തമിഴ്‌നാട് നിയമസഭയ്ക്കു മീതെ മുഖ്യന്‍ സ്റ്റാലിന്‍ കത്തിച്ചുവെച്ച ഹിന്ദി വിരുദ്ധതയുടെ പന്തത്തില്‍ നിന്ന് തന്റെ ഓലച്ചൂട്ട് കത്തിച്ച് രാജ്യസഭയുടെ നടുത്തളത്തില്‍ നാലുവട്ടം നടക്കാനിറങ്ങിയതാണ് മാര്‍ക്‌സിസ്റ്റ് രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്. ബഹളംകേട്ട് വാതില്‍ തുറന്ന് നോക്കിയ കേന്ദ്രമന്ത്രി അമിത്ഷാ ഓലച്ചൂട്ടിനുമേല്‍ ഒരു ഗ്ലാസ് വെള്ളമൊഴിച്ചുവത്രെ. അതോടെ ചീറ്റിപ്പോയി ബ്രിട്ടാസിന്റെ തന്ത്രം. 1960 കളില്‍ തമിഴ്‌നാട്ടില്‍ അണ്ണാദുരെ ആളിക്കത്തിച്ച ഹിന്ദിവിരുദ്ധതയുടെ ചാണക്യതന്ത്രം അധികാരം പിടിച്ചു നിര്‍ത്താനുള്ള വൈക്കോല്‍തുരുമ്പാകും എന്ന പ്രതീക്ഷയിലാണ് സ്റ്റാലിന്‍ ഹിന്ദി വിരുദ്ധനിയമം സഭയില്‍ കൊണ്ടുവരാന്‍ പോകുന്നത്. അതിനിടക്കാണ് ആ തീപ്പന്തത്തില്‍ നിന്ന് ഒരു ഓലച്ചൂട്ട് കത്തിച്ച് ബീഡി വലിക്കാന്‍ ബ്രിട്ടാസ് ശ്രമം നടത്തിയത്. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ രജിസ്‌ട്രേഷന്‍ റദാക്കുന്നതിനുള്ള കുറ്റപത്രം തയ്യാറാക്കുന്നതിനുള്ള അടിസ്ഥാന വിജ്ഞാപനം സംബന്ധിച്ചാണ് ഒക്ടോബര്‍ 22 ന് ബ്രിട്ടാസ് അമിത്ഷാക്ക് മലയാളത്തില്‍ കത്തയച്ചത്. ഇതിന് ഹിന്ദിയില്‍ മറുപടി കിട്ടിയാല്‍ അത് വാര്‍ത്തയാക്കി തിളങ്ങി നില്‍ക്കാം എന്ന രാഷ്ട്രീയക്കാരന്റെ ബുദ്ധിയാണ് ബ്രിട്ടാസ് പ്രയോഗിച്ചത്.
ബ്രിട്ടാസ് സിക്‌സര്‍ അടിച്ച് സ്റ്റാലിനെ ഞെട്ടിച്ചു എന്ന് കാരണഭൂതനും കൂട്ടരും ആവേശം കൊണ്ടിരിക്കുമ്പോഴതാ പന്ത് അമിത്ഷായുടെ കയ്യില്‍ കിടക്കുന്നു. ബ്രിട്ടാസ് ക്ലീന്‍ ഔട്ട്. അമിത്ഷാ ഹീറോ ആവുകയും ചെയ്തു. ബ്രിട്ടാസിന്റെ കത്തിന് അമിത്ഷാ മലയാളത്തില്‍ തന്നെ മറുപടി നല്‍കി. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നു എന്ന ആരോപണം ചീറ്റിപ്പോയി. സാധാരണ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് അമിത്ഷാ മറുപടി നല്‍കാറ്. ഇത്തവണ അയച്ച കത്തുകിട്ടി എന്നു തുടങ്ങി താങ്കളുടെ അമിത്ഷാ എന്ന് വരെ എഴുതിയത് മലയാളത്തില്‍. അപ്പോഴാണ് സഖാക്കള്‍ക്ക് മനസ്സിലായത് ബ്രിട്ടാസ് പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് അമിത് ഷാ എന്ന്.





















