കേരള സാഹിത്യ അക്കാദമി ഇരുട്ടിന്റെ ശക്തികള്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്. സംസ്‌കാരത്തിനും മൂല്യങ്ങള്‍ക്കും വിദ്യയ്ക്കും സാഹിത്യത്തിനും ഒക്കെ പ്രാമുഖ്യം ഉണ്ടാകേണ്ട സരസ്വതീക്ഷേത്രമായ കേരള സാഹിത്യ അക്കാദമിയില്‍ നിലവിളക്കിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. നിലവിളക്ക് കൊളുത്തുന്നത് മതപരമായ ചടങ്ങ് ആണെന്നാണ് കഴിഞ്ഞ ദിവസം ഒരു പുസ്തക പ്രകാശന ചടങ്ങിനിടെ വിളക്ക് കൊളുത്താനുള്ള നീക്കം തടഞ്ഞുകൊണ്ട് സാഹിത്യ അക്കാദമി അധികൃതര്‍ അറിയിച്ചത്. സാഹിത്യ അക്കാദമിയുടെ ചരിത്രത്തിലാദ്യമാണ് ഇത്തരമൊരു സംഭവം എന്നാണ് ഇതിനെക്കുറിച്ച് അറിയുന്നവര്‍ പറയുന്നത്.
അക്കാദമിയിലെ ചങ്ങമ്പുഴ ഹാളില്‍ നടന്ന യതീഷയുടെ പുസ്തക പ്രകാശന ചടങ്ങിലാണ് സാഹിത്യ അക്കാദമി നിലവിളക്ക് കൊളുത്തുന്നത് നിരോധിച്ചത്. മതപരമായ ചടങ്ങുകള്‍ക്ക് അനുവാദമില്ല എന്നായിരുന്നു അക്കാദമിയുടെ ഭാഷ്യം. അഭിനവ ബാലാനന്ദ ഭൈരവന്റെ ദേവി ഭാഗവതം അര്‍ഗളത്തിന്റെ പ്രകാശനമായിരുന്നു ചടങ്ങ്. എല്‍.എം.ആര്‍.കെ. സ്ഥാപകനായ രജിത്ത്, പ്രമുഖ ആധ്യാത്മിക പ്രഭാഷകനായ ശരത് സി. ഹരിദാസ്, വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, പിയൂഷ് തുടങ്ങിയവരൊക്കെ പങ്കെടുത്തതായിരുന്നു ചടങ്ങ്. നിലവിളക്ക് ഇല്ലാതെ തന്നെ പരിപാടി നടത്തുകയായിരുന്നു എന്നാണ് പിന്നീട് സംഘാടകര്‍ പറഞ്ഞത്. പൊതുവേദികളില്‍ സജീവമായ, സനാതനധര്‍മ്മത്തിന്റെയും ധര്‍മ്മ പ്രചാരണത്തിന്റെയും ഈശ്വരീയ സങ്കല്പത്തിന്റെയും വക്താക്കളായ ഇവരൊക്കെ സാഹിത്യ അക്കാദമിയിലെ വര്‍ഗീയ വിഷം ചുരത്തുന്നവര്‍ക്ക് മുന്നില്‍ കീഴടങ്ങിയത് തികച്ചും അനുചിതമായിപ്പോയി. ഭാരതീയ സംസ്‌കാരത്തിന്റെയും സനാതനധര്‍മ്മത്തിന്റെയും മതനിരപേക്ഷ സങ്കല്പം തന്നെയായ ദീപജ്വലനത്തിന് എതിരെ ഏത് അധര്‍മ്മികളും ഉയര്‍ന്നാല്‍ അതിനെതിരെ പ്രതികരിക്കാനുള്ള ബാധ്യത ഇവര്‍ക്ക് ഉണ്ടായിരുന്നു.
