‘ഏണിചാരിയിറങ്ങുംവെയിലും കണ്ണുപൊത്തിക്കളിക്കും നിഴലും’ ഒളിഞ്ഞു നോക്കുമ്പോള്‍ അതില്‍ ബാല്യത്തെക്കാണുന്ന കവി രേഖ ആറിന്റെ കവിത ഭാഷാപോഷിണി നവംബര്‍ ലക്കത്തില്‍ വായിച്ചു. മനോ ഹരം! ”പാളമേലേറിചാഞ്ഞും ചരിഞ്ഞും ആഞ്ഞു പിന്നിലേയ്ക്കാളുന്നൊരോര്‍മ ആടിവീഴാതെയത്തണുങ്ങിന്റെ ഓല മേല്‍ ബാല്യം നാടുകാണുന്നു” എന്ന് കവി ബാല്യത്തിലേയ്ക്ക് ഉറ്റു നോക്കുമ്പോള്‍ നമ്മളും ഒപ്പം നോക്കിപ്പോകുന്നു. ‘സാറ്റേ’ എന്ന് പേരും കവിതയ്ക്ക് ഇണങ്ങുന്നതുതന്നെ. പഴയകാലത്ത് ഒളിച്ചു കളിച്ച് സാറ്റ് പറയാത്തവര്‍ കുട്ടികളില്‍ ഉണ്ടാവാനിടയില്ല. പ്രത്യക്ഷത്തില്‍ ഒരിംഗ്ലീഷ് പദം പോലെ തോന്നിപ്പിക്കുന്ന ‘സാറ്റ്’ എന്ന വാക്ക് കുട്ടികളുടെ കളിയില്‍ എങ്ങനെ വന്നുപെട്ടു എന്നറിയില്ല. ‘സാട്ട’ എന്നൊരു മറാത്തി പദം മലയാളത്തില്‍ വന്നതായി ശബ്ദതാരാവലിയില്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ അതിന്റെ അര്‍ത്ഥം മൊത്തക്കച്ചവടം എന്നാണ്. അതില്‍ നിന്നു വന്നതാകാന്‍ ഇടയില്ല. വാക്കുകളെ കുറിച്ചന്വേഷിക്കുന്ന കെ.സി. നാരായണനെപ്പോലുള്ളവര്‍ ഈ പദത്തിന്റെ ഉല്‍പ്പത്തി തിരഞ്ഞു കണ്ടുപിടിക്കട്ടെ.
എന്തായാലും രേഖ ആറിന്റെ കവിത ആസ്വാദ്യമാണ്. ബാല്യം ഏവരേയും മോഹിപ്പിക്കുന്നതാണ്. ധാരാളം കവികള്‍ കുട്ടിക്കാലത്തെ കവിതയിലൂടെ വീണ്ടെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതൊക്കെ ചേതോഹരങ്ങള്‍ തന്നെ. ‘Ode on intimations of immortality from recollections of early childhood’ എന്ന നീണ്ട പേരുള്ള വേര്‍ഡ്‌സ്‌വര്‍ത്തിന്റെ കവിത മുതല്‍ ഡിലന്‍ തോമസിന്റെ ‘Fern Hill’ വരെ നൂറുകണക്കിനു ബാല്യ സ്മൃതികള്‍ ഇംഗ്ലീഷ് കവിതയില്‍ കാണാം. ബാല്യത്തെ മലയാള കവികളും പലപ്പോഴും ഇടവിട്ട് ഇടവിട്ട് സ്മരിക്കുന്നുണ്ട്. ”അറിവിന്‍ വെളിച്ചമേ ദൂരെപ്പോ ദൂരെപ്പോ വെറുതെ സൗന്ദര്യത്തെ കണ്ടകണ്‍ പൊട്ടിച്ചുനീ” എന്നു ജി. ശങ്കരക്കുറുപ്പ് വ്യാകുലപ്പെടുന്നതുപോലെ ഡൈലന്‍തോമസും ”Time held me green and dying though I sang in my chains like the sea” എന്നിങ്ങനെ തന്റെ നിസ്സഹായത വെളിവാക്കുന്നു. യൗവ്വനവും മരണവുമെല്ലാം കാലത്തിന്റെ തീരുമാനങ്ങളാണ്. അതിന് എല്ലാവരും വഴങ്ങിയേ മതിയാകൂ! ആ ചങ്ങലകളില്‍ ബന്ധിതനാണെങ്കിലും നിരന്തരം പാടുന്ന കടലിനെപ്പോലെ കവിയും പാടുന്നുവെന്നു മാത്രം.
”പത്തലൊന്നെടുത്തായത്തില്‍ വീശി!
പന്തുപോല്‍ വട്ടം ചുറ്റിയെറിഞ്ഞ്
ദൂരെയേതോ വിതാനത്തിലേയ്ക്ക്
ജീവിതമിന്നു ഗോളടിക്കുന്നു”
എന്ന് രേഖയെന്ന കവി പറയുമ്പോഴും ഡൈലന്‍ തോമസ് സൂചിപ്പിച്ച നിസ്സഹായതയുണ്ട്.
”ദീര്‍ഘമാം പാതയോരവളവില്‍
പേയിളകി കടിക്കുന്ന കാലം
ചാടി വീണതിന്‍ കോമ്പല്ലിറക്കി
നൂറുനൂറായിട്ടീമ്പിക്കുടിക്കേ”
കവിക്ക് എന്തു ചെയ്യാനാകും; ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. കാലത്തിന്റെ നിശ്ചയങ്ങള്‍ക്കു നിസ്സഹായരായി കീഴടങ്ങേണ്ടി വരുന്ന മനുഷ്യന്റെ ദുര്‍വിധി എല്ലാ കവികളേയുമെന്ന പോലെ ഈ കവിയേയും തുറിച്ചു നോക്കുന്നു. ധാരാളം ഗ്രാമ്യപദങ്ങള്‍ കവിതയില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അവയൊന്നും നമ്മളെ മടുപ്പിക്കുന്നില്ല. പാള, തണുങ്ങ്, വരത്തുപോക്ക് ഇട്ടൂലി, സീതത്താലി, പത്തല്‍ എന്നിവയൊക്കെ പ്രാദേശിക സ്വഭാവമുള്ള പദങ്ങളാണ്. അതില്‍ ഇട്ടൂലിക്കും സീതത്താലിക്കും സാറ്റിനും കവി വിശദീകരണം കൊടുത്തിട്ടുണ്ട്. സ്ഥാനത്തും അസ്ഥാനത്തും നാടന്‍പദങ്ങള്‍ കുത്തിത്തിരുകി കവിതയെ കൊന്നു കളയുന്ന ചിലരുടെ വഴി ഈ കവി തിരഞ്ഞെടുക്കുന്നില്ല എന്നത് ആശ്വാസം. തീര്‍ച്ചയായും നല്ലൊരു വായനാനുഭവം പ്രദാനം ചെയ്തതില്‍ കവിയെ അഭിനന്ദിക്കുന്നു.
അസംബന്ധകവിത (Absurd poetry) എന്നൊരു സമ്പ്രദായം ഇംഗ്ലീഷ് സാഹിത്യത്തിലുണ്ട്. ചിലര്‍ ടി.എസ്. എലിയറ്റിന്റെ ‘Waste land, The love song of J Alfred prufrock’, ലിവിസ് കാരല്‍ (Lewis carroll)ന്റെ ‘Jabber- wocky’ എന്നിവയെ ആ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എലിയറ്റിന്റെ കവിതകളിലെ അപൂര്‍വ്വം ചില ഭാഗങ്ങളൊഴിച്ചാല്‍ ബാക്കിയൊക്കെ ഒരു സാധാരണ വായനക്കാരന് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ ലിവിസ് കാരല്‍ ബോധപൂര്‍വ്വം സങ്കീര്‍ണത സൃഷ്ടിക്കാനാണ് തന്റെ നോവലായ ‘Through the Looking Glass’-Â ‘Jabberwocky’ പോലൊരു അസംബന്ധകവിത ഉള്‍പ്പെടുത്തിയത്. 28 വരികളുള്ള ആ കവിതാഭാഗം കവിയുടെ തന്നെ വിശദീകരണമില്ലെങ്കില്‍ ആര്‍ക്കും ഒന്നും പിടികിട്ടില്ല.
‘Twas brillig, and the slithy toves.
Did gyre and gimble in the wabe:
All mimsy were the borogoves
And the mome raths outgrabe.
ഈ വരികള്‍ കവിതയുടെ അവസാനത്തിലും ആരംഭത്തിലുമുള്ളതാണ്. കവിയുടെ വിശദീകരണമില്ലെങ്കില്‍ ആര്‍ക്കും ഇതില്‍ നിന്നും ഒന്നും വായിച്ചെടുക്കാന്‍ കഴിയില്ല. ‘It was brillig’ എന്നതിന്റെ അര്‍ത്ഥം വൈകുന്നേരം നാലു മണി എന്നാണത്രേ! കാരണം ആ സമയത്താണ് ഡിന്നര്‍ ബ്രോയില്‍ (broil) ചെയ്യുന്നത്. broil എന്ന പദത്തില്‍ നിന്നും നോവലിസ്റ്റായ കവി സൃഷ്ടിച്ചെടുത്തതാണ് യൃശഹഹശഴ. ഇതുപോലെ ഓരോ വാക്കുകള്‍ക്കും ലിവിസിന്റെ സ്വന്തം അര്‍ത്ഥകല്പനകള്‍ ഉണ്ട്. അത് മനസ്സിലാക്കിയാലേ ഈ അസംബന്ധകവിത വായിച്ചു വ്യാഖ്യാനിക്കാന്‍ കഴിയൂ. എലിയറ്റ് ഗൗരവത്തോടെ എഴുതിയ ആധുനിക കവിതകളായിരുന്നെങ്കില്‍ കാരല്‍ ലിവിസ് മനഃപൂര്‍വ്വം സൃഷ്ടിച്ച ചില അസംബന്ധങ്ങളായിരുന്നു. ഭാഷാപോഷിണിയില്‍ പി.ടി. ബിനു എന്ന കവി ഇതുപോലെ ബോധപൂര്‍വ്വം ഒരു അസംബന്ധകവിത എഴുതാന്‍ ശ്രമിച്ചിരിക്കുന്നു. ‘എനിക്കറിയാവുന്ന ചില കാര്യങ്ങള്‍’ എന്നാണു കവിതയുടെ പേര്. ‘നദികള്‍ ശലഭങ്ങളായി ചുരുങ്ങിയ ഇലയുടെ ഭാഷയിലാണ് കാട് പച്ചയാകുന്നത് മാനുകള്‍ തലോടുന്നതു കൊണ്ടാണ് വേരുകള്‍ ജലത്തില്‍ നിന്ന് പൂവുകള്‍ സ്വീകരിക്കുന്നത്” എന്നൊക്കെ പ്രത്യേകിച്ച് പരസ്പരബന്ധമൊന്നുമില്ലാതെ എഴുതിപ്പോകുന്നു. എന്നാല്‍ കവിതയില്‍ എല്ലായിടത്തും ഈ അസംബന്ധ സ്വഭാവം നിലനിര്‍ത്താന്‍ കവിക്കു കഴിയുന്നില്ല. ‘ആകാശമാകാന്‍ കടല്‍ കൊതിക്കുന്നതാണ് തിരകള്‍’ എന്നെഴുതിയാല്‍ അതില്‍ അസംബന്ധമൊന്നുമില്ല. നേരിട്ടു തന്നെ അര്‍ത്ഥോല്‍പാദനം നടക്കുന്നുണ്ടവിടെ. എന്നാല്‍ കൂടുതല്‍ വരികളും അര്‍ത്ഥശൂന്യമായതിനാല്‍ മലയാളത്തിലെ ആദ്യത്തെ അസംബന്ധകവി എന്നും പി.ടി. ബിനുവിനെ വിളിക്കാം.
അക്കിത്തത്തിന്റെ ജന്മശതാബ്ദി മുന്‍നിര്‍ത്തി വി.ടി. വാസുദേവന്‍ മലയാളം വാരികയില്‍ (നവംബര്‍ 17) എഴുതിയിരിക്കുന്ന ലേഖനം ‘അന്ധ ഗ്രാമക്കവലയില്‍ സ്‌നേഹദീപം കൊളുത്തുക’ ആ കവിത പോലെ മനോഹരമായിരിക്കുന്നു. ലേഖനത്തിലെ ഒരു വാക്യം കടമെടുക്കേണ്ടിയിരിക്കുന്നു. ‘ഒരു സോഷ്യലിസ്റ്റിന് ഫാസിസ്റ്റാകാന്‍ ഇപ്പോള്‍ ഒട്ടും ആലോചന വേണ്ട.’ ആദ്യകാലത്ത് സോഷ്യലിസ്റ്റായിരുന്ന അക്കിത്തം വളരെ പെട്ടെന്ന് ‘ഫാസിസ്റ്റാ’യ കവിയാണ്. എന്നാല്‍ സോഷ്യലിസത്തേക്കാള്‍ ഇന്ന് നാടിനു നന്മ ചെയ്യുന്നവര്‍ ഫാസിസ്റ്റുകളാണെന്നു വന്നിരിക്കുന്നു. ഫാസിസ്റ്റെന്ന വിളിപ്പേരില്‍ കുളിച്ചു നില്‍ക്കുന്നവരാണ് സോഷ്യലിസ്റ്റുകളേക്കാള്‍ വേഗത്തില്‍ ഈ രാജ്യത്തെ പട്ടിണിയില്‍ നിന്നും വിമോചിപ്പിച്ചത്. അമേരിക്കന്‍ സാമ്രാജ്യത്വം ഏറ്റവും അമര്‍ഷത്തോടെ കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നതും രാജ്യത്തിനു നന്മ ചെയ്യുന്ന ഈ ഫാസിസ്റ്റു പേരുകാരെയാണ്. ഒരു കാലത്ത് ജീവിതം തന്നെ വലിച്ചെറിഞ്ഞ് ഇടതു തീവ്രരാഷ്ട്രീയത്തിന്റെ പിറകേ പോയ പലരും ഇന്ന് സ്വമേധയാ ഫാസിസ്റ്റു കുപ്പായം എടുത്തണിഞ്ഞിരിക്കുന്നതു കാണാം. അതില്‍ നിന്നൊക്കെ ഒന്നു നമുക്കു മനസ്സിലാക്കാം, ഊര്‍ജ്ജം മുഴുവന്‍ ചോര്‍ന്നു പോയ ഈ പഴഞ്ചന്‍ സോഷ്യലിസത്തേക്കാള്‍ മാനവികമാണ് ഇന്നത്തെ ‘ഫാസിസം’ എന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. കവി പണ്ടു പാടി ”ബോംബിനായ് ദുര്‍വ്യായം ചെയ്യുമാണവോല്‍ബ്ബണ ശക്തിയാല്‍ അന്ധഗ്രാമക്കവലയില്‍ സ്‌നേഹദീപം – കൊളുത്തുക” കേള്‍ക്കാന്‍ സുഖമുള്ള വരികള്‍. ലോകത്തെ മുഴുവന്‍ തകര്‍ക്കാനായ് അമേരിക്കയും കൂട്ടാളികളും ഹൈഡ്രജന്‍ ബോംബിന്റെ വന്‍ശേഖരമൊരുക്കി കാത്തിരിക്കുമ്പോള്‍ പാകിസ്ഥാന്‍ തങ്ങളുടെ ന്യൂക്ലിയര്‍ ആയുധശേഷി വര്‍ഷംതോറും വര്‍ദ്ധിപ്പിക്കുമ്പോള്‍ നമുക്ക് സമാധാനത്തിന്റെ വെള്ളരി പ്രാവുകളായി ആണവശേഷി വേണ്ടെന്നു വയ്ക്കാനാവുമോ? ഒരിക്കലുമില്ല. കവിയുടെ ആഗ്രഹം ഏവര്‍ക്കുമുള്ളതുതന്നെ. എന്നാല്‍ പ്രായോഗികതലത്തില്‍ പ്രസക്തിയില്ലെങ്കില്‍ നമുക്കത് പിന്തുടരാന്‍ എങ്ങനെ കഴിയും.
കുട്ടികള്‍ വേണ്ടെന്നു വയ്ക്കുന്ന ദമ്പതികള്‍ (Child free family) ഇന്ന് സാധാരണമായിരിക്കുന്നു. ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ അതുവലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി പലയിടങ്ങളില്‍ നിന്നും വാര്‍ത്തകള്‍ വരുന്നു. 2024ല്‍ അവിടെ മരണം ജനനത്തെ പിന്‍തള്ളിയതായി പറയപ്പെടുന്നു. ഒരു മില്യണ്‍ വ്യത്യാസം ജനനത്തേക്കാള്‍ കൂടുതല്‍ മരണത്തില്‍ 2024ല്‍ ഉണ്ടായതായി കണക്കുകള്‍ കാണിക്കുന്നു. ജനസംഖ്യയുടെ നിലനില്‍പിന് 2.1 എന്ന നിരക്കില്‍ ജനനം ഉണ്ടാകണമെന്നാണ് ജനസഖ്യാശാസ്ത്രജ്ഞര്‍ പറയുന്നത്. ജപ്പാനില്‍ മാത്രമല്ല ഇന്ത്യയിലും ഹിന്ദുക്കളുടെ ജനസംഖ്യാവര്‍ദ്ധനവ് നെഗറ്റീവ് ഗ്രോ ത്തിലേക്ക് നീങ്ങുകയാണ്. ഇന്ത്യയില്‍ ഹിന്ദുക്കളുടെ ജനനനിരക്ക് 1.9 മാത്രമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഈ പ്രശ്‌നത്തിന്റെ മാനസികതലം അപഗ്രഥിക്കുന്ന ഒരു കഥ; ‘മുടി’, മലയാളം വാരികയില്‍ ഗ്രേസി എഴുതിയിരിക്കുന്നു.
ഭാര്യയുടെ ശരീരസൗന്ദര്യം നഷ്ടപ്പെട്ടുപോകമെന്നു കരുതി പ്രസവിക്കാന്‍ അനുവദിക്കാത്ത ഭര്‍ത്താവിനെയാണ് കഥയില്‍ അവതരിപ്പിക്കുന്നത്. അയാള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് തന്റെ പങ്കാളിയുടെ മുടിയാണ്. എന്നാല്‍ ഭാര്യയ്ക്ക് ഒരു കുട്ടിവേണമെന്ന ആഗ്രഹം തീവ്രമാണ്. അവര്‍ ഭര്‍ത്താവിന്റെ വാക്കു ധിക്കരിച്ചു പ്രസവിക്കുന്നു. ശരീര സൗന്ദര്യത്തിന് ഇടിവു സംഭവിച്ചുവെന്ന് മനസ്സിലാക്കിയതോടെ അയാള്‍ എന്നെന്നേക്കുമായി അവളെ ഉപേക്ഷിക്കുന്നു; പ്രത്യേകിച്ചു മുടി നഷ്ടമായതാണ് അയാളെ പ്രകോപിപ്പിച്ചത്. ഇക്കാലത്ത് ശരീര ഭംഗി വീണ്ടെടുക്കാനൊക്കെ ധാരാളം മാര്‍ഗ്ഗങ്ങളുണ്ട് എന്ന് എല്ലാവര്‍ക്കുമറിയാം. കുട്ടികള്‍ വേണ്ട എന്നത് പലപ്പോഴും ദമ്പതികളുടെ കൂട്ടായ തീരുമാനമാണ്. അതില്‍ മുന്‍കൈ എടുക്കുന്നത് പുരുഷനേക്കാളും സ്ത്രീകളാണ്. കുട്ടികളില്ലെങ്കിലും നാല്പതമ്പതു വയസ്സുവരെയൊക്കെ ആനന്ദിച്ചു ജീവിക്കാന്‍ കഴിഞ്ഞേയ്ക്കും. എന്നാല്‍ വാര്‍ദ്ധക്യത്തിന്റെ കടന്നുവരവോടെ ജീവിതം മുഷിപ്പനാവാന്‍ തുടങ്ങും. വാര്‍ദ്ധക്യത്തിന്റെ തീവ്രതയില്‍ മനുഷ്യന് ആകെയുള്ള ആശ്വാസം മക്കളുടെയും ചെറുമക്കളുടെയുമൊക്കെ വിശേഷങ്ങളാണ്. അവര്‍ അടുത്തില്ലെങ്കില്‍ത്തന്നെ അതൊക്കെ പറഞ്ഞു കേട്ടും സന്തോഷിക്കാന്‍ കഴിയും. എന്നാല്‍ അതൊന്നുമില്ലാത്ത ജീവിതം തികച്ചും വന്ധ്യമാണ്. എന്നിട്ടും ആ വഴി തിരഞ്ഞെടുക്കുന്ന ദമ്പതികളെക്കുറിച്ച് എന്തുപറയാന്‍! ഓരോരുത്തരും ജീവിതത്തിനെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന വഴികള്‍ വ്യത്യസ്തമാണല്ലോ.
നെരൂദയുടെ സ്മരണയ്ക്കുമുകളില്‍ റാംമോഹന്‍ പാലിയത്ത് ഒരാണി കൂടി തറച്ചിരിക്കുന്നു; മാതൃഭൂമിയിലെ (നവംബര്‍ 23-29) വെബിനിവേശം എന്ന പംക്തിയില്‍ ശ്രീലങ്കയില്‍ വച്ച് ഒരു പെണ്‍കുട്ടിയെ താന്‍ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്ന് നെരൂദതന്നെ സമ്മതിച്ചിട്ടുള്ള വിവരം ഒന്നു രണ്ടു ലക്കം മുന്‍പുള്ള മാതൃഭൂമിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയതാണ്. നെരൂദയെ കുറ്റവാളിയെന്ന് വിളിച്ച് ആക്ഷേപിച്ചതുമാണ്. ഇപ്പോള്‍ ഹൈഡ്രോസെഫാലസ് ബാധിച്ച തന്റെ കുഞ്ഞുമകളെ നിഷ്‌ക്കരുണം വലിച്ചെറിഞ്ഞ ഒരു നീചനും കൂടിയാണ് നെരൂദയെന്ന് റാംമോഹന്‍ സ്ഥാപിക്കുന്നു. നെരൂദയുടെ പ്രണയം വെറും കാമം മാത്രമായിരുന്നെന്നു പരിതപിക്കുകയും ചെയ്യുന്നു. കാമവിമുക്തമായ പ്രണയം ഏതു കവിക്കാണ് ഉണ്ടായിരുന്നത്? കവികളും കലാകാരന്മാരും മറ്റുള്ളവരേക്കാള്‍ വിശിഷ്ടമായ വ്യക്തിത്വത്തിന്റെ ഉടമകളാണെന്ന സങ്കല്പത്തില്‍ നിന്നാണ് ഇത്തരം പരിദേവനങ്ങള്‍ ഉണ്ടാകുന്നത്. കല സൃഷ്ടിക്കുന്ന മുഹൂര്‍ത്തത്തില്‍ മാത്രമാണ് കലാകാരന്‍ വ്യത്യസ്തനാവുന്നത്, അതു കഴിയുമ്പോള്‍ അവരും സാധാരണ മനുഷ്യര്‍ തന്നെ. അവരുടെ ദൗര്‍ബല്യങ്ങളില്‍ പരിതപിക്കേണ്ടതില്ല.






















