Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഭീകരനുവേണ്ടി വലവിരിക്കുന്നു (ഒസാമ ബിന്‍ ലാദന്‍ സമ്പന്നനായ കൊടുംഭീകരന്‍ 2)

സേതു എം നായര്‍ കരിപ്പോള്സേതു എം നായര്‍ കരിപ്പോള്
28 November 2025

മിസ്റ്റര്‍ കുവൈറ്റിയുടെ ചുറ്റുപാടുകളെക്കുറിച്ച് സിഐഎക്ക് ആവശ്യമുള്ള വിശദവിവരങ്ങള്‍ നല്‍കാന്‍ കേസിനോടനുബന്ധിച്ച് തടവിലാക്കപ്പെട്ട ഗോണ്ടോനാമന്‍ തടവുകാര്‍ക്കുപോലും അറിവൊന്നുമുണ്ടായിരുന്നില്ലെന്നുള്ളതാണ് വാസ്തവം. തങ്ങളുടെ സഹപ്രവര്‍ത്തകര്‍ മെനയുന്ന യുദ്ധനീക്കങ്ങളെക്കുറിച്ച്, അതേ സേനയിലുള്ള മറ്റു യോദ്ധാക്കള്‍ക്കുപോലും രൂപരേഖകളില്ലാത്തവിധം അത്രയ്ക്ക് രഹസ്യനിബദ്ധമായിരുന്നു അല്‍ ഖ്വയ്ദയുടെ സംഗ്രാമതന്ത്രങ്ങളെല്ലാം തന്നെ.

Google NewsAdd Kesari Weekly as a preferred source on Google

ഇക്കാലമത്രയും ഒരിക്കല്‍പ്പോലും ഫോണിന്റെയോ ഇന്റര്‍നെറ്റിന്റെയോ ഏഴയലത്തുപോലും പ്രവേശിക്കാതെ ഒസാമ ബിന്‍ ലാദനെന്ന ഒളിപ്പോരാളി തന്നിലേക്കുള്ള എല്ലാ വഴികളും മതില്‍ കെട്ടിയടച്ച് സുരക്ഷിതമാക്കി അമേരിക്കന്‍ സിംഹങ്ങളെ ഇരുട്ടില്‍ നടത്തി.
തുടര്‍ന്നു നടന്നുകൊണ്ടിരുന്ന അല്‍ ഖ്വയ്ദാ ആക്രമണങ്ങള്‍, ലാദന്‍ ചില്ലറക്കാരനല്ലെന്നും അയാളുടെ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്കെത്തിക്കാന്‍ നിയുക്തരായി അയാളുടെ പടയില്‍ വേറെയും ആരോ ചിലരുണ്ടെന്നും സംശയിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചു. ഈ അവസരത്തിലാണ്, അജ്ഞാതകേന്ദ്രങ്ങളിലേക്ക് സെല്‍ഫോണിലൂടെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന മിസ്റ്റര്‍ കുവൈറ്റിയുടെ ശബ്ദം സിഐഎ കേന്ദ്രത്തിലുള്ള കമ്പ്യൂട്ടറുകള്‍ വിശകലനം ചെയ്‌തെടുക്കുന്നത്.

ഇതിനിടെ, അമേരിക്കയില്‍ ഭരണം മാറി ഒബാമ അധികാരത്തിലെത്തിക്കഴിഞ്ഞിരുന്നു. അന്വേഷണത്തിന്റെ ഗതിവിഗതികള്‍ ഒബാമയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അഫ്ഗാന്‍-പാക് ഗള്‍ഫ് പ്രദേശങ്ങളിലെ സംശയമുളവാക്കുന്ന എല്ലാ ഫോണ്‍കോളുകളും ഫില്‍റ്റര്‍ ചെയ്യാന്‍ ഒബാമ ഉത്തരവിട്ടു. ഒളിസങ്കേതത്തില്‍ പതുങ്ങിയിരുന്ന് കരുക്കള്‍ നീക്കുന്ന ഒസാമയെ മെരുക്കാനുള്ള സര്‍വ്വമാര്‍ഗ്ഗങ്ങളും സജ്ജമാക്കാനും അതിനുവേണ്ടി കൂടുതല്‍ അന്വേഷകരെ നിയമിക്കാനും െവള്ളമാളികയുടെ പുതിയ യജമാനനായ ഒബാമ, സിഐഎ ഡയറക്ടര്‍ ലിയോണ്‍ പാനെറ്റയോട് ആവശ്യപ്പെട്ടു.

ADVERTISEMENT

ഒബാമയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ആധുനികസാങ്കേതികവിദ്യയുടെ വലവിരിച്ച് അഫ്ഗാന്‍-പാകിസ്ഥാന്‍ പ്രദേശങ്ങളില്‍ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര ഫോണ്‍വിളികള്‍ കൂടുതല്‍ ഊര്‍ജ്ജ്വസ്വലമായി അമേരിക്ക വിശകലനം ചെയ്യാന്‍ തുടങ്ങി.

