പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്ന ജോലിയായിരുന്നു സജാദ് അക്രമിന്. അന്‍പത് വയസ് പ്രായമുള്ള ഇയാള്‍ക്ക് 2015 മുതല്‍ തോക്ക് കൈവശം വെയ്ക്കാനുള്ള ലൈസന്‍സുണ്ട്. ദീര്‍ഘദൂരം വെടിയുതിര്‍ക്കാന്‍ കഴിയുന്ന തോക്കുകള്‍ കൈവശം വെയ്ക്കാന്‍ കഴിയുന്ന എബി വിഭാഗം ലൈസന്‍സാണ് ഇയാള്‍ക്കുണ്ടായിരുന്നത്. ഇയാളുടെ മകനാണ് ഇരുപത്തിനാലുകാരനായ നവീദ് അക്രം. നിലവില്‍ ജോലിയൊന്നുമില്ലാത്ത ഇയാള്‍ അല്‍-മുറാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹേഗന്‍ബര്‍ഗില്‍ അറബിയും മതപഠനവും നടത്തുന്നു. ആ സ്ഥാപനത്തിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിയാണ് ഇയാള്‍. വിദ്യാഭ്യാസത്തിന്റെയോ ദാരിദ്ര്യത്തിന്റെയോ പ്രശ്‌നം അവിടെയില്ല.
10 വയസുള്ള മെറ്റില്‍ഡ തൊട്ട് 87 വയസുള്ള വൃദ്ധനെ വരെ തോക്കിന്റെ മുന്നില്‍ മതസായൂജ്യം നേടാന്‍ വേണ്ടി വെടിയുതിര്‍ത്ത മതഭ്രാന്തന്മാരായ ഈ അച്ഛനും മോനും ജന്മനാ ആസ്‌ട്രേലിയന്‍ പൗരന്മാര്‍ അല്ല. പാകിസ്ഥാന്‍ സ്വദേശിയായ സജ്ജാദ് 1998ല്‍ സ്റ്റുഡന്റ് വിസയില്‍ അവിടെ ചെന്നവനാണ്. പിന്നീട് അവിടെയുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ച് റസിഡന്റ് വിസ നേടി. യൂറോപ്പിന്റെയും ആസ്‌ട്രേലിയയുടെയുമൊക്കെ അറബ് രാജ്യങ്ങള്‍ പോലും കാണിക്കാത്ത ഈ അഭയാര്‍ത്ഥി സ്‌നേഹം അവര്‍ക്ക് തന്നെ വരുത്തി വെച്ച അപകടത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ആക്രമണം.
മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ പാത പിന്തുടര്‍ന്ന് തൊണ്ണൂറുകളിലും രണ്ടായിരങ്ങളിലും ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ ഇരു കൈയും നീട്ടി സ്വീകരിച്ച പാരമ്പര്യമുള്ള രാജ്യമാണ് ആസ്‌ട്രേലിയ.
2019ല്‍ തീവ്രവാദ ബന്ധമുള്ള മറ്റൊരു കേസില്‍ ബന്ധപ്പെട്ട് നവീദിനെ ആസ്‌ട്രേലിയന്‍ ഭരണകൂടം ബ്ലാക്ക് ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും അതിന് ശേഷം കാര്യമായി നിരീക്ഷിക്കാന്‍ കഴിഞ്ഞില്ല എന്നാണ് പോലീസ് ഭാഷ്യം. പക്ഷേ ആസ്‌ട്രേലിയയില്‍ ആരും ഇന്ത്യയിലെ അത്ഭുത പ്രതിഭാസം പോലെ അത് ഇന്റലിജന്‍സ് ഏജന്‍സികളുടെ പരാജയമാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നില്ല. ആസ്‌ട്രേലിയയില്‍ ആരും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആക്രമണം ഉണ്ടായി എന്ന് പറയുന്നില്ല. കാരണം അവിടെ ഈ ഭീകരവാദികളെ പിന്തുണയ്ക്കുന്നവരെ നിങ്ങള്‍ക്കധികം കാണാന്‍ കഴിയില്ല എന്നത് മാത്രമല്ല, അവരെല്ലാവരും അവരുടെ രാജ്യത്തിനോടൊപ്പം നില്‍ക്കുന്നവരുമാണ്.