സാഹിത്യ അക്കാദമിയുടെ ലോഗോയില്‍ ആലേഖനം ചെയ്തിരിക്കുന്നത് ദീപം കൊളുത്താനുള്ള കൊടിവിളക്കാണ്. തമസ്സിനെ അകറ്റാന്‍ ആയിരം ദീപങ്ങള്‍ കൊളുത്താനുള്ള കൊടിവിളക്ക് നല്‍കുന്ന സൂചന എന്താണെന്ന് സാഹിത്യ അക്കാദമിയുടെ ഭരണകര്‍ത്താക്കള്‍ക്ക് മനസ്സിലാകാതെ പോയത് കഷ്ടം തന്നെയാണ്. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദനും വൈസ് പ്രസിഡന്റും പു.ക.സ നേതാവുമായ അശോകന്‍ ചരുവിലും സെക്രട്ടറി പ്രൊഫസര്‍ സി.പി. അബൂബക്കറും രാഷ്ട്രീയം കളിക്കുകയാണ് എന്ന കാര്യത്തില്‍ അല്‍പവും സംശയമില്ല. ഒരു തിരഞ്ഞെടുപ്പ് കാലത്ത് ജിഹാദി വോട്ട് ബാങ്കിനെ സുഖിപ്പിക്കാന്‍ വേണ്ടി സംസ്‌കാരത്തിന്റെയും കലയുടെയും ബോധത്തിന്റെയും ബോധധാരയുടെയും അനര്‍ഗള പ്രവാഹമായ ഒരു സാംസ്‌കാരിക സ്ഥാപനത്തില്‍ ഇസ്ലാമിക മതചര്യയുടെ ഭാഗമായി സ്വന്തം വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ ഭാരവാഹികള്‍ പ്രത്യേകിച്ച് സെക്രട്ടറി ചെയ്തത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അല്‍പ്പത്തവും അനുചിതവും ആണ്.
1954 ലാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഒപ്പം കേരള സാഹിത്യ അക്കാദമി രൂപം കൊണ്ടത്. 1956 ഒക്ടോബര്‍ 13നാണ് അക്കാദമി ഉദ്ഘാടനം ചെയ്യപ്പെട്ടത്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ അന്നത്തെ രാജപ്രമുഖന്‍ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവാണ് നിലവിളക്ക് കൊളുത്തി കേരള സാഹിത്യ അക്കാദമി ഉദ്ഘാടനം ചെയ്തത്. ആദ്യ അധ്യക്ഷന്‍ സര്‍ദാര്‍ കെ.എം. പണിക്കര്‍ ആയിരുന്നു.അദ്ദേഹം നയതന്ത്ര പ്രതിനിധിയായി പോയ ഒഴിവിലാണ് കെ.പി. കേശവമേനോന്‍ അക്കാദമി അധ്യക്ഷനായത്. പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായി വന്നപ്പോള്‍ കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം സ്വന്തം തട്ടകമായ തൃശ്ശൂരിലേക്ക് മാറ്റുകയായിരുന്നു. അന്നുമുതല്‍ സാഹിത്യ അക്കാദമി അവിടെയാണ് പ്രവര്‍ത്തിക്കുന്നത്. സാഹിത്യ അക്കാദമിയില്‍ മതനിരപേക്ഷതയുടെ പേരില്‍ ഇത്തരം തോന്ന്യാക്ഷരങ്ങള്‍ കുറിക്കാന്‍ ഇതുവരെ ആരും തയ്യാറായിരുന്നില്ല. അക്കാദമിയുടെ ചരിത്രത്തില്‍ നിലവിളക്കിന് നിരോധനം ഏര്‍പ്പെടുത്തിയ ഒരു സംഭവം മുന്‍പ് ഉണ്ടായിട്ടില്ലെന്നാണ് മുന്‍ പബ്ലിക്കേഷന്‍ ഓഫീസറും സംഗീത-ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറിയുമായ ആനന്ദന്‍ പിള്ള പറയുന്നത്. പുത്തേഴത്ത് രാമന്‍ മേനോനും കെ.