കേരളമാകെ ചര്‍ച്ച ചെയ്യപ്പെട്ട പാലത്തായി കേസിന്റെ വിധി വന്നപ്പോള്‍ അതില്‍ പ്രതിയാക്കപ്പെട്ടിരുന്ന പത്മരാജന്‍ എന്ന യുപി സ്‌കൂള്‍ അധ്യാപകനെ ശിക്ഷിച്ചു. മറ്റുള്ള പോക്‌സോ കേസുകളില്‍ നിന്ന് വ്യത്യസ്തമായി, കേസിന്റെ തുടക്കം മുതല്‍ അവസാനം വരെ നിരന്തരമായ മാധ്യമശ്രദ്ധയും ചര്‍ച്ചകള്‍ മൂലം ഉണ്ടായ വര്‍ഗീയ ധ്രുവീകരണവുമായിരുന്നു ഈ കേസിന്റെ പ്രത്യേകത.
എന്നാല്‍ ഒരല്പം സാമാന്യബുദ്ധിയോടെ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന ഹിന്ദു വേട്ടയുടെ പ്രത്യക്ഷരൂപമാണ് പാലത്തായില്‍ നടന്നതെന്ന് കാണാം. 2020ല്‍ നടന്ന സിറ്റിസണ്‍ഷിപ്പ് അമെന്‍ഡ്‌മെന്റ് ആക്ടിനെതിരെയുള്ള ഇസ്ലാമിക കലാപകാലത്താണ് യഥാര്‍ത്ഥത്തില്‍ പാലത്തായി കേസ് ഉരുവം കൊണ്ടത്. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച സിഎഎ നിയമത്തിനെതിരെ ഇസ്ലാമിസ്റ്റുകള്‍ തങ്ങളുടെ സമസ്ത ശേഷിയും ഉപയോഗിച്ച് രംഗത്ത് വന്ന അക്കാലത്ത് സിഎഎയെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോലും അഭിപ്രായം പറഞ്ഞിരുന്നവരെ വേട്ടയാടുന്ന സാഹചര്യമുണ്ടായിരുന്നു. ആ വേട്ടയുടെ ഫലമായി ഗള്‍ഫില്‍ നിന്നുള്‍പ്പെടെ നിരവധി ആളുകള്‍, നിരവധി ഹിന്ദു പ്രഫഷണലുകള്‍ പുറത്താക്കപ്പെട്ടു. ഈ മഹാരാജ്യം, അയല്‍ രാജ്യത്ത് പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ രക്ഷയ്ക്കായി നടപ്പില്‍ വരുത്തിയ ഒരു നിയമത്തെ, അനുകൂലിച്ചു എന്നുള്ള ഒറ്റ കാരണം കൊണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് ഭാരതീയരായ തീവ്ര മുസ്ലിങ്ങളുടെ ശാരീരിക മാനസിക പീഡനത്തിന് വിധേയരാക്കപ്പെട്ട നിരവധി ഹിന്ദുക്കളുടെ വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും പോലും നാം കണ്ടിരുന്നു. ഇസ്ലാമിസ്റ്റുകള്‍ക്ക് അധികാരത്തില്‍ കൈകടത്താന്‍ എളുപ്പത്തില്‍ സാധിക്കുന്ന ഇടങ്ങളില്‍ ഹൈന്ദവര്‍ക്ക് എതിരെ നടത്തിയ വേട്ടയാടലായിരുന്നു അതൊക്കെ.
പാലത്തായി ആരോപണത്തെയും ഈ പശ്ചാത്തലത്തില്‍ വേണം കാണുവാന്‍. അവിടെ മുസ്ലീങ്ങള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഒരു പ്രദേശത്തെ സ്‌കൂളിലെ അധ്യാപകനാണ് പദ്മരാജന്‍ മാസ്റ്റര്‍. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ സിഎഎ നിയമത്തെ അനുകൂലിച്ചുകൊണ്ട് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഷെയര്‍ ചെയ്തപ്പോള്‍ അയാള്‍ അനുഭവിക്കേണ്ടിവന്ന ദുരിതമാണ് പാലത്തായി കേസ്.
നാദാപുരത്ത്, ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈന്തുള്ളതില്‍ ബിനു എന്ന സിപിഎമ്മുകാരന്റെ കൊലപാതകം ഇവിടെ നാം ഓര്‍മ്മിക്കണം. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇസ്ലാമിക തീവ്രവാദികള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു കഥയായിരുന്നു ബിനുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. തെരുവംപറമ്പില്‍ നബീസു എന്ന സ്ത്രീയെ നിസ്‌കാരപ്പായയിലിട്ട് ബിനു ബലാത്സംഗം ചെയ്തു എന്നായിരുന്നു കള്ളക്കഥ. തുടര്‍ന്ന് ഈ കേസില്‍ ഒന്നാംപ്രതി ആക്കപ്പെട്ട ഈന്തുള്ളതില്‍ ബിനുവിനെ കല്ലാച്ചി ടൗണില്‍വെച്ച് മുസ്ലിം തീവ്രവാദികള്‍ പട്ടാപ്പകല്‍ വെട്ടി കൊലപ്പെടുത്തി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം മുസ്ലിം തീവ്രവാദികള്‍ അഴിഞ്ഞാടാന്‍ തുടങ്ങിയ കാലത്താണ് ബിനു കൊല്ലപ്പെട്ടത്.
എന്നാല്‍ പില്‍ക്കാലത്ത് ഈ നബീസു തന്നെ നേരിട്ട് ഇത് കള്ളക്കഥയായിരുന്നുവെന്നും ബലാല്‍സംഗം നടന്നിട്ടില്ലെന്നും മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയുണ്ടായി. ബലാല്‍സംഗം നടന്നു എന്ന് പറയുന്ന സമയത്ത് ബിനു കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു എന്നതിനടക്കം തെളിവുകള്‍ ഉണ്ടായിരുന്നു.
മലബാറിലെ ചില പ്രദേശങ്ങളിലെ ഇസ്ലാമിക തീവ്രവാദികള്‍, അവരുടെ ശത്രുക്കളുടെ പട്ടികയിലുള്ള അവിശ്വാസികളെ ഇല്ലായ്മ ചെയ്യുവാന്‍ വേണ്ടി സ്ത്രീകളെയും കുട്ടികളെയും ദുരുപയോഗം ചെയ്യുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു തെരുവംപറമ്പ് പീഡനവും ഈന്തുള്ളതില്‍ ബിനുവിന്റെ കൊലപാതകവും. സ്ത്രീകളെയും കുട്ടികളെയും മറയായോ പരിചയായോ ആയുധമായോ ഉപയോഗിക്കുന്നത് പലസ്തീന്‍ മുതല്‍ പാലത്തായി വരെ ഇസ്ലാമിക തീവ്രവാദികളുടെ ഒരു പൊതുനയമാണ്.
പത്മരാജന്‍ മാസ്റ്ററെ കേസില്‍കുടുക്കിയതിനു ശേഷം അദ്ദേഹത്തിനെതിരെ അതിഭീകരമായ ദുഷ്പ്രചരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നടന്നത്. സാധാരണയായി പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ തങ്ങളുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഇരകളെ വകവരുത്താനായി നിയോഗിക്കുന്നത് അവരുടെ ഭാഷയില്‍ ജിന്നുകള്‍ എന്ന് വിളിക്കപ്പെടുന്ന ഒരു ഗുണ്ടാസംഘത്തെയാണ്. പാലത്തായിയില്‍ ജിന്നിറങ്ങേണ്ട സമയമായി എന്ന നിരവധി കൊലവിളികള്‍ സോഷ്യല്‍ മീഡിയയിലൂടെ അക്കാലത്തുണ്ടായിരുന്നു. എന്നാല്‍ കൃത്യവും ശക്തവുമായ പ്രതിരോധസന്ദേശം ലഭിച്ചപ്പോള്‍ ആ ഭീഷണി തണുക്കുകയാണുണ്ടായത്.
അതിനുശേഷം ഈ കേസിലെ ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് ഐപിഎസ്, കേസിന്റെ അടിസ്ഥാനമില്ലായ്മ ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരാളോട് സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. ഇതോടെ ഇസ്ലാമിക വര്‍ഗീയവാദികള്‍ക്ക് ഹാലിളകി ശ്രീജിത്തിനെതിരെ അതീവ നിന്ദ്യമായ ദുഷ്പ്രചരണം അഴിച്ചു വിട്ടു. ഇസ്ലാമിക തീവ്രവാദികളുടെ കടുത്ത സമ്മര്‍ദ്ദത്തിന് വഴിപ്പെട്ട സിപിഎം നേതൃത്വവും കേരള സര്‍ക്കാരും അന്വേഷണ ഉദ്യോഗസ്ഥനെയും അന്വേഷണ സംഘത്തെയും മാറ്റി. പുതിയ അന്വേഷണ സംഘം ഇസ്ലാമിക തീവ്രവാദികള്‍ പ്രചരിപ്പിച്ച നരേറ്റിവിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഈ കേസിന്റെ വാദങ്ങള്‍ പരിശോധിക്കുന്ന ഏതൊരാള്‍ക്കും അത് ബോധ്യപ്പെടുന്നതാണ്. എന്നാല്‍ ന്യായമായ സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്ന ന്യായാധിപന്‍ മാറി പിന്നീട് വന്ന ജഡ്ജി അതിശയകരമായ രീതിയില്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് കേസ് പഠിച്ച് വിധി പ്രഖ്യാപിക്കുകയാണുണ്ടായത്..
സാധാരണഗതിയില്‍ ഒരു കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെ മാറ്റി മറ്റൊരാളെ നിയമിച്ചാല്‍, ആദ്യ ഉദ്യോഗസ്ഥന്റെ റാങ്കിന് മുകളിലുള്ള ഒരാളാണ് വരിക. എന്നാല്‍ ഇവിടെ മറിച്ചാണ് സംഭവിച്ചത്. പുതുതായി ചുമതല ഏറ്റെടുത്ത സംഘം ആദ്യത്തെ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയ തെളിവുകളോ മൊഴികളിലെ വൈരുദ്ധ്യങ്ങളോ ഒന്നും തന്നെ കണക്കിലെടുക്കാതെ, തികച്ചും ദുരുദ്ദേശ്യപരമായ നിലപാടാണ് സ്വീകരിച്ചത്. ആ അന്വേഷണ സംഘത്തിലെ പ്രധാനിയായിരുന്ന ടി.കെ. രത്‌നകുമാര്‍ നിലവില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥിയാണ്. തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചതിന് തൊട്ടു പിന്നാലെയാണ് ടി.കെ. രത്‌നകുമാര്‍ സിപിഎം പാനലില്‍ മത്സരിക്കാനിറങ്ങിയിരിക്കുന്നത്.
തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഇടങ്ങളില്‍, തങ്ങളുടെ കണ്ണിലെ കരടാകുന്ന എതിര്‍ മതക്കാരെ ഏതുവിധേനയും വേട്ടയാടുക എന്ന ഇസ്ലാമിസ്റ്റുകളുടെ തന്ത്രത്തിന്റെ ഇരയാണ് പത്മരാജന്‍ മാസ്റ്റര്‍. ഇസ്ലാമിസ്റ്റുകളുടെ കണ്ണില്‍ മാര്‍ക്‌സിസ്റ്റുകാരനോ കോണ്‍ഗ്രസുകാരനോ സംഘപരിവാര്‍ അനുഭാവിയൊ ഇല്ല. ഈന്തുള്ളതില്‍ ബിനുവിന്റെ കൊലപാതകം കൂടാതെ ഏതാണ്ട് അതേ പ്രദേശത്ത് നടന്ന തൂണേരി ഷിബിന്‍ വധക്കേസിലും നാമിത് കണ്ടതാണ്. മുസ്ലിംലീഗ് – സിപിഎം സംഘര്‍ഷമായാണ് തൂണേരി ഷിബിന്‍ വധക്കേസ് പുറംലോകമറിയുന്നത്. കൊല്ലപ്പെട്ട ഷിബിന്‍ ഡിവൈഎഫ്‌ഐക്കാരനായിരുന്നു. ആ സംഘര്‍ഷത്തില്‍ മുസ്ലിം ലീഗുകാരുടെ ആക്രമണത്തില്‍ ഏതാനും കോണ്‍ഗ്രസ്സുകാര്‍ക്കും പരിക്കേറ്റ വാര്‍ത്തകള്‍ ആദ്യ ദിവസങ്ങളില്‍ വന്നിരുന്നു. ലീഗിന്റെ സഖ്യകക്ഷിയാണല്ലോ കോണ്‍ഗ്രസ്. മുസ്ലിം ലീഗും സിപിഎമ്മും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കെങ്ങനെയാണ് പരിക്കേല്‍ക്കുന്നതെന്ന ലളിതമായ ചോദ്യത്തിനിതുവരെ ഉത്തരം ലഭിച്ചിട്ടില്ല.
പത്മരാജന്‍ മാസ്റ്റര്‍ക്കെതിരെയുള്ള വിധിയെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ഒളിച്ചിരുന്ന ധാരാളം ഇസ്ലാമിസ്റ്റുകള്‍ പുറത്തുചാടി. മുസ്ലിം ലീഗുകാര്‍ പോലും ഈ വിധി ആഘോഷിക്കുന്ന സാഹചര്യമുണ്ടായി. ഈ കേസിലെ വൈരുദ്ധ്യങ്ങളും, വിധിയിലേക്ക് നയിച്ച സാഹചര്യങ്ങളുടെ ബലമില്ലായ്മയും ചൂണ്ടിക്കാണിക്കുന്നവരോട് ‘നിങ്ങള്‍ക്കുമില്ലേ പെണ്‍കുട്ടികള്‍..? ഈ ക്രൂരകൃത്യം നിങ്ങളുടെ മകളോടായിരുന്നെങ്കിലോ..? എന്ന സാങ്കല്പിക ചോദ്യമുയര്‍ത്തി ഇമോഷണല്‍ ബ്ലാക്ക് മെയിലിങ്ങിന് വിധേയമാക്കുകയാണ് ഇസ്ലാമിസ്റ്റുകളും ഹിന്ദുവിരുദ്ധരും ചെയ്തുകൊണ്ടിരിക്കുന്നത്. പത്മരാജന്‍ മാസ്റ്റര്‍ക്ക് അനുകൂലമായുള്ള വസ്തുതകള്‍ ചിന്തിക്കുന്ന, താരതമ്യേന നിഷ്‌കളങ്കരായ ഹൈന്ദവര്‍ ഈ ചോദ്യമുണ്ടാക്കുന്ന കുരുക്കില്‍ പെട്ടുപോകുന്നു. ഭാവിയില്‍, തങ്ങളുടെ മതവെറിയുടെ ഇരകളാക്കേണ്ടവരെക്കൂടി ലക്ഷ്യമിട്ടുകൊണ്ട് ഇസ്ലാമിസ്റ്റുകള്‍ നടത്തുന്ന ഒരു വിശാലമായ പദ്ധതിയുടെ ആണിക്കല്ലാണ് യാതൊരു മെറിറ്റുമില്ലാത്ത ഈ ചോദ്യം. ഇത് തിരിച്ചറിഞ്ഞാല്‍ ഇതുണ്ടാക്കുന്ന ഇമോഷണല്‍ ഡിലമ്മയെ മറികടക്കാന്‍ പറ്റും.
ഈ രാജ്യത്തുണ്ടാകുന്ന ഏതൊരു വാദത്തിലും, വിവാദത്തിലും, കേസിലും, ഒരു വശത്ത് ഇസ്ലാമിക നരേറ്റീവ് ഉണ്ടെങ്കില്‍ അതിന്റെ നേരെ എതിരായിരിക്കും സത്യമെന്ന ലളിതയുക്തിയിലേക്ക് പോകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരുമാണ് ഭാരതത്തില്‍ ഇന്നുള്ളത്. ബാല – ബാലികാ പീഡനങ്ങള്‍ നടത്തുന്ന ഒരാളും രക്ഷപ്പെടാതിരിക്കാന്‍ തക്ക വണ്ണമുള്ള സുശക്തമായ നിയമങ്ങളും നിലപാടുകളുമാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നടപ്പിലാക്കിയത്. പക്ഷേ പോക്‌സോ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കപ്പെടാനുള്ള സാഹചര്യത്തെ പ്രതിരോധിച്ചേ പറ്റൂ.
ഈന്തുള്ളതില്‍ ബിനുവിന്റെയും ഇപ്പോള്‍ പത്മരാജന്‍ മാസ്റ്ററുടെയും പോലെ നാളെയാരുടെ പേരും ചിത്രവും വേണമെങ്കിലും വരാം. അത്രയ്ക്ക് സുസജ്ജമായിട്ടാണ് കേരളത്തിലെ ഇസ്ലാമിക തീവ്രവാദ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അണികളോടോ ആശയത്തിനോടോ രാജ്യത്തിനോടോ യാതൊരു ആത്മാര്‍ത്ഥതയുമില്ലാത്ത സിപിഎമ്മിന് വോട്ടും ഭരണവും മാത്രമാണ് ലക്ഷ്യം. തങ്ങളുടെ എത്ര അനുയായികളെ കൊലയ്ക്ക് കൊടുക്കേണ്ടി വന്നാലും, അതിനെ പ്രതിരോധിക്കുകയോ ചെറുവിരല്‍ അനക്കുകയോ ചെയ്യാതെ, പോപ്പുലര്‍ ഫ്രണ്ടിന്റെ ഇസ്ലാമിക നരേറ്റീവ് പ്രതിധ്വനിപ്പിക്കുന്ന വാടകക്കെടുത്ത ജിഹ്വകളായി സിപിഎമ്മുകാര്‍ പ്രവര്‍ത്തിക്കുമ്പോള്‍, അതിന്റെ ഇരകളായിപോയ പത്മരാജന്‍ മാസ്റ്റര്‍ക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്നതും അവര്‍ക്കുവേണ്ടി സംസാരിക്കുന്നതും നമുക്കുചെയ്യാവുന്ന ഏറ്റവും ചെറിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ്.





