ഉദ്യോഗസ്ഥരുടെ ഉറക്കമൊഴിച്ചുള്ള കാത്തിരുപ്പിനിടയിലൊരു ദിവസം ഗള്‍ഫില്‍ നിന്ന് പാകിസ്ഥാന്റെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ നിരീക്ഷണവിധേയമാക്കിക്കൊണ്ടിരിക്കുന്ന ഒരു നമ്പറിലേയ്ക്കു ചെന്ന അറബി ഭാഷയിലുള്ള ഒരു ഫോണ്‍ സന്ദേശം അന്വേഷണോദ്യോഗസ്ഥന്മാരെ ഉത്സാഹഭരിതരാക്കി. ഈ ഫോണ്‍സന്ദേശം വന്നത് മിസ്റ്റര്‍ കുവൈറ്റിയുടെ മൊബൈല്‍ ഫോണിലേക്കായിരുന്നു.

മിന്നല്‍ വേഗത്തിലായിരുന്നു സിഐഎയുടെ പിന്നീടുള്ള നീക്കങ്ങളെല്ലാം. മിസ്റ്റര്‍ കുവൈറ്റി തങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെ ഏതെങ്കിലും തീവ്രവാദസംഘടനയിലെ അംഗമാണെങ്കില്‍ തീര്‍ച്ചയായും അയാള്‍ സെല്‍ഫോണ്‍ സിമ്മുകള്‍ അടിക്കടി മാറ്റിക്കൊണ്ടിരിക്കുമെന്നും ഒരു നമ്പര്‍ ഒന്നില്‍ക്കൂടുതല്‍ പ്രാവശ്യം ഉപയോഗിക്കുകയില്ലെന്നും അന്വേഷണോദ്യോഗസ്ഥന്മാര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ, കിട്ടിയ അവസരമുപയോഗിച്ച്, മിസ്റ്റര്‍ കുവൈറ്റി ഈ നമ്പര്‍ മാറ്റുന്നതിനു മുമ്പുതന്നെ, അയാളെ ‘സീറോഡൗണ്‍’ ചെയ്യണമെന്ന് സിഐഎ തീരുമാനിച്ചു.

600 നാഴിക മുകളില്‍ നിന്നുകൊണ്ട്, ഫോണ്‍ ചെയ്യുന്ന ആളിന്റെ സ്ഥാനവും ചലനവും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയുന്ന ചെറിയൊരു കൃത്രിമ ഉപഗ്രഹം മിസ്റ്റര്‍ കുവൈറ്റിയെ നിരീക്ഷണവിധേയമാക്കിക്കൊണ്ടിരുന്നു. ഓപ്റ്റിക്കല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഞൊടിയിടയില്‍ത്തന്നെ ഫോണ്‍ ചെയ്യുന്ന വ്യക്തിയെ വ്യക്തമായി സ്‌കാനര്‍ സ്‌ക്രീനിന്റെ തെളിമയുള്ള തിരയില്‍ സി.ഐ.എ കൊണ്ടുവന്നു നിര്‍ത്തി. ഇന്‍ഫ്രാ റെഡ് സ്‌ക്രീനുകള്‍പോലുള്ള പല നിരീക്ഷണസൗകര്യങ്ങള്‍ സജ്ജീകരിച്ച ഒരുആളില്ലാ വിമാനം മിസ്റ്റര്‍ കുവൈറ്റിയുടെ ചലനങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് അമ്പതിനായിരം അടി മുകളില്‍ ഇതിനോടകം വട്ടമിട്ടു പറക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അമിതമായ ഉയരവും അതിവേഗതയും സൂക്ഷ്മമായ പരിമാണവും നിമിത്തം പാകിസ്ഥാന്‍ റഡാറുകളുടെ ദൃഷ്ടിഗോചരതയെ കബളിപ്പിച്ചു നില്‍ക്കാന്‍ സുസജ്ജമായിരുന്നു ‘ബീസ്റ്റ് ഓഫ് കാണ്ഡഹാര്‍’ എന്നു വിളിക്കപ്പെട്ട ഈ ആളില്ലാവിമാനം.

കുവൈറ്റിയുടെ സഞ്ചാരപഥങ്ങളിലെ ഓരോ നീക്കങ്ങളും ഉരിയാടുന്ന വാക്കുകളിലെ ഓരോ അക്ഷരങ്ങളും ഇതിനോടകം പരിപൂര്‍ണ്ണ നിരീക്ഷണത്തിന്‍ കീഴില്‍ കൊണ്ടുവന്നു കഴിഞ്ഞിരുന്നു. സാധാരണ ദിവസങ്ങളിലെ തന്റെ സഞ്ചാരപരിസരങ്ങളെ വിട്ട് മറ്റേതോ ലക്ഷ്യത്തിലേക്ക്, കൂട്ടിനാരുമില്ലാതെ തനിയെ കാറോടിച്ചു പോകുന്ന കുവൈറ്റിയെ സൂക്ഷ്മനിരീക്ഷണം ചെയ്തുകൊണ്ട് ആളില്ലാവിമാനം അയാളുടെ മുകളിലൂടെ പറന്നു. അമേരിക്കയെ അത്ഭുതസ്തബ്ധമാക്കിക്കൊണ്ട് കുവൈറ്റി കാറോടിച്ചു കയറ്റിയത്, തങ്ങള്‍ സഖ്യരാജ്യമെന്നു കരുതി, സ്‌നേഹിച്ചു ചേര്‍ത്തു നിര്‍ത്തിയിരിക്കുന്ന പാകിസ്ഥാന്റെ മിലിറ്ററി അക്കാദമിയുടെ ആസ്ഥാനമായ അബോട്ടാബാദിലേക്കായിരുന്നു.

