മക്രവാന്റെ കുറുമൊഴിസന്ദേശം ഒരു കല്‍പനയായി സീലുകളുടെ ഫോണ്‍സ്‌ക്രീനില്‍ തെളിഞ്ഞു: ‘സ്റ്റാര്‍ട്ട്’.
പിന്നെ സീലുകള്‍ക്ക് ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അവര്‍ നിദ്ര വിട്ടുണര്‍ന്ന കാക്കക്കൂട്ട ത്തെപ്പോലെ കര്‍മ്മനിരതരായി. അബോട്ടാബാദിലെ നിര്‍ദ്ദിഷ്ട കെട്ടിടത്തിനു മുകളില്‍, താഴ്ന്നു പറക്കുന്ന കോപ്റ്ററില്‍ നിന്ന് തൂങ്ങിയിറങ്ങുവാന്‍ കമാന്റോകള്‍ തയ്യാറായി.
പ്രതീക്ഷിച്ചതിനു വിപരീതമായി പെട്ടെന്ന്, ഹെലികോപ്റ്റര്‍ ശക്തമായി ഒന്നു കുലുങ്ങി നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് ചെരിഞ്ഞു. ആര്‍ക്കും ഒന്നും മനസ്സിലാകാത്ത അവസ്ഥ! കെട്ടിടത്തിനു മുകളില്‍ ഇറങ്ങാന്‍ സജ്ജരായിരുന്ന സീലുകള്‍ വീണ്ടും കോപ്റ്ററിനുള്ളിലേക്കുതന്നെ വലിഞ്ഞു കയറി വാതിലുകളടച്ചു.
എല്ലാം ശ്വാസമടക്കിപ്പിടിച്ചു നിരീക്ഷിച്ചിരുന്ന മക്രവാന്‍ എന്ന യുദ്ധതന്ത്രജ്ഞന്റെ കുശാഗ്രബുദ്ധി ഉണര്‍ന്നു. ഉയര്‍ത്തിക്കെട്ടിയ മതിലിനുള്ളിലേക്ക്, ഹെലികോപ്റ്ററിന്റെ പ്രൊപ്പല്ലറുകള്‍ ശക്തമായി അടിച്ചു കയറ്റിയ വായുപ്രവാഹം ഉണ്ടാക്കിയ ചുഴിയില്‍ അകപ്പെട്ട് നിയന്ത്രണം വിട്ടിരിക്കുകയാണ് കോപ്റ്റര്‍ എന്ന് അദ്ദേഹം മനസ്സിലാക്കി. ‘റീ സര്‍ക്കുലേഷന്‍’ എന്ന് വിദഗ്ദ്ധര്‍ വിളിക്കുന്ന ്രപതിഭാസം!
ഈ അവസ്ഥയില്‍ കെട്ടിടത്തിനു മുകളില്‍ ഇറങ്ങുന്നത് അസാധ്യമാണെന്നും അതിനു ശ്രമിച്ചാല്‍ നിയന്ത്രണം നഷ്ടപ്പെട്ട് മതില്‍ക്കെട്ടിനുള്ളില്‍ ഹേലികോപ്റ്റര്‍ ഇടിച്ചിറങ്ങുമെന്നും നൈറ്റ്‌സ്‌റ്റേക്കറിന്റെ വിദഗ്ദ്ധനായ പൈലറ്റ് മക്രവാനെ ധരിപ്പിച്ചു. മക്രവാന്റെ മറുപടി ലഭിക്കുന്നതിനു മുമ്പുതന്നെ അപ്പോഴേക്കും മതിലിനുള്ളില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിക്കഴിഞ്ഞിരുന്നു. കെട്ടിടത്തിന്റെ മതിലിലിടിച്ച് ഹെലികോപ്റ്ററിന്റെ പ്രൊപ്പല്ലറുകള്‍ക്ക് സാരമായ കേടു പറ്റി. 28 മില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചു നിര്‍മ്മിച്ച ആധുനികസാങ്കേതിക സൗകര്യങ്ങളുള്ള വിലപിടിപ്പുള്ള ഒരു ഹെലികോപ്റ്ററിനാണ് ഇങ്ങനെയൊരവസാനം വിധിദത്തമായത്!
