കൊമ്പന് നെറ്റിപ്പട്ടം കണക്കെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് കലോത്സവങ്ങള്‍. നിയതമായ ഒരു മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ തലം മുതല്‍ സംസ്ഥാനതലം വരെ കലോത്സവങ്ങള്‍ നടക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സമഗ്ര വികാസമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന കാഴ്ചപ്പാടില്‍ പാഠപുസ്തകങ്ങളിലെ അറിവിനൊപ്പം കലാ – കായിക – ആരോഗ്യ – പ്രവൃത്തിപരിചയ പഠനവും പ്രാധാന്യമര്‍ഹിക്കുന്നു. അതുകൊണ്ടുതന്നെ പുതിയ പാഠ്യപദ്ധതിയില്‍ ഇതിനെല്ലാം അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയിരിക്കുന്നു.
പൊതു വിദ്യാഭ്യാസ വകുപ്പ് വര്‍ഷം തോറും അഞ്ച് പ്രധാന മേളകളാണ് നടത്തിവരാറുള്ളത്. കലോത്സവം, ഒളിംബിക് മാതൃകയിലുള്ള കായികമേള, ശാസ്‌ത്രോത്സവം, ദിവ്യാംഗരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം, പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് വിദ്യാര്‍ത്ഥികളുടെ കലോത്സവം എന്നിങ്ങനെയാണവ. ഇതില്‍ പ്രധാനം കലാമേള തന്നെ.മേളകളുടെ കൊട്ടിക്കലാശം എന്ന നിലയില്‍ അവസാനം നടക്കുന്നതും കലാമേള തന്നെ. നാടിന്റെ കലാപരവും സാംസ്‌കാരികവുമായ പാരമ്പര്യം തനിമയോടെ നിലനിര്‍ത്തുകയെന്ന മഹത്തായ ധര്‍മ്മം കൂടി കലോത്സവങ്ങളിലൂടെ ലക്ഷ്യമിടുന്നു. ലോകത്ത് തന്നെ സമാനമായതൊന്ന് ചൂണ്ടിക്കാട്ടാന്‍ കഴിയാത്തത്ര പേരുകേട്ടതാണ് നമ്മുടെ സ്‌കൂള്‍ കലോത്സവം. 64-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ഇക്കുറി വേദിയാകുന്നത് സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശിവപേരൂരാണ്. 2026 ജനുവരി മൂന്നാം വാരം നടക്കുന്ന മേളയുടെ ആരവം ഇതിനോടകം പൂരനഗരിയില്‍ ഉയര്‍ന്നുകഴിഞ്ഞു. ഇതിന് മുന്നോടിയായുള്ള റവന്യൂ ജില്ലാ മത്സരങ്ങള്‍ നടന്നുവരികയാണിപ്പോള്‍. അത്തരമൊരു ജില്ലാമേള ഇന്ന് ചര്‍ച്ചയായിരിക്കുകയാണ്.
പോയവാരം വണ്ടൂരില്‍ നടന്ന മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ‘വീരനാട്യം’ എന്ന നാടകമാണ് ചര്‍ച്ചയ്ക്കാധാരം. ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തില്‍ ‘വീരനാട്യം’ ജില്ലയില്‍ ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുവാന്‍ യോഗ്യത നേടുകയും ഇതേ നാടകത്തില്‍ അഭിനയിച്ച ഒരു വിദ്യാര്‍ത്ഥിനി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇത്രയും ശുഭം. എന്നാല്‍ ഈ നാടകത്തിന്റെ ഇതിവൃത്തം അത്രയൊന്നും ശുഭമല്ല.
