പൂങ്കാവനത്തിന്റെ ശോഭയില്‍ പുണ്യമാം-
പാമ്പാതരംഗക്കുളിരില്‍,
പൂര്‍ണ്ണേന്ദു പോല, ങ്ങമരുന്ന നിന്നുടെ-
പൂര്‍ണ്ണപ്രഭതേടി വന്നു, ഞാന്‍ നിന്റെ
കാരുണ്യമൊന്നിനായ്,ക്കേണു!
വൈഷ്ണവ- ശൈവപ്പൊരുളാ,യമരുന്ന –
കലിയുഗവരദനാം സ്വാമീ!
കലികാല ദോഷശമനത്തിനായൊരു-
വരമല്ലോ നിന്‍ ചരണങ്ങള്‍, നാവില്‍-
നിറയുന്ന നിന്‍ ശരണങ്ങള്‍.
കണ്ടകം, കല്ലും മലയും നിറഞ്ഞൊരു
കാനനപ്പാതകള്‍ താണ്ടി
കണ്ടു വണങ്ങിടാന്‍, സായൂജ്യമാര്‍ന്നിടാന്‍-
ഇണ്ടലെല്ലാമങ്ങൊഴിയാന്‍, സ്വാമിയേ-
ക്കണ്ടു കുളിര്‍കോരിനില്‍ക്കാന്‍.
തമ്പുരാനേ നിന്‍ തിരുമുന്നില്‍ വയ്ക്കുവാ-
നിന്നീ ഇരുമുടിക്കെട്ടില്‍-
പുണ്യപാപങ്ങളും ജന്മദോഷങ്ങളും-
കൊണ്ടു നടയില്‍ ഞാനെത്തി, എന്നും-
നീയെനിയ്ക്കാധാരമൂര്‍ത്തി!
‘തത്വമസി’ക്കെന്നും തട്ടകമായ് നില്‍ക്കും-
ശക്തിസ്വരൂപസവിധം
ഒത്തുചേര്‍ന്നെത്തുന്ന ഭക്തജനതതി
മുക്തി നേടിപ്പോകും തീര്‍ത്ഥം, ആത്മാവിന്‍-
സത്ത തേടിയെത്തും തീര്‍ത്ഥം!
ആമയമെല്ലാമകറ്റുന്നു മാമല
മേലേ തെളിയുന്ന ‘ജ്യോതി’
ആയിരം കണ്ഠങ്ങളൊന്നിച്ചുപാടുന്ന-
തൊന്നുത’ന്നയ്യപ്പഗീതി’ ധര്‍മ്മ-
ശാസ്താരമെന്നാത്മഗീതി!
ആനന്ദചിത്തരായ് ഞങ്ങള്‍ മടങ്ങുന്നു
മോഹാന്ധകാരങ്ങള്‍ നീക്കി,
ശോകവും താപവും നീങ്ങുന്ന തൃപ്പാദ-
പത്മങ്ങളില്‍ തൃപ്തി നേടി. ആത്മ-
സായൂജ്യമാകെയും ചൂടി!
തീര്‍ത്തിടുന്നയ്യനെന്‍ ആധിയും വ്യാധിയും,
ആര്‍ത്തപരായണന്‍ നീയേ
യോഗ പട്ടാംബര ധാരിയായ് വാഴും ശ്രീ-
ലോകാധിനാഥനും നീയേ, എന്നു –
മാത്മചൈതന്യവും നീയേ!






