‘ബ്ലാക്ക് ഹാക് വണ്‍ ഡൗണ്‍’ മക്രവാന്‍ വൈറ്റ് ഹൗസിലേക്കയച്ച സന്ദേശം, ഒബാമയുടെ മുഖത്ത് നിരാശയുടെയും ഭീതിയുടെയും നിഴല്‍ പരത്തി. ഒസാമയുടെ എല്ലാ മഹാപാതകങ്ങള്‍ക്കും നിശിതമായ പ്രഹരമേല്‍പിച്ച് ഒരു ശുഭപര്യവസായിയായ ചലച്ചിത്രംപോലെ അവസാനിക്കുമെന്ന് കണക്കുകൂട്ടപ്പെട്ട പദ്ധതികളാണ് ദയനീയമായി മണ്ണു പുരണ്ടു കിടക്കുന്നത്. ഒബാമ അസ്വസ്ഥനായി കൈകള്‍ കൂട്ടിത്തിരുമ്മിക്കൊണ്ടിരുന്നു.
അസ്വസ്ഥനായി കാണപ്പെട്ടിരുന്നുവെങ്കിലും നില പതറാതെ, ഇടിച്ചിറങ്ങിയ കോപ്റ്ററിലെ സീലുകള്‍ സുരക്ഷിതരാണോ എന്നുറപ്പു വരുത്തുകയായിരുന്ന മക്രവാന്‍ ഉന്മീലിതമായ പുഞ്ചിരിയോടെ വിളിച്ചു പറഞ്ഞു: ‘യെസ്, മൈ ബോയ്‌സ് ആര്‍ സെയ്ഫ്’. വര്‍ദ്ധമാനമായ ഉത്സാഹത്തോടെ അദ്ദേഹം സീലുകള്‍ക്ക് ഓര്‍ഡര്‍ കൊടുത്തു: ‘മിഷന്‍ കണ്ടിന്യൂ….’
സീലുകള്‍ തങ്ങളുടെ ഓപ്പറേഷന് തയ്യാറായി ഇരുട്ടിലൂടെ കെട്ടിടത്തിനടുത്തേക്കു നീങ്ങി. തങ്ങളുടെ കയ്യില്‍ സൂക്ഷിച്ചിരുന്ന ചെറിയ ടോര്‍ച്ച് ലൈറ്റുകളില്‍ നിന്നു പരന്ന വെളിച്ചം, വിശ്വസ്തനായ സുഹൃത്തിനെപ്പോലെ സീലുകള്‍ക്ക് ഇരുട്ടില്‍ കൂട്ടു നിന്നു.
അതിനുള്ളില്‍ത്തന്നെ മക്രവാന്റെ നിര്‍ദ്ദേശപ്രകാരം, രണ്ടാമത്തെ ഹെലികോപ്റ്റര്‍ കെട്ടിടത്തിന്റെ മതിലിനപ്പുറത്ത് ലാന്റ്‌ചെയ്തു കഴിഞ്ഞിരുന്നു. അതില്‍ നിന്നും ശരവേഗത്തില്‍ പുറത്തേക്കു പാഞ്ഞിറങ്ങിയ സീലുകള്‍ നിസ്തുലമായ മെയ്‌വഴക്കത്തോടെ കെട്ടിടത്തിന്റെ 18 അടി ഉയരമുള്ള കന്മതില്‍ നിഷ്പ്രയാസം തരണം ചെയ്ത് അകത്തെത്തി.
കറുത്ത നിശീഥത്തിന്റെ കൂരിരുള്‍പ്പുതപ്പു മൂടി സുഖസുഷുപ്തിയിലാണ്ടു പോയിരുന്ന കെട്ടിടത്തിനുള്ളിലെ അന്തേവാസികളാരും ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ലെന്നുള്ളത് സീലുകളുടെ മനസ്സില്‍ ആശ്വാസത്തിന്റെ തണല്‍ വിരിച്ചു. അവര്‍ ചെറിയ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് കെട്ടിടത്തിനടുത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. പെട്ടെന്നാണ് കെട്ടിടത്തിനു പുറത്തുള്ള ചെറിയ ഗസ്റ്റ്ഹൗസിനുള്ളിലെ വിളക്കുകള്‍ തെളിയുന്നത് സീലുകളുടെ ശ്രദ്ധയില്‍ പെട്ടത്. സംഭവിച്ചുകൂടാത്തതെന്തോ സംഭവിച്ചുകൊണ്ടിരിക്കുന്നതായി അയല്‍പ്പക്കക്കാര്‍ക്ക് തോന്നിയിട്ടുണ്ടാവണം.
