Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

വേദാത്മകനായ രാമന്‍

പ്രൊഫ. (ഡോ.) നന്ത്യത്ത് ഗോപാലകൃഷ്ണന്‍പ്രൊഫ. (ഡോ.) നന്ത്യത്ത് ഗോപാലകൃഷ്ണന്‍
12 December 2025

ശ്രീരാമാപദാനങ്ങള്‍ പ്രകീര്‍ത്തിച്ച് പരമാത്മജ്ഞാനം കൈവരിക്കുന്നതിനുള്ള ഗ്രന്ഥമാണ് അദ്ധ്യാത്മരാമായണം. വാല്മീകിപ്രോക്തമായ രാമകഥയെ ഈഷദ്‌ഭേദങ്ങളോടെ സ്വീകരിച്ച് പരമാത്മതത്ത്വത്തെ ആവിഷ്‌കരിക്കാനുള്ള ഉപാധിയായി ഈ കൃതി പുനരവതരിപ്പിച്ചിരിക്കുന്നു. അദ്ധ്യാത്മരാമായണം എന്ന പേരില്‍നിന്നുതന്നെ ആ കൃതിയുടെ ലക്ഷ്യം വ്യക്തമാണ്. അദ്ധ്യാത്മജ്ഞാനം സംബന്ധിച്ച രാമായണം എന്നര്‍ത്ഥം. തത്ത്വബോധം മറഞ്ഞിരിക്കുന്ന ജീവാത്മാക്കള്‍ക്ക് പരമസത്യത്തിലേക്ക് ഗമിക്കാനുള്ള വിദ്യനല്‍കുന്ന രാമായണമാണത്. ജീവാത്മ-പരമാത്മാക്കള്‍ക്കു തങ്ങളിലെ സുദൃഢമായ ബന്ധം കൂടി ഈ കൃതി വിശദമാക്കുന്നു. സംസ്‌കൃതഭാഷയിലുണ്ടായ പ്രസ്തുത രാമായണത്തെ ഉപജീവിച്ച് എഴുത്തച്ഛന്‍ മലയാളത്തില്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതിയപ്പോഴും ലക്ഷ്യമാക്കിയത് ഓരോ ജീവന്റെയുള്ളിലും കുടികൊള്ളുന്ന ചൈതന്യത്തെ പ്രകാശിപ്പിച്ച് ഈശ്വരതത്ത്വബോധത്തിലേക്ക് നയിക്കുന്ന വിജ്ഞാനം പ്രദാനം ചെയ്യുകയായിരുന്നു. അത് കേന്ദ്രകഥാപാത്രമായ രാമന് നല്‍കുന്ന വിശേഷണങ്ങളിലൂടെയും അവതാരമഹത്വം വിശദമാക്കുന്ന പ്രകീര്‍ത്തനങ്ങളിലൂടെയും രാമന്റെ പ്രവൃത്തികളിലൂടെയും ലൗകികജീവിതത്തിന്റെ ക്ഷണികതയെയും മോക്ഷോപായങ്ങളെയും കുറിച്ചുള്ള സിദ്ധതാപസ്സികളുടെ ഉപദേശങ്ങളിലൂടെയുമാണ് എഴുത്തച്ഛന്‍ ആവിഷ്‌കരിച്ചത്.

Google NewsAdd Kesari Weekly as a preferred source on Google

ആത്മസാക്ഷാത്ക്കാരത്തിനുള്ള ചതുരുപായങ്ങളില്‍ ജ്ഞാന, കര്‍മ്മ വഴികള്‍ക്കും ഇടമുണ്ടെങ്കിലും ഭക്തിമാര്‍ഗ്ഗമാണ് ഈ കാവ്യത്തില്‍ മുഖ്യമായി അവലംബിച്ചിട്ടുള്ളത്. കീര്‍ത്തനരൂപത്തിലാണ് ആഖ്യാനസമ്പ്രദായം. ദക്ഷിണേന്ത്യന്‍ ഭക്തിപ്രസ്ഥാനത്തില്‍ കീര്‍ത്തനരൂപത്തിലുള്ള സ്തുതികള്‍ക്ക് പ്രാധാന്യം കൂടുതലുണ്ട്. പാടി ഭജിച്ചു നടന്ന ശൈവവൈഷ്ണവ സിദ്ധന്മാരുടെ പൈതൃകം നമ്മുടെ കാവ്യസംസ്‌ക്കാരത്തിനുമുണ്ട്. ഗഹനമായ ശൈവസിദ്ധാന്തത്തിന്റെ സാക്ഷാത്ദര്‍ശനങ്ങളെ പ്രകാശിപ്പിക്കുന്ന തിരുമൂലരുടെ തിരുമന്ത്രവും, മാണിക്കവാചകരുടെ തിരുവാചകവും തത്ത്വങ്ങളെ പാട്ടിന്റെ താളംവിടാതെയാണ് മന്ത്രബദ്ധമാക്കുന്നത്.