മിലിറ്ററി അക്കാദമിയുടെ പ്രാന്തത്തില്‍, വലിയ കന്മതില്‍ കെട്ടി സുരക്ഷിതമാക്കിയ, സേവനത്തില്‍ നിന്ന് അടുത്തൂണ്‍ പറ്റിയ പട്ടാള ഉദ്യോഗസ്ഥന്മാര്‍ താമസിക്കുന്ന പ്രദേശത്തുള്ള ഒരു സാധാരണ കെട്ടിടത്തിലെത്തി കുവൈറ്റിയുടെ കാര്‍ നിന്നു. അത്ര പെട്ടെന്നൊന്നും സാധാരണക്കാര്‍ക്ക് എത്തിപ്പെടാന്‍ ആവാത്ത വിധം രണ്ടാളുയരത്തില്‍ കെട്ടിപ്പൊക്കിയ മതില്‍ക്കെട്ടുകള്‍ക്കു മുകളില്‍ മുള്ളുവേലികള്‍ സ്ഥാപിച്ച് കവചിതമാക്കപ്പെട്ട ഈ കെട്ടിടത്തിനകത്തേക്ക് എന്തു ദൗത്യം ചെയ്തുതീര്‍ക്കാനാണ് ഈയാള്‍ പോകുന്നതെന്ന് ന്യായമായിത്തന്നെ നിരീക്ഷകര്‍ സംശയിച്ചു. തുടര്‍ന്നുള്ള നിരീക്ഷണങ്ങളില്‍, കുവൈറ്റി ചെന്നു കയറിയ കെട്ടിടത്തിനുള്ളില്‍ വേറെയും അന്തേവാസികളുണ്ടെന്നും അവരെ സന്ദര്‍ശിക്കാനാണ് അയാള്‍ എത്തിയിരിക്കുന്നതെന്നും രഹസ്യാന്വേഷണോദ്യോഗസ്ഥന്മാര്‍ മനസ്സിലാക്കി. ഈ വിവരങ്ങള്‍ സിഐഎ ഡയറക്ടര്‍ ലിയോണ്‍ പെനേഡയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഇലക്‌ട്രോണിക് സന്ദേശങ്ങള്‍ വായുവിലൂടെ അദൃശ്യമായി ചിറകു വിരിച്ചു പറന്നു.

പെനേഡയുടെ നിര്‍ദ്ദേശപ്രകാരം, സ്ഥിതിഗതികളെ കൂലങ്കുഷമായി വിശകലനം ചെയ്യാന്‍ ഉറുദു സംസാരിക്കുന്നവരും കണ്ടാല്‍ പാകിസ്ഥാനികള്‍ എന്നു തോന്നിക്കുന്നവരുമായ സിഐഎ ഏജന്റുകളെ അമേരിക്കന്‍ ഭരണകൂടം അബോട്ടാബാദിലേക്കയച്ചു.

മലനിരകളാല്‍ ചുറ്റപ്പെട്ട ഒരു ചെറിയ പട്ടണമായിരുന്നു അബോട്ടാബാദ്. അവിടെ വന്നിറങ്ങിയ അമേരിക്കയുടെ അന്വേഷണോദ്യോഗസ്ഥന്മാര്‍ അധികം പ്രയാസപ്പെടാതെതന്നെ കുവൈറ്റി കയറിപ്പോയ കെട്ടിടത്തിന്റെ ഉള്‍പ്രദേശത്തുള്ള പ്രവര്‍ത്തനങ്ങളെ നേരിട്ടു കാണത്തക്കവിധം കിളിവാതിലുകളുള്ള ഒരു കെട്ടിടം വാടകയ്ക്ക് തരപ്പെടുത്തിയെടുത്തു.

നിരീക്ഷണങ്ങള്‍ അനുസ്യൂതം തുടര്‍ന്നുകൊണ്ടിരുന്നു. ആഡംബര കാറുകളും മറ്റു നവീനതകളും അകമ്പടിക്കുണ്ടായിരുന്നുവെങ്കിലും ആ കെട്ടിടത്തില്‍ ടെലിഫോണ്‍ കണക്ഷനോ മറ്റു വാര്‍ത്താവിനിമയോപാധികളോ പ്രകടമായി ഇല്ലാതിരുന്നത് നിരീക്ഷണോദ്യോഗസ്ഥന്മാര്‍ കൗതുകപൂര്‍വ്വം തിരിച്ചറിഞ്ഞു. മാത്രമല്ല, ഇവര്‍ക്കു വേണ്ട ഭക്ഷണസാധനങ്ങളും പച്ചക്കറികളും ചുറ്റുമുള്ള പുരയിടത്തില്‍ത്തന്നെ കൃഷിചെയ്യുകയാണെന്നും അവര്‍ നിരീക്ഷിച്ചറിഞ്ഞു. മാംസാവശ്യങ്ങള്‍ക്ക് അന്തേവാസികള്‍ വളര്‍ത്തിയിരുന്ന ആടുകളെപ്പോലുള്ള മൃഗങ്ങളെ അറുത്തു കൊന്ന് ഭക്ഷിക്കുന്നതും ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. മസാലക്കൂട്ടുകള്‍ വാങ്ങാനായി കുവൈറ്റി മാത്രമാണ് അടുത്തുള്ള കടയിലേക്ക് പോകുന്നതെന്നും അപ്പോള്‍ ജനങ്ങളുമായി സമ്പര്‍ക്കമുണ്ടാവാതിരിക്കാനും അനാവശ്യമായി സംസാരിക്കാതിരിക്കാനും അയാള്‍ ബദ്ധശ്രദ്ധനാണെന്നും അവര്‍ ഗ്രഹിച്ചെടുത്തു. വീടിനുള്ളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും നടമാട്ടമുണ്ടായിരുന്നെങ്കിലും ഒരാള്‍പോലും പുറത്തിറങ്ങി വരാത്തതും കുട്ടികള്‍ സ്‌ക്കൂളിലേക്കു പോകാത്തതുമെല്ലാം നിരീക്ഷകരില്‍ സംശയങ്ങളുണ്ടാക്കി. അവര്‍ നിരീക്ഷണം തുടര്‍ന്നുകൊണ്ടിരുന്നു.

