റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത് ബെന്‍ കിങ്‌സ്‌ലി അഭിനയിച്ച, ഏട്ട് ഓസ്‌കാറുകള്‍ വാരിക്കൂട്ടിയ ഗാന്ധി സിനിമ റിലീസ് ചെയ്യുന്നത് 1983 ലാണ്. ഈ ലേഖകന്‍ അന്നൊരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. അന്നുമുതല്‍ വളര്‍ന്നുവരുന്ന ചരിത്രബോധ്യങ്ങളുടെ പശ്ചാത്തലത്തില്‍ പല കാലങ്ങളിലായി ആറ്റന്‍ബറോയുടെ ഗാന്ധി ഒരു ഇരുപത് തവണയെങ്കിലും കണ്ടിട്ടുണ്ടാകും. ഏറ്റവും അവസാനം കാണുന്നത് കഴിഞ്ഞ വര്‍ഷമാണ്. അന്നത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ അന്തംവിട്ട കാഴ്ചകളില്‍ നിന്ന് മധ്യവയസ്സിന്റെ യാഥാര്‍ത്ഥ്യബോധങ്ങളിലേക്ക് എത്തുമ്പോള്‍, ചില അപാരമായ വിഷ്വലുകള്‍ ഒഴിച്ചാല്‍ ആറ്റന്‍ബറോ അണിയിച്ചൊരുക്കിയ ഗാന്ധി കഷ്ടിച്ച് പാസ്സ് മാര്‍ക്ക് മാത്രം കൊടുക്കാവുന്ന ഒരു ശരാശരി പടം മാത്രമാണ് എന്ന് തിരിച്ചറിയുന്നു. മഹാത്മാഗാന്ധി എന്ന ഇതിഹാസ ജന്മത്തിന്റെ ആഴങ്ങളിലേക്കോ, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ആഴങ്ങളിലേക്കോ ഒന്നും പോകാത്ത ഒരു രാഷ്ട്രീയ പ്രചരണം മാത്രമായിരുന്നു അത്.
ഫ്രാന്‍സിസ് ടി. മാവേലിക്കര ഗാന്ധി എഴുതിക്കൊണ്ടിരിക്കുന്നു എന്ന് കേട്ടപ്പോള്‍ വലിയ ആശങ്ക തോന്നിയിരുന്നു. സിനിമയുടെ വിശാലമായ ക്യാന്‍വാസിന് പോലും ഉള്‍ക്കൊള്ളാനാകാത്ത മഹാത്മാവിനെ എങ്ങനെയാണ് അദ്ദേഹം രണ്ടു മണിക്കൂര്‍ സ്റ്റേജിലേക്ക് കൊണ്ടുവരാന്‍ പോകുന്നത്, മലയാള നാടകത്തിന്റെ ചരിത്രത്തിലെ വിഗ്രഹമായി മാറിക്കഴിഞ്ഞ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുമല്ലോ ഇത് എന്നെല്ലാമുള്ള ആശങ്കയോടെയാണ് വടകര ടൗണ്‍ ഹാളില്‍ ഗാന്ധി കാണാന്‍ കയറിയത്.
ദക്ഷിണാഫ്രിക്കന്‍ കാലം കഴിഞ്ഞു ഭാരതത്തില്‍ മടങ്ങിയെത്തി തന്റെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഗാന്ധിജിയില്‍ നിന്നാണ് നാടകം ആരംഭിക്കുന്നത്. ഗോഖലെ, നെഹ്‌റു, പട്ടേല്‍, ജിന്ന, അംബേദ്കര്‍ തുടങ്ങി ആ കാലഘട്ടത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും, അവരുമായുള്ള ആശയസംവാദങ്ങളുമെല്ലാം അസാമാന്യമായ സംവേദനക്ഷമതയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അവിടെയായിരുന്നു ആറ്റന്‍ബറോ പരാജയപ്പെട്ടതും. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തിവാഴുന്ന, അധിനിവേശ ഭരണത്തിന്റെ കൊടും യാഥാര്‍ഥ്യങ്ങളുടെ ചൂടിലേക്കും പൊടിയിലേക്കും ഇറങ്ങിച്ചെല്ലുമ്പോള്‍ ഗാന്ധിജിയില്‍ സംഭവിക്കുന്ന ആത്മീയമായ ഒരു പരകായപ്രവേശമുണ്ട്. ആഴമുള്ള ഡയലോഗുകളിലൂടെ, പ്രതീകങ്ങളിലൂടെ, ഭാവാഭിനയത്തിലൂടെ അപാരമായ കൃതഹസ്തതയോടെ ഈ കാര്യം ഗംഭീരമാക്കാന്‍ കഴിഞ്ഞു എന്നിടത്താണ് നാടകകൃത്തും സംവിധായകന്‍ മീനമ്പലം സന്തോഷും അഭിനേതാക്കളും വിജയിച്ചിരിക്കുന്നത്.

ഗാന്ധിജി എന്നും പഴി കേട്ടിരുന്ന ഒരു കാര്യമാണ്, ഭഗത്‌സിംഗിന്റെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം ഒന്നും ചെയ്തില്ല എന്ന വാദം. താന്‍ നിലകൊണ്ട ആദര്‍ശങ്ങളില്‍നിന്നും വഴിമാറി സഞ്ചരിച്ചിരുന്ന ആളാണ് ഭഗത്‌സിംഗ് എങ്കിലും, ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി എന്ന ഉദ്ദേശ്യശുദ്ധിയെ മാനിച്ച് ഭഗത്‌സിങ്ങിന്റെ ജീവന് വേണ്ടി വൈസ്രോയി വേവലിന്റെ മുന്നിലെത്തുന്ന ഗാന്ധിജിയെ നമുക്കിതില്‍ കാണാം. ഭഗത്‌സിംഗിന്റെ അവസാനനാളുകളില്‍ സംഭവിച്ചു എന്ന് കരുതപ്പെടുന്ന, പ്രതിശ്രുത വധുവുമായുള്ള സമാഗമം ഹൃദയസ്പൃക്കായി. ഒരിടത്തും വായിച്ചിട്ടില്ലാത്ത ഈ സംഭവത്തിന്റെ ആധികാരികതയെക്കുറിച്ച് ഞാന്‍ നേരിട്ട് നാടകകൃത്തിനോട് ചോദിച്ചിരുന്നു. അപ്പോഴാണറിയുന്നത്, ഈ രംഗത്തിനാധാരമായ, ഭഗത്‌സിംഗ് എഴുതിവെച്ചുപോയ ഒരു കത്തുണ്ടായിരുന്നു, ആ കത്തിലെ വാചകങ്ങളാണ് ആ രംഗത്തില്‍ ഉദ്ധരിച്ചിരിക്കുന്നത് എന്ന്. ഇങ്ങനെയൊരു ചരിത്രപ്രമേയം കൈകാര്യം ചെയ്യുമ്പോഴുള്ള സൂക്ഷ്മതയും ആധികാരികതയും വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ അത്രയേറെ ഗവേഷണം ഗാന്ധിയുടെ രചനയ്ക്ക് പിന്നില്‍ നാടകകൃത്ത് നടത്തിയിട്ടുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അഗണ്യകോടികളില്‍ മറഞ്ഞു കിടന്നിരുന്ന ഈ കത്തും അതിനെ അധികരിച്ച് സ്റ്റേജില്‍ സൃഷ്ടിച്ച മനോഹരമുഹൂര്‍ത്തങ്ങളും. ഭാരതസ്ത്രീയുടെ സിന്ദൂരം മായിച്ചവരോട് ഒരിക്കലും ഈ രാജ്യം പൊറുത്തിട്ടില്ല എന്ന ഈ രംഗത്തെ ഡയലോഗ് പോലെ ധാരാളം സംഭാഷണശകലങ്ങള്‍ക്ക് സമകാലീന സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുപാട് മാനങ്ങളുണ്ട്. ഇത്തരത്തില്‍ ചരിത്രത്തോട് ചേര്‍ന്നുകിടക്കുന്ന എന്നാല്‍ സാര്‍വ്വകാലിപ്രസക്തമായ സംഭാഷണങ്ങളാണ് നാടകത്തിന്റെ പ്രധാന ഹൈലൈറ്റ്.
നാടകം തുടങ്ങുമ്പോള്‍ മുതലുള്ള പ്രധാന ആകാംക്ഷ ഗാന്ധിജിയുടെ മരണം എങ്ങനെയാണ് അവതരിപ്പിക്കുന്നത് എന്നായിരുന്നു. കണ്ടും കേട്ടും മറന്ന സ്ഥിരം ക്ലീഷേകളിലൂടെ ആവരുതേ എന്നായിരുന്നു പ്രാര്‍ത്ഥന. അവിടെയാണ് ഫ്രാന്‍സിസ് ടി.മാവേലിക്കര എന്ന അനുഗൃഹീത കലാകാരന്റെ പ്രതിഭ പൂര്‍ണ്ണരൂപം പ്രാപിച്ചത്. തുടര്‍ച്ചയായി കറങ്ങുന്ന മൂന്ന് ചര്‍ക്കകള്‍ ഓരോ വെടിയൊച്ചയുടെയും പശ്ചാത്തലത്തില്‍ നിലക്കുകയും, ഗാന്ധിജി ഒരിക്കലും മരിക്കില്ല എന്ന സന്ദേശം നല്‍കിക്കൊണ്ട് വീണ്ടും കറങ്ങുകയും ചെയ്താണ് ഈ രംഗം അനശ്വരമാക്കുന്നത്. ഗോഡ്‌സെ എവിടെ എന്ന് ബഹളം വെയ്ക്കുന്ന തല്‍പരകക്ഷികളുടെ നിലവിളികള്‍ക്ക് മേലെ ശുക്രനക്ഷത്രം പോലെ ഒരു നാടകപ്രതിഭ ഉദിച്ചുയരുന്ന രംഗമായിരുന്നു ഇത്.
ചമ്പാരന്‍ സമരം, പുത്രന്‍ ഹരിലാല്‍ ഗാന്ധിയുടെ മതംമാറ്റം, കസ്തൂര്‍ബായുടെ അവസാനനിമിഷങ്ങള്‍, വിഭജനം തുടങ്ങി ഗാന്ധിജിയുടെ ജീവിതത്തിലെ നിര്‍ണ്ണായകവും വൈകാരികവുമായ രംഗങ്ങള്‍, ഗൗരവം ഒട്ടും ചോര്‍ന്നുപോകാതെ എന്നാല്‍ അതേ വികാരതീവ്രതയോടെ അവതരിപ്പിച്ചിരിക്കുന്നു. ശബ്ദം, പ്രകാശവിന്യാസം, രംഗപടം, പ്രഭാവര്‍മ്മയുടെ ഗാനങ്ങള്‍, സംഗീതം എന്നുവേണ്ട ഒരു പ്രൊഫഷണല്‍ നാടകത്തിന്റെ എല്ലാ മേഖലയിലും ഗാന്ധി നല്‍കുന്നത് ഒരു നൂതനമായ അനുഭവമാണ്. സിനിമ എത്ര വളര്‍ന്നാലും, ഏതൊക്കെ ആധുനിക സാങ്കേതികവിദ്യകള്‍ കലാരംഗത്ത് വന്നാലും നാടകത്തിന്റെ പ്രസക്തി ഒരിക്കലും ഇല്ലാതാകുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവായി പത്തനാപുരം ഗാന്ധിഭവന്റെ ‘ഗാന്ധി’ അരങ്ങുകള്‍ കീഴടക്കി അശ്വമേധം തുടരുകയാണ്.





















