പ്രതിപക്ഷ മഹാസഖ്യത്തെ വീണ്ടും പരാജയപ്പെടുത്തി ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എയ്ക്ക് തുടര്‍ ഭരണം നല്‍കുന്ന ബിഹാറിലെ ജനവിധി ഐതിഹാസികമായ ഒരു തിരഞ്ഞെടുപ്പ് വിജയമാണ്. 243 അംഗ നിയമസഭയില്‍ എന്‍.ഡി.എയ്ക്ക് 202 സീറ്റുകളും, കോണ്‍ഗ്രസ്-ആര്‍.ജെ.ഡി നയിക്കുന്ന മഹാസഖ്യത്തിന് 35 സീറ്റുകളുമാണ് ലഭിച്ചത്. അസറുദ്ദീന്‍ ഒവൈസിയുടെ സഖ്യത്തിന് 5 സീറ്റുകള്‍ ലഭിച്ചപ്പോള്‍ മാധ്യമലോകം ഏറെ പ്രാധാന്യം നല്‍കിയ പ്രശാന്ത് കിഷോറിന്റെ ജനസുരാജ് പാര്‍ട്ടി ഒരു സീറ്റില്‍ പോലും വിജയിച്ചില്ല എന്നു മാത്രമല്ല 238 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് കേവലം 3.44 ശതമാനം വോട്ടുനേടാന്‍ മാത്രമേ കഴിഞ്ഞുള്ളു. എന്നാല്‍ ബിഎസ്പിയ്ക്ക് ഒരു സീറ്റ് ലഭിച്ചു. 101 സീറ്റുകളില്‍ മത്സരിച്ച ബിജെപി 89 സീറ്റുകള്‍ നേടിയപ്പോള്‍ ജനതാദള്‍ യുനൈറ്റഡിന് 85 സീറ്റുകള്‍ ലഭിച്ചു. സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിക്ക് 19 സീറ്റും, ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച 5 സീറ്റിലും, രാഷ്ട്രീയ ലോക്മോര്‍ച്ച നാലുസീറ്റിലും വിജയിച്ചു. മഹാസഖ്യത്തില്‍ ആര്‍.ജെ.ഡിയ്ക്ക് 25 സീറ്റും, കോണ്‍ഗ്രസ്സിന് ആറ് സീറ്റും, സി.പി.ഐ(എം.എല്‍)ന് രണ്ട് സീറ്റും, സി.പി.എമ്മിന് ഒരു സീറ്റും ഇന്‍ക്ലുസിവ് പാര്‍ട്ടിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.
2005 മുതല്‍ നടന്ന എല്ലാ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലും നിതീഷ് കുമാര്‍ നയിക്കുന്ന സഖ്യമാണ് വിജയിച്ചത്. അതേസമയം ആര്‍.ജെ.ഡി – കോണ്‍ഗ്രസ് സംഖ്യം തുടര്‍ച്ചയായി അഞ്ചാമത്തെ പരാജയമാണ് ഏറ്റുവാങ്ങിയത്. 2015ലെ പരീക്ഷണം പരാജയപ്പെടുകയാണ് ചെയ്തത്. എന്‍ഡിഎ സഖ്യത്തില്‍ ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ 89 സീറ്റുകളില്‍ വിജയിച്ച ബിജെപി ബീഹാറിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി. 2010ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 91 സീറ്റുകള്‍ നേടിയിട്ടുണ്ട് എങ്കിലും ബീഹാര്‍ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറുന്നത് 2025ലെ തിരഞ്ഞെടുപ്പിലൂടെയാണ്. പട്ടിക – 1 കാണുക

ബിഹാര്‍ അസംബ്ലി തിരഞ്ഞെടുപ്പ് 2025ന്റെ ചരിത്രപ്രാധാന്യം
ബിഹാര്‍ അസംബ്ലി തിരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഇടം നേടുന്നത് വിവിധ കാരണങ്ങള്‍കൊണ്ടാണ്. ഒന്നാമതായി ‘വോട്ട് കൊള്ള’ എന്ന ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിച്ച, ആയിരത്തി മുന്നൂറ് കിലോമീറ്റര്‍ സഞ്ചരിച്ച ‘വോട്ട് അധികാര്‍ യാത്ര’ യുടെ പശ്ചാത്തലത്തിലാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കര്‍ണ്ണാടകയിലും, മഹാരാഷ്ട്രയിലും, ഹരിയാനയിലും വോട്ട് കൊള്ള നടന്നു എന്ന ആരോപണവുമായി രാഹുല്‍ഗാന്ധി രാജ്യത്തിനകത്തും പുറത്തും വ്യാപകമായ പ്രചരണമാണ് നടത്തിയത്. കൂടാതെ 2002നു ശേഷം ആദ്യമായാണ് ബിഹാറില്‍ എസ്.ഐ.ആര്‍ (സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ ഓഫ് ഇലക്ടറല്‍ റോള്‍ഡ്) 2025ല്‍ സംസ്ഥാനത്ത് നടക്കുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ ശക്തമായ വിമര്‍ശനമാണ് ഈ അവസരത്തില്‍ ഉന്നയിച്ചത്. വോട്ടേഴ്‌സ് ലിസ്റ്റിന്റെ ശുദ്ധീകരണത്തിന്റെ ഭാഗമായി 65 ലക്ഷം പേരുകള്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തു. ഇതില്‍ 22 ലക്ഷം മരണപ്പെട്ടവരും, 36 ലക്ഷം സ്ഥിരമായി സംസ്ഥാനം വിട്ടവരും 7 ലക്ഷം വിവിധ സ്ഥലങ്ങളില്‍ ആവര്‍ത്തിച്ച് ചേര്‍ക്കപ്പെട്ടവരുമായിരുന്നു. രാഹുല്‍ ഗാന്ധി ആരോപിച്ചതുപ്പോലെ നിലവിലുള്ള ഒരു വോട്ടര്‍ പോലും നീക്കം ചെയ്യപ്പെട്ടില്ല. നാമമാത്രമായ അപ്പീല്‍ മാത്രമാണ് ഫൈനല്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉണ്ടായത്. ന്യൂനപക്ഷങ്ങളെയും പട്ടികജാതി വിഭാഗങ്ങളെയും വ്യാപകമായി നീക്കം ചെയ്തു എന്ന ആരോപണവും വസ്തുതകള്‍ക്ക് എതിരായിരുന്നു. ബിഹാറിലെ തിരഞ്ഞെടുപ്പ് വിധി സൂചിപ്പിക്കുന്നത് ജനങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞു എന്നതുതന്നെയാണ്. മാത്രമല്ല കോണ്‍ഗ്രസ് ഇനി ഒരിക്കലും ഉയര്‍ന്നുവരാത്ത തരത്തില്‍ തിരിച്ചടി നേരിടുകയും ചെയ്തു.
ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പാണ് 2025ല്‍ നടന്നത്. 67.13 ശതമാനം പേര്‍ വോട്ടു ചെയ്തു. 2020നെക്കാള്‍ ഏതാണ്ട് പത്ത് ശതമാനം വോട്ടര്‍മാര്‍ ഇത്തവണ വോട്ടിംഗില്‍ പങ്കാളികളായി. സ്ത്രീ വോട്ടര്‍മാരുടെ ഉയര്‍ന്ന പങ്കാളിത്തവും എടുത്തു പറയേണ്ടതാണ്. 62.8 ശതമാനം പുരുഷവോട്ടര്‍മാര്‍ പങ്കെടുത്തപ്പോള്‍ സ്ത്രീകളുടെ പങ്കാളിത്തം 71.6 ശതമാനമാണ്. തികച്ചും സമാധാനപരമായി നടന്ന തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോ, സ്ഥാനാര്‍ത്ഥിയോ റീപോളിംഗ് ആവശ്യപ്പെട്ടിരുന്നില്ല. 2020ല്‍ ആകെ വോട്ടര്‍മാര്‍ 7,18,22,450 ആയിരുന്നത് 2025ല്‍ 7,43,55,976 വോട്ടര്‍മരായി ഉയര്‍ന്നു.
എന്‍.ഡി.എയുടെ തിളക്കമാര്‍ന്ന വിജയം
എന്‍.ഡി.എയുടെ ചരിത്രത്തില്‍ ബിഹാറില്‍ രണ്ടാമത്തെ തിളക്കമാര്‍ന്ന വിജയമാണ് 2025ല്‍ ഉണ്ടായത്. 2010ല്‍ 243 അംഗ അസംബ്ലിയില്‍ ബിജെപി-ജെഡിയു സഖ്യം 206 സീറ്റുകള്‍ നേടിയെങ്കില്‍ 2025ല്‍ അത് 202 സീറ്റുകളാണ്. ചരിത്രത്തില്‍ ആദ്യമായി ബിജെപി ബിഹാര്‍ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി. 2010ല്‍ ബിജെപി 91 സീറ്റുകളില്‍ വിജയിച്ചിരുന്നു എങ്കിലും ജെഡിയുവിന് 115 സീറ്റുകള്‍ ലഭിച്ചിരുന്നു. 2025ല്‍ ബിജെപി 89 സീറ്റുകളിലും ജെ.ഡി.യു 85 സീറ്റുകളിലുമാണ് വിജയിച്ചത്. ആകെ 101 സീറ്റുകളില്‍ മത്സരിച്ച് 89 സീറ്റുകളില്‍ വിജയിച്ച ബിജെപിയുടെ സ്‌ട്രൈക്ക് റേറ്റ് 89.1 ശതമാനമാണ്. ജെ.ഡി.യു 101 സീറ്റുകളില്‍ മത്സരിച്ച് 85 സീറ്റുകള്‍ നേടിയപ്പോള്‍ സ്‌ട്രൈക്ക് റേറ്റ് 83.2 ശതമാനവുമാണ്. എന്നാല്‍ 28 സീറ്റുകളില്‍ മത്സരിച്ച് 19 സീറ്റുകള്‍ നേടിയ എല്‍.ജെ.പിയുടെ സ്‌ട്രൈക്ക് റേറ്റ് 67.9 ശതമാനമാണ്.
