ഒരു സപ്തംബര്‍ പതിനൊന്നുകൂടി അധികം ഒച്ചപ്പാടുകളൊന്നുമില്ലാതെ ലോകത്തിന്റെ പൂമുഖത്തുകൂടി കടന്നു പോയിരിക്കുന്നു. ലോകത്തെയാകമാനം ഭീകരവാദികള്‍ തങ്ങളുടെ ആസുരനശീകരണതന്ത്രങ്ങള്‍കൊണ്ട് മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍ ‘ഞാനൊന്നുമറിഞ്ഞില്ലേ രാമാനാരായണാ’ എന്നു ജപിച്ചുകൊണ്ട് പുതപ്പു വലിച്ചു മൂടി സുഖസുഷുപ്തിയിലാണ്ട അമേരിക്കയെ, അവരുടെതന്നെ വിമാനങ്ങള്‍ റാഞ്ചിയെടുത്തുപയോഗിച്ച് അവിടുത്തെ വിഖ്യാതമായ ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങള്‍ തകര്‍ത്തുകൊണ്ട് ഒസാമാ ബിന്‍ ലാദന്‍ ഉറക്കം വിട്ടുണര്‍ത്തിയത് 2001, സപ്തംബര്‍ മാസം പതിനൊന്നാം തീയതിയായിരുന്നു.
തന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍കൊണ്ട് ലോകം വിറപ്പിച്ച ഒസാമ ബിന്‍ ലാദന്‍, സൗദി അറേബ്യയിലെ റിയാദില്‍ 1957-ലാണ് ഭൂമുഖത്തേക്ക് പിറന്നുവീഴുന്നത്. യമന്‍ സ്വദേശിയായിരുന്ന മുഹമ്മദ് ബിന്‍ ലാദന്റെ 52 മക്കളില്‍ പതിനേഴാമനായിരുന്നു ഒസാമ. ഒസാമയുടെ അച്ഛന്‍ മുഹമ്മദ് ബിന്‍ ലാദന്‍ സൗദി അറേബ്യയില്‍ കോടാനുകോടി ഡോളറിന്റെ ആസ്തിയുള്ള കെട്ടിടനിര്‍മ്മാണക്കമ്പനിയുടെ അധിപനായിരുന്നു. അതുകൂടാതെ, ഉപഭോഗവസ്തുക്കളുടെയും പാനീയങ്ങളുടെയും വോക്‌സ് വാഗണ്‍പോലുള്ള കാറുകളുടെയും എല്ലാം വിതരണാവകാശമുള്ള വമ്പിച്ച വ്യാപാരശൃംഖലയും അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ സഹോദരങ്ങളെല്ലാം പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് ഉന്നതവിദ്യാഭ്യാസം നേടി തിരിച്ചെത്തി ബിസിനസ്സില്‍ പിതാവിന് പാര്‍ശ്വബലം കൂട്ടിയപ്പോള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടായിരുന്നിട്ടും മദ്രസ തന്ന അറിവിന്റെ വെളിച്ചത്തിലൂടെ താന്‍ പിറന്നു വീണ മതത്തിന് പൊലിവേറ്റുവാനാണ് ഒസാമ ഇഷ്ടപ്പെട്ടത്.
ഒസാമയ്ക്ക് മറ്റെന്തിനെക്കാളും ധന്യമായിരുന്നു തന്റെ ഇഷ്ടപ്രകാരമല്ലെങ്കിലും താന്‍ പിറന്നുവീണ മതം. അല്ലെങ്കിലും സ്വന്തം ഇഷ്ടപ്രകാരമല്ലല്ലൊ ആരുംതന്നെ ഈ ഭൂമുഖത്ത് ഒരു പ്രത്യേക മതത്തിലേക്ക് പിറവിയെടുക്കുന്നത്. ഹിന്ദു മാതാവിന്റെ ഉദരത്തില്‍ നിന്ന് ഭൂമിയിലേക്ക് കണ്‍തുറക്കുന്നവന്‍ ഹിന്ദുവായും മുസ്ലീം വനിതയ്ക്കു ജനിക്കുന്നവന്‍ മുസല്‍മാനായും ക്രൈസ്തവസ്ത്രീ ജന്മം നല്‍കുന്നവന്‍ ക്രൈസ്തവനായും പിറവി കൊള്ളുകയാണ് ചെയ്യുന്നത്. ലോകനിയതിതന്നെ അതാണെന്നിരിക്കെ, ഒസാമ മാത്രം അതിനൊരു കള്ളസ്സാക്ഷിയാവാന്‍ തരമില്ലല്ലൊ. അതുകൊണ്ടുതന്നെ, തന്റെ വ്യക്തിപരവും രാഷ്ട്രീയപരവും ആത്മീയപരവുമായ സര്‍വ്വവിശ്വാസങ്ങളെയും മതം തീര്‍ത്ത ‘ശരിതെറ്റുകള്‍’ക്കുള്ളില്‍ തളച്ചു നിര്‍ത്താന്‍ ബദ്ധശ്രദ്ധനായിരുന്നു ഒസാമ.
1970-കളുടെ അവസാനം, തന്റെ കോളേജ് വിദ്യാഭ്യാസക്കാലത്ത് ഒരിടത്ത്, താന്‍ കണ്ടുമുട്ടിയ ഇസ്ലാംമതപണ്ഡിതനായ അബ്ദുള്ള അസമിന്റെ പ്രഭാഷണങ്ങളില്‍ ഒസാമ ആകൃഷ്ടനായി. ഇസ്ലാംമതവിശ്വാസികള്‍ ലോകത്തെത്തന്നെ ദീനിന്റെ പന്ഥാവിലേക്കെത്തിക്കുവാന്‍ ‘പുണ്യയുദ്ധ’-മെന്ന് ഇസ്ലാം വിളിക്കുന്ന ‘ജിഹാദി’ന് തയ്യാറാവണമെന്ന അസ്സമിന്റെ ആഹ്വാനം ലാദനെ എത്തിച്ചത് ജിഹാദിന്റെ പണിപ്പുരയിലായിരുന്നു. പുണ്യയുദ്ധപ്രക്രിയയില്‍ ജീവന്‍ വെടിയേണ്ടി വന്നാല്‍പ്പോലും മരിച്ചവര്‍ക്ക് അഭിരമിക്കാന്‍, ഈന്തപ്പഴങ്ങളും ഉറുമാമ്പഴങ്ങളും വിളഞ്ഞുനില്‍ക്കുന്ന പൂന്തോട്ടങ്ങളും തേനും പാലും ഒഴുകുന്ന ആറുകളുള്ള താഴ്‌വരകളും വിയര്‍പ്പും മലമൂത്രമാലിന്യങ്ങളുമില്ലാത്ത ഹൂറികള്‍ ശയിക്കുന്ന സപ്രമഞ്ചങ്ങളുമുള്ളതായി പ്രവാചകന്‍ സാക്ഷ്യപ്പെടുത്തിയ സ്വര്‍ഗ്ഗരാജ്യം വാഗ്ദത്തമാണെന്നും ഉള്ള അബ്ദുള്ളയുടെ ഉദ്‌ഘോഷണങ്ങള്‍, ഒസാമയുടെ സിരകളില്‍ പുത്തനൂര്‍ജ്ജം പകര്‍ന്ന് കുതിച്ചൊഴുകി. മദ്ധ്യേഷ്യ യില്‍ ഇതിനോടകം തന്നെ പ്രവൃദ്ധപുഷ്‌ക്കലമായി വേരൂന്നാന്‍ തുടങ്ങിക്കഴിഞ്ഞിരുന്ന പാശ്ചാത്യസംസ്‌കൃതി, താന്‍ നെഞ്ചോടുചേര്‍ത്ത ഇസ്ലാമതത്തെ ഗ്രസിച്ചില്ലാതാക്കുന്നതില്‍ രോഷാകുലമായിരുന്നു ഒസാമയുടെ മനസ്സ്. അവിടേക്ക് കുളിര്‍മഴയുടെ മൃദുസ്പര്‍ശമായി പെയ്തു വീണ അസ്സമിന്റെ ആഹ്വാനങ്ങള്‍ രണ്ടാമതൊന്നു ചിന്തിക്കാന്‍ ഒസാമയെ അനുവദിച്ചില്ല. ഇസ്ലാം ഖാലിഫൈറ്റായി ലോകം പുലരുന്ന ആ ‘നല്ല നാളെ’യ്ക്കു വേണ്ടി യത്‌നി ക്കാന്‍ ഒസാമ മനസ്സുകൊണ്ട് തീരുമാനമെടുത്തു.
ആയിടയ്ക്കാണ്, മുജാഹിദ്ദീനുകളെ നേരിടാന്‍ റഷ്യന്‍ സൈന്യം 1979-ല്‍ അഫ്ഗാനിസ്ഥാന്‍ ആക്രമിക്കുന്നത്. തന്റെ മനസ്സിലടങ്ങിയിരിക്കുന്ന ‘വിപ്ലവാശയങ്ങള്‍’ക്ക് അഗ്നിശലാകകളെപ്പോലെ സമരമുഖത്തേക്ക് പറന്നു വീഴാന്‍ ഇതിനെക്കാള്‍ അനുയോജ്യമായ മറ്റൊരവസരം ലഭ്യമാവില്ലെന്ന് ഒസാമയ്ക്ക് തോന്നി. താന്‍ ഗുരുവായി സ്വീകരിച്ച അബ്ദുള്ള അസ്സമിന്റെ പിന്തുണയോടെ ഒസാമ ‘വിപ്ലവ’ ഭൂമിയില്‍ കര്‍മ്മനിരതനായി.
റഷ്യക്കെതിരെയുള്ള മുജാഹിദ്ദീന്‍ പോരാളികളുടെ പോരാട്ടത്തിന്, ധാര്‍മ്മികമായും സാമ്പത്തികമായും പിന്തുണയേകിക്കൊണ്ട് അവരുടെ തലയ്ക്കു മുകളില്‍ കുളിരു പെയ്യുന്ന നിഴലായി അബ്ദുള്ളയും ഒസാമയും തണല്‍ വിരിച്ചു വിളങ്ങി നിന്നു. ‘അപകടത്തില്‍ പെട്ടുപോയ’ ഇസ്ലാമിനെ രക്ഷിക്കാന്‍ ഉള്ള പുണ്യയുദ്ധത്തില്‍ പങ്കാളികളാകാന്‍ മധ്യേഷ്യയിലുള്ള മുസ്ലീം യുവാക്കളെ അവര്‍ മസ്തിഷ്‌ക്കപ്രക്ഷാളനം ചെയ്ത് യുദ്ധമുഖത്തെത്തിച്ചു. ലോകമെങ്ങും വേരുകളുള്ള ‘മക്ദല്‍ അല്‍ കിദാമത്’ എന്ന പേരില്‍ തങ്ങള്‍ രൂപം കൊടുത്ത സംഘടനയിലൂടെ ആളെടുപ്പു നടത്തി അവര്‍ പോര്‍മുഖത്ത് ജിഹാദി യോദ്ധാക്കളുടെ എണ്ണം കൂട്ടി. ഈ യുദ്ധാനുഭവം, താന്‍ മനസ്സില്‍ താലോലിക്കുന്ന മുസ്ലീം സാമ്രാജ്യ സങ്കല്‍പം, അയത്‌നലളിതമല്ലെങ്കിലും സുസാധ്യമാണെന്ന ആത്മവിശ്വാസം ഒസാമയുടെ മനസ്സില്‍ രൂഢമൂലമാവാന്‍ കാരണമായി. രണ്ടു മസ്തിഷ്‌ക്കങ്ങള്‍ ഒരുമിച്ചു വഴികാണിക്കുന്ന ഒരു പ്രക്രിയയും ആഭ്യന്തരമായ ഏറ്റുമുട്ടലുകളില്ലാതെ മുന്നോട്ടു പോയിട്ടില്ലെന്ന തിരിച്ചറിവ്, അബ്ദുള്ളയുമായി വഴി പിരിയാനുള്ള ഒസാമയുടെ തീരുമാനത്തിന് ആക്കം കൂട്ടി. 1988-ല്‍, ‘മക്തബ് അല്‍ കിദാമ’ത്തിനോട് യാത്രപറഞ്ഞ്, ‘അല്‍ ഖ്വയ്ദ’ എന്ന പേരില്‍ പുതിയൊരു മതതീവ്രവാദസംഘടനയ്ക്ക് ഒസാമ ബീജാവാപം ചെയ്തു.
‘The Base’ എന്നാണ് ‘അല്‍ഖ്വയ്ദ’ എന്ന പദത്തിന്റെ അര്‍ത്ഥം. ‘അടിസ്ഥാനം’ എന്നോ ‘സൈനികര്‍ക്ക് ഭക്ഷണവും വെള്ളവും ഒരുക്കിയിട്ടുള്ള സ്ഥലം’ എന്നോ എന്തുവേണമെങ്കിലും ഈ വാക്കിനര്‍ത്ഥം കല്‍പിക്കാം. അതെന്തായാലും, ‘അല്‍ഖ്വയ്ദ’ സ്ഥാപിച്ചതോടെ പ്രചാരണപ്രവര്‍ത്തനത്തിന്റെ പാത വിട്ട് ഭീകരപ്രവര്‍ത്തനത്തിന്റെ ഉഷ്ണഭൂമിയിലേക്ക് ഒസാമ പാത മാറ്റിച്ചവിട്ടാന്‍ തുടങ്ങി.
റഷ്യന്‍ പട്ടാളം അഫ്ഗാനിസ്ഥാന്റെ സംഗ്രാമഭൂമി വിട്ട് പുറത്തിറങ്ങിയപ്പോള്‍ സൗദി അറേബ്യയില്‍ തിരിച്ചെത്തി തന്റെ സംഘടനയുടെ സാമ്പത്തികാടിത്തറ ബലപ്പെടുത്താനുള്ള പരിശ്രമങ്ങളില്‍ ലാദന്‍ വ്യാപൃതനായി. ഒസാമയുടെ ഈദൃശങ്ങളായ പ്രവൃത്തികള്‍ തങ്ങളുടെ ദേശത്തിന്റെ സല്‍ക്കീര്‍ത്തിക്ക് കളങ്കമേര്‍പ്പെടുത്തുമെന്ന് സൗദി അറേബ്യ ഭയ ന്നു. അവര്‍ ഒസാമയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചു. ഇറാക്കിനെ കൂവൈറ്റ് ആക്രമിച്ച വേളയില്‍, പിടിച്ചു വച്ച പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കുകയാണെങ്കില്‍ അതിനു പകരമായി അഫ്ഗാന്‍ അറബികളെ പോര്‍മുഖത്തേക്കയക്കാന്‍ താന്‍ തയ്യാറാണെന്ന ലാദന്റെ ‘സൗജന്യം’ തിരസ്‌കരിച്ചുകൊണ്ട് സൗദി അറേബ്യ, അമേരിക്കന്‍ ‘കാഫിറു’കളുടെ സഹായമഭ്യര്‍ത്ഥിച്ചത് ലാദന് മുഖമടച്ചുകിട്ടിയ പ്രഹരംപോലെ വേദനയുണ്ടാക്കി. അയാള്‍ തന്റെ കിടപ്പുമുറിയില്‍ കിടന്നലറി: ‘അറേബ്യന്‍ രാജവംശമേ, നിങ്ങള്‍ക്ക് തെറ്റു പറ്റി. അമേരിക്കയല്ല, അല്‍ഖ്വയ്ദയാണ് അനതിവിദൂരതയില്‍ത്തന്നെ ഇസ്ലാം ഖലീഫൈറ്റിലൂടെ ലോകം ഭരിക്കാന്‍ പോകുന്നത്.’
ഒസാമ, സൗദി അറേബ്യയിലുള്ള തന്റെ ലാവണം വിട്ടു പുറത്തിറങ്ങി സുഡാനിലേക്കു പറന്നു. സൗദി അറേബ്യയെക്കാള്‍, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് തഴച്ചു വളരാന്‍ സൂഡാന്റെ മണ്ണ് കൂടുതല്‍ പശിമരാശിയുള്ളതായി ഒസാമയ്ക്കനുഭവപ്പെട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ, യമനിലെ ആഡനിലുള്ള ഹോട്ടലിനുനേരെ ആക്രമണമഴിച്ചുവിട്ടു, അല്‍ഖ്വയ്ദ. സമാധാനപരിപാലനദൗത്യത്തിനുവേണ്ടി സോമാലിയയിലേക്ക് സൈനികനീക്കം നടത്താന്‍ എത്തിയ അമേരിക്കന്‍ ഭടന്മാര്‍ താമസിച്ചിരുന്ന ഹോട്ടലായിരുന്നു, അത്. പക്ഷേ, ആ ആക്രമണ ത്തില്‍ ഒരമേരിക്കന്‍ ‘കാഫിറി’നെപ്പോലും കാലപുരിയ്ക്കയയ്ക്കാന്‍ അല്‍ഖ്വയ്ദയ്ക്ക് കഴിഞ്ഞില്ല. അവര്‍ അവിടെ പൊട്ടിച്ച ബോംബുകള്‍ നാമാവശേഷമാക്കിയത് നിരപരാധികളായ രണ്ട് ഓസ്ട്രിയന്‍ വിനോദസഞ്ചാരികളുടെ വിലപ്പെട്ട ജീവനുകളായിരുന്നു. 1992, ഡിസംബര്‍ മാസം 29-ാം തീയതിയായിരുന്നു മനസ്സാക്ഷി മരവിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്.
ചാട്ടം പിഴച്ച കുരങ്ങിനെപ്പോലെ ദിക്കറ്റുനിന്ന ഒസാമ, തന്റെ ‘ജിഹാദി’പ്പടയെ കൂടുതല്‍ സുസജ്ജമാക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടര്‍ന്നു. അതിന്റെ ഭാഗമെന്നോണം, സോമാലിയന്‍ വിമതപ്പടയിലെ പോരാളികള്‍ക്ക് സങ്കീര്‍ണ്ണങ്ങളായ സാങ്കേതിക സൈനികപരിശീലനം നല്‍കി അല്‍ഖ്വയ്ദ കുടുതല്‍ കാര്യശേഷിയുള്ളവരാക്കി. മൊഗാദിഷുവില്‍ വെച്ച് 1993-ല്‍, സോമാലിയന്‍ ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുത്ത് 18 അമേരിക്കന്‍ പട്ടാളക്കാരെ കൊന്ന പടയാളികളായിരുന്നു അവര്‍. 1993, ഫെബ്രുവരിമാസം 6-ാം തീയതി, ലോവര്‍ മന്‍ഹട്ടാനിലുള്ള ‘വേള്‍ഡ് ട്രേഡ്‌സെന്ററി’ന്റെ വടക്കേ ഗോപുരം വാന്‍ബോംബിടിച്ചു കയറ്റി തകര്‍ക്കുന്നതിലും 1995-ല്‍, ഈജിപ്ഷ്യന്‍ പ്രസിഡന്റ്, ഹോസ്‌നി മുബാറക്കിന്റെ വധശ്രമത്തിലും അതേ വര്‍ഷം തന്നെ റിയാദിലെ യു എസ് നാഷണല്‍ ഗാര്‍ഡ് ട്രെയിനിങ്ങ് സെന്ററിലുണ്ടായ ബോംബാക്രമണത്തിലും 1996-ല്‍, ദഹ്‌റാനിലെ അമേരിക്കന്‍ മിലിറ്ററി താവളമായിരുന്ന കോബര്‍ ടവേഴ്‌സ് നിലം പൊത്തിച്ച ട്രക്ക് ബോംബ് വിസ്‌ഫോടനത്തിലും ലാദന്റെ ലാളന പരിപോഷിപ്പിച്ചെടുത്ത ഈ സൊമാലിയന്‍ വിമതര്‍ക്ക് വ്യക്തമായ പങ്കുണ്ടായിരുന്നു.
താന്‍ രൂപം കൊടുത്ത പ്രസ്ഥാനത്തിലേക്ക് കൂടുതല്‍ ചാവേറുകളെ ചേര്‍ക്കാന്‍ വേണ്ടിയും തന്റെ കഴുത്തില്‍ ഏതു നിമിഷവും വന്നു വീണേക്കാവുന്ന നിയമത്തിന്റെ കുരുക്കിനെ ഭയന്നും സുഡാനില്‍ നിന്ന് 1996-ല്‍ അഫ്ഗാനിസ്ഥാനിലേക്ക് ഒസാമ താവളം മാറ്റി. ഒപ്പം തന്നെ, അല്‍ഖ്വയ്ദയുടെ ആക്രമണപ്പട്ടികയിലെ എണ്ണം വര്‍ദ്ധിപ്പിക്കാനും ജാഗരൂകനായിരുന്നു, അയാള്‍. നെയ്‌റോബിയിലെയും കെനിയയിലെയും അമേരിക്കന്‍ എംബസികള്‍ ബോംബു വെച്ചു പുകച്ചുകൊണ്ട് 1998, ആഗസ്റ്റുമാസം 7-ാം തീയതി, അല്‍ഖ്വയ്ദ 213 പേരുടെ ജീവന്‍ കവര്‍ന്നെടുത്തു, 4500 പേര്‍ക്കാണ് പ്രസ്തുത ആക്രമണത്തില്‍ പരിക്കു പറ്റിയത്. ഡാര്‍-അസ്-സലാം, ടാന്‍സാനിയ എന്നിവിടങ്ങളിലെ എംബസികളില്‍ അന്നുതന്നെ രാവിലെ പത്തരയ്ക്കും പത്തേമുക്കാലിനുമിടയിലുണ്ടായ ബോംബാക്രമണത്തില്‍ 11 പേര്‍ മരിക്കുകയും 85 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് ഏകദേശം രണ്ടു വര്‍ഷത്തെ മൗനത്തിനു ശേഷം യമന്‍ കടല്‍ത്തീരത്ത് നങ്കൂരമിട്ടിരുന്ന അമേരിക്കയുടെ പ്രതിരോധക്കപ്പലിനു നേരെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബോട്ട് ഇടിച്ചുകയറ്റി 17 നാവികരെ കൊല്ലുകയും 38 പേര്‍ക്ക് പരിക്കേല്‍പിക്കുകയും ചെയ്തുകൊണ്ട് അല്‍ഖ്വയ്ദ വീണ്ടും വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. ഈവക വിനാശപ്രവൃത്തികള്‍ക്കായുള്ള സാമ്പത്തിക സ്രോതസ്സിനു വേണ്ടി അഫ്ഗാന്‍ പ്രാന്തങ്ങളിലെ ഹിന്ദുക്കുഷ് പര്‍വ്വതനിരകളില്‍ ഒസാമ, ഓപ്പിയം ചെടികള്‍ നട്ടുവളര്‍ത്തി.
തുടര്‍ച്ചയായ ഇങ്ങനെയുള്ള ആക്രമണങ്ങള്‍കൊണ്ട് അമേരിക്കയുടെ ഉറക്കം കെടുത്തി തന്റെ അപ്രമാദിത്വം ഉറപ്പിച്ച ഒസാമ ബിന്‍ ലാദന്‍, പെന്റഗണും വേള്‍ഡ് ട്രേഡ്‌സെന്ററും തകര്‍ക്കാനുള്ള പദ്ധതികളിലേക്കാണ് പിന്നീട് ശ്രദ്ധ തിരിച്ചത്. വളരെ സങ്കീര്‍ണ്ണവും ആസൂത്രിതവുമായിരുന്നു 2001, സപ്തംബര്‍ 11-ന് ലാദനഴിച്ചുവിട്ട ആക്രമണം. മികച്ചൊരു യുദ്ധതന്ത്രജ്ഞനെപ്പോലും അതിശയിക്കും വിധം വിസ്മയാവഹമായിരുന്നു ഒസാമ പിന്നിയെടുത്ത യുദ്ധനീക്കങ്ങള്‍. നാലു ഗ്രൂപ്പുകളായി പരിശീലിപ്പിച്ചെടുത്ത ഓരോ കൂട്ടം ടെററിസ്റ്റുകള്‍. ഓരോ ഗ്രൂപ്പിലും വിപരീത പരിതഃസ്ഥിതികളില്‍പ്പോലും അസാമാന്യ നിയന്ത്രണനൈപുണിയോടെ വിമാനം പറത്താന്‍ ശിക്ഷണം ലഭിച്ച ഓരോ പൈലറ്റ്. പിന്നെ, തട്ടിയെടുത്ത നാലു വിമാനങ്ങള്‍….! ഇപ്പറഞ്ഞ സന്നാഹങ്ങളോടെ ലോകത്തെ നടുക്കിയ കൊടുംക്രൂരന്മാരില്‍ ഒരുത്തനായ ഒസാമ, തന്റെ അടുത്ത വിനാശവിളയാട്ടത്തിന് കളത്തിലിറങ്ങി.
ന്യൂയോര്‍ക്ക് സിറ്റിയിലുള്ള വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങള്‍, ഒരു പരുന്തുപോലും അടുത്തെങ്ങാനുംകൂടെ പറന്നുപോയാല്‍ ജാഗരൂകതയോടെ അതിനെ നിരീക്ഷണവിധേയമാക്കുന്ന സുരക്ഷാക്യാമറകളുടെ അകമ്പടിയോടെ അജയ്യമായി നില്‍ക്കുന്ന അമേരിക്കയുടെ സുരക്ഷാകേന്ദ്രമായ പെന്റഗണ്‍, വാഷിങ്ങ്ടണ്‍ ഡി.സിയിലെ ചില സുപ്രധാന കേന്ദ്രങ്ങള്‍ ഇവയെല്ലാം തകര്‍ത്ത് അമേരിക്കയുടെ അപ്രമാദിത്വത്തിന് ഒരു കടുംതാക്കീതു നല്‍കുവാനായിരുന്നു ഒസാമയുടെ പദ്ധതി.
ബോസ്റ്റണില്‍ നിന്നും ലോസ് ഏഞ്ചലസ്സിലേക്ക് 81 യാത്രക്കാരെയും വഹിച്ചുകൊണ്ട് രാവിലെ 7.59-ന് പറന്നുയര്‍ന്ന, അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിങ്ങ് 767-200- ഋഞ എന്ന വിമാനം അല്‍ ഖ്വയ്ദയുടെ ‘പോരാളി’-കള്‍ റാഞ്ചിയെടുത്തു. എന്താണ് നടക്കുന്നതെന്നറിയാതെ മരണഭീതിയോടെ ശ്വാസമടക്കിപ്പിടിച്ചിരിക്കുന്ന യാത്രക്കാരുടെ പച്ചപ്രാണനെ നിര്‍ദ്ദയം കത്തിച്ചു ഭസ്മമാക്കിക്കൊണ്ട്, മണിക്കൂറില്‍ 440 നാഴിക വേഗതയില്‍ ട്രേഡ്‌സെന്ററിന്റെ വടക്കന്‍ ഗോപുരത്തിലേക്ക് അഗ്നിസ്ഫുലിംഗങ്ങള്‍ വാരി വര്‍ഷിച്ച് വിമാനത്തെ ഇടിച്ചു കയറ്റി, ഒസാമയുടെ പൈലറ്റ്. വിമാനത്തില്‍ ബാക്കിയുണ്ടായിരുന്ന 9417 ഗാലന്‍ ഏവിയേഷന്‍ സ്പിരിറ്റ്, വിനാശപ്രവൃത്തിക്കു വേണ്ട ഇന്ധനമൊരുക്കി ദഹനപ്രക്രിയയ്ക്ക് ആക്കം കൂട്ടി. പ്രസ്്തുതവിമാനത്തോടൊപ്പംതന്നെ റാഞ്ചപ്പെട്ട മറ്റൊരു വിമാനമായ, യുണൈറ്റഡ് ഫ്‌ളൈറ്റ് 175, അമ്പത്താറു യാത്രികരുടെ ഉയിര്‍ മായിച്ചുകൊണ്ട് തെക്കന്‍ ഗോപുരത്തെയും നിലംപരിശാക്കി.
ഈ രണ്ട് ആക്രമണങ്ങളും കണ്ട് എന്തുചെയ്യണമെന്നറിയാതെ അന്തംവിട്ടുനിന്ന അമേരിക്കയുടെ ചെകിട്ടത്ത്, അമേരിക്കന്‍ എയര്‍ലയിന്‍സില്‍ നിന്നുതന്നെ തട്ടിയെടുത്ത വേറൊരു ബോയിങ്ങ് വിമാനം പെന്റഗണിനകത്തേക്ക് തുളച്ചു കയറ്റിക്കൊണ്ട് ഒസാമ മറ്റൊരു പ്രഹരംകൂടി നല്‍കി.
വാഷിങ്ങ്ടണ്‍ ഡിസിയുടെ ‘കനം’ നോക്കാന്‍ പുറപ്പെട്ട മറ്റൊരു വിമാനബോംബ് ലക്ഷ്യത്തിലെത്തി തന്റെ വിനാശദൗത്യം നിര്‍വഹിക്കുന്നതിനു മുമ്പുതന്നെ പെന്‍സില്‍വാനിയയിലെ ഒഴിഞ്ഞ വയലുകളൊന്നില്‍ നുറുങ്ങി വീണു കത്തിയമര്‍ന്നു. 7000 ലിറ്റര്‍ ഇന്ധനം ഒരുമിച്ചു കുടിച്ചുതീര്‍ത്ത അഗ്നിദാഹം, ചുറ്റും തീഗോളങ്ങള്‍ തുപ്പിക്കൊണ്ട് തീത്തെയ്യമാടി. ഇങ്ങനെയുള്ള അഗ്നിവിളയാട്ടങ്ങള്‍ നടത്തി വിജയിക്കാന്‍ ഒസാമയ്ക്ക് ചെലവാക്കേണ്ടി വന്നത്, മതച്ചൊരുക്കുകൊണ്ട് മസ്തിഷ്‌ക്കപ്രക്ഷാളനം ചെയ്യപ്പെട്ട വെറും 19 പേരുടെ ജീവന്‍ മാത്രമായിരുന്നു.
2996 നിരപരാധരായ മനുഷ്യജീവനുകളാണ് പക്ഷേ, അന്ന് ഒസാമയുടെ ഈ ക്രൂരതാണ്ഡവത്തിനിടയില്‍ വിമാനബോംബുകളുടെ അഗ്നിജിഹ്വകള്‍ നിഷ്‌ക്കരുണം നക്കി വിഴുങ്ങിയത്. ഇതില്‍ മുന്നൂറു പേരോളം കാനഡ, ബ്രിട്ടന്‍, ഭാരതം തുടങ്ങിയ നാടുകളിലെ പൗരന്മാരായിരുന്നു.
അജയ്യരെന്നും ലോകപ്പോലീസെന്നുമൊക്കെ ഭാവിച്ചിരുന്ന അമേരിക്കയുടെ സര്‍വ്വാധീശഭാവത്തിന്റെ മുഖമടച്ചു കിട്ടിയ പ്രഹരമായിരുന്നു ഈ സംഭവം. പാകിസ്ഥാന്റെയും നക്‌സലൈറ്റുകളുടെയും തീവ്രവാദികള്‍ ഭാരതത്തിന്റെ മണ്ണില്‍ കുരുതിയാറുകളൊഴുക്കുമ്പോള്‍ നമ്മുടെ നാടിനനുകൂലമായ ഒരു വാക്കുപോലുമുരിയാടാത്ത അമേരിക്കന്‍ ധാര്‍ഷ്ട്യം അല്‍ ഖ്വയ്ദ എന്ന തീവ്രവാദരക്ഷസ്സിന്റെ ക്രൂരദംശനത്തിന്റെ വേദനയറിയുമ്പോഴാണ് സുഷുപ്തി വിട്ടുണരാന്‍ മനസ്സുകാട്ടിയത്. ഈ സാഹസത്തോടെ, ‘അത്ര പെട്ടെന്നൊന്നും ആര്‍ക്കും കയറി മറിയാന്‍ പറ്റാത്ത ചെകുത്താന്‍പറമ്പിലെ, ചോര കാത്തു കിടക്കുന്ന രക്തരക്ഷസ്സാണ് താന്‍’ എന്ന സന്ദേശം ലോകത്തിന്റെ അവസാനത്തെ മൂലയില്‍പ്പോലും എത്തിക്കാന്‍ ഒസാമയ്ക്ക് കഴിഞ്ഞു. പിടിച്ചുകെട്ടാനാവാത്ത മേധാശ്വത്തെപ്പോലെ തന്റെ ഒളിസങ്കേതങ്ങളിലിരുന്നുകൊണ്ട് പിന്നെയും പത്തു വര്‍ഷക്കാലത്തോളം അയാള്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് കരുക്കള്‍ നീക്കി.
ഇതിനിടെ അല്‍ഖ്വയ്ദയിലെ കുറച്ചു തീവ്രവാദികള്‍ അമേരിക്കയുടെ പിടിയിലായിക്കഴിഞ്ഞിരുന്നു. അവരെ ചോദ്യം ചെയ്യാനായി ഗ്വോണ്ടാനാേമാ താഴ്‌വരകളിലേക്കു മാറ്റി. ഗ്വോണ്ടാനാേമാ തടവറകളിലെത്തിയ തീവ്രവാദികള്‍ പ്രദര്‍ശിപ്പിച്ച തീവ്രമായ ഇസ്ലാംമതഭക്തിയുടെ ഉരുക്കുചുമരുകളില്‍ത്തട്ടി സി ഐ എയുടെ മൂന്നാംമുറകളെല്ലാംതന്നെ നിലം തൊടാതെ നിഷ്ഫലമായി. അതോടെ, അമേരിക്കന്‍ അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനപദ്ധതികളും വഴിതെറ്റിയ യാത്രികനെപ്പോലെ ദിക്കറിയാതെ പരിഭ്രമിച്ചു നിന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് ബിരുദമുള്ള ഖാലിദ് ഷെയ്ക്ക് മുഹമ്മദിനെയും ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിന്റെ സൂത്രധാരന്‍, മെഡിക്കല്‍ ബിരുദമുള്ള അഫ്‌സല്‍ ഗുരുവിനെയുംപോലുള്ള അഭ്യസ്തവിദ്യരെപ്പോലും വീണ്ടുവിചാരശേഷി നഷ്ടപ്പെടുത്തി മതതീവ്രവാദത്തിന്റെ കൊടുംവിഷം തുപ്പാന്‍ പരിശീലിപ്പിച്ച മതാന്ധതയുടെ അന്ധകാരങ്ങളിലേക്ക് വെളിച്ചം പായിക്കാനുള്ള അമേരിക്കയുടെ പരിശ്രമങ്ങളെല്ലാം ജലരേഖകളെപ്പോലെ വ്യര്‍ത്ഥമായി.
ഇങ്ങനെ, എല്ലാ ആശയങ്ങളും വഴിമുട്ടി നില്‍ക്കുന്ന അവസരത്തിലാണ് പട്ടിണിക്കാരനു കിട്ടിയ മൃഷ്ടാന്നംപോലെ, ഒസാമയുടെ അനുചരന്മാരെന്നു കരുതപ്പെടുന്നവരുടെ ശബ്ദാവൃത്തികള്‍ വിശകലനം ചെയ്തുകൊണ്ടിരുന്ന വാഷ്ങ്ടണിലെ സിഐഎ ആസ്ഥാനത്ത്, ‘മിസ്റ്റര്‍ കുവൈറ്റി’ എന്ന അപരനാമത്തിലറിയപ്പെടുന്ന വ്യക്തിയുടെ ശബ്ദസാമ്യമുള്ള ഒലിയലകള്‍ ശബ്ദവിശകലനയന്ത്രങ്ങള്‍ അരിച്ചെടുക്കുന്നത്. ഒസാമയുടെ ഒളിത്താവളങ്ങളെക്കുറിച്ച് വിവരമുള്ള ആളായിരുന്നു, മിസ്റ്റര്‍ കുവൈറ്റി.
(തുടരും)





