”പിന്നൈ നിന്റു എന്നേ പിറവിപെറുവതു
മുന്നൈ നന്റാക മുയല്‍തവംചെയ്കിലാര്‍
എന്നൈ നന്റാക ഇറൈവന്‍ പടൈത്തനന്‍
തന്നൈ നന്റാകത് തമിഴ് ചെയ്യുമാറേ.”
(മുന്‍ ജന്മത്തില്‍ തപോകര്‍മങ്ങള്‍ അനുഷ്ഠിക്കാത്തവര്‍ ഈ ജന്മത്തില്‍ ജന്മദുഖമനുഭവിച്ചു കഴിയുന്നു. ഞാന്‍ നല്ലവണ്ണം തപോനിഷ്ഠനായിരുന്നതിനാല്‍ തമിഴാഗമം ചമയ്ക്കാന്‍ എനിക്ക് ജന്മം നല്‍കിയിരിക്കുന്നുതിരു-686). എന്ന മട്ടിലാണ് തിരുമൂലര്‍ തപോമഹിമ കീര്‍ത്തിക്കുന്നത്.
”പൂശുക വെണ്ണീറും പൂണുകപൊങ്ങരവമും
പേശും തിരുവായ മറയോതുംപോലും കണ്ടുവോടി
പൂച്ചും പേച്ചും പൂണ്ടതാലെന്തേ
ഈശനവന്‍ എല്ലാ ജീവനിലും
ഇയലാര്‍ന്നിരിപ്പവനല്ലോ”എന്ന ചൊല്‍വടിവില്‍ തിരുവാചകത്തിലെ പാട്ടുകളും ഈശ്വരചൈതന്യത്തെ വിനിമയം ചെയ്യുന്നത് കാണാം. എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടും ഈ പാതയാണ് പിന്തുടര്‍ന്നിട്ടുള്ളത്.
അദ്ധ്യാത്മരാമായണം സംസ്‌കൃതം മൂലത്തില്‍ ശ്ലോകരൂപത്തില്‍ നിബന്ധിച്ചിട്ടുള്ള ആശയങ്ങളെ ഈരടികളിലൂടെ സ്വതന്ത്രമായ നിലയില്‍ ഭാഷാന്തരണം ചെയ്തിരിക്കുകയാണ് തുഞ്ചത്താചാര്യന്‍. അപൂര്‍വ്വമായെങ്കിലും ആദികവിയുടെ കല്‍പ്പനകളെ സ്വീകരിക്കുന്നുമുണ്ട്. രാമതത്ത്വത്തെ പ്രകാശിപ്പിക്കുന്ന ചില സ്തുതികള്‍ തന്റേതായനിലയിലും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ADVERTISEMENT

രാമായണം തുടങ്ങുന്നത് ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ! ശ്രീരാമ! രാമ!രാമ! ശ്രീരാമഭദ്ര! ജയ! എന്ന കേരളീയശീലുകളിലെ രാമനാമ ജപത്തോടുകൂടിയാണ്. ആദ്യത്തെ നാല് ഈരടികളിലായി രാമന്റെ ഒമ്പത് വിശേഷണങ്ങള്‍ കടന്നുവരുന്നു. രാമശബ്ദത്തിന്റെ പര്യായങ്ങളായി പ്രതിഷ്ഠിക്കുന്ന പദങ്ങളായ രാമഭദ്രന്‍, സീതാഭിരാമന്‍, ലോകാഭിരാമന്‍, രാവണാന്തകന്‍, ഹൃദിരമതാംരാമന്‍, രാഘവാത്മാരാമന്‍, രമാപതി, രമണീയവിഗ്രഹന്‍ എന്നിവ രാമന്റെ വ്യക്തിത്വവും ദൗത്യവുമായി ബന്ധപ്പെട്ട സൂചനകളാണ്. പരിപൂര്‍ണനായ രാമന്‍, സുന്ദരനായ രാമന്‍, സീതയ്ക്ക് ആനന്ദം നല്‍കുന്ന രാമന്‍, ലോകത്തിന് പ്രിയംതോന്നുന്ന രാമന്‍, രാവണനെ നിഗ്രഹിച്ചരാമന്‍, ഓരോ മനുഷ്യന്റെ ഹൃദയത്തിലും ആനന്ദം പകര്‍ന്ന് വസിക്കുന്നരാമന്‍, രഘുവംശരാമന്‍, ലക്ഷ്മീപതിയായ രാമന്‍, വശ്യരൂപനായ രാമന്‍ എന്നിങ്ങനെ വിഗ്രഹിക്കാവുന്ന നാമരൂപങ്ങളില്‍ രാമാവതാരധര്‍മ്മങ്ങളും രാമചരിതവും മന്ത്രബദ്ധമായി സംഗ്രഹിച്ചിരിക്കുകയാണ്. വാല്മീകിയുടെ രാമസങ്കല്‍പവുമായി ചേര്‍ന്നുപോകുന്നതു തന്നെയാണ് ഇവ. പതിനാറ് വിശിഷ്ടഗുണങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ട് ആ ഗുണങ്ങളുള്ള ഉത്തമനായ പുരുഷനെയാണല്ലോ വാല്മീകിരാമായണത്തില്‍ നാരദനോട് ഋഷികവി അന്വേഷിച്ചത്. സത്യവ്രതനും മര്യാദാപുരുഷോത്തമനുമായ വാല്മീകിയുടെ രാമനില്‍ നിന്നും ഇഹത്തിലും പരത്തിലും പരാപരനായി പരംപൊരുളായി വിളങ്ങുന്ന അധ്യാത്മരാമായണകാരന്റെ രാമനിലേക്കുള്ള മാറ്റമാണ് കിളിപ്പാട്ട് രാമായണത്തില്‍ എഴുത്തച്ഛന്‍ സംബോധനകളിലൂടെയും വര്‍ണ്ണനകളിലൂടെയും കൊണ്ടുവരുന്നത്.

