തമിഴ്‌നാടും കേരളവും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എസ്.ഐ.ആറിനെതിരെ സുപ്രീം കോടതിയില്‍ പോയപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞത്, താന്‍ അത്തരം ഇടപാടിനൊന്നുമില്ല, പകരം തിരഞ്ഞെടുപ്പു കമ്മീഷനെ മൂക്കുകൊണ്ട് ‘ക്ഷ’ വരപ്പിക്കാനുള്ള വിദ്യ തന്റെ കയ്യിലുണ്ട് എന്നാണ്. തീവ്ര വോട്ടര്‍ പട്ടിക പുതുക്കലിന് ബംഗാള്‍ റെഡിയാണ് എന്നും പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികള്‍ക്കു തടസ്സമുണ്ടാക്കി എസ്.ഐ.ആര്‍ നടപടികള്‍ കുഴപ്പത്തിലാക്കുക എന്നതായിരുന്നു മമതയുടെ പദ്ധതി. ഇലക്ഷന്‍ റജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ മുതല്‍ ബി.എല്‍.ഒ വരെയുള്ള ഉദ്യോഗസ്ഥരെ നിഷ്‌ക്രിയരാക്കുക എന്നതായിരുന്നു ഒരു തന്ത്രം. അവര്‍ക്ക് നല്‌കേണ്ട പതിനെട്ടായിരം രൂപയുടെ ഓണറേറിയം സംസ്ഥാനസര്‍ക്കാര്‍ നല്‍കിയില്ല. പിടിപ്പതു പണിയാണ് എന്ന്പറഞ്ഞ് അവരെ സമരത്തിലേക്ക് തള്ളിവിട്ടു. ഇതു രണ്ടും ഫലിക്കാതെ വന്നപ്പോള്‍ തൃണമൂലുകാരെ കൊണ്ട് ബി.എല്‍.ഒ മാരെ ഭീഷണിപ്പെടുത്തി നോക്കി. ബി.എല്‍.ഒ മാര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡി.ജി.പിക്ക് നോട്ടീസ് നല്‍കിയതോടെ അതും ചീറ്റിപ്പോയി. ബി.എല്‍.ഒമാര്‍ ശേഖരിച്ച വിവരങ്ങള്‍ പ്രോസസ് ചെയ്യുന്ന ജോലിക്ക് പറ്റിയവരെ നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മമതയുടെ സര്‍ക്കാര്‍ കേട്ട ഭാവം നടിച്ചില്ല. കമ്മീഷന്‍ നേരിട്ട് അതിന് പറ്റിയവരെ തിരഞ്ഞെടുത്തുവെന്നു മാത്രമല്ല, കുഴപ്പക്കാരാണ് എന്ന് ബോധ്യപ്പെട്ടവരെ ഒഴിവാക്കുകയും ചെയ്തു. അവിടെയും മമതക്ക് അടിതെറ്റി.
പുറത്തുവന്ന വിവരമനുസരിച്ച് കഴിഞ്ഞ പട്ടികയിലെ പത്തുലക്ഷം പേര്‍ പുതിയ കരട് പട്ടികയില്‍ നിന്ന് പുറത്തായിരിക്കുന്നു. ഇതില്‍ 6.5 ലക്ഷം പേര്‍ പരേതരാണ്. ബാക്കിയുള്ളവര്‍ ഇരട്ടവോട്ടുള്ളവരോ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയാത്തവരോ ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബംഗ്ലാദേശികളെ വോട്ടര്‍പട്ടികയില്‍ തിരുകിക്കയറ്റിയാണ് മമത തൃണമൂലിന്റെ ഭരണം ഉറപ്പിച്ചത് എന്ന് തെളിഞ്ഞുവരികയാണ്. ഇതോടെ പ്രകോപിതയായ മമത തൃണമൂലുകാരെ കൊല്‍ക്കത്തയില്‍ തെരുവിലിറക്കി തിരഞ്ഞെടുപ്പു കമ്മീഷനെ വെല്ലുവിളിച്ചിരിക്കയാണ്. പ്രതിപക്ഷത്തെ കോണ്‍ഗ്രസ്സും സി.പി.എമ്മുംവരെ അവര്‍ക്കൊപ്പമില്ല. തിരഞ്ഞെടുപ്പു കമ്മീഷനെക്കൊണ്ട് ‘ക്ഷ’ വരപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ മമത കമ്മീഷന്റെ മുന്നിലിരുന്ന് ”ക്ഷ” വരച്ചു കൊണ്ടിരിക്കുകയാണ്.





















