വൃശ്ചികക്കുളിര്‍ വീശീടും
സ്വച്ഛകാന്താര വീഥികള്‍
സച്ചിതാനന്ദരൂപന്‍തന്‍
സന്നിധാനമണഞ്ഞിടാന്‍!
പമ്പതന്‍ കുളിരോളങ്ങള്‍
കളഗീതം മുഴക്കിയും
സ്വാഗതം നേരുന്നുകാറ്റും
ദളമര്‍മ്മരമോടിതാ!
പുണ്യപാപം നിറച്ചെത്തും
പള്ളിക്കെട്ടുകള്‍ താങ്ങിയും;
ഭദ്രമാം നെയ്മുദ്രയാടാ-
നദ്രിനാഥന്‍ തുണച്ചിടാന്‍;
പന്തളേശന്റെ സൗഭാഗ്യ-
പമ്പാവാസന്റെ ഗാഥകള്‍ ;
പാടിയുംവിരിവച്ചീടാന്‍
ഭക്തകോടികളെത്തിടും!
പുണ്യകാര്‍ത്തികമാസത്തില്‍
വിണ്ണും നക്ഷത്രദീപ്തമായ്!
ഉള്ളുണര്‍ത്തുന്ന തത്ത്വത്തിന്‍
പൊരുള്‍കണ്ടു വണങ്ങുവാന്‍,
പഞ്ചഭൂതേശ്വരന്‍സ്വാമി
മന്നിതിന്‍ ധര്‍മ്മരക്ഷകന്‍
തപംചെയ്തുവിളങ്ങുന്നൂ-
ശബരീയാശ്രമസ്ഥലേ!
ഉച്ചനീചത്വമില്ലാത്തോ-
രദ്വൈതത്തിന്റെയാലയം;
തത്ത്വത്തിന്‍ പൊരുളെത്തീടാന്‍-
സ്വാമിപാദങ്ങളാശ്രയം!
ഉള്ളിലെമഹിഷീഭാവം
കള്ളമൊക്കെയൊടുങ്ങുവാന്‍;
ഉള്ളഴിഞ്ഞുകടാക്ഷിക്കാന്‍
ശരണം സ്വാമിയയ്യപ്പാ!






