സീലുകള്‍ അതാതു സ്ഥലങ്ങളില്‍ പൊടുന്നനെ പതുങ്ങിയൊതുങ്ങി. തങ്ങളുടെ ഇരകള്‍ അപകടം മണത്തറിഞ്ഞിരിക്കുന്നു. അകത്തു നടക്കുന്ന പരിഭ്രാന്തമായ നടമാട്ടങ്ങള്‍ ചില്ലിട്ട കിളിവാതിലുകളിലൂടെ അവ്യക്തമായി കാണാനുണ്ടായിരുന്നു. അതിനിടയില്‍ പാതിതുറന്ന വാതില്‍പ്പൊളികള്‍ക്കിടയിലൂടെ ചൂണ്ടിപ്പിടിച്ച യന്ത്രത്തോക്കിന്റെ ബാരലൊന്ന് പുറത്തേക്കു നീളുന്നത് ഒരു സീലിന്റെ ദൃഷ്ടിയില്‍ പെട്ടു. മറ്റൊന്നും ആലോചിക്കാതെ അയാള്‍ കെട്ടിടത്തിനുള്ളിലേക്കുള്ള വൈദ്യുതിബന്ധം നിമിഷനേരത്തിനുള്ളില്‍ കയ്യില്‍ കരുതിയിരുന്ന കട്ടറുപയോഗിച്ച് വിച്ഛേദിച്ചു.
ഇരുട്ട്, ബോധം കെട്ടുറങ്ങുന്ന കറുത്ത ചെകുത്താനെപ്പോലെ നീണ്ടുനിവര്‍ന്നു മലര്‍ന്നു കിടന്നു. കെട്ടിടത്തിനുള്ളില്‍ ഒന്നുമറിയാതെ ഉറക്കത്തിലായിരുന്ന സ്ത്രീജനങ്ങള്‍ അപകടം മണത്തറിഞ്ഞ് ഉണര്‍ന്നു ബഹളംവെച്ചു. എന്തു നടക്കുന്നുവെന്നറിയാന്‍ സീലുകള്‍ ഇരുട്ടില്‍ പതുങ്ങി കണ്ണുംതുറന്നു കാത്തിരുന്നു.
പാതി തുറന്ന വാതില്‍പ്പൊളികള്‍ക്കിടയിലൂടെ ഒരാള്‍ ഇരുട്ടിലേക്ക് തോക്കും ചൂണ്ടിക്കൊണ്ട് ഇറങ്ങി വരുന്നത് സീലുകളുടെ ശ്രദ്ധയില്‍ പതിഞ്ഞു. നിമിഷാര്‍ദ്ധത്തില്‍ത്തന്നെ അവരിലൊരാളുടെ കയ്യില്‍ കരുതിയിരുന്ന അത്യാധുനിക റൈഫിളില്‍ നിന്നും വെടിയുണ്ടകള്‍, ഇറങ്ങി വരുന്നയാളുടെ ഇടനെഞ്ചു ലക്ഷ്യംവെച്ച് പുകയുയര്‍ത്തിക്കൊണ്ട് പറന്നു ചെന്നു. തോക്കുധാരിയുടെയും അയാളെ അനുഗമിച്ചെത്തിയ സ്ത്രീയുടെയും ശരീരത്തില്‍ അരിപ്പപോലെ ഓട്ടകള്‍ വീഴ്ത്തിക്കൊണ്ട്, പാഞ്ഞു ചെന്ന വെടിയുണ്ടകള്‍ ഇരുട്ടിലൊളിച്ചു.
വെടിയുണ്ടയേറ്റു നിലം പതിച്ചവരുടെ ജഡങ്ങള്‍ക്കരികിലേക്ക് സീലുകള്‍ ശരവേഗത്തില്‍ ഓടിയെത്തി. കയ്യില്‍ കരുതിയിരുന്ന സ്‌റ്റോക്ക് ഫോട്ടോകളുമായി മൃതശരീരങ്ങളുടെ മുഖങ്ങള്‍ താരതമ്യം ചെയ്യപ്പെട്ടു. മരിച്ചു വീണവര്‍ കുവൈറ്റിയും അയാളുടെ സഹധര്‍മ്മിണിയുമാണെന്ന് സീലുകള്‍ ഒരു ചെറിയ നെടുവീര്‍പ്പോടെ തിരിച്ചറിഞ്ഞു.
തൊട്ടടുത്തു നിന്നുതിരുന്ന വെടിയുണ്ടകളുടെ ശബ്ദവും തകര്‍ന്നു കിടക്കുന്ന ഹെലികോപ്റ്ററില്‍ നിന്നുയരുന്ന പുകയും ഗന്ധവും അയല്‍പ്പക്കക്കാരെ ഉറക്കം വിട്ടുണര്‍ത്തി. എന്താണ് നടക്കുന്നതെന്നന്വേഷിച്ച അവരിലൊരാളോട് ഉര്‍ദുഭാഷ അറിയാമായിരുന്ന ഒരു കമാന്റോ മറുപടി പറഞ്ഞു: ‘മിലിറ്ററി റിഹേഴ്‌സല്‍ നടക്കുകയാണ്. പേടിക്കേണ്ട. പോയിക്കിടന്നുറങ്ങിക്കോളൂ’.