ബ്രഹ്മാദിദേവന്മാരുടെ സ്തുതികളിലും സിദ്ധതാപസ്വികളുടെ പ്രകീര്‍ത്തനങ്ങളിലും ഭക്തരുടെ നാമാലാപനത്തിലും വിപരീതഭക്തിയുള്ള പ്രതിദ്വന്ദികളുടെ മോക്ഷപ്രാര്‍ത്ഥനകളിലും കൂടി ഭക്തകവി രാമനെ പരമതത്ത്വത്തിന്റെ കാണ്മായ രൂപമായി അവതരിപ്പിക്കുന്നു. വസിഷ്ഠഗുരുവും കൗസല്യാമാതാവും രാമനിലൂടെ പരമാത്മാവിനെ അനുഭവിച്ചു. രാമതത്ത്വമറിഞ്ഞ കൗശികമുനി സീതാരാമന്മാരെ സംയോജിപ്പിച്ച് പുണ്യംനേടി. ശിലാരൂപവും കൈക്കൊണ്ട് ദിവ്യസംവത്സരം രാമപാദാബ്ജം ധ്യാനിച്ചു കഴിഞ്ഞ അഹല്യ മോക്ഷകാരകനായ രാമനില്‍, ആദ്യനദ്വയനേകനവ്യക്തനനാകുലന്‍, വേദാന്തവേദ്യന്‍, പരമന്‍, പരാപരന്‍, പരമാനന്ദമൂര്‍ത്തി നാഥന്‍, പുരുഷന്‍, പുരാതനന്‍, കേവലസ്വയംജ്യോതി, സകലചരാചരഗുരു കാരുണ്യമൂര്‍ത്തിയെയാണ് ദര്‍ശിക്കുന്നത്.

ഭുവനേശ്വരനായ വിഷ്ണുവാണ് തന്നുടെ പുത്രനായി അവതാരം ചെയ്തിരിക്കുന്നതെന്നറിയുന്ന കൗസല്യ വന്ദിച്ചു തെരുതെരെ സ്തുതിക്കുന്നത് പരബ്രഹ്മാഖ്യനും പരമാത്മാവും നിത്യനും നിര്‍വ്വാണപ്രദനുമായ സകലജഗന്മയനെയാണ്. മിഥിലാധിപനായ ജനകന്‍ ബാലനായ രാമനില്‍ കാണുന്നതും പരബ്രഹ്മത്തെത്തന്നെയാണ്. ‘ത്വല്‍പാദാംബുജഗളിതാംബുബിന്ദുക്കള്‍ ധരിച്ചുല്‍പലോത്ഭവന്‍ ജഗത്തൊക്കെവേ സൃഷ്ടിക്കുന്നു. ത്വല്‍പാദാംബുജഗളിതാംബുധാരണംകൊണ്ടു സര്‍പ്പഭൂഷണന്‍ ജഗത്തൊക്കെ സംഹരിക്കുന്നു’ എന്ന് ജനകന്‍ പറയുന്നു. ഇതിലെ ‘ത്വല്‍പാദാംബുജം’ ഭക്തകോടികള്‍ കാലാകാലങ്ങളായി മോക്ഷാര്‍ത്ഥമായി ‘രാമപാദംചേരണേ’ എന്ന് പ്രാര്‍ത്ഥിച്ചുവന്നിരുന്ന മുകുന്ദപദമാണ്. രാമനാമകീര്‍ത്തനം കൊണ്ടാണ് യോഗസ്ഥന്മാരായ മുനീന്ദ്രന്മാര്‍ മോക്ഷത്തെ പ്രാപിക്കുന്നതെന്നും രാമന്‍ പ്രകൃതിയ്ക്കും മായയ്ക്കും നിദാനമായ പരംപൊരുളാണെന്നും വ്യക്തമാക്കിയിരിക്കുന്നു രാജര്‍ഷി ജനകന്‍. അവതാരദൗത്യം ഓര്‍മ്മിപ്പിക്കാന്‍ ദേവദൂതനായി സത്ത്വരമംബരത്തില്‍ നിന്നുമെത്തുന്ന ദേവര്‍ഷി നാരദനും ‘ലീലയാതാംബൂലചര്‍വ്വണാദൈ്യരനുവേലം വിനോദിച്ചിരുന്നരുളുന്ന’ രാമനില്‍ കാണുന്നത് കേളീകുതൂഹലനും അവ്യാകൃതചേതസ്സുമായ വിഷ്ണുവിനെയാണ്. യോഗേശനെന്നും സര്‍വ്വജഗല്‍പിതാവെന്നും വേദാന്തവേദ്യനെന്നും രാമനെ വിളിക്കുന്ന നാരദന്‍ ‘നിന്നുടെ സന്നിധിമാത്രേണ മായയില്‍ നിന്നു ജനിക്കുന്നു നാനാപ്രജകളും’എന്നും ‘അര്‍ണ്ണോജസംഭവനാദിതൃണാന്തമായൊന്നൊഴിയാതെ ചരാചരജന്തുക്കള്‍ ഒക്കവേ നിന്നപത്യം’ എന്നും ഓര്‍മ്മിപ്പിക്കുകയാണ്. കാരണം മായയിലാവിഷ്ടമാകുമ്പോള്‍ ബ്രഹ്മസത്യം വിസ്മൃതമാകും. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നത് വിഷ്ണുമായയാണ് എന്നു ബോധ്യമുള്ള നാരദന്‍, പുല്ലിംഗവാചകമായതെല്ലാം രാമനും സ്ത്രീലിംഗമായത് ജാനകീദേവിയുമല്ലാതെ യാതൊന്നും താന്‍ എങ്ങും കണ്ടില്ലെന്നും
‘മായയാ മൂടിമറഞ്ഞിരിക്കുന്നൊരു നീയല്ലോ
നൂനമവ്യാകൃതമായതും’ എന്ന് പ്രഖ്യാപിക്കുന്നു.

