പി.ബി. സ്‌കൂളില്‍ ഇപ്പോഴും നേരം പുലര്‍ന്നിട്ടില്ല. പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാനസര്‍ക്കാരിനു വേണ്ടി വിദ്യാഭ്യാസ സെക്രട്ടറി ഒപ്പിട്ടതിന്റെ വിവാദം ഉണ്ടാക്കിയ ഭൂമികുലുക്കത്തിനൊടുവില്‍ സി.പി.ഐ മന്ത്രിമാരുടെ മുമ്പില്‍ നൂറ് ഏത്തവുമിട്ട്, കേന്ദ്രത്തിന് ധാരണാപത്രം മരവിപ്പിക്കണമെന്ന് അപേക്ഷിച്ച് കത്തയച്ച് ഒരു ദീര്‍ഘശ്വാസം വിട്ട് ഇരിക്കുകയായിരുന്നു ശിവന്‍ കുട്ടി അപ്പൂപ്പന്‍. പശുവും ചത്തു, മോരിന്റെ പുളിയും പോയി കഴിഞ്ഞപ്പോഴതാ പി.ബി.സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ വിളിക്കുന്നു. ഇനി വേറെ വല്ല പൊല്ലാപ്പും ഉണ്ടോ എന്നറിയാന്‍ ശങ്കിച്ച് ചെന്നു നോക്കിയപ്പോള്‍ പി.എം. ശ്രീ വേണ്ട എന്ന് പറഞ്ഞത് തെറ്റിച്ചതിനുള്ള ശിക്ഷ എന്നു പറഞ്ഞുകൊണ്ട് ഹെഡ്മാസ്റ്റര്‍ എം.എ. ബേബി സഖാവിന്റെ വക നാലു ചൂരല്‍ കഷായം. പ്രശ്‌നമൊക്കെ പരിഹരിച്ചു കഴിഞ്ഞതാണ ല്ലോ, ഇനിയെന്തിനാണ് ഈ ശിക്ഷ എന്നു അതിശയിച്ചു നില്‍ക്കുകയായിരുന്നു ശിവന്‍കുട്ടി. അപ്പോഴാണ് സംഗതി പിടികിട്ടിയത്. പി.എം. ശ്രീ വിവാദം മുന്നണിയില്‍ ഒത്തുതീര്‍പ്പായതും കേന്ദ്രത്തിന് കത്തയച്ചതും സംബന്ധിച്ച വിവരം പി.ബിയിലേക്ക് കേരളത്തില്‍ നിന്ന് അറിയിച്ചത് കെ.ഫോണ്‍ വഴിയാണ്. പി.ബി. കൂടുമ്പോഴും ആ വിവരം അവിടെ എത്തിയിട്ടില്ലത്രേ!.
ശിവന്‍കുട്ടിയുടെ ക്ലാസ് ടീച്ചര്‍ മുഖ്യമന്ത്രി വിജയന്‍ സഖാവ് പി.ബി.സ്‌കൂളിലെ ചോദ്യം ചെയ്യലില്‍ ശിവന്‍കുട്ടിയെ പരമാവധി സംരക്ഷിക്കാന്‍ ശ്രമിച്ചു. കേന്ദ്ര ഫണ്ട് തടഞ്ഞ പശ്ചാത്തലത്തിലാണ് കരാറില്‍ ഒപ്പിട്ടതെന്നും ഫണ്ട് കിട്ടാന്‍ വേണ്ടിയുള്ള ഒരു പൊടിക്കൈ പ്രയോഗം മാത്രമാണതെന്നും വിജയന്‍ സഖാവ് വിശദീകരിച്ചതൊന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്ക് തൃപ്തിയായില്ല. വിവാദം നടക്കുമ്പോഴൊക്കെ അയലിലെ കോഴിയെപ്പോലെയുള്ള നിലപാടിലായിരുന്നു ജന:സെക്രട്ടറി ബേബി. പി.ബി യോഗത്തില്‍ അദ്ദേഹവും കാലുമാറി ഒപ്പിട്ടതേ അറിയില്ല എന്നു പറഞ്ഞു. മുമ്പ് ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാന്‍ യു.പി.എ മുന്നണി തീരുമാനിച്ചപ്പോള്‍ കേരളഘടകം പാര വെച്ചിരുന്നു പിന്നീട് അതിനെക്കുറിച്ച് പാര്‍ട്ടി പറഞ്ഞത് ചരിത്രപരമായ വിഡ്ഢിത്തം എന്നാണ്. പി.എം.ശ്രീ പിന്മാറ്റവും ചരിത്രപരമായ വിഡ്ഢിത്തമായിരുന്നു എന്ന് നാളെ ഇവര്‍ക്ക് ബോധ്യപ്പെടുമോ എന്നറിയില്ല,





