അതുകേട്ടു വിശ്വസിച്ചു പിരിഞ്ഞു പോകാന്‍ ജനക്കൂട്ടം കൂട്ടാക്കിയില്ല. അവരുടെ അംഗബലം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.
അതൊന്നും ശ്രദ്ധിച്ച് നേരം മെനക്കെടുത്താതെ കമാന്റോകള്‍ തങ്ങളുടെ കര്‍ത്തവ്യത്തില്‍ വ്യാപൃതരായി. ആകെ തങ്ങള്‍ക്കനുവദിച്ചു കിട്ടിയിരിക്കുന്ന സമയം അര മണിക്കൂറാണ്. അതില്‍ ഏഴു മിനിറ്റ് ഇപ്പോള്‍ത്തന്നെ കഴിഞ്ഞു പോയിരിക്കുന്നു. പെട്ടെന്ന് ബാക്കിയുള്ള ജോലികള്‍ ചെയ്തു തീര്‍ത്തേ മതിയാകൂ. അവര്‍ കെട്ടിടത്തിനു മുന്നിലുള്ള അടച്ചിട്ട ഇരുമ്പുവാതില്‍, കയ്യില്‍ സൂക്ഷിച്ച ആയുധങ്ങളുപയോഗിച്ചു തുറന്നു. സീലുകള്‍ ഞെട്ടിപ്പോയി. ആ വാതിലിന്റെ പിന്‍ഭാഗം ഉള്ളില്‍ കടക്കാന്‍ പറ്റാത്ത വിധം ചുമരുകെട്ടി മറച്ചിരിക്കുന്നു. കമന്റോകളിലൊരാള്‍ ചുമരു പൊളിക്കാനുതകുന്ന ചെറിയ തരം ബോംബൊന്ന് ഭിത്തിയോടു ചേര്‍ത്തുവെച്ചു പൊട്ടിച്ച് ചുമരു തകര്‍ത്തു. ഇരയെക്കണ്ട ഉറുമ്പിന്‍കൂട്ടത്തിന്റെ ഔല്‍സുക്യത്തോടെ സീലുകള്‍ ധൃതി പിടിച്ച് അകത്തു കടന്നു. താഴത്തെ നിലയിലുള്ള ഓരോ മുറികളും അവര്‍ അരിച്ചുപെറുക്കി തിരഞ്ഞു. അവിടമെങ്ങും വിജനമായിരുന്നു.
ഇനിയറിയേണ്ടത്, മുകളിലെ നിലകളെക്കുറിച്ചാണ്. അങ്ങോട്ടെത്താനുള്ള ഏക മാര്‍ഗ്ഗം തൊട്ടു മുന്നിലുള്ള ഒരൊറ്റ സ്‌റ്റെയര്‍കെയ്‌സ് മാത്രമാണ്. കയറാനും ഇറങ്ങാനും അതൊന്നു മാത്രമേ ആശ്രയമായിട്ടുള്ളു. അതുകൊണ്ടുതന്നെ, അപകടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ജീവനുംകൊണ്ട് രക്ഷപ്പെടാനുള്ള ബദ്ധപ്പാടില്‍ ഓടിയിറങ്ങുന്ന അന്തേവാസികള്‍ ഏതുതരത്തിലുള്ള ചെറുത്തുനില്‍പിനും തയ്യാറാവും. അത് വെടിയുണ്ടയാകാം… ബോംബാകാം…. ജീവന്റെ നിലനില്പിന്റെ പ്രശ്‌നമാണത്! അതുകൊണ്ടുതന്നെ, എതിരാളികള്‍ക്ക് അമ്പരപ്പില്‍ നിന്നുണരാന്‍ സമയം കൊടുത്തുകൂടാ. കട്ടപിടിച്ചു കിടക്കുന്ന കൂരിരുട്ടാണെങ്ങും! ഹെല്‍മെറ്റില്‍ മിനുങ്ങിക്കത്തുന്ന ടോര്‍ച്ച് ലൈറ്റുകളുടെ വെളിച്ചത്തില്‍ കമാന്റോകള്‍ ദ്രുതഗതിയില്‍ സ്‌റ്റെയര്‍കെയ്‌സിലൂടെ മുകളിലേക്കു കയറി.
