ആര്‍.എസ്.എസ്സിന്റെ ശതാബ്ദിയോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ആഗസ്റ്റ് 26, 27, 28 തീയതികളില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണത്തിന്റെ തുടര്‍ച്ച.
ഹിന്ദവി, ഭാരതീയ എന്നീ വാക്കുകള്‍ക്ക് കേവലം ശബ്ദാര്‍ത്ഥം മാത്രമല്ല ഉള്ളത്; അതിന് ഒരു ഉള്ളടക്കമുണ്ട്. ഈ ഉള്ളടക്കം ഭൂമിശാസ്ത്രപരമല്ല; മറിച്ച് ഭാരതമാതാവിനോടുള്ള ഭക്തിയാണ് ഈ വാക്കുകളുടെ ആന്തരികാര്‍ത്ഥം. നമ്മുടെ പൂര്‍വ്വികരുടെയും നമ്മുടെയും പാരമ്പര്യം ഒരു പോലെയാണ്. ഡിഎന്‍എയും ഒരു പോലെയാണ്. 40,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഭാരതവര്‍ഷത്തിലെ ജനങ്ങളുടെ ഡിഎന്‍എയും ഒന്നുതന്നെയാണ്. അഖണ്ഡഭാരതത്തിന്റെ ഭൂമിയിലുള്ളത് നമ്മുടെ സംസ്‌കൃതിയാണ്. പരസ്പരം സഹവര്‍ത്തിത്വത്തോടെ കഴിയുന്നതാണ് നമ്മുടെ പാരമ്പര്യം. നമുക്ക് വ്യത്യസ്ത രൂപങ്ങളുണ്ടെങ്കിലും അത് നമ്മളില്‍ വിഭജനം സൃഷ്ടിക്കുന്നില്ല. കാരണം ഒന്നിക്കുന്നതിനുവേണ്ടി ഐകരൂപ്യം (uniform) വേണമെന്ന് നാം കരുതുന്നില്ല. ഐകരൂപ്യത്തിലൂടെ മാത്രമേ ഐക്യം ഉണ്ടാകൂ എന്നില്ല. നാനാത്വത്തിലും ഏകത്വം ഉണ്ട്; കാരണം നാനാത്വം തന്നെ ഏകത്വത്തിന്റെ ഉല്‍പ്പന്നമാണ്.
പരീക്ഷയില്‍ നാല് ചോദ്യങ്ങള്‍ തരികയും അതില്‍ രണ്ടെണ്ണം എളുപ്പവും രണ്ടെണ്ണം കഠിനവും ആയാല്‍ ആദ്യം എളുപ്പമുള്ളതിന് ഉത്തരം നല്‍കും. അതുപോലെ ആരാണോ ഹിന്ദു എന്ന് പറയുന്നത്, ആദ്യം അവരെ സംഘടിപ്പിക്കുകയും അവരുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് എളുപ്പമുള്ള കാര്യം. അപ്പോള്‍ ഹിന്ദു എന്ന് പറയാന്‍ മടിക്കുന്നവരും ഹിന്ദുക്കളാണെന്ന് പറഞ്ഞ് മുന്നോട്ടുവരും. ഇപ്പോള്‍ തന്നെ അങ്ങനെ സംഭവിക്കാന്‍ തുടങ്ങി. ഹിന്ദുക്കളാണ് എന്ന് മറന്നുപോയവര്‍ക്കും ഓര്‍മ്മ വരും. സമ്പൂര്‍ണ്ണ ഹിന്ദുസമാജത്തെയും സംഘടിപ്പിക്കണം. നമ്മുടെ ആശയത്തെ മുഴുവനായും വ്യക്തമാക്കുന്നത് ഹിന്ദു എന്ന ഒറ്റവാക്കാണ്. ഒരു വ്യക്തിയോ ഒരു കുടുംബമോ ഒരു ഗ്രാമമോ ഒരു ജനപദമോ ഒരു പ്രാന്തമോ ഒരു രാജ്യമോ അല്ല; മറിച്ച് ലോകം മുഴുവനും പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളും ഒന്നാവണം. ഇത്തരം ഒരു തലത്തിലേക്ക് എത്തിച്ചേരുന്നവരെയാണ് നമ്മുടെ സമാജം സര്‍വ്വശ്രേഷ്ഠമെന്ന് കരുതുന്നത്. ഇത് ഒരു സങ്കുചിത ചിന്തയല്ല. ലോകത്തിന്റെ മുഴുവന്‍ വികസനത്തിനും അതോടൊപ്പം ലോകത്തെ മുഴുവന്‍ ഒന്നായി കാണുന്നതിനുമുള്ള തുറന്ന വഴിയാണിത്. ഇത്തരം സംഘാടനത്തിനുവേണ്ടിയാണ് സംഘം പിറവി കൊണ്ടത്. സമാജം എപ്പോഴാണോ അങ്ങിനെയാവുന്നത് അപ്പോള്‍ ആകട്ടെ എന്ന് കരുതാന്‍ പറ്റില്ല. അതിനുവേണ്ടി പരിശ്രമിക്കണം. തയ്യാറെടുപ്പുകള്‍ നടത്തുകയും അത് പ്രാവര്‍ത്തികമാക്കുകയും വേണം. തയ്യാറെടുപ്പുകള്‍ക്ക് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന് – പ്രവര്‍ത്തിക്കാന്‍ തയ്യാറായ വ്യക്തികളെ സൃഷ്ടിക്കണം. രണ്ട് – ആ വ്യക്തികള്‍ സമാജത്തിലിറങ്ങി പ്രവര്‍ത്തിക്കണം. കാര്യകര്‍ത്താക്കളെ സൃഷ്ടിക്കുന്ന മെത്തഡോളജി വികസിച്ചപ്പോള്‍, അതിനുവേണ്ടി തയ്യാറായ സംഘടനയാണ് രാഷ്ട്രീയ സ്വയംസേവക സംഘം. സംഘത്തിന് ശാഖയും സ്വയംസേവകരുമല്ലാതെ മറ്റൊന്നുമില്ല. തയ്യാറെടുപ്പുകളും പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് സ്വയംസേവകരുണ്ട്. സംഘം ഒന്നിലും ഇടപെടുന്നില്ല. സ്വയംസേവകര്‍ സംഘത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. നിരവധി സ്വയംസേവകര്‍ സമാജസേവനത്തിനുവേണ്ടി സക്രിയരാവുന്നു. സമാജത്തിന്റെ നിലനില്‍പ്പിന് എന്താണോ ആവശ്യം അത് സ്വയംസേവകര്‍ ചെയ്യും. ഇത് സ്വപ്‌നത്തില്‍ പോലും ചിന്തിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു. ഇത് എങ്ങനെ കഴിയുമെന്ന് സ്വയംസേവകരും ചിന്തിച്ചിരുന്നു. അപ്പോള്‍ ഡോക്ടര്‍ജി പറഞ്ഞു: കഴിയും, സംഘം ഒന്നും ചെയ്യേണ്ട, എല്ലാം സാധ്യമാവും. ഡോക്ടര്‍ജി പറഞ്ഞ വാക്കുകള്‍ സാര്‍ത്ഥകമായിക്കൊണ്ടിരിക്കുകയാണ്. അനേകം സ്ഥലങ്ങളില്‍ സ്വയംസേവകര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
ഓരോ മേഖലകളിലെയും ആവശ്യം എന്താണോ അതനുസരിച്ച് സ്വയംസേവകര്‍ പ്രവര്‍ത്തിച്ച് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. ഭാരതീയ മസ്ദൂര്‍ സംഘത്തില്‍ പ്രവര്‍ത്തിക്കാന്‍ പോയ സ്വയംസേവകന്‍ ലോകത്തിനു മുന്നില്‍ തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്താനുള്ള പദ്ധതികള്‍ അവതരിപ്പിച്ചു. ഓരോ മേഖലയിലും അവിടത്തെ സാഹചര്യമനുസരിച്ച് സകാരാത്മകമായ പരിഷ്‌ക്കരണങ്ങള്‍ വരുത്തുകയും രാജ്യത്തിന്റെ തനിമയുടെ അടിസ്ഥാനത്തില്‍ പുനഃസൃഷ്ടി നടത്തുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങളെല്ലാം സ്വയംസേവകര്‍ ചെയ്യുന്നതാണ്. അവര്‍ സ്വതന്ത്രരും സ്വാവലംബികളുമാണ്. അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ യശസ്സ് അവര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. സംഘത്തിന് അതില്‍ പങ്കില്ല. എന്നാല്‍ സ്വയംസേവകര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ പോരായ്മകളില്‍ സംഘത്തിനും ഉത്തരവാദിത്തമുണ്ട്. എന്തെന്നാല്‍ സ്വയംസേവകന്‍ എന്ന ഉല്പന്നം സംഘത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ടതാണ്. സംഘം നേരിട്ടോ പരോക്ഷമായോ സ്വയംസേവകരെ നിയന്ത്രിക്കുന്നില്ല. സ്വയംസേവകരുടെ സംഘവുമായുള്ള ബന്ധം മുറിച്ചുമാറ്റാന്‍ പറ്റാത്തതാണ്; ജന്മജന്മാന്തരങ്ങളായി ഉള്ളതാണ്. അവര്‍ സംഘപ്രാര്‍ത്ഥന എവിടെ വച്ചും ചൊല്ലും. ശാഖയിലൂടെ അവര്‍ കുശലാന്വേഷണം നടത്തുകയും സംസാരിക്കുകയും ചെയ്യുന്നു. സമാജത്തിന്റെ വികാസത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സ്വയംസേവകര്‍ പങ്കാളികളാവുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്വയംസേവകര്‍ക്കു മാത്രമല്ല ആര്‍ക്കു വേണമെങ്കിലും ചെയ്യാം. നമ്മള്‍ പറയുന്നത് അവര്‍ അനുസരിക്കണം എന്ന നിബന്ധനയൊന്നും സംഘത്തിനില്ല. സംഘത്തിന്റേത് ഉദാര സമീപനമാണ്. സംഘം പറയുന്നത് കാര്യകര്‍ത്താക്കള്‍ മനസ്സിലാക്കണം. അതിനുശേഷം ചെയ്യേണ്ടതെന്തെന്ന് അവര്‍ക്ക് തീരുമാനിക്കാം. ഓരോ മേഖലയിലും പ്രവര്‍ത്തിക്കുന്ന കാര്യകര്‍ത്താക്കള്‍ക്കാണ് അനുഭവപരിചയം ഉണ്ടാകുന്നത്; സംഘത്തിനല്ല. സ്വയംസേവകര്‍ക്ക് പ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യം ലഭിക്കണം. നമ്മുടെ സംഘടനകളില്‍ സ്വയംസേവകര്‍ മാത്രമല്ല വേറെയും നിരവധി പേരുണ്ട്.
സംഘടന സംഘത്തിന്റേതല്ല; ജനങ്ങളുടേതാണ്. സ്വയംസേവകര്‍ അതിനെ ഉയര്‍ത്തിക്കൊണ്ടുവന്നു. സംഘടനയും സ്വയംസേവകരും ആദ്യം മുതല്‍ തന്നെ ഉണ്ട്. സംഘടനയില്‍ സ്വയംസേവകരുടെ സ്വാധീനം ഉണ്ടാകും. സംഘടനയ്ക്ക് പുറത്തുള്ള വ്യക്തികളും നമ്മുടെ കൂടെയുണ്ട്. എല്ലാവരുടെയും ഒപ്പം ഒരുമിച്ച് നടക്കണം എന്നതാണ് സംഘം നമ്മെ പഠിപ്പിക്കുന്നത്. അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഭിന്നതയില്ലാതെ കൈകോര്‍ത്ത് മുന്നോട്ടേക്ക് നടക്കണം. ഈ സ്വഭാവം എല്ലാവര്‍ക്കും ഉണ്ടാവണം. ഇതിനെയാണ് സംഘാടനം എന്നു പറയുന്നത്. ഈ സംഘാടനം നന്നായി ചെയ്യണമെന്നാണ് സംഘം പ്രവര്‍ത്തകരെ ആഹ്വാനം ചെയ്യുന്നത്; അവര്‍ അത് നന്നായി ചെയ്യുന്നുമുണ്ട്.
മറ്റുള്ളവരോട് സഹായം ആവശ്യപ്പെടാതെ സംഘം പതുക്കെ സ്വാവലംബിയായി മാറി. ആശയങ്ങളും സംസ്‌കാരവും പെരുമാറ്റവും നല്ലതായിരിക്കണം എന്നുമാത്രമേ സംഘം സ്വയംസേവകനോട് പറയുന്നുള്ളൂ. സംഘടനയെക്കുറിച്ച് നാം ചിന്തിക്കേണ്ട. അത് സ്വയംസേവകര്‍ ചിന്തിക്കും. ഇങ്ങനെയാണ് സംഘം മുന്നോട്ടുനീങ്ങുന്നത്. മുഴുവന്‍ ഭാരതത്തിലും എല്ലാവരെയും സംഘടിപ്പിക്കുകയെന്നതാണ് സംഘത്തിന്റെ കര്‍ത്തവ്യം. 30-40 വര്‍ഷങ്ങള്‍ക്കു മുമ്പ് നിങ്ങളില്‍ പലരും സംഘത്തെ എതിര്‍ക്കുന്നവരായിരിക്കാം. നിങ്ങള്‍ സംഘവിരോധി ആയപ്പോഴും സംഘ അനുഭാവി ആയപ്പോഴും നിങ്ങള്‍, നിങ്ങള്‍ തന്നെയാണ്. 146 കോടി ജനസംഖ്യയുള്ള ഭാരതത്തില്‍ നിരവധി വ്യത്യസ്ത ചിന്തകള്‍ ഉണ്ട്. വ്യത്യസ്ത ചിന്തകള്‍ ഉണ്ടെന്നുള്ളത് തെറ്റല്ല; അത് പ്രകൃതി നല്‍കിയ ഗുണമാണ്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഒന്നിച്ച് കേട്ട് അതില്‍ നിന്നും അഭിപ്രായൈക്യം ഉണ്ടാക്കി മുന്നോട്ട് പോകുമ്പോഴാണ് വികസനം ഉണ്ടാവുന്നത്. ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. ഇീാശിഴ ീേഴലവേലൃ േെമ്യശിഴ ീേഴലവേലൃ മിറ ംീൃസശിഴ ീേഴലവേലൃ. രീാശിഴ ീേഴലവേലൃ ആരംഭവും േെമ്യശിഴ ീേഴലവേലൃ വികസനവും ംീൃസശിഴ ീേഴലവേലൃ വിജയവുമാണ്. ഇതിനെയാണ് സംഘാടനം ചെയ്യുന്നത്. സംഘം കാരണം രാജ്യം രക്ഷപ്പെട്ടു, രാജ്യത്തിന്റെ നവോത്ഥാനം സാധ്യമായി എന്നൊന്നും നാം അവകാശപ്പെടുന്നില്ല. മുമ്പ് രാവണനാല്‍ ഭയചകിതരായ ജനങ്ങള്‍ രാമനില്ലായിരുന്നുവെങ്കില്‍ എന്ത് ചെയ്യുമായിരുന്നുവെന്ന് ചിന്തിച്ചു. ശിവാജി ഇല്ലെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? എത്രകാലത്തോളം ശിവാജിയും രാമനും വരും? ഏീറ വലഹു െവേീലെ ംവീ വലഹു െവേലാലെഹ്‌ല.െ സ്വയം സഹായിക്കുന്നവരെ മാത്രമേ ദൈവം സഹായിക്കൂ. നമുക്ക് എപ്പോഴും മറ്റുള്ളവരെ ആശ്രയിക്കുന്ന സ്വഭാവമാണ്. പാര്‍ട്ടിയോടും നേതാക്കന്മാരോടും ഗവണ്‍മെന്റിനോടും രാജ്യത്തിന് ക്ഷേമമുണ്ടാക്കാന്‍ പറയും. നാം ഒന്നും ചെയ്യാതെ വെറുതെ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കും. ഇത് ശരിയല്ല. രാജ്യത്തിന്റെ ഉത്തരവാദിത്തം നമ്മള്‍ എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് എടുക്കണം. നമ്മള്‍ എങ്ങനെയാണോ അതുപോലെയായിരിക്കും നമ്മുടെ പ്രതിനിധിയും പാര്‍ട്ടിയും നേതാക്കളുമൊക്കെ. അതുകൊണ്ട് നമ്മളും രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കണം. സമ്പൂര്‍ണ്ണ സമാജത്തെയും സംഘടിപ്പിക്കണം എന്ന് അതുകൊണ്ടാണ് പറയുന്നത്. സംഘപ്രാര്‍ത്ഥനയില്‍ നമ്മള്‍ ചൊല്ലുന്നുണ്ട്: ‘വിജേത്രി ച നഃ സംഹതാ കാര്യശക്തിര്‍’. നമ്മുടെ വിജയശാലിയായ സംഘടിത ശക്തി രാഷ്ട്രത്തെ വൈഭവത്തിലേക്ക് നയിക്കും.
നമ്മള്‍ ഹിന്ദുരാഷ്ട്രത്തിന്റെ ഭാഗമാണ്. നമ്മുടെ സംഘടിത കാര്യശക്തി മുഴുവന്‍ സമാജത്തിന്റേയും കൂടിയാണ്. രാജ്യത്തിന്റെ ക്ഷേമം ഹിന്ദുസമാജത്തിന്റെ കൂടെ ഉത്തരവാദിത്തമാണ്. ഹിന്ദുരാഷ്ട്രത്തിന്റെ കാര്യം നാം പറയുമ്പോള്‍ ചോദ്യം ഉയരുന്നു. എന്തെന്നാല്‍ രാഷ്ട്രത്തെ നാം തര്‍ജ്ജമ ചെയ്യുന്നത് രാജ്യം (ിമശേീി) എന്നാണ്. ഇത് പാശ്ചാത്യ സങ്കല്പം ആണ്. നേഷന്‍ എന്ന വാക്കും സ്റ്റേറ്റും (േെമലേ) തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ രാഷ്ട്രത്തോടൊപ്പം സ്റ്റേറ്റ് ആവശ്യമില്ല. നമ്മുടെ രാഷ്ട്രം വളരെ മുന്‍പ് തന്നെ ഉള്ളതാണ്. ഒരു രാഷ്ട്രമെന്ന നിലയില്‍ നാം പല പ്രാവശ്യം ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്തുവെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഉത്തര, ദക്ഷിണ, പൂര്‍വ്വ, പശ്ചിമ ഭാഗങ്ങളിലേക്ക് നാം യാത്ര ചെയ്തിട്ടുണ്ട്. നമ്മള്‍ എല്ലായ്‌പ്പോഴും സ്വതന്ത്രരല്ലായിരുന്നുവെങ്കിലും ഒറ്റ രാഷ്ട്രമായിരുന്നു. എപ്പോഴും നമുക്ക് നമ്മുടെ തന്നെ രാജാക്കന്മാര്‍ ഉണ്ടായിരുന്നില്ല. ഇംഗ്ലീഷുകാരും തുര്‍ക്കികളും അറബികളുമൊക്കെ നമുക്ക് രാജാക്കന്മാരായി. ഒരു രാജാവല്ല; മറിച്ച് അനേകം രാജാക്കന്മാരും അനേകം രാജ്യങ്ങളും അനേകം വ്യവസ്ഥകളും നമുക്കുണ്ടായിരുന്നു. എങ്കിലും നാം ഒറ്റ രാഷ്ട്രം ആയിരുന്നു. മന്ത്ര പുഷ്പാഞ്ജലിയില്‍ ‘സ്വസ്തി സാമ്രാജ്യം ഭൗജ്യം, സ്വാരാജ്യം, വൈരാജ്യം, പാരമേഷ്ട്യം, രാജ്യം, മഹാരാജ്യം എന്നിങ്ങനെ രാജ്യവ്യവസ്ഥയെപ്പറ്റി പറയുന്നുണ്ട്. തുടര്‍ന്ന് പൃഥിവൈ്യ സമുദ്രപര്യന്തായ എന്ന് സമുദ്രത്തോളം വിസ്താരമുള്ള ഭൂമിയുണ്ട് എന്നു പറയുന്നു. ചക്രവര്‍ത്തിമാര്‍ ഉണ്ടായിരുന്നപ്പോഴും വേറെ വേറെ രാജ്യം ആയിരുന്നപ്പോഴും ഇംഗ്ലീഷുകാരും മറ്റ് വിദേശികളും ഭരിച്ചപ്പോഴും നാം ഇതുതന്നെയാണ് പറഞ്ഞത്. അധികാരം മാറിക്കൊണ്ടിരുന്നു. എന്നാല്‍ ഹിന്ദുരാഷ്ട്രം എന്ന വാക്കിന് അധികാരവുമായി യാതൊരു ബന്ധവുമില്ല. ഹിന്ദുരാഷ്ട്രം എന്ന ചിന്ത മുന്‍നിര്‍ത്തി ഉണ്ടായ ഭരണങ്ങളില്‍ ഒക്കെത്തന്നെ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പുവരുത്തിയിരുന്നു. അതുകൊണ്ട് നമ്മള്‍ ഹിന്ദുരാഷ്ട്രം എന്നു പറയുമ്പോള്‍ ആരെയെങ്കിലും ഉപേക്ഷിക്കുന്നു അല്ലെങ്കില്‍ എതിര്‍ക്കുന്നു എന്ന് അതിനര്‍ത്ഥമില്ല. ആരെയെങ്കിലും എതിര്‍ക്കുക എന്നത് സംഘത്തിന്റെ ലക്ഷ്യമല്ല.
ഒരു പത്രസമ്മേളനത്തില്‍ വെച്ച് ഗുരുജിയോട് പത്രപ്രവര്‍ത്തകര്‍ ചോദിച്ചു: നമ്മുടെ ഗ്രാമത്തില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇല്ല. അതിനാല്‍ ശാഖ കൊണ്ട് എന്താണ് പ്രയോജനം? ഗുരുജി പറഞ്ഞു: നിങ്ങളുടെ ഗ്രാമത്തിന്റെ കാര്യം വിടൂ. മുഴുവന്‍ ലോകത്തിലും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇല്ലെങ്കിലും, ഹിന്ദു സമാജം ഈ അവസ്ഥയിലാണെങ്കില്‍ സംഘത്തിന്റെ ശാഖയുടെ ആവശ്യം ഉണ്ട്. സംഘാടനം എന്നത് ആരെയെങ്കിലും എതിര്‍ത്തുകൊണ്ടല്ല. നിങ്ങള്‍ എല്ലാവരും എന്തെങ്കിലും വ്യായാമം ചെയ്യുന്നവരായിരിക്കും. കുറഞ്ഞത് രാവിലെയോ വൈകുന്നേരമോ നടക്കുന്നവരായിരിക്കും. നിങ്ങള്‍ വ്യായാമം ചെയ്യുന്നത് ആരെ ഉപദ്രവിക്കാനാണ് എന്ന് ചോദിച്ചാല്‍ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും? വ്യായാമം ചെയ്യുന്നത് സ്വയം ആരോഗ്യം നേടാനാണ്. എപ്പോഴെങ്കിലും അടിപിടിയുണ്ടാകുമ്പോള്‍ വ്യായാമം ചെയ്യുന്ന ശരീരം അവിടെ ഉപയോഗപ്പെടുന്നു എന്നുമാത്രം. എന്നാല്‍ വ്യായാമത്തിന്റെ ഉദ്ദേശ്യം ആരെയെങ്കിലും അടിക്കുക എന്നതല്ല. ആരോഗ്യത്തോടെയിരിക്കുക എന്നത് ശരീരത്തിന്റെ സ്വാഭാവികമായ അവസ്ഥയാണ്. അതുപോലെ സംഘടിക്കുക എന്നത് സമാജത്തിന്റേയും സ്വാഭാവിക അവസ്ഥയാണ്. സംഘടിക്കാതെ ഒരു കര്‍മ്മവും പൂര്‍ണ്ണതയിലെത്തുകയില്ല. അതുകൊണ്ടാണ് സംഘം സമ്പൂര്‍ണ്ണ സമാജത്തെയും സംഘടിപ്പിക്കുന്നത്. ഇത് നൂറുവര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു.
(തുടരും)





















