ശബ്ദതാരാവലി പ്രകാരം അവതാരം എന്ന വാക്കിനര്‍ത്ഥം ദേവന്മാര്‍ ജന്മമെടുക്കുന്നത് അല്ലെങ്കില്‍ ശരീരമെടുക്കുന്നത് എന്നാണ്. കലിയുഗവരദനായ ശ്രീ ധര്‍മ്മശാസ്താവ് പന്തളരാജപുത്രനായി മണികണ്ഠന്‍ എന്ന പേരില്‍ അവതരിച്ചു എന്നാണ് ശബരിമല അയ്യപ്പന്റെ ചരിതം. കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് തെറിച്ച പി.എസ്. പ്രശാന്ത് പറഞ്ഞത് പുറത്തു കാണുന്നതും അല്ലാത്തതുമായ എല്ലാ അവതാരങ്ങളെയും താന്‍ പടിക്കുപുറത്താക്കി എന്നാണ്. ശബരിമലയെ സംബന്ധിച്ചിടത്തോളം പടി എന്നാല്‍ പതിനെട്ടാം പടിയാണ്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും അതു സംബന്ധിച്ച വിവാദങ്ങളും ഒക്കെ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന അയ്യപ്പഭക്തന്മാര്‍ സ്വാഭാവികമായും സംശയിക്കുക മാര്‍ക്‌സിസ്റ്റ് ദേവസ്വം മന്ത്രിമാരും അവരുടെ കിങ്കരന്മാരായ ദേവസ്വം ബോര്‍ഡും കൂടി അയ്യപ്പനെ പതിനെട്ടാം പടിക്കു പുറത്താക്കി കാട്ടിലേക്ക് അയച്ചു എന്നാണ്. അയ്യപ്പന്‍ കാനനവാസനല്ലേ, കാട്ടില്‍ തന്നെ കഴിയട്ടെ എന്നു സഖാക്കള്‍ കരുതിക്കാണും. അയ്യപ്പന്‍ ഇല്ലെങ്കില്‍ പിന്നെ ശ്രീകോവിലിന്റെ ആവശ്യമില്ലല്ലോ. സ്വര്‍ണ്ണം പതിച്ച ശ്രീകോവില്‍ പാളികള്‍ ഓരോന്നായി അന്താരാഷ്ട്ര പുരാവസ്തു മാര്‍ക്കറ്റില്‍ വിറ്റാല്‍ നല്ല വില കിട്ടും. ശബരിമലയിലെ സ്വര്‍ണ്ണ പാളികള്‍ ഇത്തരം മാര്‍ക്കറ്റിലെത്തിയോ എന്ന സംശയം ഉന്നയിച്ചത് ഹൈക്കോടതിയാണ്.
മുഖ്യമന്തി വിജയന്‍ സഖാവിന്റെ ശബ്ദകോശത്തില്‍ അവതാരം എന്ന വാക്കിന് ശബ്ദതാരാവലിയിലെ അര്‍ത്ഥത്തിനേക്കാള്‍ വിശാലമായ തലം ഉണ്ടെന്നാണ് ഇടത് ബുജികള്‍ മാര്‍ക്‌സിയന്‍ അടവുനയഭൂതക്കണ്ണാടിയിലൂടെ കണ്ടെത്തിയത്. മുഖ്യമന്ത്രിയായി വിജയന്‍ സഖാവ് അധികാരമേറ്റപ്പോള്‍ പറഞ്ഞത് തന്റെ പേരു പറഞ്ഞ് പലരും വരും, അത്തരം അവതാരങ്ങളെ സൂക്ഷിക്കണം എന്നാണ്. കരുണാകരന്റെയും ഉമ്മന്‍ചാണ്ടിയുടെയും കാലത്ത് പാവം പയ്യന്‍ ആന്റോ ആയിരുന്നു ക്ലിഫ്ഹൗസിന്റെ ഇടനാഴികള്‍ ഭരിച്ച അവതാരം. അത്തരക്കാര്‍ക്ക് തന്റെ ഭരണത്തില്‍ സ്ഥാനമില്ല എന്നും വിജയന്‍ സഖാവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേവലം ഇടനിലക്കാരന്‍ എന്നതിനപ്പുറം ഇടത് ഭരണത്തില്‍ അവതാരങ്ങള്‍ പല രൂപത്തിലും ഭാവത്തിലും വിസ്മയം തീര്‍ത്തു. എക്‌സാലോജിക് കമ്പനി ഉടമയായ മകള്‍ കണ്‍സള്‍ട്ടന്റാകുന്നതും എം. ശിവശങ്കരന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകുന്നതും എം.ആര്‍. അജിത്കുമാര്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്നതും ഈ അവതാര വിളയാട്ടത്തിന്റെ പരിധി ആകാശം പോലെ അതിരില്ലാത്തതാക്കി. ഇത്തരം മഹാത്ഭുതങ്ങളുടെ കാവലാളായ കാരണഭൂതന്റെ കയ്യില്‍ ഏതു പ്രളയത്തേയും കിറ്റിലൊതുക്കാനുള്ള പി.ആര്‍. ദിവ്യശക്തിയുണ്ട്; കെ റെയില്‍ മുതല്‍ കേരളജ്യോതിവരെയുള്ള പ്രഖ്യാപനങ്ങളുണ്ട്; കാലി ഖജനാവില്‍ നിന്ന് കിഫ്ബി ഫണ്ടിന്റെ സ്വര്‍ണ്ണ മഴ പെയ്യിക്കാനുള്ള മാന്ത്രിക ശക്തിയുണ്ട്. ഇത്തരം മഹാ അവതാരം കാവലാളായുള്ളപ്പോള്‍ എന്തിന് വേറെ കലികാല പ്രത്യക്ഷ ദൈവം? അതാണ് പ്രശാന്ത് പടിയിറങ്ങുമ്പോള്‍ പറഞ്ഞതിന്റെ പൊരുള്‍. കാരണഭൂതന്റെ കക്ഷി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ‘എട്ട് മുക്കാല്‍ അട്ടിവെച്ച പോലെ’യേയുള്ളൂ എന്ന് നിരക്ഷരരായ ബീഹാറികള്‍ തിരഞ്ഞെടുപ്പിലൂടെ കാണിച്ചുതന്നു.





