കറങ്ങുന്ന കൂട്ടിലടച്ചിരിക്കുന്ന, ഭാരതത്തിന്റെ ഇതിഹാസ ഗ്രന്ഥങ്ങളിലെ വീരാംഗനമാര്‍ ഉയര്‍ത്തെഴുന്നേറ്റ് ‘പാരതന്ത്ര്യ’ത്തിനെതിരെ ശബ്ദമുയര്‍ത്തുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. കറങ്ങുന്ന കൂടിന്റെ ഇരുവശങ്ങളിലായി നാട്ടിയിരിക്കുന്ന രണ്ട് കാവിക്കൊടികളും നാടകത്തിലെ വില്ലന്‍ കഥാപാത്രത്തിന് നല്‍കിയിരിക്കുന്ന നരേന്ദ്രന്‍ എന്ന പേരും കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. കൗമാരക്കാരികളായ പെണ്‍കുട്ടികളെക്കൊണ്ട്, ലക്ഷ്മണന്‍ എന്ന് തോന്നിക്കുന്ന കഥാപാത്രത്തോട് ‘പുരാണങ്ങള്‍ക്കെന്താ കൊമ്പുണ്ടോ’ എന്ന് ചോദിക്കുന്നു. അതില്‍ തൃപ്തരാകാതെ, സാധാരണയായി മലയാളത്തില്‍ അശ്ലീലമായതും ‘രോമ’ത്തിന് തമിഴില്‍ ഉപയോഗിക്കുന്നതുമായ വാക്ക് വിളിപ്പിക്കുകയും ചെയ്യുന്നു. വേടന്‍ ഉപയോഗിച്ചത് കൊണ്ടുമാത്രം അഭിനവ സാംസ്‌കാരിക നായകര്‍ സഭ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയ പദം, കൗമാരക്കാരികളായ വിദ്യാര്‍ത്ഥിനികളെക്കൊണ്ട്, സ്‌കൂള്‍ കലോത്സവ വേദി പോലെ മഹനീയമായ ഒരിടത്ത് പറയിപ്പിച്ചത് എത്രമെഴുകിയാലും വെളുപ്പിച്ചെടുക്കാന്‍ കഴിയുന്ന ഒന്നായി കരുതുന്നില്ല. സീത, ഊര്‍മ്മിള, ഗാന്ധാരി, ദ്രൗപദി, ശൂര്‍പ്പണഖ തുടങ്ങിയ ഇതിഹാസങ്ങളിലെ സ്ത്രീകഥാപാത്രങ്ങളനുഭവിച്ച ‘പാരതന്ത്ര്യ’ത്തിന്റെ വിമര്‍ശനത്തിലൂടെ ഹിന്ദു മതത്തിലെ ‘സ്ത്രീവിരുദ്ധത’ തുറന്ന് കാട്ടാനാണ് നാടകപ്രവര്‍ത്തകര്‍ ശ്രമിച്ചത്. മറ്റ് മതങ്ങളിലെ സ്ത്രീ സമീപനം വിമര്‍ശനവിധേയമാക്കിയാലുണ്ടാകാവുന്ന ഭവിഷ്യത്തിനെ ഓര്‍ത്താവും നാടകപ്രവര്‍ത്തകര്‍ അതിന് മുതിരാതിരുന്നത് എന്ന് കരുതുന്നു. അഥവാ, അങ്ങനെ നിരൂപണ ബുദ്ധ്യാ സമീപിക്കാവുന്ന സ്ത്രീ കഥാപാത്രങ്ങള്‍ അവരുടെ ചരിത്രത്തിലും പുരാണങ്ങളിലും ഉള്ളതായി നാടകപ്രവര്‍ത്തകരുടെ കണ്ണില്‍ പെടാതെ പോയതുമാവാം.