പാഞ്ഞെത്തുന്ന കമാന്റോകള്‍ക്കു മുമ്പിലൂടെ ഒരു മിന്നലാട്ടംപോലെ ഓടി മറയുന്ന വെള്ളവസ്ത്രമുടുത്ത ഒരാളെ അവര്‍ കണ്ടു. അയാള്‍ക്കു നേരെ തോക്കിന്റെ കുഴല്‍ തിരിച്ചു പിടിക്കുന്നതിനിടയില്‍ ഒരു സീല്‍ പതുങ്ങിയ സ്വരത്തില്‍ അടക്കം പറഞ്ഞു: ‘ഇതവനാണ്! ബിന്‍ ലാദന്‍…!’ കണ്ണുചിമ്മിത്തുറക്കുന്നതിടയില്‍ കമന്റോകളുടെ കണ്ണുവെട്ടിച്ചുകൊണ്ട് ബിന്‍ ലാദന്‍ ഇരുളിന്റെ കറുപ്പിനുള്ളിലേക്കു വലിഞ്ഞ് അപ്രത്യക്ഷനായി.
വെടിയുതിര്‍ത്തുകൊണ്ട് ബിന്‍ ലാദനെ കണ്ട കമാന്റോ മുകളിലേക്കു കുതിച്ചു. കയ്യില്‍ നിന്നു വഴുതി രക്ഷപ്പെട്ടിരിക്കുന്നത് ബിന്‍ ലാദനാണ്. മതവെറിയുടെ ഉന്മത്തതകൊണ്ടുണ്ടായ ആന്ധ്യം ഉള്‍ക്കണ്ണിനെ കുരുടാക്കിയ കൊടുംഭീകരവാദി ബിന്‍ ലാദന്‍! തന്റെ നിലനില്‍പ് അപകടത്തിലാണെന്നറിഞ്ഞാല്‍ എന്തു ക്രൂരതയും ചെയ്യാന്‍ മടിക്കാത്തവനാണവന്‍. അവന്റെ കല്‍പനയ്ക്കു വേണ്ടി കാതോര്‍ത്തിരിക്കുന്ന അനുചരന്മാര്‍ ഓരോ നിലയിലും കാത്തിരിക്കുന്നുണ്ടാവും. ഒരു നിമിഷം മതിയാവും അവര്‍ക്ക് ഈ കെട്ടിടം തന്നെ ചുട്ടു ചാമ്പലാക്കാന്‍! അങ്ങനെയൊന്നും നടന്നുകൂടാ. അസ്ത്രവേഗത്തിലുള്ള ചലനങ്ങളിലൂടെ അവര്‍ പാതിമൂടിക്കിടക്കുന്ന വാതിലുകളുള്ള ഒരു ചെറിയ മുറിയുടെ മുമ്പിലെത്തി. തന്റെ ശരീരം വാതില്‍പ്പാളിയോടു ചേര്‍ത്തു നിര്‍ത്തി മറച്ചുകൊണ്ട്, മുമ്പേ എത്തിയ സീല്‍ മറ്റേ വാതില്‍പ്പാളി മെല്ലെ തുറന്ന് ഉള്ളിലേക്കു നോക്കി. ഇത് ബിന്‍ ലാദന്‍ തന്നെ എന്ന അര്‍ത്ഥത്തില്‍ ആ കമാന്റോ പിന്നില്‍ നില്‍ക്കുന്ന സീലുകള്‍ക്ക് തള്ളവിരല്‍ ഉയര്‍ത്തിക്കാണിച്ച് ‘തമ്പ്‌സ് അപ്പ്’ സിഗ്നല്‍ നല്കി. വാതിലിനോടു ചേര്‍ന്നു നിന്നുകൊണ്ട് രണ്ടു വിരലുകള്‍ ഉയര്‍ത്തിക്കാണിച്ച്, മുറിയില്‍ രണ്ടുപേരുണ്ടെന്ന് മറ്റുള്ളവരെ സാഹസികനായ ആ പോരാളി വിവരം ധരിപ്പിച്ചു.
‘ജറോനിമോ കണ്‍ഫേമ്ഡ്’
തങ്ങളെ പറഞ്ഞേല്‍പ്പിച്ചതു പോലെ, അപ്പോഴേക്കും മക്രവാന് വിവരം പോയിക്കഴിഞ്ഞിരുന്നു. ബിന്‍ ലാദന്, ഒബാമ നല്‍കിയ സങ്കേതനാമമായിരുന്നു ജറോനിമോ. 10-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കയുടെ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ഒളിപ്പോരുകൊണ്ട് അമേരിക്കന്‍ പട്ടാളത്തെ നട്ടം തിരിച്ച ആ ഗിരിവര്‍ഗ്ഗത്തലവന്റെ പേരിനെക്കാള്‍ മറ്റെന്തു പേരാണ് 9/11 ആക്രമണംകൊണ്ട് ലോകത്തിനു മുമ്പില്‍ അമേരിക്കയെ നാണം കെടുത്തിയ ലാദന് അനുയോജ്യമാവുക!
തനിക്കു കിട്ടിയ വിവരം മക്രവാന്‍ വെള്ളമാളികയിലെത്തിച്ചു. കമാന്റോകളുടെ തുടര്‍ന്നുള്ള നീക്കങ്ങളറിയാന്‍ വെള്ളമാളികയിലുള്ളവര്‍ ശ്വാസമടക്കിപ്പിടിച്ചു കാത്തിരുന്നു.
ബിന്‍ ലാദന് ഒന്നനങ്ങുവാന്‍പോലും സാവകാശം കൊടുക്കാതെ ഏതുനിമിഷവും വെടി തുപ്പാന്‍ തയ്യാറായി കയ്യില്‍ പതുങ്ങിയിരിക്കുന്ന റൈഫിളും ചൂണ്ടി ആദ്യത്തെ കമാന്റോ മുറിക്കുള്ളിലേക്ക് തെന്നി നീങ്ങി. അതിനുള്ളില്‍ത്തന്നെ, മറ്റു സീലുകളും ആ മുറിക്കുള്ളില്‍ എത്തിക്കഴിഞ്ഞിരുന്നു.
കറുത്ത പര്‍ദ്ദയിട്ടു നില്‍ക്കുന്ന ഒത്ത ഉയരമുള്ള ഒരു സ്ത്രീയെ രക്ഷാകവചമാക്കിക്കൊണ്ട് തങ്ങള്‍ക്കു മുന്നില്‍ ബിന്‍ ലാദന്‍ നില്‍ക്കുന്നു! അയാള്‍ സാധാരണ പോര്‍മുഖത്ത് ഉപയോഗിക്കാറുള്ള തന്ത്രം! സ്ത്രീകളും കുട്ടികളും സഹതാപത്തിന്റെ പേരില്‍ വെടിയുതിര്‍ക്കപ്പെടുന്നതില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്ന യുദ്ധനീതിയെ രക്ഷാകവചമാക്കാന്‍, പല തവണ പയറ്റി വിജയിച്ച, അതേ തന്ത്രം! കമാന്റോകള്‍ക്ക് മറിച്ചൊന്നാലോചിക്കാന്‍ സമയമുണ്ടായിരുന്നില്ല. എല്ലാമൊത്തു കൈക്കൂടിവന്ന ഈ അവസരം, ഒരു സ്ത്രീക്കുരുതി ഒഴിവാക്കുന്നതിനു വേണ്ടി കളഞ്ഞു കുളിച്ചാല്‍ വീണ്ടും ആയിരക്കണക്കിന് നിരപരാധികളെ ഒസാമയെന്ന കൊടുംക്രൂരന്‍ കാലപുരിക്കയച്ചുകൊണ്ടിരിക്കുമെന്ന് കമന്റോകള്‍ക്ക് ഉറപ്പുണ്ടായിരുന്നു. അവര്‍ മറ്റൊന്നുമാലോചിക്കാതെ മറയായി നില്‍ക്കുന്ന സ്ത്രീക്കു നേരെ നിറയൊഴിച്ചു. അടുത്തത്, വെടിയേറ്റ് തെന്നി മറിഞ്ഞു വീഴുന്ന ആ സ്ത്രീയെ ഒന്നു താങ്ങാന്‍പോലും മെനക്കെടാതെ നിശ്ചലനായി നില്‍ക്കുന്ന ബിന്‍ലാദന്റെ ഊഴമായിരുന്നു. നിമിഷാര്‍ദ്ധംപോലും വൃഥാവിലാക്കാതെ, വേറെ രണ്ടു വെടിയുണ്ടകള്‍ ബിന്‍ലാദനെന്ന മതഭ്രാന്തന്റെ നെഞ്ചും തലയും തകര്‍ത്ത് അപ്പുറത്തേക്കു കടന്നുപോയി. ചെറുതായി ഒന്നു ഞരങ്ങിക്കൊണ്ട് ലോകം കണ്ട കൊടുംക്രൂരന്മാരിലൊരാളായ ആ നരാധമന്‍ പിന്നിലേക്കു മറിഞ്ഞു.
ബിന്‍ ലാദന്‍ കൊല്ലപ്പെട്ട വിവരം, ‘എനിമി കില്‍ഡ് ഇന്‍ ആക്ഷന്‍’ എന്നതിന്റെ ഹ്രസ്വരൂപമായ, ‘ലസശമ’ എന്ന സങ്കേതപദമുപയോഗിച്ച് മക്രവാനെ ധരിപ്പിച്ച് സീലുകള്‍ അടുത്ത കല്‍പനയ്ക്കുവേണ്ടി കാത്തിരുന്നു. അപ്പോഴേക്കും ‘വിജയവാര്‍ത്ത’ ഒബാമയെയും ധരിപ്പിച്ചു കഴിഞ്ഞിരുന്നു മക്രവാന്‍.
കെട്ടിടത്തിനു ചുറ്റും ജനങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നുണ്ട്. പാകിസ്ഥാന്‍ പട്ടാളക്കാര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തുന്നതിനു മുമ്പ് ലാദന്റെ കെട്ടിടത്തില്‍ നിന്നു കിട്ടിയ കമ്പ്യൂട്ടറുകളും ഹാര്‍ഡ് ഡിസ്‌ക്കുകളും മൃതദേഹവുമെടുത്ത് സ്ഥലം വിടണം. കമാന്റോകള്‍ മക്രവാനെന്ന ചുണക്കുട്ടിയുടെ കല്‍പനയ്ക്കു വേണ്ടി കാതോര്‍ത്തു നിന്നു.
മക്രവാനില്‍നിന്ന്, കാത്തിരുന്ന കല്പന കമാന്റോകള്‍ക്കെത്തിച്ചേര്‍ന്നു. ‘കുറ്റവാളികളില്‍ ഒരാളെയും ലാദന്റെ മൃതദേഹവും കസ്റ്റഡിയിലെടുത്തുകൊണ്ട് ഉടനെ ജലാലാബാദിലെ സൈനികകേന്ദ്രത്തിലെത്തുക’.
കല്‍പനയനുസരിച്ച് ലാദന്റെ മൃതദേഹം കമാന്റോകള്‍ മതിലിനു പുറത്തു കിടക്കുന്ന സ്‌റ്റെല്‍ത്ത് ഹെലികോപ്റ്ററിലെത്തിച്ചു. ഇടിച്ചു തകര്‍ന്ന മറ്റേ ഹെലികോപ്റ്ററിനു പകരം പട്ടണത്തിനു വെളിയില്‍ കിടക്കുന്ന ഷുനുക്ക് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നു. അതിനിടെ അബോട്ടാബാദിലുള്ള ഒരു വെബ് ഡിസൈനറുടെ ട്വിറ്റ്, വൈറ്റ്ഹൗസിന്റെ ശ്രദ്ധയില്‍ പെട്ടു. ‘പതിവിന് വിപരീതമായി അബോട്ടാബാദിലെ ആകാശത്തില്‍ ഒരു ഹെലികോപ്റ്റര്‍ വട്ടമിട്ടു പറക്കുന്നുണ്ട്’ എന്നായിരുന്നു ആ ട്വിറ്റിന്റെ ഉള്ളടക്കം.
‘പാകിസ്ഥാന്‍ പട്ടാളക്കാര്‍ വിവരമറിയാന്‍ ഇനിയധികം താമസമുണ്ടാവില്ല. അവര്‍ സ്ഥലത്തെത്തിക്കഴിഞ്ഞാല്‍ ഭാഗികമായി മാത്രം തകര്‍ന്നു കിടക്കുന്ന ഹെലികോപ്റ്റര്‍ കസ്റ്റഡിയിലെടുക്കപ്പെടും. അമേരിക്കന്‍ രഹസ്യസൈനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ട അതിന്റെ നിര്‍മ്മിതിയുടെ ഉള്ളുകള്ളികള്‍ പൊളിഞ്ഞാല്‍ പാകിസ്ഥാന്‍ അങ്ങനെയുള്ള ഹെലികോപ്റ്ററുകള്‍ കോപ്പിയടിച്ചുണ്ടാക്കും.’ ഇങ്ങനെയുള്ള ചിന്തകള്‍ മക്രവാനെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. അധികമാലോചിക്കാതെ അദ്ദേഹം കമാന്റോകള്‍ക്ക് അടുത്ത നിര്‍ദ്ദേശം നല്കി. ‘മതിലിനകത്ത് ഭാഗികമായി തകര്‍ന്നു കിടക്കുന്ന ഹെലികോപ്റ്റര്‍ നശിപ്പിക്കുക’.
നിലത്തിടിച്ചു വീണുകിടക്കുന്ന ഹെലികോപ്റ്ററിന്റെ കോക്ക്പിറ്റില്‍ ശക്തി കുറഞ്ഞൊരു ബോംബു സ്ഥാപിച്ച ശേഷം ഷിനൂക്ക് ഹെലികോപ്റ്ററില്‍ കയറിപ്പറ്റിയ സീലുകള്‍ റിമോട്ട് കണ്‍ട്രോളുപയോഗിച്ച് തകര്‍ന്നു കിടക്കുന്ന ഹെലികോപ്റ്റര്‍ നാമാവശേഷമാക്കി. അതിനുള്ളില്‍ത്തന്നെ, കമാന്റോകളെയും വഹിച്ചുകൊണ്ട് ഷുനൂക്ക് ഹെലികോപ്റ്ററുകള്‍ കോമ്പൗണ്ടു വിട്ട് വളരെ ദൂരം പൊയ്ക്കഴിഞ്ഞിരുന്നു.
അപകടമൊന്നുമില്ലാതെ മൂന്നു ഹെലികോപ്റ്ററുകളും ജലാലാബാദിലെ സൈനികക്യാമ്പിലെത്തി. അബോട്ടാബാദിലെ കെട്ടിടത്തിനകത്ത് ഇതിനോടകം പാകിസ്ഥാന്‍ പട്ടാളക്കാര്‍ എത്തിക്കഴിഞ്ഞിരുന്നു. കരിഞ്ഞു കിടക്കുന്ന കോപ്റ്ററിന്റെ അവശിഷ്ടങ്ങളും പോരൊഴിഞ്ഞ സംഗ്രാമഭൂമിപോലെ ചിതറികിടക്കുന്ന കെട്ടിടപരിസരങ്ങളും ദൃക്‌സാക്ഷികളുടെ അമ്പരപ്പിക്കുന്ന വിവരണങ്ങളും പാകിസ്ഥാന്‍ പട്ടാള അധികൃതരെ അത്ഭുതപ്പെടുത്തി. അതിനുള്ളില്‍ത്തന്നെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒബാമയ്ക്ക് സമ്മര്‍ദ്ദങ്ങള്‍ വരാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.
ഇനിയും ഒസാമയുടെ മൃതദേഹം കൈവശം വെച്ചുകൊണ്ടിരുന്നുകൂടാ! ലോകത്തെത്തന്നെ നടുക്കിയ ആ പെരുംഭീകരന്റെ ശവമടക്കം തങ്ങളുടെ കൈകൊണ്ടുതന്നെ നടക്കണമെന്ന് വൈറ്റ്ഹൗസ് തീരുമാനിച്ചു. പേര്‍ഷ്യന്‍ കടലില്‍ നങ്കൂരമിട്ടു കിടന്നിരുന്ന ‘കാറല്‍ വില്‍സണ്‍’ എന്ന വിമാനവാഹിനിക്കപ്പലിലേക്ക് ബിന്‍ ലാദന്റെ ശവശരീരമെത്തിക്കാന്‍ ഒബാമ ഉത്തരവിട്ടു.
ഉത്തരവുപ്രകാരം മൃതശരീരം വിമാനവാഹിനിയിലേക്ക് മാറ്റപ്പെട്ടു. വടക്കേ അറബിക്കടലിന്റെ അതിവിദൂരതയിലേക്ക് വിമാനവാഹിനിക്കപ്പല്‍ കുതിച്ചു നീന്തി. കടല്‍പ്പരപ്പിന്റെ നെഞ്ചുപിളര്‍ത്തി പാഞ്ഞുകൊണ്ടിരുന്ന ആ യുദ്ധക്കപ്പലിന്റെ തുറന്നുപിടിച്ച വാതിലിനുള്ളില്‍ നിന്ന്, ലോകം വിറപ്പിച്ച ഒസാമ ബിന്‍ ലാദന്‍ എന്ന കൊടുംകുറ്റവാളിയായ മതഭ്രാന്തന്റെ വെള്ളത്തുണിയില്‍ പൊതിഞ്ഞ മൃതശരീരം കടലിന്റെ അഗാധതയിലേക്ക് വീശിയെറിയപ്പെട്ടു. മദ്ധ്യാഹ്നസൂര്യനെ സാക്ഷി നിര്‍ത്തി അറബിക്കടല്‍ ആ ചേതനയറ്റ ജഡം ഏറ്റുവാങ്ങി വിഴുങ്ങി.
ബിന്‍ ലാദനെ കൊല്ലാന്‍ ചെലവാക്കിയ പണം, ചന്ദ്രനില്‍ ആളെയിറക്കാന്‍ ചെലവിടപ്പെട്ട തുകയെക്കാള്‍ അധികമായിരുന്നുവെന്ന് വെള്ളമാളികയിലെ കണക്കപ്പിള്ളമാര്‍ അവരുടെ വരവുചെലവുകണക്കുപുസ്തകത്തില്‍ അടയാളപ്പെടുത്തി ഒബാമയെ വിവരമറിയിച്ചു. അപ്പോഴേക്കും വെള്ളമാളികയിലെ, മെഴുകുതിരിവെട്ടം ഒളി പരത്തുന്ന സല്‍ക്കാരമുറികളില്‍ ആഹ്ലാദാഘോഷങ്ങള്‍ അരങ്ങേറിക്കഴിഞ്ഞിരുന്നു.
(അവസാനിച്ചു)





















