പാലോറ മാതയുടെ പശുവിന്റെ പാലു കുടിച്ച് പിണറായി പാറയിലിരുന്ന്’സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍, നഷ്ടപ്പെടുവാനില്ലൊന്നും കൈവിലങ്ങുകളല്ലാതെ, കിട്ടാനുള്ളത് പുതിയൊരു ലോകം’ എന്ന് പാടി പാടി തൊണ്ട പൊട്ടിച്ച വിജയന്‍ സഖാവ് മുഖ്യമന്ത്രിയായപ്പോള്‍ തൊഴിലാളിവര്‍ഗ്ഗത്തെ മറന്നു എന്ന് ആരും (ആശാവര്‍ക്കര്‍മാരെ തൊഴിലാളികളായി പാര്‍ട്ടി അംഗീകരിച്ചിട്ടില്ല) പറയില്ല. ധരിക്കുന്ന തൂവെള്ള ഖദര്‍ വസ്ത്രം പോലെ ‘ശുദ്ധ’നായ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പോലും ഇങ്ങനെ സംശയിക്കില്ല. അപ്പോഴാണ് ബൂര്‍ഷ്വാ കോടതി (ഇ.എം.എസ്സിന്റെ ഭാഷ) വിജയന്‍ സഖാവിനെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും (അവരുടെ തൊഴിലാളി ക്ഷേമം കാണാന്‍ തയ്യാറാവാതെ) രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തുന്നത്. 2006-2015 കാലത്ത് ഐ.എന്‍.ടി.യു.സി നേതാവ് ആര്‍. ചന്ദ്രശേഖന്‍ ചെയര്‍മാനായിരിക്കെ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും ചെയ്തുവെന്ന കേസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സി.ബി.ഐ ഏറ്റെടുത്തിട്ടും മൂന്നു തവണ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചതിന്റെ പേരിലാണ് ഹൈക്കോടതി വിജയന്‍ സഖാവിന്റെ സര്‍ക്കാര്‍ അഴിമതിക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാരായി മാറിയിരിക്കുന്നു എന്നു രൂക്ഷവിമര്‍ശനം നടത്തിയത്. ചന്ദ്രശേഖരന്‍ ഐ.എന്‍.ടി.യു.സിയാണെങ്കിലും തൊഴിലാളി നേതാവാണ്. തൊഴിലാളി നേതാവ് അഴിമതി ചെയ്താലും സംരക്ഷിക്കേണ്ടത് പ്രോളിറ്റേറിയന്‍ സര്‍ക്കാരിന്റെ കടമയാണ്. തൃശ്ശൂരിലെ പാര്‍ട്ടി നേതാക്കളായ കെ.രാധാകൃഷ്ണനും എന്‍.സി. മൊയ്തീനും എം.എം. വര്‍ഗ്ഗീസിനും മറ്റു നേതാക്കള്‍ക്കുമെതിരെ ഇ.ഡി. ആയിരം കോടിയുടെ വെട്ടിപ്പു കണ്ടെത്തിയപ്പോള്‍ വിജയന്‍ സഖാവ് ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് ഇ.ഡിയെ ചെറുത്തത് അവര്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ പ്രതിനിധികളായതിനാലാണ്.
ഇക്കാലമത്രയും കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ഭരിക്കുന്നവര്‍ സി.ഐ.ടി.യുവോ എ.ഐ.ടി.യു.സിയോ ഐ.എന്‍.ടി.യു.സിയോ യു.ടി.യു.സിയോ ആണ്. തോട്ടണ്ടി ഇറക്കുമതി കുംഭകോണത്തില്‍ നടന്നത് ഇവര്‍ തമ്മിലുള്ള ഒത്തുകളിയാണ്. മേഴ്‌സിക്കുട്ടിയമ്മ മന്ത്രിയായിരിക്കെ അന്വേഷണത്തിന് പച്ചക്കൊടി കാട്ടിയിരുന്നു. എന്നാല്‍ എളമരം കരീം – ചന്ദ്രശേഖരന്‍ അച്ചുതണ്ട് അതിനെ അട്ടിമറിച്ചു. അഴിമതി വിരുദ്ധ പോരാളി വി.ഡി.സതീശന്റെ കയ്യിലെ, വിജയന്‍സഖാവിന്റെ മാസപ്പടി മുതല്‍ സ്വര്‍ണ്ണപ്പാളി കൊള്ള വരെയുള്ള നീണ്ട കുറ്റപത്രത്തില്‍ ഒരിടത്തും തോട്ടണ്ടി ഇറക്കുമതി അഴിമതി എന്ന വാക്ക് കാണാനില്ല. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജയനും സമ്മതിക്കില്ല. ഇത് സിനിമയിലെ വിജയനും ദാസനുമല്ല, കേരള ജനത കാണുന്ന ഒറ്റച്ചങ്ങാതിമാരായ വിജയനും സതീശനുമാണ്.





