ആയിടയ്ക്കാണ്, നിരീക്ഷണവിധേയമായിക്കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് സാധാരണയിലധികം ഉയരമുള്ള ഒരാള്‍ കോമ്പൗണ്ടിനുള്ളില്‍ നടക്കാനിറങ്ങുന്നത് സിഐഎ ഉദ്യോഗസ്ഥന്മാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തങ്ങളുടെ നിരീക്ഷണങ്ങളിലൊന്നിലും ആള്‍ത്താമസത്തിന്റെ യാതൊരു ലക്ഷണവും തോന്നാന്‍ ഇടം നല്‍കാതിരുന്ന മൂന്നാം നിലയില്‍, സ്ത്രീകളും താമസക്കാരായുണ്ടെന്നും അവരൊരിക്കലും പുറത്തു വരാറില്ലെന്നും പിന്നീടുള്ള നിരീക്ഷണങ്ങളില്‍ നിന്നും അന്വേഷണോദ്യോഗസ്ഥന്മാരുടെ കാചദൃഷ്ടികള്‍ മനസ്സിലാക്കി. സന്ധ്യാസവാരിക്കിറങ്ങുന്ന ഉയരം കൂടിയ മനുഷ്യനെ ചുറ്റിപ്പറ്റിയായി അവരുടെ പിന്നീടുള്ള അന്വേഷണങ്ങള്‍. തങ്ങള്‍ കണ്ണിലെണ്ണയുമൊഴിച്ചു കാത്തിരിക്കുന്ന ഒസാമ തന്നെയായിരിക്കുമോ വേഷപ്രച്ഛന്നനായി കന്മതിലുകളുടെ കവചമുള്ള കെട്ടിടമുറ്റത്ത് സന്ധ്യാസമയങ്ങളില്‍ നടക്കാനിറങ്ങുന്നത് എന്ന ഉദ്യോഗസ്ഥന്മാരുടെ സംശയത്തിന് നാള്‍ക്കുനാള്‍ ബലംകൂടി വന്നു.

ഉപഗ്രഹത്തിന്റെ ശക്തികൂടിയ ക്യാമറകളുപയോഗിച്ചു പകര്‍ത്തിയ, തങ്ങള്‍ സംശയിക്കുന്ന ഉയരമുള്ള മനുഷ്യന്റെ നൂറൂ കണക്കിനു ചിത്രങ്ങള്‍ അമേരിക്കയുടെ അന്വേഷണകേന്ദ്രത്തിലേക്ക് ഇതിനോടകംതന്നെ പറന്നു കഴിഞ്ഞിരുന്നു. അയാളെക്കുറച്ചുള്ള വിവരങ്ങളുടെ രഹസ്യസ്വഭാവങ്ങള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ ‘പേസര്‍’ എന്ന കോഡുനാമം ഉപയോഗിച്ചാണ് രഹസ്യാന്വേഷണകേന്ദ്രത്തിലേക്ക് വിവരങ്ങള്‍ കൈമാറിക്കൊണ്ടിരുന്നത്. ‘പേസറി’ന്റെ ഉയരവും ശരീരചലനങ്ങളും ഒസാമയുടെ ഫയല്‍ചിത്രങ്ങളുമായി താരതമ്യം ചെയ്യപ്പെട്ടു. സ്വല്‍പം തടി കൂടിയിട്ടുണ്ടെങ്കിലും തങ്ങള്‍ പിന്തുടരുന്നത് ബിന്‍ ലാദന്‍ തന്നെയാണെന്ന നിഗമനത്തില്‍ അവര്‍ പെട്ടെന്നുതന്നെ എത്തിച്ചേര്‍ന്നു. സ്വന്തം പട്ടാളത്താവളത്തിന്റെ ഹൃദയഭാഗത്ത് കുറ്റവാളിയെ ഒളിപ്പിച്ചു വെച്ചുകൊണ്ട് തങ്ങളുടെ രാജ്യത്തെവിടെയും ബിന്‍ ലാദനില്ലെന്ന പാകിസ്ഥാന്റെ സാക്ഷ്യപ്പെടുത്തലില്‍ അലിഞ്ഞു കിടക്കുന്ന പൊള്ളത്തരം അമേരിക്കന്‍ നേതൃത്വത്തെ രോഷാകുലരാക്കി. എങ്കിലും, തങ്ങളുടെ ‘അലി’ കാണിച്ചുകൊണ്ടിരിക്കുന്ന ‘കുസൃതിത്തരങ്ങള്‍’ക്ക് അനുയോജ്യമായ മറുപടി കൊടുക്കാനുള്ള അവസരം ഇതല്ലെന്ന തിരിച്ചറിവ് എല്ലാ അപ്രിയസത്യങ്ങളെയും അല്‍പം ഉപ്പു ചേര്‍ത്തു വിഴുങ്ങാന്‍ അവരെ പ്രേരിപ്പിച്ചു.

