‘വിദ്യാലയ വാതില്‍ തുറക്കുന്നയാള്‍ ജയിലുകളുടെ വാതിലുകള്‍ അടയ്ക്കുകയാണ്’ എന്ന് വിഖ്യാത ചിന്തകനായ വിക്ടര്‍ ഹ്യൂഗോ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അറിവും അരാജകത്വവും തമ്മിലുള്ള ദ്വന്ദ്വത്തെയാണ് ഈ വാക്കുകള്‍ ധ്വനിപ്പിക്കുന്നത്. എന്നാല്‍ ഇസ്ലാമിക ഭീകരതയുടെ ആഗോളചരിത്രം പരിശോധിക്കുമ്പോള്‍ വിദ്യാഭ്യാസവും വിധ്വംസകതയും പരസ്പരവിരുദ്ധമല്ലെന്നതിന്റെ രാഷ്ട്രീയ ചിത്രം അഭിവ്യക്തമാകും. കലാലയങ്ങളെ കലാപശാലകളാക്കാനും വിദ്യാലയങ്ങളെ ഭീകരവാദത്തിന്റെ നഴ്‌സറികളായി രൂപാന്തരപ്പെടുത്താനുമുള്ള ആസൂത്രിതമായ പ്രവര്‍ത്തനപദ്ധതി ഇസ്ലാമിക ഭീകരര്‍ ലോകവ്യാപകമായി ആവിഷ്‌കരിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരായ യുവാക്കളെയും പ്രൊഫഷണലുകളെയും സിനിമാതാരങ്ങളെയും പോലും മതഭീകരവാദത്തിന്റെ അംബാസിഡര്‍മാരാക്കി മാറ്റിയെടുക്കാനുള്ള അവരുടെ നീക്കങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ തന്നെ പഴക്കമുണ്ട്.
കലയും കലാലയവും ഉള്‍പ്പെടെ സമൂഹ ജീവിതത്തിന്റെ സമസ്ത സ്വാധീന മണ്ഡലങ്ങളെയും മതവല്‍ക്കരിക്കുകയും അതിലൂടെ മതകലാപങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്യുന്ന രീതിശാസ്ത്രമാണ് ഇസ്ലാമിസം പിന്‍പറ്റുന്നത്. ഏറ്റവുമൊടുവില്‍ നടന്ന ദല്‍ഹി ഭീകരാക്രമണത്തിന്റെ അന്വേഷണം ചെന്നു നില്‍ക്കുന്നത് അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയുടെ അകത്തളങ്ങളിലാണ് എന്നത് ഇസ്ലാമിസത്തിന്റെ ചരിത്രം അറിയുന്നവരെ സംബന്ധിച്ചേടത്തോളം അത്ഭുതകരമോ അവിശ്വസനീയമോ അല്ല. ‘വൈറ്റ് കോളര്‍ ടെററിസം’ എന്ന സംജ്ഞ പ്രയോഗത്തിലും പ്രചാരത്തിലും വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മാധ്യമപ്രവര്‍ത്തകരും ഡോക്ടര്‍മാരും കോളേജ് അധ്യാപകരും ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ മേഖലകളിലേക്ക് ഭീകരശൃംഖലകള്‍ വേരിറങ്ങി ശക്തിപ്രാപിച്ചിരുന്നു.
