ബ്രാഹ്മണസ്യ മുഖമാസീദ്
ബാഹുഃ രാജസ്യ കൃതഃ
ഊരുതദസ്യദ്വൈശ്യ
പാദ്മാം ശൂദ്രോ അജായതേ.
മാനവകുലത്തിലെ ഏറ്റവും പഴക്കമുള്ള കൃതികളായാണ് വേദങ്ങളെ കാണുന്നത്. അതില്‍ തന്നെ ഏറ്റവും പഴക്കം ഋഗ്വേദത്തിനാണെന്ന് കരുതപ്പെടുന്നു. ഋഗ്വേദത്തിലുള്ള പുരുഷസൂക്തത്തിലാണ് വിരാട്പുരുഷനെന്ന സങ്കല്പമുള്ളത്. സമൂഹത്തെ വിരാട്പുരുഷനായി സങ്കല്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. വിരാട്പുരുഷന്റെ മുഖത്തുനിന്ന് ബ്രാഹ്മണനും ബാഹുക്കളില്‍ നിന്ന് ക്ഷത്രിയനും തുടകളില്‍ നിന്ന് വൈശ്യനും പാദങ്ങളില്‍ നിന്ന് ശൂദ്രനും ഉണ്ടായി എന്ന് വിരാട്പുരുഷസങ്കല്പത്തില്‍ പറയുന്നു. ഇത് കവിഭാവനയാണ്. എന്നാല്‍ ശൂദ്രന്‍ പാദത്തില്‍ നിന്ന് ഉത്ഭവിച്ചവനായതിനാല്‍ അധഃകൃതനായാണ് അവനെ കണക്കാക്കുന്നത് എന്ന പ്രചാരണമുണ്ട്. എന്നാല്‍ വേദകാലഘട്ടത്തില്‍ വര്‍ണ്ണങ്ങള്‍ തമ്മില്‍ വിവേചനം ഉണ്ടായിരുന്നില്ല. നാല് വര്‍ണ്ണങ്ങള്‍ക്കും തുല്യപ്രാധാന്യമാണുണ്ടായിരുന്നത്. വര്‍ണ്ണമെന്നാല്‍ ജാതി എന്ന വ്യവസ്ഥിതി അല്ലെന്ന് പ്രത്യേകം ഓര്‍ക്കണം. വേദകാലത്തുമാത്രമല്ല ചുരുങ്ങിയത് മഹാഭാരതകാലഘട്ടം വരെയെങ്കിലും വര്‍ണ്ണങ്ങള്‍ക്ക് ഉച്ചനീചത്വം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് മഹാഭാരതത്തില്‍ ഹസ്തിനാപുരത്തുള്ള മഹാരാജാവായ ശാന്തനു മുക്കുവസ്ത്രീയായ സത്യവതിയെ വിവാഹം കഴിച്ചപ്പോഴും പട്ടമഹിഷിയാക്കിയപ്പോഴും ആരും എതിര്‍ക്കാതിരുന്നത്. ഹസ്തിനാപുരത്തിലെ മന്ത്രിയായിരുന്ന വിദുരര്‍ ശൂദ്രസ്ത്രീയുടെ മകനാണ്. ഇതൊന്നും ആരും എതിര്‍ക്കുന്നില്ല. മഹാഭാരതകാലഘട്ടത്തില്‍ വര്‍ണ്ണങ്ങള്‍ തമ്മില്‍ വിവേചനം ഉണ്ടായിരുന്നില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. വസ്തുത ഇതായിരിക്കേ പാദത്തില്‍ നിന്നും ഉത്ഭവിച്ച ശൂദ്രന്‍ അധഃകൃതനാണെന്ന് വിരാട്പുരുഷസങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നതില്‍ ഒരു യുക്തിയുമില്ല. പിന്നീട് സമൂഹത്തില്‍ ജാതിയുടെ പേരില്‍ അനാചാരങ്ങള്‍ ഉണ്ടായി. എന്നാല്‍ പില്‍കാലത്തെ സാമൂഹ്യവ്യവസ്ഥിതി വെച്ച് ഋഗ്വേദകാലഘട്ടത്തിലെ സമൂഹത്തെ വിലയിരുത്തുന്നത് ശരിയാകില്ല. വൈദികകാലഘട്ടത്തില്‍ വര്‍ണ്ണങ്ങള്‍ തമ്മില്‍ വിവേചനം ഇല്ലാത്തതിനാല്‍ ശൂദ്രന്‍ പാദത്തില്‍ നിന്നുണ്ടായി എന്ന പ്രസ്താവന ഒരിക്കലും ശൂദ്രന്റെ അധഃസ്ഥിതിയെ കാണിക്കുന്നില്ല.