അക്രമികളുടെ കാറില്‍ നിന്നും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. തോക്കിലെ തിര തീരുന്നതിന് അനുസൃതമായി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് സ്വയം ചാവേറായി ഇല്ലാതാകുന്ന ഫിദായീന്‍ രീതി കൂടി അവരുടെ പദ്ധതിയിലുണ്ടായിരുന്നിരിക്കാം. കാറില്‍നിന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ കറുത്ത കൊടി കൂടി കണ്ടെത്തിയ സ്ഥിതിക്ക് ഏത് ഭീകരവാദ പ്രസ്ഥാനമാണ് ഇത് നടത്തിയത് എന്നതിനെക്കുറിച്ചും കൂടുതല്‍ ആലോചിക്കേണ്ട കാര്യമില്ല.
ഈ ഭീകരാക്രമണത്തില്‍ മൂന്നാമതൊരു ഭീകരവാദിയുടെ സാന്നിധ്യം കൂടി സംശയിച്ചിരുന്നുവെങ്കിലും പോലീസ് പിന്നീട് അത്തരമൊരു മൂന്നാമന്റെ സാന്നിധ്യം തള്ളിക്കളയുകയായിരുന്നു. ഈ കൃത്യം നടത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ സജാദും നവീദും നവീദിന്റെ അമ്മയെ, അതായത് സജാദിന്റെ ഭാര്യയെ വിളിക്കുകയും വളരെ സാധാരണമായി സംസാരിക്കുകയും ഞങ്ങള്‍ മീന്‍പിടിക്കാനും നീന്താനുമായി പോവുകയാണ് എന്നുമൊക്കെയാണ് പറഞ്ഞിരുന്നത്. അവരുടെ സംസാരത്തില്‍ നിന്നും യാതൊരുവിധ അപായ സൂചനകളും ആ സ്ത്രീക്ക് ലഭിച്ചിരുന്നില്ല എന്ന് മാത്രമല്ല ഇപ്പോഴും തന്റെ ഭര്‍ത്താവും മകനും ഇത് ചെയ്യാന്‍ പ്രാപ്തരല്ല എന്നാണ് അവര്‍ വിശ്വസിക്കുന്നതും.
ഡിസംബര്‍ പതിനഞ്ചിന് മുന്‍പ്, അതായത് കൃത്യം നടക്കുന്നതിന് മുന്‍പ് ഇരുവരും ഫിലിപ്പൈന്‍സിലേക്ക് സഞ്ചരിച്ചതായി ആസ്‌ട്രേലിയന്‍ പോലീസ് മനസ്സിലാക്കിയിട്ടുണ്ട്. ഫിലിപ്പൈന്‍സില്‍ നിന്നും സൈനിക നിലവാരമുള്ള പരിശീലനം ലഭിക്കാന്‍ വേണ്ടിയാകാം സഞ്ചരിച്ചത് എന്ന നിഗമനത്തിലാണ് പോലീസ് നിലവില്‍.
ആഗോള തലത്തില്‍ ദേശീയവാദികളുടെ സര്‍ക്കാരുകള്‍ രൂപപ്പെട്ട് വരുന്നതിന്റെ ഭാഗമായി ഇസ്ലാമിക തീവ്രവാദത്തോട് കടുത്ത നടപടികള്‍ സ്വീകരിച്ച് വരുന്നതിന്റെ ഭാഗമായി ഇസ്ലാമിക സ്റ്റേറ്റ് പോലുള്ള ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് വലിയ രീതിയില്‍ ഭീകരാക്രമണങ്ങള്‍ ശക്തമായ രാജ്യങ്ങള്‍ക്കെതിരെ നടത്താന്‍ കഴിയുന്നില്ല എന്നത് വാസ്തവമാണ്. അത്തരമൊരു സാഹചര്യത്തില്‍ നിന്ന് വേണം അവസാനമായി നടന്ന പ്രധാനപ്പെട്ട ഭീകരവാദ ആക്രമണങ്ങളുടെ രീതികള്‍ പരിശോധിക്കാന്‍.