കലാലയങ്ങളില്‍ നിന്ന് കലാപകാരികളെ വിളയിച്ചെടുക്കാനുള്ള ഇസ്ലാമിസ്റ്റ് നീക്കങ്ങള്‍ അടുത്ത കാലത്തൊന്നും ആരംഭിച്ചതല്ല. ഭാരതത്തില്‍ വിഭജനവാദത്തിന്റെ വിത്തുപാകിയതില്‍ പ്രധാനപ്പെട്ട ഒരു പങ്ക് സര്‍ സയ്യിദ് അഹമ്മദ് ഖാനും അലിഗഡ് മുസ്ലിം സര്‍വകലാശാലയ്ക്കുമുണ്ട്. മുസ്ലിങ്ങളെ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ നിന്ന് പിന്മാറ്റാനും അവരെ ബ്രിട്ടീഷ് അനുകൂലികളാക്കി മാറ്റാനും അക്ഷീണം പ്രയത്‌നിച്ച സര്‍ സയ്യിദ് അഹമ്മദ്ഖാനാണ് വാസ്തവത്തില്‍ പാകിസ്ഥാന്റെ പിറവിക്ക് ആശയപരമായ അടിത്തറയൊരുക്കിയത്. അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെ ബീജാവാപത്തിലൂടെ ‘ബ്രിട്ടീഷുകാര്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ ഒരു ഒത്തുതീര്‍പ്പ് കൊണ്ടുവരികയും മുസ്ലിങ്ങള്‍ക്കിടയില്‍ ആധുനിക വിദ്യാഭ്യാസം നടപ്പാക്കുകയും ചെയ്യുകയെന്ന ഇരട്ടദൗത്യമാണ് അഹമ്മദ്ഖാന്‍ മുമ്പില്‍ വെച്ചതെന്ന്’ ‘ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ്’ എന്ന പുസ്തകത്തില്‍ ചരിത്രകാരനായ ആര്‍.സി. മജുംദാര്‍ നിരീക്ഷിക്കുന്നു (പേജ് 422-23). രാജ്യത്ത് തീവ്രവാദക്കേസുകളില്‍ വിവിധ കാലങ്ങളിലായി അറസ്റ്റ് ചെയ്യപ്പെട്ട പലരും അലിഗഡ് സര്‍വകലാശാലയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായിരുന്നു. 2011 കാലത്ത് ഇത്തരം കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട 146 ല്‍ 120 പേരും അലിഗഡില്‍ പഠിച്ചിറങ്ങിയവരായിരുന്നു. 1977 ഏപ്രില്‍ 25ന് അലിഗഡില്‍ വെച്ചാണ് പിന്നീട് നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ സിമി രൂപീകരിക്കപ്പെട്ടത്.
2014 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയ ശേഷം രാജ്യത്തെ പ്രധാനപ്പെട്ട ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി സമരത്തിന്റെ മറവില്‍ മതഭീകരവാദത്തിന്റെ ഭീഷണമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ‘ഭാരത് തേരേ ടുക്‌ഡേ ഹോംഗേ, ഇന്‍ഷാ അള്ളാ! ഇന്‍ഷാ അള്ളാ’ എന്ന് ജെഎന്‍യുവിലും, ‘ഹം ലേകേ രഹേംഗേ ആസാദി, ഇന്‍ കാഫിറോം സേ ആസാദി’ എന്ന് ഭുവനേശ്വറിലും മുദ്രാവാക്യം മുഴങ്ങി. ഒരുപടി കൂടി കടന്ന് പാക് തീവ്രവാദികളും, കശ്മീരിലെ വിഘടനവാദികളും ഒരുപോലെ ഉപയോഗിക്കാറുള്ള, പാകിസ്ഥാനി കവിയായിരുന്ന ഫൈസ് അഹമ്മദ് ഫൈസിന്റെ ‘മേരേ ദില്‍, മേരേ മുസാഫിര്‍’ എന്ന കവിതാസമാഹാരത്തിലെ ‘ഹം ദേഖേംഗേ’ എന്ന കവിതയിലെ വരികള്‍ കാണ്‍പൂര്‍ ഐഐടിയില്‍ ഉയര്‍ന്നുപൊങ്ങി.