രാമന്റെ പരമാത്മതത്ത്വം അറിഞ്ഞിട്ടുള്ള സിദ്ധയോഗീന്ദ്രന്മാരും മഹാതപസ്വികളും ദര്‍ശനപുണ്യംനേടാന്‍ അദ്ദേഹത്തെ കാത്ത് രാമന്റെ വനസഞ്ചാരവഴികളില്‍ കാത്തിരിക്കുകയാണ്. അവരിലൂടെയാണ് രാമന്റെ മഹത്വം വെളിവാക്കപ്പെടുന്നത്. വാല്മീക്യാശ്രമത്തിലെത്തിയ രാമന്‍ സീതയോടൊത്തു സ്വസ്ഥമായി വസിക്കാനൊരിടമാരാഞ്ഞപ്പോള്‍ മുനി നിര്‍ദേശിക്കുന്നത് ‘ശാന്തരായ് നിന്നെ ഭജിപ്പവര്‍ തന്നുടെ സ്വാന്തം നിനക്കു സുഖവാസമന്ദിര’മെന്നാണ്. രാമന്‍ ഭേദചിന്തകള്‍ക്കെല്ലാമപ്പുറമുള്ളതും ആത്മവിദ്യയിലൂടെയറിയുന്ന പരബ്രഹ്മമച്യുതമാണെന്നും തുടര്‍ന്ന് പറയുന്നു. അങ്ങനെയുള്ള രാമനിരിക്കേണ്ട ഇടം പലപ്രകാരേണ വാല്മീകി വിശദമാക്കുന്നുണ്ട്.

ഏതൊരാളാണോ ”ഭവന്തം പരം ചില്‍ഘനം വേദസ്വരൂപമനന്തമേകം സതാം വേദാന്തവേദ്യമാദ്യം ജഗല്‍കാരണം നാദാന്തരൂപം പരബ്രഹ്മമച്യുതം സര്‍വ്വഗുഹാശയസ്ഥം സമസ്താധാരം സര്‍വ്വഗതം പരാത്മാനമലേപകം വാസുദേവം വരദം വരേണ്യം ജഗദ്വാസിനാമാത്മനാ കാണുന്നതും സദാ തസ്യചിത്തേ ജനകാത്മജയാ സമം നിസ്സംശയം വസിച്ചീടുക ശ്രീപതേ”എന്നാണ്.

ഭരദ്വാജാശ്രമത്തിലെത്തിയ രാമനെ മുനി സ്വീകരിക്കുന്നത് ‘പാദരജസാ പവിത്രമാക്കീടു നീ വേദാത്മകാ മമ പര്‍ണശാലാമിമാം’ എന്നഭ്യര്‍ത്ഥിച്ചുകൊണ്ടാണ്. ആ സംഗമത്തെ തന്റെ തപസ്സാഫല്യമായാണ് ഭരദ്വാജന്‍ കണ്ടത്. മഹാസിദ്ധനായ ശരഭംഗമുനി സാക്ഷാലീശ്വരനെ ജാനകിയോടും കൂടെ മാംസേക്ഷണങ്ങളെക്കൊണ്ടുക്കാണ്മതിന്നാശയാലെ കാത്തിരിക്കുകയായിരുന്നു. ‘നിന്നെയും കണ്ടുമമ പുണ്യവും നിങ്കലാക്കിയെന്നിയേ ദേഹത്യാഗം ചെയ്യരുതെന്നുതന്നെ ചിന്തിച്ചു ബഹുകാലം പാര്‍ത്തു ഞാനിരുന്നിതു’ എന്ന് രാമനോടു പറയുന്നുണ്ട്. യോഗീന്ദ്രനായ ശരഭംഗമുനി യോഗേശനായ രാമന്റെ പാദം വണങ്ങിയിട്ട് ‘കണ്ടുകണ്ടിരിക്കവേ ദേഹവും ദഹിപ്പിച്ചു ലോകേശപദം പ്രാപി’ക്കയും ചെയ്തു.