ദല്‍ഹിയില്‍ സ്‌ഫോടനം നടത്തിയതും ആസ്‌ട്രേലിയയില്‍ ബോണ്ടി ബീച്ചില്‍ ആക്രമണം നടത്തിയതും രാജ്യത്തിന് പുറത്ത് നിന്ന് അകത്ത് വന്നവരല്ല. അകമേ തന്നെയുള്ള ഭീകരവാദ പ്രസ്ഥാനങ്ങളുടെ അംഗങ്ങളെക്കൊണ്ട് തന്നെയാണ്. അതിര്‍ത്തി സുരക്ഷയും ഭീകരവാദ വിരുദ്ധ നടപടികളും ശക്തമായി കൈക്കൊള്ളുന്ന സാഹചര്യത്തില്‍ ആഗോളതലത്തില്‍ ഇസ്ലാമിക ഭീകരവാദം അവയുടെ രീതികള്‍ മാറ്റി മതഭ്രാന്തിന്റെ ഉന്മാദം നുകരാന്‍ പോകുന്നത് ഇങ്ങനെയൊക്കെയായിക്കും.
കടുത്ത ആന്റി സെമറ്റിസം നയങ്ങളുള്ള രാജ്യമാണ് ആസ്‌ട്രേലിയ. വളരെ സമാധാനപൂര്‍വം വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ പോകുന്ന രാജ്യം. ജൂതന്മാരുടെ എട്ട് ദിവസത്തെ ആഘോഷമായ ഹനുക്കാഹ് ആഘോഷിക്കാനായി ബോണ്ടി ബീച്ചില്‍ ഒത്തുകൂടിയവര്‍ക്ക് നേരെയാണ് ഈ ആക്രമണം ഉണ്ടായത്. തീര്‍ച്ചയായും ജൂതവിരോധത്തില്‍ അധിഷ്ഠിതമായ, ഇസ്രായേല്‍ – പാലസ്തീന്‍ വിഷയത്തിലെ വെറുപ്പില്‍ നിന്നുതിര്‍ന്ന വെടിയുണ്ടകള്‍ ആയിരിക്കാം പാവപ്പെട്ട പതിനാറുപേരുടെ ജീവന്‍ ഹനിക്കാന്‍ അവരെ പ്രേരിപ്പിച്ചത്.
നിങ്ങളുടെ ദയയോ അനുകമ്പയോ സഹാനുഭൂതിയോ പിന്തുണയോ അവരെ ശാന്തമാക്കി മാറ്റുകയല്ല പകരം ഇതെല്ലാം ചെയ്യാനുള്ള ലൈസന്‍സ് നല്‍കുകയാണ് എന്നും, അവരെ എത്രത്തോളം ഭീകരരാക്കി മാറ്റുന്നു എന്നതിന്റെ ഉദാഹരണവുമാണ് ഈ ബോണ്ടി ആക്രമണം. കേരളത്തില്‍ ഹമാസിനെ പിന്തുണയ്ക്കാന്‍ ഓടി നടന്ന് മത്സരിക്കുന്ന പാര്‍ട്ടികള്‍ക്ക് ഇതൊരു ചെറിയ പാഠമാണ്. കാരണം ഇസ്രായേല്‍ പലസ്തീന്‍ വിഷയത്തില്‍ പലസ്തീന്‍ എന്ന രാജ്യത്തെ ഔദ്യോഗികമായി അംഗീകരിച്ച രാജ്യങ്ങളില്‍ ഒന്നാണ് ആസ്‌ട്രേലിയ. എന്നിട്ടും അഭയം നല്‍കിയ രാജ്യത്തെ ആക്രമിക്കാന്‍ അവര്‍ക്ക് മടിയുണ്ടായില്ല.





