ഹിജാബിലെ ഹിഡണ്‍ അജണ്ടകള്‍
ആഗോള ഭീകരവാദത്തിന്റെ ആയുധപ്പുരയും ആയോധനശാലയുമായ കേരളത്തില്‍ അടുത്തിടെ കലയെയും കലാലയങ്ങളെയും സവിശേഷമായി ഉന്നമിട്ടുകൊണ്ടുള്ള മതഭീകരവാദത്തിന്റെ വിഷദംഷ്ട്രകള്‍ വ്യാപകമായി വെളിയില്‍ വരാന്‍ തുടങ്ങിയിട്ടുണ്ട്. മാപ്പിള കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അത് കൂടുതലായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കേരളത്തില്‍ രാഷ്ട്രീയം, മാധ്യമം, സിനിമ, വിദ്യാഭ്യാസം തുടങ്ങി സമൂഹത്തിന്റെ സര്‍വ്വമേഖലകളുടെയും ഇസ്ലാമികവല്‍ക്കരണത്തിന് വേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമം നടക്കുകയാണ്. 2023ല്‍ കോഴിക്കോട് വെച്ച് നടന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഉയര്‍ന്ന ഭക്ഷണവിവാദം യാദൃച്ഛികമായിരുന്നില്ല. അന്ന് കലോത്സവത്തിന്റെ അടുക്കളയില്‍ അടുപ്പ് പുകയുന്നതിന് മുന്‍പ് തന്നെ പാചകക്കാരന്റെ ജാതിയും ഭക്ഷണത്തിന്റെ ശുദ്ധിയും സംബന്ധിച്ച തീയും പുകയും പൊതുമധ്യത്തില്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. കലോത്സവത്തില്‍ നടക്കുന്നത് പ്രസാദമൂട്ടല്ല എന്ന വിമര്‍ശനം ദുരൂഹവും ദുരുപദിഷ്ടവുമായിരുന്നു. കുട്ടികളുടെ കലോത്സവത്തില്‍ സസ്യേതര ഭക്ഷണം വിളമ്പണമെന്ന ദുഷ്ടലാക്കോടെയുള്ള ആവശ്യം സമൂഹത്തില്‍ വര്‍ഗീയ വിഭജനം സൃഷ്ടിക്കാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണെന്ന് സുവ്യക്തമാണ്.

കലോത്സവത്തിലെ ഭക്ഷണവിവാദത്തിനു പിന്നാലെ കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംഘടിതമായ തരത്തില്‍ മതശാഠ്യങ്ങള്‍ ഉയര്‍ന്നുവന്നു. മൂവാറ്റുപുഴ നിര്‍മ്മല കോളേജിലും കോതമംഗലം പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളിലും നിസ്‌കാരസ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. 2020 ല്‍ ഓപ്പറേഷന്‍ തീയേറ്ററിനുള്ളില്‍ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പാളിന് കത്ത് നല്‍കി. ഏറ്റവുമൊടുവില്‍ പള്ളുരുത്തി സെന്റ് റീത്താസ് വിദ്യാലയത്തിലെ ചില വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മതസ്വത്വത്തിന്റെ ഭാഗമായ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും രക്ഷകര്‍ത്താക്കളും മതഭീകരവാദ സംഘടനകളും ചേര്‍ന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതിന്റെ പേരില്‍ വിദ്യാലയം ദിവസങ്ങളോളം അടച്ചിടേണ്ടി വന്നു. 1992 ല്‍ തൃശ്ശൂരിലെ പാവറട്ടി സ്‌കൂളില്‍ പതിവിനു വിപരീതമായി തൊപ്പി ധരിച്ചുവരാനുള്ള ഒരു വിഭാഗം മുസ്ലിം കുട്ടികളുടെ നിര്‍ബന്ധബുദ്ധി മാസങ്ങളോളം അവിടെ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. 2022 ല്‍ ഉഡുപ്പിയിലെ വിദ്യാലയത്തില്‍ ഹിജാബ് നിരോധിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികള്‍ കര്‍ണ്ണാടക ഹൈക്കോടതി തള്ളിയിരുന്നു. വിദ്യാര്‍ത്ഥികളുടെ കേവലം വിശ്വാസപരമായ ആവശ്യമല്ല ഈ സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്. മറിച്ച് ഒരു ബഹുസ്വര സമൂഹത്തിനുമേല്‍ മതാധിപത്യം ഉറപ്പിച്ചെടുക്കാനുള്ള മതഭീകരവാദികളുടെ ബോധപൂര്‍വമായ ഒളിയജണ്ടകള്‍ ഇതിനുപിന്നിലുണ്ട്.