ഭക്തിപൂണ്ടശ്രുജലനേത്രനായാണ് സുതീഷ്ണമുനി ആദ്യന്തമില്ലാതൊരു പരമാത്മാവായ ശ്രീരാമചന്ദ്രനെ സ്വീകരിക്കുന്നത്. നിന്‍മഹാമായാര്‍ണവം കടപ്പാനൊരു പോതം (കപ്പല്‍) ‘ബ്രഹ്മശങ്കരമുഖ വന്ദ്യമാം’ ഭഗവാന്റെ പാദമാണെന്ന് രാമനോട് മുനി പറയുന്നുണ്ട്. ‘സര്‍വ്വഭൂതങ്ങളുടെയുള്ളില്‍ വാണീടുന്നതും സര്‍വ്വദാ ഭവാന്‍തന്നെ’ കേവലസ്വരൂപത്തില്‍ എന്ന് സുതീക്ഷ്ണമുനിക്ക് ആത്മബോധമുണ്ട്. ഗുരുപദേശത്താല്‍ രാമമന്ത്രവും ഉരുവിട്ടു കഴിയുകയായിരുന്നു ഇക്കാലമത്രയും അദ്ദേഹം. രാമാവതാര വാര്‍ത്തയറിഞ്ഞ് ആനന്ദസ്വരൂപനെ ഉടലോടെ കാണുവാന്‍വേണ്ടി അഗസ്ത്യമുനി താപസജനത്തോടും ശിഷ്യസംഘത്തോടുമൊപ്പം മഹാരണ്യത്തില്‍ വന്നു പാര്‍ക്കുകയായിരുന്നുവെന്ന് എഴുത്തച്ഛന്‍ പറയുന്നു.

രാമന്റെ സന്നിധിയില്‍ ശ്രീരാമദേവതത്ത്വം വിശദീകരിക്കുന്ന അഗസ്ത്യമുനി വേദാന്തപ്രസിദ്ധമായ ഭാരതീയ മോക്ഷശാസ്ത്രമാണ് വിസ്തരിക്കുന്നത്. സങ്കീര്‍ണവും അനുഭവമാത്രഗ്രാഹ്യവുമായ സങ്കേതങ്ങളില്‍ ഗൂഢമായിരിക്കുന്ന ആത്മവിദ്യയാണ് സംവാദരൂപത്തില്‍ ഉപനിഷത്തുക്കള്‍ വിവരിക്കുന്നത്. ബ്രഹ്മം, മായ, വിദ്യ, അവിദ്യ, നിവൃത്തന്‍, നിത്യമുക്തന്‍ തുടങ്ങിയ സംജ്ഞകളൊക്കെ രാമനെന്ന പരംപൊരുളിനെ കേന്ദ്രമാക്കി മഹാശയനായ അഗസ്ത്യന്‍ ലളിതമായി നിര്‍ദ്ധാരണം ചെയ്യുന്നതു രാമായണം കിളിപ്പാട്ടില്‍ കാണാം. എഴുത്തച്ഛന്‍ രാമമാഹാത്മ്യമെല്ലാമോതിയത് മര്‍ത്ത്യരായ് പിറന്നവര്‍ക്കെല്ലാം മോക്ഷാര്‍ത്ഥമായിരുന്നല്ലോ. അത് കേള്‍ക്കുന്നവരില്‍ പാദജനും പാമരനും പണ്ഡിതനുമുണ്ടാകുമെന്നദ്ദേഹം കരുതിയിട്ടുണ്ട്.
എല്ലാവര്‍ക്കും സുഗ്രാഹ്യമാവണം എന്ന തുല്യതാബോധം അദ്ദേഹത്തെ ഭരിച്ചിരുന്നുവെന്നുകാണാം. അതിനാല്‍ അഗസ്ത്യന്‍ പറയുന്ന ബ്രഹ്മവിദ്യയും രാമന്‍ പറയുന്ന ജീവിതതത്ത്വവും എല്ലാവര്‍ക്കും അറിവും അനുഭവവുമായിമാറി. മഹാരണ്യത്തില്‍ കണ്ടുമുട്ടുന്ന ശബരിക്ക് രാമന്‍ മോക്ഷതത്ത്വമായി ഭക്തിസാധനയാണ് വിവരിച്ചു നല്കുന്നത്. മുക്തിക്ക് ഭക്തിയാണ് ഉപായം.