ബിജെപിയും കോണ്‍ഗ്രസ്സും നേരിട്ടു മത്സരിച്ച 28 സീറ്റുകളില്‍ ബിജെപി 25 സീറ്റുകള്‍ വിജയിച്ചു. അതായത് ബിജെപിയുടെ സ്‌ട്രൈക്ക് റേറ്റ്, ഈ മണ്ഡലങ്ങളില്‍ 89.9 ശതമാനമാണ്. എന്നാല്‍ ബിജെപിയും ആര്‍ജെഡിയും നേരിട്ടു മത്സരിച്ച 50 മണ്ഡലങ്ങളില്‍ 42ലും ബിജെപി വിജയം നേടി. ഇവിടെ ബിജെപിയുടെ സ്‌ട്രൈക്ക് റേറ്റ് 84 ശതമാനമാണ്. എടുത്തു പറയേണ്ട വസ്തുത ബിജെപിയും മഹാസഖ്യത്തിലെ മൂന്നു ഇടതുപാര്‍ട്ടികളും (സിപിഎം, സിപിഐ, സിപിഐ(എംഎല്‍) 11 മണ്ഡലങ്ങളില്‍ മത്സരിച്ചു. ബിജെപി പതിനൊന്ന് മണ്ഡലങ്ങളിലും വിജയിച്ചു. ഇവിടെ ബിജെപിയുടെ സ്‌ട്രൈക്ക് റേറ്റ് 100 ശതമാനവുമാണ്. ജെഡിയുവും ആര്‍ജെഡിയും നേരിട്ടു മത്സരിച്ച 58 സീറ്റുകളില്‍ 48ലും ജെഡിയു വിജയിച്ചു. 82.8 ശതമാനമാണ് ജെഡിയുവിന്റെ സ്‌ട്രൈക്ക് റേറ്റ്. അതേസമയം ജെഡിയുവും കോണ്‍ഗ്രസ്സും നേരിട്ടു മത്സരിച്ച 19 സീറ്റുകളില്‍ 15ലും ജെഡിയു വിജയിച്ചു. ജെഡിയുവിന്റെ സ്‌ട്രൈക്ക് റേറ്റ് 78.9 ശതമാനമാണ്. മുകളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് മഹാസഖ്യത്തിന്റെ പ്രതിരോധം വളരെ ദുര്‍ബ്ബലമായിരുന്നു എന്നതാണ്.

മുസ്ലിം-ദളിത് മണ്ഡലങ്ങളില്‍ ബിജെപിയുടെ മുന്നേറ്റം
മുസ്ലിം വിഭാഗങ്ങള്‍ക്ക് മേല്‍ക്കോയ്മയുള്ള പ്രധാനമായും 21 മണ്ഡലങ്ങളാണ് ബിഹാറിലെ സീമാഞ്ചല്‍ മേഖലയിലുള്ളത്. ഒരു കാലഘട്ടത്തില്‍ ഈ സീറ്റുകള്‍ ആര്‍ജെഡി – കോണ്‍ഗ്രസ് കുത്തക സീറ്റുകളായിരുന്നു. 2025ല്‍ ഈ 21 സീറ്റുകളില്‍ പതിമൂന്നു മണ്ഡലങ്ങളില്‍ എന്‍ഡിഎ സഖ്യവും അഞ്ചിടത്ത് എ.ഐ.എം.ഐ.എമ്മും വിജയിച്ചു. മഹാസഖ്യത്തിന് കേവലം മൂന്നു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മഹാസഖ്യത്തിലെ സൗഹൃദമത്സരങ്ങളും എ.ഐ.എം. ഐ.എമ്മിന്റെ ശക്തമായ കടന്നുവരവും മഹാസഖ്യത്തിന്റെ സ്വപ്നങ്ങളെ തകര്‍ത്തു. മുസ്ലീം സമൂഹത്തിന് 25 ശതമാനം മുതല്‍ 40 ശതമാനം വരെ ജനപങ്കാളിത്തമുള്ള സീമാഞ്ചല്‍ മേഖലയിലെ പതിമൂന്നു മണ്ഡലങ്ങളില്‍ പത്തിടത്ത് എന്‍ഡിഎ വിജയം നേടി. ഇതില്‍ ആറു സീറ്റുകളില്‍ ബിജെപി വിജയിച്ചു. മൂന്നിടത്ത് ജെഡിയുവും, ഒരിടത്ത് എല്‍.ജെ.പിയും വിജയിച്ചു. അതേ സമയം മുസ്ലിങ്ങള്‍ 40 ശതമാനത്തില്‍ കൂടുതലുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ ബിജെപി, ജെഡിയു, എല്‍ജെപി എന്നീ പാര്‍ട്ടികള്‍ ഒരോ സീറ്റുവീതം നേടി. എ.ഐ.എം.ഐ.എം (അകങകങ) അഞ്ചു സീറ്റുകള്‍ നേടിയപ്പോള്‍ മഹാസഖ്യത്തിലെ കോണ്‍ഗ്രസ് മാത്രം ഒരു സീറ്റ് നേടി. ഇതു സൂചിപ്പിക്കുന്നത് ആര്‍ജെഡിയുടെ മുസ്ലിംവോട്ട് ബാങ്കില്‍ കാര്യമായ വിള്ളല്‍ വീണു എന്നതാണ്. എടുത്തുപറയേണ്ട വസ്തുത മുസ്ലിം സമൂഹം 25 ശതമാനം മുതല്‍ 40 ശതമാനം വരെയുള്ള മണ്ഡലങ്ങളില്‍ ബിജെപിയുടെ വിജയത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 85.7 ശതമാനമാണ്. മുകളില്‍ സൂചിപ്പിച്ചതുപോലെ ഏഴു മണ്ഡലങ്ങളില്‍ മത്സരിച്ച ബിജെപി ആറിടത്തും വിജയിച്ചു. തിരഞ്ഞെടുപ്പു വിദഗ്ദ്ധര്‍ ബിജെപിയുടെ ഈ വിജയത്തെ എങ്ങനെയാണ് വിലയിരുത്തുന്നത് എന്ന് കാത്തിരിക്കാം. വികസന രാഷ്ട്രീയം മുസ്ലിം സമൂഹത്തെ എന്‍ഡിഎയിലേക്ക് അടുപ്പിക്കുന്നു എന്നു വേണം കരുതാന്‍.
