”പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്; അത് എനിക്ക് ഇഷ്ടമല്ല” എന്ന, ഇയ്യിടെ അന്തരിച്ച സിനിമാ നടന്‍ ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന ഡയലോഗ് മലയാളി ഏറെ ആഘോഷിച്ചതാണ്. ഇസ്ലാമിസ്റ്റുകളുടെയും അവരുടെ അഞ്ചാംപത്തികളുടെയും കാര്യത്തില്‍ ഈ ഡയലോഗിന് ചെറിയ ഒരു മാറ്റമേ വേണ്ടു. പോളണ്ട് എന്നത് വെട്ടി പലസ്തീന്‍ എന്നാക്കണം. പലസ്തീനിലെ കുട്ടികളെയും സ്ത്രീകളെയും മറയാക്കി ഇസ്രായേലിനെതിരെ യുദ്ധം നടത്തുന്ന ഹമാസിനെ ആരെങ്കിലും തുറന്നുകാട്ടിയാല്‍ മൗദൂദിസ്റ്റുകള്‍ക്കു ചോര തിളയ്ക്കും. അവര്‍ പറയും: പലസ്തീനെക്കുറിച്ച് മിണ്ടരുത്. അത് ഞങ്ങള്‍ക്ക് ഇഷ്ടല്ല. ഇതിനെ ചോദ്യം ചെയ്യുന്നവന്‍ സയണിസ്റ്റും ഫാസിസ്റ്റും വംശീയവാദിയുമൊക്കെയായി മാറും. ഇപ്പോള്‍ പലസ്തീന്‍ എന്നല്ല, ബംഗ്ലാദേശ് എന്നു പോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ് കേരളത്തില്‍. ഇസ്ലാമിസ്റ്റുകള്‍ക്കു മാത്രല്ല, കോണ്‍ഗ്രസ്സുകാര്‍ക്കും ഇടതു സഖാക്കള്‍ക്കും ബംഗ്ലാദേശ് പ്രേമം പൂത്തുലഞ്ഞു നില്‍ക്കുകയാണ്. ഏതാനും വര്‍ഷം മുമ്പ് മധു എന്ന ആദിവാസി യുവാവ് ജനക്കൂട്ട വിചാരണക്കിരയായി കൊല്ലപ്പെട്ടപ്പോള്‍ കണ്ടില്ല ഇവര്‍ക്ക് ഇത്ര ”വംശീയ” സ്‌നേഹം. ബംഗ്ലാദേശില്‍ ധാക്ക മൈമെന്‍സിംഗില്‍ ഇയ്യിടെ പ്രവാചകനെ അവഹേളിച്ചു എന്ന കള്ളക്കഥ പരത്തി ആള്‍ക്കൂട്ട വിചാരണ നടത്തി ദിപു പന്ദ്രദാസ് എന്ന ഹിന്ദു യുവാവിനെ കൊന്ന ശേഷം ശവശരീരം മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി തീയിട്ടപ്പോഴും കണ്ടില്ല ഇത്ര ”വര്‍ഗ്ഗീയവിരോധം”. ‘ബംഗ്ലാദേശി’ എന്ന വാക്ക് കേട്ടതോടെ ഇവരുടെ രക്തം തിളച്ചു.
ഛത്തീസ്ഗഡ് സ്വദേശി രാം നാരായണനെ വാളയാര്‍ അട്ടപ്പള്ളത്തു വെച്ച് ആള്‍ക്കൂട്ടം അക്രമിച്ചു കൊലപ്പെടുത്തുമ്പോള്‍ ബംഗ്ലാദേശിയാണോ എന്നു ചോദിച്ചു എന്ന കച്ചിത്തുരുമ്പിലാണ് ഇസ്ലാമിസ്റ്റുകളും അവരുടെ അഞ്ചാംപത്തികളും കോണ്‍ഗ്രസ് നേതാക്കളും മന്ത്രി രാജേഷും സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദനുമൊക്കെ കയറിപ്പിടിച്ചിരിക്കുന്നത്. ഈ കച്ചിത്തുരുമ്പിന് ബലം പോര എന്ന തോന്നലു കൊണ്ടാവാം അതിനുമേല്‍ വംശീയ വിദ്വേഷം, വര്‍ഗ്ഗീയത തുടങ്ങിയ തങ്ങളുടെ കയ്യിലെ സ്ഥിരം ലാടമരുന്നുകള്‍ തേച്ചു പിടിപ്പിച്ച് ആര്‍.എസ്. എസ്സിന്റെ പേര് വലിച്ചിഴച്ചത്. പ്രതികള്‍ ആര്‍.എസ്.എസ്സുകാരാണെന്നും ബംഗ്ലാദേശിയാണോ എന്ന് അക്രമികള്‍ ചോദിച്ചതിന്റെ കാരണം വംശവിദ്വേഷമാണെന്നും ഇത് ഗുരുതരമായ കേസ്സാണെന്നും അവര്‍ വിധിച്ചു കഴിഞ്ഞു. അറസ്റ്റു ചെയ്യപ്പെട്ട അഞ്ചു പേരില്‍ ഒരാള്‍ സി.ഐ.ടി.യു പ്രവര്‍ത്തകനാണ് എന്നത് അവര്‍ക്ക് വിഷയമല്ല. കഴിഞ്ഞ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു കിട്ടിയ ജനസമ്മതി ഇടിച്ചുതാഴ്ത്താന്‍ ഇത്തരം രാഷ്ട്രീയ തന്ത്രങ്ങള്‍ വേണമല്ലോ. എന്നാല്‍ ഹിന്ദു വംശഹത്യയിലൂടെ ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ നാണംകെട്ട ബംഗ്ലാദേശിന് ഭാരതത്തിനെതിരെ പ്രയോഗിക്കാന്‍ ഒരു വടി സമ്മാനിക്കുകയാണ് തങ്ങള്‍ ചെയ്തത് എന്നവര്‍ മറക്കുന്നു. മകന്‍ ചത്താലും സാരമില്ല, മരുമകളുടെ കണ്ണീരു കണ്ടാല്‍ മതി എന്നാഗ്രഹിക്കുന്ന അമ്മായിയമ്മമാരുടെ സ്ഥാനത്താണിവര്‍.





















