മനശ്ശാസ്ത്രവുമായി ബന്ധപ്പെട്ട് സ്റ്റോക് ഹോം സിന്‍ഡ്രോം (Stock- home syndrome) എന്നൊരു സവിശേഷ പ്രതിഭാസമുണ്ട്. 1973ല്‍ സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ ഒരു സംഘം ബാങ്ക് കള്ളന്മാര്‍ ചിലരെ ബന്ധികളാക്കിയത്രേ! എന്നാല്‍ ഈ തടവുകാര്‍ ക്രമേണ കള്ളന്മാരോടു സഹാനുഭൂതിയുള്ളവരായിത്തീര്‍ന്നു. അവര്‍ കള്ളന്മാരെ രക്ഷിക്കാന്‍ കൂട്ടുനിന്നു. ഇത് ക്രിമിനോളജിയെ ഞെട്ടിച്ച സംഭവമാണ്. നില്‍സ് ബെജററ്റ് (Nils Bejerot) എന്ന സ്വീഡിഷ് ക്രിമിനോളജിസ്റ്റാണ് ഈ മാനസിക പ്രതിഭാസത്തിന് സ്റ്റോക് ഹോം സിന്‍ഡ്രം എന്നു പേരു കൊടുത്തതെന്നു പറയപ്പെടുന്നു.
പല തീവ്രവാദി പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ പലരും ആ പ്രസ്ഥാനത്തിന്റെ നിലപാടുകള്‍ മനസ്സിലാക്കി അതിനോട് യോജിപ്പു തോന്നിയിട്ട് അതില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാവുന്നവരല്ല. അതിലെ പ്രവര്‍ത്തകരില്‍ ചിലരോടു തോന്നുന്ന വ്യക്തിപരമായ താല്പര്യം കൊണ്ടു മാത്രം ഇത്തരം പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാവുന്നവരുണ്ട്. അവരില്‍ ചിലര്‍ക്ക് എന്തിനുവേണ്ടിയാണ് താന്‍ ആയുധമേന്തുന്നത് എന്നു പോലും അറിവില്ലാത്തവരായിരിക്കും. ഏതെങ്കിലും ഒരാളോടോ അല്ലെങ്കില്‍ അവര്‍ കാണിക്കുന്ന സാഹസികതയോടോ ഒക്കെ കമ്പം തോന്നി ഇത്തരം അക്രമ പ്രസ്ഥാനങ്ങളില്‍ എത്തിപ്പെടുന്ന പലരുമുണ്ട്. അറുപതുകളുടെ അവസാനവും എഴുപതുകളുടെ ആദ്യവും ബംഗാളില്‍ നക്‌സല്‍ ബാരിയില്‍ നടന്ന ജനകീയ കലാപത്തില്‍ ആകൃഷ്ടരായി കേരളത്തില്‍ ആയുധമെടുത്ത് ഒറ്റപ്പെട്ട സാഹസിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഒരു കൂട്ടം നക്‌സലൈറ്റുകളില്‍ എടുത്തു പറയുന്ന പേരാണ് മന്ദാകിനി നാരായണന്റേത്. ഗുജറാത്തില്‍ ജനിച്ച അവര്‍ മലയാളിയായ കുനിക്കല്‍ നാരായണനെ വിവാഹം കഴിച്ചത് ഇടതുപക്ഷ ആശയങ്ങളില്‍ ആകൃഷ്ടയായ കാലത്താണ്. മന്ദാകിനി നാരായണന്റെ ആത്മകഥ ‘മറിക്കാത്ത താളുകള്‍’ വളരെക്കാലമായി കൈവശം ഉണ്ടായിരുന്നെങ്കിലും ഈയാഴ്ചയിലാണ് വായിച്ചു തീര്‍ത്തത്. അതു വായിച്ചു കഴിഞ്ഞപ്പോള്‍ തന്നെ മാതൃഭൂമിയില്‍ മന്ദാകിനിയെക്കുറിച്ചു രണ്ടു ലേഖനങ്ങള്‍ കൊടുത്തിരിക്കുന്നതും കണ്ടു (മാതൃഭൂമി ഒക്ടോബര്‍ 26 – നവംബര്‍ 1). ഒന്ന് എന്‍.സുബ്രഹ്മണ്യന്‍ എഴുതിയതും മറ്റൊന്ന് സി.എസ്. വെങ്കിടേശ്വരന്റേതും. മാതൃഭൂമിക്ക് ഇടതുപക്ഷാശയങ്ങളോട് ഒരു കാലത്തും താല്പര്യമുണ്ടായിരുന്നിട്ടില്ല. എന്നാല്‍ നക്‌സലൈറ്റുകളെ അവരെന്നും വാഴ്ത്തിപ്പാടാറുണ്ട്.
വളരെ കാല്പനിക മനസ്സുള്ള കേരളത്തിലെ മധ്യവര്‍ഗ്ഗം വിപ്ലവം എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ മധുരനാരങ്ങ കിട്ടിയതുപോലെ വായിലിട്ടു നുണയുന്നവരാണ്. സത്യത്തില്‍ അതെന്താണെന്നോ അതിന്റെ പ്രസക്തിയെന്താണെന്നോ മലയാളിക്കും അന്നും ഇന്നും മനസ്സിലായിട്ടില്ല. റഷ്യയിലെ പഴയ ഇടതുപക്ഷ പ്രസ്ഥാനത്തിനും ചൈനീസ് ഇടതുപക്ഷത്തിനുമുണ്ടായിരുന്ന ഒരു വ്യത്യാസം ഇവിടത്തെ നക്‌സലൈറ്റുകള്‍ക്കു മനസ്സിലായതേയില്ല. ശരിയാണെങ്കിലും തെറ്റാണെങ്കിലും റഷ്യന്‍ ഇടതുപക്ഷം അവരോടൊപ്പം നിന്ന രാജ്യങ്ങളേയും പാര്‍ട്ടികളേയും സഹായിച്ചത് ഒരു പരിധിവരെ ആത്മാര്‍ത്ഥമായിട്ടായിരുന്നു. ഒരുപക്ഷേ സോവിയറ്റ് യൂണിയന്റെ പതനത്തിലേയ്ക്കു നയിച്ചതും ഈ ആത്മാര്‍ത്ഥതയായിരുന്നു. അവര്‍ അവരുടെ രാജ്യത്തെ സമ്പത്തിന്റെ വലിയൊരു പങ്ക് കമ്മ്യൂണിസം കയറ്റിയയക്കാന്‍ പ്രയോജനപ്പെടുത്തി. ഫലമോ, സ്വന്തം രാജ്യത്തെ സാധാരണക്കാരുടെ ജീവിതം ദരിദ്രമായി. അത് കമ്മ്യൂണിസത്തെത്തന്നെ വെറുക്കാന്‍ ആ രാജ്യത്തെ ജനങ്ങളെ നിര്‍ബ്ബന്ധിതരാക്കി.
ചൈന, കമ്മ്യൂണിസ്റ്റുകാരുടെ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍ ഒരു സോഷ്യല്‍ ഷോവിനിസ്റ്റ് (Social chauvinist) രാജ്യമാണ്. റഷ്യക്കാര്‍ കാണിച്ച മണ്ടത്തരം അവരൊരിക്കലും കാണിച്ചില്ല. കമ്മ്യൂണിസം കയറ്റിയയയ്ക്കാന്‍ വേണ്ടി ചൈനയുടെ സമ്പത്ത് വിനിയോഗിക്കാനൊന്നും ചൈനക്കാര്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. മാവോസൂക്തങ്ങള്‍ എന്ന പേരില്‍ കുറച്ച് നിഷ്പ്രയോജനങ്ങളായ ഇടതു സാഹിത്യം ഇന്ത്യയിലേയ്ക്ക് കടത്തി വിട്ടതില്‍ അവര്‍ക്ക് ഒരുദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. അവരുടെ ശത്രുരാജ്യമായ ഇന്ത്യയെ എങ്ങനെയെങ്കിലും ദുര്‍ബ്ബലപ്പെടുത്തണം. സ്വന്തം രാജ്യത്തെ നശിപ്പിക്കുക എന്ന ഉദ്ദേശ്യം മാത്രം കൈമുതലാക്കി പ്രവര്‍ത്തിച്ച ഒരു ശത്രുരാജ്യത്തിന്റെ ലക്ഷ്യം മനസ്സിലാക്കാനോ അതിനെ പ്രതിരോധിക്കാനോ ഒന്നും വികാര ജീവികളായിരുന്ന ഇവിടത്തെ സിപിഐഎംഎല്‍ നക്‌സലൈറ്റുകള്‍ക്ക് കഴിഞ്ഞില്ല. കഴിയുകയുമില്ല കാരണം അവര്‍ പ്രായോഗിക രാഷ്ട്രീയത്തെക്കുറിച്ച് ഒരു ബോധ്യവുമില്ലാത്ത ഒരു കൂട്ടം സാഹസികരാണ്. എന്തെങ്കിലും അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം എന്നതിനപ്പുറം ഒരു ധാരണയും അവരില്‍ പലര്‍ക്കുമുണ്ടായിരുന്നില്ല.
മന്ദാകിനി നാരായണനെ വിപ്ലവത്തിന്റെ അമ്മ (മാ)യായൊക്കെ അവതരിപ്പിക്കുന്നവര്‍ അവരുടെ ഈ ആത്മകഥ വായിക്കണം. അതിലവര്‍ അക്കാലത്ത് നടന്ന വയനാട്ടിലേയും മറ്റും അക്രമസംഭവങ്ങളെക്കുറിച്ച് അവര്‍ക്കു മുന്‍കൂട്ടി ഒരറിവുമുണ്ടായിരുന്നില്ല എന്ന് സമ്മതിക്കുന്നുണ്ട്. കുന്നിക്കല്‍ നാരായണന്‍ എന്ന അവരുടെ കാമുകനും പിന്നെ ഭര്‍ത്താവുമായ വ്യക്തിയോടുണ്ടായിരുന്ന അടുപ്പമാണ് മന്ദാകിനിയെ ഇതിന്റെയൊക്കെ ഭാഗമാക്കിയത്. ഒരുതരം മരവിപ്പോടുകൂടിയാണ് പോലീസ് അതിക്രമങ്ങളെയൊക്കെ അവര്‍ നേരിട്ടത്. ചുരുക്കത്തില്‍ ഭര്‍ത്താവിനോടുള്ള മാനസികമായ വിധേയത്വം ഒന്നുമാത്രമാണിതിലൊക്കെ എത്താന്‍ പ്രേരിപ്പിച്ചത്. ഒരുതരം സ്റ്റോക്‌ഹോം സിന്‍ഡ്രോം.
സ്വപ്‌നലോകത്ത് ജീവിച്ച നക്‌സലുകള്‍ ഈയ്യാം പാറ്റകളെപ്പോലെ തീയില്‍ വീണ് ഒടുങ്ങുകയായിരുന്നു. എന്നാല്‍ മന്ദാകിനി ആക്ഷനുകളിലൊന്നും നേരിട്ടു പങ്കെടുക്കാത്തതുകൊണ്ടും അന്നത്തെ ചില സിപിഐ നേതാക്കളുടെ കാരുണ്യം കൊണ്ടും വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടുവെന്നു പറയാം. പില്‍ക്കാലത്ത് ഏറ്റവും ന്യായമായ ചില ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ അജിതയും അമ്മയായ മന്ദാകിനിയും ശ്രമിച്ചു എന്നത് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള അവരുടെ സാമൂഹ്യ പ്രതികരണങ്ങളായിരുന്നു. മന്ദാകിനിയുടെ ‘മറിക്കാത്ത താളുകള്‍’ ചമയങ്ങളൊന്നുമില്ലാതെ പഴയകാല സംഭവങ്ങളെ വിവരിക്കുന്നതിനാല്‍ വെറുതെ വായിച്ചുപോകാവുന്ന പുസ്തകമാണ്. പുസ്തകാന്ത്യത്തില്‍ അമേരിക്കന്‍ ഗായകനും കറുത്തവര്‍ഗ്ഗക്കാരനുമായ ചലച്ചിത്ര നടന്‍ പോള്‍റോബ്‌സന്റെ ‘ഛഹറാമി ഞശ്‌ലൃ’ എന്ന ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത് മലയാളിയുടെ പതിവ് ഇംഗ്ലീഷ് പൊങ്ങച്ചത്തിന്റെ ഭാഗമാണെന്നു തോന്നുന്നു. എങ്കിലും ആ പാട്ട് കുറച്ച് മനോഹാരിതയുള്ളതാണ്. പോള്‍റോബ്‌സന്റെ ആലാപനം നമ്മള്‍ മലയാളികള്‍ക്കു സഹിക്കാന്‍ പറ്റുമെന്നുതോന്നുന്നില്ല. എന്നാല്‍ അതിലെ ചില വരികള്‍ ഹൃദ്യമാണ്.
I am so weary, sick of trying
I am tired of living, But afraid of dying.
എന്നത് എല്ലാവര്‍ക്കും ബാധകമാണല്ലോ!
ചെറുകഥയ്ക്ക് ഒരു കഥ വേണമെന്ന് നിര്‍ബന്ധമേയില്ല. ഒട്ടുമിക്കവാറും ലോകോത്തരങ്ങളായ ചെറുകഥകളില്‍ പലതിനും കൃത്യമായ കഥയൊന്നുമില്ല. ചില അനുഭവങ്ങളോ ചില അവസ്ഥകളോ സന്ദര്‍ഭങ്ങളോ ഒക്കെ ഹൃദയാകര്‍ഷകമായ രീതിയില്‍ അവതരിപ്പിച്ചാല്‍ മാത്രം മതി. ‘Hills like white elephants’ എന്ന പേരില്‍ ഹെമിങ്ങ്‌വേയുടെ പ്രശസ്തമായ ഒരു ചെറുകഥയുണ്ട്. അതിലുള്ളത് ഒരു അമേരിക്കക്കാരനും ജിഗ് (Jig) എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയും തമ്മില്‍ നടത്തുന്ന സംഭാഷണമാണ്. സ്‌പെയിനില്‍ ഒരു ട്രെയിന്‍സ്റ്റേഷനില്‍ ഇരുന്ന് അവര്‍ സംസാരിക്കുന്നു. ചുറ്റുവട്ടത്തുള്ള സീനറിയെകുറിച്ചാണ് ആദ്യം സംസാരിക്കുന്നത്. ചുറ്റുവട്ടത്തുള്ള കുന്നുകള്‍ വെള്ളാനകളെപ്പോലെ തോന്നിപ്പിക്കുന്നുവെന്നു പെണ്‍കുട്ടി പറയുന്നു. പ ക്ഷേ അവരുടെ സംഭാഷണത്തിന്റെ അടിത്തട്ടില്‍ ആ പെണ്‍കുട്ടിക്കു നടത്തേണ്ടിവരുന്ന ഒരു ഗര്‍ഭഛിദ്രത്തിന്റെ വ്യാകുലതയുണ്ട്. പക്ഷേ അതു പ്രകടമല്ല വായനക്കാരന് അതില്‍ എത്തിച്ചേരാമെന്നേയുള്ളൂ.
പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ച പ്രശസ്ത ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് – അമേരിക്കന്‍ എഴുത്തുകാരി ജൂംപാ ലാഹിരിയുടെ ‘ ‘Interpreter of Maladies’ എന്ന കഥയും മുഖ്യമായും സംഭാഷണപ്രധാനമാണ്. അതിലെ ദമ്പതികളായ ശോഭയും സുകുമാറും സംഭാഷണത്തിലൂടെ അവരുടെ ജീവിതത്തിലെ ചില ഇരുണ്ട ദുരന്തങ്ങള്‍ പതുക്കെ പതുക്കെ പുറത്തുകൊണ്ടുവരുന്നു. ഇരുണ്ട വൈകുന്നേരങ്ങളിലെ സംഭാഷണങ്ങളില്‍ അവര്‍ തങ്ങളുടെ ജീവിതത്തിലെ രഹസ്യങ്ങള്‍, ദുഃഖകരമായ സത്യങ്ങളൊക്കെ പുറത്തുവിടുന്നു. ഉപരിവിപ്ലവമായ കാര്യങ്ങളില്‍ നിന്നാരംഭിക്കുന്ന വര്‍ത്തമാനം ക്രമേണ ജീവിതത്തിലെ ദുരൂഹമായ രഹസ്യങ്ങളിലേയ്ക്കു സഞ്ചരിക്കുന്നു. കഥ സംഭാഷണം എങ്ങനെ ബന്ധങ്ങളെ അടുപ്പിക്കുകയും അകറ്റുകയും ചെയ്യുന്നുവെന്നു നമ്മെ പഠിപ്പിക്കുന്നു.
കവിയും ചെറുകഥാകൃത്തുമായ അമേരിക്കന്‍ എഴുത്തുകാരനായ ലാങ്സ്റ്റണ്‍ ഹ്യൂഗ്‌സിന്റെ (Langston Huges) ‘Thank you Maam’ സംഭാഷണത്തിന്റെ പ്രസന്നമായ മുഖം നമുക്ക് കാട്ടിത്തരുന്ന കഥയാണ്. റോജര്‍ എന്നു പേരായ (Roger) ഒരു ആണ്‍കുട്ടി മിസീസ് ല്യൂലെ (Luella) എന്ന സ്ത്രീയുടെ പേഴ്‌സ് തട്ടിപ്പറിച്ചോടാന്‍ ശ്രമിക്കുന്നു. എന്നാല്‍ സ്ത്രീ അവനെ പിടികൂടുന്നു. എങ്കിലും അവര്‍ കുട്ടിയെ ശിക്ഷിക്കുന്നില്ല. പകരം തന്റെ വീട്ടിലേയ്ക്ക് അവനെ കൊണ്ടുപോവുകയാണ്. തുടര്‍ന്ന് തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് ആ കുട്ടിയോട് അവര്‍ വര്‍ത്തമാനം നടത്തുന്നു. പരസ്പരമുള്ള സംഭാഷണത്തില്‍ കുട്ടിയോട് അസാധാരണമായ ദയയാണ് ആ സ്ത്രീ പ്രദര്‍ശിപ്പിക്കുന്നത്. ശരിക്കും ഒരമ്മ മകനോടു കാണിക്കുന്ന വാത്സല്യം അവര്‍ പ്രദര്‍ശിപ്പിക്കുന്നു. ഒരിക്കല്‍ പോലും ആ കുട്ടിയോട് ആ സ്ത്രീ ദേഷ്യപ്പെടുന്നില്ല. അസാധാരണമായ സംയമനത്തോടും വാത്സല്യത്തോടുമാണ് സംസാരിക്കുന്നത്. അത് അവര്‍ തമ്മില്‍ ഒരു വലിയ ആത്മബന്ധം രൂപപ്പെടാന്‍ ഇടവയ്ക്കുന്നു.
ഇത്തരത്തില്‍ സംഭാഷണം കൊണ്ടുമാത്രം പൂര്‍ത്തിയാവുന്ന കഥകള്‍ മലയാളത്തിലും ധാരാളമുണ്ടായിട്ടുണ്ട്. അതില്‍ എന്റെ ഓര്‍മയില്‍ വരുന്നത് രണ്ടുകഥകളാണ്. ഒന്ന് സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അത്രയൊന്നും പ്രശസ്തനല്ലാത്ത, എന്നാല്‍ മഹത്തായ ചില കഥകള്‍ എഴുതിയിട്ടുള്ള പട്ടത്തുവിള കരുണാകരന്റെ ‘അല്ലോനിഷത്ത്’ എന്ന കഥയാണ്. മറ്റൊന്ന് ഉറൂബിന്റെ ‘ആ തണുത്ത വെളുപ്പാംകാലത്ത്’ എന്ന കഥയും. അല്ലോപനിഷത്തിനെക്കുറിച്ച് ഈ പംക്തിയില്‍ മുന്‍പൊരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും മഹത്തായ പത്തു കഥകള്‍ തിരഞ്ഞെടുത്തപ്പോള്‍ ഞാന്‍ പറഞ്ഞവയില്‍ ഒന്ന് ഈ കഥയായിരുന്നു. കഥാകൃത്തും അയാളുടെ ഭാര്യയുടെ അനിയത്തിയും തമ്മിലുള്ള സംഭാഷണമാണ് ആ കഥ. സംഭാഷണം മാത്രമേ കഥയിലുള്ളൂ. എങ്കിലും അതിലൂടെ അസാധാരണമായ ദാര്‍ശനിക ചര്‍ച്ചയാണ് കഥാകൃത്ത് നടത്തുന്നത്. മാര്‍ക്‌സിസം, വേദാന്തം, ലൈംഗികത മൂന്നും അവര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വിഷയമാകുന്നു. റഷ്യയിലെ ജനകീയ വിപ്ലവത്തെക്കുറിച്ചും വിപ്ലവനേതാവായിരുന്ന ട്രോട്‌സ്‌കിയെക്കുറിച്ചും വാചാലമായി പറയുമ്പോള്‍ തന്നെ ഇടയില്‍ അയാള്‍ക്ക് അനിയത്തിയോടുള്ള ലൈംഗികതാല്പര്യവും പുറത്തുവരുന്നു. ആ സമയം തന്നെ അത്തരം ചിന്തയുടെ നിഷ്പ്രയോജനത്വത്തെക്കുറിച്ചും അയാള്‍ ചിന്തിക്കുന്നു. അതില്‍ വേദാന്ത ചിന്ത കടന്നുവരുന്നു. ഉറൂബിന്റെ കഥ ഒരു വെളുപ്പാംകാലത്ത് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ രണ്ടു പേര്‍ വൃഥാവില്‍ നടത്തുന്ന തര്‍ക്കവും ഒടുവില്‍ അത് അടിപിടിയുടെ വക്കോളം എത്തുന്നതുമാണ്.
മാതൃഭൂമിയില്‍ രവി എഴുതിയിരിക്കുന്ന കഥ ഞൗളിയും സംഭാഷണം മാത്രമുള്ള കഥയാണ്. സംഭാഷണത്തില്‍ ശിവന്‍ എന്ന ഈശ്വര സങ്കല്പത്തിന്റെ ശക്തിയെക്കുറിച്ചും വൈലോപ്പിള്ളിയുടെ മാമ്പഴത്തെക്കുറിച്ചും പ്രസിദ്ധ നോവലായ വ്‌ളാദിമീര്‍ നബക്കോവിന്റെ ‘ലോലിത’യെക്കുറിച്ചും അമിതാഭ്ബച്ചന്റെ ഒരു സിനിമയെക്കുറിച്ചുമൊക്കെ പറയുന്നു. ഏറ്റവും കൂടുതല്‍ പറയുന്നത് മാമ്പഴം കവിതയെക്കുറിച്ചാണ്. കവിതയിലെ ”ഉണ്ണിക്കൈക്കെടുക്കുവാന്‍ ഉണ്ണി വായ്ക്കുണ്ണാന്‍ വേണ്ടി വന്നതാണീ മാമ്പഴം വാസ്തവമറിയാതെ” എന്നതിനെ മുറിച്ച് വന്നതാണീ മാമ്പഴം’ എന്നതില്‍ ഗുപ്ത വിസ്മയമുണ്ടെന്നൊക്കെ പറയുന്നു. എന്തായാലും മുകളില്‍ സൂചിപ്പിച്ച കഥകളുടെ തെളിമയൊന്നും രവിയുടെ കഥയ്ക്കില്ല.






