തീര്‍ത്ഥ സ്‌നാനം, തപസ്, ദാനം, വേദാധ്യയനം, ക്ഷേത്രാരാധന, ഉപവാസം, യാഗം തുടങ്ങിയ കര്‍മ്മങ്ങള്‍കൊണ്ടൊന്നും സാധിക്കാത്തത് ഭക്തിയൊന്നുകൊണ്ട് സാധ്യമാണ്. നവവിധഭക്തി സാധനകളാണ് രാമന്‍ ഉപദേശിക്കുന്നത്. രാമന്റെ സവിധത്തില്‍ വച്ചുതന്നെ ശബരി അഗ്‌നിപ്രവേശംചെയ്ത് ദേഹത്യാഗവും ചെയ്ത് രാമപാദങ്ങളില്‍ വിലയം പ്രാപിക്കുന്നു.

”രാമ: പരമാത്മ പ്രകൃതേരനാദി രാനന്ദ
ഏക:പുരുഷോത്തമോഹി”
ബാ.കാ.17. (രാമന്‍ പ്രകൃത്യതീതനായ പരമാത്മാവു തന്നെയാണ്. അദ്ദേഹം അനാദിയും ആനന്ദമയനും ഏകനുമായ പുരുഷോത്തമനാണ്). പരമാത്മാവ് സംസാരിയായിരിക്കുമ്പോള്‍ (ലൗകികന്‍) ആത്മനിയന്ത്രണത്തിന്റെയും അനാസക്തിയുടെയും സാധനാപാഠങ്ങള്‍ വഴിയാണ് ഔപനിഷധികതത്ത്വം പ്രവര്‍ത്തിക്കുന്നതെന്ന് രാമന്റെ ജീവിതം കാണിച്ചുതരുന്നു. അധികാരം, പദവി, ധനം, പുത്രമിത്രകളത്രാദിബന്ധങ്ങള്‍, ശത്രുമിത്രോദാസീനഭാവങ്ങള്‍ ഇവയെയൊക്കെ സന്തുലിതമായി നിരീക്ഷിക്കാനും, ഭോഗങ്ങളുടെ മിതവ്യയം അനുവര്‍ത്തിക്കാനും വേദാന്തംപഠിപ്പിക്കുന്നു.

വേദസാരമായ രാമന്റെ ജീവിതചര്യയില്‍ പുലര്‍ന്നുകാണുന്ന മിതത്വം ലൗകികജീവിതത്തിന്റെ ക്ഷണികതയെ വെളിവാക്കിത്തരുന്നതുകൂടിയാണ്. ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും വിശ്വവും നിശ്ശേഷധാന്യധനാദിയും ഒക്കെ അല്പകാലസ്ഥിതമാണെന്ന് രാമന്‍ ലക്ഷ്മണന് ഉപദേശിക്കുന്നുണ്ടല്ലോ. ചേതസ്സ് എത്ര ആലോലമായിരിക്കുന്നുവോ അതിലധികം ചഞ്ചലമാണ് ഈ ലോകമാകുന്ന ആലയം എന്ന ബോധ്യത്തില്‍ നിന്നാണ് അദ്ധ്യാത്മരാമായണതത്ത്വം രൂപപ്പെട്ടിട്ടുള്ളത്. കാലസ്വരൂപനാമീശ്വരന്‍ തന്നുടെ ലീലാവിലാസങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതെ ഉഴലുന്ന മനുഷ്യര്‍ക്കു മുമ്പില്‍ ചില്‍പുരുഷന്‍ കാട്ടിത്തരികയാണ് ‘നന്നല്ല ദേഹം നിമിത്തം മഹാമോഹ’മെന്ന്. രാമന്റെ ജീവിതവഴികള്‍ പിന്തുടരുന്ന ഒരാള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്ന ത്യാഗത്തിന്റെ അനുരണനങ്ങള്‍ സംഗമില്ലാതുള്ള കര്‍മ്മങ്ങളുടെയും കര്‍മ്മഫലങ്ങളില്‍ കാംക്ഷകൂടാതെയുമുള്ള പരമാനന്ദമുള്‍ക്കൊണ്ട ലോകയാത്രയുടേതുമാണ്. അത് സര്‍വ്വതിനും സാക്ഷിയും, സര്‍വ്വതിനും കാരണവും, സര്‍വ്വതുമറിയുന്നതുമായ ഈശ്വരനെ മനസ്സില്‍ ഭാവിച്ചുകൊണ്ടുള്ള പ്രവൃത്തിപന്ഥാവാണ്. രാമന്‍ പറയുന്നു ”കര്‍മ്മേന്ദ്രിയങ്ങളാല്‍ കര്‍ത്തവ്യമൊക്കവേ നിര്‍മ്മായമാചരിച്ചീടുകെന്നേവരൂ… കര്‍മ്മങ്ങളെല്ലാം വിധിച്ചവണ്ണം പരബ്രഹ്മണി നിത്യേ സമര്‍പ്പിച്ചു ചെയ്യണം”.
ഈശാവാസ്യോപനിഷത്ത് വെളിപ്പെടുത്തുന്ന ”ഈശാവാസ്യമിദം സര്‍വ്വം യത് കിംച ജഗത്യാം ജഗത് തേന ത്യക്തേന ഭുഞ്ജീഥാ മാ ഗൃധ കസ്യ സ്വിദ്ധനം” എന്ന തത്ത്വാര്‍ത്ഥമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അത് കര്‍മ്മലിപ്യത എന്നു പറയുന്ന കര്‍മ്മബന്ധനത്തില്‍ അകപ്പെട്ടുപോകുന്ന അവസ്ഥ ഒഴിവാക്കും.