പി. കേശവമേനോനും സര്‍ദാര്‍ കെ.എം. പണിക്കരും പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരിയും ഒക്കെ തന്നെ സരസ്വതീക്ഷേത്രം എന്ന നിലയിലാണ് സാഹിത്യ അക്കാദമിയെ കണ്ടിരുന്നതും പരിപാലിച്ചിരുന്നതും. മുന്‍ എസ്എഫ്‌ഐ നേതാവും സിപിഎം അധ്യാപക സംഘടന നേതാവുമായിരുന്ന സി.പി. അബൂബക്കര്‍ അക്കാദമി പ്രവര്‍ത്തനത്തെ ഇസ്ലാമികവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നതാണ്. ഭാരതത്തിന്റെ ലോകോത്തരമായ സാംസ്‌കാരിക വൈശിഷ്ട്യത്തെ ദ വണ്ടര്‍ ദാറ്റ് വാസ് ഇന്ത്യ എന്ന വിശ്വപ്രസിദ്ധ പുസ്തകത്തിലൂടെ കോറിയിട്ട ദേശീയ മുസ്ലിമായ എ.എല്‍. ബാഷാമിന്റെ രചന മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് സി.പി. അബൂബക്കര്‍ ആണ്. മൊഴിമാറ്റം നടത്തിയപ്പോഴും അതിന്റെ കാമ്പും സത്തയും വാക്കുകളുടെ സാംഗത്യവും അബൂബക്കറിന് മനസ്സിലായില്ല എന്ന് തോന്നുന്നു. അത് മനസ്സിലായിരുന്നെങ്കില്‍ നിലവിളക്ക് എന്ന സങ്കല്പവും വെളിച്ചത്തിന്റെ പ്രാധാന്യവും ഒരിക്കലും അദ്ദേഹം നിരാകരിക്കില്ലായിരുന്നു. പ്രപഞ്ചത്തിന്റെ നിലനില്‍പ്പ് തന്നെ അഗ്‌നിഗോളമായ സൂര്യന്റെ വെളിച്ചത്തിലും ചൂടിലും ആണ്. ലോകത്ത് മായന്‍ സംസ്‌കാരം മുതല്‍ ഭാരതീയ സംസ്‌കാരം വരെ അഗ്‌നിയുടെ പ്രാധാന്യം എല്ലാകാലത്തും ഉദ്‌ഘോഷിച്ചിട്ടുണ്ട്. തമസോമാ ജ്യോതിര്‍ഗമയ എന്ന വരി അജ്ഞാനത്തിന്റെ അന്ധകാരത്തെ ഇല്ലാതാക്കുന്ന വെളിച്ചത്തിന്റെ പ്രഭാപ്രസരത്തെ സൂചിപ്പിക്കുന്നതാണ്. അജ്ഞാനത്തിന്റെ തിമിരാന്ധകാരം ജിഹാദികളെയും അവരെ പിന്തുണയ്ക്കുന്നവരുടെയും മനസ്സുകളില്‍ ആണ് കുടികൊള്ളുന്നത് എന്ന് സാഹിത്യ അക്കാദമി ഒരിക്കല്‍ കൂടി തെളിയിക്കുന്നു. സാഹിത്യ അക്കാദമിയുടെ ഏത് യോഗത്തിലാണ് അക്കാദമി ഹാളുകളില്‍ നിലവിളക്ക് കൊളുത്തേണ്ട എന്ന് തീരുമാനിച്ചതെന്ന് വ്യക്തമാക്കാനുള്ള ബാധ്യത ആഗോളതലത്തില്‍ മതനിരപേക്ഷതയെ കുറിച്ച് പ്രസംഗിച്ചു പണം പറ്റുന്ന പ്രൊഫ. കെ.സച്ചിദാനന്ദന്‍ വ്യക്തമാക്കണം. പുരോഗമന കലാസംഘം നിലവിളക്കിനെതിരാണോ? കേരളത്തിലെ ഇടതുപക്ഷം നിലവിളക്കിനെതിരാണോ? ഭാരതീയ സംസ്‌കാരത്തോടുള്ള ഇടതുപക്ഷത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട് എന്താണ്?
ഇസ്ലാമിക രാഷ്ട്രീയത്തിന് കേരള രാഷ്ട്രീയത്തില്‍ പ്രാമുഖ്യം വന്നതോടെയാണ് ജിഹാദി താല്‍പര്യത്തിനനുസരിച്ച് ഇത്തരം വളച്ചൊടിക്കലുകള്‍ കേരളത്തില്‍ ആരംഭിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുവേദിയില്‍ നിലവിളക്ക് കൊളുത്തില്ലെന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് നിലപാടെടുത്തിരുന്നു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം അടക്കം എല്ലാ ഉത്സവങ്ങളും ആരംഭിക്കുന്നത് വെളിച്ചം പകരുന്ന നിലവിളക്ക് കൊളുത്തിയാണ്. അഗ്‌നി ആരാധനയുടെ ഭാഗമായതുകൊണ്ട് താന്‍ നിലവിളക്ക് കൊളുത്തില്ലെന്നായിരുന്നു അബ്ദുറബ്ബിന്റെ നിലപാട്. ഒരുപക്ഷേ ഏറ്റവും കൂടുതല്‍ വര്‍ഗീയ നിലപാട് എടുത്തിട്ടുള്ള, വിദ്യാഭ്യാസ വകുപ്പിനെ ഇസ്ലാമികവല്‍ക്കരിച്ച അബ്ദുറബ്ബും മുസ്ലിം ലീഗും സ്വീകരിച്ച നിലപാടിനെ പുരോഗമന നിലപാടുകളുടെ അപ്പോസ്തലര്‍ എന്ന് പറയുന്ന ഇടതുപക്ഷത്തിന് എങ്ങനെ വിമര്‍ശിക്കാനാവും. അബ്ദുറബ്ബിന് താമസിക്കാന്‍ അനുവദിച്ച മന്ത്രിമന്ദിരത്തിന്റെ പേര് ഗംഗ എന്ന് ആയതുകൊണ്ട് അതില്‍ താമസിക്കില്ലെന്ന് ശഠിക്കുകയും മന്ത്രിമന്ദിരത്തിന്റെ പേര് ഗ്രേസ് എന്നാക്കി മാറ്റുകയും ചെയ്തത് ചരിത്രമാണ്. വിദ്യാഭ്യാസ വകുപ്പിന്റെ 23 വകുപ്പ് മേധാവികളില്‍ 22 പേരെയും സ്വന്തം സമുദായത്തില്‍ നിന്ന് നിയമിച്ച് റെക്കോര്‍ഡ് ഇട്ട റബ്ബാണ് ക്ലാസ് റൂമുകളിലെ ബ്ലാക്ക് ബോര്‍ഡുകള്‍ മാറ്റി പച്ച ബോര്‍ഡുകള്‍ ആക്കി മാറ്റിയത്. മുസ്ലിംലീഗിന്റെയും തീവ്രവാദികളുടെയും വര്‍ഗീയ അജണ്ടകള്‍ക്ക് മുന്നില്‍ ഇടതുപക്ഷവും കീഴടങ്ങുകയാണ് എന്നതാണ് സത്യം. മുസ്ലിം ലീഗിന്റെ പിന്തുണയോടെ അധികാരത്തില്‍ എത്തിയപ്പോള്‍ തളി ക്ഷേത്ര സമരത്തിലും മലപ്പുറം ജില്ലാ രൂപീകരണത്തിലും ഇഎംഎസും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും വഹിച്ച പങ്കാണ് കേരളത്തില്‍ ഇസ്ലാമിക ജിഹാദി രാഷ്ട്രീയം ശക്തിപ്പെടാനും കേരളത്തിന്റെ വിശ്വപ്രസിദ്ധമായ മൈത്രിയുടെയും മാനവികതയുടെയും സംസ്‌കാരം തകരാനും കാരണം.
അബ്ദുറബ്ബിന്റെ നിലപാടിനെതിരെ അന്ന് ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും നിലവിളക്ക് കൊളുത്തുകയും ചെയ്തത് മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിയായിരുന്നു. ഇടത്തോട്ടു മുണ്ടുടുക്കുകയും ഇസ്ലാമിക മതവിശ്വാസങ്ങളും ആചാരങ്ങളും അല്‍പം പോലും വ്യത്യാസം ഇല്ലാതെ പാലിക്കുകയും ചെയ്യുന്ന മമ്മൂട്ടി വിളക്ക് കൊളുത്തുന്നത് ഇരുട്ടിനെ അകറ്റുന്ന ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും താന്‍ അതില്‍ അഭിമാനം കൊള്ളുന്നു എന്നും അല്‍പം പോലും മടിയില്ലാതെ പ്രഖ്യാപിക്കുകയും ചെയ്തു. ലോക ചലച്ചിത്ര രംഗത്ത് തന്നെ ശ്രദ്ധേയനായ റസൂല്‍ പൂക്കുട്ടിയും അന്തരിച്ച ചലച്ചിത്ര നടന്‍ പ്രേംനസീറും മുസ്ലീംലീഗ് രാഷ്ട്രീയക്കാരന്‍ തന്നെയായ കെ.എന്‍.എ.ഖാദറും ഒക്കെത്തന്നെ വിളക്ക് കൊളുത്താന്‍ തയ്യാറായിരുന്നു. എട്ടോ പത്തോ തലമുറ മുമ്പ് ഹിന്ദുവായി ജീവിച്ചിരുന്നവര്‍ മതം മാറിയാണ് കേരളത്തിലെ ഇന്നത്തെ മുസ്ലിങ്ങള്‍ ഉണ്ടായത് എന്ന കാര്യം മറക്കുന്നു. ടിപ്പുവിന്റെയും ഹൈദറിന്റെയും പടയോട്ടത്തിലും മാപ്പിള കലാപത്തിലും ആയിരങ്ങള്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ട ചരിത്രം മറക്കരുത്. കേരളത്തില്‍ ജീവിക്കുന്ന എല്ലാവരുടെയും പൂര്‍വ്വപിതാക്കള്‍ ഒരേ ആളുകള്‍ തന്നെയാണ് ‘സിരകളില്‍ പ്രവഹിക്കുന്ന രക്തം ഒന്നുതന്നെയാണ്, എന്നിട്ടും അറിവിന്റെ ഭണ്ഡാരമായ സരസ്വതിയെ നിന്ദിക്കാനും വെളിച്ചത്തെ നിഷേധിക്കാനും ഇവര്‍ക്ക് എങ്ങനെ കഴിയുന്നു. മതരാഷ്ട്രമായ പാകിസ്ഥാനില്‍ ആണവ വിദ്യ കൊണ്ടുവന്ന എ.ക്യു. ഖാന്‍ പറഞ്ഞ ഒരു വാചകം കേരളത്തിലെ ഇടതുപക്ഷത്തെ വലതുപക്ഷത്ത് നില്‍ക്കുന്ന വോട്ട് ബാങ്കിന്റെ പേരില്‍ സംസ്‌കാരത്തെ നിഷേധിക്കുന്നവര്‍ക്കുള്ള പാഠമാണ്. ലോകത്ത് മുഴുവന്‍ വിജ്ഞാനവും ഒരു പെട്ടിയിലാക്കിയാല്‍ അതിന് എന്ത് പേര് കൊടുക്കും എന്ന് ചോദിച്ചാല്‍ സരസ്വതി എന്നാണ് മറുപടി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മറ്റൊരു വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.