കണ്ണൂരില്‍ നടന്ന പു.ക.സ.യുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് ഇടതുപക്ഷമില്ലാതെ കേരളത്തിനും ലോകത്തിനും നിലനില്‍പ്പില്ലെന്നും, എഴുത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇടതുപക്ഷ ആശയങ്ങള്‍ വേണമെന്നും എം. മുകുന്ദന്‍ പ്രസംഗിച്ചുകണ്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെ രാഷ്ട്രീയ വിവാദമുയര്‍ത്തിയ ‘കേശവന്റെ വിലാപങ്ങള്‍ എന്ന നോവല്‍ പ്രസിദ്ധീകരിച്ചിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴാണ് മുകുന്ദന്‍ അവരുടെ ചേരിയില്‍നിന്നുകൊണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ താത്വികനും നേതാവുമായിരുന്ന സാക്ഷാല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ കളിയാക്കിയ ആ നോവല്‍ രചിച്ചതിനുശേഷം തന്നെയാണ് മുകുന്ദന്‍ എല്‍.ഡി.എഫ്. മന്ത്രിസഭാകാലത്ത് സാഹിത്യ അക്കാദമി പ്രസിഡന്റാകുന്നത്. ഫ്രഞ്ച് സാഹിത്യം നേരിട്ട് സ്വാധീനിച്ചിട്ടുള്ള മുകുന്ദന്‍ അസ്തിത്വവാദ ദര്‍ശനത്തില്‍ ആകൃഷ്ടനാകുന്നതും ദാസന്‍ തുടങ്ങിയ കഥാപാത്രങ്ങളെ സൃഷ്ടിച്ചതും എഴുപതുകളില്‍ പുരോഗമനാശയക്കാരും സാമൂഹ്യപ്രതിബദ്ധതയുമുള്ള എഴുത്തുകാരില്‍നിന്ന് വിമര്‍ശനം ക്ഷണിച്ചുവരുത്തിയതും സഹൃദയകേരളം മറന്നിട്ടില്ല. കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളുടെ അടിമകളായ നായകന്മാരെ ആദര്‍ശവല്‍ക്കരിച്ചത് അവര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.
ഇടതുപക്ഷം എന്ന പ്രയോഗം തന്നെ ഒരു അനുകരണമാണ്. ഫ്രഞ്ച് വിപ്ലവത്തിനു മുമ്പ് പാര്‍ലമെന്റില്‍ രാജാവിന്റെ വലതുവശത്ത് പ്രഭുക്കന്മാരുടെയും പുരോഹിതരുടെയും,ഇടതുവശത്ത് സാധാരണക്കാരുടെയും പ്രതിനിധികള്‍ ഇരുന്നിരുന്നു. ബ്രിട്ടനില്‍ അത് ഹൗസ് ഓഫ് ലോഡ്‌സും ഹൗസ് ഓഫ് കോമണ്‍സും ആയിരുന്നു. പ്രഭുക്കള്‍ക്കും പുരോഹിതര്‍ക്കും എതിരായിരുന്നു ഫ്രഞ്ച് വിപ്ലവം. അതിനുശേഷം യൂറോപ്യന്‍ ചരിത്രകാരന്മാര്‍ ഇടതുപക്ഷം എന്ന പദപ്രയോഗം വിപ്ലവത്തിനും സാമൂഹ്യമാറ്റത്തിനും ഉപയോഗിക്കാന്‍ തുടങ്ങി. കൊളോണിയല്‍ അടിമകളായ നാമും അത് ഉപയോഗിച്ചുപോരുന്നു എന്നു മാത്രം. ഇതറിയാവുന്ന ചരിത്ര ബോധമുള്ള മുകുന്ദന്‍ ഈ പ്രയോഗം ആവര്‍ത്തിക്കുന്നത് സദസ്സിനെ മനസ്സിലാക്കി കയ്യടി കിട്ടുവാന്‍ മാത്രമാണെന്ന് പറയേണ്ടിവരും.
കേശവന്റെ വിലാപങ്ങള്‍ 1999ലാണ് പ്രസിദ്ധീകരിക്കുന്നത്. മരിച്ചിട്ടും ജീവിക്കുന്ന ഇ.എം.എസിനാണ് അത് സമര്‍പ്പിക്കുന്നത്. എട്ടു വര്‍ഷത്തിനുശേഷം ഭാഷാപോഷിണിക്ക് അനുവദിച്ച അഭിമുഖത്തില്‍ ‘മുകുന്ദന്‍ പറഞ്ഞു ”ഞാന്‍ പാര്‍ട്ടി അംഗമല്ല, ആയിരുന്നെങ്കില്‍ കേശവന്റെ വിലാപങ്ങള്‍ എഴുതാന്‍ എനിക്ക് കഴിയുമായിരുന്നില്ല’കേശവനെ മഴുകൊണ്ടു വെട്ടുന്നതായി ഒടുവില്‍ പറയുന്നു, ആ മഴു എന്താണ്, ഏതാണ് ആരുടേതാണ് എന്ന മട്ടില്‍ ചര്‍ച്ചകള്‍ നടന്നു (ആഗസ്റ്റ് 2007).”
പു.ക.സ. നേതാവായ എം.എം. നാരായണന്‍ ഇതിനെ അതിശക്തമായി വിമര്‍ശിച്ചു കൊണ്ട് മറുലേഖനവും എഴുതി (ഭാഷാപോഷിണി നവംബര്‍ 2007). നോവലിന്റെ വിപണി സാധ്യതനോക്കിയാണ് ഇ.എം.എസിന്റെ മുഖം ചെമ്പു തകിടില്‍ ആലേഖനം ചെയ്ത പുറംചട്ട ഡിസൈന്‍ ചെയ്തത് (കേശവന്റെ വിലാപങ്ങള്‍ ഡി.സി. ബുക്ക് 1999) എന്നുവരെ വിമര്‍ശനം നീണ്ടു. അത് എം. മുകുന്ദന്റെ വിലാപമാണെന്ന് പു.ക.സ. വിലയിരുത്തി.
മറ്റെന്തു ഫാഷന്‍ പോലെയും ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ നിന്നാണ് പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും തുടക്കം. 1935ല്‍ മാക്‌സിം ഗോര്‍ക്കിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ ഇ.എം. ഫോസ്റ്റര്‍, ആന്ദ്രേമല്‍റോ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യയില്‍നിന്ന് മുല്‍ക് രാജ് ആനന്ദിനെപോലുള്ളവരും സന്നിഹിതരായിരുന്നു. ഇതിനെ തുടര്‍ന്ന് ആ വര്‍ഷം തന്നെ ലണ്ടനില്‍ മുല്‍ക് രാജ് ആനന്ദിന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ പുരോഗമന സാഹിത്യ സംഘടന രൂപീകരിച്ചു. പ്രേംചന്ദ് തുടങ്ങിയവര്‍ പിന്തുണ നല്‍കി. 1936 യു.പി.യിലെ ലക്‌നോവില്‍ അഖിലേന്ത്യാ പുരോഗമന സാഹിത്യ സമ്മേളനം സംഘടിപ്പിച്ചു. പ്രേംചന്ദ് ആയിരുന്നു അധ്യക്ഷന്‍.
1937 ഏപ്രില്‍ തൃശ്ശൂരില്‍ ജീവല്‍ സാഹിത്യ സംഘടന രൂപീകരിച്ചു. ഇ.എം.എസ്, കെ. ദാമോദരന്‍, കെ.എ. ദാമോദര മേനോന്‍, പി. കേശവദേവ് എന്നിവരാണ് നേതൃത്വം നല്‍കിയത്. ഹോം സെക്രട്ടറി ഹാലറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പുരോഗമന സാഹിത്യ സംഘടന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്ന് സര്‍ക്കുലര്‍ അയച്ചിരുന്നു. അതുകൊണ്ടായിരിക്കണം കേരളത്തില്‍ അത് വെറും ജീവല്‍ സാഹിത്യ സംഘം ആയത്!
കേസരി ബാലകൃഷ്ണപിള്ള ഈ സംഘടനയുടെ ഭാഗമായില്ലെങ്കിലും നിലവിലുണ്ടായിരുന്ന സമസ്ത കേരള പരിഷത്തിനെ വിമര്‍ശിച്ചിരുന്നു. പരിഷത്തിന്റെ കര്‍മ്മമാന്ദ്യവും പ്രഭുത്വമനഃസ്ഥിതിയും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്കുവേണ്ടി സമാന്തരമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരെ വീര പുരോഗമന സാഹിത്യകാരന്മാരായി കേസരി കാണുന്നു.
മുകുന്ദന്റെ കഥാപാത്രമാണ് കേശവന്‍. അയാളാണ് നോവല്‍ എഴുതുന്നത്. ചില പ്രാചീന കഥകളില്‍ സാലഭഞ്ജികകളെകൊണ്ടും എഴുത്തച്ഛന്‍ കിളിയെ കൊണ്ടും കഥ പറയിപ്പിക്കുന്നുണ്ടല്ലോ. അപ്പുക്കുട്ടന്റെ ജീവിതമാണ് ആവിഷ്‌കരിക്കുന്നത്. അതിലെ 31-ാം അധ്യായം അപ്പുക്കുട്ടന്റെ വിലാപങ്ങള്‍ എന്ന നോവലിനെക്കുറിച്ച് സഖാവ് രാവുണ്ണിയുടെ പഠനമാണ്.
എല്ലാം ക്ഷുരകന്മാരെയും പോലെ അയാളും കമ്മ്യൂണിസ്റ്റാണ്. കോണ്‍ഗ്രസുകാരനായ ഒരു ക്ഷുരകനെ അനന്തകൃഷ്ണന്‍ കണ്ടിട്ടില്ല. ബംഗാളിലെ നക്‌സല്‍ ബാരി കലാപത്തെ തുടര്‍ന്ന് കേരളത്തിലെ ഒരു വിഭാഗം സഖാക്കളും ആ പാത സ്വീകരിക്കുന്നുണ്ട്. അനന്തകൃഷ്ണനും നക്‌സലൈറ്റ് ആകുന്നു. ഭാര്യയുടെയും രണ്ടാം കുഞ്ഞിന്റെയും മരണം അയാളെ പഴനി ഭക്തനാക്കുന്നു. പ്രത്യയശാസ്ത്ര പരിസരത്തില്‍ ഉണ്ടായ ദയനീയവും വിനാശകരവുമായ ഒരു പരിവര്‍ത്തനം എന്ന് വിശേഷിപ്പിച്ച അനന്തകൃഷ്ണന്റെ ഈ മാറ്റം ചിത്രീകരിക്കുവാന്‍ കേശവന് ഏതാനും വാക്കുകള്‍ മാത്രം മതിയായിരുന്നു. കോഴിക്കാലുപോലെ മെലിഞ്ഞ ശരവണനെ ചാരു മജുംദാറിനോടും ഉപമിക്കുന്നു.
പരീക്ഷകളില്‍ തോല്‍ക്കുന്ന അപ്പുക്കുട്ടന്റെ വഴികാട്ടിയായി മാറുന്നത് കുടിയേറ്റക്കാരനും പാര്‍ട്ടിക്കാരനുമായ ആമന്‍ സാറാണ്. ഒരീസം എല്ലായിടത്തും ചോന്നകൊടി പറക്കും എന്റെ അപ്പൂട്ടാ. ലോകത്തിന്റെ മൂന്നിലൊരു ഭാഗത്ത് ചോന്നകൊടി പറക്കുന്നുണ്ട്.’സാര്‍ ഉപദേശിച്ചു. വിഷമിക്കാതെ അപ്പൂട്ടാ പോയി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ചേര്? പരീക്ഷയില്‍ തോറ്റവര്‍ക്ക് ചേരാനുള്ള പാര്‍ട്ടിയാണ്. കൂട്ടുകാരി പത്മാവതിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചിട്ടും മുകുന്ദന്‍ പാര്‍ട്ടി സഹയാത്രികനാണ്.
ആമേന്‍ സാറാണ് പാര്‍ട്ടിയുടെ കണ്ണൂര്‍ സമ്മേളനത്തിന് അപ്പുക്കുട്ടനെ കൊണ്ടുപോകുന്നത്. അങ്ങ് ദൂരെ ചുവന്ന തോരണങ്ങളാല്‍ അലങ്കരിച്ച സ്‌റ്റേജില്‍ ഇ.എം.എസ്. ഉദിച്ചു വന്നു, അപ്പോള്‍ കടലില്‍ താണ അസ്തമയസൂര്യന്‍ തിരിച്ചു വന്നതുപോലെ.
ഇവിടെ പ്രത്യയശാസ്ത്രം അല്ല ആരാധനയാണ് വളര്‍ത്തിയെടുക്കുന്നത്. കൗമാരമനസ്സില്‍ ഒരു വിഗ്രഹ പ്രതിഷ്ഠ നടത്തുകയാണ്. അപ്പൂട്ടാ മേഴത്തോളഗ്നിഹോത്രിയുടെ വംശത്തില് മ്മടെ നാട്ടിലെ ഏറ്റവും ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഏറ്റവും വലിയ ഒരു കുടുംബത്തിലാണ് ഇ.എം.എസ്. ജനിച്ചത്.’ജാതി ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന വിഭാഗങ്ങളില്‍ നിന്നാണല്ലോ കേരളത്തില്‍ പാര്‍ട്ടി നേതാക്കള്‍ രൂപം കൊണ്ടത്.
അപ്പുക്കുട്ടന്റെ ആമേന്‍ സാറുമായുള്ള അടുപ്പം നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്ക് വന്ന ശരവണനെ ആശങ്കപ്പെടുത്തുന്നു. ആമേന്‍ സാറ് മാര്‍ക്‌സിസ്റ്റാ, നിന്റെ മോനേം അയാള്‍ മാര്‍ക്‌സിസ്റ്റാക്കും’എന്ന് അനന്തകൃഷ്ണനെ ബോധ്യപ്പെടുത്തുന്നു. അയാള്‍ മകനെ പാര്‍ട്ടി ഓഫീസില്‍ നിന്ന് ഇറക്കി കൊണ്ടുവരുന്നു.
തന്റെ പേര് വെക്കാതെ കേശവന്റെ പേരിലാണല്ലോ ‘അപ്പുക്കുട്ടന്റെ വിലാപങ്ങള്‍’ എഴുതുന്നത്. ഊമക്കത്തിനോടാണ് അതിന് സാധര്‍മ്യം. ‘‘ഊമക്കത്തുകളില്‍ ഞാന്‍ ആശയങ്ങളുടെ നൈര്‍മല്യവും ഭാഷയുടെ സുതാര്യതയും കാണുന്നു. ഊമക്കത്തുകള്‍ ഉരുത്തിരിയുന്നത് തലയില്‍ നിന്നല്ല ഹൃദയത്തില്‍നിന്നാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
എഴുത്തുകാരന്‍ പ്രസ്ഥാനത്തിന്റെ മുന്‍നിര പോരാളി ആകേണ്ടെന്ന് മുകുന്ദന്‍ വിശ്വസിക്കുന്നു. ഇത് ദൗര്‍ബല്യമാണോ അലസതയാണോ പ്രതിജ്ഞാബദ്ധതയില്ലായ്മയാണോ എന്ന് വ്യക്തമാക്കുന്നില്ല. മതമൗലികതയ്ക്കും പ്രകൃതി ധ്വംസനത്തിനും എതിരായുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ പോലും ഞാന്‍ പങ്കെടുക്കുന്നില്ല എന്ന് എന്റെ സ്‌നേഹിതര്‍ എന്നെ കുറ്റപ്പെടുത്തുന്നു. ഒരു ഊമക്കത്തുകാരനെ പോലെ പേരും മേല്‍വിലാസവും ഇല്ലാത്തവനായി കഴിയുവാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. കാരണം എന്റെ സാഹിത്യം ഒരു ഊമക്കത്തുകാരന്റെ നിലവിളിയാണ്. എന്നാല്‍ കേശവന്റെ വിലാപങ്ങള്‍ എഴുതി കാല്‍നൂറ്റാണ്ടിനു ശേഷം ജീവിതത്തിന്റെ വാര്‍ദ്ധക്യദശയില്‍ എം. മുകുന്ദന്‍ കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ ഓരോ വര്‍ഷവും പാര്‍ട്ടിയുടെ യുവജന സംഘടന നടത്തുന്ന ചങ്ങലയില്‍ ഈയിടെയും കണ്ണി ചേര്‍ന്നു.
ഡോക്ടറും എന്‍ജിനീയറും ആകാനല്ല, ഭാവിയില്‍ ഇ.എം.എസിനെ പോലെ ഒരു നേതാവാകാന്‍ ആണ് അപ്പുക്കുട്ടന്‍ ആഗ്രഹിച്ചത്. എന്നാല്‍ മലയാളം എം.എ. കഴിഞ്ഞ നക്‌സലൈറ്റ് ആയ ശരവണന്‍ മദ്യപാനത്തിന് അടിമയായി. ശക്തമായ ഭാഷയില്‍ അയാള്‍ പ്രസംഗിച്ചു.
ചര്‍ക്കയുടെയും ഖദറിന്റെയും സ്ഥാനത്ത് അരിവാളും ചുറ്റികയും ചെങ്കൊടിയും വന്നു. ഇവിടെ കൃഷി ഭൂമിയും കൃഷിക്കാരനും ഉണ്ടായിരുന്നു ഇന്നത് രണ്ടുമില്ല.
പണ്ട് ഇവിടെ തൊഴില്‍ശാലകളും തൊഴിലാളികളും ഉണ്ടായിരുന്നു, ഇന്നത് രണ്ടുമില്ല.
രണ്ടാം സ്വാതന്ത്ര്യം കൊണ്ടുവന്ന കമ്മ്യൂണിസ്റ്റുകള്‍ കൃഷിക്കാരന്റെ വിശപ്പു മാറ്റുവാന്‍ കണ്ട വഴി കൃഷിക്കാരനെ തന്നെ ഇല്ലാതാക്കുകയായിരുന്നു.
മനുഷ്യരെ കൊന്നൊടുക്കിയിട്ടും രക്തദാഹം തീരാതെ മിണ്ടാപ്രാണികളെ ജീവനോടെ ചുട്ടുകരിക്കുന്ന നിങ്ങളെ ഞാന്‍ ശപിക്കുന്നു.
ശരവണന്‍ മുണ്ട് പൊക്കി ഇ.എം.എസിന്റെ പോസ്റ്ററിനു മുന്നില്‍ നില്‍ക്കുമ്പോഴേക്കും അപ്പുക്കുട്ടന്റെ കൈകള്‍ അയാളുടെ കഴുത്തില്‍ മുറുകിക്കഴിഞ്ഞു.
മൂത്രമൊഴിച്ച് തന്റെ പ്രതിഷേധം രേഖപ്പെടുത്തുമ്പോഴാണ് സഹിക്കാന്‍ കഴിയാതെ അപ്പുക്കുട്ടന്‍ ശരവണനെ കൊലപ്പെടുത്തുന്നത്. ജയിലില്‍ കിടന്നും അയാള്‍ സാന്ധ്യശോഭയില്‍ ഇ.എം.എസ്. എന്ന ചുവന്ന നക്ഷത്രത്തെ ധ്യാനിക്കുന്നു.
31-ാം അദ്ധ്യായം അപ്പുക്കുട്ടന്റെ വിലാപങ്ങള്‍ എന്ന നോവലിനെകുറിച്ച് രാവുണ്ണിയുടെ പഠനമാണ്. സര്‍ഗ്ഗാത്മകത മാത്രം പോരാ നോവല്‍ രചനയ്ക്ക് എന്നു പറയുന്നു. ഇ.എം.എസിനെ കുറിച്ച് ചരിത്ര ബോധവും രാഷ്ട്രീയമായ പക്വതയും കേശവന് ഇല്ല. എങ്കിലും നോവല്‍ പാരായണക്ഷമതയുള്ളതാണ്. ചരിത്രപരമായ ഒരു നിലപാടിന്റെ പ്രത്യക്ഷവല്‍ക്കരണം സാധിച്ചെടുക്കാതെ തന്നെ ഇ.എം.എസിനെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്ര പരിസരത്തെയും സമീപിക്കുവാന്‍ ഒരു എഴുത്തുകാരന്റെ മുമ്പില്‍ ഒട്ടേറെ വഴികള്‍ ഉണ്ട് എന്ന് അപ്പുക്കുട്ടന്റെ വിലാപങ്ങളിലൂടെ കേശവന്‍ സ്ഥാപിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഒരു കുട്ടിയുടെ കാഴ്ചയാണ് ആ വഴികളില്‍ ഒന്ന്. രാവുണ്ണി ഒരു ആനുകാലിക പ്രസിദ്ധീകരണത്തില്‍ എഴുതിയത് കേശവന്‍ വായിച്ചിരുന്നില്ല.
നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ ആഹ്ലാദം സുഹൃത്തുക്കള്‍ ആഘോഷിച്ചു. കേശവന്‍ ആദ്യമായി അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി മദ്യപിക്കുന്നു. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഇ.എം.എസ്. നോവലിസ്റ്റിനെ കാണാന്‍ രാവുണ്ണിയോടൊത്ത് എത്തിയിരുന്നു. ജനക്കൂട്ടം പ്രവഹിച്ചു. ഒരുവശത്ത് മദ്യപാനവും. കുറേപേര്‍ തന്റെ നേരെ ഓടിവരുമ്പോള്‍ അവര്‍ തന്നെ വീട്ടിലെത്തിക്കും എന്ന പ്രതീക്ഷയിലാണ് കേശവന്‍. ഉയര്‍ന്നുവന്ന കോടാലിയില്‍ അയാളുടെ ജീവിതം ഒരു നിമിഷം കൊണ്ട് അവസാനിക്കുന്നു. ഇവിടെ എഴുത്തുകാരന്‍ ക്രൂരമായി കൊലചെയ്യപ്പെടുന്നു. ഒരു അപര നിര്‍മ്മിതിയാല്‍ എം. മുകുന്ദന്‍ എന്ന യഥാര്‍ത്ഥ എഴുത്തുകാരന്‍ രക്ഷപ്പെടുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയിലും ഇടതുപക്ഷ രാഷ്ട്രീയത്തിലും ഇപ്പോഴും പ്രതീക്ഷയര്‍പ്പിക്കുന്ന മുകുന്ദന്‍ കാല പ്രവാഹത്തില്‍ അതിനു സംഭവിച്ച ശൈഥില്യവും അപ്രസക്തിയും തിരിച്ചറിയുന്നില്ല. അല്ലെങ്കില്‍ അറിഞ്ഞിട്ടും തന്നിലെ അപരനെ കൊണ്ട് ആ വേദിയില്‍ പ്രതിനിധികളോട് സംവദിച്ചു എന്നു പറയേണ്ടിവരും.





