അനന്തര നടപടികളുടെ അടിയന്തരസ്വഭാവം മനസ്സിലാക്കിയ വെള്ളമാളികയില്‍നിന്ന് പിനാഡേയ്ക്ക് സമ്മര്‍ദ്ദഭാരം പ്രവൃദ്ധമായ തോതില്‍ വന്നുകൊണ്ടിരുന്നു. നഷ്ടപ്പെടുത്താന്‍ സമയം ഒട്ടും കയ്യിലില്ലെന്നും ‘ജോയിന്റ് സ്‌പെഷ്യല്‍ ഫോഴ്‌സ് ഓപ്പറേഷന്‍സ്’ കമാണ്ടര്‍ (JSOC) വില്യം മക്രവാനുമായി കൂടിയാലോചനകള്‍ നടത്തി ഇരുചെവിയറിയാതെ ഭാവിതന്ത്രങ്ങള്‍ മെനഞ്ഞു തീര്‍ക്കണമെന്നും പെനാഡെക്ക് ഒബാമയുടെ നിര്‍ദ്ദേശമെത്തി. വളരെ വേഗതയിലായിരുന്നു, ആക്ഷന്‍ ഫോഴ്‌സിന്റെ പിന്നീടുള്ള കുതിപ്പുകളെല്ലാം.

‘ജോയിന്റ് സ്‌പെഷ്യല്‍ഫോഴ്‌സ് ഓപ്പറേഷന്‍സ്’കമാണ്ടര്‍ (JSOC) വില്യം മക്രവാനും പെനാഡെയും അന്തിമ കൂടിക്കാഴ്ച നടത്തി. ഇറാഖിലും അഫ്ഗാനിസ്ഥാനിലും പൊടുന്നനെയുള്ള കമന്റോ ആക്രമണങ്ങള്‍ വിജയകരമായി നടത്തി കൈത്തഴക്കം സിദ്ധിച്ച അസാമന്യ ധൈര്യശാലിയും തന്ത്രശാലിയുമായ പട്ടാള ഓഫീസറായിരുന്നു മക്രവാന്‍. ബിന്‍ ലാദന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ പ്ലാന്‍, കെട്ടിടത്തിനുള്ളില്‍ ആരാണു താമസമെന്നോ എന്തിനാണ് അവര്‍ ആക്രമിക്കപ്പെടേണ്ടതെന്നോ പറയാതെ മക്രവാന് കൈമാറി, പിനാഡേ. ഒന്നേ മക്രവാന് നിശ്ചയമുണ്ടായിരുന്നുള്ളു. മാളത്തില്‍ എലിയുണ്ട്. അതിനെ കൊന്നോ ജീവനോടെയോ പിടിക്കണം. ആ പ്രക്രിയ സന്തോഷപൂര്‍വ്വം ചെയ്തു തീര്‍ക്കാന്‍ അത്യന്തം ഉത്സുകനുമായിരുന്നു, ജീവിതത്തില്‍ ഇത്തരത്തിലുള്ള വെല്ലുവിളികള്‍ പലതുമേറ്റെടുത്ത് വിജയകരമായി ചെയ്തുതീര്‍ത്ത മക്രവാന്‍ എന്ന ആ പട്ടാള ഉദ്യോഗസ്ഥന്‍. പദ്ധതിയ്ക്കാവശ്യമായ കമന്റോകളെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നതില്‍ അദ്ദേഹം വ്യാപൃതനായി. അപകടമേഖലകളില്‍ യുദ്ധം ചെയ്ത് മെയ്‌വഴക്കം സിദ്ധിച്ച 23 സീലുകളെയും തന്റെ ടീമില്‍ മക്രവാന്‍ ഉള്‍പ്പെടുത്തി. ഏറ്റവും സങ്കീര്‍ണ്ണവും അപകടകരവുമായ ഏതാക്രമണവും നടത്തുവാന്‍ വേണ്ട അസാമാന്യ ധൈര്യവും അതിനൊത്ത പരിശീലനവുമുള്ള ചുണക്കുട്ടികളാണ് അമേരിക്കന്‍ രഹസ്യപ്പോലീസിന്റെ ആവനാഴിയിലെ ‘നേവി സീലുകള്‍’ എന്ന ഈ ബ്രഹ്മാസ്ത്രങ്ങള്‍.

