ളിക്കളഞ്ഞിരിക്കുന്നു.

മൗലാന കരീം വാദിച്ചു: ”വിഗ്രഹാരാധന എന്ന വ്യാജേന സാധാരണ മുസ്ലീങ്ങളുടെ സ്വാഭാവിക ജീവിതധാരയെ മലിനപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരായി നമ്മുടെ ഇടയില്‍ ചിലര്‍ ഉണ്ട്. മാതാപിതാക്കളുടെ കാല്‍ സ്പര്‍ശിച്ച് ആദരവ് പ്രകടിപ്പിക്കുന്നത് പോലും വിഗ്രഹാരാധനയാണെന്ന് പറയാം! വലിയവരോട് തലകുനിച്ച് ബഹുമാനം അറിയിക്കുന്നതും വിഗ്രഹാരാധനയാണെന്നു പറയാം! വീട്ടിലെ മനോഹാരിത വര്‍ധിപ്പിക്കാന്‍ ചിത്രങ്ങള്‍ തൂക്കുന്നതും വിഗ്രഹാരാധനയുടെ ഭാഗമാണെന്നു പറയാം! ഇങ്ങനെ പലതും ഉയര്‍ത്തിക്കാട്ടി ചിലര്‍ അഭിപ്രായപ്പെടുന്നു ‘ഇത് ഇസ്ലാമിന് വിരുദ്ധമാണ്.’ എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ‘അനിസ്ലാമികം’ എന്ന് അവര്‍ക്ക് വ്യക്തമാക്കാന്‍ കഴിയുന്നില്ല. ഇത്തരത്തിലുള്ള വാദപ്രതിവാദങ്ങളുടെ സമ്മര്‍ദ്ദം മുസ്ലീങ്ങളെ കുഴക്കുന്നുണ്ട്. ഈ സങ്കുചിതമായ മനോഭാവം അവരില്‍ സ്വതന്ത്രചിന്തയുടെ വളര്‍ച്ചയെ തടയുന്നു.”

അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ”ഇത്തരം മനോഭാവമുള്ളവര്‍ ‘വന്ദേ മാതരം’ പോലൊരു മനോഹരമായ ഗാനത്തെ ‘സാമുദായികം’ എന്ന് മുദ്രകുത്തുന്നു. പക്ഷേ വിശാലമായ കാഴ്ചപ്പാടുള്ളവര്‍ ഈ ഗാനം സമഗ്രമായി കാണണം. ‘വന്ദേ മാതരം’ എന്ന ഗാനത്തില്‍ വിഗ്രഹാരാധനയെന്നൊന്നും ഇല്ലെന്ന് അവര്‍ തിരിച്ചറിയും.’

മൗലാന കരീം വീണ്ടും വിശദീകരിച്ചു: ‘വന്ദേ മാതരം’ എന്ന ഗാനത്തിന്റെ ലക്ഷ്യം വിഗ്രഹാരാധനയെ മഹത്വവത്കരിക്കലല്ല; മറിച്ച് ദേശമാതാവിനെ ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി പോലെയുള്ള ദേവതകളെക്കാളും മഹത്തായതെന്ന നിലയില്‍ കാണുകയെന്നതാണ്.”
‘ദുര്‍ഗ്ഗ’, ‘കമല’, ‘സരസ്വതി’ എന്നീ പദങ്ങളോട് വിരോധം പ്രകടിപ്പിക്കേണ്ട കാര്യമുണ്ടോ? ഈ പദങ്ങള്‍ക്ക് പ്രാര്‍ത്ഥനകളില്‍ പ്രതീകാത്മകമായ അര്‍ത്ഥവുമുണ്ട്. ലോകഭാഷകളുടെ താരതമ്യ പഠനം നടത്തിയാല്‍, വിഗ്രഹാരാധനയെ സംബന്ധിക്കുന്ന സമാന പദങ്ങള്‍ മറ്റെല്ലാ ഭാഷകളിലും കാണാമെന്ന് വ്യക്തമാണ് മുസ്ലിം എഴുത്തുകാരുടെ രചനകളില്‍ പോലുമുണ്ട്. മൗലാന കരീം ഒരു പ്രസക്തമായ ചോദ്യവും ഉയര്‍ത്തി: ”മുസ്ലിം എഴുത്തുകാര്‍, ‘സ്‌നേഹദേവന്‍’, സംഗീതദേവി’, മരണദൂതന്‍’, മഴയുടെ ദൂതന്‍’ എന്നീ പ്രതീകങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അവ ഉപയോഗിച്ചതുകൊണ്ട് അവര്‍ വിഗ്രഹാരാധകരാകുന്നില്ലെങ്കില്‍, ‘കമല’, ‘ദുര്‍ഗ്ഗ’, ‘സരസ്വതി’ എന്നീ പദങ്ങള്‍ ഉപയോഗിച്ചതുകൊണ്ടും ആരും വിഗ്രഹാരാധകരാകുകയില്ല.”

അദ്ദേഹം ഒടുവില്‍ മുഹമ്മദാലി ജിന്നയെയും ചില, മുസ്ലിം ലീഗ് നേതാക്കളെയും, മറ്റു ചില മുസ്ലിം രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളെയും സൂചിപ്പിച്ചുകൊണ്ട് വന്ദേമാതര വിരോധത്തെ തുറന്നുകാട്ടി.

‘വന്ദേ മാതരം’ എന്ന ഗാനം ഇസ്ലാമിന്റെ അധികാരപ്പെട്ട വക്താക്കളോ അതിന്റെ പണ്ഡിതന്മാരോ നിരോധിച്ചിട്ടുള്ളതല്ല. പാശ്ചാത്യ വസ്ത്രധാരികള്‍, ബാരിസ്റ്റര്‍മാര്‍, രാഷ്ട്രീയക്കാര്‍ അങ്ങനെ ചിലരാണ് ഇതിനെ എതിര്‍ത്തത്. ഇവര്‍ക്ക് ഒരു പള്ളിയുടെ പരിസരത്തു പോലും ഭക്തിപൂര്‍വ്വം സ്പര്‍ശിക്കാന്‍ ജീവിതത്തില്‍ സമയം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഇസ്ലാമുമായുള്ള നേരിട്ടോ ആഴത്തിലുള്ളതോ ആയ ബന്ധമില്ലാത്തവരാണ് ‘വന്ദേ മാതര ഗാനത്തെ എതിര്‍ത്തത്.”

ഭാരതത്തെ അടച്ചു വാണ അധിനിവേശ ശക്തികളോടുള്ള വിട്ടുമാറാത്ത വിധേയത്വം, ഭാരതത്തെ വെട്ടിമുറിക്കുവാന്‍ വേലയെടുത്ത ഇസ്ലാമിക വര്‍ഗീയവാദികളോടും അവര്‍ക്ക് വഴിയൊരുക്കന്നതില്‍ ഭിന്നിപ്പിച്ചു പിടിമുറുക്കുവാനുള്ള രാഷ്ട്രീയസാദ്ധ്യത തേടിയ കമ്മ്യൂണിസ്റ്റ് രാജ്യദ്രോഹികളോട് തന്ത്രപരമായ ചങ്ങാത്തം – ഇതുരണ്ടുമായിരുന്നു ജനാധിപത്യവിരുദ്ധമായി ഭാരത ഭരണാധിപത്യം കവര്‍ന്നെടുത്ത് സ്വന്തം കുടുംബാധിപത്യത്തിന്റെ ആധാരശിലയിട്ട ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്വാര്‍ത്ഥ നേട്ടത്തിനു വേണ്ടിയുള്ള രണതന്ത്രം. ആ രണതന്ത്രത്തിന്റെ കരുതിക്കൂട്ടിയുള്ള പ്രയോഗത്തിലാണ് ഭാരതീയദേശീയ ബോധമുള്ള ധീരപോരാളികള്‍ രക്തവും ജീവനും കൊടുത്ത് നേടിയെടുത്ത സ്വതന്ത്ര ഭാരതത്തില്‍ അവരാഗ്രഹിച്ച ഭഗവധ്വജത്തിന് ദേശീയപതാകയുടെ സ്ഥാനം ലഭിക്കാതെ പോയത്; അവര്‍ ഹൃദയത്തിലേറ്റിയ ധാര്‍മ്മിക മൂല്യങ്ങള്‍ ഭരണഘടനയിലും ഭരണസംവിധാനത്തിലും വികസന സങ്കല്പങ്ങളിലും പ്രതിഫലിക്കാതെ പോയത്. പോരിടങ്ങളില്‍ അവരുടെ ഉണര്‍ത്തു പാട്ടായി മാറിയ,കാലം ബങ്കിം ചന്ദ്ര ചതോപാദ്ധ്യായയിലൂടെ അവരിലേക്കൊഴുക്കിയ, ഗുരുദേവ് രവീന്ദ്രനാഥ ടാഗൂര്‍ സംഗീതവും ശബ്ദവും നല്‍കി പ്രോജ്ജ്വലമാക്കിയ, ‘വന്ദേമാതരം’ വെട്ടി മുറിച്ചിട്ടും വേണ്ട പരിഗണനയ്ക്ക് സ്വതന്ത്ര ഭാരതത്തില്‍ പാത്രമാകാതിരിക്കാനുള്ള നെഹ്രുപക്ഷ കോണ്‍ഗ്രസ്സിന്റെ കുതന്ത്രങ്ങള്‍ വിജയിക്കുന്നതിനിടയായത്.

സുവര്‍ണ്ണ ഭാരതത്തിന്റെ പുന:സൃഷ്ടിയെന്ന 2047ലെ ലക്ഷ്യം നേടാന്‍ വന്ദേമാതരത്തിന്റെ പ്രൗഢി പൂര്‍ണ്ണമായും വീണ്ടെടുക്കണം; അത് അമൃതകാലഭാരതത്തിന്റെ മൂലമന്ത്രമാകണം.

Tags: വന്ദേമാതരം
ShareTweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies