പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യാതിഥിയായി കേരള മുഖ്യന്‍ വിജയന്‍ സഖാവ് ക്ഷണിച്ചത് തമിഴ്‌നാടിന്റെ നാട്ടരചന്‍ സ്റ്റാലിനെയാണ്. ശക്തമായ എതിര്‍പ്പു വന്നതിനാല്‍ അതു നടന്നില്ല എന്നു മാത്രം. കേന്ദ്രത്തിലെ മോദിസര്‍ക്കാരിനോടുള്ള എതിരിടലും സനാതന ധര്‍മ്മ വിരോധവുമാണ് ഈ ഇരട്ടമുഖ്യന്മാരുടെ കൊടിക്കൂറ. സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് സ്റ്റാലിന്റെ മകന്‍ ഉദയനിധി പറഞ്ഞപ്പോള്‍ അതിനെ ആദ്യം കയറി പിന്തുണച്ചത് സി.പി.എമ്മാണ്. അധികാരം ഉപയോഗിച്ച് തന്റെ പ്രക്രിയ നേരിട്ട് നടപ്പാക്കുക എന്നതാണ് സ്റ്റാലിന്റെ രീതി. ആര്‍എസ്എസ് പഥസഞ്ചലനത്തിന് അനുമതി നിഷേധിക്കല്‍ അതിന്റെ ഭാഗം. മറ്റു മതക്കാരുടെ ആഘോഷങ്ങള്‍ക്ക് ആശംസകള്‍ നേരുമ്പോഴും ദീപാപലി പോലുള്ള ഹിന്ദു ആഘോഷങ്ങള്‍ക്ക് ആശംസ നേരില്ല. ‘ഹിന്ദുത്വ’ ആരോപിച്ച് ത്രിഭാഷാ പദ്ധതിയെയും ഹിന്ദിയേയും എതിര്‍ക്കുന്നതും ഇതിന്റെ ഭാഗമാണ്. ഇപ്പോള്‍ ക്ഷേത്രാചാരങ്ങള്‍ തടയുകയും ഇതിനായി ഹൈക്കോടതി വിധിക്കു പോലും പുല്ലുവില കല്‍പിക്കുകയും ചെയ്യുന്നു. തിരുപ്രംകുണ്ഡത്ത് കാര്‍ത്തിക ദീപം തെളിക്കുന്നത് തടയാന്‍ പോലീസിനെ നിയോഗിച്ചത് ഒടുവിലത്തെ സംഭവം. ഇതാണ് സനാതന ധര്‍മ്മ ഉന്മൂലനത്തിന്റെ സ്റ്റാലിന്‍ മോഡല്‍.
കേരളത്തിലെ വിജയന്‍ മോഡല്‍ പൂതനാവേഷത്തിലാണ്. ദേവസ്വം വകുപ്പിനെ ഉപയോഗിച്ചാണ് ഇവിടെ പ്രധാനകളി. ശബരിമലയിലെ ശ്രീകോവിലിലെ സ്വര്‍ണ്ണപാളി പൊളിച്ചു വില്‍ക്കാന്‍ കൂട്ടുനിന്നത് ദേവസ്വം പ്രസിഡന്റുമാരായിരുന്നു. ഇതിന് ചരടുവലിച്ചതെല്ലാം നല്ല സഖാക്കള്‍. ഗുരുവായൂര്‍ ദേവസ്വത്തിലും മലബാര്‍ ദേവസ്വത്തിലും അഴിമതിയും വെട്ടിപ്പും നടക്കുന്നത് ദേവസ്വം ഭാരവാഹികളായ സഖാക്കള്‍ വഴി. തിരുനെല്ലി ദേവസ്വത്തിന്റെ പണം സഖാക്കള്‍ ഭരിക്കുന്ന സഹകരണ ബാങ്കിന്റെ സാമ്പത്തിക ഭാരം തീര്‍ക്കാന്‍ ഉപയോഗിച്ചത് ഇപ്പോള്‍ തടഞ്ഞിരിക്കുന്നത് സുപ്രീം കോടതി യാണ്. ക്ഷേത്ര പരിസരത്ത് ആര്‍എസ് എസ് ശാഖക്ക് നിരോധനം. സഖാക്കളുടെ വിപ്ലവഗീതത്തിനേ അവിടെ അനുമതിയുള്ളു. തച്ചുതകര്‍ക്കുക എന്ന ടിപ്പുവിന്റെ വഴിയാണ് സ്റ്റാലിന്. വിഗ്രഹം ഉരുക്കിവിറ്റ് ധൂര്‍ത്തടിച്ച കാശ്മീരിലെ ഹര്‍ഷന്‍ എന്ന രാജാവിന്റെ രീതിയാണ് വിജയന്റേത്. രണ്ടു പേര്‍ക്കും ലക്ഷ്യം സനാതനധര്‍മ്മത്തിന്റെ ഉന്മൂലനം തന്നെ.





















