എത്ര പേര്‍ക്കറിയാം സ്വന്തം കുടുംബത്തിന്റെ വംശാവലി. ഒരു കടലാസെടുത്ത് ഏറ്റവും അടിയില്‍ സ്വന്തം പേരെഴുതുക. അതിനു തൊട്ടുമീതെ മാതാപിതാക്കള്‍. അതിനു മീതെ അവര്‍ ഓരോരുത്തരുടെയും മാതാപിതാക്കള്‍. അതിനു മീതെ അവരുടെ മാതാപിതാക്കള്‍. പിന്നെ അവരുടെയും. ഇങ്ങനെ എഴുതിയെഴുതി എത്ര പടവുകള്‍ മുകളിലേക്ക് കയറിക്കയറി പോവാന്‍ പറ്റും!
നമ്മുടെ അസ്തിത്വം എവിടെനിന്നാണ് തുടങ്ങുന്നത്? ഒരു വംശപരമ്പരയിലെ എത്രാമത്തെ തലമുറക്കണ്ണിയാണ് നാം? നമ്മുടെ വേരുകള്‍ എത്രയാഴത്തിലാണുള്ളത്? കുടുംബസ്മൃതികളുടെ വിശാലതയിലേക്ക് സഞ്ചരിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ?… കടലാസില്‍ പേന കുത്തി എഴുത്തുമുട്ടി കുന്തിച്ചിരിക്കുമ്പോള്‍ ഇത്തരം ചോദ്യങ്ങളുടെ പെരുമഴയില്‍ നാം കുളിച്ചുപോകും.
”എത്രയസുന്ദരമാണിപ്പേരുക-
ളെങ്കിലുമവയുടെ തിക്തകശക്തി-
യുദാരം, ചേരുവയില്ലാച്ചേരുവ-
യിതിലെന്‍ നാഡിമിടിപ്പുകളെത്ര-
യുദാരം, സന്ധ്യകള്‍തോറും ദീപാവലികളി-
ലെഴുതിരിയിട്ട മനുഷ്യസ്‌നേഹമതെത്ര-
യുദാരം-നട്ടുനനച്ചു വളര്‍ത്തിയെടുത്തവ-
രവരാണല്ലൊ-ളാച്ചിപ്പെണ്ണുകിഴക്കേ മുറ്റ-
ത്തഗ്നിക്കോണില്‍ നട്ടൂ മാതളമോഹ,മതെത്ര-
യുദാരം! മീനംരാശി വടക്കെ മുറ്റ-
ത്തുപ്പാലിക്കുണ്ടൊരു മന്ദാരം:
അങ്ങനെ മാതളമന്ദാരങ്ങള്‍ വളര്‍ന്നൂ
ചില്ലകളില്‍ പുതുവല്ലികള്‍ വന്നു പടര്‍ന്നും
വല്ലികളില്‍ നവഭംഗികള്‍ ചേര്‍ക്കും പൂക്കള്‍ വിടര്‍ന്നും
പൂവുകള്‍ കാത്തൊരു പുണ്യപരാഗം….”
അയ്യപ്പപണിക്കരുടെ ‘കുടുംബപുരാണം’ എന്ന ദീര്‍ഘകവിത തുടങ്ങുന്നത് ഇങ്ങനെയാണ്. ളാച്ചി, ഉപ്പാലി എന്നു പേരുള്ള രണ്ടു മുതുമുത്തശ്ശിമാര്‍. കേള്‍ക്കുമ്പോള്‍ അസുന്ദരമെന്നു തോന്നിപ്പോകാവുന്ന നാമപദങ്ങള്‍. കൊല്ലവര്‍ഷം പത്താം ശതകത്തില്‍ ജീവിച്ചിരുന്ന ആ സഹോദരിമാരില്‍നിന്ന് രണ്ട് താവഴികളായി തുടങ്ങുന്ന തന്റെ കുടുംബം. അതിന്റെ പ്രഭവത്തില്‍നിന്ന് തന്റെ കാലത്തിലേക്ക് ആറ് ഖണ്ഡങ്ങളിലൂടെ കവനം ചെയ്ത് സഞ്ചരിക്കുകയാണ് കവി.
കൊല്ലവര്‍ഷം പത്താം ശതകത്തില്‍ വേമ്പനാട്ടുകായലില്‍ പമ്പയുടെ കൈവഴി വന്നുചേരുന്നിടത്തെ മുട്ടിട്ടുകായലില്‍ ആദ്യമായി നെല്‍ക്കൃഷി ആരംഭിച്ചവരില്‍ പ്രമുഖനായ അയ്യപ്പപണിക്കര്‍ കേശവപ്പണിക്കര്‍ എന്ന കര്‍ഷകകാരണവരില്‍നിന്ന് വളര്‍ന്നുപടര്‍ന്ന്, അന്താരാഷ്ട്ര പ്രശസ്തി നേടിയ നയതന്ത്രോദ്യോഗസ്ഥനും വൈസ്ചാന്‍സലറുമായി വിരാജിച്ച സര്‍ദാര്‍ കെ.എം. പണിക്കരിലൂടെ പരിണമിച്ച് കവിയിലേക്ക് പകര്‍ന്നെത്തി നില്‍ക്കുന്ന വംശഗാഥ.
സ്വകാര്യതലത്തില്‍ കവിയുടെ കുടുംബചരിതമാണ് ഈ കവിത. എന്നാല്‍ സാമാന്യതലത്തില്‍ അത് മനുഷ്യവംശചരിതവുമാണ്. ജനനം മരണത്തിലേക്ക് സഞ്ചരിക്കാനുള്ള തുടക്കവും മരണം മറ്റൊരു ജനനത്തിലേക്കുള്ള തുടക്കവുമാണെന്ന തത്ത്വചിന്താപരതയിലേക്ക് വളരുന്ന കാവ്യവിചാരം. ആള്‍ക്കൂട്ട സംസ്‌കാരത്തില്‍ മുങ്ങിപ്പോവുന്ന വ്യക്തിസ്വത്വത്തെ വീണ്ടെടുക്കാനും വ്യഷ്ടിചിന്തയില്‍ ഉറഞ്ഞുപോവുന്ന വ്യക്തിസത്തയെ സമഷ്ടിയിലേക്ക് ലയിപ്പിക്കാനും നടത്തുന്ന അക്ഷരയജ്ഞം. വിരുദ്ധോക്തികള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ കവിത മനുഷ്യജീവിതത്തിന്റെ മൂല്യബോധത്തെ ഒരു ചെറുചിരിയോടെ വിശകലനം ചെയ്യുകയാണ്. ആധുനികതയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന മലയാള കവിതയുടെ കാലടിയൊച്ചയായിരുന്നു ‘കുടുംബപുരാണ’ത്തില്‍ മുഴങ്ങിയത്.
‘കുടീ’ എന്ന സംസ്‌കൃതപദത്തില്‍നിന്നാണ് ‘കുടുംബം’ എന്ന വാക്കിന്റെ നിഷ്പത്തി. ‘കുടീരം’ എന്ന പദം ലോപിച്ചതാണ് ‘കുടീ’ എന്ന വാക്ക്. ശക്തമായ രക്തബന്ധത്താല്‍ യോജിപ്പിക്കപ്പെട്ട് ഒരു കൂരയ്ക്കു കീഴില്‍ ഒന്നിച്ചു കഴിയുന്ന വളരെ ചെറിയ ഒരു സമൂഹം. അതാണ് കുടുംബം. ഒന്നിച്ചുചേരലിലൂടെ പാരമ്പര്യമായി കൊണ്ടും കൊടുത്തും വികസിച്ചുണ്ടായ വഴക്കങ്ങള്‍ക്കനുസൃതമായി ജീവിച്ചുപോരുന്ന വംശപരമ്പരയുടെ കണ്ണികള്‍. ഒരു സമൂഹശരീരത്തിലെ ഏറ്റവും ചെറിയ ജീവകോശം. വ്യക്തികളാണ് അതിലെ ജീവധാതുക്കള്‍.
വ്യക്തിയില്‍നിന്ന് കുടുംബത്തിലേക്കും അതില്‍നിന്ന് സമൂഹത്തിലേക്കും സര്‍പ്പിളമായി വികാസംകൊള്ളുന്ന ജൈവതയാണ് ഏതൊരു സംസ്‌കാരത്തെയും നിലനിര്‍ത്തുന്നത്. ”കുലം ച കുലധര്‍മ്മം ച മാം ച പാലയഃ പാലയഃ” എന്ന പ്രാര്‍ത്ഥന മനസ്സിലുയരുന്നത് ആ സത്യസന്ദേശമായാണ്. എന്റെ വംശത്തെയും സാമൂഹ്യബാധ്യതകള്‍ നിര്‍വ്വഹിക്കാനുള്ള അതിന്റെ കഴിവിനെയും എന്റെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ കഴിവുകള്‍ക്കൊപ്പം നന്നാക്കിത്തരണേ എന്ന അര്‍ത്ഥന. ‘വസുധൈവ കുടുംബകം’ എന്ന ഉദാത്തമായ ദര്‍ശനത്തിന്റെ സ്പന്ദനമാണ്് അതിലുള്ളത്. അതിലൂടെ പ്രസരിക്കുന്ന സാംസ്‌കാരികധാരയാണ് മനുഷ്യവംശത്തെ നിലനിര്‍ത്തിപ്പോന്നത്, രാഷ്ട്രാദര്‍ശത്തെ അരക്കിട്ടുറപ്പിച്ചത്.
മനുഷ്യന്‍ ഗോത്രങ്ങളായി ജീവിക്കാന്‍ തുടങ്ങിയ കാലത്തു സ്വാഭാവികമായി ആരംഭിച്ചതാണ് കുടുംബം എന്ന വ്യവസ്ഥയെന്ന് നരവംശശാസ്ത്രം പറയുന്നു. ഭക്ഷണവും സമ്പത്തും ജീവിതാനുഭവങ്ങളും പങ്കിട്ടനുഭവിച്ച് ജീവിച്ചുപോരുന്ന സമൂഹഘടകം എന്ന നിലയില്‍ അവരതിലേക്ക് പലവിധ സിദ്ധാന്തങ്ങളും ആരോപിക്കുകയുണ്ടായി. മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങള്‍ കുടുംബമെന്ന ഘടകത്തെ നിഷേധിക്കുകയാണ് ചെയ്യുന്നത്. അത് ഫാസിസത്തിന്റെ അടിസ്ഥാനമായ ഏറ്റവും ചെറിയ ഘടകമാണെന്ന് അവര്‍ ആക്ഷേപിക്കുന്നു. വര്‍ഗാസമത്വം നിലനിര്‍ത്തിക്കൊണ്ട് മുതലാളിത്ത താല്പര്യങ്ങള്‍ക്കായി സംവിധാനം ചെയ്യപ്പെട്ട സ്ഥാപനമായാണ് കുടുംബത്തെ അവര്‍ അവതരിപ്പിക്കുന്നത്. വര്‍ഗ-മൂല്യസിദ്ധാന്തങ്ങളിലെ ഏകകങ്ങളില്‍ മാത്രം പരിമിതപ്പെട്ടുപോയ മാപിനികൊണ്ട് കുടുംബമെന്ന ആശയത്തെ അളക്കാന്‍ ശ്രമിക്കുന്ന മാര്‍ക്‌സിയന്‍ സൈദ്ധാന്തികരും ജീവിതത്തിന്റെ ഭൗതികാംശത്തെ മാത്രം കാണാന്‍ കഴിയുന്ന മറ്റു പാശ്ചാത്യസൈദ്ധാന്തികരും കുടുംബസങ്കല്‍പത്തിലൂടെ വളര്‍ന്നുവികാസം കൊണ്ട് നിലനില്‍ക്കുന്ന പൗരസ്ത്യജീവിതക്രമത്തെ വഴിതെറ്റിക്കാനുള്ള കുത്സിതശ്രമങ്ങള്‍ തുടങ്ങിയിട്ട് വളരെക്കാലമായി. വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനങ്ങളും വിവാഹനിഷേധങ്ങളും അതിന്റെ പരിണിതഫലമാണ്.
ജീവിതത്തില്‍ കുടുംബത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ധാരണാവിശകലനങ്ങള്‍ ആധുനിക സാമൂഹ്യശാസ്ത്രജ്ഞര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ സിദ്ധാന്തങ്ങള്‍ക്കും ശാസ്ത്രങ്ങള്‍ക്കുമപ്പുറം ജൈവസംവേദനത്തിലൂടെയാണ് കുടുംബസങ്കല്‍പത്തിന്റെ സാന്നിധ്യം നാമറിയുന്നത്. കുടുംബബന്ധത്തിന്റെ ഉദാരത അനുഭവിക്കുമ്പോള്‍ത്തന്നെ അത് ശിഥിലമാവുമ്പോള്‍ വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലുമുണ്ടാകുന്ന ഉഷ്ണപ്പെരുക്കവും നാമറിയുന്നു.
എഴുതാനെടുത്ത കടലാസില്‍ കുത്തിനിന്ന് മഷിയുറച്ചുപോയ പേനത്തുമ്പില്‍നിന്ന് ഉയര്‍ന്നുപൊങ്ങിയ ചോദ്യങ്ങളിലേക്ക് നമുക്ക് തിരിച്ചെത്താം. നമ്മുടെ കുടുംബചരിത്രം മാത്രം നമുക്കറിയില്ല. എന്നാല്‍ പ്രൈമറി ക്ലാസുകളില്‍നിന്നു തുടങ്ങി നമ്മുടെ നാവില്‍ പുരട്ടിപ്പോന്ന അനവധി രാജവംശങ്ങളുടെ നാമക്രമങ്ങള്‍ നമുക്ക് മനഃപാഠമാണ്. പെരുക്കപ്പട്ടിക ചൊല്ലുന്നതുപോലെ നാമത് ഉരുവിടും. ചന്ദ്രഗുപ്തന്‍, ബിംബിസാരന്‍, അശോകന്‍… എന്നിങ്ങനെ. ബാബര്‍, ഹുമയൂണ്‍, ജഹാംഗീര്‍, അക്ബര്‍, ഷാജഹാന്‍…. എന്നിങ്ങനെ. പരീക്ഷയിലെ ഉത്തരക്കടലാസുകളില്‍ നാമത് പരത്തിമെഴുകും. പറഞ്ഞും എഴുതിയും അത് പ്രചരിപ്പിക്കും. എന്നാല്‍ സ്വന്തം വംശാവലി ചോദിച്ചാലോ, ഉത്തരത്തിലെ പല്ലികളെ ഓരോന്നായി എണ്ണിക്കൊണ്ടിരിക്കും. എന്തുകൊണ്ട്!
നമുക്ക് നമ്മെത്തന്നെ അറിയാനുതകുന്ന വിദ്യാഭ്യാസസമ്പ്രദായം എവിടെയുമില്ല. സ്‌കൂള്‍ സിലബസ്സില്‍ മാത്രമല്ല കുടുംബസംവിധാനത്തിലും സമൂഹവ്യവസ്ഥയിലും ഇല്ല. ഞാനാരാണെന്ന് സ്വയമറിയാന്‍, ഞാന്‍ എവിടെനിന്ന് ഉണ്ടായി എന്നറിയാന്‍, എന്റെ കോശത്തിലെ ജീനുകളില്‍ ഏതുകാലം മുതല്‍ക്കുള്ള ഡി.എന്‍.എ ആണുള്ളതെന്നറിയാന്‍. എന്റെ പൂര്‍വികര്‍ ആരൊക്കെ? ഏതെല്ലാം ജീവിതവഴികളിലൂടെയാണ് അവര്‍ സഞ്ചരിച്ചത്? അവര്‍ ആര്‍ജിച്ച അനുഭവങ്ങള്‍ എന്തൊക്കെയാണ്? അവര്‍ കണ്ട ലോകക്രമം എന്തായിരുന്നു? അവര്‍ ജീവിച്ച കാലത്ത് ഈ ഭൂമിയും ആകാശവും നക്ഷത്രലോകവും ഇതുപോലെത്തന്നെയായിരുന്നോ? അവരെ നയിച്ച ജീവിതമൂല്യങ്ങള്‍ എന്തൊക്കെയായിരുന്നു? എന്തിനോടൊക്കെയായിരുന്നു അവര്‍ പടവെട്ടിക്കൊണ്ടിരുന്നത്? അവരുടെ കണ്ണീരില്‍ എത്ര ഉപ്പുകടല്‍ അലയടിച്ചിരുന്നു? അവരുടെ ആഹ്ലാദങ്ങളില്‍ എത്ര സൂര്യന്‍ ജ്വലിച്ചിരുന്നു? അവരുടെ സ്വപ്‌നങ്ങളിലെ വെണ്ണിലാവിന് എത്ര ആര്‍ദ്രതയുണ്ടായിരുന്നു? അവരിലേക്കും അവരിലൂടെയും പ്രസരിച്ച ജ്ഞാനവിജ്ഞാനങ്ങള്‍ എന്തൊക്കെയായിരുന്നു? ജീവനധാത്രിയും രത്‌നഗര്‍ഭയുമായ ഈ പ്രകൃതി അവരെ എങ്ങനെ പോഷിപ്പിച്ചു? അവരിലൂടെ എന്നിലേക്ക് പകര്‍ന്നെത്തിയ നൈപുണിയുടെ തരംഗദൈര്‍ഘ്യം എന്താണ്?
പെരുകിപ്പെരുകിപ്പോകുന്ന ഈ ചോദ്യങ്ങളെ അറിയാതെയോ അറിഞ്ഞിട്ടും അവഗണിച്ചുകൊണ്ടോ അല്ലേ നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ചോദ്യങ്ങളും മറ്റനേകം മറുചോദ്യങ്ങളിലേക്കാവും പടരുക. കിട്ടിയാലും ഇല്ലെങ്കിലും ഉത്തരങ്ങള്‍ തേടുക എന്നത് നമ്മുടെ ധര്‍മ്മമാണ്.
ഓരോ കുടുംബവും കൂടിയിരുന്ന് അന്വേഷണം തുടങ്ങുക. എഴുതിത്തുടങ്ങിയ കടലാസില്‍ എത്ര പടവുകള്‍ മുകളിലേക്ക് കയറാന്‍ കഴിഞ്ഞോ അത്രയും ആഴത്തില്‍ വംശവൃക്ഷത്തിന്റെ വേരുപടലങ്ങളിലേക്ക് ഇറങ്ങിപ്പോവാനും നമുക്ക് കഴിയും. കുടുംബത്തിലെ വയോവൃദ്ധരുടെ മങ്ങിത്തുടങ്ങിയ ഓര്‍മ്മകളെ കമ്പനം ചെയ്യിച്ച് കിട്ടുന്നേടത്തോളം വിവരങ്ങള്‍ ക്രോഡീകരിക്കുക. വസ്തുതകള്‍ പരമാവധി കൃത്യവും ക്രമബദ്ധവും ആക്കുക. പരിമിതമായതെങ്കിലും ഒരു വംശാവലിയും കുടുംബചരിതവും എഴുതിത്തയ്യാറാക്കുക. പുതിയ സാങ്കേതികവിദ്യകളൊക്കെ അതിനുപയോഗിക്കാം.
കടഞ്ഞുകൊണ്ടിരുന്ന പാലാഴിയില്‍നിന്ന് അമൃതിനു മുമ്പേ മറ്റുപലതും പൊങ്ങിവന്നതുപോലെ ഈ പരിശ്രമത്തിനിടയില്‍ ജീവിതത്തെക്കുറിച്ചുള്ള പലവിധ തിരിച്ചറിവുകളും നമ്മുടെ ബോധതലങ്ങളിലേക്ക് പൊങ്ങിനിറയും. അയ്യപ്പപണിക്കര്‍ കുറിച്ചിട്ടതുപോലെ,
”ഓര്‍ക്കുക വീണ്ടും വാഗ്ദാനങ്ങള്‍,
ഭാവിയെ ഗര്‍ഭമെടുത്ത പുരാതനകാലങ്ങള്‍,
വേര്‍പിരിയാനായിവിടെയെത്തിയ മര്‍ത്ത്യകുലങ്ങള്‍,
വിരഹത്തിന്റെ മഹാജ്വലനത്തി-
ലെരിഞ്ഞുരുകും മെഴുനാളങ്ങള്‍
നിറുകയില്‍വച്ചു കുടുംബത്തിന്‍ കഥ
നീളുന്നൂ പല വഴിയായ്, വഴിയായ്…”
ചിലപ്പോള്‍ ഇരുളാണ് എല്ലാമെല്ലാം എന്നു തോന്നാം. ചിലപ്പോള്‍ ഇരുളിലുമുണ്ട് വെളിച്ചം എന്നും തോന്നാം. ഇരുള്‍തന്നെ വെളിച്ചം എന്നതാണ് മാനവധര്‍മ്മം എന്നും തിരിച്ചറിയാം.
ഓരോരുത്തരും എഴുതിക്കുറിച്ചിട്ട അവരവരുടെ കുടുംബചരിത്രാവലി ഭദ്രമായി പൊതിഞ്ഞുകെട്ടി സ്വന്തം ഭൂമിയുടെയും സ്വത്തിന്റെയും പ്രമാണത്തോടൊപ്പം കേടുവരാതെ സൂക്ഷിച്ചുവയ്ക്കുക. ഓലയായും ചെമ്പായും (ഹാര്‍ഡ് കോപ്പിയായും സോഫ്റ്റ് കോപ്പിയായും) കിട്ടിയിടത്തോളം വംശാവലിയും ചരിത്രവസ്തുതകളും അതിലുണ്ടാവണം. പ്രമാണത്തോടൊപ്പം കുടുംബത്തിലെ അനന്തരാവകാശികള്‍ക്ക് കൈമാറാനുള്ളതാണത്. അവരത് വികസിപ്പിച്ച് അടുത്ത തലമുറയ്ക്ക് നല്‍കട്ടെ. അങ്ങനെ വരുംകാല ജന്മപരമ്പരകളിലേക്ക് അത് പടര്‍ന്നുകയറിപ്പോങ്ങട്ടെ.
സ്വന്തം വംശചരിത്രത്തെക്കുറിച്ചുള്ള ഈ അന്വേഷണം നാമറിയാതെ സ്വന്തം നാടിന്റെ ചരിത്രത്തിലേക്കും നമ്മെ സഞ്ചരിപ്പിക്കും. എത്രയോ നൂറ്റാണ്ടുകളായി എത്രയോ മനുഷ്യാത്മാക്കള്‍ ജീവിച്ചു മരിച്ചുപോവുകയും എത്രയോ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും ഏതൊക്കെയോ പരിണാമഗതികളിലൂടെ കടന്നുപോവുകയും ചെയ്ത നമ്മുടെ ഓരോരുത്തരുടെയും നാടിന്റെ, നാം ചവുട്ടിനില്‍ക്കുന്ന മണ്ണിന്റെ ചരിതത്തിലേക്ക്, ഓരോ നാടും പരസ്പരം അറിഞ്ഞും അറിയാതെയും വികസിപ്പിച്ച ജീവിതക്രമവും സാമൂഹ്യവ്യവസ്ഥയും പാലിച്ചുപോന്ന സംസ്‌കാരവും അറിയായ്മയുടെ പാതാളത്തില്‍നിന്ന് ചരിത്രത്തിന്റെ പാളികള്‍നീക്കി പുതുവെളിച്ചത്തിലേക്ക് പൊങ്ങിവരട്ടെ.
എന്നില്‍നിന്ന് എന്റെ കുടുംബത്തിലേക്ക്, അവിടെനിന്ന് എന്റെ നാടിന്റെ സംസ്‌കൃതിയിലേക്കുമുള്ള ആണ്ടിറങ്ങല്‍. നമ്മുടെ ഓരോരുത്തരുടെയും ജ്ഞാനവിജ്ഞാനതലങ്ങളില്‍, പഠിച്ചതും കേട്ടറിഞ്ഞതുമായ അനേക ചരിത്രഗതികളുമായി ഈ സ്വത്വാന്വേഷണത്തിന്റെ സാഫല്യം കൂടിക്കലരുമ്പോഴുണ്ടാവുന്ന രാസപരിണാമത്തിലൂടെ ആത്മബോധത്തിന്റെ നവനീതം അവക്ഷിപ്തമാവുകയും പുതിയ കാലത്തിന് അനുഗുണമായി സാംസ്‌കാരികപൈതൃകത്തെ പ്രയോജനപ്പെടുത്താനുള്ള കര്‍മ്മശേഷി ശക്തിപ്പെടുകയും ചെയ്യട്ടെ.





