വിദ്യാലയങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ ഹിജാബും നിസ്‌കാരസ്ഥലവും മാത്രമല്ല മതമൗലികവാദികള്‍ അവസരമാക്കിയത്. വിദ്യാലയങ്ങളുടെ മതേതര അന്തരീക്ഷം പാടേ തകര്‍ക്കാനും വിദ്യാര്‍ത്ഥി മനസ്സുകളില്‍ സങ്കുചിത മതബോധം അടിച്ചേല്‍പ്പിക്കാനും തുടര്‍ച്ചയായി ശ്രമങ്ങള്‍ നടന്നു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയപ്പോള്‍ മുസ്ലിം സംഘടനകള്‍ അതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. മലപ്പുറം പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനിടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ക്ഷണിക്കപ്പെട്ട് വേദിയിലേക്ക് വന്ന മുസ്ലിം പെണ്‍കുട്ടിയെ സമസ്ത നേതാവ് അപമാനിച്ച് ഇറക്കിവിട്ടു. പാഠപുസ്തകങ്ങളില്‍ ദേശവിരുദ്ധവും മതസ്പര്‍ധ വളര്‍ത്തുന്നതുമായ ഉള്ളടക്കങ്ങള്‍ ഉണ്ടെന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് 2016 ല്‍ എറണാകുളം ചക്കരപ്പറമ്പിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിയത്. 2021 ഡിസംബര്‍ ആറിന് പത്തനംതിട്ട കോട്ടാങ്ങലിലെ സെന്റ് ജോര്‍ജ്ജ് സ്‌കൂളില്‍ ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട വിദ്യാര്‍ത്ഥികളുടെ നെഞ്ചില്‍ നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ‘ഞാന്‍ ബാബറി’ എന്ന ബാഡ്ജ് അടിച്ചേല്‍പ്പിച്ച സംഭവമുണ്ടായി. പിന്നീട് കേരളത്തിലെ സ്‌കൂള്‍ പ്രവേശനോത്സവങ്ങളില്‍ പലയിടത്തും അറബിക് വാചകങ്ങളടങ്ങിയ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടു. സ്‌കൂളുകളിലെ സുംബ ഡാന്‍സ് ധാര്‍മ്മികതയ്ക്ക് ക്ഷതമേല്പിക്കുന്നതാണെന്ന് പോലും മുസ്ലിം സംഘടനകള്‍ നിലപാടെടുത്തു.

മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് ഭരിച്ച കാലത്തെല്ലാം വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവല്‍ക്കരിക്കാനുള്ള സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ നടന്നു. 1967 ലെ ഇഎംഎസ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സി.എച്ച്. മുഹമ്മദ് കോയ നടത്തിയ പരിഷ്‌കാരങ്ങള്‍ മുസ്‌ലിം വര്‍ഗീയതയ്ക്ക് ആക്കം കൂട്ടുന്നവയായിരുന്നു. വെള്ളിയാഴ്ചയിലെ സ്‌കൂള്‍ സമയപരിഷ്‌കരണം ഇതിന്റെ ഭാഗമായിരുന്നു. മുസ്ലിം സ്‌കൂളുകളില്‍ മുസ്ലിം അധ്യാപകര്‍ മതിയെന്ന നിര്‍ദ്ദേശം പോലും മുന്നോട്ടു വെക്കപ്പെട്ടു. ലീഗ് വിദ്യാഭ്യാസ വകുപ്പ് കയ്യാളുമ്പോഴാണ് മതകലണ്ടര്‍ നടപ്പില്‍ വരുത്തിയത്. മലപ്പുറത്ത് അറബി സര്‍വകലാശാല വേണമെന്ന ആവശ്യം പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ക്ക് മടിയില്ല. തിരൂരിലെ തുഞ്ചന്‍ പറമ്പില്‍ ഭാഷാപിതാവായ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ എതിര്‍പ്പുയര്‍ന്നത് മതപരമായ കാരണങ്ങളാലാണ്. നേരത്തെ യുഡിഎഫ് ഭരണകാലത്ത് മുസ്ലിം ലീഗിന്റെ വിദ്യാഭ്യാസ മന്ത്രി ‘ഗംഗ’ എന്ന ഔദ്യോഗിക വസതിയുടെ പേര് ‘ഗ്രേസ്’ എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. പൊതുവേദികളില്‍ നിലവിളക്ക് കൊളുത്തുന്നതിനെയും അദ്ദേഹം എതിര്‍ത്തു. ഇതേ വ്യക്തി വിദ്യാഭ്യാസ വകുപ്പ് ഭരിക്കുമ്പോഴാണ് സ്വന്തം മണ്ഡലമായ തിരൂരങ്ങാടിയിലെ ചില സ്‌കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡുകളുടെ നിറം മാറ്റി പച്ചയാക്കിയതും, സര്‍വശിക്ഷാ അഭിയാന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ഘോഷയാത്രയിലും ഉദ്ഘാടനച്ചടങ്ങിലും അധ്യാപികമാര്‍ പച്ച ബ്ലൗസ് ധരിച്ച് എത്തണമെന്ന എസ്എസ്എ പ്രൊജക്ട് ഓഫീസറുടെ ഉത്തരവ് വിവാദമായതും. കേരളത്തിലെ പാഠപുസ്തകങ്ങളില്‍ പോലും പലപ്പോഴായി മതമൗലികവാദത്തിന്റെ സ്വാധീനം പ്രകടമായി. മുന്‍പ് കാലിക്കറ്റ് സര്‍വകലാശാല ബിരുദവിദ്യാര്‍ഥികള്‍ക്കുള്ള ഇംഗ്ലീഷ്പാഠ പുസ്തകത്തില്‍ അല്‍-ഖ്വയ്ദ ഭീകരന്‍ അല്‍ റുബായിഷിന്റെ ‘ഓഡ് ടു ദ സീ’ എന്ന കവിത ഉള്‍പ്പെടുത്തിയിരുന്നു. 2012 ല്‍ ഇതേ സര്‍വകലാശാലയാണ് തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് മലയാളം ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ‘കേരള സംസ്‌കാരം-അധിനിവേശവും ആധുനികതയും’ എന്ന പുസ്തകം പിന്‍വലിച്ചത്. ടിപ്പുവിന്റെ പടയോട്ടങ്ങളുടെ ഭാഗമായി നടന്ന കൊടിയ ക്രൂരതകളുടെ സാക്ഷിരേഖകള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത് മുസ്ലിം വിദ്യാര്‍ത്ഥികളുടെ മതവികാരത്തെ വ്രണപ്പെടുത്തും എന്നായിരുന്നു അന്ന് സര്‍വകലാശാല അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്.
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിസിയായി മുസ്ലിങ്ങളേ പാടുള്ളൂ എന്ന മാനദണ്ഡം ഇരുമുന്നണികളും ചേര്‍ന്ന് നടപ്പിലാക്കി. 1989 ല്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ അഞ്ചാം ക്ലാസ് പുസ്തകത്തില്‍ ഭാരതീയ ഇതിഹാസ പുരുഷന്മാരെ നിന്ദിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. 2003 ലെ ഒന്‍പതാം ക്ലാസ് പാഠപുസ്തകം ഭാരത സംസ്‌കാരത്തെ അധിക്ഷേപിക്കുകയും ഇസ്ലാമിനെ പാടിപ്പുകഴ്ത്തുകയും ചെയ്യുന്ന രീതിയിലായിരുന്നു. 2011 കാലത്ത് അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള സാമൂഹ്യശാസ്ത്രം പാഠപുസ്തകം കാശ്മീര്‍ ലയനത്തെ സംബന്ധിച്ച പാകിസ്ഥാന്‍വാദങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. മാത്രമല്ല, കാശ്മീരിന്റെ ഭാഗങ്ങള്‍ പാകിസ്ഥാനില്‍ ഉള്‍പ്പെടുന്ന തരത്തിലുള്ള ഭൂപടങ്ങളും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടു. സംസ്ഥാനത്തെ സാങ്കേതിക വിദ്യാലയങ്ങളില്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നിട്ട് ഏറെക്കാലമായിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന വര്‍ഗീയ മുദ്രാവാക്യം മുന്നോട്ടുവെച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ സിമിയായിരുന്നു. കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ടു വിദ്യാര്‍ഥികള്‍ അറസ്റ്റിലായപ്പോള്‍ അതിനെതിരെ പ്രചാരണം നടത്തിയതും ജമാഅത്തെ ഇസ്ലാമിയാണ്.
കലാലയങ്ങളെ കലാപഭൂമിയാക്കാന്‍ നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രിതമായ പ്രവര്‍ത്തനപദ്ധതി ആവിഷ്‌കരിച്ചിരുന്നു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ വെച്ച് എബിവിപി പ്രവര്‍ത്തകനായ വിശാലിനെയും കണ്ണൂര്‍ പള്ളിക്കുന്നില്‍ വെച്ച് സച്ചിന്‍ ഗോപാലിനെയും അവര്‍ കൊലപ്പെടുത്തി. എറണാകുളം മഹാരാജാസ് കോളേജില്‍ വെച്ച് എസ്എഫ്‌ഐ നേതാവായ അഭിമന്യുവിനെ വകവരുത്തിയതും കൃത്യമായ മുന്നൊരുക്കത്തോടെയായിരുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് അഭിമന്യു കേസിലെ രേഖകള്‍ കോടതിയില്‍ വെച്ച് അപ്രത്യക്ഷമായത്. കലാലയ രാഷ്ട്രീയത്തിന്റെ മറവില്‍ വിദ്യാര്‍ത്ഥി സംഘടനകളില്‍ കൃത്യമായി മതഭീകരവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തിന്റെ പേരില്‍ ശ്രീകൃഷ്ണ കോളേജില്‍ വെച്ച് എസ്എഫ്‌ഐക്കാര്‍ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത് മതഭീകരവാദികളെ പ്രീതിപ്പെടുത്താനായിരുന്നു. കലാലയങ്ങളില്‍ കലാപം പടര്‍ത്തി അരാജകത്വം സൃഷ്ടിക്കാനുള്ള മതഭീകരവാദികളുടെ ശ്രമം ഒറ്റപ്പെട്ടതല്ല. മതഭീകരര്‍ ലൗജിഹാദിന്റെ റിക്രൂട്ട്മെന്റ് സെന്ററായി തിരഞ്ഞെടുത്തിരിക്കുന്നതും കലാലയങ്ങളെയാണ്. കലാലയങ്ങില്‍ നിന്ന് കലാപകാരികളെ വാര്‍ത്തെടുത്ത് രാജ്യത്ത് ആഭ്യന്തരകലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുകയാണ്. നേപ്പാളിന് സമാനമായി യുവാക്കള്‍ തെരുവിലിറങ്ങി കോണ്‍ഗ്രസിനെ അധികാരത്തിലേറ്റുമെന്ന പ്രതീക്ഷയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ‘ജെന്‍സി’ പ്രക്ഷോഭകാരികളോട് ആഹ്വാനങ്ങള്‍ മുഴക്കുകയാണ്. കലോത്സവങ്ങളിലും കലാലയങ്ങളിലും അരങ്ങേറുന്ന കലാപാഹ്വാനങ്ങളുടെ അപകടം വലുതാണെന്നര്‍ത്ഥം.
കലയിലും കലാപക്കൊടി
അടുത്ത കാലത്തായി കേരളത്തിലെ കലാലയങ്ങളിലും കലോത്സവങ്ങളിലും മതഭീകരവാദത്തിന്റെ സ്വാധീനം വളരെയേറെ പ്രകടമാണ്. പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ മറവില്‍ കേരള സര്‍വകലാശാലാ കലോത്സവത്തിന് ‘ഇന്‍തിഫാദ’ എന്നു പേരു നല്‍കപ്പെട്ടത് നിഷ്‌കളങ്കമായല്ല. ഇത്തവണ സ്‌കൂള്‍ കലോത്സവങ്ങളില്‍ പലയിടത്തും ഹമാസ് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന കലാപ്രദര്‍ശനങ്ങള്‍ അരങ്ങേറുകയുണ്ടായി. വെള്ളിയാഴ്ച ദിവസം കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കലോത്സവ മാന്വലില്‍ അനുവദനീയമല്ലാത്ത കഫിയ ധരിച്ച് വിദ്യാര്‍ത്ഥികള്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ മൂകാഭിനയം അവതരിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ കര്‍ട്ടനിട്ട് പരിപാടി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ വിദ്യാഭ്യാസമന്ത്രിയുടെ പിന്തുണയോടെ മറ്റൊരു ദിവസം അതേവേദിയില്‍ വീണ്ടും പരിപാടി അവതരിപ്പിക്കപ്പെട്ടു. ഇക്കഴിഞ്ഞ മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ‘വീരനാട്യം’ എന്ന നാടകം മതവിദ്വേഷവും അസഭ്യവര്‍ഷവും ഉള്‍ക്കൊള്ളുന്നതായിരുന്നു. കോട്ടൂര്‍ എകെഎം എച്ച്എസ്എസ് അവതരിപ്പിച്ച നാടകം ഭാരതീയ സംസ്‌കാരം സ്ത്രീവിരുദ്ധമാണെന്ന് സ്ഥാപിക്കാനുള്ള ആഖ്യാനനിര്‍മ്മിതിയുടെ ഭാഗമാണ്. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലെ സ്ത്രീരത്‌നങ്ങളെ വികലമായി ചിത്രീകരിച്ചത് ഇതിന്റെ ഭാഗമായാണ്. ഗാന്ധാരി, സീത തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളെ അധിക്ഷേപകരമായി അവതരിപ്പിച്ച് ഭാരതീയ ഇതിഹാസങ്ങളെ വിപരീതവായനയ്ക്ക് വിധേയമാക്കുന്നതാണ് നാടകത്തിന്റെ ഉള്ളടക്കം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെക്കൊണ്ട് അസഭ്യവര്‍ഷം നടത്തിക്കുന്ന നാടകം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ കേരളീയ കലാപാരമ്പര്യത്തിന്റെ സാംസ്‌കാരികപ്പെരുമ തകര്‍ക്കാനും കലയെ സംസ്‌കാരവിരുദ്ധമാക്കാനുമുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ്. അസഭ്യവും അശ്ലീലവും അധിക്ഷേപാര്‍ഹവുമായ ഒരു കലാസൃഷ്ടിക്ക് കലോത്സവ വേദിയില്‍ അംഗീകാരം നല്‍കുന്നത് അക്ഷന്തവ്യമായ അപരാധം തന്നെയാണ്.വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന ദിവസം വിദ്യാര്‍ത്ഥികള്‍ ദേശഭക്തിഗാനം പാടിയപ്പോള്‍ അതിനെ വിവാദമാക്കിയവര്‍ കലോത്സവങ്ങളിലെ ഈ ഹൈന്ദവ നിന്ദകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതഭീകരവാദത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനും അതിനെ എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനും ശ്രമം നടക്കുകയാണ്. 2010 ല്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രവാചകനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായ ടി.കെ. ജോസഫിന്റെ കൈവെട്ടിയത് മറക്കാവുന്നതല്ല. ഇസ്ലാം മതസ്ഥര്‍ ഓണാഘോഷത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന തൃശ്ശൂരിലെ ഒരു സ്‌കൂള്‍ അധ്യാപിക നടത്തിയ ആഹ്വാനത്തോട് കേരളത്തിലെ മതേതര രാഷ്ട്രീയ കക്ഷികള്‍ പുലര്‍ത്തിയ നിശബ്ദത കുറ്റകരമാണ്. വിദ്യാലയങ്ങളിലെ ഗുരുപൂജയെപോലും സര്‍ക്കാര്‍ എതിര്‍ക്കുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ പൗരത്വ നിയമഭേദഗതിക്ക് പിന്തുണ നല്‍കിയതിന്റെ പേരില്‍ പാലത്തായി പീഡനക്കേസില്‍ പ്രതിയാക്കപ്പെട്ട സ്‌കൂള്‍ അധ്യാപകനെ അനുകൂലിക്കുന്നവരോട് ബലാത്സംഗത്തിന്റെ ഭയാനകതയെക്കുറിച്ച് മതഭീകരവാദികള്‍ ക്ലാസെടുക്കുകയാണ്. ഇസ്രായേലിന്റെ അതിര്‍ത്തി കടന്ന് അവരുടെ സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്ത ഹമാസിന് അനുകൂലമായി കേരളത്തിന്റെ തെരുവോരങ്ങളില്‍ പരസ്യമായി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചവരും സ്ത്രീപീഡനക്കേസില്‍ പ്രതിയായ വേടന്റെ പാട്ടുകള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിക്കുകയും ചെയ്യുന്നവരാണ് പാലത്തായിയിലെ, കെട്ടിച്ചമച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും സാക്ഷ്യപ്പെടുത്തിയ പീഡനക്കേസില്‍ പ്രതിഷേധവുമായി രംഗത്ത് വരുന്നത്. കലയെയും കലാലയത്തെയും കൈപ്പിടിയിലൊതുക്കി സമൂഹത്തില്‍ വിഭജന രാഷ്ട്രീയത്തിന്റെ കലാപക്കൊടി നാട്ടാനുള്ള ഗൂഢശ്രമങ്ങളെ കേരളം കരുതിയിരിക്കേണ്ടതുണ്ട്.






