അബോട്ടാബാദില്‍, ബിന്‍ ലാദന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ‘മിനിയേച്ചര്‍’, വാഷിങ്ങ്ടണിലുള്ള സിഐഎയുടെ ഹേഡ് ഓഫീസ് മൈതാനിയിലുയര്‍ന്നു. അബോട്ടാബാദിലെ കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും ഇടനാഴികളും ശത്രുക്കളൊളിഞ്ഞിരിക്കാന്‍ സാധ്യതയുള്ള മുക്കും മൂലയുമെല്ലാം അസാമാന്യ ചാതുരിയോടെ മിനിയേച്ചറില്‍ പകര്‍ത്തിയിരുന്നു. ഈ മിനിയേച്ചറിനുള്ളിലെ മാസങ്ങളോളം നീണ്ടു നിന്ന പരിശീലനത്തിലൂടെ കെട്ടിടത്തിന്റെ ഓരോ മുക്കും മൂലയും സീലുകള്‍ മന:പാഠമാക്കി. ഈ ഓപ്പറേഷനില്‍ സീലുകള്‍ക്ക് തുണയായി ‘കെയിറോ’ എന്ന ഒരു നായയും ഉണ്ടായിരുന്നു. സ്‌ഫോടകവസ്തുക്കളുടെ രഹസ്യശേഖരങ്ങള്‍ മണത്തറിഞ്ഞു പിടിക്കാനുള്ള വൈദഗ്ദ്ധ്യം പരിശീലിപ്പിക്കപ്പെട്ട ജര്‍മന്‍ ഷെപ്പേഡ് ഇനത്തിലുള്ള നായയായിരുന്നു കെയിറോ.

അബോട്ടാബാദിലെ ആക്രമണം വിജയകരമായി പൂര്‍ത്തീകരിക്കാനുള്ള സൂക്ഷ്മവും കഠിനവുമായ പരിശീലനത്തിന് സമാപ്തിയായി. കര്‍മ്മഭൂമിയില്‍ തങ്ങള്‍ ചെയ്തു തീര്‍ക്കേണ്ട പങ്കിനെ കുറിച്ച് ഓരോ കമാന്റോയും ഇതിനോടകം അതീവ ബോധവാന്മാരായിക്കഴിഞ്ഞിരുന്നു. പദ്ധതിയുടെ കരടുരൂപവും ഓപ്പറേഷന്റെ വിവിധഘട്ടങ്ങളില്‍ ഏര്‍പ്പെടുത്താന്‍ പോകുന്ന തന്ത്രങ്ങളുടെ വിശദവിവരവും ഒബാമയുടെ മുമ്പില്‍ അവതരിപ്പിക്കപ്പെട്ടു. ഒന്നു പാളിയാല്‍ മതി, തന്റെ അധികാരക്കസേരയും സമ്പാദിച്ചു വച്ച ഭരണവൈദഗ്ധ്യത്തിന്റെ കീര്‍ത്തി പേറുന്ന തൂവല്‍തലപ്പാവുമെല്ലാം എട്ടു നില കേറി പൊട്ടുമെന്ന കാര്യത്തില്‍ ഒരു സംശയവുമുണ്ടായിരുന്നില്ല, ഒബാമയ്ക്ക്. തന്റെ പിതൃഭൂമിയുടെ അഭിമാനത്തിന്റെ ചിറിയില്‍ തോണ്ടിക്കളിച്ച ഒസാമയെ സര്‍വ്വ ‘ബഹുമതി’കളും കൊടുത്ത് കാലപുരിയ്ക്കയക്കാന്‍ അര്‍പ്പിതമനസ്‌കനായിരുന്ന അദ്ദേഹം പക്ഷേ, അതൊന്നും കാര്യമാക്കിയില്ല. മക്രവാന്‍ വിവരിച്ചു കൊടുത്ത ഓപ്പറേഷന്റെ വിവിധ ഘട്ടങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടുകൊണ്ടിരുന്നു, അദ്ദേഹം.

23 സീലുകള്‍ രണ്ടു ഹെലികോപ്റ്ററുകളിലായി ശത്രുപാളയത്തിലെത്തണം. ആദ്യത്തെ ഹെലികോപ്റ്ററില്‍ പോകുന്ന 12 പേരില്‍ ആറു പേര്‍ കയറിലൂടെ കെട്ടിടത്തിനു മുകളിലിറങ്ങി ഉള്ളില്‍ പ്രവേശിക്കണം. ബാക്കി ആറുപേര്‍ നിലത്തിറങ്ങി താഴത്തുകൂടി ഉള്ളില്‍ കടന്ന് മുകളിലൂടെയോ താഴെക്കൂടെയോ കുറ്റവാളികളില്‍ ഒരാള്‍പോലും ഓടി രക്ഷപ്പെടാനിടയില്ലാത്ത വിധം എല്ലാ പഴുതുകളും അടയ്ക്കണം. രണ്ടാമത്തെ ഹെലികോപ്റ്ററില്‍ വരുന്ന പതിനൊന്നു പേര്‍ നിലത്തിറങ്ങി താഴത്തെ നിലയിലൂടെ ഉള്ളില്‍ കടന്ന് ഓരോ നിലകളായി കീഴടക്കി മുന്നോട്ടു പോകണം. ഇരുചെവിയറിയുന്നതിനു മുമ്പേ, വെറും മുപ്പതു നിമിഷങ്ങള്‍ക്കുള്ളില്‍ ഓപ്പറേഷന്‍ ചെയ്തു തീര്‍ത്തിരിക്കണം. അയല്‍പ്പക്കത്തെ പാര്‍പ്പുകാരുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ കൂരിരുട്ടിലായിരിക്കണം കമന്റോകള്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കേണ്ടത്. തീവ്രവാദികളെ ജീവനോടെയോ അല്ലാതെയോ പിടിച്ച് ഹേലികോപ്റ്ററില്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുള്ള അമേരിക്കന്‍ സൈനികത്താവളത്തിലെത്തിക്കണം. അബോട്ടാബാദിലെ ഓപ്പറേഷന്‍ കേന്ദ്രത്തില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ ദൂരത്തിലുള്ള പാകിസ്ഥാന്‍ സൈനികകേന്ദ്രത്തില്‍ വിവരമറിയുന്നതിനുമുമ്പ് ഓപ്പറേഷന്റെ എല്ലാ പ്രക്രിയകളും തീര്‍ത്ത് കമന്റോകള്‍ പാകിസ്ഥാന്‍ അതിര്‍ത്തി വിട്ടിരിക്കണം.

അപ്രതീക്ഷിതമായ പരിതസ്ഥിതികളില്‍ ഉദ്യമം പരാജയപ്പെടാനിടയായാല്‍ നിയുക്തരായ ഒരു സീലിനുപോലും ആയുസ്സിന് അപകടം വരാതെ രക്ഷപ്പെടുത്താന്‍ ഒരു ജോഡി ഷിനുക്ക് വകയില്‍ പെട്ട ഹെലികോപ്റ്ററുകള്‍ തയ്യാറായി ഒരുക്കി നിര്‍ത്തിയിരിക്കണം. ആ വ്യോമയാനങ്ങളില്‍ എന്തിനും തയ്യാറായി നില്‍ക്കുന്ന 56 സീലുകളുള്‍ക്കൊള്ളുന്ന മറ്റൊരു കമന്റോ പടയും അത്യാസന്ന ഘട്ടങ്ങളില്‍ മറ്റു കോപ്റ്ററുകളില്‍ നിറയ്ക്കാന്‍ വേണ്ട ഇന്ധനശേഖരവും ഉണ്ടായിരിക്കണം. ഈ രണ്ടു കോപ്റ്ററുകളും തയ്യാറായ നിലയില്‍ അബോട്ടാബാദിനടുത്തുതന്നെ ഒരു വിളിപ്പാടകലെ ഉണ്ടായിരിക്കണം. പാകിസ്ഥാന്‍ റഡാറുകളുടെ കണ്ണില്‍ പെടാതിരിക്കാന്‍ സ്റ്റീലില്‍ പൊതിഞ്ഞ പ്രത്യേകതരം പുറംചട്ടകളുള്ളതും ശബ്ദം വളരെ കുറവുള്ളതും ഏറെ താഴ്ന്നു പറക്കാന്‍ ശേഷിയുള്ളതുമായ മുന്തിയ തരം സ്‌റ്റെല്‍ത്ത് ഹെലികോപ്റ്ററുകള്‍ തന്നെ നിയുക്തമാക്കപ്പെട്ടിരിക്കണം. പദ്ധതി ഒബാമയുടെ മുമ്പില്‍ അവതരിപ്പിക്കപ്പെട്ടു. കുറച്ചുനേരം ചിന്തയിലാണ്ടിരുന്ന ഒബാമ തലയുയര്‍ത്തിക്കൊണ്ടു പറഞ്ഞു: ‘ഗോ അഹെഡ് വിത്ത് യുവര്‍ പ്ലാന്‍, മൈ ബോയ്‌സ്’.

മക്രവാന്‍ നിര്‍ദ്ദേശിച്ച എല്ലാ സന്നാഹങ്ങളും ഒരുക്കിക്കൊടുക്കാന്‍ വെള്ളമാളികയില്‍ നിന്ന് ഉത്തരവു പറന്നു. അമേരിക്കന്‍ സീലുകള്‍ പ്രത്യേക വിമാനത്തില്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുള്ള സൈനികകേന്ദ്രത്തില്‍ വന്നിറങ്ങി. ആക്രമണം നടത്തുവാന്‍ യോജിച്ച വിധത്തില്‍ നിലാവില്ലാത്ത രാത്രികള്‍ക്കു വേണ്ടി മക്രവാന്‍ നിശ്ചയദാര്‍ഢ്യത്തോടെ കാത്തിരുന്നു.

നാടകക്യാമ്പിലെ നടന്മാരെപ്പോലെ സീലുകള്‍ തങ്ങളുടെ അവസാനഘട്ട റിഹേഴ്‌സലുകള്‍ നടത്തിക്കൊണ്ടിരുന്നു. എന്നോ തുടങ്ങിവെച്ച കഠിനപരിശീലനങ്ങള്‍ക്കൊടുവില്‍ ഓരോ സീലിന്റെയും കയ്യില്‍ ഓരോ ബുക്ക്‌ലെറ്റുകള്‍ മക്രവാന്‍ വെച്ചു കൊടുത്തു, ഇരയെക്കുറിച്ചുള്ള വിവരങ്ങളും അബോട്ടാബാദിലെ കെട്ടിടങ്ങള്‍ക്കുള്ളിലെ ആക്രമണവേളയില്‍, സീലുകള്‍ കണ്ടേക്കാന്‍ സാധ്യതയുള്ള ചിത്രങ്ങളും വിവരണങ്ങളും ആളുകളുടെ അടയാളങ്ങളും ആയിരുന്നു ആ പുസ്തകങ്ങളിലെ ഉള്ളടക്കം.
പുസ്തകങ്ങള്‍ കയ്യില്‍വെച്ചു കൊടുക്കുന്നതോടൊപ്പം മക്രവാന്റെ ഘനഗംഭീരമായ ശബ്ദം സീലുകളുടെ ചെവിക്കല്ലുകളില്‍ വന്നു പതിച്ചു. ‘ഈ ഓപ്പറേഷനില്‍ നമ്മുടെ ലക്ഷ്യം ഒസാമ ബിന്‍ ലാദനാണ്. അതെ, ഒസാമ ബിന്‍ ലാദന്‍! ലോകരാജ്യങ്ങളുടെ ഉറക്കം കെടുത്തി സംഹാരനൃത്തമാടിക്കൊണ്ടിരിക്കുന്ന രക്തരക്ഷസ്സ്! ഒസാമ ബിന്‍ ലാദന്‍.’

മക്രവാന്റെ വാക്കുകള്‍ കേട്ട, സാഹസശീലമുള്ള സീലുകള്‍ക്ക് മനസ്സില്‍ വര്‍ദ്ധമാനമായ ആവേശം തോന്നി. മാളങ്ങളില്‍ പതുങ്ങിയിരുന്ന് വിനാശത്തിന്റെ കരാളകാകോളം കക്കിക്കൊണ്ടിരിക്കുന്ന ആ കാട്ടുമൃഗത്തിനെ ജീവനോടെയോ കൊന്നോ കെണിവെച്ചു പിടിക്കുന്ന ധന്യമുഹൂര്‍ത്തത്തെ അവരോരോരുത്തരും മനസ്സില്‍ താലോലിച്ചു.

സമയം രാത്രി പത്തരമണി. സൈനികക്യാമ്പില്‍ നിന്നും 23 സീലുകളെയും കെയ്‌റോ എന്ന നായയെയും കയറ്റിക്കൊണ്ട് രണ്ടു സ്‌റ്റെല്‍ത്ത് ബ്ലാക്ക് ഹോക്ക് കോപ്റ്ററുകള്‍ പറന്നു പൊങ്ങി. കൂടെ, അത്യാസന്ന ഘട്ടങ്ങളില്‍ അവര്‍ക്ക് തുണയ്ക്കായി, പദ്ധതിയിട്ടതുപോലെ, രണ്ടു ഷിനുക്ക് ഹെലികോപ്റ്ററുകളും അവരെ പിന്തുടര്‍ന്നിരുന്നു.

ഈ സമയം വെള്ളമാളികയിലെ തന്റെ കിടപ്പുമുറിയിലുള്ള ടെലിവിഷന്‍ സ്‌ക്രീനില്‍ ഒബാമ, വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ ഈ ദൃശ്യങ്ങളെല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

സമയം രാത്രി പന്ത്രണ്ടേമുക്കാലോടെ കോപ്റ്ററുകള്‍ അബോട്ടാബാദിലെ നിര്‍ദ്ദിഷ്ട ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നു. ആ കോപ്റ്ററുകളിലെ, ഓപ്പറേഷന്‍ നിര്‍വ്വഹണത്തിന് നിയുക്തരായ 23 സീലുകള്‍ തങ്ങളുടെ ആയുധങ്ങളുടെ അവസാനഘട്ട പരിശോധനയില്‍ വ്യാപൃതരായി.

പാകിസ്ഥാന്‍ സൈനിക അക്കാദമിയിലെ റഡാറുകളുടെ ഗൃദ്ധ്രനേത്രങ്ങളില്‍ അകപ്പെടാതെ മറ്റു രണ്ട് ഷുനൂക്ക് ഹെലികോപ്റ്ററുകള്‍ പട്ടണത്തിനു പുറത്ത് സുരക്ഷിതമായി ഇറങ്ങി. അടിയന്തരഘട്ടങ്ങളില്‍ നിര്‍വ്വഹിക്കാനുള്ള ഏത് ഓപ്പറേഷനുകളും ചെയ്തു തീര്‍ക്കാന്‍ പോന്ന കൈക്കരുത്തും ഉള്‍ക്കരുത്തുമുള്ള 56 സീലുകളെയും തങ്ങളുടെ ദൗത്യത്തിനാവശ്യമായ ഇന്ധനവും വഹിച്ചുകൊണ്ട്, ഈ രണ്ട് ഷുനൂക്ക് ഹെലികോപ്റ്ററുകളും ബ്ലാക്ക്‌ഹോക്ക് കോപ്റ്ററില്‍ നിന്നു കിട്ടുന്ന സന്ദേശങ്ങള്‍ക്കു വേണ്ടി കാതോര്‍ത്തുകൊണ്ട് പട്ടണപ്രാന്തത്തില്‍ ആകാംക്ഷയോടെ കിടന്നു.

(തുടരും)

Tags: ഒസാമ ബിന്‍ ലാദന്‍ സമ്പന്നനായ കൊടുംഭീകരന്‍ഒസാമ ബിന്‍ ലാദന്‍
Share1TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies