ശബരിമലയില്‍ ഒരു തീര്‍ത്ഥാടന കാലം കൂടി ആരംഭിച്ചുകഴിഞ്ഞു. ഈ തീര്‍ത്ഥാടനകാല തുടക്കത്തില്‍ തന്നെ ശബരിമലയില്‍ നിന്ന് ഉയര്‍ന്നുകേട്ടത് അശാന്തിയുടെ ശബ്ദങ്ങളാണ്.
അയ്യപ്പഭക്തരുടെ മനസ്സിനെ വേദനിപ്പിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ അവിടെ കണ്ടത്. 2018 ല്‍ യുവതി പ്രവേശനത്തിന്റെ പേരില്‍ അയ്യപ്പനെയും,ഭക്തരെയും ദ്രോഹിച്ചവരും, അപമാനിച്ചവരും, ആക്ഷേപിച്ചവരും, വീണ്ടും മറ്റൊരു ഭക്തജന ദ്രോഹത്തിനും, തീര്‍ത്ഥാടന അട്ടിമറിക്കും ഇറങ്ങിപുറപ്പെട്ടിരിക്കുകയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ശബരിമല തീര്‍ത്ഥാടനത്തിന്റെ ആദ്യ നാളില്‍ തന്നെ സര്‍ക്കാരിന്റെയും, ദേവസ്വം ബോര്‍ഡിന്റെയും നിഷ്‌ക്രിയത്വത്തിന്റെയും, കെടുകാര്യസ്ഥതയുടെയും, ആസൂത്രിത ഗൂഢാലോചനയുടെയും പ്രത്യക്ഷമായ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്.
കുടിക്കാന്‍ വെള്ളമില്ല, വിരിവയ്ക്കാന്‍ സൗകര്യങ്ങളില്ല, പ്രാഥമികസൗകര്യങ്ങള്‍ക്ക് സംവിധാനമില്ല, ശബരിമലയില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ മനുഷ്യരാണ് എന്ന പരിഗണന പോലും കൊടുക്കാത്ത ഉദ്യോഗസ്ഥ പ്രഭുക്കന്മാരാണ് ദേവസ്വം ബോര്‍ഡിന്റെയും, ദേവസ്വം വകുപ്പിന്റെയും അധികാര കേന്ദ്രങ്ങളില്‍ ഉള്ളത്.
സര്‍ക്കാരും പോലീസും ദേവസ്വവും ചേര്‍ന്ന് അയ്യപ്പന്മാരോട് ചെയ്യുന്ന കൊടുംക്രൂരത ഇനിയും കണ്ടു നില്‍ക്കാന്‍ സാധ്യമല്ല. തീര്‍ത്ഥാടനത്തെ അട്ടിമറിച്ച്, വിശ്വാസത്തെയും, ആചാരത്തെയും ലംഘിച്ച്, അയ്യപ്പഭക്ത സമൂഹത്തെ ശബരിമലയില്‍ നിന്ന് ആട്ടിപ്പായിക്കുക എന്നതാണ് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും മുഖ്യലക്ഷ്യം.
സര്‍ക്കാര്‍, ദേവസ്വം, പോലീസ്, വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തത് മൂലംഅവലോകനയോഗങ്ങള്‍ പ്രഹസനമാവുകയാണ്.
വൃശ്ചികം ഒന്നിനു മുമ്പ് എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കും എന്ന് പത്രസമ്മേളനങ്ങളിലൂടെയും, ഹൈന്ദവ ഭക്തജന സംഘടനകളും ആയി നടത്തിയ കൂടിക്കാഴ്ചകളിലും ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ അറിയിച്ചിരുന്നതാണ്. ദേവസ്വം ബോര്‍ഡ് നടത്തിയ പ്രസ്താവനകളും, ഉറപ്പുകളും പാഴ്വാക്കുകള്‍ ആയി പരിണമിക്കുന്നു എന്നാണ് തീര്‍ത്ഥാടനം ആരംഭിച്ച നാള്‍ മുതല്‍ ഉള്ള സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. അയ്യപ്പ സംഗമത്തില്‍ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്‌തെന്ന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അവകാശവാദവും പൊള്ളയാണെന്ന് തെളിഞ്ഞു.
പ്രഖ്യാപനങ്ങള്‍ നടത്തുകയും, പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ യാതൊരു ശ്രമവും നടത്താതിരിക്കുകയും ചെയ്യുക എന്നതായിരിക്കുന്നു പിണറായി വിജയന്‍ സര്‍ക്കാരിന്റെ മുഖമുദ്ര.
ശബരിമല തീര്‍ത്ഥാടന ക്രമീകരണത്തില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ ഭക്തജന സമൂഹത്തെ വഞ്ചിക്കുകയായിരുന്നു. ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെയും, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെയും വാക്ക് വിശ്വസിച്ച് എത്തിയ അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാനസൗകര്യമൊരുക്കാതെ ദുരിതത്തിലേക്കാണ് ഭരണാധികാരികള്‍അവരെ തള്ളിവിട്ടത്.
പമ്പാതീരവും, ശുചിമുറികളും മാലിന്യങ്ങള്‍ നിറഞ്ഞ സ്ഥിതിയിലായിരുന്നു എന്നും, കുടിവെള്ളം പോലും ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് തുറന്നു സമ്മതിക്കേണ്ടി വന്നു. 12 മണിക്കൂര്‍ ക്യൂ നിന്ന് സന്നിധാനത്ത് എത്തി ക്യൂ കോംപ്ലക്‌സില്‍ അട്ടിയടുക്കപ്പെട്ട നിലയില്‍ കഴിയേണ്ടി വന്നതായി ഭക്തജനങ്ങള്‍ സാക്ഷ്യപ്പെടുത്തി.
വാഗണ്‍ ട്രാജഡിക്ക് സമാനമായ സ്ഥിതിവിശേഷമാണ് ക്യൂ കോംപ്ലക്‌സില്‍ അരങ്ങേറിയത്. കൊച്ചു മാളികപ്പുറങ്ങളും, മണികണ്ഠന്മാരും ശ്വാസം കിട്ടാതെ വലയുന്ന കാഴ്ചകളും ഭീതിദമായ ഓര്‍മ്മയായി. ആദ്യദിനം തന്നെ ഒരു മാളികപ്പുറം കുഴഞ്ഞുവീണ് മരണമടഞ്ഞത് വരാനിരിക്കുന്ന നാളുകള്‍ ദുരിതപൂര്‍ണ്ണമാകുമെന്നുള്ള മുന്നറിയിപ്പാണ് നല്‍കുന്നത്.

എന്തൊക്കെ കഷ്ടപ്പാടിലും, ദുരിതങ്ങളിലും ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ ഇനി ഒരിക്കല്‍ കൂടി ശബരിമലയിലേക്ക് ഇല്ല എന്ന് പ്രഖ്യാപിക്കുന്നതും ആദ്യദിവസം തന്നെ ദര്‍ശനം സാധ്യമാകാതെ ആയിരങ്ങള്‍ നിലയ്ക്കലും പന്തളത്തും ക്ഷേത്രങ്ങളില്‍ എത്തി ഇരുമുടി കെട്ട് സമര്‍പ്പിച്ച് മാല ഊരി തിരികെ പോയതും തീരാദുഃഖത്തിന് കാരണമായി. ഇത് തീര്‍ത്ഥാടക സംവിധാനത്തിലെ പിഴവുകളെയും, പോരായ്മകളെയും തുറന്നുകാട്ടുന്നു.
9 കോടി മുടക്കി പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തി ലോകത്തുള്ള വിഐപി അയ്യപ്പന്മാരെയും, സ്‌പോണ്‍സര്‍മാരെയും, ശബരിമലയിലേക്ക് ക്ഷണിച്ചുവരുത്തിയ സര്‍ക്കാര്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒരുക്കിയാണ് അവരെ എതിരേറ്റത്. താമസ സൗകര്യത്തിന് മാത്രം നാലരക്കോടി രൂപ ചെലവഴിച്ചു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രഖ്യാപിച്ചത്. അതേ സര്‍ക്കാര്‍ തന്നെ കുടിവെള്ളവും, ആഹാരവും, വിരിവയ്ക്കാന്‍ സ്ഥലവും, അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ ഭക്തജനങ്ങളെ ദുരിത കയത്തിലാഴ്ത്തിയത് മനുഷ്യാവകാശ ലംഘനവും ഗുരുതരമായ വീഴ്ചയും ആണ്.
ഒരിക്കലെങ്കിലും ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് എക്കാലത്തും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന മനോഹരമായ ഓര്‍മ്മകളാണ് മുന്‍കാല തീര്‍ത്ഥാടന കാലയളവില്‍ സമ്മാനിച്ചിരുന്നതെങ്കില്‍, നിലവിലെ തീര്‍ത്ഥാടനം ഭക്തര്‍ക്ക് ഭീതിദവും, ഭീകരവുമായ ഓര്‍മ്മകളാണ് സമ്മാനിച്ചത്.
നിലവില്‍ ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് കാലാവധി അവസാനിച്ച് പുതിയ ബോര്‍ഡ് നിലവില്‍ വരുമ്പോള്‍ സ്വീകരിക്കേണ്ട യാതൊരുമുന്നൊരുക്കങ്ങളും തീര്‍ത്ഥാടന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചില്ല. സ്വര്‍ണ്ണക്കൊള്ള അന്വേഷണം മുഖ്യമന്ത്രിയിലേക്കും, ദേവസ്വം മന്ത്രിയിലേക്കും, അതുവഴി സര്‍ക്കാരിലേക്കും എത്താതിരിക്കുവാനുള്ള കരുതല്‍ നടപടിയാണ് പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണം. ശബരിമല വികസനത്തിനായി പല ചുമതലകളിലും നിയോഗിക്കപ്പെട്ടിട്ടും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത ഒരു വ്യക്തിയെ തന്നെ ബോര്‍ഡ് പ്രസിഡന്റായി നിയോഗിച്ചത് ശബരിമലയെ നന്നാക്കാന്‍ അല്ല മറിച്ച് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ആണ് എന്നത് വ്യക്തമാണ്. തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് സമ്പൂര്‍ണ്ണമായും പരാജയപ്പെട്ടു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ശബരിമലയില്‍ കണ്ടത്. തിരക്ക് നിയന്ത്രിക്കുന്നതടക്കം സകല ക്രമീകരണങ്ങളും പാളി. സ്ത്രീകളും കുട്ടികളും അടക്കമുള്ള തീര്‍ത്ഥാടകരെ ശ്വാസംമുട്ടിച്ച ്മരണത്തിലേക്ക് തള്ളിവിടാനുള്ള സാഹചര്യം ആണ് സൃഷ്ടിക്കപ്പെട്ടത്.

മണ്ഡലകാലതീര്‍ത്ഥാടനത്തിന് നടതുറന്ന് 48 മണിക്കൂറിനകം നടന്ന തിരക്കില്‍ കുടുങ്ങി പോയവര്‍ പ്രാണരക്ഷാര്‍ത്ഥം വിലപിക്കുന്ന കാഴ്ചകള്‍ക്കും ബാരിക്കേഡുകള്‍ ചാടി കടക്കുന്നതിനും, കണ്ട വഴിയിലൂടെ എല്ലാം കടന്നു കയറുന്നതിനും ശബരിമല സാക്ഷിയായി.
ശബരിമല കാണാത്ത ഉദ്യോഗസ്ഥരെ തിരക്ക് നിയന്ത്രിക്കാന്‍ ചുമതലപ്പെടുത്തിയതില്‍ വന്ന വീഴ്ചയാണ് ശബരിമല ദര്‍ശിച്ചത്. വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് പുറമേ സ്‌പോട്ട് ബുക്കിംഗില്‍ നിയന്ത്രണം പാലിക്കാത്തതും ഈ തിരക്കിന് കാരണമായി. ക്രമാനുഗതമായി എത്തുന്നവര്‍ക്ക് ദര്‍ശനമൊരുക്കാന്‍ ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്തം ഉണ്ടെന്നിരിക്കെ, ക്രമരഹിതമായി എത്തിയവര്‍ക്കു അനുമതി നല്‍കിയതാണ് സര്‍വ്വ ക്രമീകരണവും തെറ്റാനുള്ള കാരണം.
രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല് എന്ന് പറഞ്ഞതുപോലെ സര്‍ക്കാരിന്റെ എക്കാലത്തെയും ആഗ്രഹം പോലെ തീര്‍ത്ഥാടകരുടെ എണ്ണം 75,000ആയി നിജപ്പെടുത്താന്‍ കോടതി ഉത്തരവും വന്നു. ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം നിഷേധിക്കാന്‍ ഇതുമൂലം കാരണമാകും. 90 ദിവസം തീര്‍ത്ഥാടനത്തിന് 70 ലക്ഷം ഭക്തരില്‍ മാത്രമായി ദര്‍ശനം ഒതുക്കേണ്ടി വരും എന്നതാണ് ഇതുമൂലം സംജാതമാകുന്നത്.
ഒരു ലക്ഷം ഭക്തജനങ്ങള്‍ എന്ന രീതിയില്‍ ദര്‍ശനം നിജപ്പെടുത്തുമെന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആളുകള്‍ വരാതിരുന്നാല്‍ തിരക്കുണ്ടാകില്ല എന്നും, ഇത്രയും സൗകര്യം മാത്രമേ ശബരിമലയില്‍ ഉള്ളൂ എന്നും പറയുന്നത് തന്റെ കഴിവുകേടുകള്‍ ഒരിക്കല്‍ കൂടി പ്രകടപ്പിക്കുകയാണ്.
ആളെ കുറച്ചാണോ ശബരിമലയിലെ പ്രതിസന്ധി പരിഹരിക്കേണ്ടത്? അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് കൂടുതല്‍ അയ്യപ്പഭക്തരെ സ്വീകരിച്ചുകൊണ്ടാണ് ഈ പ്രശ്‌നത്തില്‍ പരിഹാരം കാണേണ്ടത് എന്നാണ് വിദഗ്ദ്ധാഭിപ്രായം. തീര്‍ത്ഥാടക ബാഹുല്യം കുറച്ചുകൊണ്ട് തീര്‍ത്ഥാടനം സുഗമമാക്കി എന്ന് പ്രഖ്യാപിച്ച് കൈയ്യടി നേടാനാണ് ദേവസ്വം ബോര്‍ഡിന്റെ ശ്രമം.
സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും കെടുകാര്യസ്ഥതയും, ഭക്തരെ ശബരിമലയില്‍ നിന്ന് അകറ്റുക എന്ന അജണ്ടയും നടപ്പിലാക്കുന്നതിലൂടെ ഭക്തരുടെ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കലാണ് നടക്കുന്നത്. ശബരിമല തീര്‍ത്ഥാടനത്തിന്റെ ആദ്യദിനം തന്നെ ക്രമീകരണങ്ങളില്‍ വന്ന പാകപ്പിഴകള്‍ വളരെ ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. തീര്‍ത്ഥാടന കാലത്തെ ഓരോ സംഭവങ്ങളും വിലയിരുത്തുമ്പോള്‍ സാധാരണ ജനത്തിന് മനസ്സിലാകുന്നത് സര്‍ക്കാരിന് ഇതില്‍ നിഗൂഢമായ അജണ്ട ഉണ്ട് എന്നതാണ്. ഹിന്ദു കൂട്ടക്കുരുതിക്ക് ആസൂത്രിതമായ കളമൊരുക്കല്‍ ആണ് വൃശ്ചികം ഒന്നിന് നടന്നത്.
ശബരിമലയില്‍ ഒരു കൂട്ടക്കുരുതിക്ക് സാഹചര്യം ഒരുക്കി സ്വര്‍ണ്ണകൊള്ളയില്‍ നിന്ന് ജനശ്രദ്ധതിരിച്ചുവിടാനുള്ള അതിബുദ്ധി ഇതിനുമുന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നതുംഅന്വേഷണവിധേയമാക്കേണ്ടതാണ്.അയ്യപ്പ സ്വാമിയുടെ അനുഗ്രഹവും, ഭക്തരുടെ പ്രാര്‍ത്ഥനയും ഒരു ദുരന്തം സംഭവിക്കാതിരിക്കുന്നതിന് കാരണമായി.
ശബരിമല തിരക്കിന് പിന്നില്‍ എന്തെങ്കിലും കുല്‍സിത ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് എഡിജിപി എസ്. ശ്രീജിത്തിന്റെ അഭിപ്രായം ഇത്തരം ശ്രമം നടന്നിരിക്കാനുള്ള സാധ്യതയെ ഉറപ്പിക്കുന്നതാണ്.
ശബരിമല തീവെപ്പ് മുതല്‍ സ്വര്‍ണ്ണകൊള്ള വരെ എത്തിനില്‍ക്കുന്ന സംഭവ വികാസങ്ങള്‍ ശബരിമലക്ഷേത്രത്തെ തന്നെ തകര്‍ക്കാനുള്ള ആഗോളഗൂഢാലോചനയും ആസൂത്രിത ശ്രമവും അണിയറയില്‍ തകൃതിയായി നടക്കുന്നു എന്നതിന് തെളിവാണ്.
ശബരിമലയെ ഇക്കാലമത്രയും തകര്‍ക്കാന്‍ ശ്രമിച്ചവര്‍ വിശുദ്ധ വസ്ത്രവും അണിഞ്ഞെത്തി തങ്ങളാണ് യഥാര്‍ത്ഥ വിശ്വാസികള്‍, ശബരിമലയുടെ വികസനമാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് പ്രഖ്യാപിക്കുമ്പോള്‍ ഭക്തരുടെ മനസ്സില്‍ ഓടിയെത്തിയത് ശബരിമല തീവെപ്പ് കേസില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തൊട്ട് സ്വര്‍ണ്ണകൊള്ളയ്ക്ക് വരെ നേതൃത്വം കൊടുത്ത അവരുടെ ചെയ്തികളാണ്.

ശബരിമല ചുട്ടു ചാമ്പലാക്കിയ ശബരിമല വിരുദ്ധരുടെ പങ്ക് സംബന്ധിച്ച് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ചവറ്റുകുട്ടയില്‍ തള്ളിയാണ് ഇടതു സര്‍ക്കാര്‍ അവരുടെ ഹിന്ദുവിരുദ്ധ മുഖം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ശബരിമല കാനന പാതയിലൂടെയുള്ള ആചാരപരമായ യാത്രയ്ക്ക് നിരോധനം, പുല്ലുമേട് കാനനപാത യാത്രാ നിരോധനം, പൊന്നമ്പലമേട്ടില്‍ തെളിയിക്കാനുള്ള അവകാശം മലഅരയ സമൂഹത്തില്‍ നിന്നും തട്ടിയെടുത്തത്. ശബരിമലയില്‍ നടന്നുവന്നിരുന്ന പല ആചാരങ്ങളും മാറ്റിമറിച്ചത്, അന്നദാനം, കുടിവെള്ളം,ലഘുക്ഷണം എന്നിവ സൗജന്യമായി നല്‍കി വന്നിരുന്ന അയ്യപ്പഭക്ത സേവാ സംഘടനകളെ അകറ്റിനിര്‍ത്തി വിവിധ കരാറുകളിലൂടെ കുത്തകകള്‍ക്ക് ശബരിമല തീറെഴുതിയത്, പമ്പാസദ്യ, പമ്പാവിളക്ക് എന്നിവ നടത്താനുള്ള സാഹചര്യം നിഷേധിച്ചത്. പമ്പയില്‍ വിരിവയ്ക്കാനും, മകര ജ്യോതി ദര്‍ശനത്തിനും തടസ്സം സൃഷ്ടിച്ചത്, അയ്യപ്പസ്വാമിയുടെ വഴിപാട് പ്രസാദത്തിനും മറ്റു പൂജകള്‍ക്കും അടിക്കടി നിരക്ക് വര്‍ദ്ധിപ്പിച്ചത്, യുവതി പ്രവേശനത്തെ പിന്തുണച്ച് സത്യവാങ്മൂലം നല്‍കിയത്, യുവതികളെ പിന്‍വാതിലിലൂടെ ഭക്തരുടെ കണ്ണ് വെട്ടിച്ച് സന്നിധാനത്ത് എത്തിച്ച് ആചാരലംഘനം നടത്തിയത്, ശബരിമലയിലെ തിരക്ക് കുറയ്ക്കാനെന്ന പേരില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറച്ചത്, ശബരിമല ശ്രീകോവിലെ ദ്വാരപാലകവിഗ്രഹത്തിലെയും, വാതില്‍പ്പാളികളിലെയും, കാണിക്കവഞ്ചികളിലെയും, ശ്രീകോവില്‍ചുമരുകളിലെയും താഴികക്കുടങ്ങളിലെയും കൊടിമരത്തില്‍ സ്ഥാപിച്ചിരുന്ന സ്വര്‍ണ ആലിലകളും അമൂല്യ വസ്തുക്കളും കൊള്ള ചെയ്തത്, സ്‌പോണ്‍സര്‍ എന്ന പേരില്‍ ശബരിമലയിലെ കവര്‍ച്ചയ്ക്ക് കൂട്ടുനിന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആഗോള അയ്യപ്പ സംഗമത്തിലൂടെ ലഭിക്കുന്ന സ്‌പോണ്‍സര്‍മാരുടെ ഇടനിലക്കാരനാക്കി കമ്മീഷന്‍ തട്ടാന്‍ ശ്രമം നടത്തിയത് – ഇതെല്ലാം പിണറായി വിജയന്‍ സര്‍ക്കാര്‍ ശബരിമല ക്ഷേത്രത്തില്‍ ഉള്ള വിശ്വാസവും ആചാരവും നഷ്ടപ്പെടുത്തുവാനും,ശബരിമലയെ കൊള്ള ചെയ്യാനും നടത്തിയ ശ്രമങ്ങളുടെ ചെറുരൂപങ്ങളാണ്.
ആഗോള അയ്യപ്പ സംഗമം കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച വാദമുഖങ്ങള്‍ ഹിന്ദുവിരുദ്ധവും ആചാരവിരുദ്ധവുമായിരുന്നു.നിരീശ്വരവാദ സര്‍ക്കാരിനെ ഇതിന് പ്രേരിപ്പിച്ചത് പ്രത്യയശാസ്ത്രപരമായ തകര്‍ച്ചയും ആഗോള മതഭീകരവാദ ശക്തികളുടെ സ്വാധീനവും പ്രലോഭനവുമാണ് എന്നത് നിസംശയം പറയാം.
ശബരിമലയിലേക്ക് ഭക്തജന സഹസ്രങ്ങള്‍ എത്താതിരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹവും അജണ്ടയും. അതിനായി എല്ലാവര്‍ഷവും ക്രമീകരണങ്ങളില്‍ കടുത്ത വീഴ്ചയാണ് വരുത്തുന്നത്.
വൃശ്ചികം ഒന്നിന് മുന്‍പ് മുഴുവന്‍ ക്രമീകരണങ്ങളും മുന്‍കാലങ്ങളില്‍ പൂര്‍ത്തീകരിച്ച് അവസാനവട്ട ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ അവലോകനയോഗം കൂടാറുണ്ടായിരുന്നു എങ്കില്‍, ഈ വര്‍ഷം പ്രഖ്യാപനങ്ങളില്‍ ഊറ്റം കൊള്ളുകയായിരുന്നു സര്‍ക്കാരും,ദേവസ്വം ബോര്‍ഡും, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളും.
ശൗചാലയങ്ങള്‍ സജ്ജമാക്കല്‍, കുടിവെള്ളം ലഭ്യമാക്കല്‍, മലിനീകരണ നിവാരണം, പമ്പ ശുചിയാക്കല്‍,വിരി വെയ്ക്കാന്‍ സ്ഥലങ്ങള്‍ സജ്ജമാക്കല്‍, പരിശീലനം ലഭിച്ച പോലീസ് സേനയെ പതിനെട്ടാം പടിയില്‍ നിയോഗിക്കല്‍, തിരക്ക് നിയന്ത്രിച്ച് പരിചയമുള്ള പോലീസ് ഉദ്യോഗസ്ഥരെ തിരക്കുള്ള സ്ഥലങ്ങളില്‍ നിയോഗിക്കല്‍ ഇതെല്ലാം മുന്‍കൂട്ടി തയ്യാറാക്കുന്നതില്‍ ഗുരുതരമായ അനാസ്ഥയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും കാട്ടിയത്.
വിവിധ വകുപ്പുകളുടെഏകോപനത്തിനായി ദേവസ്വം മന്ത്രി യാതൊന്നും ചെയ്തില്ല എന്ന് മാത്രമല്ല അവര്‍ നടത്തിയ ക്രമീകരണങ്ങളുടെ വിലയിരുത്തലും നടന്നിട്ടില്ല. കോടതി സൂചിപ്പിച്ചപോലെ ആയിരം പേരെത്തുന്ന ഉത്സവം നടത്തുന്ന ലാഘവത്തോടെയാണ് കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമല ക്ഷേത്ര തീര്‍ത്ഥാടനത്തെ സര്‍ക്കാര്‍ കണ്ടത്. 15 മണിക്കൂര്‍ വരെ ബാരിക്കേഡില്‍ തളച്ചിടപ്പെട്ട അയ്യപ്പഭക്തരുടെ ദുരിതത്തിന് ആരാണ് സമാധാനം പറയുക എന്ന കോടതിയുടെ ചോദ്യത്തിന് പിണറായി വിജയന്‍ സര്‍ക്കാര്‍ ഉത്തരം പറയണം..
ഇന്നത്തെ ദേവസ്വം ബോര്‍ഡുകള്‍ക്കോ അവരെ നിയമിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന കേരള സര്‍ക്കാരിനോ, ശബരിമലയുടെ വളര്‍ച്ചയും തീര്‍ത്ഥാടക ബാഹുല്യവും ഉള്‍ക്കൊണ്ട് ഭക്തര്‍ക്ക് പരാതിരഹിതമായ ഒരു തീര്‍ത്ഥാടന കാലം ഒരുക്കാന്‍ കഴിയില്ല. അതിന് ആവശ്യമായ ദീര്‍ഘവീക്ഷണമോ കാര്യക്ഷമതയോ ആത്മാര്‍ത്ഥതയോ അവര്‍ക്ക് ഇല്ലെന്ന യാഥാര്‍ത്ഥ്യം പിടിപ്പുകെട്ട പ്രവര്‍ത്തനത്തിലൂടെ അവര്‍ നമ്മെവീണ്ടും ബോധ്യപ്പെടുത്തുന്നു.
ശബരിമല അയ്യപ്പനെയും അമൂല്ല്യ വസ്തുക്കളും കൊള്ള ചെയ്യുന്ന, വിശ്വാസികള്‍ അല്ലാത്ത സര്‍ക്കാരും,വിശ്വാസികള്‍ ഇല്ലാത്ത ദേവസ്വം ബോര്‍ഡും, ഭരണപരിചയം ഇല്ലാത്ത ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പ്രവര്‍ത്തനങ്ങളുടെ തിക്തഫലങ്ങളാണ് ഇന്ന് ഭക്തര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കാരണം. ഭക്തിയും വിശ്വാസവും ആചാര സംരക്ഷണവും പാലിക്കുന്ന ഭക്തജന സമൂഹ പ്രതിനിധികള്‍ അടങ്ങുന്ന രാഷ്ട്രീയ വിമുക്ത ഭരണസംവിധാനത്തിന്റെ അനിവാര്യതയാണ് നാം ഇനി ചര്‍ച്ചചെയ്യേണ്ടത്.
(ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)
ശബരിമലയിലെ പ്രതിസന്ധി; ദേവസ്വം മന്ത്രി രാജിവയ്ക്കണം: ആര്‍.വി. ബാബു
കൊച്ചി: ശബരിമലയില്‍ ഭക്തജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വമേറ്റെടുത്ത് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാജിവയ്ക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ആവശ്യപ്പെട്ടു. വൃശ്ചികം ഒന്നിന് നട തുറന്ന ദിവസം മുതല്‍ ശബരിമലയിലെത്തിയ അയ്യപ്പന്മാര്‍ തിക്കിലും തിരക്കിലും പെട്ട് കഷ്ടപ്പെടുകയാണ്. മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കേണ്ടി വന്ന കുഞ്ഞയ്യപ്പന്‍മാരും മാളികപ്പുറങ്ങളും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. കുടിവെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്. പുതിയ ദേവസ്വം ബോര്‍ഡ് ആണ് ചാര്‍ജ് എടുക്കുന്നതെന്നറിയാമായിരുന്നിട്ടും ദേവസ്വം മന്ത്രി ശബരിമല തീര്‍ത്ഥാടകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാലേക്കൂട്ടി ഒരു തയ്യാറെടുപ്പും നടത്തിയില്ല. വൃശ്ചികം ഒന്നിന് നട തുറക്കുമ്പോള്‍ ശബരിമല സന്നിധാനത്തെത്തുന്ന പതിവ് രീതിയും ദേവസ്വം മന്ത്രി ഉപേക്ഷിച്ചു.വകുപ്പ് തല ഏകോപനത്തില്‍ വലിയ പാളിച്ച സംഭവിച്ചിരിക്കുന്നു. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ കേന്ദ്രസേനയുടെ സഹായവും സര്‍ക്കാര്‍ തേടിയിട്ടില്ല. ശബരിമലയോടും അയ്യപ്പന്മാരോടുമുള്ള സര്‍ക്കാരിന്റെ ഉദാസീനതയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും ആര്‍.വി. ബാബു പറഞ്ഞു.






