ആര്‍ജെഡി – കോണ്‍ഗ്രസ് മഹാസഖ്യം തകര്‍ച്ചയിലേക്ക്
ബിഹാറിലെ ‘ജംഗിള്‍ രാജ്’ ഭരണത്തിന്റെ നായകസ്ഥാനമുള്ള ആര്‍ജെഡി 2005 മുതല്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. ജെഡിയുവിന്റെ സഹായത്താല്‍ 2015-17, കാലഘട്ടത്തിലും 2022-23 കാലഘട്ടത്തിലും അധികാരം പങ്കിട്ടെങ്കിലും 2005നു ശേഷം മുഖ്യമന്ത്രി പദത്തിലെത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. 2025ല്‍ രാഹുല്‍ഗാന്ധിയെ മുന്നില്‍ നിര്‍ത്തി ആര്‍ജെഡിയുടെ പിന്‍ബലത്തില്‍ നടത്തിയ വോട്ട് അധികാര്‍ യാത്രയും എസ്.ഐ.ആര്‍. വിരുദ്ധ സമരങ്ങളും അനുകൂല അന്തരീക്ഷം ഒരുക്കും എന്ന് കുറഞ്ഞത് ഇങ്ങ് കേരളത്തിലെ ഇടതു – വലതു മുന്നണികള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ 243 അംഗ നിയമസഭയില്‍ കേവലം 35 സീറ്റുകള്‍ മാത്രം നേടി മഹാസംഖ്യം ചുരുങ്ങി രാഹുല്‍ഗാന്ധിയുടെ നാടകങ്ങള്‍ ആര്‍ജെഡിയെ വെട്ടിലാക്കി എന്നു വേണം കരുതാന്‍. മഹാസഖ്യത്തില്‍ എട്ടു ഘടകകക്ഷികള്‍ ഉണ്ടെങ്കിലും അതിന്റെ അടിസ്ഥാനശക്തി യാദവമുസ്ലിം സമൂഹങ്ങളാണ്. 2025ല്‍ ഈ അടിസ്ഥാനശക്തി കേന്ദ്രങ്ങളില്‍ മഹാസഖ്യം പരാജയപ്പെട്ടു. യാദവ-മുസ്ലിം വോട്ടിന് പുറത്ത് കാര്യമായ വേരോട്ടം മഹാസഖ്യത്തിന് ഉണ്ടായില്ല. മാത്രമല്ല മഹാസഖ്യം അടിസ്ഥാനപരമായി ആര്‍.ജെ.ഡിയിലേയ്ക്ക് ചുരുങ്ങി. രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ്സും മഹാസഖ്യത്തിനും, ആര്‍ജെഡിക്കും ഒരു ബാധ്യതയായി മാറി. താഴെ തട്ടില്‍ യാതൊരു സംഘടനാശക്തിയും ഇല്ലാത്ത കോണ്‍ഗ്രസ് 61 സീറ്റുകളില്‍ മത്സരിച്ച് ആറിടത്താണ് വിജയം നേടിയത്. 2020ല്‍ 75 സീറ്റുകള്‍ നേടിയ ആര്‍ജെഡി 2025ല്‍ കേവലം 25 സീറ്റില്‍ ഒതുങ്ങി. ഒരുപക്ഷേ രാഹുല്‍ ഗാന്ധിയെ ഒഴിവാക്കിയിരുന്നെങ്കില്‍ ആര്‍ജെഡിക്ക് കുറച്ചു സീറ്റുകള്‍ കൂടെ ലഭിക്കുമായിരുന്നു. കേവലം ‘വോട്ട് ചോര്‍’ എന്ന പ്രചരണവും, സോഷ്യല്‍ മീഡിയ റീലുകളും കോണ്‍ഗ്രസ്സിനെ കൂടുതല്‍ അപ്രസക്തമാക്കി. എടുത്തു പറയേണ്ട വസ്തുത വോട്ട് അധികാര്‍ യാത്രയ്ക്കുശേഷം ബിഹാറിലെ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ ഏതാണ്ട് 53 ദിവസങ്ങള്‍ രാഹുല്‍ഗാന്ധി ബിഹാര്‍ സന്ദര്‍ശിക്കുകപോലും ചെയ്തില്ല. കൂടുതല്‍ ദിവസങ്ങളിലും സ്വകാര്യ വിദേശയാത്രയിലായിരുന്നു. മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനും മഹാസഖ്യത്തെ അനുവദിച്ചില്ല. 2004ല്‍ യുപിഎ അധികാരത്തില്‍ വന്നതിനുശേഷമുള്ള ഇരുപത് വര്‍ഷത്തിനുള്ളില്‍ 95 തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ്സിന്റെ ചരിത്രവും ഇതിനോടൊപ്പം ചേര്‍ത്തു വായിക്കണം.
രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയഭാവി നിര്‍ണ്ണയിച്ച ജനവിധി: മുസ്ലിംലീഗ്- മാവോവാദി-കോണ്‍ഗ്രസ്?
ബിഹാറിലെ ജനവിധി എങ്ങനെയാണ് കോണ്‍ഗ്രസ്സിന്റെയും, രാഹുല്‍ ഗാന്ധിയുടെയും രാഷ്ട്രീയ ഭാവി നിര്‍ണ്ണയിക്കുന്നത് എന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. 2024ലെ ലോകസഭാതിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ്സിന് ഒരു പുതുജീവന്‍ ഉണ്ടായി എന്നു വിശ്വസിച്ചവരുണ്ട്. എന്നാല്‍ ഹരിയാന, മഹാരാഷ്ട്ര, ദല്‍ഹി എന്നീ നിയമസഭാതിരഞ്ഞെടുപ്പിലെ ജനവിധി കോണ്‍ഗ്രസ്സിന്റെ തിരിച്ചു വരവില്‍ കരിനിഴല്‍ വീഴ്ത്തി. ഈ പശ്ചാത്തലത്തില്‍ ആണ് ‘വോട്ടുചോരി’ എന്ന മുദ്രാവാക്യം ഉയര്‍ത്തി രാജ്യവ്യാപകമായ പ്രചാരണം രാഹുല്‍ഗാന്ധി ആരംഭിക്കുന്നത്. തിരഞ്ഞെടുപ്പു കമ്മിഷനെ പ്രതിക്കൂട്ടിലാക്കി ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ തന്നെ തകര്‍ക്കുന്ന പ്രചരണമാണ് നടന്നത്. ഈ പശ്ചാത്തലത്തിലാണ് ബിഹാറില്‍ 2025 ആഗസ്റ്റില്‍ പതിനാറുദിവസം നീണ്ടുനിന്ന യാത്ര രാഹുല്‍ഗാന്ധി ആരംഭിക്കുന്നത്. ബിഹാറില്‍ ഇരുപത്തിമൂന്നു ജില്ലകളിലായി ഏതാണ്ട് 180 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നു പോയി. 1300 കിലോമീറ്റര്‍ സഞ്ചരിച്ച ഈ ‘ജന അധികാര്‍ യാത്ര’ ആര്‍ജെഡിയുടെ ആള്‍ബലത്തിലാണ് സംഘടിപ്പിച്ചത്. ബിഹാറിന്റെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ രാഹുല്‍ഗാന്ധിയുടെ യാത്രയ്ക്ക് കഴിയും എന്ന് വിധി എഴുതിയവരുണ്ട്. ശ്രദ്ധേമായ വസ്തുത ‘വോട്ട് അധികാര്‍ യാത്ര’ കടന്നുപോയ 180 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിന് ജയിക്കാന്‍ കഴിഞ്ഞത് കേവലം അഞ്ചു സീറ്റുകളിലാണ്. ഈ അഞ്ചുസീറ്റുകളിലും കഴിഞ്ഞ 2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച മണ്ഡലങ്ങളാണ്. ഈ മേഖലയില്‍ മഹാസഖ്യം ആകെ 22 സീറ്റുകളിലാണ് വിജയിച്ചത്. എന്നാല്‍ എന്‍ഡിഎ 158 സീറ്റുകളില്‍ വിജയിച്ചു. ഇത് സൂചിപ്പിക്കുന്നത് രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പു കമ്മീഷനെയും, ബിജെപിയെയും പ്രതികൂട്ടിലാക്കി നടത്തിയ ജനകീയ യാത്രയുടെ ഗുണഭോക്തക്കളായത് യഥാര്‍ത്ഥത്തില്‍ ബിജെപിയും, എന്‍ഡിഎയുമാണ്. 2020ല്‍ 19 സീറ്റും, 9.48 ശതമാനം വോട്ടും ലഭിച്ച കോണ്‍ഗ്രസ് 2025ല്‍ കേവലം ആറു സീറ്റും 8.7 ശതമാനം വോട്ടിലും ഒതുങ്ങി. ബിജെപി വിരുദ്ധ സഖ്യത്തിന് നേതൃത്വം നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് പ്രാപ്തിയില്ല എന്ന് ഇതിനകം ടി.എം.സി, സമാജ്‌വാദി പാര്‍ട്ടി, ആര്‍.ജെ.