മാത്രമല്ല ഭാരതത്തില്‍ പാദം വളരെ പവിത്രമായാണ് കണക്കാക്കപ്പെടുന്നത്. പാദപൂജ, പാദനമസ്‌കാരം, പാദം കഴുകിക്കല്‍ ഇവയെല്ലാം അത്യന്തം ബഹുമാനസൂചകമാണ്. ഒരാളുടെ ശരീരത്തില്‍ പൂജിക്കുന്ന ഏക അവയവം പാദമാണ്. അതിനാല്‍ പാദത്തില്‍ നിന്ന് ശൂദ്രനുണ്ടായി എന്ന് പറയുമ്പോള്‍ ശൂദ്രനെ ശ്രേഷ്ഠനായി കണക്കാക്കി എന്നതാണ് നാം മനസ്സിലാക്കേണ്ടത്.
ശരീരം നിവര്‍ന്നു നില്ക്കുവാന്‍ പാദം ആവശ്യമാണ്. മുന്നോട്ടുനടക്കാനും പാദങ്ങള്‍ ആവശ്യമാണ്. അതിനാല്‍ പാദങ്ങള്‍ പുരോഗതിയെ സൂചിപ്പിക്കുന്നു. സമൂഹത്തിലെ ചാലകശക്തിയാണ് ശൂദ്രന്‍. പുരോഗതി ഭൗതികവും ആദ്ധ്യാത്മികവുമാണ്. മനുഷ്യന്റെ പുരോഗതിക്കുള്ള കഴിവിനെയാണ് ശൂദ്രന്‍ പ്രതിനിധാനം ചെയ്യുന്നത്. ഇതാകട്ടെ ഒരിക്കലും മോശമായ ഒരു കാര്യവുമല്ല. പ്രഗതി നിലച്ചാല്‍ നിശ്ചലതയാണുണ്ടാകുക. നിശ്ചലത ജീര്‍ണ്ണതയിലേയ്ക്ക് നയിക്കും. അങ്ങനെ സമൂഹം ദുഷിക്കും. ശൂദ്രന്‍ പ്രഗതിയുടെ ശക്തിയാണ്. അതിനാല്‍ പാദങ്ങളില്‍ നിന്നുത്ഭവിച്ച ശൂദ്രന്‍ ബഹുമാന്യനാണ്.
ഭാരതത്തിലെ പല കാര്യങ്ങളും മിത്തുകളായും പിന്തിരിപ്പനായും അശാസ്ത്രീയമായും മുദ്ര കുത്തുന്ന ഒരു പ്രവണത നിലവിലുണ്ട്. ഭാരതത്തില്‍ ശാസ്ത്രീയചിന്ത ഉണ്ടായിരുന്നില്ല എന്ന രീതിയിലാണ് പ്രചാരണം നടത്തുന്നത്. ഇവിടെ ആയുര്‍വ്വേദം, അര്‍ത്ഥശാസ്ത്രം, ശില്പശാസ്ത്രം, സംഗീതം, വാദ്യകലകള്‍ തുടങ്ങി ജ്യോതിഷം, ഗണിതശാസ്ത്രം, വാസ്തുശാസ്ത്രം തുടങ്ങിയവയെല്ലാം വളരെയധികം വികസിച്ചിരുന്നു. ഇതിനുള്ള തെളിവുകള്‍ ഇന്നും നിലനില്‍ക്കുന്നു. എന്നാല്‍ അക്കാര്യങ്ങള്‍ വിസ്മരിച്ച് ഭാരതത്തിന്റെ ശാസ്ത്രചിന്ത ഉണ്ടായിരുന്നില്ല എന്ന് പാശ്ചാത്യര്‍ പ്രചരിപ്പിച്ചു. ഭാരതത്തിന്റെ സംസ്‌കാരത്തില്‍ അനേകം കാര്യങ്ങള്‍ ശാസ്ത്രപരിചയം ഉള്ളവര്‍ക്ക് മാത്രം സാധിക്കുന്നതായി ഉണ്ട്. മധുരയിലെ ഗോപുരവും പൈയുടെ ശാസ്ത്രീയമായ വിലയും എല്ലാം അതിലുള്‍പ്പെടുന്നു. ഇന്ന് വളരെ വിമര്‍ശിക്കപ്പെടുന്ന ഒന്നാണ് പുഷ്പകവിമാനത്തെക്കുറിച്ചുള്ള കഥ. പുഷ്പകവിമാനം എന്നത് പരാമര്‍ശിക്കപ്പെടുന്നത് രാമായണകാലഘട്ടത്തിലാണ്. അന്ന് ഒരു വിമാനം കണ്ടുപിടിക്കാനുള്ള ശാസ്ത്രജ്ഞാനം ഭാരതീയര്‍ക്കുണ്ടായിരുന്നില്ല എന്ന് സമര്‍ത്ഥിക്കാന്‍ ഇടത്-മുസ്ലീം ചരിത്രകാരന്മാര്‍ മുന്നോട്ടുവന്നിട്ടുണ്ട്. എന്നാല്‍ പുഷ്പകവിമാനം എന്ന സങ്കല്പം കഥയാണ് എന്നുതന്നെയിരിക്കട്ടെ. എങ്കിലും രാമായണകാലഘട്ടത്തില്‍ വിമാനം എന്നൊരു സങ്കല്പത്തെ കണ്ടറിഞ്ഞ സമൂഹത്തിന്റെ ഭാവനാശക്തി എത്ര ഉന്നതമാണ്. അതിന് അവരെ പ്രശംസിക്കുന്നതിനുപകരം പരിഹസിക്കുകയാണ് ചെയ്യുന്നത്.
ഭാരതത്തെക്കുറിച്ച് ഇതാണ് ഇടതുപക്ഷക്കാരുടേയും മുസ്ലീം മതനേതാക്കന്മാരുടേയും സമീപനം. എന്നാല്‍ പാശ്ചാത്യ-ക്രൈസ്തവ-മുസ്ലീം മതങ്ങളിലുള്ള അശാസ്ത്രീയമായ വസ്തുതകളെക്കുറിച്ച് അവര്‍ ഒന്നും പറയുന്നില്ല. ഭൂമി ഗോളാകൃതിയിലുള്ളതാണെന്നും സൂര്യനെ ഭൂമി പ്രദക്ഷിണം ചെയ്യുന്നുവെന്നും ഭാരതീയര്‍ പൗരാണികകാലഘട്ടത്തില്‍തന്നെ കണ്ടുപിടിച്ചു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടുവരെ ഭൂമി പരന്നതാണെന്ന് വിശ്വസിക്കുകയും അതിന് വിരുദ്ധമായി പറഞ്ഞ ശാസ്ത്രജ്ഞനെ (കോപ്പര്‍നിക്കസ്) ബൈബിളിനെതിരായി നിന്നുവെന്ന പേരില്‍ വധിക്കുകയും ഉണ്ടായി.
പാശ്ചാത്യരുടെ കണ്ണിലും മുസ്ലീം മതത്തിലും സ്ത്രീകളുടെ സ്ഥാനം വളരെ താഴെയാണ്. എവിടെ സ്ത്രീ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകള്‍ വാഴുന്നു എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതീയര്‍ സ്ത്രീകളെ വളരെയധികം ബഹുമാനിച്ചുപോന്നു. സ്ത്രീയെ അമ്മയായും ദേവിയായും പൂജിച്ചു. ഇതരമതങ്ങളില്‍ പുരുഷദൈവം മാത്രമാണുള്ളത്. എന്നാല്‍ ഭാരതീയ മതങ്ങളില്‍ സ്ത്രീദൈവങ്ങളുമുണ്ട്. സ്ത്രീകളെ പുരുഷന്റെ വാരിയെല്ലില്‍ നിന്ന് ഉണ്ടാക്കി എന്ന് വിശ്വസിക്കുകയും അതിനാല്‍ സ്ത്രീ അബലയും പുരുഷന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കേണ്ടവളാണെന്നുമുള്ള വിശ്വാസമാണ് അബ്രഹാമിക് മതസ്ഥര്‍ക്കുള്ളത്. ജനാധിപത്യത്തില്‍ സാര്‍വ്വത്രികമായ വോട്ടവകാശം ഉണ്ട്. എന്നാല്‍ 1928 വരെ അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. അനേകം പ്രക്ഷോഭങ്ങളിലൂടെയാണ് സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയത്.
സ്ത്രീകളെ സംബന്ധിച്ച് ഇസ്ലാമിക-ക്രൈസ്തവ മതങ്ങളുടെ കാഴ്ചപ്പാടിന്റെ പേരില്‍ അവര്‍ അധിക്ഷേപിക്കപ്പെടുന്നില്ല. സ്ത്രീയെ സംബന്ധിച്ച ഭാരതീയ വീക്ഷണത്തിന്റെ പേരില്‍ ഭാരതത്തെ ഇക്കൂട്ടര്‍ പ്രശംസിക്കുന്നുമില്ല. ഇത് ഒരു കാര്യം വ്യക്തമാക്കുന്നു. ഭാരതത്തിന്റെ നേട്ടങ്ങളെ മറച്ചുവെച്ച് കോട്ടങ്ങളെപ്പറ്റി പ്രചരിപ്പിക്കുകയാണ് ഇവരുടെ ഉദ്ദേശ്യം. ഭാരതത്തെക്കുറിച്ച് അഭിമാനം ഉണ്ടാകാതെ നോക്കുകയാണ്.

ഭാരതത്തില്‍ ജാതീയമായ അനാചാരങ്ങള്‍ സാമൂഹികമാണ്. അതിന് ആത്മീയമായ അംഗീകാരമില്ല. ഈശ്വരന് എല്ലാവരും തുല്യരാണ്. എന്നാല്‍ അബ്രഹാമിക് മതഗ്രന്ഥങ്ങളില്‍തന്നെ സ്ത്രീയെ പുരുഷനു തുല്യമായി കണക്കാക്കുന്നില്ല. അതായത് ജാതീയമായ അനാചാരങ്ങള്‍ക്ക് ഭാരതത്തില്‍ ആദ്ധ്യാത്മികമായ അംഗീകാരമില്ല. അതുകൊണ്ട് ‘ആഴ്‌വാഞ്ചേരി തമ്പ്രാക്കളിലുണ്ട് അയ്യന്‍ പുലയനിലുമുണ്ടാദിത്യനിലുമുണ്ടണുകൃമിയിലുമുണ്ടതിന്‍ പ്രതിസ്ഫുരണം’ എന്നാണ് കരുതപ്പെട്ടത്. പക്ഷേ സ്ത്രീ ഒരിക്കലും പുരുഷന് തുല്യയാകില്ല എന്ന ധാരണയാണ് ക്രിസ്ത്യന്‍, മുസ്ലീം മതങ്ങള്‍ക്കുള്ളത്. ഇതരമതങ്ങളില്‍ തുല്യതയ്ക്കായി സ്ത്രീകള്‍ സമരം നടത്തുമ്പോള്‍ ഭാരതത്തില്‍ അര്‍ദ്ധനാരീശ്വരസങ്കല്പം ആണ് ഉള്ളത്.
വിരാട്പുരുഷന്റെ പാദത്തില്‍നിന്ന് ശൂദ്രനുണ്ടായി എന്ന ധാരണ ശൂദ്രവിരുദ്ധമല്ല, മറിച്ച് ശൂദ്രനെ പ്രശംസിക്കുന്നതാണ്. പുരാണങ്ങളിലും പ്രാചീന ഗ്രന്ഥങ്ങളിലുമുള്ള ഏതെങ്കിലും ഒരു ശ്ലോകത്തിന്റെ വാച്യാര്‍ത്ഥം ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയോട് താരതമ്യം ചെയ്ത് അധിക്ഷേപിക്കുന്നത് ഭാരതീയത യോടുള്ള എതിര്‍പ്പ് കൊണ്ടാണ്. അനീതിക്കെതിരായ പോരാട്ടം ആവശ്യമാണ്. പക്ഷേ അത് സ്വന്തം പാരമ്പര്യത്തിനും സംസ്‌കാരത്തിനും എതിരായിട്ടല്ല. അഴുക്കുവെള്ളത്തോടൊപ്പം കുട്ടിയെക്കൂടി എറിഞ്ഞു കളയുന്നതല്ല. കുട്ടിയെ അഴുക്കുകളില്‍നിന്ന് മോചിപ്പിക്കാനാണ് കുളിപ്പിക്കുന്നത്. അപ്പോള്‍ കുട്ടിയെക്കൂടി അഴുക്കുവെള്ളത്തോടൊപ്പം കളയുന്നത് ശരിയല്ല. കുട്ടിയെ കുളിപ്പിച്ച് വൃത്തിയുള്ളതാക്കി പരിരക്ഷിക്കുകയാണ് ആവശ്യം. കുറ്റങ്ങളും കുറവുകളും തിരുത്തുക, പക്ഷെ നന്മകളെ ഉള്‍ക്കൊള്ളാതിരിക്കരുത് എന്നതാണ് ഇക്കാര്യത്തില്‍ അഭികാമ്യം.
ഇന്നത്തെ സമൂഹത്തില്‍ ബ്രാഹ്മണര്‍ എന്നാല്‍ പൂണൂല്‍ ധരിച്ചവന്‍ എന്നല്ല അര്‍ത്ഥം. ഇന്നത്തെ സമൂഹത്തില്‍ ശാസ്ത്രജ്ഞന്‍, വിവിധ സാമൂഹ്യവിഷയങ്ങളില്‍ അദ്ധ്യാപകര്‍ ഇവരെല്ലാം ബ്രാഹ്മണരാകുന്നു. സൈന്യം, പോലീസ്, നീതിന്യായ വ്യവസ്ഥകളിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ക്ഷത്രിയരും കോര്‍പ്പറേറ്റ് അധിപര്‍, റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാര്‍, വിവിധ വാണിജ്യ-വ്യാപാരമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വൈശ്യരും ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ ശുദ്രന്മാരുമാണ്. കാലാനുകൂലമായി നാല് വര്‍ണ്ണങ്ങളേയും പുനഃക്രമീകരിക്കേണ്ടത് ആവശ്യമാണ്. നാല് വിഭാഗങ്ങളിലുമുള്ളവരും ബഹുമാന്യരാണ്. ഇതുതന്നെയാണ് വിരാട് പുരുഷസങ്കല്പത്തിലുള്ളത്.
ജാതീയമായ വിവേചനം ശക്തമായതിനുകാരണം ആഭ്യന്തരജീര്‍ണ്ണതയോടൊപ്പം വൈദേശികാധിപത്യവുമാണ്. വിദേശികള്‍ ഭാരതത്തെ കൊള്ളയടിച്ചു, ഭാരതീയരെ കൊന്നൊടുക്കി, സ്ത്രീകളെ അപമാനിച്ചു. ഇതിന്റെയെല്ലാം ഫലമായി ഭാരതസമൂഹം ഉള്‍വലിഞ്ഞു. ഈ ഉള്‍വലിയലിനിടയില്‍ അനാചാരങ്ങള്‍ ശക്തിപ്പെട്ടു. അനാചാരങ്ങള്‍ വര്‍ദ്ധിച്ചു.
ഭാരതത്തില്‍ ഭാര്യയുടെ പേരില്‍ ഭര്‍ത്താവ് അറിയപ്പെട്ടുപോന്നു. എന്നാല്‍ പാശ്ചാത്യദേശത്ത് ഭാര്യ ഭര്‍ത്താവിന്റെ പേരിലാണ് അറിയപ്പെട്ടത്. രാധാകൃഷ്ണന്‍, ജാനകീരാമന്‍ തുടങ്ങിയ പേരുകള്‍ ഭാരതത്തില്‍ കൃഷ്ണന്റേയും രാമന്റേയും പര്യായങ്ങളാണ്.
ആയിരം വര്‍ഷക്കാലം വൈദേശികാടിമത്തത്തില്‍ കഴിഞ്ഞ സമൂഹത്തില്‍ അനാചാരങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അവ സാമൂഹ്യതിന്മകളാണ്. അവയ്ക്ക് മതത്തിന്റെ – ആത്മീയമായ, ഈശ്വരീയമായ പവിത്രതയോ നിലനില്‍പ്പോ ഇല്ല. സമൂഹം സ്വതന്ത്രമായി ശുദ്ധവായു ശ്വസിച്ചുതുടങ്ങുമ്പോള്‍ അവ ക്രമേണ ഇല്ലാതാകും. അല്ലെങ്കില്‍ അതിനെ ഇല്ലാതാക്കും. ജാതി ഒരു സാമൂഹ്യ അനാചാരമാണ്. സമൂഹം അതിനെ ക്രമേണ ഇല്ലാതാക്കും. അതുപോലെയല്ല പാശ്ചാത്യരുടെ സ്ത്രീസങ്കല്പം. അത് മതഗ്രന്ഥങ്ങളില്‍ ഉള്ളതാണ്. സൃഷ്ടിയുമായി ബന്ധപ്പെട്ടതാണ്. ഈ വ്യത്യാസം നാം മനസ്സിലാക്കണം.





















