ഇടതുസര്‍ക്കാരിനും മുഖ്യനുമെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ടാല്‍ കേസെടുത്ത് അകത്താക്കുന്ന വിജയന്‍ സഖാവിന്റെ വിരട്ടലിന് ഹൈക്കോടതി നല്ലൊരു കൊട്ടുകൊടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനു പകരം നേരിട്ടു നല്‍കുന്നതാണ് നല്ലത് എന്ന് സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിന് എറണാകുളം സ്വദേശിക്കെതിരെ കേസെടുത്ത കേരള പോലീസിന്റെ നടപടി ഹൈക്കോടതിയിലെ ജസ്റ്റിസ് വി.ജി. അരുണ്‍ റദ്ദാക്കി. ഇനി കാര്യമായി കൊട്ടുകിട്ടേണ്ടത് വിജയന്റെ മുഖ്യകാര്യസ്ഥനും വിദ്യാഭ്യാസ മന്ത്രിയുമായ ശിവന്‍ കുട്ടിക്കാണ്. വലിയ താമസമില്ലാതെ അതു കിട്ടുമെന്നു കരുതാം. അതിനുള്ള വകുപ്പ് ശിവന്‍കുട്ടി തന്നെ ഉണ്ടാക്കുന്നുണ്ട്. സ്‌കൂള്‍ യൂണിഫോമിന്റെ ഭാഗമല്ലാത്ത ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയ കുട്ടിയോട് യൂണിഫോം ചട്ടം പാലിക്കണമെന്ന് നിഷ്‌കര്‍ഷിച്ച പ്രിന്‍സിപ്പാളിനെതിരെയും സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയും നടപടിക്ക് ഉത്തരവിട്ട ശിവന്‍കുട്ടി നിയമക്കുരുക്കില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. വന്ദേ ഭാരത് െ്രട്രയിനില്‍ എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ കുട്ടികള്‍ ഗണഗീതം പാടി എന്നതിന്റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡിന്റോ കെ.പിക്കെതിരെ നടപടിയെടുക്കുമെന്നാണ് ശിവന്‍കുട്ടിയുടെ പുതിയ ഭീഷണി. ഉടനെ അന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ അദ്ദേഹം ദല്‍ഹിയില്‍ നിന്ന് സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ആജ്ഞ കൊടുത്തിരിക്കയാണ്. അതിനെ നിയമപരമായി നേരിടുമെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ സാമൂഹ്യമാധ്യമ പോസ്റ്റും ശിവന്‍കുട്ടിയുടെ ഉത്തരവും കണ്ടാല്‍ ഗണഗീതം എന്നത് വല്ല അണുബോംബോ മറ്റോ ആണെന്നാണ് തോന്നുക. ഗണഗീതം ദേശഭക്തി ഗാനമാണ് എന്ന് ആരാണ് പ്രിന്‍സിപ്പാളിനോട് പറഞ്ഞത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഈ സംഭവത്തെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നിറയെ ഗണഗീതങ്ങള്‍ പരന്നൊഴുകുകയാണ്. ഇതൊന്ന് കേള്‍ക്കാന്‍ പോലും മനസ്സ് കാണിക്കാത്ത മന്ത്രി ദല്‍ഹിയില്‍ പോയി ഇത്തരം വങ്കത്തരങ്ങള്‍ വിളമ്പുമ്പോള്‍ നാണം കെടുന്നത് കേരളവും വിദ്യാഭ്യാസ വകുപ്പുമാണ്. മന്ത്രിയെ പേടിച്ച് വായ പൊത്തിയിരിക്കുന്ന പഴയ കാലമല്ല ഇത് എന്നും അന്യായമായതിനെ ചോദ്യം ചെയ്യും എന്നും ഒരു അനുഭവത്തില്‍ നിന്നദ്ദേഹം പഠിച്ചിട്ടില്ല. പള്ളുരുത്തി സ്‌കൂളുകാരുടെ പേരില്‍ എന്തു നടപടിയെടുക്കാന്‍ മന്ത്രിക്ക് കഴിഞ്ഞു? സരസ്വതി സ്‌കൂളിനെതിരെ അദ്ദേഹം എന്തു ചെയ്യാനാണ്?





