പി. ഉമ്മര്‍ കോയ നിലവിളക്ക് കൊളുത്തുക മാത്രമല്ല സാന്ത്വനം തേടിയത് സാക്ഷാല്‍ സത്യസായിബാബയുടെ സവിധത്തില്‍ ആയിരുന്നു. ഭാരതീയ സംസ്‌കാരത്തോടും സനാതനധര്‍മ്മത്തോടും അത്രയും ഉറ്റ ബന്ധമായിരുന്നു, അഴിമതി തൊട്ട് തീണ്ടിയിട്ടില്ലാത്ത കറപുരളാത്ത പൊതുജീവിതത്തിന്റെ ഉടമയായ അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
ബാഷാമിന്റെ പുസ്തകം വായിച്ചിട്ടും അതിലെ വാക്കുകളുടെ ഓര്‍മ്മ സി.പി. അബൂബക്കറിനെ സ്വാധീനിക്കാതെ പോയത് കഷ്ടമാണ്. സ്മാര്‍ട്ട് സിറ്റി ഉദ്ഘാടന വേളയില്‍ അതിന്റെ സിഇ.ഒ. ആയ അബ്ദുള്‍ലത്തീഫ് അല്‍ മുല്ല നിലവിളക്ക് കൊളുത്തിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാനത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ഇറാനിയന്‍ സംവിധായകനായ മക്മല്‍ സഫുവും നിലവിളക്ക് കൊളുത്തി തന്നെയാണ് മേള ഉദ്ഘാടനം ചെയ്തത്. ഇസ്ലാമിക രാജ്യങ്ങളില്‍ നിന്ന് വരുന്ന അവര്‍ക്കില്ലാത്ത അസ്‌കിത ഇവിടെ സച്ചിദാനന്ദനും അബൂബക്കറിനും ഉണ്ടാകുന്നതിന്റെ കാരണം അറിയാന്‍ പൊതുസമൂഹത്തിന് താല്‍പര്യമുണ്ട്.
കേരള സാഹിത്യ അക്കാദമിയില്‍ നവരാത്രി കാലത്ത് സരസ്വതി കടാക്ഷം തേടിയെത്തുന്ന കുഞ്ഞുങ്ങള്‍ക്കായി ആദ്യക്ഷരം കുറിക്കുന്നുണ്ട്. അത് നിലവിളക്ക് കൊളുത്തി തന്നെയാണ് ചെയ്യുന്നത്. എം. ടി. വാസുദേവന്‍ നായര്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍ ആയിരിക്കുമ്പോഴാണ് അവിടെ ആദ്യക്ഷരം കുറിക്കുന്ന ചടങ്ങ് ആരംഭിച്ചത്. ഈ ചടങ്ങിനും ഇനി മുതല്‍ നിലവിളക്ക് വേണ്ടെന്ന് സാഹിത്യ അക്കാദമി പറയുമോ? ആദ്യക്ഷരം കുറിക്കുന്നത് ഹരിശ്രീ ഗണപതയെ എഴുതി സരസ്വതിയെ വന്ദിച്ചാണ്. തികച്ചും മതപരമായ ചടങ്ങ് തന്നെയാണിത്. സാഹിത്യ അക്കാദമിയില്‍ മതപരമായ ചടങ്ങുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ആണെങ്കില്‍ ഇത് നിര്‍ത്താന്‍ അവര്‍ തുനിയുമോ? അക്ഷരവുമായി ബന്ധമില്ലെന്ന്, അക്ഷരാഭ്യാസത്തിനെതിരാണെന്ന് സാഹിത്യ അക്കാദമി പ്രഖ്യാപിക്കുമോ?
അബൂബക്കര്‍ എത്തിയതിനു ശേഷം നല്‍കിയ പുരസ്‌കാരങ്ങളെ കുറിച്ചും അതില്‍ ഉണ്ടായ ഇസ്ലാമിക പക്ഷപാതത്തെക്കുറിച്ചും സാഹിത്യകാരന്മാര്‍ക്കിടയില്‍ വിമര്‍ശനമുണ്ട്. കെ.ഇ.എന്‍. കുഞ്ഞഹമ്മദിന് സമഗ്ര സാഹിത്യ സംഭാവനക്കുള്ള പുരസ്‌കാരം നല്‍കിയത് എന്തു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. 70 വയസ്സ് കഴിഞ്ഞവര്‍ക്ക് മാത്രമുള്ള പുരസ്‌കാരം 70 തികയാത്ത കെ.ഇ.എന്നിന് നല്‍കിയത് മുസ്ലിം ആയതുകൊണ്ടാണെന്നും അതുകൊണ്ട് മാത്രമാണെന്നും ഉള്ള ആക്ഷേപത്തെ എങ്ങനെ ഖണ്ഡിക്കും. മലയാള സാഹിത്യ രംഗത്ത് അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവന എന്താണ്. കഴിഞ്ഞില്ല പോക്കര്‍ക്ക് നല്‍കിയ വിലാസിനി പുരസ്‌കാരത്തിലും ഇതേ ആക്ഷേപം ഉയര്‍ന്നു. പുസ്തകം പുരസ്‌കാരത്തിന് സമര്‍പ്പിക്കാത്ത എം. സ്വരാജിന് പുരസ്‌കാരം നല്‍കി രാഷ്ട്രീയക്കൂറു പ്രകടമാക്കാന്‍ നടത്തിയ ശ്രമം വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം പുരസ്‌കാരം നിഷേധിച്ചതും ഓര്‍മിക്കണം.
രാഷ്ട്രീയമാകാം, രാഷ്ട്രീയവല്‍ക്കരണവും ആകാം. വോട്ട് ബാങ്ക് രാഷ്ട്രീയവും ആകാം. പക്ഷേ ഭരണത്തില്‍ എത്തുന്നവരുടെ ജാതിക്കും മതത്തിനും അനുസരിച്ച് സാംസ്‌കാരിക സ്ഥാപനങ്ങളുടെ സ്വത്വവും സത്തയും പ്രതിച്ഛായയും ഇല്ലാതാക്കാന്‍ ശ്രമിക്കരുത്. സാഹിത്യ അക്കാദമി അക്ഷരങ്ങളുടെ ശ്രീകോവിലാണ്. അക്ഷരങ്ങള്‍ അഗ്നിയാണ്. എല്ലാത്തിനെയും സ്വാംശീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന അഗ്നി ത്യാഗത്തിന്റെ പ്രതീകമാണ്. ലോകത്തെ മുഴുവന്‍ തമസ്സില്‍ നിന്നു വിജ്ഞാനത്തിന്റെ പ്രഭാപ്രസരത്തിലേക്ക് കൊണ്ടു വരുന്ന അഗ്നി അഥവാ ദീപം നിഷേധിക്കുന്നത് അക്കാദമിയുടെ പ്രതീകമായ കൊടിവിളക്കിനോട് പോലും ചെയ്യുന്ന അനീതിയാണ്. വിളക്ക് ഇസ്ലാമിക വിരുദ്ധമാണെങ്കില്‍, ഹൈന്ദവമാണെങ്കില്‍ അക്കാദമിയുടെ ലോഗോ മാറ്റാന്‍ സി.പി. അബൂബക്കറിന് കഴിയുമോ? ലോകത്തിനു മുഴുവന്‍ വെളിച്ചം നല്‍കുന്ന സൂര്യനെ, സൂര്യതേജസിനെ, ഹൈന്ദവര്‍ ദേവനായി കണ്ട് ആരാധിക്കുന്നു എന്നതിന്റെ പേരില്‍ അതിനെ നിരാകരിക്കാനും അതിന്റെ വെളിച്ചം വേണ്ടെന്ന് വെക്കാനും സാഹിത്യ അക്കാദമിക്ക് കഴിയുമോ? കേരളത്തിലെ സാഹിത്യനായകരും സാംസ്‌കാരിക നായകരും പതിവുപോലെ ഇക്കാര്യത്തില്‍ നിശബ്ദരാണ്. ദീപസ്തംഭം മഹാശ്ചര്യം!






