കര്‍മ്മം ചെയ്ത് അസംഗനായിരിക്കുക എന്ന കൃത്യമാണ് രാമന്‍ ചെയ്തത്. ‘കാരണം താതദുഃഖത്തിനു നീതന്നെ’ എന്നുള്ള കൈകേയിയുടെ കുറ്റപ്പെടുത്തലും തനിക്ക് വച്ചു നീട്ടിയ രാജ്യനഷ്ടവും ഒന്നും രാമനെ ഇളക്കുന്നില്ല. പിതൃവാഗ്ദത്തമായ രാജ്യം നിരസിച്ചുകൊണ്ടാണ് മാതൃവചനശൂലാഭിഹതനായ രാമന്‍ രാജ്യഭോഗമെന്ന വ്യസനത്തെ അതിജീവിക്കുന്നത്. രാമന്റെ അനാസക്തിയൊന്നു കൊണ്ടുമാത്രമാണ്
‘ദണ്ഡമത്രേ രാജ്യഭാരം വഹിപ്പതു
ദണ്ഡകവാസത്തിനേറ്റമെളുതല്ലോ.
സ്‌നേഹമെന്നെക്കുറിച്ചേറുമമ്മയ്ക്കുമ
ദ്ദേഹമാത്രം ഭരിക്കെന്നു വിധിക്കയാല്‍’ എന്ന വിരുദ്ധോക്തികൊണ്ട് കാലസ്വരൂപന്റെ കളികളെ തുറന്നുകാട്ടാന്‍ കഴിയുന്നത്. കൈകേയിയുടെ ദുരാഗ്രഹത്തിനിരയായി ഉഴലുന്ന ദശരഥനെ സത്യപ്രതിജ്ഞനാക്കാന്‍ വേണ്ടിയാണ് രാമന്‍ സ്വജീവിതം സമര്‍പ്പിച്ചത്. ആരണ്യവാസം ഒഴിവാക്കാന്‍ രാമന് കഴിയുമായിരുന്നു. ‘സ്ത്രീജിതനായതി കാമുകനായൊരു രജാധമനാകുമെന്നെയും ബന്ധിച്ചു രാജ്യം ഗ്രഹിക്ക നീ’ എന്ന് പിതാവ് കേഴുന്നുണ്ട്. മാതാവായ കൗസല്യ ”താതനും ഞാനുമൊക്കും ഗുരുത്വംകൊണ്ടു.” വനവാസത്തിന് ”പോകണമെന്നു താതന്‍ നിയോഗിക്കില്‍, ഞാന്‍ പോകരുതെന്നു ചെറുക്കുന്നതുണ്ടെല്ലോ” എന്ന് രാമനെ തടയുന്നുമുണ്ട്. പരാക്രമിയായ ലക്ഷ്മണന്‍ പിതാവിനെ ബന്ധിച്ചും രാജ്യാവകാശം കരസ്ഥമാക്കാന്‍ കൂടെയുണ്ട്. കൈകേയി ആര്‍ക്കുവേണ്ടിയാണോ രാജ്യം നേടിക്കൊടുക്കാന്‍ ശ്രമിച്ചത് ആ ഭരതനാകട്ടെ തന്റെ മാതാവ് തന്നെ ബ്രഹ്മഹത്യാപാപത്തില്‍ കൊണ്ടു തള്ളി എന്ന് പറഞ്ഞ് ക്രോധാഗ്‌നിയില്‍ ജ്വലിക്കുകയുമാണ്. രാമന്‍ തിരിച്ചു വന്നില്ലെങ്കില്‍ ഉപവസിച്ചു മരിക്കുമെന്ന് പ്രഖ്യാപിക്കുന്നു. ഈ അനുകൂലതകളൊന്നും സത്യവ്രതനായ രാമനെ പിന്തിരിപ്പിക്കാന്‍ പോന്നവയായിരുന്നില്ല. രാമന് സത്യസംരക്ഷണത്തിനുള്ള യുക്തി

”രാജ്യം നിനക്കുമെനിക്കു വിപിനവും പൂജ്യനാം താതന്‍ വിധിച്ചതു മുന്നമേ!
വ്യത്യയമായനുഷ്ഠിച്ചാല്‍ നമുക്കതു സത്യവിരോധം വരുമെന്നു നിര്‍ണയം”