കലോത്സവ വേദികളില്‍ അവതരിപ്പിക്കുന്ന നാടകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സ്വമേധയാ തയാറാക്കുന്നതല്ലെന്ന് ഇതേപ്പറ്റി അറിയാവുന്നവര്‍ക്കെല്ലാം ബോധ്യമുള്ളതാണ്. സ്‌കൂള്‍ അധികൃതരുടെ താല്‍പര്യപ്രകാരം പുറത്തുനിന്നുള്ള നാടകപ്രവര്‍ത്തകരാണ് അത് ചെയ്യുക. ഇവിടെയും അങ്ങിനെയാവും സംഭവിച്ചിട്ടുണ്ടാവുക. ഭാരതത്തിലെ സ്ത്രീരത്‌നങ്ങളുടെ കരുത്തും ആന്തരികമായ ബലവും സംബന്ധിച്ച് നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് മതിയായ ധാരണയില്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാവും. ഗാര്‍ഗി, മൈത്രേയി, ശബരി തുടങ്ങിയ നാരീരത്‌നങ്ങള്‍ ബ്രഹ്മജ്ഞാനത്തിന്റെയും ആധ്യാത്മിക പാരമ്പര്യത്തിന്റെയും മഹിമയാര്‍ന്ന അടയാളങ്ങളാണ്. ജനകമഹാരാജാവിന്റെ കൊട്ടാരത്തില്‍ നടന്ന യാഗത്തിനിടെ ബ്രഹ്മിഷ്ഠനാരെന്നറിയാനുള്ള (ബ്രഹ്മിഷ്ഠന്‍ – ബ്രഹ്മജ്ഞാനികളില്‍ കേമന്‍) ഒരു മത്സരം നടന്നു. കൊമ്പിലും കുളമ്പിലും സ്വര്‍ണ്ണം കെട്ടിയ ലക്ഷണയുക്തരായ 1000 പശുക്കളായിരുന്നു രാജാവ് പ്രഖ്യാപിച്ച സമ്മാനം. നിരവധി ബ്രഹ്മജ്ഞാനികള്‍ പങ്കെടുത്ത മത്സരത്തില്‍ യാജ്ഞവല്‍ക്യനോട് രണ്ട് തവണ സംവാദത്തിന് തയ്യാറായത് വചക്‌നുവിന്റെ മകളായ വാചക്‌നവി അഥവാ ഗാര്‍ഗി ആയിരുന്നു. ബ്രഹ്മജ്ഞാനിയായ ശേഷം സന്യാസത്തിന് പുറപ്പെടാനൊരുങ്ങിയ യാജ്ഞവല്‍ക്യന്‍ തന്റെ അളവറ്റ സമ്പത്തുക്കള്‍ രണ്ട് ഭാര്യമാര്‍ക്കായി പകുത്ത് നല്‍കാനൊരുങ്ങുന്നു. സാധാരണ വീട്ടമ്മ മാത്രമായ കാത്യായനി സമ്പത്തില്‍ സംതൃപ്തയാകുമ്പോള്‍ ജിജ്ഞാസുവായ മൈത്രേയിയാകട്ടെ അമരത്വം കിട്ടിയില്ലെങ്കില്‍ തനിക്ക് സമ്പത്ത് വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. സീതയും ഊര്‍മിളയും ഗാന്ധാരി മാതാവും പാഞ്ചാലിയും ഒക്കെത്തന്നെ ഇതിഹാസത്തിലെ മാതൃകാ മഹിളാമണികളാണ്. ദ്രുപദരാജാവിന്റെ ഹോമകുണ്ഡത്തില്‍ നിന്ന് പിറവിയെടുത്തവളാണ് പാഞ്ചാലി. അര്‍ജുനന് വേണ്ടി ജന്മമെടുത്തവള്‍. കഠിനമായ പരീക്ഷണമായിരുന്നു ദ്രുപദന്‍ മകളുടെ സ്വയംവരത്തിന് നിഷ്‌കര്‍ഷിച്ചത്. മുകളില്‍ കറങ്ങുന്ന യന്ത്രപ്പക്ഷിയെ, താഴെ ജലത്തില്‍ കാണുന്ന നിഴല്‍ നോക്കി എയ്ത് കൊള്ളിക്കണം. അതും… മുകളില്‍, കറങ്ങുന്ന ചതുരവിടവില്‍ കൂടി….! ഈ കഠിനമായ പരീക്ഷണം ജയിച്ചുവന്നവരില്‍ നിന്ന് ഇഷ്ടപ്പെട്ടയാളെ വരിക്കാനുള്ള അധികാരം (സ്വയംവരം) വധുവായ പഞ്ചാലിക്കും. നിരവധി രാജാക്കന്മാര്‍ പരീക്ഷണത്തില്‍ പങ്കെടുത്ത് തോറ്റ് പിന്മാറിയപ്പോള്‍, ദുര്യോധനന് വേണ്ടി പരീക്ഷണത്തിനൊരുമ്പെട്ട കര്‍ണ്ണനെ വിലക്കുന്ന പാഞ്ചാലിയെ നാടകപ്രവര്‍ത്തകര്‍ കാണാതെ പോയത് യാദൃച്ഛികമാണോ…? അതോ… അക്കാലത്തെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ മഹനീയമാതൃകയായ ദ്രൗപദിയെ മന:പൂര്‍വം തമസ്‌കരിച്ചതോ…? അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നത് ബ്രാഹ്മം, ആര്‍ഷം, സ്വയംവരം, ഗാന്ധര്‍വം, രാക്ഷസം, പൈശാചം എന്നിങ്ങനെ ആറ് വിവാഹ രീതികളായിരുന്നു. ഇതേപോലെ ചരിത്രത്തിലും അസംഖ്യം വീരനായികമാര്‍ നമുക്ക് മാത്രമുണ്ട്. മലപ്പുറത്ത് നിന്ന് അധികമകലെയല്ലാതെ നാദാപുരത്തങ്ങാടിയില്‍ ഉറുമി വീശി അക്രമികളെ തുരത്തിയ ഉണ്ണിയാര്‍ച്ചയുടെ ഉശിരും ‘നാടകപ്രവര്‍ത്തകര്‍’ കാണാതെപോയി. ഇവരുടെയൊക്കെ കര്‍ത്തവ്യബോധത്തെയും ത്യാഗത്തെയും ‘പാരതന്ത്ര്യ’മാക്കി വ്യാഖ്യാനിക്കാനുള്ള ‘നാടകപ്രവര്‍ത്തകരു’ടെ ശ്രമം ‘ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം’ എന്ന കുഞ്ചന്‍ നമ്പ്യാരുടെ വരികളെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. അതെന്തായാലും ഇതിഹാസ ഗ്രന്ഥങ്ങളെയും സനാതനധര്‍മ്മത്തെയും സ്ത്രീവിരുദ്ധമാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള പാഴ്ശ്രമമായി വേണം ഇതിനെ കാണാന്‍. ഇത്തരം ശ്രമങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി കേരളം മാറിയിരിക്കുന്നു. സനാതന ധര്‍മ്മത്തെ ഡെങ്കു, മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികളോടാണല്ലോ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഈയിടെ ഉപമിച്ചത്…! സമാനമായ നിലപാട് തന്നെയാണ് കേരള മുഖ്യമന്ത്രിയുടേതും. ഭാരതീയമായതിനെയെല്ലാം ഇകഴ്ത്തിക്കെട്ടുക എന്നത് ഒരു ‘ഫാഷനാ’യി കാണുന്ന ഇക്കാലത്ത് ‘വീരനാട്യം’ പുരസ്‌കൃതമായതിലും അത്ഭുതപ്പെടാനില്ല.
