നാഗാരാധനയുമായി ബന്ധപ്പെട്ട് പവിത്രപ്രാധാന്യമുള്ള ആഘോഷമാണ് മണ്ണാറശാല ആയില്യം. മണ്ണാറശാല എന്ന പ്രദേശത്താണ് ആലപ്പുഴയിലെ ഏക പരിസ്ഥിതി നിര്‍മ്മിതമായ വനം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രമുഖമായ കാവുകളില്‍ സുപ്രധാനമാണ് മണ്ണാറശാലയിലേത്. ‘മണ്ണ് ആറിയ ശാല’യാണ് മണ്ണാറശാലയായതെന്നാണ് പറയപ്പെടുന്നത്. മഹാഭാരതത്തിലെ ഖാണ്ഡവ വനദഹനവുമായി ബന്ധപ്പെട്ടതാണ് മണ്ണാറശാലയുടെ ഐതിഹ്യം. മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്നതു പ്രകാരം അഗ്‌നിദേവന് ദഹനക്കേട് പിടിപെട്ടെന്നും അത് ഭേദപ്പെടുത്തുന്നതിനായി ബ്രഹ്മാവിനെ സമീപിച്ചപ്പോള്‍ ഖാണ്ഡവവനം ഭക്ഷിക്കണമെന്നാണ് ബ്രഹ്മദേവന്‍ ഉപദേശം നല്‍കിയത്. ഖാണ്ഡവവനം ദഹിപ്പിക്കുന്നതിനായി അഗ്‌നി അര്‍ജുനന്റെയും കൃഷ്ണന്റെയും സഹായം തേടി. വനത്തില്‍ അഗ്‌നിദേവന്‍ കാട്ടുതീ പടര്‍ത്തി. തക്ഷകന്‍ എന്ന നാഗത്തിന്റെ ഭാര്യയും പുത്രന്മാരും ബന്ധുക്കളും ഈ വനത്തിലുണ്ടായിരുന്നു. തക്ഷകന്റെ മിത്രമായിരുന്നു ദേവേന്ദ്രന്‍. അവരുടെ സഹായത്തിനായി ഇന്ദ്രന്‍ മഴ പെയ്യിക്കുവാനാരംഭിച്ചു. എന്നാല്‍ അര്‍ജുനന്‍ ശരങ്ങള്‍ കൊണ്ട് വലിയ പന്തല്‍ ആകാശത്തുയര്‍ത്തിയതിനാല്‍ പേമാരി മൂലം തീയണഞ്ഞില്ല. അര്‍ജുനന്‍ ഇങ്ങനെ തീയില്‍ ‘ചുട്ടനാടാ’ണ് കുട്ടനാടായതെന്നാണ് ഐതിഹ്യം. കുട്ടനാട്ടിലെ പാടശേഖരങ്ങള്‍ കുഴിക്കുമ്പോള്‍ വൃക്ഷങ്ങള്‍ കത്തിക്കരിഞ്ഞ കരി അവശിഷ്ടങ്ങള്‍ കിട്ടുന്നത് ഖാണ്ഡവ വനത്തിലെ കത്തിയ വൃക്ഷശേഷിപ്പുകളാണെന്നും അങ്ങനെയാണ് അവിടുത്തെ കണ്ണംകരി, തായങ്കരി, രാമങ്കരി തുടങ്ങിയ കരിനിലങ്ങള്‍ ഉണ്ടായതെന്നുമാണ് ഐതിഹ്യം. കുട്ടനാട്ടിലേയും അപ്പര്‍ കുട്ടനാട്ടിലേയും പാടശേഖരങ്ങളെ ‘കരി’ എന്ന വാക്കു ചേര്‍ത്ത് പേരു നല്‍കിയിരിക്കുന്നത് ഇതിനാലാണ്. എന്നാല്‍ ഹരിപ്പാടിനടുത്തുള്ള ഒരു ഭാഗത്ത് മണ്ണ് ആറിക്കിടന്നതിനാല്‍ ആ പ്രദേശത്തേക്ക് നാഗങ്ങള്‍ രക്ഷപ്പെട്ട് ആവാസമുറപ്പിച്ചതായി ഐതിഹ്യം പറയുന്നു. ഈ സ്ഥലമാണ് മണ്ണാറശാല. സ്ത്രീകള്‍ പൂജ ചെയ്യുന്ന ഏക ക്ഷേത്രമാണ് ഇത്.
പുള്ളുവന്‍ പാട്ട്: നാഗാരാധനയുടെ സംഗീതശാഖ
കേരളത്തിന്റെ തനതായ അനുഷ്ഠാനകലാരൂപങ്ങളില്‍ ഒന്നായ പുള്ളുവന്‍ പാട്ട് നാഗദേവതകളോടുള്ള ഭക്തിയും ആചാരപരമായ വിശ്വാസങ്ങളും ചേര്‍ന്നുനില്‍ക്കുന്ന ഒരു സംഗീതശൈലിയാണ്. പുള്ളുവര്‍ എന്ന പട്ടികജാതി വിഭാഗം ഈ പാട്ടുകള്‍ ആലപിക്കുന്നതിലൂടെ നാഗാരാധനയുടെ ആഴം സമൂഹത്തില്‍ പകര്‍ന്നു നല്‍കുന്നു.
പുള്ളുവന്‍ പാട്ടുകള്‍ക്ക് കര്‍ണ്ണാടകസംഗീതം അല്ലെങ്കില്‍ സോപാനശൈലി പോലുള്ള പരമ്പരാഗത സംഗീതരീതികളില്‍ നിന്ന് വ്യത്യസ്തമായ താളവും ആലാപനശൈലിയുമുണ്ട്. ഇത് അനുഷ്ഠാനപരമായ സവിശേഷമായ നാടന്‍പാട്ട് (ളീഹസ ഹീൃല)ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്. പുള്ളുവനും പുള്ളുവത്തിയും (ദമ്പതിമാര്‍) ഒന്നു ചേര്‍ന്നാണ് ഇത് ആവിഷ്‌കരിക്കുന്നത്. പുള്ളുവന്‍ വീണ എന്ന ഒറ്റക്കമ്പിതന്തിവാദ്യവും പുള്ളുവക്കുടം എന്ന താളവാദ്യവും പ്രധാന സംഗീതോപകരണങ്ങളാണ്. പാട്ടുകള്‍ക്ക് ആത്മീയതയും ആചാരപരതയും നല്‍കുന്ന ഈ ഉപകരണങ്ങള്‍ പുരുഷന്മാരും സ്ത്രീകളും വ്യത്യസ്തമായി ഉപയോഗിക്കുന്നു.
ഐതിഹ്യപ്രകാരം, ശിവന്‍ ദര്‍ഭപ്പുല്ലില്‍ നിന്ന് പുള്ളുവരെ സൃഷ്ടിച്ചു. ബ്രഹ്മാവ് കുടവും വിഷ്ണു കൈമണിയും, സരസ്വതി സംഗീതവും നല്‍കി അനുഗ്രഹിച്ചു. നാരദന്‍ ദേശാന്തരങ്ങള്‍ സഞ്ചരിച്ച് സര്‍പ്പദേവതകളെ പ്രീതിപ്പെടുത്താന്‍ പുള്ളുവരെ ഭൂമിയിലേക്ക് അയച്ചു. ഈ കഥകള്‍ പുള്ളുവന്‍ പാട്ടുകളില്‍ വായ്‌മൊഴിയായി നിലനില്‍ക്കുന്നു.
എഡ്ഗാര്‍ തെഴ്സ്റ്റണ്‍ രചിച്ച ‘ദക്ഷിണേന്ത്യയിലെ ജാതിസമൂഹങ്ങള്‍’ എന്ന ഗ്രന്ഥത്തില്‍ പുള്ളുവര്‍ സമുദായത്തെക്കുറിച്ച് വിശദമായ വിവരമുണ്ട്. കേരളത്തിലെ ഫ്യൂഡല്‍ ജീവിതരീതികളില്‍ സാംസ്‌കാരികമായി ഇഴചേര്‍ന്നിരിക്കുന്ന ഒരു പ്രാദേശിക ജനവിഭാഗമാണ് പുള്ളുവര്‍. ഇവര്‍ ദ്രാവിഡ-വൈഷ്ണവ സംസ്‌കാരത്തിന്റെ അനുഷ്ഠാനങ്ങള്‍ പിന്തുടരുന്നവരാണ്.
കളംപാട്ട്: ഭക്തിയും അനുഷ്ഠാനവും
കളംപാട്ട് അഥവാ കളമെഴുത്തുപാട്ട് ഭദ്രകാളി, അയ്യപ്പന്‍, നാഗത്താന്‍മാര്‍ തുടങ്ങിയ ദേവതകളെ സ്തുതിക്കുന്ന ഒരു അനുഷ്ഠാനകലാരൂപമാണ്. അഞ്ചുവര്‍ണ്ണ പൊടികള്‍ ഉപയോഗിച്ച് ദേവതയുടെ രൂപം കളത്തില്‍ വരയ്ക്കുന്നു. നന്തുണി മീട്ടി പാട്ട് ആലപിക്കുകയും, ദേവതാവേശത്തോടെ അനുഗ്രഹം നല്‍കുകയും, പിന്നീട് കളം മായ്ക്കുകയും ചെയ്യുന്നു.
കുറുപ്പന്മാര്‍ ഈ ചടങ്ങുകള്‍ കൈകാര്യം ചെയ്യുന്നു. പ്രത്യേക സാഹചര്യങ്ങളില്‍ നാളികേരമേറ്, കളപ്രദക്ഷിണം എന്നിവയും നടക്കുന്നു.
ഭദ്രകാളിയെ ആധാരമാക്കി പാടുന്ന പാട്ടുകള്‍ക്ക് വടക്കന്‍ – തെക്കന്‍ വിഭാഗങ്ങളുണ്ട്. തെക്കന്‍ ഭാഗത്ത് കണ്ണകീ ചരിതവും, വടക്കന്‍ ഭാഗത്ത് ദാരികവധവും പ്രമേയമാകുന്നു. ഈ പാട്ടുകള്‍ എഴുതാന്‍ പാടില്ല എന്ന വിശ്വാസം നിലനില്‍ക്കുന്നു, കാരണം ഇവ ആചാരപരമായ വിശുദ്ധതയുള്ളവയാണ്.
പുള്ളുവന്‍ വീണ വയലിനോട് സാമ്യമുള്ള തന്തിവാദ്യമാണ്. പൊള്ളയായ മുളയില്‍ പിച്ചള കമ്പി ഘടിപ്പിച്ച് നിര്‍മ്മിക്കുന്നു. പുള്ളുവക്കുടം വലിയ മണ്‍കുടത്തില്‍ തന്ത്രി ഘടിപ്പിച്ച് താളമിടാന്‍ ഉപയോഗിക്കുന്നു. സ്ത്രീകള്‍ ഇത് കൈകാര്യം ചെയ്യുന്നു. പുള്ളോര്‍ക്കുടം, കൈലാസവീണ, വിഷ്ണുകൈത്താളം എന്നിവയും ഉപയോഗിക്കുന്നു.
വയലിന്‍ എന്ന പാശ്ചാത്യവാദ്യം ഉദ്ഭവിച്ചത് 17-ാം നൂറ്റാണ്ടിലാണെന്നു പറയപ്പെടുന്നു. എന്നാല്‍ അതിനേക്കാള്‍ ആയിരക്കണക്കിനു വര്‍ഷം മുന്‍പേ പുള്ളുവന്‍ വീണ പ്രചാരത്തിലുണ്ട്. പുള്ളുവന്‍ വീണയും വയലിനും തമ്മിലുള്ള സാമ്യം അദ്ഭുതകരമാണ്. പുള്ളുവന്‍ വീണ യാദൃച്ഛികമായി കാണാനിടയായ പാശ്ചാത്യര്‍ അതിനെ പരിണാമപ്പെടുത്തി വയലിന്‍ രൂപപ്പെടുത്തിയതാവാനുള്ള സാധ്യതയുണ്ട്.
വീടുകളില്‍ നാവേര്‍ പാടുന്നത് പുള്ളുവരുടെ നിത്യവൃത്തി ആയിരുന്നു. ചെറിയ കുട്ടികള്‍ക്ക് ദൃഷ്ടിദോഷം ഒഴിവാക്കാന്‍ ഈ പാട്ട് ആലപിക്കപ്പെടുന്നു. പഴയകാലത്ത് ഈ പാട്ട് പുള്ളുവര്‍ക്ക് കല്‍പ്പിച്ച അവകാശമായിരുന്നു.
സര്‍പ്പം തുള്ളല്‍ എന്നത് പുള്ളുവര്‍ നടത്തിവന്നിരുന്ന അനുഷ്ഠാന നൃത്തമാണ്. മണിപ്പന്തലില്‍ സര്‍പ്പക്കളം വരച്ച്, പുള്ളോര്‍ക്കുടം, വീണ, ഇലത്താളം എന്നിവ ഉപയോഗിച്ച് നാഗസ്തുതികള്‍ ആലപിക്കുന്നു. മുമ്പ് 41 ദിവസം നീണ്ടുനിന്നിരുന്ന ഈ ചടങ്ങ് ഇപ്പോള്‍ ഒമ്പത് ദിവസത്തേക്ക് ചുരുങ്ങിയിട്ടുണ്ട്.
മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം പുള്ളുവന്‍ പാട്ടുകള്‍ ശക്തമായി പ്രതിനിധീകരിക്കുന്നു. മഹാഭാരതത്തിലെ ജരിത, മന്ദപാലന്‍ എന്നീ പക്ഷികളുടെ പിന്മുറക്കാരാണ് പുള്ളുവര്‍ എന്നൊരു ഐതിഹ്യവും നിലവിലുണ്ട്. ഈ തനതു സംഗീതശാഖയുടെ പ്രചാരം കുറയുന്ന സാഹചര്യത്തില്‍, പുള്ളുവ കലാകാരന്മാരെ പ്രോത്സാഹിപ്പിച്ച് പൈതൃകം സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

പുള്ളുവന്‍പാട്ട് സിനിമയില്‍
സജിന്‍ ബാബു സംവിധാനം ചെയ്ത് റിമ കല്ലിങ്കല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘തിയേറ്റര്‍-ദ മിത്ത് ഓഫ് റിയാലിറ്റി ‘എന്ന ചിത്രത്തില്‍ ‘കാക്കണേ…’ എന്നു തുടങ്ങുന്ന ഒരു പുള്ളുവന്‍ ഗാനമുണ്ട്. പുള്ളുവ വീണയും പുള്ളുവക്കുടത്തിന്റെ തുടിയും മുഴങ്ങുന്ന അസ്സല്‍ പുള്ളുവപ്പാട്ട്. (രചന- മോഹനന്‍ പുള്ളുവന്‍ സംഗീതം- സയ്യിദ് അബ്ബാസ് ആലാപനം-പാര്‍വ്വതീ ദേവി, ശബരീ നാഥ്, രാമചന്ദ്രന്‍, നാരായണന്‍).
‘പാദസരം’എന്ന ചിത്രത്തില്‍ ദേവരാജന്‍ സംഗീതം പകര്‍ന്ന പരമ്പരാഗതമായ ഒരു പുള്ളുവന്‍ പാട്ടുണ്ട്. ‘കറ്റക്കാര്‍ വേണി സൂനു വിനായകന്‍’എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് കാര്‍ത്തികേയന്‍, ഉമാമഹേശ്വരി, ധന്യ എന്നിവരാണ്.
പുതുതലമുറയിലെ പ്രതിഭാധനനായ സംഗീതജ്ഞന്‍ എം. ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന നിരവധി പുള്ളുവ ഗാനങ്ങളുണ്ട്. ‘ലിവിംഗ് ടുഗെതര്‍’ എന്ന ചിത്രത്തില്‍ കൈതപ്രം എഴുതി സന്നിധാനന്ദന്‍, ജനാര്‍ദ്ദനന്‍ പുതുശ്ശേരി എന്നിവര്‍ ആലപിച്ച ‘ഓം കരിയേ… ഇളക് നാഗേ…’ എന്ന ഗാനം കേള്‍ക്കുക. പുള്ളുവപ്പാട്ട് വിവിധ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ ഒരു ഫ്യൂഷന്‍ തീര്‍ക്കുന്നത് ഈ ഗാനത്തില്‍ അനുഭവവേദ്യമാകുന്നു.
‘കുസൃതി’ എന്ന ചിത്രത്തില്‍ എസ്. രമേശന്‍ നായര്‍ എഴുതി എം.ജി. രാധാകൃഷ്ണന്‍, ആശ എന്നിവര്‍ ആലപിച്ച ‘നാഗത്താന്‍ കാവിലമ്മേ…നാള്‍ തോറും കനിയുമമ്മേ….’ എന്നു തുടങ്ങുന്ന ഗാനവും അദ്ദേഹം ഒരു പുള്ളുവപ്പാട്ടില്‍ സന്ത്രാസം നിറച്ച് ചടുലമാക്കിയിരിക്കുന്നു.
പുള്ളുവന്‍മാര്‍ സര്‍പ്പം പാട്ടുകള്‍ ആലപിക്കുന്നത് ഒരു സവിശേഷ രാഗത്തിലാണ്. കര്‍ണാടക സംഗീതത്തിലെ ‘പുന്നാഗ വരാളി’ എന്ന രാഗത്തിലാണ് പുള്ളുവന്‍ പാട്ടുകള്‍ പൊതുവേ ചിട്ടപ്പെടുത്താറുള്ളത്. ഈ രാഗത്തില്‍ ഈണമിട്ട് ഗിരീഷ് പുത്തഞ്ചേരി രചന നിര്‍വ്വഹിച്ച് എം. ജയചന്ദ്രനും അരുന്ധതിയും ആലപിച്ച പുള്ളുവന്‍ പാട്ട് ‘ഗൗരീശങ്കരം’ എന്ന ചിത്രത്തിലുണ്ട്. ‘പാല്‍ക്കടലില്‍ പള്ളി കൊള്ളും പവിഴനാഗത്താരേ…’ എന്നു തുടങ്ങുന്ന ഗാനമാണത്.
‘നാഗപഞ്ചമി’ എന്ന ചിത്രത്തില്‍ കൈതപ്രം എഴുതി എം.ജി. രാധാകൃഷ്ണന്‍ സംഗീതം നല്‍കി സുജാത ആലപിച്ച ‘നാഗത്താന്‍ കാവുണ്ടേ…’ എന്ന ഗാനത്തിന്റെ തുടക്കത്തില്‍ പുള്ളുവന്‍ പാട്ടിന്റെ ചേരുവകള്‍ സംയോജിപ്പിച്ചിട്ടുണ്ട്.
‘വീണപൂവ്’ എന്ന ചിത്രത്തില്‍ വിദ്യാധരന്‍ സംഗീതം പകര്‍ന്ന് തോപ്പില്‍ ആന്റോ പാടിയ അജ്ഞാത കര്‍തൃകമായ ഗാനമുണ്ട്. ‘മാല വെപ്പാന്‍ വന്നിഹയെന്റെ’ എന്നു തുടങ്ങുന്ന പൗരാണിക ഗാനം പുള്ളുവന്‍ പാട്ടായി അവതരിപ്പിക്കുന്നു. ഇതേ ചിത്രത്തില്‍ തന്നെ മുല്ലനേഴി രചിച്ച് യേശുദാസും ജെന്‍സിയും പാടുന്ന ‘ഗണപതിയും ശിവനും വാണീദേവിയും തുണ അരുളേണമിന്നു’ എന്നു തുടങ്ങുന്ന ഗാനം പുള്ളുവന്‍ പാട്ടായി തന്നെ അവതരിപ്പിക്കുന്നുണ്ട്. മണ്ണാറശാല ആയില്യം (കന്നിമാസത്തിലെ ആയില്യം) പവിത്രമായി ആചരിക്കാനുള്ള കാരണം ഈ ഗാനത്തില്‍ വിശദമാക്കുന്നുണ്ട്. ഈ ദിനത്തിലാണ് നാഗ റാണിയായ കദ്രു, അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍ തുടങ്ങിയ ആയിരം നാഗങ്ങളെ പ്രസവിച്ചതത്രേ.
എം.ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായ ‘നിര്‍മ്മാല്യം’ എന്ന ചിത്രത്തില്‍ ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ രചിച്ച് കെ. രാഘവന്‍ ദേവഗാന്ധാരി രാഗത്തില്‍ സംഗീതം നല്‍കി കെ.പി. ബ്രാഹ്മാനന്ദന്‍, പത്മിനി എന്നിവര്‍ ആലപിച്ച ‘ശ്രീ മഹാദേവന്‍ തന്റെ ശ്രീ പുള്ളോര്‍ക്കുടം കൊണ്ട് ‘ എന്നു തുടങ്ങുന്ന ഗാനം വളരെ പ്രശസ്തമാണ്.

നാഗാരാധന
പുരാതന ഈജിപ്ഷ്യന്‍ സംസ്‌കാരത്തിലും ഗ്രീക്ക് സംസ്‌കാരത്തിലും നാഗാരാധനയുണ്ടായിരുന്നു. കേരളം പരശുരാമന്‍ സൃഷ്ടിച്ചതാണെന്നാണല്ലോ ഐതിഹ്യം. കേരളം സൃഷ്ടിച്ചതിനു ശേഷം ഭാര്‍ഗ്ഗവരാമന്‍ ഈ ഭാര്‍ഗ്ഗവക്ഷേത്രത്തില്‍ ബ്രാഹ്മണരെ കൊണ്ടു വന്നു പാര്‍പ്പിച്ചത്രേ. കേരളത്തില്‍ കാടുകള്‍ തിങ്ങി നിറഞ്ഞതിനാല്‍ പാമ്പുകള്‍ ബ്രാഹ്മണര്‍ക്കു പേടി സ്വപ്‌നമായി. പാമ്പുകളുടെ ഉപദ്രവത്തില്‍ നിന്നു രക്ഷ നേടാനായി വീടുകളോടു ചേര്‍ന്ന് കാവുകള്‍ സൃഷ്ടിച്ച് സംരക്ഷിച്ച് നാഗാരാധനയും ‘തളിച്ചുകൊട’ തുടങ്ങിയ അനുഷ്ഠാനങ്ങളും ആരംഭിക്കുവാന്‍ പരശുരാമന്‍ നിര്‍ദ്ദശിച്ചതിനാലാണ് പുരാതന ബ്രാഹ്മണ- നായര്‍ തറവാടുകളോട് ചേര്‍ന്ന് കാവുകളും നാഗത്തറയും ചിത്രകൂടവും മറ്റും രൂപപ്പെടാനിടയായതത്രേ. കാവുകളിലെ ചെടികള്‍ ഉണങ്ങിക്കരിയാതിരിക്കുന്നതിനായി ജലം തളിച്ചുകൊടുത്തതാണ് ‘തളിച്ചുകൊട’എന്ന ആചാരമായി മാറിയതെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. നാഗന്മാരാണ് നായന്മാര്‍ ആയതെന്ന് ഒരു വാദമുണ്ട്. നായന്മാരുടെ പൂര്‍വ്വികര്‍ ഗ്രീക്കുകാരാണ് എന്നു ചില ചരിത്രകാരന്മാര്‍ പ്രസ്താവിക്കുന്നു. നായര്‍ ഡി.എന്‍.എ, ക്രോമസോം എന്നിവ ഗ്രീക്കുകാരോട് സമാനമാണത്രേ. നായന്മാര്‍ ഗ്രീസിലെ പൂര്‍വ്വികവും പൈതൃകപരവുമായ നാഗാരാധനയെ കൂടെക്കൊണ്ടുവന്ന് കേരളത്തിലേക്ക് പറിച്ചുനട്ടതിനാലാണത്രേ നായര്‍ പുരാതന തറവാടുകളോട് ചേര്‍ന്ന് കാവുകളുള്ളതെന്നും പറയപ്പെടുന്നു. എന്തായാലും കാവുകളും അതിനോടു ചേര്‍ന്നുള്ള സര്‍പ്പക്കുളവും മറ്റും പരിസ്ഥിതിക്ക് അനുഗ്രഹമാണെന്ന് പറയാതെ വയ്യ. വിശ്വാസത്തിന്റെ ആധാരത്തില്‍ ഔഷധച്ചെടികളും വൃക്ഷങ്ങളും ആവാസവ്യവസ്ഥയും പ്രകൃതീദേവി തന്നെയും സംരക്ഷിക്കപ്പെടുന്നു. മനുഷ്യനിലെ പാരമ്പര്യ വാഹക ഘടകങ്ങളായ ജീനുകളിലെ അടിസ്ഥാനമായ ഡി.എന്‍.എ, ക്രോമസോം എന്നിവയുടെ ഘടനയ്ക്ക് ഇണചേരുന്ന പാമ്പുകളുടെ രൂപ സാദൃശ്യമാണുള്ളത്. പുരുഷ ബീജം നാഗം പോലെയായതിനാല്‍ നാഗം പ്രതീകവത്കരിക്കുന്നത് ബീജത്തെയാണ് എന്ന് ഒരു സങ്കല്‍പമുണ്ട്. അതുകൊണ്ടാണ് നാഗാരാധനയുള്ള ക്ഷേത്രങ്ങളില്‍ അനപത്യതാ ദു:ഖമകറ്റുന്നതിന് ഉരുളി കമഴ്ത്തല്‍ പോലുള്ള വഴിപാടുകള്‍ നടത്തുന്നത്.






