എന്നതായിരുന്നു. അതുകൊണ്ട് പതിനാലുസംവത്സരം ‘താപസവേഷേണ കാനനേ വാഴുക’ എന്ന ദുര്യോഗം ലഭിക്കുന്ന രാമന്‍ ആകുലമേതുമില്ലാതെയാണ് അത് ഏറ്റെടുക്കുന്നത്. കല്ലിലും പുല്ലിലുമുറങ്ങിയാണ് രാമന്‍ വനവാസകാലം കഴിച്ചത്. സുവര്‍ണതല്പത്തില്‍ ശയിക്കേണ്ട രാഘവസ്വാമിയും ലക്ഷ്മീഭഗവതിയാകിയ സീതയും വൃക്ഷമൂലേ കിടക്കുന്നതുകണ്ട് അതിദു:ഖിതനാവുന്നുണ്ട് ഇഷ്ടസുഹൃത്തായ ഗുഹന്‍. ‘സൗഖ്യദു:ഖങ്ങള്‍ സഹജമേവര്‍ക്കുമേ’ എന്ന ചിന്തയോടെ സ്വീകരിക്കുകയാണ് രാമന്‍. ഗ്രാമ, നഗരങ്ങളുപേക്ഷിച്ചു ജീവിച്ചു. നിഷാദരാജാവും ചങ്ങാതിയുമായ ഗുഹന്റെ സല്ക്കാരം സ്വീകരിക്കാനും പോലും രാമന്‍ മടിച്ചു. കാടും കാട്ടിലെ താപസാശ്രമങ്ങളും ആണ് അദ്ദേഹത്തിന് ഫലമൂലാദികള്‍ നല്‍കിയത്. സുഗ്രീവന്റെയോ വിഭീഷണന്റെയോ കിരീടധാരണത്തിനുപോലും രാമന്‍ കൊട്ടാരത്തില്‍ പ്രവേശിച്ചില്ല. വടക്ഷീരമണിഞ്ഞ് മരവുരിധരിച്ച്, കായ്കനികള്‍ ഭക്ഷിച്ച്, തരുമൂലങ്ങളില്‍ ശയിച്ച്, പിതാവിനുവേണ്ടി പതിനാലുവര്‍ഷത്തെ ആരണ്യകാണ്ഡം പൂര്‍ത്തിയാക്കിയാണ് രാമന്‍ ഭരതനോടുള്ള വാക്കുപാലിക്കാന്‍ അയോധ്യയിലെത്തിയത്.

അത്രമാത്രം സത്യവ്രതനായിരുന്നു രാമന്‍. ജനകപുരിയില്‍ വച്ച് ‘ജ്വലിച്ച തേജസ്സോടുമെടുത്തുവേഗത്തോടെ’ ശൈവചാപം വലിച്ചുകുലയ്ക്കുമ്പോള്‍ ഉരഗങ്ങളെപ്പോലെ നടുങ്ങി നില്ക്കുന്ന രാജാക്കന്മാരുടെയും മയില്‍പ്പേടപോലെ സന്തോഷിക്കുന്ന മൈഥിലിയുടെയും മുമ്പില്‍ വിളങ്ങിനില്ക്കുന്ന സീതാഭിരാമനും, സമുദ്രാഗ്‌നിപോലെ പദ്ധതിമധ്യേ ക്രുദ്ധനായി വന്നുനിന്നു വെല്ലുവിളിക്കുന്ന ഭാര്‍ഗ്ഗവരാമന്റെ മുമ്പിലും മുഗ്ദ്ധഭാവത്തോടെ നില്ക്കാന്‍ കഴിയുന്ന ശ്രീരാമഭദ്രനും ”ഭോഗത്തിനായ്‌ക്കൊണ്ടു കാമിക്കയും വേണ്ട ഭോഗം വിധികൃതം വര്‍ജ്ജിക്കയും വേണ്ട” എന്ന തത്ത്വത്തെ അന്വര്‍ത്ഥമാക്കുന്ന നിര്‍മ്മമവും ധീരോദാത്തവുമായ വേദാന്തസ്വരൂപമാണ്. പാപിയായ രാവണന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ അനുജനായ വിഭീഷണന്‍ വിമുഖതകാണിക്കുമ്പോള്‍ ധര്‍മ്മനിഷ്ഠനായ രാമന്‍ നല്കുന്ന ഉപദേശം എന്നും പ്രസക്തമാണ്. ‘എന്നോടെതിര്‍നിന്നു പോര്‍ചെയ്തു നന്നായ് മരിച്ച മഹാശൂരനാണിവന്‍. പോരില്‍ മരിച്ചു വീരസ്വര്‍ഗ്ഗസിദ്ധിക്കു പാരം സുകൃതികെള്‍ക്കെന്നി യോഗം വരാ’ എന്നും ‘വൈരവുമാമരണാന്തമേയുള്ളു’ എന്നുമോര്‍മ്മിപ്പിച്ച് ചന്ദനഗന്ധാദികൊണ്ട് ചിതയൊരുക്കി കര്‍മ്മങ്ങള്‍ ചെയ്യാന്‍ വിഭീഷണനെ നിര്‍ബന്ധിക്കുന്ന രാമനെയും യുദ്ധകാണ്ഡത്തില്‍ നാം കാണുന്നു. രാമന് ആരോടും ശത്രുതയില്ല. അജാതശത്രുവായ രാമന്‍ ആനന്ദം നല്‍കുന്നവനാണ്.

 

Tags: രാമായണംശ്രീരാമന്‍എഴുത്തച്ഛന്‍
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies