അമേരിക്കന്‍ ഐക്യനാടുകളില്‍ തെക്കന്‍ ഡക്കോട്ട പ്രദേശത്ത് ഒരു ചെറിയ പൊയ്കയുടെ കരയില്‍ താവളമടിച്ചിരുന്ന അമേരിന്ത്യന്‍ ഗോത്ര പോരാളികള്‍ക്ക് (റെഡ് ഇന്ത്യന്‍ എന്ന് ഇപ്പോള്‍ പ്രയോഗിക്കാറില്ല.) ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല നാളത്തെ പ്രഭാതം തങ്ങളുടേതല്ല എന്ന്. 1890 ഡിസംബര്‍മാസം 29 ന് രാത്രിയില്‍ മഞ്ഞും ചന്ദ്രികയും പൊഴിയുന്നുണ്ടായിരുന്നു. ഒറ്റപ്പെട്ടു വളരുന്ന പൈന്‍മരങ്ങളുടെ മറവിലൂടെ പതുങ്ങിവന്നേക്കാവുന്ന അമേരിക്കന്‍ സൈനികരുടെ നിഴല്‍രൂപങ്ങള്‍ക്കുവേണ്ടി കണ്ണു കൂര്‍പ്പിച്ചു കാത്തു കിടക്കുകയാണ് അമേരിന്ത്യന്‍ ഗോത്ര പോരാളികള്‍. തോല്‍ക്കാനും മരിക്കാനും പോകുന്ന ഒരു പോരാട്ടത്തിന്റെ ചോരക്കളത്തിലാണ് തങ്ങള്‍ നില്ക്കുന്നതെന്ന് അവര്‍ക്കറിയാം. എങ്കിലും അവര്‍ പിന്തിരിയില്ല. പോരാടി മരിക്കും.
3000 കിലോമീറ്റര്‍ ഉത്തര അറ്റ്‌ലാന്റിക് സമുദ്രം കുറുകെ കടന്ന് ഇംഗ്ലണ്ടില്‍നിന്ന് അമേരിക്കന്‍ തീരത്തു വന്നണയുന്ന ഓരോ വെള്ളക്കാരനും ഒരേയൊരു ലക്ഷ്യമേയുള്ളൂ. തദ്ദേശീയരുടെ ഭൂമി സ്വന്തമാക്കണം. കണ്ണില്‍ക്കണ്ട ഗോത്രജീവികളെയൊക്കെ കൊന്നും വെട്ടിവീഴ്ത്തിയും മുന്നേറുന്ന ഇംഗ്ലീഷ് കുടിയേറ്റക്കാരുടെ തോക്കിനുമുന്നില്‍ ഗോത്രയുവാക്കളുടെ ശൗര്യം വിലപ്പോയില്ല. അവര്‍ കൂടുതല്‍ ഉള്ളിലേക്കു തള്ളിമാറ്റപ്പെട്ടുകൊണ്ടിരുന്നു.
അസ്ഥി പൊടിയുന്ന അമേരിക്കന്‍ ശൈത്യത്തെ അതിജീവിക്കാന്‍ ഇന്ത്യന്‍ ഗോത്രങ്ങള്‍ക്ക് കാട്ടുപോത്തിന്റെ ഉണക്കിയ മാംസവും കൊഴുപ്പും തുകലും വേണം. നാല്പതു ലക്ഷം കാട്ടുപോത്തുകളെ വെടിവച്ചുകൊന്നുകൊണ്ട് വെള്ളക്കാര്‍ ഇന്ത്യന്‍ ഗോത്രങ്ങളുടെ പട്ടിണിമരണം ഉറപ്പാക്കി. സഹികെട്ട ഗോത്രങ്ങള്‍ ജീവന്മരണ പോരാട്ടം ആരംഭിച്ചു. ഈ രാത്രിയില്‍ അത്തരമൊരു സമരമുഖത്താണ് ഭൂമിയുടെ പരമ്പരാഗത ഉടമകളും അത് കവരാന്‍ വന്നവരും മുഖാമുഖം നില്ക്കുന്നത്.
കാത്തുകിടന്നു മടുത്ത ഇരുകൂട്ടരും തീക്കളി ആരംഭിച്ചു. വെടിമരുന്ന് കുത്തിനിറച്ചു നിറയൊഴിക്കുന്ന പഴയകാല തോക്കുകള്‍ പൊട്ടുമ്പോള്‍ വെടിയുണ്ടകളോടൊപ്പം കതിനാവെടി പൊട്ടുംപോലെ തീയും പുകയും ചീറിത്തെറിച്ചു. കലികയറിയ ഇന്ത്യന്‍ ഗോത്ര പോരാളികള്‍ ജീവന്‍ മറന്നു മുന്നോട്ടു കുതിച്ചു. അമ്പും വില്ലും വാളും ആണ് അവരുടെ ആയുധങ്ങള്‍. തോക്കിനു മുന്നിലേക്കു ഈയാംപാറ്റകള്‍ പോലെ പറന്നുചെന്ന ഗോത്രയുവാക്കള്‍ നെഞ്ചില്‍ വെടിയുണ്ട കയറി മരിച്ചുവീണുകൊണ്ടിരുന്നു. പ്രഭാതത്തിനു മുന്‍പ് തോക്കുകള്‍ നിശ്ശബ്ദമായി. ഇംഗ്ലീഷ് സൈന്യം കുറച്ചുസമയംകൂടി കാത്തുകിടന്നു. പിന്നെ ബയണറ്റുകളും വാളുകളും നീട്ടിക്കൊണ്ട് എഴുന്നേറ്റു. പാതിജീവനായി കിടന്നവരുടെ നെഞ്ചിലേക്ക് ബയണറ്റുകള്‍ കുത്തിത്താഴ്ത്തി. കാര്യമായി പരുക്കുപറ്റാതെ കിടന്നിരുന്ന ഇന്ത്യന്‍ ഗോത്ര പോരാളികളുടെ രണ്ടു കാലുകളും മുട്ടറ്റംവച്ച് വെട്ടി മുറിച്ചുമാറ്റുകയാണ് ചില വെള്ളപ്പട്ടാളക്കാര്‍.
പിറ്റേന്നു പ്രഭാതത്തില്‍ ഇരുന്നൂറ്റമ്പതു ജഡങ്ങള്‍ പെറുക്കികൂട്ടി വലിയ കുഴികളില്‍ മൂടി. കാലുകള്‍ മുറിച്ചു മാറ്റപ്പെട്ട അന്‍പതോളം യുവാക്കള്‍ പിന്നീട് ചികിത്സക്കിടെ മരണപ്പെട്ടു. ഈ പടക്കളം പില്ക്കാലത്ത് ‘വൂണ്ടഡ് നീ’ (മുറിവേറ്റ കാല്‍മുട്ട്) എന്നറിയപ്പെടുന്നു. അമേരിക്കന്‍ എഴുത്തുകാരനായ ഡീ ബ്രൗണ്‍ (Dee Brown) എഴുതിയ 1‘ബറി മൈ ഹാര്‍ട്ട് അറ്റ് വൂണ്ടഡ് നീ’ (Bury My Heart at Wounded Knee) എന്ന പുസ്തകത്തില്‍ ഇംഗ്ലീഷ് കുടിയേറ്റക്കാര്‍ ഇന്ത്യന്‍ ഗോത്രങ്ങളോടു ചെയ്ത ക്രൂരതകളത്രയും വിവരിക്കുന്നുണ്ട്. ലക്ഷക്കണക്കിനു ഗോത്രജീവികളെ കശാപ്പു ചെയ്തുകൊണ്ട് അമേരിക്കന്‍ വന്‍കര പിടിച്ചെടുത്ത വെള്ളക്കാരന്റെ അധിനിവേശ സ്വഭാവം ഇന്നും മാറിയിട്ടില്ലെന്ന് പില്‍ക്കാല സംഭവങ്ങള്‍ തെളിയിക്കുന്നു.
അമേരിന്ത്യന്‍ ഗോത്രങ്ങളുടെ ലോകവീക്ഷണം എത്ര ആദരണീയമായിരുന്നുവെന്ന് തെളിയിക്കുന്ന ഒരു സംഭവം പറയാം. 2 1863-ല്‍ കേണല്‍ കിറ്റ് കാഴ്‌സണ്‍ (Colonel Kit Carson) നവാജോ (Navajo) എന്ന അമേരിന്ത്യന്‍ ഗോത്രത്തിനുനേരെ കടുത്ത ആക്രമണം അഴിച്ചുവിട്ടു. അനേകം യുവ പോരാളികളെ വധിക്കുകയും അവരുടെ ആടുമാടുകളെ പൂര്‍ണമായും കൊന്നുതീര്‍ത്ത് ഗോത്രത്തെ പട്ടിണിയിലാക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന ഒരു സന്ധി സംഭാഷണത്തില്‍ നവാജോ ഗോത്രത്തലവന്‍ ഇപ്രകാരം പറഞ്ഞു. “ഭൂമി ഞങ്ങളുടെ മാതാവാണ്. ഞങ്ങള്‍ക്കു ജീവന്‍ തന്നത് ഭൂമിമാതാവാണ്. ഞങ്ങളുടെ ഭവനം ഞങ്ങള്‍ക്കു വിശുദ്ധമാണ്. ഞങ്ങളുടെ കൃഷിപ്പാടങ്ങള്‍, കന്നുകാലികള്‍, ആകാശം, വനങ്ങള്‍, പര്‍വ്വതങ്ങള്‍ ഒക്കെ ഞങ്ങള്‍ക്കു വിശുദ്ധമാണ്. തേനീച്ചകളും പൂമ്പാറ്റകളും ഞങ്ങളുടെ ദൈവങ്ങളുടെ ചാരന്മാരാണ്. എവിടെ ഒളിച്ചിരുന്നു ഞങ്ങള്‍ പാപം ചെയ്താലും ഈ ചാരന്മാര്‍ കണ്ടുപിടിക്കും. എന്നാല്‍ നിങ്ങളുടെ ദൈവം ഒരു താത്ക്കാലിക സേവനമല്ലേ? അടഞ്ഞ മുറിയില്‍ നിങ്ങള്‍ ദൈവത്തെ ഇരുത്തിയിരിക്കുന്നു. ഞായറാഴ്ചകളില്‍ നിങ്ങള്‍ചെന്ന് അനുഗ്രഹങ്ങള്‍ ചോദിക്കുന്നു. ഇതെന്തു ദൈവം… എന്തുമതം?” കാട്ടുമൂപ്പന്റെ ഈ ചോദ്യം ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.
ഒടുവില്‍ സംഭവിച്ചത്, ചെറൂക്കി, ഷയാനെ, സ്യൂസ്, നവാജോ…. അങ്ങനെ അമേരിന്ത്യന്‍ ഗോത്രങ്ങള്‍ മുഴുവനായും കുടിയേറ്റ ഭീകരതയ്ക്കു കീഴടങ്ങി. അമേരിക്കന്‍ വന്‍കര അത്രയും വെളുത്ത കുടിയേറ്റക്കാരുടെ അധീനതയിലായി.
1607-ല്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കപ്പലിറങ്ങിയത് 120 കുടിയേറ്റക്കാര്‍. തങ്ങള്‍ കാല്‍കുത്തിയ സ്ഥലത്തിന് അവര്‍ ജെയിംസ് ടൗണ്‍ എന്നു പേരിട്ടു. കേവലം നാലു നൂറ്റാണ്ടുകൊണ്ട് രാക്ഷസീയമായ ശക്തി സംഭരിച്ച ഈ രാജ്യം ലോകത്തെ മുഴുവന്‍ വിഴുങ്ങുവാന്‍ വായ് പിളര്‍ത്തി നില്‍ക്കുന്നു. അവര്‍ക്കതിനു കഴിയുമോ? ഇല്ല എന്നാണ് ചരിത്രം പറയുന്നത്.
കുടിയേറ്റക്കപ്പലുകള്‍ പിന്നെ തുടര്‍ച്ചയായി ഇംഗ്ലണ്ടില്‍നിന്നു വന്നുതുടങ്ങി. കുടിയേറ്റക്കാരുടെ സംഖ്യ 1000 എത്തിയപ്പോള്‍ അവര്‍ക്കുവേണ്ടി പണിയെടുക്കാന്‍ ഒരു കപ്പല്‍ നിറയെ ആഫ്രിക്കന്‍ അടിമകളെ പിടിച്ചുകെട്ടി കൊണ്ടുവന്നു. അടിമകളെക്കൊണ്ട് കെട്ടിടങ്ങളും റോഡുകളും പ്ലാന്റേഷനുകളും നിര്‍മ്മിക്കപ്പെട്ടു. കൂലി വേണ്ടാത്ത അടിമപ്പണിക്കാര്‍. വില കൊടുക്കാതെ തദ്ദേശീയരില്‍നിന്നു തട്ടിയെടുത്ത ഭൂമി. അടിമകളെ ബന്ധിച്ചുകൊണ്ടുവരുന്ന പ്രക്രിയതന്നെ ഹൃദയഭേദകമാണ്. ബ്രിട്ടീഷ് അടിമവ്യാപാരിയും അവന്റെ കങ്കാണികളായ അറബികളും ചേര്‍ന്ന് ഏതെങ്കിലും ആഫ്രിക്കന്‍ രാജ്യത്ത് കപ്പലിറങ്ങുന്നു. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഗ്രാമം വളയുന്നു. എതിര്‍ത്തു നില്‍ ക്കുന്നവരെ അപ്പോള്‍ത്തന്നെ തോക്കിനിരയാക്കും. ആരോഗ്യമുള്ള സ്ത്രീ-പുരുഷന്മാരെ നീണ്ട ചങ്ങലയില്‍ ബന്ധിച്ച് തുറമുഖം ലക്ഷ്യമാക്കി നടത്തും. നൂറുകണക്കിനു മൈലുകള്‍ നീളുന്ന ഈ നടത്തത്തിനിടെ അനേകം പേര്‍ക്കു ജീവഹാനി സംഭവിക്കും. ഗ്രാമത്തില്‍ അവര്‍ ഉപേക്ഷിച്ചു പോകുന്ന കുഞ്ഞുങ്ങളെയും വൃദ്ധരേയും വൈകാതെ സിംഹങ്ങള്‍ വിഴുങ്ങിക്കൊള്ളും. നിവര്‍ന്നു കിടക്കാന്‍ ഇടയില്ലാതെ, നില്‍ക്കാനും ഇരിക്കാനും മാത്രം ഇട നല്കിയാണ് അടിമക്കപ്പലുകളില്‍ ‘ചരക്കു’ ലോഡു ചെയ്യുന്നത്. ആഫ്രിക്കയില്‍നിന്ന് അമേരിക്കന്‍ തീരത്ത് ഒരു അടിമക്കപ്പല്‍ എത്തുവാന്‍ മൂന്നുമാസം വേണ്ടിവരും. ഇതിനിടെ മരണപ്പെടുന്നവരുടെ മൃതദേഹം സ്രാവുകള്‍ക്ക് എറിഞ്ഞുകൊടുക്കും. അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ അടിമക്കപ്പല്‍ നീങ്ങുമ്പോള്‍ അതിനെ ഒരു പറ്റം സ്രാവുകള്‍ എപ്പോഴും പിന്തുടര്‍ന്നിരുന്നുവത്രേ! മാമ്മോദീസ മുങ്ങി ക്രിസ്തുമതം സ്വീകരിക്കാത്തവര്‍ക്ക് ആത്മാവില്ല എന്നാണ് വെള്ളക്കാരന്റെ വിശ്വാസം. അതുകൊണ്ട് നീഗ്രോ അടിമയോടു ചെയ്യുന്ന ഏതൊരു ക്രൂരതയും വെള്ളക്കാരന്റെ മനസ്സില്‍ ധാര്‍മ്മിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല. ഹാരിയറ്റ് ബീച്ചെര്‍ സ്റ്റോവ് എഴുതിയ ‘അങ്കിള്‍ടോംസ് ക്യാബിന്‍’ അടിമകളോടുള്ള വെള്ളക്കാരന്റെ ക്രൂരതയുടെ ഇതിഹാസമാണ്. മാര്‍ക്ട്വയിനിന്റെ ‘അഡ്വഞ്ചേഴ്‌സ് ഓഫ് ടോംസ്വായര്‍’ ഒരു ഹാസ്യരചനയാണെങ്കിലും അതില്‍ കന്നുകാലികളെപ്പോലെ യഥേഷ്ടം വില്‍ക്കപ്പെടുന്ന അടിമയുടെ രോദനം ഹൃദയത്തെ മുറിപ്പെടുത്തും. അമേരിക്കന്‍ വന്‍കരയില്‍ ‘പുതിയലോകം’ (New World) പണിയുന്നതിന് ഇപ്രകാരം ഒരുകോടി ഇരുപത്തഞ്ചുലക്ഷം ആഫ്രിക്കന്‍ അടിമകളെ കടല്‍കടത്തി കൊണ്ടുവന്നതായി ചരിത്രരേഖകള്‍ പറയുന്നു. അങ്ങനെ ആഫ്രിക്കന്‍ അടിമയുടെ ചോരയും വിയര്‍പ്പും ജഡവും അഴുകിച്ചേര്‍ന്ന് വളക്കൂറുണ്ടായ മണ്ണിലാണ് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ വളര്‍ന്നത്.
ചോര നക്കുന്ന ചെന്നായ്ക്കള്‍
ഹിറ്റ്‌ലര്‍ ജര്‍മ്മനിയിലെ യഹൂദരോടും സ്റ്റാലിന്‍ സ്വന്തം രാജ്യത്തെ ജനങ്ങളോടും മാവോ സെ തുംഗ് ചൈനയിലെ പരിഷ്‌കൃത ജനവിഭാഗങ്ങളോടും ചെയ്തിട്ടുള്ളതിന്റെ പതിന്മടങ്ങു ക്രൂരത അമേരിക്ക രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാനോട് എന്തിനു ചെയ്തു എന്ന ചോദ്യം സായിപ്പിന്റെ മൂടുതാങ്ങികളായ ചരിത്രകാരന്മാരോ രാഷ്ട്രീയക്കാരോ ചോദിച്ചു കേട്ടിട്ടില്ല. അമേരിക്കയില്‍നിന്ന് 10000 കിലോമീറ്റര്‍ അകലെ, ശാന്തസമുദ്രത്തിന്റെ മറുകരയില്‍ കിടക്കുന്ന ജപ്പാന്, മിസൈല്‍ യുഗത്തിനു മുന്‍പുള്ള അക്കാലത്ത്, അമേരിക്കയെ നേരിട്ടാക്രമിക്കാന്‍ യാതൊരു പഴുതും ഉണ്ടായിരുന്നില്ല. ജപ്പാനില്‍നിന്ന് 6400 കിലോമീറ്ററും യു.എസില്‍ നിന്ന് 3200 കിലോമീറ്ററും അകലെ ശാന്തസമുദ്രത്തിന്റെ മദ്ധ്യത്തില്‍ കിടക്കുന്ന പേള്‍ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചു എന്നാണ് ന്യായമെങ്കില്‍ അതിനുള്ള ശിക്ഷ ഇത്രയും ഭീകരമോ എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിക്കപ്പെട്ട ആറ്റംബോംബിന്റെ തീജ്വാലയല്ല ഇവിടെ വിവരിക്കാന്‍ പോകുന്നത്. അതിലും ഭയാനകമായ ചിലതുണ്ട്.
പ്രതിദിനം 5000 വിമാനങ്ങളയച്ച് ജപ്പാനെ ചാമ്പലാക്കുമെന്ന് വിദൂരപൂര്‍വ്വദേശത്തെ അമേരിക്കന്‍ വ്യോമസേനാധിപന്‍ കെന്നി ഭീഷണി മുഴക്കി. അതു കേവലം ഭീഷണിയല്ലെന്ന് വൈകാതെ വ്യക്തമായി. അമേരിക്കന്‍ ബോംബ് വിദഗ്ദ്ധനായ 3 കര്‍ട്ടീസ് ലീമേ എത്തിച്ചേര്‍ന്നതോടെ ജപ്പാനില്‍ കൂട്ടക്കുരുതിക്കു കളമൊരുങ്ങി. ഓരോ ബോംബിന്റെയും ആഘാതം കൂടുതല്‍ രൂക്ഷതരമാക്കാന്‍ അത് എങ്ങനെ വര്‍ഷിക്കണമെന്ന് സദാ ഗവേഷണം ചെയ്യുന്ന ആളാണ് കര്‍ട്ടീസ് ലീമേ. ജപ്പാനുവേണ്ടി തയ്യാറാക്കിയ പദ്ധതി 1945 മാര്‍ച്ച് 9 ന് അദ്ദേഹം പരീക്ഷണ വിധേയമാക്കുകയാണ്. ടോക്യോ നഗരത്തിന്റെ വടക്കുകിഴക്കേ ഭാഗം പരീക്ഷണത്തിനു തിരഞ്ഞെടുത്തു. ബോംബര്‍ വിമാനങ്ങള്‍ താണുപറന്ന് പെട്രോളിയം ഉല്പന്നമായ നാപാംകൊണ്ടു നിര്‍മ്മിച്ച തീബോംബുകള്‍ മാത്രം വര്‍ഷിക്കണമെന്ന് ലീമേ നിര്‍ദ്ദേശിച്ചു. ടോക്യോ നഗരത്തിലെ തടിയും മുളയുംകൊണ്ട് നിര്‍മ്മിച്ച വീടുകള്‍ അഗ്നികുണ്ഡങ്ങളായി മാറുന്നതു കാണാന്‍ കര്‍ട്ടീസ് ലിമേ കാത്തിരുന്നു.
10 ടണ്‍ ബോംബുവഹിക്കുന്ന ബി 29 ഇനത്തില്‍പെട്ട 325 വിമാനങ്ങളാണ് ആ രാത്രിയില്‍ ടോക്യോ നഗരത്തിനു മുകളിലേക്കു പറന്നത്. വലിയ സ്‌ഫോടനമുണ്ടാക്കുന്ന സാധാരണ ബോംബുകള്‍ കെട്ടിടങ്ങളും പാലങ്ങളും ടാങ്കുകളും മറ്റും തകര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇവിടെ ജപ്പാന്‍കാരുടെ ഭവനങ്ങള്‍ അഗ്നിക്കിരയാക്കുന്നതുമാത്രം ലക്ഷ്യമാക്കി നിര്‍മ്മിച്ചവയാണ് AN-M 69 നാപാം ബോംബുകള്‍.
‘ടോക്യോ നഗരത്തില്‍ നാപാം ബോംബു വീണുതുടങ്ങിയ ആ രാത്രിയിലെ അനുഭവങ്ങള്‍ വര്‍ണനാതീതമാണ്. ഓരോ ബോംബും വലിയ അഗ്നികുണ്ഡങ്ങള്‍ സൃഷ്ടിച്ചു. 800 മുതല്‍ 1200 വരെ ഡിഗ്രി സെന്റിഗ്രേഡ് ചൂടാണ് നാപാം ബോംബ് പുറത്തുവിടുന്നത്. കാട്ടുതീ പടരുന്നതുപോലെ ഒരു കെട്ടിടത്തില്‍നിന്നു മറ്റൊന്നിലേക്ക് ആകാശംമുട്ടെ ഉയര്‍ന്നുനില്ക്കുന്ന തീ പടര്‍ന്നുകയറി. കെട്ടിടങ്ങള്‍ക്കുള്ളില്‍ അകപ്പെട്ട മനുഷ്യരും മൃഗങ്ങളും വളര്‍ത്തു പക്ഷികളും നിഷ്‌കളങ്കരായ കുഞ്ഞുങ്ങളും എല്ലാം ചൂടില്‍ ഉരുകിപ്പോയി.
ശരീരം കത്തിക്കൊണ്ടിരിക്കുന്ന മനുഷ്യര്‍ പ്രാണവേദനയോടെ തെരുവിലേക്കോടി. ഒരു തെരുവില്‍നിന്ന് അടുത്ത തെരുവിലേക്ക് തീ ആര്‍ത്തിയോടെ കത്തിപ്പടര്‍ന്നു. 325 വിമാനങ്ങളില്‍ നിന്നായി 2000 ടണ്‍ ബോംബുകളാണ് വര്‍ഷിച്ചത്. വസ്ത്രങ്ങള്‍ കത്തിപ്പോയതിനുശേഷം തൊലികരിഞ്ഞ് കറുത്ത നിറത്തില്‍ ഓടുന്ന നഗ്നരൂപങ്ങള്‍ പൈശാചിക കാഴ്ചയായി മാറി. താണു പറന്ന് സര്‍വ്വേ നടത്തണമെന്നായിരുന്നു വൈമാനികര്‍ക്കു കൊടുത്തിരുന്ന ആജ്ഞ. തീപിടിച്ചോടുന്ന കുഞ്ഞുങ്ങള്‍ ഓട്ടത്തിനിടയില്‍ മാംസം വെന്ത് അസ്ഥിപഞ്ജരങ്ങളായി മാറുന്ന കാഴ്ച വൈമാനികര്‍ റിപ്പോര്‍ട്ടുചെയ്തു. മനുഷ്യശരീരം വെന്തുകരിയുന്ന ദുര്‍ഗന്ധം വൈമാനികരുടെ നാസാരന്ധ്രങ്ങളില്‍ തുളഞ്ഞുകയറി. ചിലര്‍ വിമാനത്തിനുള്ളില്‍ കുടഞ്ഞിട്ടു ഛര്‍ദ്ദിച്ചു. തങ്ങള്‍ തന്നെ സൃഷ്ടിച്ച നരകത്തിന്റെ വ്യാപ്തി കണ്ട് വൈമാനികരില്‍ പലരും നെഞ്ചിലിടിച്ചു നിലവിളിച്ചു. വിമാനത്തിലിരുന്നു നോക്കുമ്പോള്‍ ചക്രവാളത്തിന്റെ നാലതിരുകളോളം അഗ്നി ആകാശത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടു നിന്നു കത്തുകയാണ്.
ടോക്യോ നഗരത്തിന്റെ കിഴക്കുഭാഗം മുഴുവന്‍ കത്തിയെരിഞ്ഞു ചാമ്പലായി. ഒരു ലക്ഷം പേര്‍ അവിടെ ആദ്യദിനം തന്നെ വെന്തുമരിച്ചു. അതില്‍ എത്ര ശിശുക്കള്‍ ഉണ്ടായിരുന്നുവെന്ന് ആരും കണക്കെടുത്തില്ല. കരിഞ്ഞ ശവങ്ങള്‍ മറവുചെയ്യാന്‍ കഴിയാതെ തെരുവുകള്‍ നിറഞ്ഞു കിടന്നു. ആത്മാവില്ലാത്ത സാവേജുകളുടെ ജഡം സംസ്‌കരിച്ചില്ലെങ്കില്‍തന്നെ വെള്ളക്കാര്‍ എന്തിനു ദുഃഖിക്കണം!
തീബോംബുകളുടെ പ്രയോഗം ഒരു ദിവസംകൊണ്ടു നിര്‍ത്തിയില്ല. ടോക്യോ നഗരത്തിന്റെ മറ്റൊരു ഭാഗത്ത് അടുത്തദിവസം ഈ ആക്രമണം തുടര്‍ന്നു. ജപ്പാനിലെ മറ്റു നഗരങ്ങളിലേക്കും തീബോംബു കളുമായി വിമാനക്കൂട്ടങ്ങള്‍ പാഞ്ഞു. 440000 ടണ്ണിലേറെ നാപാം ബോംബുകളാണ് ജപ്പാനില്‍ വര്‍ഷിക്കപ്പെട്ടത്. ഒരു ചതുരശ്രമൈല്‍ നഗരം ചാമ്പലാക്കാന്‍ 125 ടണ്‍ നാപാം ബോംബു വേണ്ടിവന്നു.
ഇതിനുപുറമെ ആയിരുന്നു ആറ്റംബോംബ്. ഹിരോഷിമയില്‍ 1,29,000 മനുഷ്യര്‍ തല്‍ക്ഷണം വെന്തുമരിച്ചു. നാഗസാക്കി നഗരത്തില്‍ 2,26,000 മനുഷ്യരാണ് ഒരുനിമിഷം കൊണ്ട് ചാമ്പലായത്.

ഈ ലേഖനം എഴുതിക്കൊണ്ടിരിക്കെ കൗതുകകരമായ ഒരു കാര്യമുണ്ടായി. അടിമകളോടുള്ള അമേരിക്കന്‍ ക്രൂരതയുടെ പ്രതീകമായി ലോകമെമ്പാടും പ്രദര്‍ശിപ്പിക്കപ്പെടുന്ന ഫോട്ടോയാണ് ഇതൊടൊപ്പം കൊടുത്തിരിക്കുന്നത്. മാമ്മോദീസ മുക്കിയപ്പോള്‍ യജമാനന്‍ പീറ്റര്‍ എന്നു പേരിട്ട ഈ അടിമ 1863 ല്‍ ലൂസിയാനയിലെ ഒരു പ്ലാന്റേഷനില്‍നിന്നു ഒളിച്ചോടി. പിന്നാലെ അഴിച്ചുവിട്ട ബ്ലഡ് ഹൗണ്ട് നായ്ക്കളില്‍നിന്നു തെന്നിമാറി 40 മൈല്‍ ഓടി ഇയാള്‍ രക്ഷപ്പെട്ടു. ഇയാളുടെ പുറത്തു കാണുന്നത് നിരന്തരം കിട്ടിക്കൊണ്ടിരുന്ന അടിയുടെ പാടുകളാണ്. അമേരിക്കയിലെ മ്യൂസിയങ്ങളിലും പാര്‍ക്കുകളിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഈ ലേഖകന്‍ പ്രസിദ്ധീകരിച്ച ‘അങ്കിള്‍ ടോംസ് കാബിന്‍’ എന്ന പുസ്തകത്തിലും ഈ ചിത്രമുണ്ട്.
കഴിഞ്ഞ ദിവസം പ്രസിഡന്റ് ട്രംപിന് പെട്ടെന്നൊരു വെളിപാടുണ്ടായി. ഈ ചിത്രം അമേരിക്കയുടെ ചരിത്രത്തെ മലിനപ്പെടുത്തുന്നതാണ്; അതുകൊണ്ട് മ്യൂസിയങ്ങള്‍, പാര്‍ക്കുകള്‍, പൊതുസ്ഥലങ്ങള്‍ ഇവിടെയൊന്നും ഈ ചിത്രം പ്രദര്‍ശിപ്പിച്ചുകൂടാ; പ്രദര്‍ശിപ്പിച്ചിട്ടുള്ളത് ഉടന്‍തന്നെ നീക്കം ചെയ്തുകൊള്ളണം എന്ന്.
(Times of India September 17/ 2025)
(തുടരും)
Reference
1.Bury My Heart at Wounded Knee by Dee Brown
2.Navajo By Raymond Friday Locke
3,4. 2nd World War – By Prof. Abraham Nidhiri





