ഡി തുടങ്ങിയ കക്ഷികള്‍ അഭിപ്രായപ്പെടുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ചതുപോലെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇന്ന് മുസ്ലിംലീഗ്-മാവോവാദി കോണ്‍ഗ്രസ്സായി മാറിയിരിക്കുന്നു. രാഷ്ട്രത്തെ ശിഥിലീകരിക്കുന്നതിനുള്ള ശ്രമങ്ങളും, ലോകവ്യാപകമായ പ്രചരണവും നടത്തുകയാണ്. രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ രാജ്യത്തെ പ്രമുഖ സംസ്ഥാനങ്ങളില്‍ അപ്രസക്തമായിരിക്കുന്നു കോണ്‍ഗ്രസ്. ബിഹാര്‍ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിന്റെയും, രാഹുല്‍ ഗാന്ധിയുടെയും ഭാവിയുടെ വിധി എഴുത്തുകൂടിയാണ്. വരും നാളുകളില്‍ കോണ്‍ഗ്രസ് – ഇന്ത്യാ സംഖ്യം തകരുന്നതിനുള്ള സാഹചര്യവും ഒരുങ്ങി വരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രാഹുല്‍ഗാന്ധിക്കെതിരായ ശബ്ദവും ശക്തിപ്പെടുകയാണ്. ഒരുപക്ഷേ കോണ്‍ഗ്രസ് വീണ്ടും ഒരു പിളര്‍പ്പിലേക്ക് കടക്കാനും സാദ്ധ്യതയുണ്ട്. ചുരുക്കത്തില്‍ പ്രതിപക്ഷ നിരയില്‍ പോലും കോണ്‍ഗ്രസ് ഒറ്റപ്പെടുന്ന, രാഹുല്‍ഗാന്ധി അപ്രസക്തമാകുന്ന രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടിരിക്കുന്നു. പട്ടിക – 2 കാണുക

ഇടതുപക്ഷത്തിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ച
ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സോഷ്യലിസ്റ്റുകളുടെയും ശക്തികേന്ദ്രമായിരുന്നു ബിഹാര്‍. പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റുകള്‍ ആര്‍.ജെ.ഡിയുടെ തോളിലിരുന്ന് ചില വിജയങ്ങള്‍ നേടുന്ന അവസ്ഥയിലായി. ഇതിനിടയില്‍ മാവോയിസ്റ്റുകള്‍ ബിഹാറില്‍ ശക്തിപ്രാപിച്ചു. പല പ്രദേശങ്ങളിലും സ്വതന്ത്രമായ തിരഞ്ഞെടുപ്പു പോലും നടത്താന്‍ കഴിയാത്ത സാഹചര്യം അവര്‍ ഒരുക്കി. പില്‍ക്കാലത്ത് മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റ് പാര്‍ട്ടിയുടെ രൂപത്തില്‍ മാവോയിസ്റ്റുകള്‍ മറ്റു രണ്ടു കമ്മ്യൂണിസ്റ്റു പാര്‍ട്ടികളോടൊപ്പം മഹാസഖ്യത്തില്‍ അണിനിരന്നു. 2025ലെ തിരഞ്ഞെടുപ്പില്‍ മൂന്നു കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും കൂടെ 33 സീറ്റുകളില്‍ മത്സരിച്ചു. സിപിഐ-എംഎല്‍ 20 സീറ്റിലും, സിപിഐ 9 സീറ്റിലും സിപിഎം 4 സീറ്റിലുമാണ്, മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ചത്. ഇതില്‍ സിപിഐ (എംഎല്‍) രണ്ടിടത്തും സിപിഎം ഒരിടത്തും വിജയിച്ചു. സിപിഐ ഒന്‍പത് സിറ്റീലും തോറ്റു. 243 അംഗ ബിഹാര്‍ നിയമസഭയില്‍ മൂന്നു കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കാര്‍ക്കും കൂടെ കേവലം മൂന്നു സീറ്റുകളില്‍ ഒതുങ്ങി. മൂന്നു പാര്‍ട്ടികളും കൂടെ 4.2 ശതമാനം വോട്ടു തേടി. (സിപിഐ(എംഎല്‍) – 2.85%, സിപിഐ 0.74%, സിപിഎം 0.61%) ബിഹാര്‍ കോണ്‍ഗ്രസ് മുക്തമാകുന്നതുപോലെ ഇടതുപക്ഷമുക്തമാവുമാകുന്നു എന്നതും ശ്രദ്ധേയമാണ്. ഇരു കൂട്ടരും ഒരു മുന്നണിയായി നിന്നാണ് സ്വയം ഉന്മൂലന പാതയില്‍ മുന്നേറുന്നത്.
മുസ്ലിം വോട്ടുകള്‍ എഐഎംഐഎമ്മിലേയ്ക്ക്?
ബിഹാറില്‍ ആര്‍ജെഡിയുടെ കരുത്ത് മുസ്ലിം-യാദവ വോട്ടുകളിലായിരുന്നു. 2025 ലെ തിരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ടുകള്‍ എന്‍ഡിഎ പക്ഷത്തേയ്ക്കും ഒവൈസിയുടെ എഐഎംഐഎമ്മിലേയ്ക്കും ഒഴുകി. എഐഎംഐഎം സീമാഞ്ചല്‍ മേഖലയിലെ അഞ്ചുസീറ്റുകള്‍ നേടി. 2020 ല്‍ എഐഎംഐഎം അഞ്ചു സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ 2022ല്‍ എഐഎംഐഎമ്മിന്റെ നാല് എം.എല്‍.എമാര്‍ ആര്‍.ജെ.ഡിയിലേക്ക് കൂറുമാറി. സംസ്ഥാന പ്രസിഡന്റ് അക്ക്തറുള്‍ ഇമാന്‍ (അസവമേൃൗഹ കിമി) മാത്രമാണ് പാര്‍ട്ടിയില്‍ ഉറച്ചുനിന്നത്. 2015 ഒരു സീറ്റ് നേടിയാണ് എഐഎംഐഎം ബിഹാറില്‍ തുടക്കം കുറിക്കുന്നത്. 2025ല്‍ വിജയിച്ച അഞ്ചു മണ്ഡലങ്ങളിലും നല്ല ഭൂരിപക്ഷത്തിലാണ് എഐഎംഐഎമ്മിന്റെ അഞ്ചു സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുന്നത്. സീമാഞ്ചല്‍ മേഖലയില്‍ നിന്ന് മഹാസഖ്യത്തെ പുറത്താക്കുന്നതില്‍ എന്‍ഡിഎയെപ്പോലെ എഐഎംഐഎമ്മും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എഐഎംഐഎമ്മിനെ തകര്‍ക്കാന്‍ നടത്തിയ മഹാസഖ്യത്തിന്റെ നടപടികള്‍ തിരിച്ചടിക്കുകയാണ് ഉണ്ടായത്. എഐഎംഐഎമ്മിന് 1.85 ശതമാനം വോട്ടുകളാണ് ലഭിച്ചത്. സീമാഞ്ചല്‍ മേഖലയിലെ 21ല്‍ പരം മണ്ഡലങ്ങളില്‍ മുസ്ലിം വോട്ടുകളെ വിഭജിക്കുന്നതില്‍ എഐഎംഐഎമ്മിന് കഴിഞ്ഞു, ഒപ്പം ഈ മേഖലയിലെ ആര്‍ജെഡിയുടെ അടിത്തറയും തകര്‍ത്തു.
നിലംതൊടാതെ പ്രശാന്ത് കിഷോറിന്റെ ‘ജനസുരാജ് പാര്‍ട്ടി’
2025 ബിഹാര്‍ നിയമാസഭ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വസ്തുത, മാധ്യമങ്ങളും തിരഞ്ഞെടുപ്പ് വിദഗ്ദ്ധരും പ്രവചിച്ചതുപോലെ പ്രശാന്ത് കിഷോറിന്റെ ‘ജന സുരാജ് പാര്‍ട്ടി’ ഒരു സ്വാധീനവും ചെലുത്തിയില്ല എന്നതാണ്. 238 സീറ്റില്‍ മത്സരിച്ച ജനസുരാജ് പാര്‍ട്ടിയ്ക്ക് കേവലം 03.5 ശതമാനം വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. ശരാശരി 7,000 വോട്ട് വീതം ഒരു മണ്ഡലത്തില്‍ ലഭിച്ചു. എട്ടു മണ്ഡലങ്ങളില്‍ 10 ശതമാനത്തില്‍ അധികം വോട്ടു ലഭിച്ചപ്പോള്‍ മറ്റ് 31 മണ്ഡലങ്ങളില്‍ 5 ശതമാനത്തിനും 10 ശതമാനത്തിനും ഇടയില്‍ വോട്ടു ലഭിച്ചു. പല മണ്ഡലങ്ങളിലും ജനസുരാജ് പാര്‍ട്ടി നോട്ടയുടെ പുറകിലായിരുന്നു. കേവലം ഒരു സീറ്റില്‍ മാത്രമാണ് ജന സുരാജ് പാര്‍ട്ടിയ്ക്ക് 30,000 വോട്ടിന് മുകളില്‍ ലഭിച്ചത്. കേവലം തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ ഒരു പുതിയ രാഷ്ട്രീപാര്‍ട്ടിയ്ക്ക് വളരാന്‍ കഴിയില്ല. സാമൂഹിക യഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രശാന്ത് കിഷോറിന് കഴിഞ്ഞില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ജംഗിള്‍ രാജിന്റെ തിരിച്ചുവരവ് തടഞ്ഞ സ്ത്രീ ശക്തി
ബിഹാറിലെ വോട്ടര്‍മാരില്‍ പുരുഷന്മാരെക്കാള്‍ അഞ്ചുശതമാനം സ്ത്രീവോട്ടര്‍മാര്‍ കുറവാണ് എങ്കിലും പോള്‍ ചെയ്തതില്‍ ഏതാണ്ട് 130 മണ്ഡലങ്ങളില്‍ സ്ത്രീ വോട്ടുകള്‍ ഏറെ മുന്നിലായിരുന്നു. ഈ 130 മണ്ഡലങ്ങളില്‍ 114 മണ്ഡലങ്ങളിലും ബിജെപി സംഖ്യം വിജയിച്ചു. സ്ത്രീക്കളെക്കാളും 42 ലക്ഷം പുരുഷവോട്ടര്‍മാര്‍ കൂടുതലുള്ള ബിഹാറില്‍, പോള്‍ ചെയ്ത വോട്ടര്‍മാരില്‍ 4.34 സ്ത്രീകള്‍ പുരുഷവോട്ടര്‍മാരെക്കാളും വോട്ടു ചെയ്തു. നരേന്ദ്രമോദി സര്‍ക്കാരിന്റെയും നിതീഷ്‌കുമാര്‍ സര്‍ക്കാരിന്റെയും സ്ത്രീശാക്തികരണ നടപടികളും, വിശേഷിച്ച് ‘മുഖ്യമന്ത്രി മഹിള റോസ്ഗാര്‍യോജന’ പ്രകാരം 10,000 രൂപ ലഭിച്ചതും എടുത്തുപറയേണ്ടതാണ്. ലാലുപ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും പതിനഞ്ചുവര്‍ഷത്തെ ”ജംഗിള്‍ രാജിന്റെ” ഭീകരമായ ഓര്‍മ്മകളും ഈ സ്ത്രീ പിന്തുണയ്ക്ക് കാരണമായി. സ്ത്രീ വോട്ടര്‍മാര്‍ കൂടുതല്‍ വോട്ടു ചെയ്ത 130 മണ്ഡലങ്ങളില്‍ കേവലം പതിനൊന്നു സീറ്റുകളില്‍ മാത്രമാണ് ആര്‍ജെഡി വിജയിച്ചത്. ക്രമസമാധാനരംഗത്തെ വമ്പിച്ച മാറ്റങ്ങളും, വികസന പദ്ധതികളില്‍ സ്ത്രീ പങ്കാളിത്തം ഉയര്‍ന്നതും കഴിഞ്ഞ പതിനൊന്നുവര്‍ഷമായി നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ സ്ത്രീശാക്തീകരണ നടപടികളും മദ്യനിരോധനവും, അഴിമതി രഹിതമായ ഭരണവും കേന്ദ്രവും ബിഹാറും ഒന്നിച്ച് ‘ഡബിള്‍ എഞ്ചിന്‍’ സര്‍ക്കാരിലൂടെ നടപ്പാക്കിയ തൊഴില്‍ പദ്ധതികളും ദാരിദ്രനിര്‍മ്മാര്‍ജ്ജനവും ബിഹാറിലെ സ്ത്രീകളെ ഏറെ സ്വാധീനിച്ചു എന്നുവേണം കരുതാന്‍.
ബിജെപിയുടെ കരുത്ത് തെളിയിച്ച ജനവിധി
ബിജെപിയും ഘടകകക്ഷികളും ഒരുപോലെ പ്രകടനം കാഴ്ച വച്ച ബിഹാര്‍ അസംബ്ലി തിരഞ്ഞെടുപ്പ് മുന്നണി രാഷ്ട്രീയത്തിന് മാതൃകകൂടെയാണ്. ലോക് ജനശക്തി പാര്‍ട്ടിയെ അര്‍ഹമായരീതിയില്‍ പരിഗണിക്കപ്പെട്ടതും, ജെഡിയുവും ബിജെപിയും വിട്ടുവീഴ്ച ചെയ്ത ഐക്യവും വിശ്വാസ്യതയും വീണ്ടെടുത്തത് എന്‍ഡിഎയ്ക്ക് മഹത്തായ വിജയം നേടികൊടുത്തു. 2020ല്‍ ബിജെപി 110 സീറ്റിലും, ജെഡിയു 115 സീറ്റിലും മത്സരിച്ചിരുന്നു. 2025ല്‍ ഇരുപാര്‍ട്ടികളും 101 സീറ്റുകളില്‍ വീതമാണ് മത്സരിച്ചത്. ബിഹാറില്‍ അമിത്ഷായുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ വന്‍വിജയമായി മാറി. 2020ല്‍ ബിജെപി 19.46 ശതമാനം വോട്ടും, 74 സീറ്റും നേടിയപ്പോള്‍ 2025ല്‍ അത് 20.52 ശതമാനം വോട്ടും 89 സീറ്റുമായി ഉയര്‍ന്നു. ജെഡിയു 15.39 ശതമാനം വോട്ടും 43 സീറ്റില്‍ നിന്ന് 18.52 ശതമാനം വോട്ടും, 85 സീറ്റുമായി വര്‍ദ്ധിച്ചു. പട്ടിക – 3 കാണുക.
2015ലെ തിരഞ്ഞെടുപ്പ് മാറ്റി നിര്‍ത്തിയാല്‍ ബിജെപി, ജെഡിയുമായി ചേര്‍ന്നാണ് മത്സരിച്ചത്. പലപ്പോഴും മുന്നണിയെ നിലനിര്‍ത്താന്‍ ബിജെപി ഏറെ വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയാണ് ജനപിന്തുണയില്‍ മുന്നില്‍ നില്‍ക്കുന്നത്. ബിഹാറില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനുള്ള ബിജെപിയുടെ ലക്ഷ്യം താമസിയാതെ തന്നെ നേടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ചുരുക്കത്തില്‍ ബിഹാറിലെ ജനവിധി ഭാരതത്തിന്റെ ഭാവി രാഷ്ട്രീയത്തിന്റെ ചൂണ്ടുപലകയാണ്. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ഉള്‍കൊണ്ട്, വികസന മുന്നേറ്റത്തില്‍ ജാതി-മതപരിഗണന കൂടാതെ രാജ്യത്തെ നയിക്കുന്ന നരേന്ദ്രമോദിയുടെയും ബിജെപിയുടെയും പരീക്ഷണശാലയാണ് ബിഹാര്‍. ഒപ്പം ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെയും, തിരഞ്ഞെടുപ്പു കമ്മിഷനെയും തകര്‍ക്കുന്ന കോണ്‍ഗ്രസിന്റെയും രാഹുല്‍ഗാന്ധിയുടെ പ്രചരണ യുദ്ധത്തിനെതിരായ ജനവിധി കൂടിയാണ് ബിഹാറിലെ ജനങ്ങള്‍ നല്‍കിയത്.





















