മുമ്പ് ഭാരതത്തിലെ ഏറ്റവും വലിയ പാലമേത് എന്ന ചോദ്യത്തിന് പാമ്പന്‍ പാലം എന്നായിരുന്നു ഉത്തരം. ഇപ്പോള്‍ അത് മുംബൈയേയും നവിമുംബൈയേയും ബന്ധിപ്പിക്കുന്ന അടല്‍സേതു എന്നായി മാറിയിട്ടുണ്ട്. നാളെ പി.എസ്.സി ക്ക് ഈ ചോദ്യം വന്നാല്‍ ജോണ്‍ ബ്രിട്ടാസ് എം.പി എന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഉത്തരം എഴുതിയാലേ ശരിയാവൂ എന്ന് ഇടത് സര്‍ക്കാര്‍ തീരുമാനിച്ചുകൂടായ്കയില്ല. ഇങ്ങ് തെക്ക് കിടക്കുന്ന കേരളത്തെയും രാജ്യതലസ്ഥാനമായ ദല്‍ഹിയേയും ബന്ധിപ്പിക്കുന്ന പാലമാണ് താന്‍ എന്ന് ബ്രിട്ടാസ് നെഞ്ച്‌വിരിച്ച് പത്രക്കാരോടു പറയുകയും ഇടത് സര്‍ക്കാരും സി.പി.എമ്മും അത് തല കുലുക്കി സമ്മതിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇതിലും ശരിയായ ഉത്തരം വേറെയില്ലല്ലോ? പി.എം. ശ്രീ കരാറില്‍ കേരളം സര്‍വ്വസമ്മതത്തോടെയാണ് ഒപ്പിട്ടത് എന്നും ബ്രിട്ടാസാണ് അതില്‍ പാലമായി നിന്നത് എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നു. ഇത് വിവാദമായപ്പോഴാണ് താനാണ് പാലം എന്ന് ബ്രിട്ടാസ് അവകാശപ്പെട്ടത്. ഇടത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പി.എം. ശ്രീ കരാറില്‍ കേരളം ഒപ്പിട്ടതിന് പിന്നില്‍ ആര് എന്നു അന്വേഷിച്ചുകൊണ്ടിരുന്ന സി.പി.ഐക്കാര്‍ കള്ളനെ പിടികിട്ടിയേ എന്ന് ബഹളം വെച്ചപ്പോള്‍ ബിനോയ് വിശ്വത്തിന് മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത അവസ്ഥയായി. ബ്രിട്ടാസിനെ തള്ളിപ്പറയാനോ കെട്ടിപ്പിടിക്കാനോ പറ്റാത്ത അവസ്ഥ.
പി.എം. ശ്രീ യുടെ പേരില്‍ സി.പി.ഐ ഇടതുമുന്നണിയില്‍ ഉണ്ടാക്കിയ പ്രശ്‌നമാണ് കേരളം കരാറില്‍ നിന്നു പിന്മാറാന്‍ കാരണം എന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കുമറിയാം. ഇതാണ് ധര്‍മ്മേന്ദ്രപ്രധാന്‍ സഭയില്‍ പറഞ്ഞത്. ഈ സത്യം പറഞ്ഞ അദ്ദേഹത്തെ ബിനോയ് സഖാവിന് വിശ്വാസമില്ല. കാരണം അദ്ദേഹം ആര്‍.എസ്. എസ്സാണ്. സി.പി.ഐ മന്ത്രിമാരുടെ എതിര്‍പ്പിനെ മറികടന്ന് കേന്ദ്രഫണ്ട് മോഹിച്ച് പി.എം. ശ്രീ കരാറില്‍ ഒപ്പിടാന്‍ പാലമായത് ബ്രിട്ടാസാണ്. ബിനോയ് വിശ്വത്തിന് ഫലത്തില്‍ ബ്രിട്ടാസ് പാലമല്ല, കട്ടപ്പാരയാണ്. എന്നിട്ടും കമ്മ്യൂണിസ്റ്റിനെയാണ് വിശ്വസിക്കുക എന്ന ന്യായം നിരത്തി അയാളെ താങ്ങേണ്ട ഗതികേടിലായി ആ സഖാവ്.





