‘വീരനാട്യം’ തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന നാടക മത്സരത്തില്‍ ഉണ്ടാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്ന സംഗതി. 2018ല്‍ സമാനമായ ഒരു സാഹചര്യമുണ്ടായിരുന്നു. വടകര മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകമായിരുന്നു ‘കിതാബ്’. ഉണ്ണി ആര്‍. എന്ന യുവകഥാകൃത്തിന്റെ ‘വാങ്ക്’ എന്ന കഥയുടെ നാടകാവിഷ്‌കാരം. പള്ളിയില്‍ വാങ്ക് വിളിക്കാനാഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയായിരുന്നു ‘കിതാബ്’ പറഞ്ഞത്. സിപിഐ (എം) നിയന്ത്രണത്തിലുള്ളതായിരുന്നു നാടകം അവതരിപ്പിച്ച സ്‌കൂള്‍. എന്നാല്‍, സംഗതി വിവാദമായതോടെ, കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ‘കിതാബ്’ സംസ്ഥാന തല മത്സരത്തിലേക്കില്ലെന്ന് സ്‌കൂളധികൃതര്‍ പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുകയായിരുന്നു.
2019 ല്‍ കേരള സംസ്ഥാന ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചത് കെ.കെ. സുഭാഷ് വരച്ച ‘വിശ്വാസം രക്ഷതി’ എന്ന കാര്‍ട്ടൂണിനായിരുന്നു. കോഴിയുടെ തലയുള്ള ഒരു പുരോഹിതനും കയ്യിലുള്ള അംശവടിയില്‍ അടിവസ്ത്രവും ഉള്‍പ്പെടുന്നതായിരുന്നു കാര്‍ട്ടൂണ്‍. കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് നിയമ നടപടി നേരിടുന്ന സന്ദര്‍ഭത്തിലായിരുന്നു അവാര്‍ഡ് പ്രഖ്യാപനം. ‘വിശ്വാസം രക്ഷതി’ക്ക് അവാര്‍ഡ് നല്‍കാനുള്ള തീരുമാനം അറിഞ്ഞയുടന്‍ അന്നത്തെ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ ഇടപെട്ട് തടയുകയായിരുന്നു.
എല്ലാ മതങ്ങളേയും ബഹുമാനിക്കുവാനുള്ള ഹൃദയവിശാലതയാണ് ഇന്നാവശ്യം. ആരെയെങ്കിലും പ്രീണിപ്പിക്കുവാന്‍ വേണ്ടി ആരുടെയെങ്കിലും മതവിശ്വാസത്തെ അപമാനിക്കുന്നത് ആരോഗ്യകരമായ മതേതര കാഴ്ചപ്പാടായി കാണാന്‍ കഴിയില്ല. മതവിശ്വാസം പലപ്പോഴും യുക്തിചിന്തയ്ക്ക് നിരക്കുന്നതല്ല. അന്ധമായ മതവിശ്വാസം നവീകരിക്കേണ്ടത് തന്നെയാണ്. ഏത് മതത്തിലായാലും അന്ധമായ വിശ്വാസങ്ങള്‍ സ്വയം നവീകരിക്കപ്പെടണം. ഹിന്ദു മതത്തിലെ എത്രയെത്ര അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമാണ് അത്തരത്തില്‍ നവീകരിക്കപ്പെട്ടിട്ടുള്ളത്. വിവേകാനന്ദനും ചട്ടമ്പിസ്വാമികളും നാരായണ ഗുരുദേവനും അയ്യന്‍കാളിയും അയ്യാ വൈകുണ്ഠസ്വാമികളുമടക്കം എണ്ണമറ്റ പരിഷ്‌കര്‍ത്താക്കളായിരുന്നു ഇത്തരം നവീകരണങ്ങള്‍ക്ക് കാരണഭൂതരായിത്തീര്‍ന്നിട്ടുള്ളത്. ഇവര്‍ക്ക് ജന്മം നല്‍കിയും ഇതേ ഹിന്ദുമതം തന്നെയാണെന്ന് കൂടി ഓര്‍ക്കണം.
(അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് (എ.ബി. ആര്‍.എസ്.എം.) ദക്ഷിണക്ഷേത്ര പ്രമുഖാണ് ലേഖകന്‍)






















